ആറുമാസമായി ഉപയോഗിക്കാത്ത 1.58 കോടി റേഷൻ കാർഡുകൾ- ‘സൈലന്റ് റേഷൻ കാർഡുകൾ’- ഇന്നു മുതൽ അസാധുവാകും. കേരളത്തിലെ 94 ലക്ഷം റേഷൻ കാർഡുകളിൽ നാലര ലക്ഷം കാർഡുകളാണ് ഉപയോഗിക്കാത്ത കണക്കിലുള്ളത്. രാജ്യമാകെ 18 ലക്ഷത്തോളം പേരാണ് റേഷൻ പട്ടികയിൽനിന്ന് പുറത്താകുന്നത്. ഒപ്പം, സർക്കാറിന്റെ മറ്റു ആനുകൂല്യങ്ങൾക്കുള്ള അർഹതയും ഇവർക്ക് നിഷേധിക്കപ്പെടുമെന്ന ആശയങ്കയുമുണ്ട്.
മുൻഗണനാ കാർഡുകളായ മഞ്ഞ, പിങ്ക് കാർഡുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര നിർദേശം. വെള്ള, നീല കാർഡുകളിൽ സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാം. മഞ്ഞയും പിങ്കും കാർഡുകൾ കൂട്ടത്തോടെ റദ്ദാക്കിയാൽ അത് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറക്കുമെന്ന ആശങ്കയും ഉയരുന്നു.
ആറു മാസത്തിനിടെ ഒരിക്കൽ പോലും ഭക്ഷ്യധാന്യം വാങ്ങാൻ ഉപയോഗിക്കാത്ത കാർഡുകളാണ് അസാധുവാക്കുന്നത്. സ്മാർട്ട് PDS-ന്റെ ഭാഗമായി, നിർജ്ജീവമായതോ വ്യാജമായതോ സംശയത്തിലുള്ളതോ ആയ റേഷൻകാർഡുകൾ ഒഴിവാക്കാനാണ് ഈ ‘ശുദ്ധീകരണം’ എന്നാണ് കേന്ദ്ര സർക്കാർ ഭാഷ്യം. തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളാണ് എന്ന് തെളിയിക്കാൻ മൂന്നു മാസം സാവകാശം നൽകും. ഇതിനിടിയിൽ ഇ- KYC പൂർത്തിയാക്കിയാൽ കാർഡുകൾ വീണ്ടും ഉപയോഗിക്കാമെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ, കാർഡ് റദ്ദാക്കിയശേഷം KYC പൂർത്തിയാക്കുന്നതിനുപകരം, ആദ്യം KYC നടപടികൾ പൂർത്തിയാക്കിയശേഷം കാർഡുകൾ ഒഴിവാക്കുന്ന നടപടിയെടുത്തുകൂടേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
റേഷൻ കാർഡുകളുടെ ഡിജിറ്റൈസഷേന്റെ ഭാഗമായും ആധാറുമായി ബന്ധിപ്പിക്കാനും 2024-ൽ 5.8 കോടി റേഷൻ കാർഡുകൾ PDS-ൽനിന്ന് നീക്കിയിരുന്നു.
റേഷൻ കാർഡ് കുടുംബങ്ങളുടെ അടിസ്ഥാന രേഖയായതുകൊണ്ടുതന്നെ അത് റദ്ദാക്കാൻ പാടില്ല എന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്.
സംസ്ഥാനത്ത് ഉപയോഗിക്കാത്ത റേഷൻ കാർഡുകളിൽ 44,000 മുൻഗണനാ കാർഡുകളുണ്ട്. ദാരിദ്യ രേഖയിലുള്ള ഈ കാർഡുടമകൾ എന്തുകൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉദ്യോഗസ്ഥർ ഇവരെ കാണുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
2020-നും 2025-നും ഇടയ്ക്ക് 2.49 കോടി റേഷൻ കാർഡുകളാണ് റദ്ദാക്കപ്പെട്ടത്. യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെയും ഡിജിറ്റൈസേഷന്റെയും ഭാഗമായായിരുന്നു ഈ 'ശുദ്ധീകരണ' പ്രക്രിയ.

പൊതുവിതരണസമ്പ്രദായം ദുർബലപ്പെടുത്താനും ദരിദ്രവിഭാഗങ്ങളെ പുറന്തള്ളാനും ലക്ഷ്യമിട്ടാണ്, smart PDS എന്ന പദ്ധതിയുടെ മറവിൽ റേഷൻ പട്ടികയുടെ ശുദ്ധീകരണപ്രക്രിയയ്ക്ക് രൂപം കൊടുത്തിട്ടുള്ളതെന്ന വിമർശനം പ്രസക്തമാണ്. ഭക്ഷ്യധാന്യസംഭരണവും വിതരണവും അട്ടിമറിക്കാനും സംസ്ഥാന വിഹിതം വെട്ടിക്കുറക്കാനും മോദി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണിതെന്നും സംശയിക്കണം. 'ഇന്ത്യയ്ക്ക് ലോകത്തെ തീറ്റിപ്പോറ്റാനുള്ള ശേഷിയുണ്ട്' എന്ന അവകാശവാദത്തോടെ, ഭക്ഷ്യധാന്യകയറ്റുമതിയിലെ കുത്തനെയുള്ള വളർച്ച ചൂണ്ടിക്കാണിക്കുന്ന അതേ സർക്കാറാണ്, ഭക്ഷ്യസുരക്ഷാപദ്ധതിയിൽനിന്ന് വിവിധ കാരണങ്ങളാൽ പുറത്താക്കപ്പെടുന്ന ലക്ഷങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നത്.
ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. 2011-ലെ സെൻസസിലെ കാലഹരണപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തിലായതിനാൽ, അർഹരായ ലക്ഷകണക്കിനുപേർ ഇപ്പോഴും പദ്ധതിയ്ക്കു പുറത്താണ്. മാത്രമല്ല, ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിൽ കൊണ്ടുവരുന്ന ദേദഗതികൾ പാവങ്ങളുടെ അന്നത്തിൽ കൈയിട്ടുവാരുന്നതുമാണ്. അന്ത്യോദയ അന്ന യോജന പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഒരാൾക്ക് ഏഴ് കിലോ വീതം ഭക്ഷ്യധാന്യം നൽകണമെന്നാണ് പുതിയ നിർദേശം. എന്നാൽ എത്ര അംഗങ്ങളുണ്ടെങ്കിലും കുടുംബത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ പരമാവധി അളവ് പ്രതിമാസം 35 കിലോയായി തുടരും. ഇത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കും, ചെറിയ കുടുംബങ്ങൾക്ക് അവകാശപ്പെട്ട വിഹിതം ഗണ്യമായി കുറയുകയും ചെയ്യും.
