ഇന്ത്യയിൽ നിലനിന്നിരുന്ന തെരഞ്ഞെടുപ്പു രീതികളിലും നിർവ്വഹണത്തിലും നിയമങ്ങളിലും ഏകപക്ഷീയമായി ഇടപെട്ടുകൊണ്ടുള്ള പൊളിച്ചെഴുത്തായിരുന്നു 2025 ജൂൺ 24 ന് ബീഹാർ നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർപ്പട്ടിക പരിഷ്ക്കരണം (S. I. R). ഏതൊരു ഇന്ത്യൻ പൗരനും 18 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 326 പറയുന്നു. ഈ സ്വഭാവിക വോട്ടിങ് അവകാശത്തെ അയോഗ്യമാക്കാനുള്ള മാനദണ്ഡങ്ങൾ 1950- ലെ ജനപ്രതിനിധ്യ നിയമത്തിന്റെ സെക്ഷൻ 16 നിർവ്വചിക്കുന്നു. ഇന്ത്യൻ പൗരരല്ലാത്തത്, മാനസികമായ അസ്ഥിരാവസ്ഥ, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമമോ അഴിമതിയോ കാരണമാക്കിയുള്ള അയോഗ്യത, മറ്റ് അപൂർവ അവസരങ്ങളിൽ വോട്ട് ചെയ്യാൻ അയോഗ്യരാക്കപ്പെടുന്നത് എന്നിവ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
എന്നാൽ 2024- ലെ പൊതുതെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യമാക്കി നീങ്ങിയ ബി.ജെ. പിയെ കേവലഭൂരിപക്ഷത്തിന് താഴെ നിർത്താൻ ഇന്ത്യ സഖ്യത്തിന് സാധിച്ചു. ഈ പശ്ചാത്തലത്തിൽ കൂടെയാണ് SIR പദ്ധതിയുടെ തുടക്കം. ഇത് കേവലം വോട്ടർപട്ടിക ശുദ്ധീകരണമല്ല, മറിച്ച് തങ്ങൾക്കു വോട്ട് ചെയ്യാത്ത വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച്, അവരുടെ വോട്ടവകാശം നിഷേധിക്കലായിരുന്നു. ഇത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
എസ്.ഐ. ആർ നടന്ന പല സംസ്ഥാങ്ങളിലും പല മാനദണ്ഡങ്ങളാണ് കമ്മീഷൻ സ്വീകരിച്ചത്. മറ്റൊരിടത്തും ഇല്ലാത്ത യുക്തിപരമായ പൊരുത്തക്കേട് (Logical discrepancy) എന്ന കാറ്റഗറി വഴി അർഹരായ 27 ലക്ഷം പേർക്ക് പശ്ചിമ ബംഗാളിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഇവർ അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പിന് മുന്നേ വോട്ടവകാശം പുനഃസ്ഥാപിക്കപ്പെട്ടില്ല. പശ്ചിമ ബംഗാളിലെ അർഹരായ 27 ലക്ഷം മനുഷ്യരുടെ അടിസ്ഥാന ജനാധിപത്യ അവകാശം നിഷേധിച്ചു നടന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി ബി.ജെ.പി അവിടെ അധികാരത്തിലേറി.

ദ വയർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 13 സംസഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 5 കോടി വോട്ടർമാരാണ് വെട്ടിമാറ്റപ്പെട്ടത്, 16 സംസ്ഥാങ്ങളിൽ SIR പുരോഗമിക്കുന്നു.
പല സംസ്ഥാനങ്ങളിലും വോട്ടവകാശം മാത്രമല്ല, വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിപ്പോയതിന്റെ പേരിൽ റേഷൻ ഉൾപ്പെടെയുള്ള പ്രാഥമിക അതിജീവന ആനുകൂല്യങ്ങളും സർക്കാർ ക്ഷേമ പദ്ധതി ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. രാജ്യം അടുത്തിടെ കണ്ട വലിയ മാനവിക പ്രതിസന്ധിയായി ഇത് മാറി.
ഈയിടെ ദ ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്ററും കേരളത്തിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ SIR മൂലം തടസ്സപ്പെട്ടു. അദ്ദേഹത്തിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കിയതിനെ തുടർന്ന് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് ക്ലിയറൻസ് നൽകാൻ കൊൽക്കത്ത പൊലീസ് വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. "യുക്തിപരമായ പൊരുത്തക്കേട്" (logical inconsistency) ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ദരിദ്രരെയും ലക്ഷ്യമിട്ട് "സംശയാസ്പദ പൗരർ" എന്നൊരു വിഭാഗത്തെ നിർമ്മിച്ചെടുക്കാനാണ് SIR- ലൂടെ ഉദ്ദേശിക്കുന്നത്.
ഓരോ വോട്ടിനും തുല്യ മൂല്യമെന്ന തത്വം അടിസ്ഥാനമാക്കിയുള്ള സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തിനെതിരെയുള്ള ആക്രമണമാണ് SIR. ആർ. രാജഗോപാലിന്റെ അനുഭവം SIR-ന്റെ യഥാർത്ഥ സംഘ്പരിവാർ അജണ്ട തുറന്നുകാട്ടുന്നു. ഭരണഘടനാപരമായ ഉറപ്പുകളും സംരക്ഷണങ്ങളും ഇല്ലാതാക്കുക, പൗരാവകാശങ്ങളെയും പൗരത്വത്തെയും സംശയനിഴലിലാക്കുക, ജനങ്ങളെ നിരന്തരമായ സർക്കാർ നിരീക്ഷണത്തിനും അനിശ്ചിതത്വത്തിനും വിധേയരാക്കുക എന്നിവയാണ് അതിന്റെ ലക്ഷ്യം. RSS മുന്നോട്ടുവയ്ക്കുന്ന "ആഭ്യന്തര ശത്രുക്കൾ" എന്ന പ്രത്യയശാസ്ത്രപരമായ സങ്കൽപ്പത്തിന് അനുസൃതമായി ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ദരിദ്രരെയും ലക്ഷ്യമിട്ട് "സംശയാസ്പദ പൗരർ" എന്നൊരു വിഭാഗത്തെ നിർമ്മിച്ചെടുക്കാനാണ് ഈ നടപടി ഉദ്ദേശിക്കുന്നത്.
സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) എന്ന പ്രക്രിയയും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ഇടപെടലുകളും ഒരു കാര്യം വ്യക്തമാക്കുന്നു: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും പൗരാവകാശങ്ങളും- പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും സർക്കാർ സംവിധാനത്തിന്റെ അരികുകളിൽ ജീവിക്കുന്ന ദരിദ്രർമുള്ള അവകാശങ്ങൾ- ദുർബലപ്പെടുത്തുന്ന ഒരു നടപടിയാണിത്.

ഇന്ത്യയുടെ ചരിത്രത്തിലുടനീളം, ഭരണ- ഉദ്യോഗസ്ഥ സംവിധാനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരോടാണ് ഏറ്റവും കർക്കശവും നീതിരഹിതവുമായ സമീപനം സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ സമീപകാല ഉദാഹരണമാണ് നോയിഡയിലെയും മനേസറിലെയും തൊഴിലാളി സമരങ്ങൾ. വേതനവർധന ആവശ്യപ്പെട്ട തൊഴിലാളികൾക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തുകയും, പ്രതിഷേധങ്ങളിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്തവരെപ്പോലും ജയിലിലടക്കുകയും ചെയ്ത സംഭവങ്ങൾ, ഭരണ-നിയമ സംവിധാനങ്ങൾ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ എങ്ങനെ അസമമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. എസ്.ഐ.ആറിനെയും ഇതിന്റെ തുടർച്ചയിൽ തന്നെ വേണം വായിക്കാൻ.
നിയമനിർമാണം നടത്തി, കൃത്യമായ ഭരണഘടനാ ചട്ടക്കൂടുകളിലൂടെ, നിയമപരിരക്ഷ വാഗ്ദാനം ചെയ്ത് എല്ലാവർക്കും സ്ഥിരമായ നേറ്റിവിറ്റി കാർഡ് (Nativity Card) കേരളം അവതരിപ്പിച്ചത് ശ്രദ്ധേയ നടപടിയായിരുന്നു. ന്യൂനപക്ഷങ്ങളെയും, ദുർബലരെയും ഇത് ഘടനാപരമായി ശക്തിപ്പെടുത്തുമെന്നും പ്രതിരോധിക്കുമെന്നും ഉറപ്പു നൽകി. ഭരണഘടനയുടെ ആത്മാവിനും സംസ്ഥാനത്തിന്റെ അധികാരപരിധിക്കുമനുസൃതമായ ഇടപെടലായിരുന്നു ഇത്. എന്നാൽ, ഈ നീക്കത്തിന് രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനും ജനകീയമാക്കാനും അരക്ഷിതാവസ്ഥ മറികടക്കും വിധമുള്ള വിശാലമായ രാഷ്ട്രീയ പ്രതിരോധമാക്കി മാറ്റാനും ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ ശക്തികൾക്ക് എത്രത്തോളം കഴിയുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ്, എസ്.ഐ.ആറിനെതിരായ നേറ്റിവിറ്റി കാർഡ് എന്ന നടപടിയുടെ ദീർഘകാല ഫലപ്രാപ്തി.
ആധാർ മുതൽ പാസ്‌പോർട്ട് വരെ ഇന്ത്യൻ പൗരരുടെ കൈവശമുള്ള രേഖകളുടെ നിയമസാധുതയും പര്യാപ്തതയും കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുന്ന കാലഘട്ടത്തിലാണ് രാജ്യത്തെ പൗരർ ഇന്ന് ജീവിക്കുന്നത്.
ആധാർ മുതൽ പാസ്‌പോർട്ട് വരെ ഇന്ത്യൻ പൗരരുടെ കൈവശമുള്ള രേഖകളുടെ നിയമസാധുതയും പര്യാപ്തതയും കേന്ദ്ര സർക്കാർ ചോദ്യം ചെയ്യുന്ന കാലഘട്ടത്തിലാണ് രാജ്യത്തെ പൗരർ ഇന്ന് ജീവിക്കുന്നത്. നാളിതുവരെ പൗരത്വത്തിന്റെയും അവകാശങ്ങളുടെയും തെളിവായി കണക്കാക്കിയിരുന്ന രേഖകൾ ഇന്ന് സ്ഥിരതയില്ലാത്തതും, ഏതുനിമിഷവും വീണ്ടും പരിശോധനയ്ക്കോ സംശയത്തിനോ വിധേയമാകാവുന്നതുമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ രേഖകളുടെ വിശ്വാസ്യത ദുർബലപ്പെടുന്നു.
കർണാടകയിൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായതുപോലെ തന്നെ, എസ്.ഐ.ആറിനെതിരെ പൗരസമൂഹ സംഘടനകൾ ബോധവത്കരണ പ്രവർത്തനങ്ങളും ജനകീയ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ SIR നടപടിക്രമങ്ങളിലേക്ക് ഉൾപ്പെടുത്തുകയും, അവരെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയെ ചെറുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ.
കേരളത്തിലും സമാന ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫിനും യു.ഡി.എഫിനും കീഴിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ജനങ്ങളുമായി ശക്തമായ സംഘടനാബന്ധമുള്ളതിനാൽ, ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താൻ താരതമ്യേന കൂടുതൽ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷമുള്ള അവലോകനത്തിൽ LDF, എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും ഇലക്ഷനിൽ പ്രതിഫലിച്ചു എന്ന് വിലയിരുത്തിയിട്ടുണ്ട്, കേരളത്തിലെ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ചർച്ച ചെയ്യപ്പെട്ടു. എസ്.ഐ.ആറിന്റെ മനഃശാസ്ത്രപരവും രാഷ്ട്രീയവുമായ സ്വാധീനവും LDF വിലയിരുത്തലുകളിൽ കാണാം. പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലുണ്ടായ തീവ്രമായ അരക്ഷിതബോധം യു.ഡി.എഫിനനുകൂലമായി വോട്ടുകൾ ഏകോപിപ്പിക്കാൻ സഹായിച്ചുവെന്ന വിലയിരുത്തലും അവർ മുന്നോട്ടുവച്ചു.

അതേസമയം, പൗരത്വഭേദഗതി നിയമം (CAA), എൻ.ആർ.സി (NRC), എസ്.ഐ.ആർ എന്നിവയെ കേരളത്തിലെ ഇടതുപക്ഷനേതൃത്വം പ്രധാനമായും ഭരണനടപടികളെന്ന നിലയ്ക്കാണ് സമീപിച്ചത്. സംസ്ഥാനത്തിന്റെ അധികാരവും ഭരണപരമായ ഇടപെടലുകളും ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങളെ മറികടക്കാമെന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടത്. ഇതിന്റെ ഫലമായി വിശാലമായ രാഷ്ട്രീയ പ്രക്ഷോഭത്തിനും പൊതുചർച്ചയ്ക്കുമുള്ള സ്പെയ്സ് രൂപപ്പെടുത്തിയെടുക്കാനായോ എന്ന കാര്യം കൂടി പരിശോധിക്കപ്പെടണം.
നേറ്റിവിറ്റി കാർഡ് അവതരിപ്പിച്ചത് തീർച്ചയായും അഭിനന്ദനാർഹമായ നീക്കമാണ്. എന്നാൽ, അതിന് ശക്തമായ രാഷ്ട്രീയ പ്രചാരണവും ജനകീയ പിന്തുണയും കൂടിയുണ്ടെങ്കിലേ അത് ദീർഘകാല പ്രതിരോധത്തിന്റെ ഫലപ്രദമായ ആയുധമായി മാറുകയുള്ളൂ. ഈ രാഷ്ട്രീയ പിന്തുണയുടെ അഭാവം തന്നെയാണ് എസ്.ഐ.ആറും നാറ്റിവിറ്റി കാർഡും കേരളത്തിലെ മുഖ്യധാരാ പൊതുചർച്ചകളിൽ വേണ്ടത്ര സ്ഥാനം നേടാതിരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
എം.പിമാരെയും സർക്കാരിനെയും തെരഞ്ഞെടുത്ത വോട്ടർമാരുടെ പൗരത്വം തന്നെ "സംശയാസ്പദം" ആണെങ്കിൽ, ആ സർക്കാരും പാർലമെന്റും അതുപോലെ തന്നെ സംശയാസ്പദമാണ്.
ജനം സർക്കാരിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം; സർക്കാർ ജനങ്ങളെ (വോട്ടർമാരെ) തെരഞ്ഞെടുക്കലല്ല. ഭരണഘടനയെ അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യാനുള്ള സന്നദ്ധതയാണ് പൗരത്വത്തിന്റെ യഥാർത്ഥ അടിസ്ഥാനം. അത് രേഖകളുടെ അപര്യാപ്തതയും മറ്റും ചൂണ്ടിക്കാട്ടി സംശയാസ്പദമാക്കുകയല്ല വേണ്ടത്.
ജനം വോട്ട് ചെയ്താണ് സർക്കാരിനെയും പാർലമെന്റിനെയും തെരഞ്ഞെടുക്കുന്നത്. എം.പിമാരെയും സർക്കാരിനെയും തെരഞ്ഞെടുത്ത വോട്ടർമാരുടെ പൗരത്വം തന്നെ "സംശയാസ്പദം" ആണെങ്കിൽ, ആ സർക്കാരും പാർലമെന്റും അതുപോലെ തന്നെ സംശയാസ്പദമാണ്. അങ്ങനെയെങ്കിൽ സർക്കാർ രാജിവെക്കുമോ എന്ന് തീർച്ചയായും ചോദിക്കാം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് രേഖകളുടെ പേരിൽ നമ്മുടെ പൗരത്വത്തെയോ ഈ രാജ്യവുമായുള്ള നമ്മുടെ ബന്ധത്തെയോ ചോദ്യം ചെയ്യാൻ യാതൊരു അവകാശവുമില്ല എന്നതാണ് ഭരണഘടനയുടെ കാതൽ.

ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് "ഇന്ത്യയിലെ ജനങ്ങളായ നാം" എന്ന നിർണായക പ്രഖ്യാപനത്തോടെയാണ്. എല്ലാ അധികാരവും ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്; ജനങ്ങളാണ് ഇന്ത്യയുടെ പരമാധികാരത്തിന്റെ അടിത്തറ. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനം സർക്കാരുകളെ തെരഞ്ഞെടുക്കുന്നു; ഭരണഘടനയെ സംരക്ഷിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ കടമയാണ്.
ജനം സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ഈ ജനാധിപത്യബന്ധം പൂർണമായും തലകീഴായി മറിച്ചിരിക്കുകയാണ്, മോദി സർക്കാർ. സർക്കാർ നിരന്തരം ജനങ്ങളോട് തെളിവുകൾ ആവശ്യപ്പെടുന്നത് ഇതുകൊണ്ടാണ്. നോട്ട് നിരോധനകാലത്ത് സ്വന്തം പണം നിയമാനുസൃതമാണെന്ന് തെളിയിക്കേണ്ട ബാധ്യത ജനങ്ങളിലായി. പിന്നീട്, UAPA പോലുള്ള നിയമങ്ങളിലൂടെ തങ്ങൾ ഭീകരരോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോ അല്ലെന്ന് തെളിയിക്കേണ്ട സാഹചര്യം സൃഷ്ടിച്ചു. ഇപ്പോൾ CAA- NRC- SIR തുടങ്ങിയ നടപടികളിലൂടെ ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങൾക്കുമേൽ, തങ്ങൾ നിയമാനുസൃത പൗരരാണെന്ന് തെളിയിക്കാനുള്ള ബാധ്യത ചുമത്തുകയാണ്.
പൗരത്വത്തെ ചോദ്യം ചെയ്യുക എന്നത് മനുഷ്യാവകാശങ്ങൾ എടുത്തുകളയുന്നതിനുള്ള ആദ്യ പടിയാണ്, നിയമത്തിന്റെ സംരക്ഷണത്തിന് പുറത്തേക്ക് അവരെ തള്ളിവിടുന്നതിനുള്ള വഴിയാണ്.
പൗരത്വത്തെ ചോദ്യം ചെയ്യുക എന്നത് മനുഷ്യാവകാശങ്ങൾ എടുത്തുകളയുന്നതിനുള്ള ആദ്യ പടിയാണ്, നിയമത്തിന്റെ സംരക്ഷണത്തിന് പുറത്തേക്ക് അവരെ തള്ളിവിടുന്നതിനുള്ള വഴിയാണ്. പൗരത്വത്തെ വിഭാഗീയമായി പുനർനിർവചിക്കുന്ന സമീപകാല സംഭവവികാസങ്ങൾ, ജൂതരുടെ നിയമപരമായ അവകാശങ്ങൾ കവർന്നെടുത്ത നാസി ജർമ്മനിയിലെ ന്യൂറംബർഗ് നിയമങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇത്തരം നടപടികൾക്കുമുമ്പ് അവർ ലക്ഷ്യമിട്ട ജനവിഭാഗത്തെ രാജ്യത്തിന്റെ ശത്രുക്കളായും ദേശീയതയുടെ അപരന്മാരായും ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം തീവ്രമാക്കിയിരുന്നു എന്ന കാര്യം ഓർക്കുക. ഇന്ത്യയിലും അത് അതേപടി ആവർത്തിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ "നുഴഞ്ഞുകയറ്റക്കാർ" എന്ന് മുദ്രകുത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങളും, ചരിത്രം പുതുക്കിയെഴുതലും, പാഠപുസ്തകങ്ങളിലെ വർഗീയ ഉള്ളടക്കങ്ങളുമെല്ലാം, ന്യൂനപക്ഷ വിവേചനത്തിന് അനുകൂലമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. വിഭജനവും ഒഴിവാക്കലും ലക്ഷ്യമിടുന്ന അജൻഡകൾക്ക് നിയമപരവും ഭരണഘടനാപരവുമായ സാധുത നൽകാനുള്ള മറ്റൊരു ചുവടുവെപ്പാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുള്ള സർക്കാർ നീക്കം. സുപ്രീംകോടതി തന്നെ എസ്. ഐ. ആറിന്റെ ഭരണഘടനാസാധുത ഉയർത്തിപ്പിക്കുകയും, വോട്ടർമാരെ നിശ്ചയിക്കുന്നതിനായി പൗരത്വനിർണ്ണയത്തിൽ കമ്മീഷന് ഇടപെടാൻ അധികാരമുണ്ട് എന്ന് പ്രസ്താവിക്കുകയും ചെയ്തതോടെ സമരവും ചെറുത്തുനിൽപ്പുമല്ലാതെ ജനങ്ങൾക്കുമുന്നിൽ മറ്റു വഴികളില്ലാതായിരിക്കുന്നു.

ഈ സന്ദർഭം ഡോ. ബി. ആർ. അംബേദ്കർ പങ്കുവെച്ച ദീർഘദർശിയായ മുന്നറിയിപ്പിനെ ഓർമ്മിപ്പിക്കുന്നു. 1940-ൽ അദ്ദേഹം എഴുതി:
"ഹിന്ദു രാജ് യാഥാർഥ്യമാകുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും."
സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വിരുദ്ധമായ ഭരണക്രമമായിരിക്കും ഹിന്ദു രാജ് എന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്ലിംകൾക്ക് മാത്രമല്ല, ദലിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും കർഷകർക്കും അത് വലിയ ഭീഷണിയായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായ ജനാധിപത്യം സംരക്ഷിക്കാനും ഭൂരിപക്ഷാധിപത്യത്തെയും ഫാഷിസത്തെയും ഏകാധിപത്യ പ്രവണതകളെയും ചെറുക്കാനും തുല്യ പൗരത്വം ഇല്ലാതാകുന്നത് തടയാനും ഇന്ത്യയ്ക്കുമുന്നിൽ ഇപ്പോഴും സാധ്യതകളുണ്ട്, ഭരണഘടനയെ മുൻനിർത്തിയുള്ള അപാരമായ സാധ്യത. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ അങ്ങനെ മാത്രമേ കാത്തുസൂക്ഷിക്കാൻ കഴിയുകയുള്ളൂ.
