ഗവായിക്കു നേരെയെറിഞ്ഞ ഷൂ, പോറ്റി മോഷ്ടിച്ച സ്വർണ്ണം

“അമ്പലം വിഴുങ്ങിയെന്ന ആരോപണം നേരിടുന്ന പോറ്റിയോട് സമൂഹവും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കാണിക്കുന്ന പരിഗണനയാണ് സവർണ്ണ വിധേയത്വം. പോറ്റി മോഷണം നടത്തില്ലെന്നും ഇനിയിപ്പോ നടത്തിയാലും അതത്ര വലിയ തെറ്റോ കുറ്റമോ കാര്യമോ അല്ലെന്നും സ്വാഭാവികമായി തോന്നുന്നതാണ് ജാതി. രോഹിത് വെമുലയ്ക്കും വിനായകനും മരിക്കേണ്ടിവരുന്നതും ജാതിയാലാണ്.” മനില സി. മോഹൻ എഴുതുന്ന എഡിറ്റോറിയൽ.

നീതിയുടെ ജാതിയെന്താണെന്നത് ഇന്ത്യയിൽ നിരന്തരം ഉയരുന്നൊരു ചോദ്യമാണ്. അല്ലെങ്കിൽ എപ്പോഴും അടിച്ചമർത്തപ്പെടുന്ന നിലവിളിയാണ്. ജാതിവ്യവസ്ഥയുടെ പൂണൂലിൽക്കെട്ടിയല്ലാത്തൊരു പൊതുബോധമോ സാമൂഹ്യസംവിധാനമോ രാഷ്ട്രീയാധികാരമോ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. അങ്ങനെയല്ലെന്ന ശുഭാപ്തിവിശാസത്തിന്റെ സന്ദേഹമുയരുന്ന ഓരോ ഘട്ടത്തിലും ജാതിവെറിയുടെയും വിവേചനത്തിന്റെയും സനാതന സംസ്‌കാരഭരിതമായ ജാതിഹിംസയുടെയും മറ്റൊരു വാർത്ത പ്രതീക്ഷയുടെ ആകാശത്തുനിന്നും നിങ്ങളെ കഠിന യാഥാർത്യത്തിൻ്റെ ഭൂമിയിലെത്തിക്കും. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ പരമോന്നത ന്യായാധിപന്റെ നേർക്ക് ഒരു ഹിന്ദു സനാതനിയെറിഞ്ഞ ഷൂ അത്തരത്തിലൊന്നായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ, പട്ടികജാതിക്കാരനായ ജസ്റ്റിസ് ബി.ആർ ഗവായിക്കുനേരെ, സനാതന ധർമവക്താവായ അഭിഭാഷകൻ രാകേഷ് കിഷോർ കോർട്ട് നമ്പർ വണ്ണിൽ വെച്ച് ഷൂ എറിയുന്നു. ‘സനാതൻ ധർമ്മ് കാ അപമാൻ നഹി സഹേഗാ ഹിന്ദുസ്ഥാൻ’ എന്ന് പറയുകയും ചെയ്യുന്നു. ജസ്റ്റിസ് ഗവായ് പക്ഷെ ശാന്തനും അക്ഷോഭ്യനുമായി തൻ്റെ ജോലി തുടർന്നു. ജസ്റ്റിസ് ഗവായ്ക്കൊപ്പം ജസ്റ്റിസ് കെ.വി. ചന്ദ്രനും ഇരിക്കുന്നുണ്ടായിരുന്നു. സംഭവത്തിനുശേഷം രാകേഷ് കിഷോർ ജസ്റ്റിസ് കെ.വി. ചന്ദ്രനോട് മാപ്പ് പറയുകയും ഷൂ എറിഞ്ഞത് ജസ്റ്റിസ് ഗവായിയെ മാത്രം ഉദ്ദേശിച്ചാണ് എന്ന് സന്ദർഭത്തെയും ആശയത്തേയും വ്യക്തമാക്കുകയും ചെയ്തു. തീണ്ടിക്കൂടാത്തൊരു ദലിതനോട് മാപ്പുപറയേണ്ടാത്തൊരു സനാതനഹിന്ദു ഇന്ത്യയുടെ സുപ്രീം കോടതിയിൽ നിൽക്കുകയായിരുന്നു. തടിച്ച നിയമപുസ്തകങ്ങൾക്കും ഭരണഘടനയ്ക്കുമിടയിൽനിന്നും ബി.ആർ. അംബേദ്ക്കർ ഇറങ്ങിപ്പോയത് അതിനു മുമ്പായിരിക്കും.

രാകേഷ് കിഷോറിനോട് മാധ്യമങ്ങൾ പരിഗണനയോടെയും ഭവ്യതയോടെയും നിങ്ങളെന്തിനിത് ചെയ്തു എന്ന് ചോദിച്ചപ്പോൾ ചെയ്തതിൽ ഒട്ടുമേ കുറ്റബോധമില്ല എന്നാണ് മറുപടി. ഒപ്പം സനാതന ഹിന്ദുത്വത്തെ ബഹുമാനിക്കാത്ത ഒന്നിനോടും രാജിയാവില്ല എന്നും. ഖജുരാഹോ കോംപ്ലക്സിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശങ്ങളാണ് ഷൂവെറിയലിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്നാണ് അയാളുടെ വാദം. മറ്റൊരിടത്ത് രാകേഷ് കിഷോർ പറഞ്ഞു, ബുൾഡോസർ ആക്ഷൻസിനെ വിമർശിച്ച ഗവായിയുടെ പരാമർശങ്ങളാണ് പ്രേരണയെന്ന്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ, പട്ടികജാതിക്കാരനായ ജസ്റ്റിസ് ബി.ആർ ഗവായിക്കുനേരെ, സനാതന ധർമവക്താവായ അഭിഭാഷകൻ രാകേഷ് കിഷോർ കോർട്ട് നമ്പർ വണ്ണിൽ വെച്ച് ഷൂ എറിയുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ, പട്ടികജാതിക്കാരനായ ജസ്റ്റിസ് ബി.ആർ ഗവായിക്കുനേരെ, സനാതന ധർമവക്താവായ അഭിഭാഷകൻ രാകേഷ് കിഷോർ കോർട്ട് നമ്പർ വണ്ണിൽ വെച്ച് ഷൂ എറിയുന്നു.

രാജ്യത്തെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസിനോട് പോലും ആ സാഹചര്യത്തിൽ സാധ്യമാവുന്ന ഹിംസയുടെ പരമാവധി കാണിച്ച ഒരാൾ. അയാളെ പിന്തുണയ്ക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങൾ. സോഷ്യൽ മീഡിയയിൽ അയാളുടെ ചെയ്തിയെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിനാളുകൾ. പ്രശസ്തരും വലിയ ഫോളോവേഴ്സുമുള്ള ഹിന്ദുത്വ പ്രചാരകരായ ഇൻഫ്ലുവൻസേഴ്സ് പറയുന്നത്, ഷൂവെറിഞ്ഞത് ഒരു തുടക്കം മാത്രമാണ് എന്നാണ്. ഈ സംഭവത്തിനുശേഷം ജസ്റ്റിസിനെ ജാതീയമായി അവഹേളിക്കുന്ന, കഴുത്തിൽ മൺപാത്രം തൂക്കിയിട്ട രീതിയിലുള്ള ഒരു എ.ഐ. ജനറേറ്റഡ് വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളിലേക്ക് വർണ്ണാശ്രമധർമ്മത്തിന്റെ ഭഗവദ്ഗീതകൾ പരാവർത്തനം ചെയ്യപ്പെടുകയാണ്. സനാതന ഹിന്ദുക്കൾക്ക് ദലിത് വിഭാഗത്തിലുള്ള ഒരു ചീഫ് ജസ്റ്റിസിനെ അംഗീകരിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.

എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും തെരഞ്ഞെടുപ്പു വിദഗ്ധനുമായ യോഗേന്ദ്ര യാദവ്, ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നുണ്ട്, ജസ്റ്റിസ് ബി.ആർ. ഗവായിക്കു പകരം ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെയായിരുന്നു ഷൂ എറിഞ്ഞതെങ്കിൽ? ആ എറിഞ്ഞത് ഒരു മുസ്ലീം നാമധാരിയായിരുന്നുവെങ്കിൽ? എന്താകുമായിരുന്നു സ്ഥിതി എന്ന്. ആ ചോദ്യത്തിന് ഇന്ത്യയുടെ പ്രാതിനിധ്യ - സംവരണ രാഷ്ട്രീയ ചരിത്രത്തിൽ നിന്നു മാത്രമല്ല, അയോധ്യാവിധി കേട്ട സുപ്രീംകോടതി മുറിയിൽ നിന്നും ഉത്തരങ്ങളുണ്ട്.

‘ജസ്റ്റിസ് ഗവായിയെ ഷൂ എറിയാൻ ഭഗവാൻ തന്നെ ആവശ്യപ്പെട്ടു’വെന്നാണ് രാകേഷ് കിഷോർ പറഞ്ഞത്. അയോധ്യാ വിധി ഈശ്വരനോട് ചോദിച്ചിട്ടാണ് എഴുതിയത് എന്ന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വെളിപ്പെടുത്തിയിരുന്നു. ഭരണഘടനാനുസൃതമായി മാത്രം പ്രവർത്തിക്കേണ്ട ഒരു കോടതി മുറിയിൽ ദൈവവിളിയാലാണ് താൻ വിധിയെഴുതിയതെന്ന് പ്രഖ്യാപിച്ച ഡി.വൈ. ചന്ദ്രചൂഡ് ബാക്കിയാക്കിയ പ്രതിധ്വനിയിലാണ് അഭിഭാഷകൻ രാകേഷ് കിഷോറിൻ്റെ ദൈവവിളി എന്നും വിശകലനം ചെയ്യാവുന്നതാണ്.

വിരമിച്ചതിനുശേഷം ഈയടുത്തു നല്കിയൊരു അഭിമുഖത്തിൽ ബാബറി മസ്ജിദ് തകർത്തതിലെ നിയമലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നൂറ്റാണ്ടുകൾക്കുമുമ്പ് ക്ഷേത്രം തകർത്തതല്ലേ ആദ്യത്തെ ലംഘനമെന്ന് ചോദിക്കാൻ ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിച്ചു ചൂടാറിയിട്ടില്ലാത്ത ചന്ദ്രചൂഡിന് കഴിഞ്ഞെന്നത് യാദൃച്ഛികമല്ല.

ഹിന്ദുത്വ പ്രത്യയശാസ്ത്രം എങ്ങനെ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളുടേയും നീതിന്യായ വ്യവസ്ഥിതിയുടേയും സ്വാഭാവികതയായിത്തീർന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ഈ സംഭവങ്ങൾ.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ ജാതിചരിത്രത്തിൽ ദലിതരായിരുന്നവരുടെ എണ്ണം പരിശോധിച്ചാൽ അതിലെ നിസ്സഹായമായ ശൂന്യതയുടെ രാഷ്ട്രീയം വെളിപ്പെടും. ഇന്ത്യൻ ജുഡീഷ്യറിയിലെ വിധികർത്താക്കൾ ഇന്ത്യൻ ജനതയുടെ ജാതീയവും സാമുദായികവുമായ വ്യത്യസ്തതയെ ഏതെങ്കിലും തരത്തിൽ പ്രതിനിധീകരിച്ചിട്ടില്ല. രാജ്യത്തെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഉദ്യോഗസ്ഥരുടെ ആകെ എണ്ണം നോക്കിയാൽ അതിൽ ഭൂരിഭാഗവും സവർണ പുരുഷന്മാരാണ്. കോടതിയും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല.

എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും തെരഞ്ഞെടുപ്പു വിദഗ്ധനുമായ യോഗേന്ദ്ര യാദവ്, ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നുണ്ട്, ജസ്റ്റിസ് ബി.ആർ. ഗവായിക്കു പകരം ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെയായിരുന്നു ഷൂ എറിഞ്ഞതെങ്കിൽ? ആ എറിഞ്ഞത് ഒരു മുസ്ലീം നാമധാരിയായിരുന്നുവെങ്കിൽ? എന്താകുമായിരുന്നു സ്ഥിതി എന്ന്.
എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനും തെരഞ്ഞെടുപ്പു വിദഗ്ധനുമായ യോഗേന്ദ്ര യാദവ്, ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നുണ്ട്, ജസ്റ്റിസ് ബി.ആർ. ഗവായിക്കു പകരം ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെയായിരുന്നു ഷൂ എറിഞ്ഞതെങ്കിൽ? ആ എറിഞ്ഞത് ഒരു മുസ്ലീം നാമധാരിയായിരുന്നുവെങ്കിൽ? എന്താകുമായിരുന്നു സ്ഥിതി എന്ന്.

സുപ്രീംകോടതിയുടെ 75 വർഷത്തിൽ ആകെ രണ്ട് പേരാണ് ദലിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസുമാർ ആയിട്ടുള്ളത്. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ആദ്യത്തെയാൾ. രണ്ടാമത്തെയാളാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. 2018 മുതലുള്ള കണക്ക് നോക്കിയാൽ രാജ്യത്ത് ഹൈക്കോടതി ജഡ്ജിമാരുടെ 715 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ 551 പേരും മേൽജാതിയിൽപ്പെട്ടവരാണ്, അതായത് 77%. ബാക്കി 164 പേരിൽ 22 പട്ടിക ജാതിക്കാർ, 16 പട്ടിക വർഗ്ഗക്കാർ, 89 ഒ.ബി.സി, മറ്റ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ 37. വെറും മൂന്ന് ശതമാനമാണ് ഹൈക്കോടതികളിലുള്ള ദലിത് പ്രാതിനിധ്യം.
മറ്റൊരു കണക്കുണ്ട്, 2023 വരെയുള്ളത്. സുപ്രീംകോടതിയുടെ 33 സിറ്റിങ്ങ് ജഡ്ജിമാരിൽ 12 പേരും, അതായത് 36.4% പേരും, ബ്രാഹ്മണരാണ്. രാജ്യത്താകെയുള്ളത് 5% ബ്രാഹ്മണരും.

സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞു, 2025 ലെത്തി. നിരന്തരം പോരാടിയും സഹിച്ചും സാമൂഹിക പദവികളിലും അധികാര പദവികളിലും എത്തിപ്പെട്ടിട്ടും ജാതിയാലും ജാത്യാവഹേളനങ്ങളാലും ചതഞ്ഞ് പോകുന്ന ദലിതരും ആദിവാസികളുമായ മനുഷ്യർ ഉദാഹരണങ്ങളായി ദിനവും മുന്നിലേക്ക് വരികയാണ്. ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന വൈ. പുരൻ കുമാർ, മേലുദ്യോഗസ്ഥർ ജാതിയധിക്ഷേപവും ജാതിപീഡനവും നടത്തിയെന്ന് കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്തത് കഴിഞ്ഞയാഴ്ചയാണ്.

കേരളത്തിൽ, തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മോഷണക്കുറ്റത്തിൽ അറസ്റ്റിലായ വീട്ടുജോലി ചെയ്യുന്ന ദലിതയായ ബിന്ദുവിനെ ഒരു രാത്രിയും പകലും വെള്ളം പോലും നൽകാതെ പീഡിപ്പിച്ചതിന്റെ പേരാണ് ജാതി.

ശ്രീരാമപുരം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന, ശബരിമലയിലെ മുഖ്യ പരികർമിയായിരുന്ന സ്വർണ്ണമോഷണക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകരെയും അയ്യപ്പനെയും വരെ ഇളക്കിക്കൊണ്ടുപോകാനുള്ള തരത്തിൽ സ്വതന്ത്ര്യമുണ്ടാകുന്നത്, നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നടകളടയ്ക്കുന്നതും തുറക്കുന്നതും ഇപ്പോഴും ജാതിധർമ്മത്തിന്റെ ഹരിവരാസനം പാടിക്കൊണ്ടാണ് എന്നതുകൊണ്ടുകൂടിയാണ്. അമ്പലം വിഴുങ്ങിയെന്ന ആരോപണം നേരിടുന്ന പോറ്റിയോട് സമൂഹവും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കാണിക്കുന്ന പരിഗണനയാണ് സവർണ്ണ വിധേയത്വം. പോറ്റി മോഷണം നടത്തില്ലെന്നും ഇനിയിപ്പോ നടത്തിയാലും അതത്ര വലിയ തെറ്റോ കുറ്റമോ കാര്യമോ അല്ലെന്നും സ്വാഭാവികമായി തോന്നുന്നതാണ് ജാതി. രോഹിത് വെമുലയ്ക്കും വിനായകനും മരിക്കേണ്ടിവരുന്നതും ജാതിയാലാണ്. അധികാരസ്ഥാനത്തിരിക്കുന്ന ദലിതരോ ആദിവാസികളോ കേരളത്തിലോ ഇന്ത്യയിലോ സ്വാഭാവികമല്ല എന്ന വാസ്തവം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സംവരണചരിത്രം അട്ടിമറിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്തു എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പ്രാതിനിധ്യത്തെക്കുറിച്ച് പറയുമ്പോൾ സനാതനികളും സംവരണ വിരുദ്ധരും മെറിറ്റിനെക്കുറിച്ച് വാചാലരാവും. കാലിൽ നിന്ന് ചെരിപ്പഴിച്ച് കയ്യിൽപ്പിടിക്കും, കിട്ടിയ ആദ്യ അവസരത്തിൽത്തന്നെ എറിയാൻ. മെറിറ്റിലേക്കുള്ള വഴിയിൽ നിരന്തരം വാരിക്കുഴികൾ കുഴിച്ച് വെച്ചാണ് പൊതുസമൂഹം മെറിറ്റിനെക്കുറിച്ച് സംസാരിക്കുക.

ഒരു ചെറിയ ഉദാഹരണം കേരളത്തിൽ നിന്ന് പറയാം. കേരളത്തിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മാസങ്ങളോളം ഇ ഗ്രാൻ്റ് മുടങ്ങുന്നത് പുതിയ വാർത്തയല്ല. മുടങ്ങിയില്ലെങ്കിലാണ് വാർത്ത. എന്തുകൊണ്ടാണ് അധികാരികൾക്കുമുന്നിൽ ഇ-ഗ്രാൻഡിന് വേണ്ടി വിദ്യാർത്ഥികൾക്ക് അഭ്യർത്ഥനയുടെ ഭാഷയിൽ എപ്പോഴും സംസാരിക്കേണ്ടി വരുന്നത്? ഈ പണത്തിൽ നിന്നു വേണം മെറിറ്റിലേക്ക് ഓടിപ്പിടിച്ചെത്താനുള്ള പുസ്തകം വാങ്ങാനും ഭക്ഷണം കഴിക്കാനും താമസിക്കാനും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പട്ടികജാതി പട്ടിക വർഗ്ഗ ഒ.ബി.സി വിദ്യാർത്ഥികൾക്ക് നാല് മാസത്തിലേറെയായി ഇ ഗ്രാൻ്റ് മുടങ്ങിയിട്ട്.

 ശബരിമലയിലെ മുഖ്യ പരികർമിയായിരുന്ന സ്വർണ്ണമോഷണക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകരെയും അയ്യപ്പനെയും വരെ ഇളക്കിക്കൊണ്ടുപോകാനുള്ള തരത്തിൽ സ്വതന്ത്ര്യമുണ്ടാകുന്നത്, നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നടകളടയ്ക്കുന്നതും തുറക്കുന്നതും ഇപ്പോഴും ജാതിധർമ്മത്തിന്റെ ഹരിവരാസനം പാടിക്കൊണ്ടാണ് എന്നതുകൊണ്ടുകൂടിയാണ്.
ശബരിമലയിലെ മുഖ്യ പരികർമിയായിരുന്ന സ്വർണ്ണമോഷണക്കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകരെയും അയ്യപ്പനെയും വരെ ഇളക്കിക്കൊണ്ടുപോകാനുള്ള തരത്തിൽ സ്വതന്ത്ര്യമുണ്ടാകുന്നത്, നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നടകളടയ്ക്കുന്നതും തുറക്കുന്നതും ഇപ്പോഴും ജാതിധർമ്മത്തിന്റെ ഹരിവരാസനം പാടിക്കൊണ്ടാണ് എന്നതുകൊണ്ടുകൂടിയാണ്.

ഓരോ ബജറ്റിലും വകയിരുത്തുന്ന തുക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനോ വിദ്യാഭ്യാസത്തിനോ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. ആദിവാസി വിദ്യാർത്ഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും പ്ലസ് വൺ- പ്ലസ് ടു- ഡിഗ്രി ക്ലാസുകളിൽ ഒഴിഞ്ഞു കിടക്കുന്ന എസ്. സി, എസ് ടി സീറ്റുകളും മെറിറ്റിലേക്കുള്ള യാത്രയിലെ വാരിക്കുഴികളാണ്.

ഇന്ത്യയിലേയും കേരളത്തിലെയും സ്കൂളുകളിലും കോളേജുകളിലും പഠിച്ചിറങ്ങുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനകാലത്ത് ഒരു ദലിത് ടീച്ചറേയോ ആദിവാസി ടീച്ചറേയോ കാണാൻ പറ്റിയിട്ടുണ്ടാവുമോ? സാധ്യത വളരെ കുറവാണ്. 2021-22 ൽ All India Survey of Higher Education നടത്തിയ സർവ്വേയിലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരിൽ പട്ടികജാതി അധ്യാപകർ 11.9% മാത്രമാണ്. കേരളത്തിലേക്ക് വരുമ്പോൾ എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ പഠിപ്പിക്കുന്ന 90,238 അധ്യാപകരിൽ 808 പേർ, അതായത് 0.89 ശതമാനമാണ്, പട്ടികജാതി അധ്യാപകരുടെ എണ്ണം. വെറും 76 പേർ, 0.08% പട്ടികവർഗ്ഗ അധ്യാപകരും. എയ്ഡഡ് സ്കൂൾ അധ്യാപകരിൽ സംവരണം ഇല്ല. സമ്പത്തിൻ്റെ വിതരണത്തിലെ അസന്തുലിതാവസ്ഥ മനസ്സിലാക്കണമെങ്കിൽ, ശമ്പളയിനത്തിൽ സർക്കാർ നൽകുന്ന ആകെ തുകയുടെ 40% വും ലഭിക്കുന്നത് എയ്ഡഡ് അധ്യാപകർക്കാണ് എന്നുകൂടി അറിയണം.

പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും സംവരണം പോയിട്ട് പേരിനുപോലും പ്രാതിനിധ്യമില്ലാത്ത തരത്തിലുള്ള എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ, ഭിന്നശേഷിക്കാരുടെ സംവരണത്തിനായുള്ള കോടതിവിധിയിൽ നിന്നും സ്വകാര്യ, മതസാമുദായിക മാനേജുമെന്റുകളെ സംരക്ഷിക്കാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ നമ്മളിപ്പോൾ കാണുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് സംവരണം നൽകണമെങ്കിൽ അത് SC / ST വിഭാഗങ്ങൾക്കും ആകാമെന്ന ഭരണഘടനാപരമായ നിയമസാധ്യതയെ അടിയന്തരമായി നടപ്പാക്കുന്നതിനുപകരം സാമുദായികാടിസ്ഥാനത്തിലെ കോഴനിയമനങ്ങൾക്ക് ഞങ്ങൾ കാവലുണ്ട് എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് ചീഫ് ജസ്റ്റിസിനെ എറിഞ്ഞ സനാതനഷൂസ്‌ പാകമാണ്.

നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ, അധികാര പദവികളിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർ എത്രയുണ്ട് എന്ന കണക്കും എടുത്ത് വെച്ച് നോക്കണം. ഒ.ആർ. കേളു. മന്ത്രിയാവുമ്പോൾ ദേവസ്വം വകുപ്പ് ഭരിക്കാനുള്ള യോഗ്യതയില്ലെന്ന് സ്വാഭാവികമായി കരുതുന്നതിൻ്റെ രാഷ്ട്രീയവുമാണ് ജാതി.

ഈ അനുപാതക്കണക്കുകളിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ എറിയപ്പെട്ട ഷൂവിലേക്ക് നിരവധി വരകൾ വരയ്ക്കാൻ കഴിയും. പഠിപ്പിക്കാനും ഭരിക്കാനും നിയമം വ്യാഖ്യാനിക്കാനും കഴിയുന്ന ദലിത് - ആദിവാസി മനുഷ്യരെ കണ്ടിട്ടില്ലാത്ത ജനതയ്ക്ക് പ്രാതിനിധ്യത്തിൻ്റെ രാഷ്ട്രീയ പ്രയോഗം മനസ്സിലാവില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലെ, മനുസ്മൃതിയിലെ ജാതിശ്രേണി ദൈവഹിതമാണെന്ന് മനസ്സിലാക്കിവെച്ചിരിക്കുന്ന സനാതന പ്രേമികൾക്ക് ജനാധിപത്യത്തിൻ്റെയും വർഗ്ഗരാഷ്ട്രീയത്തിൻ്റെയും നീതിന്യായ തലങ്ങളും മനസ്സിലാവില്ല. ഷൂ എറിയപ്പെട്ടത് ഡി. വൈ. ചന്ദ്രചൂഡിനെതിരെയായിരുന്നെങ്കിലോ? എറിഞ്ഞതൊരു മുസ്ലീം നാമധാരിയായിരുന്നെങ്കിലോ? എന്ന യോഗേന്ദ്ര യാദവിൻ്റെ ചോദ്യം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നു.

ഒ.ആർ. കേളു. മന്ത്രിയാവുമ്പോൾ ദേവസ്വം വകുപ്പ് ഭരിക്കാനുള്ള യോഗ്യതയില്ലെന്ന് സ്വാഭാവികമായി കരുതുന്നതിൻ്റെ രാഷ്ട്രീയവുമാണ് ജാതി.
ഒ.ആർ. കേളു. മന്ത്രിയാവുമ്പോൾ ദേവസ്വം വകുപ്പ് ഭരിക്കാനുള്ള യോഗ്യതയില്ലെന്ന് സ്വാഭാവികമായി കരുതുന്നതിൻ്റെ രാഷ്ട്രീയവുമാണ് ജാതി.

ഉന്നതവിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്ന അംബേദ്ക്കർക്ക് ബറോഡ സ്റ്റേറ്റിലെ എക്കൗണ്ടൻ്റ് ജനറൽ ഓഫീസിൽ ജോലി ലഭിക്കുന്നു. എന്നാൽ ബറോഡയിലെത്തുന്ന അംബേദ്ക്കർക്ക് ഒരു ഹോട്ടലിലും മുറി നൽകാൻ സനാതന ഹിന്ദുക്കൾ തയ്യാറായില്ല. അദ്ദേഹം കയറിയ കുതിരവണ്ടിയിൽ നിന്നും ഇറക്കിവിട്ടു. ഓഫീസിലെ സവർണ്ണജാതിക്കാരനായ പ്യൂൺ ഫയലുകൾ എറിഞ്ഞുകൊടുക്കുകയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ അംബേദ്ക്കർക്ക് ഫയലുകൾ എറിഞ്ഞുകൊടുത്ത സനാതനഹിന്ദുവാണ് സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതിക്കാരനായ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയുന്നത്. ഇന്നിപ്പോളതിന് ഇന്ത്യയുടെ രാഷ്ട്രീയാധികാരംകൂടി കയ്യിലുണ്ട്.

Comments