മൃദുവിൽനിന്ന്​ അപകടകരമായ ജനപ്രിയതയിലേക്കാണ്​ ഹിന്ദുത്വയുടെ സഞ്ചാരം

നമ്പൂതിരി, നായർ, ഈഴവ/തിയ്യ വിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനം കൂടുന്നുണ്ട്. മാത്രമല്ല, ദളിത് വിഭാഗങ്ങളിലും മറ്റ് ചെറു സമുദായങ്ങളിലും സ്വാധീനം ഉറപ്പിക്കാനുളള നിരന്തര ശ്രമം അവർ നടത്തുന്നുമുണ്ട്. അതായത്, വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെതന്നെ ഹിന്ദുത്വരാഷ്ടീയം പങ്കുവെക്കാൻ കഴിയുന്ന വിശ്വാസ രാഷ്ട്രീയത്തിന്റെ ഇടം കേരളത്തിൽ രൂപപ്പെടുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതം ചെറുതല്ല.

ഴിഞ്ഞ സംസ്​ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയവും വോട്ടുചോർച്ചയും കേരളീയ സമൂഹത്തിൽ സംഘപരിവാർ സംഘടനകളുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയായി പലരും കണക്കാക്കുന്നുണ്ട്. അത്തരമൊരു നിഗമനത്തിൽ എത്തിച്ചേരുന്നതിന് വേണ്ടത്ര സമയമായിട്ടില്ല എന്നുതോന്നുന്നു. കാരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപുറത്ത് ആശയപരമായ സ്വാധീന ശക്തിയായി അവർ സജീവ സാന്നിധ്യമാണ് എന്നത് അവഗണിക്കാൻ കഴിയാത്ത യാഥാർഥ്യമാണ്.

സംഘപരിവാർ ഉത്പാദിപ്പിക്കുന്ന പല ഹിന്ദുത്വ ആശയങ്ങൾക്കും ഹിന്ദു സമൂഹങ്ങൾക്കുളളിൽ വലിയ സ്വീകാര്യത ലഭിക്കുന്ന അവസ്ഥ കേരളത്തിലും നിലനിൽക്കുന്നുണ്ട്. ഹിന്ദുയിസത്തിൽനിന്ന് വ്യത്യസ്തമായ എന്നാൽ അതുമായി ബന്ധമുളള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായാണ് ഹിന്ദുത്വം. ഇതിന് ലഭിക്കുന്ന സ്വീകാര്യതയെ ജനപ്രിയത എന്ന സങ്കൽപ്പനത്തിന്റെ സഹായത്തോടെ മനസിലാക്കാനുളള ശ്രമമാണ്​ ഈ ​ലേഖനം. ജനപ്രിയ സംസ്കാരം (Popular culture), ജനപ്രിയവാദം (Populism) എന്നിവ സംസ്കാരത്തേയും രാഷ്ട്രീയത്തേയുമൊക്കെ മനസിലാക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ടല്ലോ. ഈ സങ്കൽപ്പനങ്ങളുടെ വിശദമായ ചർച്ച ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നില്ല. മറിച്ച് ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണത്തെ മനസിലാക്കാനുളള ഉദ്യമമാണിത്. ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണം എന്നാൽ എന്താണ്? ആരൊക്കെയാണ് അവ സ്വീകരിക്കുന്നത്? എങ്ങനെയാണ് അതിന്റെ പടർച്ച സാധ്യമാവുന്നത്? തുടങ്ങിയവ ചുരുക്കത്തിൽ പരിശോധിക്കുകയാണ് ലേഖനത്തിൽ.

രാഷ്ട്രീയ പാർട്ടികളിലും ജാതി വിഭാഗങ്ങളിലും പെട്ടവരിലും, ചെറു രാഷ്ട്രീയ- സാംസ്കാരിക സംഘങ്ങളിലും ഹിന്ദുത്വ ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രത്യേകത, ഇത്തരം ആശയങ്ങൾ സ്വീകരിക്കുന്നവർ മുഴുവനും സംഘപരിവാർ അനുയായികളോ, അവർക്ക് വോട്ട്ചെയ്യുന്നവരോ ആവണമെന്നില്ല എന്നതാണ്. സംഘടനാതിർത്തികൾക്കതീതമായി സംഭവിക്കുന്ന ഹിന്ദുത്വ ആശയങ്ങളുടെ വ്യാപക ഉപഭോഗമാണ് ഈ വിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്.

എന്താണ് ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണം എന്നതിൽ വ്യക്തത ഉണ്ടാകുന്നത് നന്നായിരിക്കും. ഹിന്ദുയിസത്തോടും, ഇതര മതങ്ങളോടും, ഹിന്ദു ദേശീയ വാദികളായ ആർ.എസ്.എസും, പരിവാർ സംഘടനകളും വെച്ചുപുലർത്തുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുളള ആശയങ്ങൾ അച്ചടി, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ മുതലായവയിലൂടെ അവരുടെ സംഘടനാ സംവിധാനങ്ങൾക്കും അനുയായി വൃന്ദങ്ങൾക്കും പുറത്ത് വ്യാപകമായി സ്വീകര്യമാക്കുന്ന/പ്രചരിപ്പിക്കുന്ന പ്രക്രിയയാണ് ഹിന്ദുത്വയുടെ ജനപ്രിയവൽക്കരണം എന്ന് ചുരുക്കിപ്പറയാം. ഇതരമത വിദ്വേഷം (പ്രധാനമായും മുസ്​ലിം വിരുദ്ധത), അതിനായുളള അവാസ്തവ പ്രചാരണം, ഹിന്ദു പുരാവൃത്തങ്ങളെയും വിശ്വാസങ്ങളെയും രാഷ്ടീയ സ്വഭാവത്തോടെ വ്യാഖ്യാനിക്കൽ തുടങ്ങിയവ ഈ ഗണത്തിൽ വരുന്നവയാണ്. സാമാന്യമായി നാം മനസിലാക്കുന്ന, ജനങ്ങൾ ആചരിച്ചുവരുന്ന ഹിന്ദു വിശ്വാസങ്ങളിൽനിന്ന് വ്യത്യസ്തമായതും രാഷ്ടീയ സ്വഭാവമുളളതുമായ ആശയങ്ങൾ, അടയാളങ്ങൾ എന്നിവ പ്രചരിപ്പിക്കലും ഇതിന്റെ പ്രത്യേകതയാണ് (ഉദാ: രാമജന്മ ഭൂമി വിഷയവുമായി ബന്ധപ്പെട്ട്​ പ്രചരിപ്പിക്കപ്പെട്ട വില്ലുകുലച്ച് നിൽക്കുന്ന തേരേറിയ രാമന്റെ ചിത്രങ്ങൾ).

മുകളിൽ വിവരിച്ചതരം ആശയങ്ങൾ ആർ.എസ്.എസിനെ സംബന്ധിച്ച് പുതിയതല്ല. അതിന്റെ ആരംഭം മുതൽ ഇത് കാണാം. പിന്നെ എന്താണ് ഇതിൽ പുതിയതായി ഉളളത്? എങ്ങനെയാണിത് ജനപ്രിയവൽക്കരണമാകുന്നത്? ഇതിലെ പുതുമ ഉളളടക്കത്തിലല്ല ഹിന്ദുത്വ ആശയങ്ങളുടെ വ്യാപനത്തിലും അതിനുപയോഗിക്കുന്ന രീതികളിലും, പ്രയോഗത്തിന്റെ മാറിയ സാമൂഹിക-സാമ്പത്തിക സന്ദർഭത്തിലുമൊക്കെയാണ്. ജനങ്ങൾ ഇത്തരം ആശയങ്ങൾ വ്യാപകമായി ഉപഭോഗിക്കുന്നതോടെയാണ് അവ ജനപ്രിയമാകുന്നത്. അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയവയിലേക്കുളള ഫലപ്രദമായ നുഴഞ്ഞുകയറ്റവും, സംഘടിതമായ പ്രവർത്തനവും ഹിന്ദുത്വയുടെ ജനപ്രിയവൽക്കരണത്തെ നിർമ്മിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായിക്കാണാം.

മൃദുഹിന്ദുത്വം എന്ന് വിളിക്കപ്പെടുന്ന പ്രവണതയിൽനിന്ന്​ ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണത്തെ വേറിട്ട് കാണണം, എന്നാൽ അവക്ക്​ പരസ്പര ബന്ധമുണ്ടുതാനും. മൃദുഹിന്ദുത്വം എന്നത് ഒരു സമീപനമാണ്. ഹിന്ദുദേശീയതയുടെ ആശയങ്ങൾക്ക് സമാനമായ, അതിനോട് ചേർന്നുനിൽക്കുന്ന നിലപാടുകൾ രാഷ്ട്രീയമായി സ്വീകരിക്കുന്നതിനെ നമുക്ക് മൃദുഹിന്ദുത്വം എന്ന് വിളിക്കാമെന്നുതോന്നുന്നു. ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണം മൃദുഹിന്ദുത്വത്തിന് ആക്കം കൂട്ടുന്ന പ്രവണതയാണ്. ക്രിസ്റ്റഫർ ജഫ്രലോട്ടിനെപോലുളള ചിന്തകർ ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

ഉളളടക്കത്തിന്റെ സ്വഭാവം

ഹിന്ദുത്വത്തിന്റെ പ്രകടമായ രണ്ട്സ്വഭാവങ്ങൾ 1) അപരമത വിദ്വേഷവും 2) ഹിന്ദു സമൂഹങ്ങളുടെ ഏകീകരണ വാദവുമാണ്. ഇവയെ വ്യാപകമായി ജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കുമ്പോഴാണ് ജനപ്രിയവൽക്കരണമാകുന്നത്. ആദ്യത്തേതിൽ മുസ്​ലിം വിരുദ്ധതയാണ് മുഖ്യ സ്വഭാവം. ആഗോള ഇസ്​ലാമിക തീവ്രവാദത്തെ ചൂണ്ടിക്കാണിച്ച്​ നമ്മുടെ നാട്ടിലേയും, അയൽ പക്കങ്ങളിലേയും മുസ്​ലിംകൾക്കുമേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുക, ഭീകരവാദികൾ തൊട്ടടുത്തവീട്ടിൽ താമസിക്കുന്നു, അവർ നാട്ടിലുടനീളം ഭീകരപ്രവർത്തനം നടത്തുന്നു തുടങ്ങിയ ഭയം ഉൽപ്പാദിപ്പിക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. മുസ്​ലിംകൾ കലാപകാരികളാണ്, തീവ്രവാദികളാണ്, വിശ്വസിക്കാൻ കൊളളാത്തവരാണ്, രാജ്യസ്നേഹമില്ലാത്തവരാണ്, അവർക്ക് മതേതര സർക്കാരുകൾ വഴിവിട്ട സാമ്പത്തിക സഹായം ചെയ്യുന്നു, മദ്രസ അദ്ധ്യാപകർക്ക്​ അനർഹമായി സഹായം നൽകുന്നു എന്നുതുടങ്ങി നിരവധി ആ‍ഖ്യാനങ്ങൾ ഇതിൽപ്പെടുന്നു. അപരമത വിദ്വേഷത്തിൽനിന്ന് ക്രിസ്ത്യാനികളും ഒഴിവാക്കപ്പെടുന്നില്ല. മലബാറിൽ മുസ്​ലിം വിദ്വേഷത്തിന് പ്രാമുഖ്യം നൽകുമ്പോൾ, മദ്ധ്യകേരളത്തിൽ അത് ക്രിസ്ത്യാനികളെ ലക്ഷ്യംവെക്കുന്നു. എന്നാൽ രസകരമായ വസ്തുത കേരളത്തിൽ ക്രിസ്ത്യാനികൾക്കിടയിലും മുസ്​ലിംവിരുദ്ധത സജീവമാണ് എന്നതാ‍ണ്.

രണ്ടാമത്തെ ഘടകം ഹിന്ദുക്കളുടെ രാഷ്ടീയ ഏകീകരണം ലക്ഷ്യംവെച്ച്​വിശ്വാസവുമായി ബന്ധപ്പെട്ട പ്രചാരണം നടത്തുക എന്നതാണ്. ബ്രാഹ്മണിക്കൽ ഹിന്ദുയിസത്തിന്റെ പാൻ ഇന്ത്യൻ തലക്കുടയാണ് ഇതിന് പരിവാർ സംഘടനകൾ നന്നായി ഉപയോഗിക്കുന്നത്. അവരുടെ ഭാവനയിൽ ബ്രാഹ്മണിക്കൽ ക്ഷേത്രം ഹിന്ദു സ്വത്വത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. വിവിധ ജാതി വിഭാഗങ്ങളുടെ വ്യത്യസ്തമായ ആരാധനാകേന്ദ്രങ്ങൾക്കുമേൽ ക്ഷേത്രം ഹിന്ദു സാമുദായിക സ്വത്വത്തിന്റെ ഘടകമായി മാറുന്ന കാഴ്ച സമകാലിക കേരളത്തിൽ കാണാൻ കഴിയും. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഇത്തരം ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ ആ അർഥത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്തതായിക്കാണാം.

ക്ഷേത്രങ്ങളുടെ നാശം, ക്ഷേത്ര പുനരുദ്ധാരണം, ക്ഷേത്ര സ്വത്തുക്കളുടെ വിനിയോഗം, മുതലായവയുടെ ഹിന്ദുത്വ ആഖ്യാനങ്ങൾ വലിയതോതിൽ ഇന്ന് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അതിൽ പ്രധാനമാണ് ക്ഷേത്ര സ്വത്തുക്കൾ സർക്കാർ കൊളളയടിക്കുന്നു, അവിശ്വാസികളും, ന്യൂനപക്ഷങ്ങളും ക്ഷേത്ര ഭരണം കയ്യാളുന്നു, സമ്പത്ത് ഇതര മതസ്ഥർക്കും വിതരണം ചെയ്യുന്നു തുടങ്ങിയവ. ഇത്തരം ആശയങ്ങളുടെ വ്യാപക പ്രചാരണവും അവയുടെ സ്വീകാര്യതയും കാര്യമായി വർദ്ധിച്ചതായികാണാം. അവ വ്യാപിക്കുന്നത് സംഘപരിവാർ സ്ഥാപന സംഘടനാ സംവിധാനങ്ങൾ വഴി മാത്രമല്ലെന്ന് നാം കണ്ടു, ഹിന്ദുവിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ ക്ഷേത്രങ്ങൾ, ദേവസ്ഥാനങ്ങൾ, ആശ്രമങ്ങൾ, വിശ്വാസക്രമങ്ങൾ, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനവധി രാഷ്ടീയ ആഖ്യാനങ്ങൾ നിരന്തരം പൊതുമണ്ഡലത്തിൽ സൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ഇമ്മട്ടിലുളള ആഖ്യാനങ്ങളെ ശരിയെന്ന്കരുതി ഉപഭോഗിക്കുന്ന ഒരുവിഭാഗം ഇവിടെ ഉണ്ടായി വന്നിട്ടുണ്ട്. ഇങ്ങനെയുളള ആഖ്യാനങ്ങളും, അവയുടെ പടർച്ചയും തന്നെ സംഘടിതമായ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ്. ഇതിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്.

സ്വീകാര്യത

ആരൊക്കെയാണ് ഹിന്ദുത്വ ആശയങ്ങൾ ഉപഭോഗിക്കുന്നത് എന്ന് പരിശോധിച്ചാൽ നമ്മുടെ ഉൽക്കണ്​ഠ പിന്നെയും വർദ്ധിക്കും. സംഘപരിവാർ അനുയായികൾക്കുപുറത്ത് നിരവധി പേർ ഇവ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അതിരുകളെ മുറിച്ചുകടന്ന്​, വിവിധ പാർട്ടികളിലായി ചിതറിക്കിടക്കുന്ന ഹിന്ദുവിശ്വാസികൾക്കിടയിൽ പൊതുവിൽ പങ്കുവെക്കുന്ന ഹിന്ദുത്വ ആശയങ്ങളുടെ ഇടം വളർന്നുവന്നതായിക്കാണാം. ഇത്തരത്തിൽ വിശ്വാസാധിഷ്ടിത ഹിന്ദുത്വ രാഷ്ട്രീയത്തിന് കുറേവർഷങ്ങളായി ഇതര പാർട്ടികളിലെ ഹിന്ദുവിശ്വാസികളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്.

എന്റെ ഒരു സുഹൃത്ത് തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ കാര്യം ശ്രദ്ധേയമായിരുന്നു. പരമ്പരാഗതമായി കോൺഗ്രസ് അനുഭാവികളായ ആ കുടുംബം ശബരിമല സ്ത്രീപ്രവേശന വിധിയോടനുബന്ധിച്ച് ജനം ടി.വി. കാണാൻ തുടങ്ങുന്നു. തുടർന്ന് ആ വീട്ടിലെ പ്രധാന ടി.വി. ചാനൽ അതായി മാറി. മാത്രവുമല്ല അതിപ്പൊഴും തുടരുകയും ചെയ്യുന്നു. എന്നാൽ അവരാരും പാർട്ടി മാറിയിട്ടുമില്ല. ആ കുടുംബത്തിലേക്കു വരാൻ തുടങ്ങിയ ആശയങ്ങളുടെ വലുപ്പം നമുക്കു ഊഹിക്കാവുന്നതേയുളളൂ. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ഫീൽഡിൽനിന്നുളള വിവരങ്ങളിൽനിന്ന് മനസിലാകുന്നത്. ധാരാളം ഇടതുപക്ഷ അനുയായികൾക്കിടയിലും സമാനമായ സ്വാധീനങ്ങൾ കാണാൻ കഴിയും.

ജാതി വിഭാഗങ്ങളെ പരിശോധിച്ചാലും സംഘപരിവാർ സ്വാധീനം വർദ്ധിക്കുന്നത്കാണാം. നമ്പൂതിരി, നായർ, ഈഴവ/തിയ്യ വിഭാഗങ്ങൾക്കിടയിലും ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനം കൂടുന്നുണ്ട്. മാത്രമല്ല, ദളിത് വിഭാഗങ്ങളിലും മറ്റ് ചെറു സമുദായങ്ങളിലും സ്വാധീനം ഉറപ്പിക്കാനുളള നിരന്തര ശ്രമം അവർ നടത്തുന്നുമുണ്ട്.
അതായത്, വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെതന്നെ ഹിന്ദുത്വരാഷ്ടീയം പങ്കുവെക്കാൻ കഴിയുന്ന വിശ്വാസ രാഷ്ട്രീയത്തിന്റെ ഇടം കേരളത്തിൽ രൂപപ്പെടുകയാണ്. ഇത് സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതം ചെറുതല്ല.

ഹിന്ദുത്വ ആശയങ്ങളുടെ പൊതുസ്ഥലം രാഷ്ട്രീയ ജാതി അതിരുകളെ ഭേദിച്ചുകൊണ്ട് രൂപീകരിക്കപ്പെടുന്നു എന്നതാണ് അതിൽ പ്രധാനം. ഇത്തരം സ്വാധീനങ്ങളെ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ വിമർശിക്കുന്ന ചിലർ കൊടുങ്ങല്ലൂർ ഭരണിക്ക്​ ഇത്തവണ കോഴിവെട്ടിയതിനെ പിന്തുണച്ച്​രംഗത്തുവന്നത്, അത് ബ്രാഹ്മ്ണിക്കൽ അനുഷ്ഠാനങ്ങൾക്കെതിരായ പ്രതികരണം എന്ന് വിലയിരുത്തിയാണ്. എന്നാൽ കോഴിവെട്ടിന് നേതൃത്വം നൽകിയ ആൾ പ്രത്യക്ഷത്തിൽ തന്നെ ആർ.എസ്.എസിനെ പിന്തുണക്കുകയും, അവരുടെ ആശയ പ്രചാരണം ഏറ്റെടുക്കുകയും ചെയ്​ത്​ പൊതുരംഗത്ത് സജീവമാണ്.

ഇതു കാണിക്കുന്നത് ഒരേ മട്ടിലോ, രേഖീയമായോ അല്ല ആർ.എസ്.എസ് അതിന്റെ ആശയ സ്വാധീനം വിപുലമാക്കുന്നത് എന്നാണ്. വ്യത്യസ്​ത വിഷയങ്ങളിൽ വ്യത്യസ്​ത വിഭാഗങ്ങളുടെ പിന്തുണ നേടുകയും അവരിലേക്ക് തങ്ങളുടെ വേരാഴ്ത്തുകയുംചെയ്യാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരമൊരു പരിതസ്ഥിതിയെ നന്നായി മനസിലാക്കിയ വിഭാഗം കോൺഗ്രസ് ആണെന്ന് കരുതേണ്ടിവരും. അതാണ് ശബരിമല വിഷയത്തിൽ സംഘപരിവാറിനേക്കാൾ ഒരുപടികൂടി കടന്ന് നിലപാടെടുക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇങ്ങനെ പറയുമ്പോഴും കേരളത്തിലെ ഭൂരിപക്ഷവും ഇപ്പോഴും ഈ പ്രവണതക്ക് കീഴ്പെട്ടിട്ടില്ല എന്നത് ആശാവഹമാണ്. മാത്രമല്ല വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സംഘടിതമായും, വ്യക്തിപരമായുമൊക്കെ നിരന്തരം സംഘപരിവാർ ആശയങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുമുണ്ട്. അത് കൂടുതൽ വ്യാപകവും ശക്തവുമാകേണ്ടതായുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം മാത്രമാ‍യി ചുരുക്കി നമുക്കതിൽനിന്നും മാറിനിൽക്കാൻ കഴിയില്ല. അത് പലനിലക്ക്​, പല അടരുകളിൽ തൊഴിലിടങ്ങൾ, സൗഹൃദങ്ങൾ, കുടുംബങ്ങൾ തുടങ്ങി സാധ്യമായ എല്ലാ മേഖലകളിലും സംഭവിക്കേണ്ട ദൈനംദിന പ്രവർത്തനമാണ്.

മാധ്യമങ്ങളുടെ പങ്ക്

ഹിന്ദുത്വ ആശയങ്ങളുടെ ജനപ്രിയവൽക്കരണത്തിന് പിന്നിൽ സംഘപരിവാരങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങളായ ജന്മഭൂമി പത്രമോ, കേസരിയോ അല്ല. അവയുടെ വരിക്കാരിൽ വൻ വർദ്ധനവുണ്ടായതായി കാണുന്നുമില്ല. പകരം സ്വതന്ത്രമെന്ന് പുറമേക്ക് തോന്നിക്കുന്ന വാട്സ്​ആപ്പ്, ഫേസ്​ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും, ദൃശ്യമാധ്യമങ്ങളും, പത്രങ്ങളും അടങ്ങുന്ന വിപുലമായ സംവിധാനങ്ങളാണ്. ഇങ്ങനെ മാധ്യമങ്ങളെയെല്ലാം തങ്ങൾക്കു അനുകൂലമായി മാറ്റാൻ പണമുൾപ്പെടെ എല്ലാസ്വാധീനശക്തിയും സംഘപരിവാർ ആസൂത്രിതമായി ഉപയോഗിക്കുന്നത് ഇന്നൊരു രഹസ്യമല്ല.

മലയാളത്തിലെ വാർത്താചാനലുകൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഈ മാറ്റം വ്യക്തവുമാണ്. ഒരു സംഘപരിവാറുകാരന് സ്വതന്ത്ര നിരീക്ഷകനായി മലയാളം ചാനലുകളിൽ ഇരിക്കാവുന്ന അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇന്ന് ആ സ്ഥിതി മാറുകയും അത്തരം ആളുകൾ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തിരിക്കുന്നു. യാദൃശ്ചികമായി സംഭവിച്ചതല്ല അത്, മറിച്ച് ആർ.എസ്.എസ് നുഴഞ്ഞുകയറ്റത്തിന്റെ നേർ ചിത്രമാണ്. സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട്നടന്ന മാധ്യമചർച്ചകൾ ഹിന്ദുത്വയുടെ ജനപ്രിയവൽക്കരണത്തിന്റെ മികച്ച ഉദാഹരണമാണ്.

മാധ്യമചർച്ചകൾ മുസ്​ലിം വിരുദ്ധമായ പൊതുബോധത്തിന്റെ വഴിയെ സഞ്ചരിക്കുകയും, അതിനെ ഉറപ്പിക്കുകയും ചെയ്യുന്നവയായിരുന്നു. ഇടതുപക്ഷ പൂർവകാല ചരിത്രമുളള മാധ്യമ പ്രവർത്തകരും വരെ സ്ഥാപിത- സ്​ഥാപന താല്പര്യങ്ങൾക്കനുസരിച്ച് പരിവാർ അജണ്ടക്കുവഴങ്ങിയതായി കാണാം. മാധ്യമ സ്ഥാപനങ്ങൾ മിക്കതും പരിവാർ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുമുണ്ട്. ഗോപീകൃഷ്ണന്റെ പല കാർട്ടൂണുകളും ജനപ്രിയ ഹിന്ദുത്വത്താൽ പ്രചോദിതമായ മുസ്​ലിം വിരുദ്ധതയുടെ മികച്ച ഉദാഹരണങ്ങളാണ്. വ്യാജമായ നിഷ്പക്ഷതയുടെ ലേബലിൽ ഫലപ്രദമായി നിലനിൽക്കുന്നവയാണ് അവ. ഇത് ഒരേസമയം ഉപഭോക്താക്കളേയും അവരുടെ അഭിരുചി മാധ്യമങ്ങളേയും രൂപപ്പെടുത്തുന്ന അവസ്ഥയാണുളളത്.

അതേസമയം സംഘപരിവാറിന് അനുകൂലമായ മാധ്യമങ്ങളുടെ മാറ്റത്തെ ആർ.എസ്.എസ് ഇടപെടലിന്റെ ഭാഗമായി മാത്രം സംഭവിക്കുന്ന ഒന്നായി കാണുന്നത് സങ്കുചിത വാദമായിരിക്കും. ഇന്ത്യൻ ഭരണകൂടവും മൂലധനവും തമ്മിലുളള സവിശേഷ ബന്ധത്തിന്റെ പ്രകടമായ രൂപമാണ് മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നത്. ഇത് കൂടുതൽ വിശദമായി ചർച്ചചെയ്യപ്പെടേണ്ടവിഷയമാണ്. എന്നാൽ ഈ ലേഖനം അതിലേക്ക് കടക്കുന്നില്ല.

മലയാള സിനിമയിലെ മുസ്​ലിം വാർപ്പുമാത്രുകകളെക്കുറിച്ചും, സവർണ ഹൈന്ദവ ചിഹ്നങ്ങളെക്കുറിച്ചുമൊക്കെ ധാരാളം നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. തൊണ്ണൂറുകളോടെ ഉണ്ടായിട്ടുളള നിരവധി സിനിമകൾ ഇതിന് ഉദാഹരണമാണ്. അവ ഹിന്ദുത്വത്തിന്റെ ജനപ്രിയവൽക്കരണത്തിന് സഹാ‍യിക്കുന്ന സാമൂഹികതയെ സൃഷ്ടിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഒരു ആശയം ജീവൻ വെക്കുന്നത് നിരവധിയായ പ്രകാശനോപാധികളിലൂടെയാണല്ലോ.

വ്യാജ വാർത്തകളും, ഹിന്ദുത്വ ആശയങ്ങളും പ്രചരിപ്പിക്കാൻ സംഘപരിവാരത്തിന് ഐ.ടി. സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് നമുക്കെല്ലാം അറിയാം. മികച്ച പ്രൊഫഷണലുകൾക്ക് ശമ്പളം നൽകിയാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരസ്യം നൽകുന്നത് ബി.ജെ.പി. ആണെന്ന വാർത്തകൾ നാം കണ്ടതാണ്. വിദ്വേഷപ്രചാരണം സംഘടിപ്പിക്കുന്നതിനും, അത് പ്രചരിപ്പിക്കുന്നതിനും എതിരായി നിലപാട് സ്വീകരിക്കാതെയും, അതിനെ എതിർക്കുന്നവർക്കെതിരെ നടപടിയെടുത്തും കമ്പനി അതിന്റെ ഇന്ത്യയിലെ നയം വ്യക്തമാക്കി കഴിഞ്ഞതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സ്വർണ്ണക്കടത്ത് വിവാദ കാലത്ത് നടന്ന മനോരമ ന്യൂസിലെ ഒരു ചർച്ചയിൽ നിന്ന്.

ആശയപ്രചാരണ വ്യാപനത്തിനുളള സങ്കേതങ്ങളിലേയും, അതിന്റെ രാഷ്ട്രീയത്തിന്റേയും ഇമ്മട്ടിലുളള മാറ്റങ്ങളാണ് ജനപ്രിയവൽക്കരണത്തിന്റെ മുഖ്യോപാധികളിൽ ഒന്ന്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ വാട്​സ്​ആപ്പിന്റെ പങ്ക് ഏതാണ്ട് വ്യക്തമാണ്. നമ്മുടെ കുടുംബ ഗ്രൂപ്പുകളിലും, മറ്റുപലതരം വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിലും വന്നുനിറയുന്ന സന്ദേശങ്ങളിൽ വലിയതോതിൽ ഹിന്ദുത്വ ആശയങ്ങളുടെ ഉളളടക്കം കാണാം. സർക്കാർ ജീവനക്കാരുടേയും, അവരുടെ സംഘടനകളുടേയുമൊക്കെ ഗ്രൂപ്പുകളിൽ ഇവ സജീവമാണ്. ഇടത് ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെടുന്ന ഇത്തരം വാർത്തകളെക്കുറിച്ചും, അവ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചും ചില സുഹൃത്തുകൾ സംസാരിക്കുന്നത് പതിവാണ്. ഇതിൽ സംഘടനാ നേതൃത്വത്തിലുളളവർ വരെ ഉണ്ടെന്നതാണ് യാഥാർഥ്യം. സംഘപരിവാറിന്റെ ലേബലിൽ അല്ല പലപ്പോഴും ഇവ പ്രചരിക്കുന്നത് എന്നതുകൊണ്ട് അവ എളുപ്പത്തിൽ സ്വീകാര്യമാകുകയും ചെയ്യുന്നു. സംഘടനാപരമായി സംഘപരിവാർ അല്ലാതിരിക്കുമ്പോഴും ആശയപരമായി ഹിന്ദുത്വ ആകുന്ന ആപൽക്കരമായ അവസ്ഥയാണിത്.

കേരളത്തിൽ നടക്കുന്ന ഹിന്ദുത്വ ആശയങ്ങളുടെ അപകടകരമായ ജനപ്രിയവൽക്കരണത്തെക്കുറിച്ച് സൂചന നൽകാനാണ് ശ്രമിച്ചത്. മുൻപ് തന്നെ പലരും ചൂണ്ടിക്കാണിച്ച ഹിന്ദുത്വ ആശയങ്ങളുടെ പ്രത്യേകതകൾ ഇപ്പൊൾ ജനപ്രിയവൽക്കരണം എന്ന പുതിയ പ്രവണതയിൽ എത്തിനിൽക്കുന്നത് പരിചയപ്പെടുത്തുകയായിരുന്നു. ആത്മരതിയിലൂന്നിയ കേരളത്തെക്കുറിച്ചുളള വിലയിരുത്തലുകൾക്കും, പുകഴ്ത്തലുകൾക്കും, പൊയ്‌വിചാരങ്ങൾക്കുമപ്പുറം പേടിയുണർത്തുന്ന അവസ്ഥ നിലനിൽക്കുന്നു എന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ മാത്രമേ സമകാലികതയിൽ ഫലപ്രദമായി നമുക്ക് പ്രവർത്തിച്ചു തുടങ്ങാനാവൂ.


Comments