ദക്ഷിണേന്ത്യ ബി.ജെ.പിയെ സംബന്ധിച്ച് ഒരു വലിയ പ്രതിപക്ഷമാണെങ്കിൽ, ആ പ്രതിപക്ഷത്തെ രൂപപ്പെടുത്തിയ പ്രധാന നേതാക്കളിൽ ഒരാൾ സിദ്ധരാമയ്യയായിരിക്കും. കർണാടകയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ആ പ്രതിപക്ഷത്തെ കൊണ്ടുവന്നത് സിദ്ധരാമയ്യയല്ലാതെ മറ്റൊരാളല്ല. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ്, കർണാടകത്തിലെ കോൺഗ്രസിന്റെ ജയം മാത്രമായിരുന്നില്ല. മറിച്ച്, ദക്ഷിണേന്ത്യൻ പ്രതിപക്ഷത്തിന്റെ കൂടി ജയമായിരുന്നു.
സാമുദായിക വോട്ടുബാങ്കുകളുടെ ധ്രുവീകരണത്തിലൂടെ അധികാരത്തിൽ കയറിപ്പറ്റുക എന്ന ബി.ജെ.പി തന്ത്രത്തെ സെക്യുലറും ജനകീയവുമായ രാഷ്ട്രീയം മുന്നിൽവച്ച് സിദ്ധരാമയ്യയുടെ നേതൃത്വം നേടിയ ജയം. വൊക്കലിഗ, ലിംഗായത്ത് സമുദായക്കാർക്ക് സംവരണം നൽകുക, അതിന്റെ മറവിൽ മുസ്ലിം സംവരണം ഒ.ബി.സി പട്ടികയിൽ നിന്ന് എടുത്തുകളയുക തുടങ്ങിയ ധ്രുവീകരണസൂത്രങ്ങളുടെ നിരാകരണം പ്രായോഗിക രാഷ്ട്രീയത്തിലൂടെ തന്നെ കർണാടക സാധ്യമാക്കി.
തമിഴ്‌നാട്ടിലേതുപോലെ സാംസ്‌കാരികവും ആശയപരവും ബൗദ്ധികവുമായി വൈദിക ബ്രാഹ്മണിസത്തിനെതിരായ ദ്രവീഡിയൻ പൊളിറ്റിക്‌സിന് മുഖ്യധാരാ രാഷ്ട്രീയമായി മാറാൻ കഴിയാത്ത സംസ്ഥാനം കൂടിയാണ് കർണാടക. അതുകൊണ്ടുതന്നെ, തമിഴ്‌നാട്ടിൽനിന്ന് ഭിന്നമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് നിലനിൽക്കാൻ കഴിയുന്ന മണ്ണുകൂടിയാണ് കർണാടക.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കർണാടക ജയത്തെ ഒരു രാഷ്ട്രീയ അപഭ്രംശമാക്കി മാറ്റി എന്നതാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിന്റെ പ്രാധാന്യം. ഈ കാലത്ത്, (അദ്ദേഹത്തിന്റെ) സ്വന്തം പാർട്ടിയായ കോൺഗ്രസ് പരാജയപ്പെട്ടുപോകുന്ന ചില ഇടങ്ങളെ വിജയകരമായി പൂരിപ്പിക്കുന്ന ജനകീയ നേതൃത്വം കൂടിയാകുന്നു അത്.
ബി.ജെ.പിയെ സംബന്ധിച്ച് കർണാടക ശക്തമായ വേരുള്ള സംസ്ഥാനമല്ല. തൊണ്ണൂറുകളിൽ, ദേശീയതലത്തിൽ തന്നെ പാർട്ടി ശക്തിപ്പെട്ട സാഹചര്യത്തിലാണ് കർണാടകയിലും ബി.ജെ.പി സാന്നിധ്യമറിയിക്കുന്നത്. 1995-ൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്കുതള്ളി, 40 സീറ്റുമായി ബി.ജെ.പി രണ്ടാമതായി. ബി.ജെ.പിയേക്കാൾ പത്തു ശതമാനം വോട്ട് അധികം കിട്ടിയിട്ടും കോൺഗ്രസിന് 34 സീറ്റേ നേടാനായുള്ളൂ.
ജനതാദളിലെ പിളർപ്പിനെതുടർന്ന് ജെ.ഡി-യുവുമായി ചേർന്ന് മത്സരിച്ചപ്പോഴാണ്, 1999-ൽ ബി.ജെ.പിക്ക് 20 ശതമാനം വോട്ട് കിട്ടുന്നത്. 2004-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി, 79 സീറ്റോടെ. 2008-ലാണ്, ആദ്യമായി ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയത്. 110 സീറ്റോടെ. ആറ് സ്വതന്ത്രരുടെ പിന്തുണയോടെ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി.
ആഭ്യന്തര വൈരുധ്യങ്ങളാൽ ഈ ജയം അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുടരാനായില്ല. 2013-ൽ ആദ്യ സിദ്ധരാമയ്യ സർക്കാറുണ്ടാകുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. 'ഓപ്പറേഷൻ താമര' എന്ന അവിശുദ്ധ അട്ടിമറിയിലൂടെ ഒരു വർഷത്തിനുശേഷം ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചെങ്കിലും അഞ്ചുവർഷത്തിനുശേഷം, 2023-ൽ ജനം ആ തന്ത്രത്തെ തോൽപ്പിച്ചുവിട്ടു. കർണാടകയിൽ ബി.ജെ.പിയെ തകർത്തുവിട്ട ഈ രാഷ്ട്രീയനീക്കത്തിന് ചുക്കാൻ പിടിച്ചത് സിദ്ധരാമയ്യയായിരുന്നു. ദക്ഷിണേന്ത്യയെ ബി.ജെ.പി മുക്തമാക്കിയ ഈ ജയം സമീപകാലത്ത് ദേശീയതലത്തിൽ തന്നെ കോൺഗ്രസ് സാധ്യമാക്കിയ ഏറ്റവും പ്രധാന രാഷ്ട്രീയ നീക്കം കൂടിയായിരുന്നു.
യഥാർഥത്തിൽ, ഇന്ദിരാഗാന്ധിയുടെ കോൺഗ്രസിനെതിരെ എഴുപതുകൾ രൂപപ്പെടുത്തിയെടുത്ത സോഷ്യലിസ്റ്റുകളുടെ മുൻകൈയിലുള്ള പ്രതിപക്ഷത്തിലാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയത്തിന്റെ അടിവേരുള്ളത്. എം.ഡി. നഞ്ചുണ്ടസ്വാമി എന്ന കർഷക നേതാവിന്റെയും ലോ കോളേജ് പ്രൊഫസറുടെയും ക്ലാസുകളുടെ വിദ്യാർഥിയായിരുന്നു, നിയമം പഠിക്കുന്ന കാലത്ത് സിദ്ധരാമയ്യ. 'എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കാരണം നഞ്ചുണ്ടസ്വാമിയാണ്' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സോഷ്യലിസ്റ്റ് പൊളിറ്റിക്‌സിലും സോഷ്യലിസ്റ്റ് ഇക്കോണമിയിലും ആ വിദ്യാർഥി വ്യക്തത നേടുന്നത് നഞ്ചുണ്ടസ്വാമിയിൽനിന്നാണ്. അദ്ദേഹം സ്ഥാപിച്ച സോഷ്യലിസ്റ്റ് യൂത്ത് ഫോറത്തിനുകീഴിലുള്ള സമാജ്‌വാദി യുവജനസഭയായിരുന്നു സിദ്ധരാമയ്യയുടെ ആദ്യ രാഷ്ട്രീയ കളരി. പിന്നിട്, ജില്ലാ കോടതികളിൽ കർഷകരുടെ കേസുകൾ വാദിച്ചുനടന്ന സിദ്ധരാമയ്യ എന്ന അഭിഭാഷകനോട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ ആവശ്യപ്പെട്ടതും നഞ്ചുണ്ട സ്വാമി തന്നെ.
സിദ്ധരാമയ്യയുടെ സോഷ്യലിസ്റ്റ് അടിത്തറയും ഗ്രാമീണ- കാർഷിക ജനതയുടെ പ്രാതിനിധ്യവും കർണാടകയിൽ കോൺഗ്രസിന് ജനകീയത വീണ്ടെടുക്കുന്നതിൽ ഏറെ പ്രധാനമായിരുന്നു.
കർണാടകയിൽ അതിനകം രൂപപ്പെട്ട ജനതാപരിവാറാണ് തന്റെ രാഷ്ട്രീയ ഇടമെന്ന് സിദ്ധരാമയ്യ തിരിച്ചറിഞ്ഞു. 1983-ൽ അദ്ദേഹം ജനതാപാർട്ടിയിൽ ചേർന്നു. പിന്നീടുള്ള കർണാടകയുടെ അധികാര രാഷ്ട്രീയം സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവചരിത്രം കൂടിയാണ്. 1983-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക്. 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽനിന്ന് ജനതാപാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.
1988-ൽ ജനതാപാർട്ടി പിളർന്നപ്പോൾ ജനതാദളിലെത്തി. രാമകൃഷ്ണ ഹെഗ്‌ഡേ, എസ്.ആർ. ബൊമ്മൈ, ജെ.എച്ച്. പട്ടേൽ എന്നിവരുടെ മന്ത്രിസഭകളിൽ മന്ത്രി. 1992-ൽ ജനതാദൾ സെക്രട്ടറി ജനറൽ. 1994-ൽ എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. വിവിധ മന്ത്രിസഭകളിൽ ധനകാര്യമന്ത്രിയായി 13 സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചു. 1999-ൽ ജനതാദൾ പിളർന്നപ്പോൾ സിദ്ധരാമയ്യ ദേവഗൗഡ നയിക്കുന്ന ജെ.ഡി- എസിന്റെ അധ്യക്ഷനായി. തുടർന്ന് ജെ.ഡി- എസ്- കോൺഗ്രസ് സഖ്യ സർക്കാറിൽ ഉപമുഖ്യമന്ത്രി. ദേവഗൗഡയുമായുള്ള ഭിന്നതയെതുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സിദ്ധരാമയ്യ ഒരു പ്രാദേശിക സംഘടനയുമായി രംഗത്തെത്തിയെങ്കിലും വൈകാതെ, 2006-ൽ കോൺഗ്രസിലെത്തി.
സിദ്ധരാമയ്യയുടെ സോഷ്യലിസ്റ്റ് അടിത്തറയും ഗ്രാമീണ- കാർഷിക ജനതയുടെ പ്രാതിനിധ്യവും കർണാടകയിൽ കോൺഗ്രസിന് ജനകീയത വീണ്ടെടുക്കുന്നതിൽ ഏറെ പ്രധാനമായിരുന്നു. അതോടൊപ്പം, സംസ്ഥാനത്ത് ബി.ജെ.പിയും ആർ.എസ്.എസും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ജാതിബ്രാഹ്മണ്യത്തിന്റെ സമവാക്യങ്ങളെ നിർവീര്യമാക്കാനുള്ള രാഷ്ട്രീയവിദ്യ കൂടി സിദ്ധരാമയ്യ പരസ്യമായി തന്നെ പയറ്റി. അത് ‘ഹിന്ദു വിരുദ്ധ പാർട്ടി’യായി കോൺഗ്രസിനെ പ്രതിഷ്ഠിക്കുന്നതിലേക്ക് ബി.ജെ.പിയെ തുണച്ചുവെങ്കിലും സിദ്ധരാമയ്യയുടെ സെക്യുലർ അടിത്തറ ഈയൊരു വർഗീയ വിഭജനത്തെ ചെറുക്കാൻ തക്ക ബലമുള്ളതായിരുന്നു.
ഒരു ബൈനറി പൊളിറ്റിക്‌സ് സൃഷ്ടിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതിനുപകരം, ഒരുതരം ഇൻക്ലൂസീവ് സെക്യുലറിസത്തെ അതിസൂക്ഷ്മമായി പിന്തുടരുകയാണ് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സിദ്ധരാമയ്യ ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയിൽ, മുഖ്യമന്ത്രിയായ സിദ്ധരാമയ്യ വിജയ്പുരിയിലെ ദാബേരി ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിൽ കയറാൻ വിസമ്മതിച്ചത് വർഗീയ കാമ്പയിനായി ബി.ജെ.പി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ സമയത്തും സിദ്ധരാമയ്യയുടെ 'ഹിന്ദു വിരുദ്ധത'ക്ക് ഒരു തെളിവ് ഹാജരാക്കി: 'ന്യൂനപക്ഷങ്ങൾക്ക് 10,000 കോടി രൂപ അനുവദിച്ച സർക്കാർ രാമക്ഷേത്രത്തിന് ഒരു രൂപയാണ് സംഭാവന നൽകിയത്'. 'കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണ്, ബി.ജെ.പിയുടെ രാമനെയല്ല' എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ഹിന്ദവും ഹിന്ദുത്വയും പരസ്പര വിരുദ്ധമായ ആശയങ്ങളാണ് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്, മുഖ്യമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം. ക്ഷേത്രദർശനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടും വിമുഖത പുലർത്തുമ്പോഴും അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനദിവസം മഹാദേവപുരയിൽ മുഖ്യമന്ത്രി ഒരു രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ രാമക്ഷേത്രങ്ങളുടെ നവീകരണത്തിന് 100 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. ‘കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണ്, ബി.ജെ.പിയുടെ രാമനെയല്ല’ എന്നും സിദ്ധരാമയ്യ പറഞ്ഞു.
ഒരു ബൈനറി പൊളിറ്റിക്‌സ് സൃഷ്ടിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതിനുപകരം, ഒരുതരം ഇൻക്ലൂസീവ് സെക്യുലറിസത്തെ അതിസൂക്ഷ്മമായി പിന്തുടരുകയാണ് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സിദ്ധരാമയ്യ ചെയ്യുന്നത്, കോൺഗ്രസിനെതിരെ ആരോപിക്കപ്പെടുന്ന മൃദു ഹിന്ദുത്വയുടെ കെണിയിൽ വീണുപോകാത്ത രാഷ്ട്രീയ സൂക്ഷ്മത പുലർത്തിക്കൊണ്ടുതന്നെ. ഹിജാബ് നിരോധനത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഇതിനുദാഹരണമാണ്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത്. മുസ്‌ലിം സമുദായത്തെ മുൻനിർത്തിയുള്ള അപരവൽക്കരണമായിരുന്നു ഇതിന്റെ ലക്ഷ്യം. അത് വലിയ പ്രതിഷേധമുണ്ടാക്കി. നിരോധനത്തിനെതിരെ വിദ്യാർഥികൾ കോടതിയെ സമീപിച്ചപ്പോൾ കർണാടക ഹൈകോടതി നിരോധനം ശരിവക്കുകയായിരുന്നു.
സുപ്രീംകോടതിയിൽനിന്നുണ്ടായത് ഭിന്നവിധിയും. ഭരണഘടന മുന്നോട്ടുവക്കുന്ന മതേതരത്വത്തിന്റെ അന്തസ്സത്തയിലാണ് സിദ്ധരാമയ്യ, മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഈ വിഷയത്തെ സമീപിച്ചത്: ''കർണാടകയിൽ ഹിജാബ് നിരോധനം നിലവിലില്ല, സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് എവിടേക്കും പോകാം, എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ എന്തിന് നിങ്ങളെ തടസപ്പെടുത്തണം' എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു.
മാത്രമല്ല, ദേവഗൗഡക്കെതിരായ കലാപസമയത്ത് സിദ്ധരാമയ്യ രൂപപ്പെടുത്തിയെടുത്ത 'അഹിന്ദ' പൊളിറ്റിക്‌സിനെ- അസോസിയേഷൻ ഓഫ് മൈനോരിറ്റീസ്, ബാക്ക്‌വേഡ് ക്ലാസസ് ആന്റ് ദലിത്‌സ്- ബി.ജെ.പിയുടെ 'ഇൻക്ലൂസീവ് ഹിന്ദുത്വ'ക്കെതിരായി പ്രയോഗിക്കാനും സിദ്ധരാമയ്യക്കായി. അങ്ങനെ, മൃദു ഹിന്ദുത്വയിൽക്കൂടിയല്ലാതെയും ബി.ജെ.പിയുടെ ആധിപത്യകാലത്ത് കോൺഗ്രസിന് ഒരു സംസ്ഥാനത്ത് അധികാരത്തിലേറാനാകുമെന്ന് കാണിച്ചുകൊടുക്കാനായി.
2013, 2023 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രധാന വിജയ ഫാക്ടർ 'അഹിന്ദ' വോട്ടുബാങ്കായിരുന്നു. ഇലക്ടറൽ പൊളിറ്റിക്‌സിലെ ഒരു വോട്ടുബാങ്കായി മാത്രം കാണാതെ, സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്താനായി എന്നതാണ്, കർണാടകയിലെ ജാതി രാഷ്ട്രീയത്തിൽ വഴിത്തിരിവായത്. വൊക്കലിഗ, ലിംഗായത് സാമുദായിക വോട്ടുബാങ്കുകളുടെ സമവാക്യങ്ങളിൽ കുരുങ്ങിക്കിടന്ന സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തെ സാമൂഹിക നീതിയുടെ സമവാക്യവുമായി കൂട്ടിയിണക്കുകയായിരുന്നു 'അഹിന്ദ'യിലൂടെ സിദ്ധരാമയ്യ.
തകർന്നടിഞ്ഞ കോൺഗ്രസിനെ കർണാടകയിൽ സംഘടനാപരമായി ഉയിർത്തെഴുന്നേൽപ്പിച്ചത് ഡി.കെ. ശിവകുമാറാണ് എന്നു പറയാം. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയശിൽപിയും ഡി.കെ ആണ് എന്നു പറയാം. എന്നാൽ, സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതാണ് നല്ലത് എന്ന് കോൺഗ്രസിന്റെ ദേശീയനേതൃത്വം തീരുമാനിച്ചു. ബി.ജെ.പിക്കെതിരെ സംഘടനാപരമായ ചെറുത്തുനിൽപ്പിനേക്കാൾ മുൻതൂക്കം ആശയപരമായ ചെറുത്തുനിൽപ്പിനാണ് നൽകേണ്ടത് എന്ന ബോധ്യം ഈ തീരുമാനത്തിനുപുറകിലുണ്ടായിരുന്നു. സിദ്ധരാമയ്യയിലൂടെ കോൺഗ്രസിന്റെ ദേശീയനേതൃത്വം ഒരു തിരിച്ചറിവിലേക്ക് നയിക്കപ്പെടുകയായിരുന്നുവെന്നും പറയാം.
സിദ്ധരാമയ്യ യൂണിയൻ സർക്കാറിനെതിരായ ഒരു പ്രതിപക്ഷം കൂടിയാണെന്ന് തെളിയിച്ചു, 2024 ഫെബ്രുവരി ഏഴിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരം. നരേന്ദ്ര മോദി സർക്കാർ സംസ്ഥാന സർക്കാറുകൾക്കെതിരെ നടത്തുന്ന വിവേചനപൂർണമായ സാമ്പത്തിക ആക്രമണങ്ങൾക്കെതിരായിരുന്നു കർണാടകയുടെ പ്രത്യക്ഷ സമരം.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന സമരം, ഫെഡറലിസം എന്ന ഭരണഘടനാപരമായ അവകാശത്തെക്കുറിച്ച് യൂണിയൻ സർക്കാറിനെ ഓർമിപ്പിച്ചു. 'എന്റെ സംസ്ഥാനം എന്റെ നികുതി' എന്നായിരുന്നു ഈ സമരത്തിന്റെ മുദ്രാവാക്യം. കേന്ദ്ര സർക്കാറിന് കർണാടക 100 രൂപ വരുമാനമായി നൽകുമ്പോൾ കേന്ദ്രം തിരിച്ചുകൊടുക്കുന്നത് 13 രൂപ മാത്രം. നികുതിപിരിവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കർണാടകം കേന്ദ്രത്തിന് നികുതിയായി നൽകുന്നത് 4.30 ലക്ഷം കോടി രൂപയാണ്. കേന്ദ്ര അവഗണന മൂലം സംസ്ഥാനത്തിനുളള നഷ്ടം 62,098 കോടി രൂപയാണ്. ഒരു സംസ്ഥാന സർക്കാർ യൂണിയൻ സർക്കാറിനെതിരായി സംഘടിപ്പിച്ച ആദ്യ പ്രത്യക്ഷ സമരം കൂടിയായിരുന്നു ഇത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നേതാക്കൾ കൂടി ചേർന്നതോടെ ഇതൊരു ദക്ഷിണേന്ത്യൻ പ്രതിപക്ഷ സമരമായി മാറി.
ഒരേസമയം ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ആശയപരമായ പോരാട്ടം നടത്തുന്ന സിദ്ധരാമയ്യ, മറുവശത്ത്, ഫെഡറലിസത്തിനെതിരായ മോദി സർക്കാറിന്റെ അടിച്ചമർത്തലുകളെ സ്വന്തം ഭരണകൂടത്തെ ഉപയോഗിച്ചുതന്നെ പ്രതിരോധിക്കുന്നു. ആ നിലയ്ക്ക് ഇരുതലമൂർച്ചയുള്ള ഒരു പ്രതിപക്ഷം കൂടിയാണ് സിദ്ധരാമയ്യ എന്നു പറയാം.