ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നീറ്റ് പരീക്ഷാനടത്തിപ്പ് അടക്കം വിദ്യാഭ്യാസമേഖലയിലുണ്ടായ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻെറ രാജിയോടെയാണ് അവസാനിച്ചത്. ഇതിന് പിന്നാലെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പ്രതികാരനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പൊലീസ്. ഡൽഹിയിലും മറ്റ് പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ പ്രായപൂർത്തിയാവാത്തവരെയെല്ലാം എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി പോലീസ് ഇതിനോടകം തന്നെ 20 കേസുകളിൽ വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പേർക്കെതിരെ വധശ്രമത്തിനും 12 പേർക്കെതിരെ കലാപശ്രമത്തിനുമാണ് കേസെടുത്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വിദ്യാർത്ഥികൾക്കെതിരെ കൂടുതലായി കേസുകളെടുക്കാനുള്ള ശ്രമം നടന്നത്. ഡൽഹിക്ക് പുറമെ പശ്ചിമ ബംഗാൾ, ബിഹാർ, ആസ്സാം എന്നിവിടങ്ങളിൽ കേസുകളെടുത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ സി.ജെ.പിക്ക് നൽകിയ ഉറപ്പുകളും ഈ കേസുകളുടെ മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കി. പോലീസ് നടപടികളുമായി മുന്നോട്ട് പോയാൽ കടുത്ത പ്രതിഷേധങ്ങളുണ്ടാവുമെന്ന് സി.ജെ.പി വ്യക്തമാക്കിയതോടെ ആസ്സാമിലും ബിഹാറിലും എടുത്തിരുന്ന കേസുകൾ പിൻവലിച്ചു. സമാനമായി മഹാരാഷ്ട്രയിലും രാജസ്ഥാനിലും കേസുകൾ പിൻവലിച്ചിട്ടുണ്ട്. ബംഗാൾ സർക്കാർ ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

വിദ്യാർത്ഥിസമരത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്ന എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിന് അറസ്റ്റ് ചെയ്യാൻ ഇതിനിടയിൽ കഴിഞ്ഞ ദിവസം ശ്രമം നടന്നിരുന്നു. ഡൽഹിയിലെ എ.കെ.ജി. ഭവനിലാണ് അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. എന്നാൽ, യൂണിഫോം പോലും ധരിക്കാതെ മുൻകൂട്ടി യാതൊരു അറിയിപ്പുമില്ലാതെ പാർട്ടി ഓഫീസിലേക്ക് കയറിയ പോലീസ് സംഘത്തെ ജോൺ ബ്രിട്ടാസ് എം.പിയുടെ നേതൃത്വത്തിൽ മടക്കി അയക്കുകയാണ് ചെയ്തത്. മുൻപ് എടുത്ത കേസിലാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയിരുന്നത്. ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിട്ടും കേസുകളുമായി മുന്നോട്ട് പോവാനുള്ള പോലീസിൻെറ ശ്രമങ്ങളെ സി.ജെ.പി രൂക്ഷമായാണ് വിമർശിച്ചത്. “ഐഷി ഘോഷിന് എന്തെങ്കിലും സംഭവിച്ചാൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധം സർക്കാർ കാണേണ്ടി വരും. ഞങ്ങളുടെ ടീമിനെതിരായ പ്രതികാരനടപടികൾ അവസാനിപ്പിക്കുക. നിങ്ങളുടെ വാക്കുകളെ ബഹുമാനിക്കൂ,” ഇങ്ങനെ കടുത്ത ഭാഷയിലാണ് സി.ജെ.പി. വക്താവ് അശുതോഷ് റങ്ക പോലീസിനെതിരെ പ്രതികരിച്ചത്. കേസുകളുമായി മുന്നോട്ട് പോയാൽ പ്രതിഷേധവുമായി വീണ്ടും തെരുവിൽ ഇറങ്ങുമെന്നും സി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
