SIR എന്ന ‘ഡേറ്റാ ക്ലീനിങ്’;
ആരായിരുന്നു ടാർഗറ്റ്?

SIR എന്ന വോട്ടർപട്ടിക പുതുക്കലിലൂടെ വെട്ടിമാറ്റപ്പെട്ട 13 കോടിയിലേറെ മനുഷ്യരുടെ കണക്കെടുത്താൽ, ഇത് ചില പ്രത്യേക വിഭാഗം മനുഷ്യർക്കെതിരായ മോദി ഭരണകൂടത്തിന്റെ 'ഘടനാപരമായ അക്രമം' ആണെന്ന് മനസ്സിലാകും. ഡിജിറ്റൽ അൽഗോരിതം ടൂളാക്കി നടത്തിയ ആ പുറത്താക്കൽ പ്രക്രിയ എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കുന്നു, ബാബുജി കെ.ആർ. വൈക്കം.

മനുഷ്യനെ കേവലം അക്കങ്ങളും ഡാറ്റയുമായി മാത്രം ചുരുക്കിക്കാണുന്ന ആധുനിക മുതലാളിത്ത-വലതുപക്ഷ ഭരണകൂടങ്ങളുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് സാങ്കേതികവിദ്യ. ജെയിംസ് സി. സ്കോട്ടിനെപ്പോലുള്ള ചിന്തകർ 'ഭരണകൂടത്തിന്റെ നോട്ടം' (Seeing Like a State) എന്ന ആശയത്തിലൂടെ വ്യക്തമാക്കുന്നതുപോലെ, ഭരണകൂടം പൗരരെ എക്കാലത്തും തങ്ങൾക്ക് വായിക്കാൻ കഴിയുന്ന, നിയന്ത്രിക്കാൻ കഴിയുന്ന ലളിതമായ കള്ളികളിലേക്ക് ഒതുക്കാൻ ശ്രമിക്കാറുണ്ട്.

ഈ ഒതുക്കൽ പ്രക്രിയയിൽ എക്കാലത്തും പുറന്തള്ളപ്പെടുന്നത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരാണ്; ദലിതർ, ആദിവാസികൾ, ഭൂരഹിതർ, കുടിയേറ്റ തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ എന്നിവർ. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (Special Intensive Revision - SIR) എന്ന വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെ വെറുമൊരു ഭരണപരമായ പരിഷ്കാരമായല്ല; മറിച്ച് ഇന്ത്യയിലെ ദരിദ്ര- തൊഴിലാളി വർഗ്ഗത്തിനുനേരെ ഭരണകൂടം പ്രയോഗിക്കുന്ന 'ഘടനാപരമായ അക്രമം' ആയിട്ടാണ് നോക്കിക്കാണേണ്ടത്.

ഒരു അൽഗോരിതത്തിന് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയില്ല.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശത്തെ, ചില സങ്കീർണ്ണമായ അൽഗോരിതങ്ങൾക്കും കടലാസ് രേഖകൾക്കും അടിയറവ് വെക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. 13 കോടിയിലധികം വരുന്ന പൗരരെ വോട്ടർപട്ടികയിൽ നിന്ന് താൽക്കാലികമായെങ്കിലും 'കാണാതായവരും' 'സ്ഥലം മാറിപ്പോയവരുമായി' മുദ്രകുത്തിയതിലൂടെ, ഒരു വലിയ ജനവിഭാഗത്തെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് ഭരണകൂടം വ്യവസ്ഥാപിതമായി അദൃശ്യരാക്കുകയാണ് ചെയ്തത്.

ഡിജിറ്റൽ അൽഗോരിതങ്ങൾ എങ്ങനെയാണ് പൗരരെ പുറത്താക്കുന്നത്?

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ SIR പ്രക്രിയ പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഇതിൽ ഒന്നാമത്തേത് പൂർണ്ണമായും ഡിജിറ്റൽ അധിഷ്ഠിതമായ പരിശോധനയായിരുന്നു. ECINet അല്ലെങ്കിൽ Electoral Roll Officers Net (ERONEt) എന്ന് വിളിക്കപ്പെടുന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെയർ കോടിക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് പരിശോധിച്ചു. ഇവിടെയാണ് നരവംശശാസ്ത്രപരമായ ഏറ്റവും വലിയ പ്രതിസന്ധി ആരംഭിക്കുന്നത്.

ഒരു അൽഗോരിതത്തിന് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയില്ല. പേരുകളിലെ ചെറിയ അക്ഷരത്തെറ്റുകൾ, കുടുംബാംഗങ്ങളുടെ പ്രായത്തിലുള്ള യുക്തിസഹമല്ലാത്ത വ്യത്യാസങ്ങൾ (Logical Discrepancies) എന്നിവ കണ്ടെത്തി സോഫ്റ്റ്‌വെയർ ലക്ഷക്കണക്കിന് ആളുകളെ പട്ടികയിൽ നിന്ന് മാറ്റിനിർത്തി.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെ വെറുമൊരു ഭരണപരമായ പരിഷ്കാരമായല്ല; മറിച്ച് ഇന്ത്യയിലെ ദരിദ്ര- തൊഴിലാളി വർഗ്ഗത്തിനുനേരെ ഭരണകൂടം പ്രയോഗിക്കുന്ന 'ഘടനാപരമായ അക്രമം' ആയിട്ടാണ് നോക്കിക്കാണേണ്ടത്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയെ വെറുമൊരു ഭരണപരമായ പരിഷ്കാരമായല്ല; മറിച്ച് ഇന്ത്യയിലെ ദരിദ്ര- തൊഴിലാളി വർഗ്ഗത്തിനുനേരെ ഭരണകൂടം പ്രയോഗിക്കുന്ന 'ഘടനാപരമായ അക്രമം' ആയിട്ടാണ് നോക്കിക്കാണേണ്ടത്.

ഒരു ഗ്രാമീണ കർഷകനോ തൊഴിലാളിയോ തന്റെ ജനനത്തീയതി ഔദ്യോഗിക രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകണമെന്നില്ല. അച്ഛനും മകനും തമ്മിലുള്ള പ്രായവ്യത്യാസം രേഖകളിൽ ചിലപ്പോൾ പൊരുത്തക്കേടുകൾ കാണിച്ചേക്കാം. ഇത് ഇന്ത്യയിലെ സാമൂഹിക യാഥാർത്ഥ്യമാണ്. എന്നാൽ, ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത നിർജീവമായ ഒരു സോഫ്റ്റ്‌വെയർ, കോടിക്കണക്കിന് മനുഷ്യരുടെ പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കി. ഫീൽഡ് തലത്തിലുള്ള വിവരശേഖരണവും, കരട് പട്ടിക പ്രസിദ്ധീകരണവും ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.

'ലെഗസി മാപ്പിംഗ്' എന്ന
നരവംശശാസ്ത്ര ദുരന്തം

SIR പ്രക്രിയയിലെ ഏറ്റവും ക്രൂരമായ നിബന്ധനകളിൽ ഒന്നായിരുന്നു 20 വർഷം മുൻപത്തെ (2002-03 കാലത്തെ) പഴയ റെക്കോർഡുകളുമായി നിലവിലെ വോട്ടർമാരുടെ വിവരങ്ങൾ ബന്ധിപ്പിക്കുക എന്നത്. നരവംശശാസ്ത്രപരമായി നോക്കുമ്പോൾ, ഇന്ത്യയിലെ ഭൂവുടമകൾക്കും സവർണ്ണ വിഭാഗങ്ങൾക്കും തങ്ങളുടെ തലമുറകളുടെ രേഖകൾ സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞിട്ടുണ്ടാകാം. എന്നാൽ, തലമുറകളായി സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത, കൂലിപ്പണിക്കായി നാടുകൾ തോറും അലയുന്ന ഒരു കുടിയേറ്റ തൊഴിലാളിക്ക് എങ്ങനെയാണ് തന്റെ മാതാപിതാക്കളുടെ ഇരുപത് വർഷം പഴക്കമുള്ള വോട്ടർ ഐഡി വിവരങ്ങൾ ഡിജിറ്റലായി സമർപ്പിക്കാൻ കഴിയുക?

പതിറ്റാണ്ടുകളായി വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു പൗരനെക്കൊണ്ട് "ഞാൻ ആദ്യമായാണ് വോട്ട് ചെയ്യുന്നത്" എന്ന് നിർബന്ധിപ്പിച്ച് ഒപ്പിടുവിക്കുന്നത് ഭാവിയിൽ അവർക്കെതിരെ നിയമനടപടികൾക്ക് വരെ കാരണമായേക്കാവുന്ന വലിയ കെണിയാണ്.

പുതിയതായി വോട്ട് ചേർക്കാൻ വരുന്ന ഒരു യുവാവ് തന്റെ മാതാപിതാക്കളുടെ പഴയ വോട്ട് വിവരങ്ങൾ കൃത്യമായി മാപ്പ് ചെയ്തില്ലെങ്കിൽ അയാൾ 'അൺമാപ്പ്ഡ് വോട്ടർ' (Unmapped Voter) ആയി മാറുന്നു. ദാരിദ്ര്യം കൊണ്ടും ജീവിതാവസ്ഥകൾ കൊണ്ടും നിരന്തരം പലായനം ചെയ്യുന്ന മനുഷ്യരോട്, അവരുടെ ചരിത്രം കടലാസുകളിൽ തെളിയിക്കാൻ ആവശ്യപ്പെടുന്നത് 'എപ്പിസ്റ്റമിക് വയലൻസ്' അഥവാ ജ്ഞാനശാസ്ത്രപരമായ അക്രമമാണ്. ഈ ഡിജിറ്റൽ വിഭജനം ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങളെ ജനാധിപത്യത്തിന്റെ പടിവാതിൽക്കൽവെച്ച് തടഞ്ഞുനിർത്തി. ഇതുകൊണ്ടാണ് പ്രതിപക്ഷകക്ഷികൾ ഇതിനെ ഒരു 'ബാക്ക്‌ഡോർ NRC' ആയി വിശേഷിപ്പിക്കുന്നത്.

ഒഴിവാക്കലിന്റെ ആയുധങ്ങളായി
മാറുന്ന ഫോമുകൾ

ഈ സാങ്കേതികപ്രക്രിയയെ ഏറ്റവും അപകടകരമാക്കിയത് അതിനായി ഉപയോഗിച്ച ഫോമുകളാണ്, പ്രത്യേകിച്ച് Form 6, Form 7 എന്നിവ. ഒരു വ്യക്തിയെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ ആക്ഷേപം ഉന്നയിക്കുന്ന Form 7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നത് വലിയ ജനാധിപത്യ പ്രശ്നമാണ്. വ്യാജ ഒപ്പുപയോഗിച്ചും അജ്ഞാതരുടെ പേരിലും ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റാൻ Form 7 ആയുധമാക്കപ്പെട്ടു.

ഇതിനേക്കാൾ വലിയ നിയമവിരുദ്ധ നടപടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, വോട്ട് നഷ്ടപ്പെട്ടവരോട് വീണ്ടും ' Form 6' വഴി അപേക്ഷിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടതാണ്. ഒരു പുതിയ വോട്ടർ ആദ്യമായി പേര് ചേർക്കാൻ നൽകുന്ന സത്യപ്രസ്താവനയാണ് Form 6. പതിറ്റാണ്ടുകളായി വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു പൗരനെക്കൊണ്ട് "ഞാൻ ആദ്യമായാണ് വോട്ട് ചെയ്യുന്നത്" എന്ന് നിർബന്ധിപ്പിച്ച് ഒപ്പിടുവിക്കുന്നത് ഭാവിയിൽ അവർക്കെതിരെ നിയമനടപടികൾക്ക് വരെ കാരണമായേക്കാവുന്ന വലിയ കെണിയാണ് (Legal Trap).

ഇതുമായി ബന്ധപ്പെട്ട് 2026 ഒക്ടോബർ 12-ലെ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം ശ്രദ്ധേയമാണ്. Form 6-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ മാറ്റങ്ങളെയോ അതിലെ സത്യപ്രസ്താവനകളെയോ കോടതി ഇതുവരെ 'അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല' (Neither approved nor disapproved) എന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയുടെ ബെഞ്ച് വ്യക്തമാക്കിയത്, സമരക്കാരുടെ വാദങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുന്ന ഒന്നാണ്.

SIR പ്രക്രിയയിലെ ഏറ്റവും ക്രൂരമായ നിബന്ധനകളിൽ ഒന്നായിരുന്നു 20 വർഷം മുൻപത്തെ (2002-03 കാലത്തെ) പഴയ റെക്കോർഡുകളുമായി നിലവിലെ വോട്ടർമാരുടെ വിവരങ്ങൾ ബന്ധിപ്പിക്കുക എന്നത്.
SIR പ്രക്രിയയിലെ ഏറ്റവും ക്രൂരമായ നിബന്ധനകളിൽ ഒന്നായിരുന്നു 20 വർഷം മുൻപത്തെ (2002-03 കാലത്തെ) പഴയ റെക്കോർഡുകളുമായി നിലവിലെ വോട്ടർമാരുടെ വിവരങ്ങൾ ബന്ധിപ്പിക്കുക എന്നത്.

ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയും ആഭ്യന്തര ഭിന്നതകളും

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനങ്ങളായിരുന്നു. എന്നാൽ, SIR വിവാദം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന ആശങ്കകൾ ശക്തമാക്കി. മൂന്നംഗ കമ്മീഷനിലെ രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ നടപടികൾക്കെതിരെ 14 തവണയാണ് വിയോജനക്കുറിപ്പുകൾ (Dissent notes) നൽകിയത്. ERONEt പോലെയുള്ള കേന്ദ്രീകൃത സോഫ്റ്റ്‌വെയറുകൾ വഴി ഡാറ്റാബേസ് പൂർണ്ണമായും ദൽഹിയിലേക്ക് മാറ്റുന്നതിലൂടെ സംസ്ഥാന ഉദ്യോഗസ്ഥരുടെ അധികാരം കവരുകയാണെന്നും, ഇത് വോട്ടർമാരെ അനാവശ്യമായി പുറത്താക്കാൻ കാരണമാകുമെന്നും കമ്മീഷണർമാർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആഭ്യന്തര ഭിന്നതകൾ വ്യക്തമാക്കുന്നത്, വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ വലിയ ഭരണപരമായ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്നാണ്.

സ്ഥാപനവൽക്കരിക്കപ്പെട്ട
അട്ടിമറികളും
കേരള- ബംഗാൾ അനുഭവങ്ങളും

ഇലക്ഷൻ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ തകർച്ച പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് നിയമനിർമ്മാണങ്ങളിലൂടെ ഭരണകൂടം ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും അടങ്ങുന്ന സമിതിക്ക് രൂപം നൽകിയതിലൂടെ കമ്മീഷൻ പൂർണ്ണമായും സർക്കാരിന്റെ 'എക്സ്റ്റൻഷൻ' ആയി മാറി.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഇന്ന് ജനങ്ങൾ വോട്ട് ചെയ്ത് തീരുമാനിക്കുന്ന ഒന്നല്ല, മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസരിച്ച് ഭരണകൂടം തീരുമാനിക്കുന്ന പ്രക്രിയയായി മാറിക്കഴിഞ്ഞു.

ഇതിന്റെ ഏറ്റവും ഭീകരവശം, പൗരരോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിലുണ്ടായ മാറ്റമാണ്. ക്രിമിനൽ നിയമശാസ്ത്രത്തിൽ ഒരു വ്യക്തി കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെടുന്നതുവരെ അവർ നിരപരാധിയാണ്. എന്നാൽ SIR പ്രക്രിയയിലൂടെ ഭരണകൂടം ചെയ്തത് മറിച്ചാണ്; ദരിദ്രരും സാധാരണക്കാരുമായ പൗരരെ ഒറ്റയടിക്ക് 'വോട്ടർമാരല്ല' എന്ന് മുദ്രകുത്തുകയും, തങ്ങൾ പൗരരാണെന്ന് തെളിയിക്കേണ്ട ബാധ്യത (Burden of proof) ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്തു. സ്വന്തം രാജ്യത്ത് പൗരർ നിരന്തരം സംശയനിഴലിൽ നിർത്തപ്പെടുന്ന കുറ്റാരോപിതരെപ്പോലെയായി മാറി.

ഭരണകൂടം ഉപയോഗിക്കുന്ന ഈ ഡിജിറ്റൽ അൽഗോരിതങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് വ്യക്തമാകണമെങ്കിൽ പശ്ചിമ ബംഗാളിലെയും കേരളത്തിലെയും അനുഭവങ്ങൾ താരതമ്യം ചെയ്യണം. പശ്ചിമ ബംഗാളിൽ 91 ലക്ഷത്തിലധികം പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് പട്ടികയിൽനിന്ന് പുറത്താക്കിയത്. ഇതിൽ വോട്ട് തിരികെ ലഭിക്കാൻ 22 ലക്ഷം പേർ അപ്പീൽ നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് കേവലം ആറു ലക്ഷം പേരുടെ ഹിയറിങ് മാത്രമാണ് നടന്നത്. ബാക്കി 16 ലക്ഷം പേരുടെ അപ്പീലുകൾ ഫയലുകളിൽ ഉറങ്ങിക്കിടന്നപ്പോൾ അവർക്ക് തങ്ങളുടെ ജനാധിപത്യ അവകാശം നഷ്ടപ്പെട്ടു.

മൂന്നംഗ കമ്മീഷനിലെ രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ നടപടികൾക്കെതിരെ 14 തവണയാണ് വിയോജനക്കുറിപ്പുകൾ നൽകിയത്
മൂന്നംഗ കമ്മീഷനിലെ രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ നടപടികൾക്കെതിരെ 14 തവണയാണ് വിയോജനക്കുറിപ്പുകൾ നൽകിയത്

മറുവശത്ത്, ഉയർന്ന രാഷ്ട്രീയബോധമുള്ള കേരളത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. SIR പ്രക്രിയയുടെ തുടക്കത്തിൽ കേരളത്തിലും 24.08 ലക്ഷം പേരെ കരട് പട്ടികയിൽ താൽക്കാലികമായി ഒഴിവാക്കാൻ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ ഇടതുപക്ഷപാർട്ടികളും ജനകീയ പ്രസ്ഥാനങ്ങളും നടത്തിയ ശക്തമായ രാഷ്ട്രീയ ഇടപെടലുകളുടെയും ക്യാമ്പയിനുകളുടെയും ഫലമായി 35 ലക്ഷത്തോളം ഹിയറിംഗുകൾ നടക്കുകയും, ഒഴിവാക്കപ്പെട്ട വലിയൊരു വിഭാഗം ആളുകളെ തിരികെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എങ്കിലും 8.97 ലക്ഷം വോട്ടർമാരുടെ പേരുകൾ അന്തിമ വോട്ടർപട്ടികയിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടു.

ശ്രദ്ധേയമായ കാര്യം, ഈ 35 ലക്ഷം അപേക്ഷകളിൽ പരിശോധന നടത്തിയപ്പോൾ ‘യഥാർത്ഥത്തിൽ’ വോട്ടവകാശം ഇല്ലാത്തവരായി കമ്മീഷന് കണ്ടെത്താൻ കഴിഞ്ഞത് വെറും 55,000 പേരെ മാത്രമാണ്. അൽഗോരിതങ്ങൾ സാങ്കേതികമായി തള്ളിക്കളഞ്ഞ കോടിക്കണക്കിന് മനുഷ്യർ യഥാർത്ഥ പൗരർ തന്നെയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ശക്തമായ ജനകീയ പ്രതിരോധം ഉയർന്നില്ലായിരുന്നുവെങ്കിൽ കേരളത്തിലും ലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ടവകാശം ഈ ഡിജിറ്റൽ വെട്ടിനിരത്തലിൽ ഇല്ലാതാകുമായിരുന്നു.

ഒറിജിനൽ എന്യൂമറേഷൻ ഫോമുകൾ ഫോട്ടോസ്റ്റാറ്റ് കടകളിൽ എത്തിയതും, വിവരച്ചോർച്ച ഉണ്ടായതും ജനങ്ങളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള വലിയ കടന്നുകയറ്റമാണ്. BLO- മാർ കൈപ്പറ്റ് രസീത് നൽകാത്തത് കേവലം അപാകതയല്ല, മറിച്ച് ജനപ്രാതിനിധ്യ നിയമങ്ങളുടെയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഇന്ന് ജനങ്ങൾ വോട്ട് ചെയ്ത് തീരുമാനിക്കുന്ന ഒന്നല്ല, മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസരിച്ച് ഭരണകൂടം തീരുമാനിക്കുന്ന പ്രക്രിയയായി മാറിക്കഴിഞ്ഞു. തങ്ങൾക്ക് അനുകൂലമല്ലാത്ത, അല്ലെങ്കിൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്യാൻ സാധ്യതയുള്ള വോട്ടർമാരെ 'ഡേറ്റാ ക്ലീനിംഗ്' എന്ന പേരിൽ വ്യവസ്ഥാപിതമായി ഒഴിവാക്കുന്നതിലൂടെ ഒരു വലതുപക്ഷ ഭരണകൂടം തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ മറ്റ് കമ്മീഷണർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം നീക്കങ്ങൾക്ക് ഏകപക്ഷീയമായി നേതൃത്വം നൽകുന്നത് ഈ തിരക്കഥയുടെ ഭാഗമായി വേണം മനസ്സിലാക്കാൻ.

ജനസംഖ്യാശാസ്ത്രപരമായ
അട്ടിമറിയും നഷ്ടപ്പെട്ട ജനവിധിയും

"വ്യാജ വോട്ടർമാരെ ഒഴിവാക്കാനാണ്" ഈ പ്രക്രിയ എന്നാണ് അധികൃത ന്യായീകരണം. എന്നാൽ ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും 'സ്ഥലം മാറിപ്പോയവരാണ്'. ഒരു തൊഴിൽ തേടി സ്വന്തം ഗ്രാമത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോയ കുടിയേറ്റ തൊഴിലാളി എങ്ങനെയാണ് 'വ്യാജ വോട്ടർ' ആകുന്നത്?

ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിച്ചത് അടുത്തിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളാണ്. തമിഴ്‌നാട്ടിൽ 74 ലക്ഷം പേർക്കും, പശ്ചിമ ബംഗാളിൽ 91 ലക്ഷത്തിലധികം പേർക്കും, കേരളത്തിൽ 9 ലക്ഷത്തോളം പേർക്കുമാണ് അന്തിമ വോട്ടർപട്ടികയിൽ ഇടം നഷ്ടപ്പെട്ടത്. ബംഗാളിലും ബിഹാറിലും ലക്ഷക്കണക്കിന് മനുഷ്യർ വോട്ട് ചെയ്യാനായി ബൂത്തുകളിൽ എത്തിയപ്പോഴാണ് തങ്ങളുടെ വോട്ടവകാശം റദ്ദാക്കപ്പെട്ട വിവരം അറിയുന്നത്. ജനസംഖ്യാശാസ്ത്രപരമായി നോക്കുമ്പോൾ ഇതൊരു ചെറിയ സംഖ്യയല്ല. തങ്ങൾക്ക് അനുകൂലമല്ലാത്ത വോട്ടർമാരെ 'ഡേറ്റാ ക്ലീനിംഗ്' എന്ന പേരിൽ വ്യവസ്ഥാപിതമായി ഒഴിവാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ് ഈ കണക്കുകൾ.

ബംഗാളിലും ബിഹാറിലും ലക്ഷക്കണക്കിന് മനുഷ്യർ വോട്ട് ചെയ്യാനായി ബൂത്തുകളിൽ എത്തിയപ്പോഴാണ് തങ്ങളുടെ വോട്ടവകാശം റദ്ദാക്കപ്പെട്ട വിവരം അറിയുന്നത്.
ബംഗാളിലും ബിഹാറിലും ലക്ഷക്കണക്കിന് മനുഷ്യർ വോട്ട് ചെയ്യാനായി ബൂത്തുകളിൽ എത്തിയപ്പോഴാണ് തങ്ങളുടെ വോട്ടവകാശം റദ്ദാക്കപ്പെട്ട വിവരം അറിയുന്നത്.

പ്രതിരോധത്തിന്റെ പാത:
ഇടതുപക്ഷ- ജനാധിപത്യ ബദൽ

ഈ ഘടനാപരമായ അക്രമത്തിനെതിരെ ശക്തമായ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടമാണ് കോൺഗ്രസ് ഉൾപ്പെടുന്ന 'ഇന്ത്യ' (INDIA) മുന്നണിയും ഇടതുപക്ഷ പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഒറിജിനൽ എന്യൂമറേഷൻ ഫോമുകൾ ഫോട്ടോസ്റ്റാറ്റ് കടകളിൽ എത്തിയതും, വിവരച്ചോർച്ച ഉണ്ടായതും ജനങ്ങളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള വലിയ കടന്നുകയറ്റമാണ്. BLO- മാർ കൈപ്പറ്റ് രസീത് (Acknowledgement Receipt) നൽകാത്തത് കേവലം അപാകതയല്ല, മറിച്ച് ജനപ്രാതിനിധ്യ നിയമങ്ങളുടെയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് വോട്ടർമാരെ നിയമപരമായി നിരായുധരാക്കുകയാണ് ചെയ്യുന്നത്. തങ്ങൾ രേഖകൾ സമർപ്പിച്ചുവെന്ന് തെളിയിക്കാൻ പോലും ജനങ്ങൾക്ക് കഴിയാത്ത ഈ സാഹചര്യത്തിന് പരിഹാരം കാണാതെ, കേവലം ഡിജിറ്റൽ സംവിധാനങ്ങളുടെ പേരുപറഞ്ഞ് ഒളിച്ചോടാൻ കമ്മീഷന് കഴിയില്ല. ഇത്ര ഗൂഢാലോചന നടത്തി ഒരു കാര്യം ചെയ്യുമ്പോഴും ആ ഗൂഢാലോചനയെ പൊളിക്കാൻ കഴിയുന്ന ജനകീയ ഇടപെടലുകൾ രാജ്യത്ത് ഉണ്ടാകുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

എന്തുകൊണ്ടാണ് ഓരോരുത്തരും പ്രതിഷേധത്തിന്റെ ഭാഗമാവേണ്ടത്?

കോടിക്കണക്കിന് പൗരരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെ തെരുവിലിറങ്ങിയിരിക്കുന്ന പ്രക്ഷോഭകാരികൾ ഉയർത്തിയ ആവശ്യങ്ങൾ അതീവ പ്രാധാന്യമർഹിക്കുന്നവയാണ്:

വോട്ടർപട്ടികയും തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട ആവശ്യങ്ങൾ:

  • പഴയ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക: നിലവിൽ തയ്യാറാക്കിയ വിവാദ വോട്ടർപട്ടിക പൂർണ്ണമായി മരവിപ്പിക്കണം. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകൾക്കുമായി തൊട്ടുമുൻപത്തെ ഔദ്യോഗിക വോട്ടർപട്ടിക തന്നെ ഉപയോഗിക്കണം.

  • വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കുക: മതിയായ നോട്ടീസോ പരിശോധനയോ ഇല്ലാതെ അകാരണമായി വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 13 കോടിയോളം വരുന്ന സാധാരണക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും പ്രവാസികളുടെയും പേരുകൾ ഒരു വിവേചനവുമില്ലാതെ പട്ടികയിൽ തിരിച്ചെത്തിക്കണം.

  • Form 6 ഭേദഗതികൾ പിൻവലിക്കുക: സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും പുതിയതായി വോട്ട് ചേർക്കുന്നത് അസാധ്യമാക്കുന്ന തരത്തിൽ 'Form 6'-ൽ വരുത്തിയ എല്ലാ കഠിനമായ നിബന്ധനകളും റദ്ദാക്കി പഴയ ലളിതമായ രീതി പുനഃസ്ഥാപിക്കണം.

  • കേന്ദ്രീകൃത സോഫ്റ്റ്‌വെയർ നിയന്ത്രണം അവസാനിപ്പിക്കുക: ദൽഹിയിലെ സെർവറുകളിലിരുന്ന് അൽഗോരിതങ്ങൾ വഴി വോട്ട് വെട്ടിമാറ്റുന്ന രീതി അവസാനിപ്പിക്കണം. വോട്ടർമാരെ പരിശോധിക്കാനുള്ള പൂർണ്ണ അധികാരം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഉൾപ്പെടുന്ന പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് തന്നെ തിരികെ നൽകണം.

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ

  • ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി: കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ 14 വിയോജിപ്പ് കത്തുകൾ മറികടന്ന് ഏകപക്ഷീയമായി വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ്കുമാർ ഉടൻ രാജിവെക്കണം.

  • ആജീവനാന്ത നിയമ പരിരക്ഷ (Immunity) റദ്ദാക്കുക: 2023 ഡിസംബറിൽ പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്ത് തിടുക്കത്തിൽ പാസ്സാക്കിയ 'ഇലക്ഷൻ കമ്മീഷണേഴ്സ് നിയമത്തിലെ വകുപ്പ് 16' റദ്ദാക്കണം. കമ്മീഷണർമാർക്ക് കോടതി വിചാരണകളിൽ നിന്ന് നൽകുന്ന ഈ ആജീവനാന്ത സംരക്ഷണം എടുത്തുകളഞ്ഞ് അവർക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണം.

  • സ്വതന്ത്ര നിയമനരീതി കൊണ്ടുവരിക: ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കുന്നതിന് ഭരണകക്ഷിക്കുമാത്രം മേൽക്കൈയുള്ള രീതി മാറ്റുകയും, സിവിൽ സൊസൈറ്റിയുടെയും പ്രതിപക്ഷത്തിന്റെയും പങ്കാളിത്തത്തോടെ കൂടുതൽ സുതാര്യവും സ്വതന്ത്രവുമായ പുതിയ നിയമന രീതി കൊണ്ടുവരുകയും വേണം.

വോട്ടവകാശം എന്നത് ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന പൗരാവകാശമാണെന്നും, അത് പൂർണ്ണമായി തിരിച്ചുപിടിക്കുന്നതുവരെ ട്രെയിനുകളും ബസുകളും തടഞ്ഞുകൊണ്ട് രാജ്യം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ തെരുവ് പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് സമരക്കാരുടെ പ്രഖ്യാപനം.

കോടിക്കണക്കിന് പൗരരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെ തെരുവിലിറങ്ങിയിരിക്കുന്ന ഇന്ത്യൻ പ്രതിപക്ഷം അതിശക്തമായ പോരാട്ടമാണ് നടത്തുന്നത്.
കോടിക്കണക്കിന് പൗരരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരെ തെരുവിലിറങ്ങിയിരിക്കുന്ന ഇന്ത്യൻ പ്രതിപക്ഷം അതിശക്തമായ പോരാട്ടമാണ് നടത്തുന്നത്.

വോട്ടവകാശം അൽഗോരിതങ്ങളുടെ ഔദാര്യമല്ല

ഒരു ജനാധിപത്യ സമൂഹത്തിൽ വോട്ടവകാശം എന്നത് ഒരു മനുഷ്യനും ഭരണകൂടവും തമ്മിലുള്ള ജീവനുള്ള ബന്ധമാണ്. അത് കേവലം കടലാസുകളിലോ സർവ്വറുകളിലെ ബൈറ്റുകളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. വിയർപ്പൊഴുക്കി ഈ രാജ്യം പടുത്തുയർത്തുന്ന ഒരു തൊഴിലാളിയുടെ വോട്ടവകാശം നിർണ്ണയിക്കേണ്ടത് ഡിജിറ്റൽ സോഫ്റ്റ്‌വെയറിന്റെ ലോജിക്കൽ അൽഗോരിതമല്ല, മറിച്ച് ഭരണഘടനയാണ്.

വോട്ടവകാശം നിഷേധിക്കപ്പെടുന്നതിലൂടെ മനുഷ്യർ കേവലം ദയാദാക്ഷിണ്യങ്ങളിൽ ജീവിക്കുന്നവരായി സ്വന്തം രാജ്യത്ത് തന്നെ മാറുന്നു. SIR എന്ന ഈ ഭരണകൂട ഉപകരണത്തെ വെറുമൊരു സാങ്കേതിക പിഴവായി കണ്ട് തള്ളിക്കളയാനാവില്ല. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ജനാധിപത്യത്തിന്റെ പരിധികളിൽ നിന്ന് പുറത്താക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾ ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ജനങ്ങളുടെ വോട്ടുകളായിരിക്കണം, അല്ലാതെ കേന്ദ്രീകൃത അൽഗോരിതങ്ങളാകരുത്.

Comments