'നമ്മൾ സംസാരിക്കുന്ന ഈ ജനാധിപത്യം എന്താണ്?'
So What's This Democracy We're Talking About? Modi's Authoritarian Playbook in India എന്ന പ്രമേയത്തിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) പ്രസിദ്ധീകരിച്ച റിപ്പോർട്ട് നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ജനാധിപത്യ- ഭരണഘടനാ സ്ഥാപനങ്ങൾ നേരിട്ട ശോഷണത്തെക്കുറിച്ചുള്ള ഗൗരവകരമായ നിരീക്ഷണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പാർലമെന്ററി നടപടിക്രമങ്ങളുടെ അട്ടിമറി, കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗം, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ തകർച്ച, ജുഡീഷ്യറിയിലെ ഇടപെടലുകൾ എന്നിവയെല്ലാം റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. അധികാരത്തെ നിയന്ത്രിക്കേണ്ട സംവിധാനങ്ങൾതന്നെ അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്നുവെന്ന ആശങ്കയാണ് റിപ്പോർട്ട് ഉയർത്തുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ഉറപ്പ് ഓരോ പൗരർക്കും തുല്യമായി വോട്ടുചെയ്യാനുള്ള അവകാശമാണ്. എന്നാൽ ആ അവകാശം ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വിശ്വാസ്യതാ പ്രതിസന്ധിയിലാകുന്നുവെന്നതാണ് റിപ്പോർട്ടിലെ ഏറ്റവും ഗൗരവകരമായ കണ്ടെത്തലുകളിലൊന്ന്. 2025 ജൂണിൽ ആരംഭിച്ച വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ SIR, 2026 ഒക്ടോബറോടെ 13 കോടിയിലധികം പേരുകളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കി. മരിച്ചവരെയും അയോഗ്യരെയും ഒഴിവാക്കുകയെന്ന ഔദ്യോഗിക ലക്ഷ്യത്തോടെ ആരംഭിച്ച നടപടിയിൽ സ്ത്രീകൾ, ദരിദ്രർ, മതന്യൂനപക്ഷങ്ങൾ എന്നിവരാണ് പുറത്താക്കപ്പെട്ടതെന്ന് HRW ചൂണ്ടിക്കാട്ടുന്നു.
ആരാണ് വോട്ടർ എന്നതും ആർക്കാണ് ജനാധിപത്യത്തിൽ പങ്കാളിയാകാൻ കഴിയുക എന്നതും അധികാരിവർഗം നിർണയിക്കപ്പെടുന്നിടത്ത് ജനാധിപത്യം എത്രത്തോളം സുതാര്യവും ഉത്തരവാദിത്തപരവുമാണ് എന്ന ചോദ്യങ്ങൾ ഉയരുന്നു. പശ്ചിമബംഗാളിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 90 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടിലെ കണ്ടെത്തൽ ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ 12 ശതമാനത്തോളം വരുമിത്. അപ്പീലുകൾ പരിഗണിച്ചശേഷം പുറത്താക്കപ്പെട്ടവരിൽ 90 ശതമാനത്തോളം പേരെ തിരിച്ചുചേർത്തുവെന്നത് ആദ്യഘട്ടത്തിലെ നടപടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെട്ട ഒരാൾക്ക് പിന്നീട് പട്ടികയിൽ ഇടം ലഭിച്ചതുകൊണ്ട് നഷ്ടപ്പെട്ട ജനാധിപത്യാവകാശം തിരിച്ചുകിട്ടുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള പരിഹാരം തിരഞ്ഞെടുപ്പിന് മുമ്പുള്ള അവകാശനിഷേധത്തിന് പകരമാകുന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ ചോദ്യം ചെയ്യേണ്ട സ്വതന്ത്ര സ്ഥാപനമാണ്. എന്നാൽ പ്രധാനമന്ത്രി മോദിയുടെയും മുതിർന്ന ബി.ജെ.പി നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും പെരുമാറ്റച്ചട്ട ലംഘനങ്ങളും പരിശോധിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടതായി റിപ്പോർട്ട് ആരോപിക്കുന്നു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പോളിങ് വിവരങ്ങൾ പുറത്തുവിടുന്നതിലെ വീഴ്ചകൾ, വോട്ടെണ്ണലിലെ സംശയങ്ങൾ എന്നിവയിലും വിശ്വാസയോഗ്യമായ അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ രൂപപ്പെടുന്നത്.

ജനാധിപത്യത്തിൽ പാർലമെന്റ് കേവലം നിയമങ്ങൾ പാസാക്കാനുള്ള വേദിയല്ല. സർക്കാരിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും ജനങ്ങളുടെ ആശങ്കകൾ അവതരിപ്പിക്കാനും ഭരണകൂടത്തെ ഉത്തരവാദിത്തപ്പെടുത്താനുമുള്ള സംവിധാനമാണ്. എന്നാൽ മോദി സർക്കാരിന്റെ ആദ്യ പത്ത് വർഷത്തെ പാർലമെന്ററി പ്രവർത്തനങ്ങളിൽ ഈ സംവിധാനങ്ങൾ ദുർബലപ്പെട്ടുവെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.
2014 മുതൽ 2024 വരെയുള്ള കാലയളവിൽ പാർലമെന്ററി സമിതികളുടെ പരിശോധനയ്ക്ക് വിട്ട ബില്ലുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2014-19 കാലത്ത് 28 ശതമാനം ബില്ലുകൾ മാത്രമാണ് സമിതികൾക്ക് വിട്ടതെങ്കിൽ 2019-24 കാലത്ത് ഇത് 16 ശതമാനമായി. ഇതിനു മുമ്പുള്ള രണ്ട് ഭരണകാലയളവുകളിൽ യഥാക്രമം 71 ശതമാനവും 60 ശതമാനവുമായിരുന്നു ഈ കണക്ക്. നിയമനിർമാണത്തിൽ പൊതുസമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഇടപെടലുകൾക്കുള്ള അവസരമാണ് ഇതിലൂടെ ചുരുങ്ങുന്നത്. പാർലമെന്ററി ചർച്ചകൾക്ക് പകരം ഭൂരിപക്ഷത്തിന്റെ ബലത്തിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ജനാധിപത്യം അധികാരപ്രയോഗത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നു.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന കാലത്ത് മണി ബില്ലുകളെന്ന വ്യവസ്ഥ ഉപയോഗിച്ച് വിവാദ നിയമങ്ങൾ പാസാക്കിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ നടപടിക്രമങ്ങളുടെ ദുരുപയോഗമാണിതെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചതും ശ്രദ്ധേയമാണ്.
2014 മുതൽ 2024 വരെയുള്ള കാലയളവിൽ രാജ്യസഭയിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. എല്ലാ ബില്ലുകളും നിയമമാകുന്നതിന് ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ചില ബില്ലുകൾ ഭരണഘടനാപ്രകാരം ലോക്‌സഭയിൽ ധനബില്ലുകൾ (Money Bills) ആയി അവതരിപ്പിക്കാം. ഇത്തരം ബില്ലുകൾക്ക് രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല.
അടിസ്ഥാന അവകാശങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന, എന്നാൽ ധനബില്ലുകളായി പരിഗണിക്കാനാവാത്ത നിയമങ്ങൾ പോലും പാർലമെന്റിൽ പാസാക്കിയെടുക്കാൻ മോദി സർക്കാർ ധനബിൽ വ്യവസ്ഥയെ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന കാലത്ത് മണി ബില്ലുകളെന്ന വ്യവസ്ഥ ഉപയോഗിച്ച് വിവാദ നിയമങ്ങൾ പാസാക്കിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ നടപടിക്രമങ്ങളുടെ ദുരുപയോഗമാണിതെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചതും ശ്രദ്ധേയമാണ്.
2023 ൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വർധിപ്പിക്കുന്ന നിയമം പാസാക്കിയപ്പോഴും 146 പ്രതിപക്ഷ എം.പിമാർ സസ്പെൻഷനിലായിരുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയിൽനിന്ന് പുറത്താക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നിർണയിക്കുന്ന നിയമങ്ങൾ അതേ സഭയിൽ പാസാക്കപ്പെടുകയും ചെയ്യുന്ന വൈരുധ്യമാണ് ഇവിടെ പ്രകടമാകുന്നത്.

സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ചുള്ള കണ്ടെത്തലുകൾ റിപ്പോർട്ടിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങളിലൊന്നാണ്. 2015 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ 193 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡി കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മോദി സർക്കാരിനു മുമ്പുള്ള പത്ത് വർഷങ്ങളിൽ 26 രാഷ്ട്രീയ നേതാക്കൾ മാത്രമാണ് ഇത്തരത്തിൽ അന്വേഷണത്തിന് വിധേയരായിരുന്നത്. അന്വേഷണത്തെ നേരിട്ടിരുന്ന കുറഞ്ഞത് 23 പ്രതിപക്ഷ നേതാക്കൾക്ക് ബി.ജെ.പിയിൽ ചേർന്നതിനുശേഷം അന്വേഷണങ്ങളിൽ നിന്നും ആശ്വാസം ലഭിച്ചതായി റിപ്പോർട്ട് പറയുന്നു. 2019-ൽ ബി.ജെ.പിയിലേക്ക് മാറിയ ഒരു കോൺഗ്രസ് എം.പി, അന്വേഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ സുഖമായി ഉറങ്ങാൻ കഴിയുന്നുവെന്ന് പറഞ്ഞതും റിപ്പോർട്ട് ഉദ്ധരിക്കുന്നു.
മനുഷ്യാവകാശ പ്രവർത്തകരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടാൻ യു.എ.പി.എ പോലുള്ള കർശന നിയമങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. വീൽചെയറിൽ കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ജി.എൻ. സായിബാബയുടെ ജീവിതം ഇതിന്റെ ഭീകരമായ ഉദാഹരണമാണ്.
അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുയർത്തുന്നതാണ് ഈ കണ്ടെത്തലുകളൊക്കെയും. അധികാരപക്ഷത്തേക്ക് മാറുമ്പോൾ അന്വേഷണം നിലയ്ക്കുകയും പ്രതിപക്ഷത്ത് തുടരുമ്പോൾ അന്വേഷണം ശക്തമാവുകയും ചെയ്യുന്നു.

മനുഷ്യാവകാശ പ്രവർത്തകരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടാൻ യു.എ.പി.എ പോലുള്ള കർശന നിയമങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. വീൽചെയറിൽ കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ജി.എൻ. സായിബാബയുടെ ജീവിതം ഇതിന്റെ ഭീകരമായ ഉദാഹരണമാണ്. 2014-ൽ അറസ്റ്റിലായ അദ്ദേഹം 2017-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 2024 മാർച്ചിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് നടപടിക്രമങ്ങളിലെ വീഴ്ചകളും വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ സർക്കാരിന്റെ പരാജയവും ചൂണ്ടിക്കാട്ടിയാണ്. ജയിലിൽനിന്ന് മോചിതനായി ഏഴ് മാസത്തിനുശേഷം അദ്ദേഹം മരിച്ചു.
ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടതും നീതിന്യായ വ്യവസ്ഥയിലെ വൈരുധ്യങ്ങൾ തുറന്നുകാട്ടുന്നു. വിയോജിപ്പിനും പ്രതിഷേധത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ഭീകരവാദമായി ചിത്രീകരിക്കുന്ന പ്രവണതയെ 2021 ലെ ഡൽഹി ഹൈക്കോടതി വിധി വിമർശിച്ചിരുന്നു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമിയുടെയും പാണ്ഡു നരോത്തെയുടെയും കസ്റ്റഡിമരണങ്ങളും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. ഭരണകൂടത്തിന്റെ വിമർശകരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന നിയമവ്യവസ്ഥയുടെ മനുഷ്യവില എത്ര ഭീകരമായിരിക്കാമെന്നതിന്റെ തെളിവുകളാണിവ.
കർണാടകയിൽ 2005 മുതൽ 2025 വരെയുള്ള യു.എ.പി.എ കേസുകളെക്കുറിച്ചുള്ള എസ്.ഒ.എ.എസ് പഠനവും റിപ്പോർട്ട് ഉദ്ധരിക്കുന്നു. ബി.ജെ.പി അധികാരത്തിലിരുന്ന 10.5 വർഷത്തിനിടെയാണ് കേസുകളിൽ പത്തിൽ എട്ടും രജിസ്റ്റർ ചെയ്തത്. പ്രതികളിൽ 84 ശതമാനത്തിലധികം മുസ്ലീങ്ങളായിരുന്നു. നിയമം നടപ്പാക്കുന്നതിലെ മതപരമായ അസമത്വത്തെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യമാണിത്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. സായിബാബ ജയിലിൽ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ ജയിൽ അധികൃതരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു.
ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്ന മോദി സർക്കാരിന്റെ അവകാശവാദവും രാജ്യത്തെ സ്ഥാപനങ്ങളുടെ യാഥാർഥ്യവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്.
2025 മാർച്ചിൽ ഇന്ത്യയുടെ മനുഷ്യാവകാശ കമ്മീഷന്റെ അന്താരാഷ്ട്ര അംഗീകാരപദവി 'എ'യിൽനിന്ന് 'ബി'യിലേക്ക് താഴ്ത്താൻ ആഗോള മനുഷ്യാവകാശ സ്ഥാപനങ്ങളുടെ കൂട്ടായ്മ ശുപാർശ ചെയ്തതും ശ്രദ്ധേയമാണ്. വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി, ശമ്പളം, സേവന വ്യവസ്ഥകൾ എന്നിവയിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണം നൽകുന്ന 2019-ലെ ആർ.ടി.ഐ ഭേദഗതിയും സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്ന നടപടിയായി റിപ്പോർട്ട് വിലയിരുത്തുന്നു. ഒരു ജനാധിപത്യഭരണ സംവിധാനത്തിൽ ഭരണകൂടം ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്ക് അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. എന്നാൽ വിവരാവകാശ സംവിധാനത്തിന്റെ സ്വാതന്ത്ര്യം തന്നെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുമ്പോൾ അധികാരത്തെ ചോദ്യം ചെയ്യാനുള്ള പൊതുജനങ്ങളുടെ ശേഷിയും ദുർബലമാകുന്നു.

ജനാധിപത്യത്തിന്റെ അവസാനത്തെ സംരക്ഷണ കവചമായി കരുതപ്പെടുന്ന നീതിന്യായ വ്യവസ്ഥയിലും എക്സിക്യൂട്ടീവിന്റെ ഇടപെടലുകൾ വർധിക്കുന്നുവെന്ന ആശങ്ക റിപ്പോർട്ട് ഉയർത്തുന്നു. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങൾ റിപ്പോർട്ട് ഉദ്ധരിക്കുന്നു. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടതും നീതിന്യായ വ്യവസ്ഥയിലെ വൈരുധ്യങ്ങൾ തുറന്നുകാട്ടുന്നു. വിയോജിപ്പിനും പ്രതിഷേധത്തിനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ഭീകരവാദമായി ചിത്രീകരിക്കുന്ന പ്രവണതയെ 2021 ലെ ഡൽഹി ഹൈക്കോടതി വിധി വിമർശിച്ചിരുന്നു.
ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിക്കുന്ന മോദി സർക്കാരിന്റെ അവകാശവാദവും രാജ്യത്തെ സ്ഥാപനങ്ങളുടെ യാഥാർഥ്യവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. ജനാധിപത്യം കേവലം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതല്ല. അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യാനുള്ള അവകാശം, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, സ്വതന്ത്ര മാധ്യമങ്ങൾ, നിഷ്പക്ഷ അന്വേഷണ സംവിധാനങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം അതിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഈ സംവിധാനങ്ങളെല്ലാം ദുർബലപ്പെടുമ്പോൾ തെരഞ്ഞെടുപ്പുകൾ മാത്രം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഉറപ്പുനൽകുന്നില്ല.

മോദി ഭരണത്തിന്റെ ഏറ്റവും അപകടകരമായ രാഷ്ട്രീയ സവിശേഷതയായി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത് ഈ സ്ഥാപനശോഷണത്തെയാണ്. വിമർശകരെ രാജ്യവിരുദ്ധരാക്കുക, പ്രതിഷേധങ്ങളെ ക്രമസമാധാന പ്രശ്നങ്ങളായി ചുരുക്കുക, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ സമ്മർദത്തിനുള്ള ഉപകരണങ്ങളാക്കുക, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുക. ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല. അധികാരത്തെ ചോദ്യം ചെയ്യാനുള്ള സംവിധാനങ്ങൾ ദുർബലമാകുന്ന വലിയ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായാണ് അവയെ മനസ്സിലാക്കേണ്ടത്.
തെരഞ്ഞെടുപ്പുകളുണ്ടായിട്ടും ഭരണകൂടത്തെ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് കഴിയാത്ത അവസ്ഥ ഭീകരമാണ്. പാർലമെന്റ് പ്രവർത്തിച്ചിട്ടും പ്രതിപക്ഷത്തിന് ശബ്ദമില്ലാതാകുന്നതും കോടതികൾ നിലനിന്നിട്ടും നീതി വൈകുന്നതും മനുഷ്യാവകാശ കമ്മീഷനുകൾ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാതിരിക്കുന്നതുമാണ് യഥാർഥ ജനാധിപത്യ പ്രതിസന്ധി. ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉയർത്തുന്ന ഏറ്റവും അസ്വസ്ഥജനകമായ മുന്നറിയിപ്പും ഇതുതന്നെയാണ്.
