‘‘ഈ ജനക്കൂട്ടത്തെ എനിക്ക് പേടിയില്ല. ഞാൻ മാപ്പ് പറയില്ല. കട്ടിലിനടിയിൽ ഒളിച്ചിരിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഞാൻ വിനിയോഗിച്ചത്, അതിന് മാപ്പു പറയേണ്ടതില്ല''- പ്രശസ്ത ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സ്റ്റാൻഡപ്പ് കോമഡിയെ രാഷ്ട്രീയ ആക്ഷേപഹാസ്യമാക്കി മാറ്റിയതിലൂടെ സംഘ്പരിവാറിന്റെ കണ്ണിലെ കരടായ, 36-കാരനായ കുനാൽ കമ്ര തന്റെ ജീവിതത്തിലെ മറ്റൊരു വിവാദ ഷോയിലൂടെ കടന്നുപോകുകയാണ്. ഇത്തവണ മഹാരാഷ്ട്ര സർക്കാറും ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡേയുമാണ് എതിർപക്ഷത്ത്.
കോമഡി പരിപാടിയിൽ ഷിൻഡേയ്‌ക്കെതിരെ നടത്തിയ ഒരു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ ആവശ്യം. പതിവുപോലെ കുനാൽ ഇത് നിരസിക്കുക മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തെ മുൻനിർത്തി തന്റെ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. ‘പൗരസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഇപ്പോൾ 159-ാം സ്ഥാനത്താണ്’ എന്ന പരിഹാസം കൂടിയായപ്പോൾ ശിവസേനയുടെ സകല നിയന്ത്രണവും വിട്ടു. കുനാൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ‘ഞങ്ങൾക്ക് ഞങ്ങളുടേതായ ഭാഷയിൽ അദ്ദേഹത്തോട് സംസാരിക്കേണ്ടിവരും' എന്ന കടുത്ത ഭീഷണി മുഴക്കിയിരിക്കുകയാണ് ശിവസേന നേതാവും മന്ത്രിയുമായ ഗുലാബ് രഘുനാഥ് പാട്ടീൽ: ‘‘കുനാലിനെ ഞങ്ങൾ വെറുതെ വിടില്ല. ഈ അപമാനം ഞങ്ങൾ പൊറുക്കില്ല''.

ഇത്തരക്കാരെ പുറത്തിറങ്ങിനടക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യയിൽനിന്ന് ഓടിപ്പോകേണ്ടിവരുമെന്നുമാണ് ശിവസേന എം.പി നരേഷ് മസ്‌കെയുടെ മുന്നറിയിപ്പ്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാകട്ടെ, കുനാലിനു പുറകിലുള്ളത് അർബൻ നക്‌സലുകളും ഇടതു ലിബറലുകളുമാണെന്നും പറയുന്നു.
ആക്ഷേപഹാസ്യത്തിന് പരിധി വേണമെന്നായിരുന്നു ഷിൻഡേയുടെ മറുപടി: ‘‘അഭിപ്രായപ്രകടന സ്വാതന്ത്ര്യം വേണം, ഞങ്ങൾക്ക് ആക്ഷേപഹാസ്യവും മനസ്സിലാകും, എന്നാൽ പരാമർശങ്ങളിൽ മാന്യത വേണം, ഇല്ലെങ്കിൽ അടിയ്ക്ക് തിരിച്ചടി നേരിടേണ്ടിവരും’’- ഷിൻഡേ പറയുന്നു.
ശിവസേന ഉദ്ധവ് വിഭാഗം സാധാരണയായി ഷിന്‍ഡേയെ ആക്ഷേപിക്കാന്‍ പറയുന്ന gaddar, baap chori എന്നിവയാണ് കുനാലും പരിപാടിയില്‍ ആവര്‍ത്തിച്ചതെന്ന് ശിവസന നേതാക്കള്‍ പറയുന്നു.
കുനാലിന്റെ കോമഡി
കഴിഞ്ഞ ഞായറാഴ്ച കുനാൽ ഖറിലെ കോണ്ടിനെന്റൽ ഹോട്ടലിലുള്ള ഹാബിറ്റാറ്റ് സ്റ്റുഡിയോയിൽ അവതരിപ്പിച്ച 'നയാ ഭാരത്' എന്ന കോമഡി സീരീസ് കുനാൽ യുറ്റ്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പരിപാടിയിൽ 'ദിൽ തോ പാഗൽ ഹെ' എന്ന പാട്ടിന്റെ പാരഡി പാടുന്നതിനിടെ 'gaddar' (രാജ്യദ്രോഹി) എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്. ഒരാളുടെയും പേര് പറയുന്നില്ല എങ്കിലും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രയോഗമെന്നാണ് ആരോപണം.
2022-ൽ ഷിൻഡേ ശിവസേന പിളർത്തി സ്വന്തം ശിവസേനയുണ്ടാക്കി ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ സംഭവമായിരുന്നു പരിപാടിയുടെ ഉള്ളടക്കം: ‘‘ആദ്യം ബി.ജെ.പിയിൽനിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയിൽനിന്ന് ശിവസേന പുറത്തുവന്നു. എൻ.സി.പിയിൽനിന്ന് എൻ.സി.പിയും പുറത്തുവന്നു. അവർ ഒരു വോട്ടർക്ക് ഒമ്പത് വോട്ടിങ് ബട്ടനുകൾ നൽകി. അതോടെ, അവർ ആശയക്കുഴപ്പത്തിലുമായി''- ഇതായിരുന്നു കുനാലിന്റെ വിവാദ പരാമർശം.
2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാനായില്ല. ഇതേതുടർന്നാണ് ശിവസേനയെ പിളർത്തി ഷിൻഡേയെ മുൻനിർത്തി ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. ഏതുവിധേനയും അധികാരം കൈക്കലാക്കാൻ, ജനവിധിയെ നോക്കുകുത്തിയാക്കി നടത്തിയ ഈ കാലുമാറ്റനാടകത്തെ ആക്ഷേപഹാസ്യത്തിനിരയാക്കുകയായിരുന്നു കുനാൽ.

പ്രകോപിതരായ ശിവസേന പ്രവർത്തകർ, കുനാലിന്റെ പരിപാടി നടന്ന കോണ്ടിനെന്റൽ ഹോട്ടലും ഹാബിറ്റാറ്റ് സ്റ്റുഡിയോയും ഞായറാഴ്ച തകർത്തു. ‘ബട്ടർ ചിക്കൻ ഇഷ്ടപ്പെടാത്തതിനാൽ തക്കാളി കയറ്റിയ ലോറി മറിച്ചിടുന്നതിന് തുല്യം’ എന്നാണ് കുനാൽ ഇതിനെ പരിഹസിച്ചത്. താൻ പരിപാടി നടത്തുന്ന വേദി ഒരിടം മാത്രമാണെന്നും ആ വേദിയ്ക്ക് തന്റെ കോമഡിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം സർക്കാർ ഏറ്റെടുത്തു. ക്ലബ്ബിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതാണെന്നാരോപിച്ച് മുംബൈ കോർപറേഷൻ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. കുനാലിനെതിരെ പൊലീസ് അപകീർത്തി കേസെടുത്തു. ആക്ഷേപകരമായ പൊതുപ്രസ്താവന നടത്തിയെന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ ഇന്ന് ഖാർ പൊലീസ് സ്‌റ്റേഷനിലെത്താൻ പുതുച്ചേരിയിൽ താമസിക്കുന്ന കുനാലിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ പരാമർശം കൃത്യമായി ഒന്നാം ഉപമുഖ്യമന്ത്രി (അജിത് പവാർ) രണ്ടാം ഉപമുഖ്യമന്ത്രിയെ (ഏക്‌നാഥ് ഷിൻഡേ) കുറിച്ച് പറഞ്ഞതാണ് എന്നായിരുന്നു കുനാലിന്റെ പോസ്റ്റ്. നടത്തിയ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നും കോടതി നിര്‍ദേശിച്ചാല്‍ മാത്രം മാപ്പു പറയുമെന്നും കുനാല്‍ പറഞ്ഞു.
ഷിന്‍ഡേയെ ടാര്‍ഗറ്റ് ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍പണം നല്‍കിയെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തന്റെ അക്കൗണ്ട് പരിശോധിക്കാമെന്നും കുനാല്‍ പറഞ്ഞു. എന്നാല്‍, ഈ പരിപാടിയ്ക്ക് കുനാലിന് എവിടെനിന്നെങ്കിലും പണം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതിനായി, കുനാലിന്റെ ഫോണും മറ്റ് ഗാഡ്‌ജെറ്റുകളും പരിശോധിക്കും.
കുനാലിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്തുണ്ട്. 'ചതിയനെ ചതിയന്‍ എന്നല്ലാതെ എന്താണ് വിളിക്കുക' എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ പ്രതികരണം. കുനാല്‍ കമ്രയുടെ ഷോയിലെ മുഴുവന്‍ പാട്ടും കേള്‍ക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലുമൊന്ന് സംസാരിച്ചാല്‍ നടപടിയെടുക്കുകയാണെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ് എന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എം.പിയുമായ ജയ ബച്ചന്‍ പറഞ്ഞു. ഏകനാഥ് ഷിന്‍ഡേ ശിവസേനയെ പിളര്‍ത്തി മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയ ആളാണെന്നും ഇത് ബാബാ സാഹേബിനെ അപമാനിക്കുന്ന കാര്യമല്ലേ എന്നും അവര്‍ ചോദിക്കുന്നു.
കുനാൽ കമ്ര, സംഘ്പരിവാറിന്റെ കണ്ണിലെ കരട്
രാഷ്ട്രീയ ആക്ഷേപഹാസ്യം അതിവിദഗ്ധമായി കൈകാര്യം ചെയ്യുന്ന കൊമേഡിയനാണ് കുനാൽ കമ്ര. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ കുനാലിന്റെ പരിഹാസമുന നീണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി.
2013-ലാണ് കുനാൽ സ്റ്റാന്റപ്പ് കോമഡിയുമായി രംഗത്തെത്തിയത്. 2017-ൽ നോട്ട് നിരോധിച്ചപ്പോൾ ‘സർക്കാറും ദേശഭക്തിയും' എന്ന സ്റ്റാന്റപ്പ് കോമഡിയുടെ പേരിൽ അദ്ദേഹത്തിനെതിരെ വധഭീഷണിയുണ്ടായി. മാത്രമല്ല, അദ്ദേഹത്തെ വാടകവീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തു.
2020 ജനുവരി 28ന് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയോടൊപ്പം ഇൻഡിഗോ വിമാനത്തിൽ ബോബെയിൽനിന്ന് ലക്‌നോയിലേക്ക് യാത്ര ചെയ്യവേ നടത്തിയ സംവാദം വൻ വിവാദമായി. രോഹിത് വെമുലയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളിൽ അർണബ് സ്വീകരിച്ച സമീപനത്തെ കുനാൽ വിമർശിച്ചു. ‘നിങ്ങൾ മാധ്യമപ്രവർത്തകനാണോ അതോ ഭീരുവാണോ? അല്ലെങ്കിൽ ഒരു ദേശീയവാദിയാണോ?, പ്രേക്ഷകർക്ക് അറിയാൻ താൽപര്യമുണ്ട്' എന്നായിരുന്നു കുനാലിന്റെ പ്രകോപനപരമായ ചോദ്യം. അർണബ് മറുപടി പറഞ്ഞില്ല. ഇതിന്റെ വീഡിയോ കുനാൽ ട്വീറ്റ് ചെയ്തു. ഇതേതുടർന്ന് കുനാലിന് ഇൻഡിഗോ അടക്കമുള്ള വിമാനക്കമ്പനികൾ യാത്രാവിലക്കേർപ്പെടുത്തി. വിലക്കിൽ പ്രതിഷേധിച്ച് ഇൻഡിഗോയെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപ് രംഗത്തെത്തിയിരുന്നു.

2018-ൽ ഒരു ആത്മഹത്യ പ്രേരണക്കേസിൽ അർണാബ് ഗോസ്വാമിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ച് കുനാൽ ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്ഡെയ്ക്കെതിരെ, രണ്ടു വിരലുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ചീഫ് ജസ്റ്റിസിനെതിരായ പരാമർശം. ഈ സംഭവത്തിൽ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. ‘സുപ്രീം കോടതി ഒരു ബ്രാഹ്മണ-ബനിയ വിഷയമാണെന്ന്’ ബീ ലൈക്ക് എന്ന പ്രോഗ്രാമിൽ പറഞ്ഞതും കോടതിയലക്ഷ്യ നടപടിക്ക് കാരണമായി. എന്നാൽ, ക്ഷമ ചോദിക്കാൻ അന്നും കുനാൽ തയാറായില്ല.
1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലും 2002-ലെ ഹിറ്റ് ആൻഡ് റൺ കേസിലും കുനാൽ നടത്തിയ പരാമർശത്തിനെതിരെ സൽമാൻ ഖാൻ മാനനഷ്ടക്കേസിനൊരുങ്ങിയിരുന്നു. എന്നാൽ ക്ഷമാപണം നടത്തില്ലെന്നായിരുന്നു കുനാലിന്റെ നിലപാട്.
ഉപഭോക്താക്കളുടെ പരാതികൾ ‘ഓല’ കമ്പനി പരിഹരിക്കുന്നില്ലെന്ന് കുനാൽ ആരോപിച്ചപ്പോൾ, പരാതി പരിഹിക്കാൻ കമ്പനിക്കൊപ്പം ചേരാനും അതിന് സാധ്യമല്ലെങ്കിൽ മിണ്ടാതിരിക്കാനും സി.ഇ.ഒ ഭവീഷ് അഗർവാൾ മറുപടി നൽകി. എന്നാൽ, ബിസിനസിൽ വിശ്വാസ്യത പുലർത്തണമെന്ന് കുനാൽ തിരിച്ചടിച്ചു.
2023-ൽ, ഓൺലൈൻ ഉള്ളടക്കങ്ങളിലെ വസ്തുതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഫാക്ട് ചെക്കിംഗ് യൂണിറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കുനാൽ വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
2022-ൽ ഹരിയാനയിൽ കുനാലിന്റെ പരിപാടിക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. കുനാൽ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന ആളാണെന്നും പരിപാടി നടന്നാൽ മതവികാരം വ്രണപ്പെടുമെന്നും കാണിച്ച് വി.എച്ച്.പി ഹോട്ടലുടമയെ സമീപിച്ചു. ഇതേതുടർന്ന് ഹോട്ടൽ പരിപാടി റദ്ദാക്കി. ‘മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെയെ തള്ളിപ്പറയാൻ വി.എച്ച്.പിക്കാകുമോ' എന്നായിരുന്നു കുനാലിന്റെ മറുപടി: ‘‘നിങ്ങൾ ഇന്ത്യയുടെ മക്കളാണെങ്കിൽ ഗാന്ധിയെ കൊന്ന ഗോഡ്‌സേ മൂർദ്ദാബാദ് എന്ന് പ്രഖ്യാപിക്കണം. അല്ലെങ്കിൽ നിങ്ങൾ ഹിന്ദുക്കൾക്ക് എതിരാണെന്നും ഭീകരതയുടെ ആളുകളാണെന്നും കരുതേണ്ടിവരും’’, വി.എച്ച്.പിയ്ക്ക് അയച്ച കത്തിൽ കുനാൽ പറഞ്ഞു.
2020-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജർമനി സന്ദശിച്ചപ്പോൾ, മോദിയ്ക്കുവേണ്ടി പാട്ടു പാടുന്ന ഒരു ഏഴുവയസ്സുകാരന്റെ എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിവാദമായി. തുടർന്ന് കുനാൽ പോസ്റ്റ് നീക്കുകയായിരുന്നു.