രാജ്യസുരക്ഷ വിഷയമായാൽ കോടതികൾ നിശ്ശബ്​ദരാകണോ?

രാജ്യസുരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽ നാളെ, മീഡിയ വണ്ണിനെതിരെ സ്വീകരിച്ചതിന്​ സമാനമായ നടപടി ഭരണകൂടത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിനെതിരെ ആവർത്തിക്കപ്പെടാം. ഏതെങ്കിലുമൊരു നടപടി രാജ്യസുരക്ഷയുടെ പരിധിയിൽ വരുന്നതാണോ അല്ലയോ എന്ന് എക്സിക്യൂട്ടീവിന് സ്വയം തീരുമാനമെടുക്കാം. നിയമ നിർവഹണ സംവിധാനം കൈക്കൊണ്ട തീരുമാനം രാജ്യസുരക്ഷാ വിഷയം ആയതിനാൽ നീതിന്യായ വ്യവസ്ഥയുടെ പരിശോധനയ്ക്ക് വിധേയപ്പെടേണ്ടതില്ല.

മീഡിയ വൺ ചാനൽ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഹർജി തള്ളി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിൽനിന്ന്:

ഖണ്ഡിക 54. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ചില അനഭിലഷണീയ ബന്ധങ്ങൾ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിനുണ്ട്.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിനും, മാനേജിംഗ് ഡയറക്ടർക്കും എതിരെ ഇന്റലിജൻസ് ബ്യൂറോയുടെ കൃത്യമായ പ്രതികൂല റിപ്പോർട്ട് നിലവിലുണ്ട്. വിഷയത്തിന്റെ ഗൗരവം, ആഘാതം, ആഴം, പ്രാധാന്യം എന്നിവ ഫയലുകളിൽ നിന്ന് വ്യക്തമാകുന്നില്ല. അതേസമയം, രാജ്യസുരക്ഷ (Security of the State), ക്രമസമാധാനം (Public Order) തുടങ്ങിയവയെ ബാധിക്കുന്ന വ്യക്തവും പ്രാധാന്യമുള്ളതുമായ സൂചനകൾ ലഭ്യമായ രേഖകളിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) കൈകാര്യം ചെയ്യുന്ന രഹസ്യാത്മകവും ഗൗരവതരമായ ഫയലുകളാണത്. ദേശസുരക്ഷ, ക്രമസമാധാനം തുടങ്ങിയവ രാജ്യത്തിന്റെ
ഭരണ നിർവഹണ സംവിധാനത്തിന്റെ കാര്യങ്ങളായതിനാൽ കൂടുതൽ പറയാനില്ല.

കേന്ദ്ര സർക്കാർ ഹാജരാക്കിയ രേഖകളിൽ നിന്ന് അധികം വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ, ഇന്റലിജൻസ് ബ്യൂറോ, ഇതര അന്വേഷണ ഏജൻസികൾ എന്നിവയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന ചില പ്രത്യേക കാര്യങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.

പോയ വർഷങ്ങളിൽ ധാരാളം സാറ്റലൈറ്റ് ചാനലുകൾ കൂണുകൾ പോലെ മുളച്ചു പൊന്തി. നിരവധി വിദേശ ഉപഗ്രഹ ചാനലുകൾ രാജ്യത്ത് ലഭിക്കുന്നുണ്ട്. പല ഇടങ്ങളിലൂടെയും "സാംസ്കാരിക അധിനിവേശം' (Cultural Inversion) നടക്കുന്നുണ്ട്. പാശ്ചാത്യവും നമ്മുടെ സംസ്കാരത്തിനും ജീവിത രീതിക്കും യോജിക്കാത്തതുമായ പരിപാടികൾ ആണ് ഉപഗ്രഹ ചാനലുകൾ വഴി രാജ്യത്ത് സംപ്രേഷണം ചെയ്യപ്പെടുന്നത്. അനഭിലഷണീയ പരിപാടികളും പരസ്യങ്ങളും യാതൊരു നിയന്ത്രണവും ഇല്ലാതെ സംപ്രേഷണം ചെയ്യുന്നു. ഇത്തരം ചാനലുകളെ നിയന്ത്രിക്കാൻ നിയമമില്ല. സാങ്കേതികത, ഉള്ളടക്കം എന്നിവയിൽ ഗുണമേന്മ ഉറപ്പുവരുത്തേണ്ടത് കേബിൾ സേവന ദാതാക്കളുടെ ചുമതലയും ബാധ്യതയുമാണ്. പകർപ്പവകാശ സംരക്ഷണം, സെൻസർ ചെയ്യാത്ത ചലച്ചിത്രങ്ങളുടെ പ്രദർശനം, ദേശവിരുദ്ധ സംപ്രേഷകരിൽ നിന്ന് ഉപഭോക്താക്കളുടെ സംരക്ഷണം തുടങ്ങിയവയ്ക്ക് നിയമ നിർമ്മാണം ആവശ്യമാണ്.//

കേബിൾ നെറ്റ്‌വർക്ക് നിയന്ത്രണ നിയമത്തിലെ പ്രോഗ്രാം കോഡിന്റെ ലംഘനം ആയിരുന്നു സിംഗിൾ ബെഞ്ച് വിധിയിലെ വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്ന മീഡിയ വൺ ലൈസൻസ് നിരോധന കാരണം. ഋഗ്വേദ കാലത്തെ അത്രി മഹർഷിയുടെ സംഹിതയും സംഘ പരിവാരവും മുന്നോട്ട് വയ്ക്കുന്ന "രാജ്യം ആദ്യം' (Nation First) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ
നടപടി ശരിവയ്ക്കാനുള്ള ഏകാംഗ ബഞ്ചിന്റെ ന്യായപ്രമാണം (Reason for the Judgement) ആയി.

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ചില അനഭിലഷണീയ ബന്ധങ്ങൾ (Linkages with Undesirable Forces) മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിനുണ്ട് എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറയുന്നത്. കേന്ദ്ര സർക്കാർ നൽകിയ രണ്ട് ഫയലുകൾ കണ്ടതോടെ തന്നെ ഹൈക്കോടതിക്ക് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു. സിംഗിൾ ബെഞ്ചിന്റെ
ഉത്തരവ് ശരിവയ്ക്കാൻ, ലഭ്യമായ വിവരങ്ങൾ തന്നെ ധാരാളം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ, നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല. ദേശ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ സംബന്ധിച്ച സൂചനകൾ തന്നെ ഡിവിഷൻ ബെഞ്ചിന് കേന്ദ്ര സർക്കാരിന്റെ നടപടി ശരിവയ്ക്കാനുള്ള മതിയായ കാരണമാണ്.

ഇന്റലിജൻസ് ബ്യൂറോ, അന്വേഷണ ഏജൻസികൾ തുടങ്ങിയവയെ കേന്ദ്ര ഭരണകൂടമോ ഭരണകൂടത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയോ യാതൊരു തരത്തിലും ഉപയോഗിക്കാത്ത രാജ്യം. യാതൊരു രാഷ്ട്രീയ പരിഗണനകളും ഇല്ലാത്ത, തികച്ചും നിഷ്​പക്ഷ മതികളായ അന്വേഷണ ഉദ്യോഗസ്ഥർ. ഭരിക്കുന്നവരുടെ താൽപര്യത്തിന് അനുപൂരകമായി റിപ്പോർട്ട് നിർമിക്കാൻ കഴിയാത്ത, സർവ്വതന്ത്ര സ്വതന്ത്രമായ ഇന്റലിജൻസ് സംവിധാനം. കൂട്ടിലടച്ച തത്തയെന്ന് പരമോന്നത കോടതി പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ ഉള്ളം കൈയ്യിലുള്ള ഈ അന്വേഷണ ഏജൻസികളെക്കുറിച്ചാവില്ല. അത്തരമൊരു ചരിത്രവും റിപ്പോർട്ട് തയാറാക്കിയ ഏജൻസികൾക്കില്ല.

രാജ്യസുരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽ നാളെ സമാന നടപടി ഭരണകൂടത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിനെതിരെ ആവർത്തിക്കപ്പെടാം. ഏതെങ്കിലുമൊരു നടപടി രാജ്യസുരക്ഷയുടെ പരിധിയിൽ വരുന്നതാണോ അല്ലയോ എന്ന് എക്സിക്യൂട്ടീവിന് സ്വയം തീരുമാനമെടുക്കാം. നിയമ നിർവഹണ സംവിധാനം കൈക്കൊണ്ട തീരുമാനം രാജ്യസുരക്ഷാ വിഷയം ആയതിനാൽ നീതിന്യായ വ്യവസ്ഥയുടെ പരിശോധനയ്ക്ക് വിധേയപ്പെടേണ്ടതില്ല. നടപടിയുടെ ഏകപക്ഷീയ സ്വഭാവം, സ്വാഭാവിക നീതിയുടെ ലംഘനം എന്നിവ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാവില്ല. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന വിയോജിക്കാനുള്ള അവകാശം ഭരണകൂടത്താൽ സർവാത്മനാ സംരക്ഷിക്കപ്പെടുമെന്നും കരുതപ്പെടാവുന്ന കാലമാണിത്.

ഓവർ ദി ടോപ് (OTT) പ്ലാറ്റ്ഫോമുകൾക്ക് മേൽ കേന്ദ്ര വിവര - വാർത്താ വിനിമയ മന്ത്രാലയം നിയന്ത്രണ നിയമം കൊണ്ടുവന്നത് കഴിഞ്ഞ വർഷമാണ്. നിയമ നിർമ്മാണത്തിലേക്ക് വഴിവെച്ച ചില വിദേശ, തദ്ദേശ ഒ.ടി.ടി പരമ്പരകളുടെ ഉള്ളടക്കമാണ്. കുടുംബ പ്രേക്ഷകർക്ക് അനുയോജ്യമല്ലാത്തതും സമൂഹത്തിൽ ആഘാതം ഏൽപ്പിക്കുന്നതുമായ ഉള്ളടക്കം തുടങ്ങിയവയായിരുന്നു പരമ്പരകൾക്ക് എതിരായ ആക്ഷേപ കാരണം. ഇതിനൊപ്പം ചേർക്കാവുന്ന ന്യായമാണ് സാംസ്കാരിക അധിനിവേശം തടയാൻ നിയമ നിർമ്മാണം വേണമെന്ന് നിർദേശിക്കുന്നതിലൂടെ ഹൈക്കോടതിയും നൽകുന്നത്.

സമൂഹത്തിൽ മാറ്റം അനിവാര്യമാണ്. സാമൂഹ്യ മാറ്റത്തിന് (Social Change) നിരവധി മാർഗ്ഗങ്ങളും ആശയങ്ങളുമുണ്ട്. സാംസ്കാരിക വൈവിധ്യങ്ങളെ സ്വീകരിക്കുന്നത് സാമൂഹ്യ മാറ്റത്തിന്റെ ഭാഗമാണ്. സംസ്കൃതവത്കരണം, പാശ്ചാത്യവത്‌കരണം തുടങ്ങിയവ ഇതിന്റെ ഭാഗമാണെന്ന് ആധുനിക ഇന്ത്യയിലെ സാമൂഹ്യ മാറ്റം എന്ന പുസ്തകത്തിൽ എം. എൻ. ശ്രീനിവാസ് പറയുന്നുണ്ട്. സാങ്കേതിക വിദ്യ, നിയമം തുടങ്ങിയവ ഇത്തരം സാമൂഹ്യ മാറ്റങ്ങൾക്ക് ഉതകുന്ന ഉപകരണങ്ങളാണ്. എന്നാൽ വിധിന്യായത്തിന്റെ
അറുപത്തി ആറാം ഖണ്ഡികയിലൂടെ ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത് സാംസ്കാരിക മാറ്റം നിയമം വഴി എതിർക്കണം എന്നാണ്. ആർഷ ഭാരത സംസ്കാരം മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്ന് നിർബന്ധിക്കുന്ന രാഷ്ട്രീയത്തിന് മേൽക്കൈയുള്ള കാലത്ത്, ഭരണകൂട നടപടികളെ ഭരണഘടനാ അനുസൃതമായി പുനഃപരിശോധന (Judicial Review) നടത്താൻ അധികാരപ്പെട്ട നീതിനിർവഹണ സംവിധാനം തന്നെ പിന്തുണ പ്രഖ്യാപിക്കുന്നത് വഴി ശരിയായ സന്ദേശമല്ല സമൂഹത്തിന് നൽകുന്നത്.

തങ്ങളുടെ ഭാഗം കേൾക്കാനുള്ള സാമാന്യ നീതി (Natural Justice) കേന്ദ്ര സർക്കാർ നിഷേധിച്ചു എന്നാണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഉയർത്തുന്ന പ്രധാന ആക്ഷേപം. കാരണം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാരിന് തടസവാദമുണ്ട്. രഹസ്യ സ്വഭാവം ഉള്ളതിനാൽ പൊതുമധ്യത്തിൽ അറിയിക്കേണ്ടതില്ലെന്നാണ് നിലപാട്. പൊതുജനങ്ങളോട് കാരണം പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നടപടി നേരിടുന്ന മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിനെ എങ്കിലും അറിയിക്കാൻ തയാറാകണെമെന്ന് മീഡിയ വൺ ആവശ്യപ്പെടുന്നു. അതിലും നിയമ തടസങ്ങൾ ഉണ്ടാകാം. അങ്ങനെ എങ്കിൽ ഹർജിക്കാരെ കാരണം ബോധ്യപ്പെടുത്തേണ്ടതില്ല. ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതിയെ വസ്തുത അറിയിക്കുന്നതിൽ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമുഖത കാട്ടുന്നുണ്ട്. നിയമ നിർവഹണ സംവിധാനം അതിന്റെ വിവേചന അധികാരം ഉപയോഗിച്ച് സ്വന്തം നടപടികളെ സാധൂകരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പലവട്ടം ബോധ്യപ്പെട്ടതാണ്. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള റിപ്പോർട്ട് പൂർണമായും ഹൈക്കോടതി മുൻപാകെ ഹാജരാക്കിയിട്ടില്ല. പ്രസ്തുത റിപ്പോർട്ട് രാജ്യസുരക്ഷയെ ബാധിക്കുന്നത് ആണോയെന്ന് പൂർണ്ണമായും പരിശോധിക്കാൻ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി വിധികൾ അനുസരിച്ച് ഒരു രേഖ, സ്വകാര്യരേഖയാണോ (Private Document) പൊതുരേഖ (Public Document) ആണോ എന്ന് തീരുമാനിക്കേണ്ടത് നിയമ നിർവഹണ സംവിധാനമല്ല, നീതിന്യായ വ്യവസ്ഥയാണ്. രാജ്യസുരക്ഷാ വാദം ഉയർത്തിയാൽ ഭരണകൂടത്തിന് എപ്പോഴും സുഗമമായി കടന്നുപോകാമെന്ന് കരുതരുത് എന്നാണ് 2021ലെ മനോഹർലാൽ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, വ്യത്യസ്ത കാലഘട്ടങ്ങളിൽ നടന്ന ഭീകരാക്രമണ കേസുകളിൽ പ്രതികളെ അവർക്ക് എതിരായ കുറ്റം പരസ്യമായി അറിയിച്ചു, കുറ്റപത്രം നൽകി, വിചാരണ നടത്തി. പ്രതികൾക്ക് ലഭ്യമാകേണ്ട അവസാന നീതിയും ലഭ്യമാക്കി. അതിനായി അർധരാത്രി പരമോന്നത നീതിപീഠത്തിന്റെ വാതിലുകൾ മലർക്കെ തുറന്നു. അവസാന ഭാഗവും കേട്ട്, അന്തിമ നീതിയും ഉറപ്പാക്കിയാണ് മുംബൈ ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത്. രാജ്യസുരക്ഷ ആയിരുന്നു പ്രസ്തുത കേസിലും പ്രധാന പരിഗണനാ വിഷയം. അത്തരമൊരു നീതിയുടെ ഒരുഭാഗം പോലും ലഭിച്ചില്ല എന്നുമാണ് മീഡിയ വൺ നിരോധനത്തിനെതിരെ ഉയരുന്ന നിലപാട് ഉറപ്പിക്കുന്ന കാരണങ്ങളിൽ ഒന്ന്.

പത്ത് വർഷം പൂർത്തിയായ സാഹചര്യത്തിൽ ലൈസൻസ് പുതുക്കി നൽകാൻ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ട് എതിരായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരാക്ഷേപ പത്രം നൽകിയില്ല. തുടർന്ന് മീഡിയ വൺ ന്യൂസ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഈ നടപടി ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, എഡിറ്റർ, ജീവനക്കാർ, കേരള പത്ര പ്രവർത്തക യൂണിയൻ എന്നിവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.


Comments