അസമിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് വെടിവെച്ചുകൊന്ന മുസ്‌ലിം കർഷകന്റെ മൃതദേഹത്തിൽ പൊലീസിനൊപ്പം വന്ന ബിജയ് ബനിയ എന്ന ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യങ്ങൾ. Photo: @ahmermkhan via Twitter

ഭരണകൂടത്തിന്റെ ശവനൃത്തം

ഹിംസയും പൊതു അതിക്രമങ്ങളും രാഷ്ട്രീയത്തിൽ ലാഭകരമായ കച്ചവടമായി തീർന്നിരിക്കുന്നു. അത് പ്രത്യേകമായ ഒരു ലെജിറ്റിമസിയും നേടിയിരിക്കുന്നു. അസമിൽ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്​ചാത്തലത്തിൽ വർത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യപ്പെടുന്നു

‘So, has Shaheen Bagh been futile? Has it achieved anything? It has certainly given the Muslims of India the confidence that they can speak as citizens with their Muslimness. But it has also revealed to them the real face of the other India that is built of exclusion and perpetual hierarchies; an India that has reduced democracy merely to the brute will of the majority and does not hesitate to meet non-violence with terrible violence. The democratic battle that is Shaheen Bagh is necessary, but democratization of the Hindu mind is greater challenge.'-Apoorv anand, The Light of Shaheen Bagh

ന്ത്യൻ ജനാധിപത്യത്തിന്റെ സദ്ഗതിയെക്കുറിച്ച് ഇനിയൊരു ആശങ്കയും പൗരന്മാർക്ക് വേണ്ടതില്ല. അത്രയ്ക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതായിരുന്നു യു.എൻ. പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ആത്മനിർഭരമാണ് ഇന്ത്യൻ ജനാധിപത്യം. അത് സ്ഥാപിക്കാനായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് രണ്ട് ഉദാഹരണങ്ങളാണ് - ഇന്ത്യയുടെ ഭാഷ- സംസ്‌കാര വൈവിധ്യം. രണ്ടാമത്, തന്റെ സ്വന്തം ഉയർച്ച. പിതാവിന്റെ ചായകടയിൽ സഹായിയായിരുന്ന ഒരു പയ്യന് പ്രധാനമന്ത്രിപദം വരെയെത്താൻ കഴിഞ്ഞെങ്കിൽ അത് ഇന്ത്യയിൽ ജനാധിപത്യം ശക്തമായതുകൊണ്ടാണെന്നും മോദി പറഞ്ഞു. എന്തായാലും കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് വിളയിച്ചെടുത്തതാണ് ഇന്ത്യയിലെ ജനാധിപത്യം എന്നു പറഞ്ഞില്ല.

അപരന്റെ ശരീരത്തിൽ അറപ്പ് ആരോപിക്കുകയും അങ്ങനെ അവർക്ക് അറപ്പുളവാക്കുന്നു എന്നു വിധിക്കുന്ന ശരീരങ്ങളെ അതിക്രമിക്കാമെന്നുമാണ് രാഷ്ട്രത്തിന്റെ ദൈനംദിന ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുഹിംസയുടെ പ്രാഥമിക പാഠം

പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ് അസമിൽ നിരാലംബരായ കുടിയേറ്റക്കാർക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് വെടിയുതിർത്തത്. അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ പുതുക്കിയ പൗരത്വ രജിസ്റ്ററിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ദരങ് ജില്ലയിലുളളവരെ ഒഴിപ്പിച്ചുവരികയായിരുന്നു. അതിനെതിരെ നടന്ന അതീജീവന സമരത്തിൽ പങ്കെടുത്തവർക്കുനേരെയാണ് പൊലീസ് വെടിവെച്ചത്. രണ്ടു കർഷകർ കൊല്ലപ്പെട്ടു. ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനുശേഷം ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊല്ലപ്പെട്ട കർഷകന്റെ രക്തം പുരണ്ട നെഞ്ചത്തു ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന പൊലീസ് ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയുടെ വീഡിയോ ദൃശ്യം. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമയുടെ ഇളയ സഹോദരനാണ് ദരങ് ജില്ലയിലെ പൊലീസ് മേധാവി ശുശാന്ത് ബിസ്വാസ്.

 ശുശാന്ത് ബിസ്വാസ്, ഹിമന്ത് ബിശ്വാസ് ശർമ
ശുശാന്ത് ബിസ്വാസ്, ഹിമന്ത് ബിശ്വാസ് ശർമ

അമേരിക്കൻ സന്ദർശന വേളയിൽ പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസും മനുഷ്യാവകാശം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മോദിയോട് സൂചിപ്പിച്ചിരുന്നുവെന്നും അതിനുള്ള പരോക്ഷമായ മറുപടിയാണ് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളെന്നും ചില മാധ്യമങ്ങൾ നീരീക്ഷിച്ചിരുന്നു. സനാതന സങ്കൽപങ്ങളിൽ വൈവിധ്യത്തിന് സവിശേഷ പ്രാധാന്യമുണ്ട്. എന്നാൽ ശ്രേണിവത്കൃതമാണ് ആ വൈവിധ്യത്തിന്റെ ഘടന. വൈവിധ്യം എന്ന പുകമറയിൽ നിന്ന് വിലയിരുത്തപ്പെടേണ്ടതല്ല ഒരു രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആഴവും പരപ്പും. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യത്തിന് ആധാരം ഭരണഘടനയും അതിൽ രേഖപ്പെടുത്തിയിട്ടുള്ള മൗലികാവകാശ തത്വങ്ങളുമാണ്. ഒപ്പം, ഭരണഘടനയുടെ ആന്തരികമായ പൊരുളും. ഭരണഘടനയും ഇന്ത്യൻ സാമൂഹ്യാവസ്ഥകളും തമ്മിലുള്ള വിച്ഛേദമാണ് ജനാധിപത്യത്തിന്റെ അസ്ഥിരതയ്ക്ക് നിദാനം. ഇത് കോൺസ്റ്റിറ്റുവെൻറ്​അസംബ്‌ളിയുടെ അംഗീകാരത്തിന് ഭരണഘടനയുടെ കരട് അവതരിപ്പിച്ച് അംബേദ്കർ നടത്തിയ വിഖ്യാതമായ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുള്ളതുമാണ്.

വിശുദ്ധ പശുവിന്റെ ആധിപത്യം

അപരന്റെ ശരീരത്തിൽ അറപ്പ് ആരോപിക്കുകയും അങ്ങനെ അവർക്ക് അറപ്പുളവാക്കുന്നു എന്നു വിധിക്കുന്ന ശരീരങ്ങളെ അതിക്രമിക്കാമെന്നുമാണ് രാഷ്ട്രത്തിന്റെ ദൈനംദിന ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുഹിംസയുടെ പ്രാഥമിക പാഠം. പൊതുഹിംസ പുതുതായി ഉണ്ടായതൊന്നുമല്ല. അത് പണ്ടേക്കുപണ്ടേ ഇവിടെയുണ്ട്. അവർണശരീരങ്ങൾ വരേണ്യദൃഷ്ടിയിൽ അറപ്പുളവാക്കുന്നവയാണ്. ആ ശരീരങ്ങളുടെമേൽ ഹിംസയും ഏറ്റക്കുറച്ചിലുകളോടെയുള്ള ഏതുവിധമുള്ള ബലപ്രയോഗവുമാകാം. അനീതിയുടെ കാര്യം പോകട്ടെ, അതിക്രമങ്ങളെ കുറ്റകൃത്യമായി പോലും കാണുന്നില്ല. പശു കച്ചവടക്കാരൻ പെഹ്​ലുഖാനെ "ഗോ രക്ഷക' സംഘം മർദിച്ചുകൊന്ന സംഭവത്തിൽ ആറുപേരെ തെളിവിന്റെ അഭാവത്തിൽ കീഴ്‌ക്കോടതി വെറുതെ വിടുകയായിരുന്നു. സനാതന ധർമനനുസരിച്ചുള്ള പാരമ്പര്യസിദ്ധമായ ശിക്ഷണ- ദണ്ഡന വ്യവസ്ഥയ്ക്ക് അനുസൃതമായ വിധിയാണത്.

നരേന്ദ്രമോദി, ജോ ബെെഡൻ
നരേന്ദ്രമോദി, ജോ ബെെഡൻ

പൊതു ഹിംസകൾക്ക് ഇന്നൊരു പുതിയ ദൃശ്യത ലഭിച്ചിട്ടുണ്ടെന്നതാണ് കാര്യം. അതിനുകാരണം, വില കുറഞ്ഞതും പ്രത്യേകിച്ചൊരു വൈദഗ്ധ്യവും വേണ്ടാതെ തന്നെ ഉപയോഗിക്കാവുന്നതുമായ ദൃശ്യാലേഖന സാങ്കേതികവിദ്യകൾ ഏവർക്കും പ്രാപ്തമായതാണ്. കൂടുതൽ നഗരവൽകൃതമായ ജീവിതവ്യവസ്ഥകളിലേക്ക് ഇതുവരെ കാണായിടങ്ങളിൽ നിന്ന് അവർണ അപര ശരീരങ്ങൾ കടന്നുവന്നതും ഈ ദൃശ്യതയെ വർധിപ്പിച്ചിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങളും കീഴാള ശരീരങ്ങളുടെ നേർക്കുള്ള ആക്രമണങ്ങളും ലൈംഗികാക്രമണങ്ങളും തത്സമയം ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും പൊതു ഹിംസയിൽ പങ്കെടുക്കുന്നവർ തന്നെയാണ്. അത് പ്രചരിപ്പിക്കുന്നതും ഹിംസയിലെ പങ്കാളിത്തം പോലെ ആനന്ദദായകമായിരിക്കുന്നതുകൊണ്ടാണ്.

ആൾക്കൂട്ട ഹിംസ, ജാതി കൊലപാതകങ്ങൾ, കൂട്ട ലൈംഗികാക്രമണങ്ങൾ, വീടുകയറിയുള്ള അതിക്രമം, നഗ്‌നരാക്കി ഊരുചുറ്റിക്കൽ, ശരീരലംഘനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, പ്രകടമായ ഹിംസ കാണാത്ത വിധമുള്ള മറ്റു അതിക്രമങ്ങൾ എന്നിവ പൊതു ഹിംസയുടെ പരിധിയിൽ വരും. വ്യക്തിയുടെ അനുവാദമില്ലാതെ അയാളെ പിന്തുടരുക തുടങ്ങിയുള്ള അതിക്രമങ്ങളും പൊതു ഹിംസയിൽപ്പെടുത്തേണ്ടതാണ്. രാഷ്ട്രീയ കൊലപാതകവും ആൾക്കൂട്ട ഹിംസയും രണ്ടു വിധത്തിലുള്ളതാണ്. ആൾക്കൂട്ട ഹിംസയിൽ നിസ്സഹായയും (നും) നിരാലംബയു (നും) മായ വ്യക്തിയെയാണ് ആൾക്കൂട്ടം ആക്രോശത്തോടെ ആക്രമിക്കുന്നത്. ഗോരക്ഷക സംഘത്തിന്റെ ആക്രമങ്ങൾ തന്നെ തെളിവ്. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ കണ്ടുവരുന്ന പ്രവണത, വ്യക്തികൾ തന്നെയാണ് ഹിംസയ്ക്ക് വിധേയമാകുന്നതെങ്കിലും അടിസ്ഥാനപരമായി സംഘടനകൾ തമ്മിലുള്ള പോരാണ് രാഷ്ട്രീയ കൊലപാതകത്തിന് കാരണം. രാഷ്ട്രീയത്തിന്റെ മറപറ്റി നിന്നുകൊണ്ട് വ്യക്തിഗതമായ പകയും ചോരക്കൊതിയും തീർക്കുന്ന കൊലപാതകങ്ങളുമുണ്ട്.

ഹിന്ദുരാഷ്ട്രവാദികളുടെ ചരിത്രസങ്കല്പത്തിൽ ‘ഭാരതമാതാവ്' ‘അധിനിവേശ'കരാൽ പലതവണ ബലാൽക്കാരം ചെയ്യപ്പെട്ടതാണത്രെ. ഹിന്ദു ജനവിഭാഗം ഭൂരിപക്ഷമായിരുന്നിട്ടും തക്കതായ രീതിയിൽ പ്രതികരിക്കാൻ പറ്റിയില്ല എന്നതാണ് ഉദാര ദേശീയതാവാദത്തിന്റെ മുഖ്യ പരിമിതിയായി അവർ കാണുന്നത്.

വ്യത്യസ്തങ്ങളെങ്കിലും ആൾക്കൂട്ട ഹിംസയും രാഷ്ട്രീയ കൊലപാതകങ്ങളും പങ്കിടുന്ന ചില സാമാന്യ സ്വഭാവങ്ങളുണ്ട്. കണക്കുതീർക്കൽ, പ്രതികാരം എന്നതൊക്കെയാണ് രാഷ്ട്രീയ കൊലപാതകങ്ങളെ സാധൂകരിക്കുന്ന വിധത്തിലുള്ള ന്യായീകരണങ്ങളായി പൊതുചർച്ചകളിലേക്ക് യാതൊരു സങ്കോചവുമില്ലാതെ എഴുന്നെള്ളിക്കപ്പെടാറുള്ളത്. ‘അവർ ഇത്ര പേരെ കൊന്നു, ഞങ്ങൾ കൊന്നത് ഇത്ര പേരെ മാത്രം' എന്ന മട്ടിലാണ് അവതരണം. അതായത് ഈ കണക്കുതീർക്കൽ എന്നതിൽ തന്നെ കൊലപാതകത്തിനുള്ള ന്യായീകരണമുണ്ട് എന്ന തരത്തിൽ. ഹിന്ദു തീവ്രവാദ സംഘടനകളും ഈ തുലനയുക്തിയും പ്രതികാരവാഞ്ചയും ന്യായീകരണമായി പറയാറുണ്ട്. ഹിന്ദുരാഷ്ട്രവാദികളുടെ ചരിത്രസങ്കല്പത്തിൽ ‘ഭാരതമാതാവ്' ‘അധിനിവേശ'കരാൽ പലതവണ ബലാൽക്കാരം ചെയ്യപ്പെട്ടതാണത്രെ. ഹിന്ദു ജനവിഭാഗം ഭൂരിപക്ഷമായിരുന്നിട്ടും തക്കതായ രീതിയിൽ പ്രതികരിക്കാൻ പറ്റിയില്ല എന്നതാണ് ഉദാര ദേശീയതാവാദത്തിന്റെ മുഖ്യ പരിമിതിയായി അവർ കാണുന്നത്. ആ പരിമിതിയെയാണ് ഇപ്പോൾ മറികടക്കുന്നത്.

രാഷ്ട്രത്തെ മാതാവിനെ പോലെ വന്ദിക്കുക, ശക്തിയും ബലവും ആർജിക്കുക, അപര ജനതയെ ശിക്ഷണ- ദണ്ഡന വ്യവസ്ഥക്ക് വിധേയപ്പെടുത്തുക, തീവ്ര ദേശീയതാവാദികളുടെ ഭൂതഭാവനയിലെ രാഷ്ട്രത്തോട് അധിനിവേശകർ ചെയ്തതിനെതിരെയുള്ള കണക്കുതീർക്കുക, പ്രതികാരം ചെയ്യുക തുടങ്ങിയവയാണ് ഭൂരിപക്ഷാത്മക പൊതുഹിംസയ്ക്കുള്ള ന്യായീകരണം. ഈയൊരു ഭൂരിപക്ഷാത്മക യുക്തിയിൽ നിന്നുരുവം കൊള്ളുന്ന ഇന്ത്യയിലെ പൊതു ഹിംസ രാഷ്ട്രഘടനയെ തന്നെ നിർണയിക്കുന്നു. ഹിന്ദുത്വത്തെക്കുറിച്ചും ജാതി രാഷ്ട്രീയ ഘടനയെക്കുറിച്ചും ആഴത്തിൽ പഠിച്ച തോമസ് ബ്ലോം ഹാൻസെൻ ഭാരതത്തിന്റെ ഹൃദയാന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹിംസയുടെ പ്രകൃതമെന്താണെന്ന് ‘The Law of Force: the Violent heart of Indian Politics' എന്ന പുസ്തകത്തിൽ വിശദമായി ചർച്ച ചെയ്യുന്നു.

'പശു സംരക്ഷകർ' ആൾക്കൂട്ട ആക്രമണത്തിനിരയാക്കി കൊല ചെയ്ത പെഹ്‌ലു ഖാൻ
'പശു സംരക്ഷകർ' ആൾക്കൂട്ട ആക്രമണത്തിനിരയാക്കി കൊല ചെയ്ത പെഹ്‌ലു ഖാൻ

അംബേദ്കർ ‘അരാജകത്വത്തിന്റെ വ്യാകരണം' (Grammar of Anarchy) എന്ന പ്രബന്ധത്തിൽ സൂചിപ്പിച്ച രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക അസമത്വവും തമ്മിലുള്ള വൈരുധ്യം റിപ്പബ്ലിക്ക് ഒരു ഘട്ടത്തിലും പരിഹരിച്ചിട്ടില്ല. രാഷ്ട്രം എന്ന നിലയിൽ ഭരണഘടന അടിസ്ഥാനമാക്കി സാമൂഹിക അസമത്വം എന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്നതല്ല. ഉദാഹരണത്തിന്, ജനാധിപത്യവൽക്കരണത്തിന് അടിസ്ഥാനമാകേണ്ടിയിരുന്ന
സംവരണം ഭരണഘടനാധിഷ്ഠിതമായ രാഷ്ട്രീയ തീരുമാനമായിരുന്നു, വാസ്തവത്തിൽ, വളരെ വൈകിയാണ് ഈ തീരുമാനത്തിലേക്ക് രാഷ്ട്രം എത്തിച്ചേർന്നതെങ്കിലും. അതിനെതിരെ അക്രമാസക്തമായാണ് സവർണ- വരേണ്യ വിഭാഗങ്ങൾ പ്രതികരിച്ചത്. സംവരണം എന്നത് ലിബറൽ സാമൂഹ്യ പരിഷ്‌ക്കാരമാണ്. മാത്രമല്ല, അത് ഭരണഘടനാബദ്ധവുമാണ്. ഇതിനെതിരെയാണ് ഡൽഹി തലസ്ഥാന നഗരിയിലും മറ്റിടങ്ങളിലും അക്രമാസക്തമായ പ്രക്ഷോഭം നടന്നത്. യഥാർത്ഥത്തിൽ വിദൂര ഗ്രാമങ്ങളിൽ ദൈനംദിനമെന്നോണം ഹിംസാത്മകമായ രീതിയിൽ നടക്കുന്ന ജാതിവെറിയുടെ മറ്റൊരു തലത്തിലെ മാനിഫെസ്റ്റേഷൻ മാത്രമായിരുന്നു ഡൽഹിയിൽ കണ്ടത്.

സാമൂഹ്യ വൈരുദ്ധ്യങ്ങളെ തൽസ്ഥിതിയിൽ നിലനിർത്താനാണ് പൊതു ഹിംസയെ ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ഭാഗമായുള്ള ഘടനാപരമായ ഹിംസാത്മകതയുടെ മറ്റൊരു ബഹിർസ്ഫുരണമാണ് പൊലീസിലൂടെയും സായുധ സേനയിലൂടെയും പ്രകടമാകുന്നത്.

സാമൂഹിക ക്രമത്തെ അതേപടി നിലനിർത്തുന്നത് പ്രത്യക്ഷവും ചിലപ്പോൾ അത്ര തന്നെ ദൃശ്യപ്പെടാത്ത ഹിംസയിലൂടെയും അതിക്രമത്തിലൂടെയുമാണ്. സമൂഹത്തിന്റെ ചടുലവും വിപ്ലവകരമായ പരിവർത്തനത്തോടുള്ള അമർഷവും വിരോധവും അതുവരെ വിശേഷാധികാരങ്ങൾ ഉണ്ടായിരുന്ന ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയേക്കാം. കാരണം, നാളിതുവരെ സവിശേഷാധികാരം എന്ന നിലയിൽ അനുഭവിച്ചിരുന്ന അധികാരങ്ങൾ പങ്കുവെയ്ക്കപ്പെടേണ്ടിവരുന്നു എന്നത് കഷ്ടനഷ്ടങ്ങളുണ്ടാക്കുന്ന കാര്യമാണ്. ചടുലവും വിപ്ലവകരവുമായ കാര്യം എന്ന നിലയിലല്ല സംവരണം നടപ്പാക്കപ്പെട്ടത്. ലിബറലായ ഭരണഘടനക്കു വിധേയമായി പാർലമെൻറ്​ ഭൂരിപക്ഷത്തോടെ പാസാക്കിയ സംവരണ നിയമത്തെ അക്രമാസക്തമായ നിലയിലാണ് എതിരിട്ടത്. ഭരണഘടനയുടെ അന്തഃസത്തയിൽ വരേണ്യ വിഭാഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുകയും ഭരണഘടന തന്നെ മാറ്റിയെഴുതപ്പെടണമെന്ന വാദം പ്രധാനമായും ഉയർത്തപ്പെടുത്തുന്നതും ഈ ഘട്ടത്തിലാണ്. ഭരണഘടനക്ക് ബാഹ്യമായി ഉച്ചനീചത്വക്രമം അതേവിധം തുടരണമെന്നതാണ് ഹിംസാത്മകമായ പ്രതികരണത്തിലൂടെ അന്വർഥമാക്കിയത്. സംവരണത്തെ എതിർത്തു തോൽപിക്കാൻ കുറച്ചുപേരെങ്കിലും ആത്മാഹൂതി ചെയ്യാനും ശ്രമിക്കുകയുണ്ടായി. പൊതു ഹിംസയിലൂടെ സമ്മർദതന്ത്രമാണ് ആവിഷ്‌ക്കരിച്ചത്.

സാമൂഹ്യ വൈരുദ്ധ്യങ്ങളെ തൽസ്ഥിതിയിൽ നിലനിർത്താനാണ് പൊതു ഹിംസയെ ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ഭാഗമായുള്ള ഘടനാപരമായ ഹിംസാത്മകതയുടെ മറ്റൊരു ബഹിർസ്ഫുരണമാണ് പൊലീസിലൂടെയും സായുധ സേനയിലൂടെയും പ്രകടമാകുന്നത്. ഇന്ത്യൻ രാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ഭരണഘടനയും, തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥയും, സ്വതന്ത്ര നിയമ സംവിധാനങ്ങളും അതിനു പുറമെ താരതമ്യേന അതിനിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുമാണ്. അതായത് പുറംകാഴ്ചയിൽ ജനാധിപത്യത്തിന്റെ അടിസ്ഥാനമാകേണ്ട എല്ലാ ഘടകങ്ങളും ചേരുവകളും കൃത്യമാണ്. തിരഞ്ഞെടുപ്പിന്റെ കാര്യം തന്നെ പരിഗണിക്കുക. അധികാരത്തിനായി ബലഹീനർക്ക് സ്വയം സംഘടിക്കാനും ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം മുൻനിർത്തി ഭരണാധികാര സംവിധാനങ്ങളോട് വിലപേശാനും പറ്റുന്ന സന്ദർഭമാണ് പൊതുതിരഞ്ഞെടുപ്പ്. അങ്ങനെ തന്നെ ചെയ്യുന്നുണ്ടുതാനും. അതുകൊണ്ടുതന്നെ സർക്കാരുകൾ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെയും വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ സംബോധന ചെയ്യപ്പെടാൻ നിർബന്ധിക്കപ്പെടുന്നുമുണ്ട്. പാവപ്പെട്ടവരെയും ഓരങ്ങളിൽ അതിജീവിക്കുന്നവരെയും പിന്തുണയ്ക്കുക എന്നത് സർക്കാരുകളുടെ ധാർമിക ഉത്തരവാദിത്തമായാണ് ആവർത്തിച്ച് അവതരിപ്പിക്കപ്പെടാറുള്ളത്.

തീവ്ര വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കുന്ന പാർട്ടിയും അവരുടെ പ്രത്യയശാസ്ത്രപരമായ മുൻഗണനാ അജണ്ടയേക്കാൾ പ്രമുഖമായി പ്രഖ്യാപിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുക പിന്നാക്ക ജനവിഭാഗങ്ങൾക്കായി ആവിഷ്‌ക്കരിച്ച ക്ഷേമ പ്രവർത്തനങ്ങളാണ്.

രാഷ്ട്രീയ പാർട്ടികളുടെ ലെജിറ്റിമസിക്ക് അടിസ്ഥാനമാകുന്നത് പലപ്പോഴും പ്രസ്തുത കക്ഷികൾ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണയുടെ അടിസ്ഥാനത്തിലാണ്. ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ വികസന അജണ്ടയായി അവതരിപ്പിക്കാനും അതിനെ വേണ്ടവിധം പ്രചരിപ്പിക്കാനും രാഷ്ട്രീയക്ഷികൾ മുന്നിട്ടുവരാറുമുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കുന്ന പാർട്ടിയും അവരുടെ പ്രത്യയശാസ്ത്രപരമായ മുൻഗണനാ അജണ്ടയേക്കാൾ പ്രമുഖമായി പ്രഖ്യാപിക്കാനും പരസ്യപ്പെടുത്താനും ശ്രമിക്കുക പിന്നാക്ക ജനവിഭാഗങ്ങൾക്കായി ആവിഷ്‌ക്കരിച്ച ക്ഷേമ പ്രവർത്തനങ്ങളാണ്. നവലിബറൽ ഘട്ടത്തിലും ക്ഷേമപ്രവർത്തനങ്ങൾക്കാണ് പ്രചാരണ തലത്തിലെങ്കിലും പ്രാമുഖ്യം നൽകിവരുന്നത്. എങ്കിലും
ഇങ്ങനെയൊരു യാഥാർഥ്യം നിലനിൽക്കെ, ഭരണകൂടത്തിന്റെ ഏറ്റവും അനിഹിതകരമായ നയങ്ങൾക്കും തീരുമാനങ്ങൾക്കും ഇരയാകേണ്ടി വരുന്നതും സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട അപരവല്കരിക്കപ്പെട്ട ചൂഷിത ജനവിഭാഗങ്ങളാണ്. ഉൾച്ചേർന്ന (inclusive) ഭരണനിർവഹണം എന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും ഗുണഭോക്തൃ ക്ഷേമത്തിനപ്പുറം വർധിച്ചുവരുന്ന സാമൂഹിക അസമത്വം സംബോധന ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? സാമൂഹികനീതി, ഭരണനിർവഹണ പ്രക്രിയയിൽ അഭാവപ്പെടാനുള്ള കാരണമെന്താണ്?

അപരജനതാ നിർമ്മാണം, തീവ്രദേശീയതാ വാദം തുടങ്ങിയ ചിന്താപദ്ധതികൾക്കായി 'ഭാരത് മാതാ' പോലുള്ള സങ്കൽപ്പങ്ങളിൽ ബോധപൂർവ്വമായ സംജ്ഞാ നിർമ്മിതികൾ സംഘ്പരിവാർ പ്രയോഗിച്ചിട്ടുണ്ട്. / Photo: Wikimedia Commons
അപരജനതാ നിർമ്മാണം, തീവ്രദേശീയതാ വാദം തുടങ്ങിയ ചിന്താപദ്ധതികൾക്കായി 'ഭാരത് മാതാ' പോലുള്ള സങ്കൽപ്പങ്ങളിൽ ബോധപൂർവ്വമായ സംജ്ഞാ നിർമ്മിതികൾ സംഘ്പരിവാർ പ്രയോഗിച്ചിട്ടുണ്ട്. / Photo: Wikimedia Commons

രാഷ്ട്രീയത്തിൽ ഉദാരവാദികളും ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ പങ്കിടുന്ന ആശയം വികസനത്തിന്റേതാണ്. ആധുനികീകരണം, പുരോഗമനം, ജനക്ഷേമം, വളർച്ച എന്നിവയാണ് വികസനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി പുറംമോടിയോടെ അവതരിപ്പിക്കപ്പെടുന്നത്. ഇടതു മുതൽ വലതു വരെയുള്ള രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും ആണയിടുന്നത് വികസനത്തെ മുൻനിർത്തിയാണ്. വ്യത്യസ്ത വികസന സങ്കൽപം പിന്തുടരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും യഥാർത്ഥത്തിൽ എടുത്തുപറയത്തക്ക വേർതിരിവുകളൊന്നുമില്ല തന്നെ, ഇവർ തമ്മിൽ. ഏതാണ്ട് സമാനമായ വികസന രാഷ്ട്രീയം തന്നെയാണ് രാഷ്ട്രീയകക്ഷികൾ പിന്തുടരുന്നതെങ്കിലും, വാദത്തിനുവേണ്ടി വേർതിരിവുണ്ടെന്നു സമ്മതിച്ചാലും, അടിസ്ഥാന പ്രമാണം മൂലധന കേന്ദ്രിതമായ വികസനം തന്നെയാണ്. വികസനത്തിന്റെ ഗുണലബ്ധിയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് അവശേഷിക്കുന്നത്. എന്നാൽ വികസന പ്രക്രിയ തന്നെ ഹിംസാത്മകമായ സ്വഭാവമാർജ്ജിക്കുന്നതാണ് കണ്ടുവരുന്നത്. പ്രാന്തവല്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് വികസനത്തിന്റെ ഗുണഭോക്താക്കളെക്കാൾ അതിന്റെ ഇരകളാകുന്നത്. പൊതുപുരോഗതിക്കായി ഒരു വിഭാഗം ജനത എല്ലാം ത്യജിക്കേണ്ടി വരുന്നു എന്നതാണ് സങ്കൽപം. അങ്ങനെ നാടിന്റെ പുരോഗതിയാണെങ്കിലും, രാഷ്ട്ര പുരോഗതിയാണെങ്കിലും അശരണരായ വിഭാഗങ്ങൾ ആ ഉത്തരവാദിത്തം അവരുടെ തലയിലേറ്റണം. കിടപ്പാടം മുതൽ സ്വത്തുവകകൾ വരെ നഷ്ടപ്പെടുന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. വികസന പ്രക്രിയ തന്നെ പൊതു ഹിംസക്ക് വഴിയൊരുക്കുകയാണ്. സാമ്പത്തികമായ നഷ്ടപരിഹാര ഉപാധികൾ വികസന പ്രക്രിയയിൽ നടക്കുന്ന ഹിംസാത്മകതയെ അഭിസംബോധന ചെയ്യാൻ പ്രാപ്തമാകുന്നില്ല. ഒരു ഫാക്ടറിയുടെ നിർമാണത്തിന് കൃഷിഭൂമിയും കിടപ്പാടവും വിട്ടുകൊടുക്കേണ്ടിവരുന്നവർ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക സാഹചര്യത്തിൽ നിന്നുള്ളവരായിരിക്കെ അവർക്ക് നഷ്ടപരിഹാര വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരുന്നതും അവരെ കൂടുതൽ പ്രതിസന്ധിയിലാണ് അകപ്പെടുത്തുന്നത്. ഉദ്യോഗസ്ഥ സംവിധാനങ്ങളുമായുള്ള ഇടപാടുകളിൽ പതിഞ്ഞ തോതിലുള്ള ഹിംസ അന്തർഭവിച്ചിട്ടുണ്ട്. വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ജീവിതത്തെ പറിച്ചുനടുക എന്നതു തന്നെ ഒരു അതീജീവന പ്രശ്‌നമായി തീരുകയാണ്.

രാഷ്ട്രത്തിന്റെ ‘ആധുനിക ക്ഷേത്ര'ങ്ങളായ അണക്കെട്ടായാലും ശരി, മുതലാളിത്ത വികസനക്കുതിപ്പിന് നിർമിക്കാൻ പോകുന്ന പുതിയ ആറുവരി പാതയായാലും ശരി നിരാധാരമാകാൻ പോകുന്നത് അടിത്തട്ടു ജനതയാണ്.

വികസനപ്രക്രിയയിൽ ജാതീയ ഹിംസ അന്തർലീനമാണ്. വൻതോതിലുള്ള വികസനപ്രക്രിയയ്ക്കും വളർച്ചയ്ക്കും കിടപ്പാടവും ഭൂമിയും വിട്ടുകൊടുക്കേണ്ടവർ നിരാധാര ജനതയാണ്. എന്നാൽ വികസനത്തിന്റെ ഗുണഭോക്താക്കൾ അവരാവുകയുമില്ല. രാഷ്ട്രത്തിന്റെ ‘ആധുനിക ക്ഷേത്ര'ങ്ങളായ അണക്കെട്ടായാലും ശരി, മുതലാളിത്ത വികസനക്കുതിപ്പിന് നിർമിക്കാൻ പോകുന്ന പുതിയ ആറുവരി പാതയായാലും ശരി നിരാധാരമാകാൻ പോകുന്നത് അടിത്തട്ടു ജനതയാണ്. സർവതോമുഖമായ വികസനം എല്ലാവരെയും ഉൾക്കൊള്ളും എന്ന അവകാശവാദം യഥാർഥത്തിൽ മൂടിവക്കുന്നത്, ഓരോ വികസന മുന്നേറ്റവും പഴയ സാമൂഹികക്രമത്തെ പുത്തൻ ആവശ്യങ്ങൾക്കായി പഴയ നിലയിൽ തന്നെ പുനരുല്പാദിപ്പിക്കുന്നു എന്ന യാഥാർഥ്യമാണ്. ഉച്ചനീചത്വ വ്യവസ്ഥയിൽ അടിത്തട്ടിലുവർക്ക് മാത്രമേ വികസനത്തിന്റെ ആഘാതമേൽക്കേണ്ടി വരുന്നുള്ളൂ എന്നതാണ്.

സർക്കാറിന്റെ നിർബന്ധിത വന്ധ്യംകരണം പദ്ധതിയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയകളിലൊന്ന്  (1968) / Photo: Ford Foundation Records, Rockefeller Archive Center
സർക്കാറിന്റെ നിർബന്ധിത വന്ധ്യംകരണം പദ്ധതിയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയകളിലൊന്ന് (1968) / Photo: Ford Foundation Records, Rockefeller Archive Center

1975-77 കാലത്തെ രാഷ്ട്രീയ അടിയന്തരാവസ്ഥ ഇതിനൊരു അപവാദമാണ് എന്നൊരു വാദം ഉയർത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭരണകൂടം അടിയന്തരാവസ്ഥയിൽ ലക്ഷ്യം വെച്ചത് സാധാരണക്കാരെയല്ല, പകരം രാഷ്ട്രീയ വരേണ്യ വിഭാഗങ്ങളെയാണ് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഭരണാധികാരം പലനിലയിലും അനുഭവിച്ചിരുന്ന വരേണ്യ വിഭാഗങ്ങൾക്ക് തൽസ്ഥാനങ്ങളിൽ പഴയതുപോലെ തുടരാൻ പറ്റാത്ത അവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ചു. സമൂഹത്തിലെ സാമ്പത്തികമായ ഉന്നത വിഭാഗങ്ങൾക്കും അതുവരെ അനുഭവിക്കാത്ത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നു. സാമ്പത്തിക റെയ്ഡുകൾ തുടങ്ങി അറസ്റ്റും ലോക്കപ്പ് മർദനവും സ്വത്ത് കണ്ടുകെട്ടലുകളും നടന്നിട്ടുണ്ട്. ബാങ്ക് ദേശസാൽകരണവും പ്രിവി പേഴ്‌സ് നിർത്തലാക്കലും പോലുള്ള സമീപനങ്ങൾ സമ്പന്നവർഗത്തെ വല്ലാതെ ഉലയ്ക്കുന്നതായിരുന്നു. ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായാകണം, സാമ്പത്തിക- ജാതി വരേണ്യ വിഭാഗങ്ങളും ഈ മട്ടിലുള്ള അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വന്നത്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നുള്ള കാലങ്ങളിലുള്ള ഭരണകൂട ഹിംസയെക്കുറിച്ചുള്ള ഏറ്റവും കരാള മാതൃകയായി അവതരിപ്പിക്കുന്നതാണ് അടിയന്തരാവസ്ഥയെ. ഭരണകൂട ഹിംസ യഥാർഥത്തിൽ അടിയന്തരാവസ്ഥയെക്കാൾ ഹിംസാത്മകവും നിഷ്ഠൂരവുമായി തീർന്നിട്ടുണ്ടെങ്കിലും ഇന്നും അടിയന്തരാവസ്ഥ പൊതുബോധത്തിൽ ഭരണകൂട ഹിംസയുടെ ഏറ്റവും ഭീകരമുഖമായി തുടരുന്നതിന് ഒരു കാരണം, അത് സമൂഹത്തിന്റെ മേൽതട്ടുജനതയെ ശരിക്കും ബാധിച്ചിരുന്നു എന്നതുകൊണ്ടാണ്.

വർത്തമാനകാല ഭരണകൂട ഹിംസയെ അടിയന്തരവസ്ഥാ കാലവുമായി താരതമ്യം ചെയ്യുന്നതിൽ പരിമിതികളുണ്ട്. അതേസമയം, അടിയന്തരാവസ്ഥ മേൽത്തട്ടു ജനതയ്ക്കുമാത്രം ആഘാതം സൃഷ്ടിച്ച ഒന്നുമാത്രമായി കാണുന്നതിലും പ്രശ്‌നമുണ്ട്. നിർബന്ധിത വന്ധ്യംകരണത്തിന്റെ പേരിലും, നഗരപ്രദേശങ്ങളെ ചേതോഹരമാക്കുന്ന പദ്ധതികളുടെ ഭാഗമായും നടന്ന വ്യാപക മർദനങ്ങൾക്ക് ഇരയായത് അടിത്തട്ടു ജനവിഭാഗങ്ങളാണ്. തുർക്മാൻ ഗേറ്റു പോലുള്ള സംഭവങ്ങളിൽ ചേരിനിവാസികളായ മുസ്‌ലിംകളാണ് നഗരപരിഷ്‌ക്കാര പദ്ധതിയുടെ ദുരിതങ്ങൾ പേറേണ്ടി വന്നത്. അടിയന്തരാവസ്ഥ ഇന്ത്യൻ ഭരണസംവിധാനത്തിൽ അതിന്റെ മുമ്പുള്ള കാലത്തുനിന്ന് വ്യത്യസ്തമായി പുതിയൊരു ബ്യുറോക്രസിയെ ഉയർത്തിക്കൊണ്ടുവന്നു. നെഹ്രുവിയൻ ബ്യുറോക്രസി പതുക്കെ മാറ്റിസ്ഥാപിക്കപ്പെടുകയായിരുന്നു. നീതിന്യായ മേഖലകളിലും ഈ മാറ്റം കാണാം.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം, 1975 ജൂൺ 27ന് പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രത്തിന്റെ ആദ്യ പേജ് / Photo: thehinducentre.com
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം, 1975 ജൂൺ 27ന് പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രത്തിന്റെ ആദ്യ പേജ് / Photo: thehinducentre.com

നെഹ്രുവിയൻ ബ്യുറോക്രസി വരേണ്യവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അവർക്ക് ലഭിച്ച ശിക്ഷണം നെഹ്രുവിയൻ ഉദാരവാദത്തിന്റേതാണ്. ആധുനിക പരിഷ്‌കാര പ്രവർത്തനങ്ങളുടെ ശുഷ്‌കാന്തി പ്രകടിപ്പിച്ചവരായിരുന്നു അവർ. എന്നാൽ അടിയന്തരാവസ്ഥയിൽ ബ്യൂറോക്രസിയുടെ താഴെത്തട്ടുകളിൽ പ്രവർത്തിച്ചിരുന്നവർ, ഒട്ടുമിക്കവരും ഇടത്തരം ജാതി-വർഗ വിഭാഗങ്ങളിൽ നിന്ന് വന്നവർ, അടിയന്തരാവസ്ഥയോടെ ശ്രേണിയുടെ മുകൾതട്ടിലേക്ക് ഉയർത്തപ്പെട്ടു. ബ്യുറോക്രാറ്റുകൾ എന്നതിനേക്കാൾ ആദ്യകാല ടെക്‌നോക്രാറ്റുകളാണിവർ. സങ്കേതകിത്വത്തിനാണ് പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയത്. പദ്ധതി നിർവഹണം കുറച്ചുകൂടി സാങ്കേതികത്വപരമാകുന്ന ഘട്ടമാണിത്. നഗരവൽക്കരണം, നഗര പരിഷ്‌ക്കാരം, ശാസ്ത്രീയമായ ജനനനിയന്ത്രണ പരിപാടികളുടെ ആസൂത്രണവും നടപ്പാക്കലും, സാങ്കേതിക വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ എന്നിവയുടെയൊക്കെ സ്വഭാവം ടെക്‌നോക്രാറ്റിക് രീതികളിലേക്ക് മാറുന്നുണ്ട്. പക്ഷെ ഈ മാറ്റങ്ങൾ സംഭവിക്കുമ്പോഴും പൂർവാർജിതമായ ഇൻസ്റ്റിറ്റ്യൂഷണൽ ഹിംസാത്മകത അതേപോലെ തുടർന്നു. ഭരണഘടനയ്ക്ക് അതുവരെയുണ്ടായിരുന്ന മൂല്യകൽപനയിൽ വലിയ മാറ്റം വരുന്നതും അടിയന്തരാവസ്ഥയോടെയാണ്. മൗലികാവകാവകാശങ്ങൾ റദ്ദുചെയ്തും ഭരണഘടനാ വകുപ്പുകളിൽ ഭേദഗതി വരുത്തിയും കൂടുതൽ അധികാരമാർജിക്കാൻ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന് സാധിച്ചു. ഇത് പിന്നീട് തുടർപ്രക്രിയയായി മാറുകയാണ്.

രാഷ്ട്ര ഭാവനയെ ‘ആഭ്യന്തര ശത്രു' എന്നൊരു മിഥ്യാസൃഷ്ടിയിലേക്ക് അടിയന്തരാവസ്ഥ ശ്രദ്ധതിരിച്ചു. ഈ ഭാവന പിന്നീട് കൂടുതൽ വികസ്വരമാവുകയും തിടംവെക്കുകയും ചെയ്തു.

തോമസ് ബ്ലും ഹാൻസെൻ നീരിക്ഷിക്കുന്നതുപോലെ ഭരണഘടന വിഭാവനം ചെയ്തതും യഥാർഥത്തിലുള്ള സാമൂഹികക്രമവും രാഷ്ട്രീയ വ്യവസ്ഥയും അതിനാധാരമായ വ്യവഹാരങ്ങളും പ്രയോഗങ്ങളും ഭിന്നദിശകളിലേക്കാണ് വഴിമാറി സഞ്ചരിച്ചത്. തത്വത്തിൽ ഭരണഘടനയാണ് രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ആധാരമെങ്കിലും പ്രയോഗത്തിൽ അതിനെ മറികടക്കുന്ന വിധത്തിലാണ് രാഷ്ട്രീയ വ്യവഹാരം പ്രവർത്തനക്ഷമമായത്. ഇതു തമ്മിലുള്ള അകലങ്ങൾ കുറച്ചുകൊണ്ടുവരാനും സന്ധിയിലെത്തിക്കാനും നീതിന്യായ വ്യവഹാരങ്ങൾ പലപ്പോഴായി ശ്രമിച്ചിട്ടുണ്ടെങ്കിലും നിയമത്തിന്റെ ഉപാധികളിലൂടെ തന്നെ അതിനെ രാഷ്ട്രീയനേതൃത്വം മറികടന്നിട്ടുമുണ്ട്. ഉദാഹരണം, സ്വകാര്യതയെ സംബന്ധിച്ച കോടതി വിധിയും അതിനെ ഒരുവിധത്തിലും മാനിക്കാതെയുള്ള ഭരണകൂടത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള സ്വകാര്യത ലംഘനങ്ങളും.

പൊതു ഹിംസയെ സ്വാഭാവികവൽക്കരിക്കുന്ന നയങ്ങളും നടപടികളും തന്നെയാണ് അടിയന്തരാവസ്ഥയിലും തുടർന്നും നടപ്പാക്കപ്പെട്ടത്. പക്ഷെ പ്രധാനമായ വഴിത്തിരിവ് സംഭവിക്കുന്നത്, രാഷ്ട്ര ഭാവനയെ ‘ആഭ്യന്തര ശത്രു' എന്നൊരു മിഥ്യാസൃഷ്ടിയിലേക്ക് അടിയന്തരാവസ്ഥ ശ്രദ്ധതിരിച്ചു എന്നിടത്താണ്. ഈ ഭാവന പിന്നീട് കൂടുതൽ വികസ്വരമാവുകയും തിടംവെക്കുകയും ചെയ്തു. ആഭ്യന്തര ശത്രുവിനെ മുൻനിർത്തിയാണ് പിന്നീട് രാഷ്ട്രീയം മുതൽ വികസന വ്യവഹാരം വരെ രൂപപ്പെടുത്തപ്പെട്ടത്. ഈ ആഭ്യന്തര ശത്രുവിനെ നേരിടാനാണ് ഭരണഘടനയ്ക്ക് ബാഹ്യമായി state of exception നിയമങ്ങൾ നിർമിക്കപ്പെടാൻ തുടങ്ങുന്നത്. പൗരത്വ ഭേദഗതി നിയമം വരെ അതെത്തിനിൽക്കുന്നു.

സ്വകാര്യതയെ സംബന്ധിച്ച കോടതി വിധിയും അതിനെ ഒരുവിധത്തിലും മാനിക്കാതെയുള്ള ഭരണകൂടത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള സ്വകാര്യത ലംഘനങ്ങളും നിയമത്തിന്റെ ഉപാധികളിലൂടെ തന്നെ അതിനെ രാഷ്ട്രീയ നേതൃത്വം മറികടക്കുന്നതിന്റെ ഉദാഹരണമാണ് / Photo: Muhammed Hanan | Graphic: Muhammed Jadeer
സ്വകാര്യതയെ സംബന്ധിച്ച കോടതി വിധിയും അതിനെ ഒരുവിധത്തിലും മാനിക്കാതെയുള്ള ഭരണകൂടത്തിന്റെ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള സ്വകാര്യത ലംഘനങ്ങളും നിയമത്തിന്റെ ഉപാധികളിലൂടെ തന്നെ അതിനെ രാഷ്ട്രീയ നേതൃത്വം മറികടക്കുന്നതിന്റെ ഉദാഹരണമാണ് / Photo: Muhammed Hanan | Graphic: Muhammed Jadeer

രാഷ്ട്രീയ പാർട്ടികളും പൊതുഹിംസയും

രാഷ്ട്രീയ പാർട്ടികളുടെ അതിക്രമങ്ങളും പൊതു ഹിംസയും പലപ്പോഴും സാന്ദർഭികമായി സാധൂകരിക്കപ്പെട്ടുപോവുകയാണ് പതിവ്. രാഷ്ട്രീയപാർട്ടി പ്രവർത്തകർ അതിക്രമങ്ങളിൽ ഉൾപ്പെടുന്നത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് എന്നാണ് ഭാഷ്യം. ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് നിയമനിർമാണ സഭ. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയക്കാരും തന്നെ അതിനെ ഹൈന്ദവ ആരാധന സങ്കല്പങ്ങൾക്ക്‌ അനുസൃതമായാണ്ശേഷിപ്പിക്കാറുള്ളത്. ശ്രീകോവിൽ തുടങ്ങിയ ആത്മീയ ജഡത്വം പേറുന്ന കൽപനകൾ ഉപയോഗപ്പെടുത്തി ഇതിനെ വിശേഷിപ്പിക്കുകയും ലജ്ജാവഹമായ വിധം അതിനകത്ത് അതിക്രമങ്ങൾ അരങ്ങേറ്റുകയും ചെയ്യുന്നു. ഈ പൊതു അതിക്രമങ്ങളെല്ലാം ജനാധിപത്യത്തിനും ജനതക്കും വേണ്ടിയാണെന്ന് ആത്മാർത്ഥമായി ബഹുജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പൊതുവിടങ്ങളിലെ ഇത്തരം അതിക്രമങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ അധികാര ശക്തിയുടെ പ്രകടനമായാണ് അവതരിപ്പിക്കപ്പെടുന്നതും. അതുകൊണ്ട് രാഷ്ട്രീയ സംഘടനകളുടെ ബഹുജന മാർച്ചുകൾ ശക്തിപ്രകടനങ്ങൾ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. അതിക്രമങ്ങൾ തീർത്തും നിയമ വിരുദ്ധമാണെന്നു തന്നെ ബോധ്യമായിരിക്കെ അക്രമസംഭവങ്ങളിലുൾപ്പെട്ടവർക്ക് ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കുന്ന വകുപ്പുകളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നിർലജ്ജം വിശദീകരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ദ്വന്ദ്വപ്രകൃതം രാഷ്ട്രീയ പാർട്ടികൾക്ക് സ്വാഭാവികമാണെന്നാണ് ജനങ്ങളും വിശ്വസിച്ചുവരുന്നത്. ചുരുക്കത്തിൽ, നിയമ പരിപാലനം സാധാരണ പൗരന്മാരുടെ മാത്രം ഉത്തരവാദിത്തമാവുന്നു. നിയമം ലംഘിക്കാനുള്ള ശേഷിയും ലംഘിച്ചാൽ തന്നെ അതിനെതിരെയുള്ള നടപടി അവകാശ നിഷേധം എന്ന പേരിൽ പ്രതിരോധിക്കാനും രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മാത്രം സാധ്യമായ കാര്യമാണ്.

നിയമം ലംഘിക്കുക എന്നത് അഭിലഷണീയ പ്രവർത്തനമാകുന്നു. കാരണം, സാമൂഹ്യ ശ്രേണിയിൽ ഓരോ പടവും മുകളിലേക്ക് കയറുതോറും നിയമം ലംഘിക്കാനുള്ള അവകാശം വ്യക്തികൾക്ക് കൂടുതലായി ലഭിക്കുകയാണ്. ശ്രേണിവത്കൃതമാണ് ഭരണസംവിധാനം. ശ്രേണിയിലെ മുകൾത്തട്ടിലേക്കുള്ള ഏതുനിലക്കുമുള്ള ഉയർച്ച അഭിലഷണീയമായ കാര്യമാകുന്നു. ഇത് ജനാധിപത്യത്തിൽ പഴയ ജാതി ശ്രേണിക്രമത്തെ പുനരുല്പാദിപ്പിക്കുകയാണ്. മാത്രവുമല്ല, മാഫിയകളെ സംബന്ധിച്ച് ഇതിൽപരം ഉന്മേഷകരമായ മറ്റൊരു സ്ഥിതിവിശേഷമില്ല. രാഷ്ട്രീയ പാർട്ടികളുടെ നിയമ ലംഘന ശേഷികളെ മാഫിയകൾ അവരുടെ ബലിഷ്ഠതയിലേക്ക് കൊണ്ടുവരികയാണ്. അങ്ങനെ പുതിയൊരു വിതാനത്തിലേക്ക് അതിക്രമത്തിന്റെ വർത്തമാനം മാറുകയാണ്. ഈ പ്രവണത കൂടുതലായും ഇന്നു തെളിഞ്ഞുവരുന്നുണ്ട്.

രാഷ്ട്രീയ സംഘടനകളും പ്രവർത്തകരും ‘പൊതു'വായ വസ്തുവഹകളെയോ പൊതുമൂലധനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ ആണ് അതിക്രമിക്കുന്നത്. വാസ്തവത്തിൽ ഖജനാവിൽ നിന്ന് മോഷ്ടിക്കുന്ന പോലെയാണിത്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം സൃഷ്ടിയല്ല പൊതുവിടങ്ങളിലെ അതിക്രമം. എല്ലാ രാഷ്ട്രീയ പാർട്ടികളും തുല്യനിലയിൽ പങ്കാളിത്തം വഹിക്കുന്ന പ്രക്രിയയാണിത്. ഇത്തരം അതിക്രമങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന വാദമാണ് പലപ്പോഴും ന്യായീകരണമായി പൊതുസമൂഹത്തിനു മുമ്പാകെ അവതരിക്കപ്പെടാറ്. സർക്കാർ നയങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് അവരുടെ പ്രവർത്തകർ അതിക്രമം നടത്തിയതെന്നാണ് പാർട്ടികൾ വരച്ചുകാണിക്കുന്ന ചിത്രം. പക്ഷെ ഇവിടെയെല്ലാം കാണുന്ന പ്രത്യേകത, രാഷ്ട്രീയ സംഘടനകളും പ്രവർത്തകരും ‘പൊതു'വായ വസ്തുവഹകളെയോ പൊതുമൂലധനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ ആണ് അതിക്രമിക്കുന്നത് എന്നാണ്. ‘പൊതുസ്വത്തായി' പരിഗണിക്കപ്പെടാൻ അർഹതയുള്ളവെയാണ് അക്രമത്തിനിരയാക്കുക. വാസ്തവത്തിൽ ഖജനാവിൽ നിന്ന് മോഷ്ടിക്കുന്ന പോലെയാണിത്. പൊതു സ്വത്തിനു പ്രത്യേക അവകാശികളില്ലാത്തതിനാൽ ഇത്തരം അതിക്രമങ്ങൾ സ്വാഭാവിക പ്രക്രിയയാകുന്നു. ഭരണപക്ഷത്തോളം, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പാർലിമെന്ററി പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സംഘടനകളുമൊക്കെ പൊതു വ്യവസ്​ഥിതിയുടെ അവിഭാജ്യ ഭാഗമായിരിക്കെ ‘പൊതു' മുതലിനെതിരെയുള്ള അതിക്രമങ്ങൾക്കും പൊതുഹിംസക്കും എന്തു സാംഗത്യമാണുള്ളത്?. അനധികൃതമായ പ്രവർത്തിക്കുന്ന ഒരു ക്വാറിയുടെ ഓഫീസ് ആക്രമിച്ചാൽ യു.എ.പി.എ നിയമനുസരിച്ചുള്ള വകുപ്പുകൾ ക്ഷണിച്ചുവരുത്തും. അതേസമയം പൊതുസ്വത്ത് തകർത്താൽ അത് സ്വാഭാവിക പ്രതികരണമായാണ് ഭരണകൂട സ്ഥാപനങ്ങൾ കണക്കാക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ നവലിബറൽ വ്യവസ്ഥിതിയുടെ ഭാഗമായിരിക്കെ തന്നെ പൊതുഅതിക്രമങ്ങളിലൂടെ എന്തിനോടുള്ള ക്രോധമാണ് പാർട്ടികൾ തീർക്കുന്നതെന്ന് വ്യക്തമല്ല.

രാഷ്ട്രീയ പാർട്ടികളുടെ ഈ ഉത്തരവാദിത്തമില്ലായ്മയുടെ മാർഗം സ്വീകരിച്ചാണ് മത -ജാതി- വർഗീയ ശക്തികൾ കൂടുതൽ ഹിംസാത്മകമായ അതിക്രമങ്ങൾ അനുഷ്ഠിക്കുന്നത്. കലാപങ്ങളിൽ എല്ലാ ഇരകളും പൊതുവസ്തു പോലെ ചേതനാരഹിതരായി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ശേഷിയില്ലാത്ത ഒന്നായി മാറുന്നു. വസ്തുവകയായി മാത്രം കാണുന്ന ജനത്തെ അതിക്രമിക്കുക എന്നത് അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു കാര്യമാണ്. അതിൽ അപരാധബോധം അനാവശ്യമായി പേറേണ്ടതുമില്ല. കല്ല് , തടി, മരക്കഷ്ണം എന്നിവയെ ആക്രമിക്കുന്നതിൽ എന്തപരാധമാണുള്ളത്?. 1984 -ൽ സിഖ് വിരുദ്ധ വംശോന്മൂലന കൊലപാതകങ്ങളിൽ ഏതാണ്ട് ഒരു ഭാവഭേദവുമില്ലാതെ നടന്ന കാര്യമാണിത്. ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യയയിലും പ്രകടമായത് ഇതുതന്നെ. ഇത്തരത്തിലുള്ള പൊതുഹിംസയെയും അതിക്രമങ്ങളെയും ലോകമൊന്നാകെ അപലപിക്കുകയും അവക്ക് യാതൊരു ന്യായീകരണവും നൽകാൻ സാധ്യമല്ലാതിരിക്കുകയും ചെയ്തിട്ടും ഇത്തരം ഹിംസാത്മക പ്രവർത്തനങ്ങൾ രാഷ്ട്രീയ സംഘടനകൾ ഏറ്റെടുത്തു നടത്തുന്നത്, അത് ആത്യന്തികമായി സമൂഹത്തിന്റെ തൽസ്ഥിതി മാറ്റമില്ലാതെ നിർത്താൻ പറ്റുമെന്നതുകൊണ്ടാണ്. പൊതുഹിംസക്ക് നേരിട്ടോ പരോക്ഷമായോ പിന്തുണ നൽകുന്ന ഒരു ഭരണാധികാരിക്ക് അല്ലെങ്കിൽ രാഷ്ട്രീയ നേതാവിന് ലോകത്തിന്റെ കണ്ണാടിയിൽ അപരാധിയുടെ ഛായ തെളിഞ്ഞിട്ടും കൂസലില്ലാതെ തുടരാൻ പറ്റുന്നതും അതുകൊണ്ടാണ്. ഹിംസയും പൊതു അതിക്രമങ്ങളും രാഷ്ട്രീയത്തിൽ ലാഭകരമായ കച്ചവടമായി തീർന്നിരിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല, അത് പ്രത്യേകമായ ഒരു ലെജിറ്റിമസി നേടിയിരിക്കുന്നു എന്നതിനാലാണ്.

‘ഭൂതപക്ഷ'വും പരമാധികാരവും

വിധി നിർണയനത്തിൽ ഭൂരിപക്ഷമായിരിക്കണം അടിസ്ഥാന മാനദണ്ഡം എന്നതിനെപറ്റി മറിച്ചൊന്ന് ആലോചിക്കാൻ പറ്റാത്ത വിധത്തിൽ ജനാധിപത്യത്തെക്കുറിച്ച് സമവായം രൂപപ്പെട്ടിരിക്കുന്നു. ഖാപ് പഞ്ചായത്തിൽ ഗോത്രവിശുദ്ധത പാലിക്കാനുള്ള അനുഷ്ഠാന ഹത്യ നടത്തേണ്ട തീരുമാനം കൈക്കൊള്ളുന്ന കാര്യത്തിലാണെങ്കിലും ശരി, ഉന്നത നീതിപീഠം എന്തെങ്കിലും കേസിൽ ആത്യന്തികവിധി പ്രസ്താവിക്കുന്ന കാര്യത്തിലാണെങ്കിലും ‘ഭൂരിപക്ഷം' എന്തു തീരുമാനിക്കുന്നു എന്നതിലാണ് കാര്യം. കുറച്ചേറെ സങ്കീർണമായ പ്രശ്‌നമാണിത്. ഭൂരിപക്ഷമാകുന്നു ശരിപക്ഷം എന്ന ധാരണയാണ് സ്വീകാര്യമാകുന്നത്. രാഷ്ട്രത്തിന്റെ കാര്യത്തിലാണെങ്കിലും സ്ഥാപനത്തിന്റെ കാര്യത്തിലാണെങ്കിലും ഭൂരിപക്ഷം എന്നത് രൂപപ്പെടുന്നതുതന്നെ ന്യായയുക്തവും വിവേക പൂർണവുമായ ആലോചനയുടെ അടിസ്ഥാനത്തിലാകണമെന്നില്ല. ഭൂരിപക്ഷം രൂപപ്പെടുന്നത് അധികാരത്തിന്റെ ബലാബലങ്ങളിലൂടെയാണ്. വാസ്തവത്തിൽ ‘ഭൂരിപക്ഷത്തെ' രൂപപ്പെടുത്തുകയാണ് അല്ലെങ്കിൽ നിർമിക്കുകയാണ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ വിജയവും, നിയമനിർമാണ സഭകളിലെ പാർട്ടികൾ ചേർന്നുണ്ടാകുന്ന ഭൂരിപക്ഷവും ജനാധിപത്യത്തിലെ ‘ജനകീയ ഇച്ഛ'യായി വ്യാഖ്യാനിക്കപ്പെടുന്നു.

പരമാധികാരത്തിന് ഭൂരിപക്ഷത്തിന്റെ രൂപപ്പെടുത്തലുമായി ഗാഢബന്ധമാണുള്ളത്. അതായത്, ഭൂരിപക്ഷം സൃഷ്ടിക്കുന്നതാണ് പരമാധികാരം എന്നതുപോലെ പരമാധികാര പ്രചോദിതമാണ് ഭൂരിപക്ഷത്തിന്റെ രൂപീകരണവും. രാഷ്ട്രത്തിന്റെ മേൽ പരമാധികാരത്തിന്റെ അകക്കണ്ണുകൾ നടത്തുന്ന നിരന്തര സൂക്ഷ്മ പരിശോധനകൾ (surveillance) ഭൂരിപക്ഷത്തെ നിജപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. അത് പഴയ സങ്കൽപത്തിലുള്ള വല്യേട്ടൻ നോട്ടമല്ല. സൂഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിശോധനയാണ്. രാഷ്ട്രത്തിന്റെ ഓരോ വ്യവസ്ഥകളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ രൂപപ്പെടുന്നതാണത്. ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകുന്നതുമുതൽ മകളെ സ്‌കൂളിൽ ചേർത്താൻ പോകുമ്പോൾവരെ ഈ പരിശോധനാക്രമത്തിന് വിധേയമാണ് മനസ്സും ശരീരവും. ഓരോ വ്യക്തിയും രാഷ്ട്രസ്വത്വത്തിലേക്ക് വിലയിക്കുക മാത്രമല്ല, രാഷ്ട്രത്തെ അന്തർവഹിക്കുക കൂടി ചെയ്യുന്നു. അങ്ങനെ രാഷ്ട്രക്രമത്തെ രൂപപ്പെടുത്തുന്നത് ഈ നിർമിതമായ ഭൂരിപക്ഷാത്മകതയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് ഈ ഭൂരിപക്ഷമാണ്.

തോമസ് ബ്ലോ ഹാൻസെൻ
തോമസ് ബ്ലോ ഹാൻസെൻ

ഇത് എത്തരത്തിലാണ് സംഭവിക്കുന്നത്? ഇത് വിശദീകരിക്കാൻ തോമസ് ബ്ലോം ഹാൻസെൻ അവതരിപ്പിക്കുന്ന റൂസ്സോയുടെ ‘ഉറങ്ങുന്ന പരമാധികാരം' (sleeping sovereign) എന്ന പരികല്പനയാണ് മുന്നോട്ടുവെക്കുന്നത്. ഭരണഘടനപരമായി പരികൽപിക്കപ്പെട്ടിട്ടുള്ള പരമാധികാരവും ജനതയുടെ ഇച്ഛയും പിടികൊടുക്കാതെ പോകുന്ന ഒന്നാണ്. വ്യഖ്യാന സാധ്യതകൾ മാത്രമാണ് അതിനുള്ളത്. തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷ വിജയവും, നിയമനിർമാണ സഭകളിലെ പാർട്ടികൾ ചേർന്നുണ്ടാകുന്ന ഭൂരിപക്ഷവും ജനാധിപത്യത്തിലെ ‘ജനകീയ ഇച്ഛ'യായി (People's Will) വ്യാഖ്യാനിക്കപ്പെടുന്നു. ജനകീയ ഇച്ഛ വ്യഖ്യാനപരമാണ്. പക്ഷെ സാക്ഷാൽ ‘ജനത' അഭിസംബോധന ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് വേളകളിലാണ്. ജനതക്ക് ഏകീകൃതവും സമൂർത്തവുമായ സ്വഭാവുമില്ല. വിവിധ താൽപര്യങ്ങളാൽ വേർപ്പെട്ടിരിക്കുന്നതാണ് ജനത. വൈവിധ്യം എന്ന് വിവക്ഷിക്കുന്ന അവസ്ഥയാണിത്. വിവിധ താൽപര്യങ്ങളെ ഏകീകരിച്ചുകൊണ്ട് വോട്ടു ബാങ്കുകൾക്ക് രൂപം നൽകുക എന്നതാണ് പാർലമെന്ററി ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ അവലംബിച്ചു വരുന്ന ഒരു പ്രവർത്തന രീതി. രാഷ്ട്രീയ പാർട്ടികൾ വലിയ തോതിൽ അവരുടെ മുതൽമുടക്ക് നിക്ഷേപിക്കുന്നത് വോട്ടു ബാങ്കുകളിലാണ്. ഈ വോട്ടുബാങ്കുകളാണ് ഉറങ്ങിക്കിടക്കുന്ന പരമാധികാരം കുടികൊള്ളുന്നത്. അങ്ങനെ ‘ഉറങ്ങിക്കിടക്കുന്ന പരമാധികാര'ത്തെ വിളിച്ചുണർത്തുക എന്നത് രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കുന്ന പ്രവൃത്തിയാണ്. രാഷ്ട്രീയ പാർട്ടികൾ തൊട്ടുണർത്തുന്നത് വികാരമിളക്കിവിട്ടുക്കൊണ്ടാവരുത് എന്നാണ് ഉദാര ജനാധിപത്യവാദത്തിലെ പ്രമാണം. പക്ഷെ, എല്ലാ തിരഞ്ഞെടുപ്പുകളിലും ലംഘിക്കാനുള്ളതാണ് ഈ വിശ്വാസം. തിരഞ്ഞെടുപ്പ് കമീഷൻ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ തീരുമാനങ്ങൾക്ക് വിധേയമാണ് തെരെഞ്ഞെടുപ്പ് പ്രക്രിയ. ഈ ഘട്ടത്തിൽ ഉന്നത നീതിപീഠം പോലും ഇടപെടുകയില്ല, തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വർഗീയ പരാമർശങ്ങളുടെ ഉള്ളടക്കം വിലയിരുത്തി തിരഞ്ഞെടുപ്പ് കമീഷൻ വിവിധ ഗ്രേഡുകളിലുള്ള ശിക്ഷകൾ നടപ്പാക്കാറുണ്ട്. എങ്കിലും ‘ഉറങ്ങിക്കിടക്കുന്ന പരമാധികാര'ത്തെ തൊട്ടുണർത്തക്ക വിധത്തിൽ സാങ്കൽപിക ഭൂരിപക്ഷത്തെ പ്രചോദിപ്പിക്കാൻ വിദ്വേഷം നിറഞ്ഞതും ഹിംസാത്മവുമായ ഭാഷണങ്ങളാണ് ഉപയോഗപ്പെടുത്താറ്. ഈ വോട്ടു ബാങ്ക് മാറാതെ നിൽക്കുന്ന ഒന്നായാണ് രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. ഏതുനിലയിലും മാറ്റത്തെ ചെറുക്കുന്നതാണ് വോട്ടുബാങ്ക് രാഷ്ട്രീയം. ഇതിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ ‘ഭൂരിപക്ഷ'ത്തെ എപ്പോഴും എന്നും ‘ഭൂതപക്ഷ' മാക്കുന്നു. കാരണം, ഇത് സമകാലികതയിലല്ല ജീവിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിജയം ഈ ‘ഭൂതപക്ഷ'ത്തെ കൂടെ ഉണർത്താൻ കഴിയുന്നു എന്നതാണ്.

വിഭാഗീയതും വർഗീയതയും ഒഴിവാക്കിക്കൊണ്ട് ‘ഉറങ്ങുന്ന പരമാധികാരത്തെ' തൊട്ടുണർത്തി സ്വരാഷ്ട്രത്തിന്റെ മഹിമകൾ പങ്കുവെയ്ക്കുന്ന ‘ഇവെന്റു’കളാണ് ആഗസ്റ്റ് പതിനഞ്ചും ജനുവരി ഇരുപത്തിയാറും.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഏറ്റവും വിദഗ്ദ്ധമായി മാനിപ്പുലേറ്റ് ചെയ്തിട്ടുള്ളത് രാഷ്ട്രീയ പാർട്ടികളാണ്. മതത്തിന്റെ ഉള്ളടക്കമുള്ള പ്രസംഗങ്ങൾ മാത്രമല്ല വിദ്വേഷജനകമായി കണക്കാക്കേണ്ടത്, സ്ത്രീ വിരുദ്ധ പരാമർശങ്ങളും സെക്‌സിസ്റ്റ് വളിപ്പുകളും വിദ്വേഷ പ്രസംഗത്തിലുൾപ്പെടുന്നതാണ്. വിഭാഗീതയും അക്രമോൽസുകതയും പ്രോത്സാഹിപ്പിക്കുന്നതാണ് വിദ്വേഷ ഭാഷണങ്ങൾ. രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് ‘ഉറങ്ങിക്കിടക്കുന്ന പരമാധികാര'ത്തെ ആയുധവൽക്കരിക്കുകയാണ്. ഇന്ത്യ വിഭജനത്തിനുശേഷം ഇത്തരത്തിലുള്ള ഭൂരിപക്ഷാത്മകതയെ ഉണർത്താനും അതിനെ ആയുധവൽക്കരിക്കാനും അവിരാമമില്ലാതെ നടന്ന പരിശ്രമങ്ങളുടെ ഫലമാണ് ഭൂരിപക്ഷാത്മകമായ ദേശീയതയുടെ അധികാരാരോഹണം തന്നെ. വിഭാഗീയതും വർഗീയതയും ഒഴിവാക്കിക്കൊണ്ട് ‘ഉറങ്ങുന്ന പരമാധികാരത്തെ' തൊട്ടുണർത്തി സ്വരാഷ്ട്രത്തിന്റെ മഹിമകൾ പങ്കുവെയ്ക്കുന്ന ‘ഇവെന്റു’കളാണ് (event) ആഗസ്റ്റ് പതിനഞ്ചും ജനുവരി ഇരുപത്തിയാറും. ഇതിൽ നിന്ന് ഭിന്നമായി ആഗസ്റ്റ് പതിനാല് ഇന്ത്യ വിഭജനത്തിന്റെ ഓർമദിനമായി മാറുമ്പോൾ സംഭവിക്കുന്നത് ഭൂരിപക്ഷാത്മകതയെ പ്രത്യേകമായി തന്നെ ഉണർത്തുന്നുവെന്നുള്ളതാണ്. രാഷ്ട്രത്തിന്റെ ‘പൊതു ഇച്ഛ' രൂപപ്പെടുത്തുന്നതിൽ വിഭജനത്തിന് സവിശേഷ പങ്കുള്ളതാണ്. രാഷ്ട്രീയം ഈ ‘പൊതു ഇച്ഛയുടെ' പ്രതിഫലനമാകുമ്പോൾ അത് ജനാധിപത്യപരമാകുന്നില്ല.

വൾഗർ ഡെമോക്രസി

ഭൂരിപക്ഷത്തിന്റെ സമഗ്രാധികാരമായി പരിണമിക്കുന്നതിടത്തുവെച്ചാണ് ജനാധിപത്യ സംവിധാനങ്ങൾ തകിടം മറിയുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂരിപക്ഷം എന്നത് രൂപപ്പെടുത്തിയെടുക്കുന്നതാണ്. ഇലക്ടറൽ തന്ത്രങ്ങളിലൂടെ ഭൂരിപക്ഷത്തെ സ്വരൂപിക്കാമെന്ന രാഷ്ട്രീയ യുക്തി ബിസിനസിന്റെ തലത്തിലേക്ക് പ്രശാന്ത് കിഷോറിനെ പോലുള്ളവർ വികസിപ്പിച്ചു. പ്രത്യശാസ്ത്ര -പ്രാദേശിക ഭേദമെന്യേ ഇലക്ടറൽ തന്ത്രങ്ങൾ രൂപ്പെടുത്താമെന്നും അത് വിജയകരമായി എങ്ങനെ നടപ്പാക്കാമെന്നും പ്രശാന്ത് കിഷോർ കാണിച്ചു തന്നിട്ടുണ്ട്. ഉത്തരപ്രദേശിൽ ജാതീയമായ കോൺഫിഗുറേഷനിലൂടെയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തതും ഇപ്പോൾ നിലനിർത്താൻ തന്ത്രം ആവിഷ്‌ക്കരിക്കുന്നതും. ഈയിടെ നിഷാദ് പാർട്ടിയുമായി വരുന്ന തിരഞ്ഞെടുപ്പിലേക്ക് സഖ്യമുണ്ടാക്കിയിരിക്കുന്നു. പല ഉപജാതികളെയും ചേർത്തുള്ള സഖ്യമാണത്. ഈ നിലയിൽ ജനാധിപത്യപരമായ ഭൂരിപക്ഷം എന്ന സങ്കൽപം നിരർത്ഥകമായിരിക്കുന്നു. തൽസ്ഥാനത്തുവരുന്നത് വളരെ അപകടകരമായ ഭൂരിപക്ഷ രൂപീകരണമാണ്. ഈ ഭൂരിപക്ഷ രൂപീകരണത്തിൽ ഹൈന്ദവ സ്വത്വ രാഷ്ട്രീയത്തിന് മേൽക്കൈയുണ്ട്. ഹിന്ദുത്വത്തിലേക്കുള്ള ആദ്യപടിയാണ് ഹൈന്ദവ സ്വത്വരാഷ്ട്രീയത്തിന്റെ രൂപീകരണം. ഹൈന്ദവ സ്വത്വരൂപീകരണം വിവിധ ജാതി സമൂഹത്തിൽപ്പെട്ടവർക്ക് വ്യാജമായ സുരക്ഷിത്വ പ്രതീതി നൽകുന്നതുമാണ്. ഇതര മതസമൂഹത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ ഈ മട്ടിലുള്ള ഏകീകരണത്തിന് സഹായകമാകുന്നു. ഹൈന്ദവതയിലേക്കുള്ള ജാതിസമൂഹങ്ങളുടെ പരിവർത്തനമാണ് ഏറ്റവും വ്യാപകമായി നടക്കുന്ന കാര്യം. അധികാരവും സമ്പത്തും അതിന്റെ മറ്റു ഉപാധികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സഹായകമാണ്.

പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോർ

ഭൂരിപക്ഷം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാവുകയും അത് വിദഗ്ദ്ധമായ മാനിപ്പുലേഷന് വിധേയമാവുകയും ചെയ്തതു പോലെ ‘ഇൻക്ലൂഷൻ' (ഉൾക്കൊള്ളൽ) എന്ന ആശയവും ഇതേനിലയിൽ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇൻക്ലൂസീവ് വികസനമെന്നതൊക്കെ ഇന്ന് കോർപറേറ്റ് ബാങ്കുകളുടെ പോലും മുദ്രാവാക്യമാണ്. ഇൻക്ലൂസിവ് എന്നത് ഏകീകൃത സ്വത്വ രൂപീകരണത്തിലേക്കുള്ള ഉൾക്കൊള്ളലായി മാറിയിരിക്കുന്നു. തോമസ് ബ്ലൊം ഹാൻസെൻ സൂചിപ്പിക്കുന്നത് പോലെ, ശാക്തീകരിക്കപ്പെട്ട ഭൂരിപക്ഷത്തിലേക്ക് ഏകീകരിക്കപ്പെടുക എന്നത് ജാതി ശ്രേണിയിൽ ഏറ്റവും കീഴ്​ത്തട്ടിൽപ്പെടുന്ന ജാതിയിലെ അംഗങ്ങൾക്ക് അധികാരത്തിൽ പങ്ക് ലഭിക്കുന്നതുപോലെ ഒരു വൈകാരിക അവസരമായി മാറുകയാണ്. ‘ഭൂരിപക്ഷത്തിലുള്ള പങ്കാളിത്തം' എന്നതുതന്നെ അവസരങ്ങൾക്കുള്ള സാധ്യതകളെ നൽകുന്നതായി മാറുന്നു. ‘ഘർ വാപസി' ചിലയിടങ്ങളിലൊക്കെ വിജയിച്ചിട്ടുണ്ടെങ്കിൽ കാരണമിതാണ്- ഭൂരിപക്ഷം നൽകുന്ന സുരക്ഷിതത്വം.

Public Anger നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് ജനരോഷം എന്ന നിലയിലാണ്. ജനമെന്നതുതന്നെ അമൂർത്തമായിരിക്കെ ഈ രോഷപ്രകടനം ആര് ആർക്കുവേണ്ടി നടത്തുന്നു എന്നത് അവ്യക്തമാണ്.

ഭൂരിപക്ഷത്തിന്റെ ഭാഗമാവുക എന്നത് സുഖകരമായ അനുഭവമാവുകയാണ്. ഭൂരിപക്ഷം ഇവിടെ ആൾക്കൂട്ടത്തിന്റെ പ്രകൃതമാർജിക്കുന്നു. സുരക്ഷയോടൊപ്പം പരിധിയില്ലാത്ത സ്വാതന്ത്ര്യവും സൗജന്യമായി ലഭിക്കുന്നു. ഇതിന്റെ ഏറ്റവും പ്രകടിത രൂപം സാമൂഹ്യ മാധ്യമങ്ങളിലെ നിത്യേന എന്നോണം നടക്കുന്ന ആൾക്കൂട്ട ഹിംസകൾ തന്നെ. സൈബർ ആൾക്കൂട്ടത്തിന്റെ ഭാഗമാകാൻ പ്രത്യേക ബുദ്ധിയോ വിവേകമോ വേണ്ടതില്ല. വിദ്വേഷത്തെ ഏറ്റവും സന്ദർഭോചിതമായി അളന്നുതൂക്കി പറയാനുള്ള പ്രാഗത്ഭ്യമാണ് ആകെ വേണ്ട കൈമുതൽ. പക്ഷെ തങ്ങളുടെ അപകർഷതാബോധത്തിൽ നിന്ന്​ രൂപപ്പെടുന്ന വിദ്വേഷവും ഹിംസാത്മകതയും യാതൊരു ഉത്തരവാദിത്വമോ നിയന്ത്രണമോ ഇല്ലാതെ പ്രകടിപ്പിക്കാനുള്ള അവസരമാവുകയാണ്. ഈ ആൾക്കൂട്ട സഞ്ചയത്തിന്റെ കൂടെ നിന്ന് സൈബർ ലിഞ്ചിങ്ങിൽ കൃതഹസ്തത തെളിയിച്ചവർക്ക് അതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ പലതും ലഭിക്കുകയും ചെയ്യുന്നുണ്ട്.

പരിധിയില്ലാത്ത സ്വാതന്ത്ര്യമില്ല. ഫ്രോയിഡ് ‘Civilization and Discontents' ൽ വിശദീകരിക്കുന്ന കാര്യം ഇതാണ്. സിവിലൈസേഷന് ജർമൻ ഭാഷയിലുള്ള വിവർത്തനം Kultur എന്നാണ്. സംസ്‌കാരത്തിലേക്ക് വികസ്വരമാകുന്ന സമൂഹം അന്ധമായ വാസനകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്തുകയാണ്. ഇങ്ങനെയുള്ള നിയന്ത്രണത്തിൽ നിന്നുള്ള മുക്തിയാണ് സൈബർ മണ്ഡലത്തിൽ ലഭിക്കുന്നത്. ‘സംസ്‌കാര സമ്പന്നമായ' അതിശ്രേഷ്ഠ ഭാഷയായ മലയാളത്തിൽ ഇസ്തിരിയിട്ട പോലെ തന്നെ വാചകങ്ങൾ സൈബറിതര ജീവിതത്തിൽ പറയുന്നവർ, മഹാന്മാരായ മലയാളത്തിലെ നവോത്ഥാന പ്രതിഭകളെ കാണാപാഠം തന്ന ഉദ്ധരിക്കാൻ കഴിവുള്ളവർ, ബഹുമാന്യരും കലാശാല അധ്യാപകരുമൊക്കെയായവർക്ക് സൈബർ മണ്ഡലത്തിൽ ഭാഷണ സ്വാന്തന്ത്ര്യം പ്രഖാപിച്ചുകൊണ്ട് ആൾക്കൂട്ടത്തിൽ ചേരുകയോ ആൾക്കൂട്ടത്തെ തന്നിലേക്ക് ആകർഷിക്കാനോ എളുപ്പം സാധ്യമാകുന്നത് സംസ്‌കാരത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി തങ്ങളുടെ ലിബിഡിനൽ ശക്തി (power) പ്രകടിപ്പിക്കുന്നതിനാലാകണം. അതേസമയം സംസ്‌കാരത്തിൽ നിന്ന് സിദ്ധമായ യുക്തിബോധം വെച്ച് അവർക്കറിയാം, ഒറ്റക്ക് ആൾക്കൂട്ടത്തിൽ ചേരാതെ ഇങ്ങനെ പ്രവർത്തിച്ചാൽ അവർ അകത്താകുമെന്ന്. അതിനെ മറികടക്കാനുള്ള ഉപായമാണ് സംഘങ്ങളായി അല്ലെങ്കിൽ സംഘടിതശക്തിയുടെ ഭാഗമായി ഒരു ‘പോരാളിയെ' പോലെ ഇറങ്ങുക എന്നത്. ഒരുപക്ഷെ ഒറ്റപ്പെട്ട വ്യക്തികൾ എന്ന നിലയിൽ തീർത്തും ദുർബലരും ഭീരുക്കളുമായിരിക്കും. ഒരേകീകൃത സ്വത്വത്തിലേക്ക് സ്വയം വിലയിക്കുമ്പോഴാണ് അവരുടെ തൃഷ്ണകൾ തീക്ഷ്ണ​ ഭാവത്തോടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. വ്യക്തിയുടെ ഈ ദുർബലാവസ്ഥ തന്നെയാണ് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ദുശ്ശാസകർക്ക് മുതലെടുക്കാനും പറ്റുന്നത്. ഇതിന്റെ ആദ്യത്തെ അത്യാഹിതം നേരിടേണ്ടത് ജനാധിപത്യത്തിനാണ്. ഒറ്റയ്ക്കാണെങ്കിലും ആൾക്കൂട്ടത്തെ ഉള്ളിൽ പേറുന്നവന്റെ അന്തഃസത്തയാണ് വെറുപ്പിന്റെ ദുശ്ശക്തിയായി അസമിലെ ആ ഫോട്ടോഗ്രാഫറുടെ മൃതശരീരത്തിനുമേലുള്ള ‘നൃത്തത്തി'ലൂടെ പ്രകടമായത്.

അസമിലെ ഫോട്ടോഗ്രാഫറും പ്രകടിപ്പിക്കുന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന ‘പൊതു'വിന്റെ വെറുപ്പും രോഷവുമാണ്. അടങ്ങാത്ത രോഷം തിരിച്ചുവിട്ടിരിക്കുന്നത് കുടിയേറ്റ ജനതക്കെതിരെയും അതിൽ തന്നെ പ്രത്യേകിച്ച് മുസ്‌ലിം ജനവിഭാഗത്തിനു നേരെയുമാണ്.

പൊതുരോഷം/പൊതുഹിംസ

Public Anger നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് ജനരോഷം എന്ന നിലയിലാണ്. ജനമെന്നതുതന്നെ അമൂർത്തമായിരിക്കെ ഈ രോഷപ്രകടനം ആര് ആർക്കുവേണ്ടി നടത്തുന്നു എന്നത് അവ്യക്തമാണ്. നിയമസഭാ കൈയാങ്കളി തന്നെ നോക്കുക. അന്നത്തെ ധനമന്ത്രിയുടെ അഴിമതിക്കെതിരെയുള്ള ജനരോഷത്തിന്റെ പ്രകടനമായിരുന്നു പൊതുവിടമായ നിയമസഭയിൽ അരങ്ങേറിയത് എന്നായിരുന്നു വാദം. കാലാന്തരത്തിൽ സംഭവഗതികളും മുന്നണി കൂട്ടുകെട്ടും മാറിയപ്പോൾ ജനരോഷം എന്ന നിലപാട് തന്നെ കൈയൊഴിഞ്ഞു. പുതിയ വാദഗതി അത്തരമൊരു സംഭവം തന്നെ സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ്. ജനരോഷമല്ല പൊതുരോഷം. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയാണ് പൊതുരോഷം ഉയർന്നുവരാറ്. പൊതു എന്നത് കൃത്യം നിർവചിക്കപ്പെടാത്തതിനാൽ പൊതു തന്നെ പലതാണ് (publics). പലപ്പോഴും പൊതുക്രോധം സാധൂകരിക്കപ്പെട്ടു പോകുന്നത് അത് ഭരണകൂടത്തിനെതിരെയുള്ള പൊതുവികാരത്തിന്റെ പ്രകടനമെന്ന നിലയിലാണ്. അസമിലെ ഫോട്ടോഗ്രാഫറും പ്രകടിപ്പിക്കുന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന ‘പൊതു'വിന്റെ വെറുപ്പും രോഷവുമാണ്. അടങ്ങാത്ത രോഷം തിരിച്ചുവിട്ടിരിക്കുന്നത് കുടിയേറ്റ ജനതക്കെതിരെയും അതിൽ തന്നെ പ്രത്യേകിച്ച് മുസ്‌ലിം ജനവിഭാഗത്തിനു നേരെയുമാണ്. അസം ദേശീയത ഹൈന്ദവ ദേശീയതയുമായി ഏകീകരിക്കപ്പെടുകയാണ്. അസം ദേശീയതയിൽ നിന്ന് ‘അഴുക്കുകളെ' ഒഴിവാക്കി ശുദ്ധീകരിക്കുന്ന പ്രക്രിയക്ക് ഹിംസ അനിവാര്യമായി തീരുന്നു. രാഷ്ട്രത്തെ അശുദ്ധമാക്കിയവരെ തിരഞ്ഞുപിടിച്ചുപുറന്തള്ളുകയാണ്. ശുദ്ധീകരണ പ്രക്രിയക്ക് അവശ്യം വേണ്ടത് എല്ലാ അവിശുദ്ധിയും ആരോപിക്കാനുള്ള ബലിവംശത്തെയാണ്. മുസ്‌ലിം കുടിയേറ്റ ജനത ദേശീയതയുടെ ഭൂരിപക്ഷ ആഖ്യാനത്തിൽ ബലിവംശജരായി പ്രതിഷ്ഠാപനം ചെയ്യപ്പെടുകയാണ്.

2015 ലെ ബജറ്റ് അവതരണത്തിനിടെ ധനകാര്യമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ എം.എൽ.എമാർ നിയമസഭയിൽ നടത്തിയ കയ്യാങ്കളി
2015 ലെ ബജറ്റ് അവതരണത്തിനിടെ ധനകാര്യമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ എം.എൽ.എമാർ നിയമസഭയിൽ നടത്തിയ കയ്യാങ്കളി

പല രീതികളിലുമാണ് ഹിംസ അനുഷ്ഠിക്കപ്പെടുന്നത്. രാഷ്ട്രഗാത്രത്തിൽ നിന്ന് അശുദ്ധമായതിനൊക്കെ ഒഴിവാക്കിക്കൊണ്ട് ശിക്ഷണ- ദണ്ഡന വ്യവസ്ഥയിലൂടെ രാഷ്ട്ര ഗാത്രത്തെ പേശീബലമുള്ള, മനുസ്മൃതിയുടെ മാനദണ്ഡമനുസരിച്ചുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അനുയോജ്യമാക്കുന്ന വിധത്തിലുള്ള രൂപപ്പെടുത്തലാണ്. ഇതിനായി കലാപം എന്നത് രാഷ്ട്രീയ പ്രയോഗമായി മാറുകയാണ്. അതൊരു ഫിറ്റ്‌നസ് എക്‌സസൈസായി പരിഗണിക്കപ്പെടുന്നു. പലപ്പോഴും കൂടുതൽ പേരെ ബാധിക്കുന്ന കലാപങ്ങൾ മാത്രമേ വാർത്താ പ്രാധാന്യം നേടാറുള്ളൂ. യഥാർത്ഥത്തിൽ രാഷ്ട്രശരീരത്തെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി അനേകം ചെറുകലാപങ്ങൾ ദൈനംദിനമെന്നോണം സംഘടിപ്പിക്കുന്നുണ്ട്. വളരെ വ്യത്യസ്ത സ്വഭാവമുള്ളതാണ് ഇതിലെ ഹിംസ. അത് നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു. ഭരണകൂടത്തിന്റെ അംഗീകാരമുള്ള അതിക്രമവും ഹിംസയുമാണ് അതിൽ ഏറ്റവും മുൻപന്തിയിലുള്ളത്. അത് നിത്യേനയെന്നോണം നടക്കുന്നു. അതിന്റെ അനുഷ്ടാനപരമായ ഹിംസക്ക് വിധയേമാവുന്നത് സാമൂഹ്യ ശ്രേണിയിലെ ഏറ്റവും കീഴ്​ത്തട്ടിലുള്ളവരും ദരിദ്രരായ ദലിതരും മുസ്‌ലിം ജനവിഭാഗങ്ങളുമാണ്. ചേരിപ്രദേശങ്ങളിലെ പൊലീസിങ്ങും ഭരണകൂടത്തിന്റെ ഇടപെടലുകളും മുമ്പെയുള്ളതാണ്. എന്നാൽ തൊണ്ണൂറുകൾക്കുശേഷമുണ്ടായ പുതിയ സാമൂഹ്യ ബോധത്തിന്റെ കൂടി സൃഷ്ടിയായി സാമൂഹ്യ ശാസ്ത്രജ്ഞർ ഇത് ഡോക്യുമെൻറ്​ ചെയ്തിട്ടുള്ള വസ്തുതകളാണ്. ജെറമി സീബ്റൂക്, ഇമ്രാൻ അഹമ്മദ്ദ് സിദ്ദിഖി എന്നിവർ എഴുതിയ ‘People without history: India's Muslim Ghettos' പോലുള്ള പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടി എന്ന നിലയിൽ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ മറവിൽ പൊലീസ് അതിക്രമങ്ങൾ കാണിച്ചിട്ടുള്ളതുമുഴുവനും ദരിദ്ര ജനവിഭാഗങ്ങളോടാണ്. അപൂർവമായി ചില ഇടപെടലുകൾ പൊലീസിന്റെ കൈവിട്ടുപോകുമ്പോൾ മാത്രമാണ് വാർത്തകളിൽ ഇടം നേടുന്നത്.

ആൾക്കൂട്ട അതിക്രമങ്ങൾ സ്വാഭാവിക രോഷ പ്രകടനങ്ങൾ എന്ന നിലയിൽ തള്ളിക്കളയുന്ന പതിവാണുള്ളത്. ഈ ആൾക്കൂട്ട അതിക്രമങ്ങൾ ഏതു രൂപവുമാർജിക്കാം. അതിന്റെ അനന്തരഫലങ്ങൾ എന്ന നിലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകാം. അത് കലാപത്തിന് വഴിയൊരുക്കലുമാകാം. മിക്കപ്പോഴും ദിവസങ്ങളോളം നീളുന്ന കലാപങ്ങൾക്ക് കാരണം ഒരു ചെറു ആൾക്കൂട്ടം നടത്തിയ ഹിംസാപ്രവർത്തനമായിരിക്കും. അധികാരവും സമ്പത്തുമുള്ള വിഭാഗങ്ങൾ നടത്തുന്ന ഹിംസക്കെതിരെ പ്രതിരോധം എന്ന നിലക്കുള്ള പ്രതിഹിംസയെ നേരിടുന്നതിനാണ് ഭരണകൂട ഒത്താശയോടെ തന്നെ സാമൂഹ്യ കലാപങ്ങൾ ആരംഭിക്കുന്നത്. പിന്നീട് അത് നിയന്ത്രണവിധേയമല്ലാത്ത വിധത്തിൽ വ്യാപിക്കുന്നതാണ് കണ്ടുവരുന്നത്.

ആൾക്കൂട്ട ഹിംസ ആസൂത്രിതമാണ്. ഈ ആസൂത്രണം ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം നടത്തുന്ന ഗൂഢാലോചനയും ആസൂത്രണവുമായി കാണുന്നതാണ് പലപ്പോഴും വേണ്ടവിധത്തിൽ തെളിവുകൾ ശേഖരിക്കാൻ പറ്റാത്തതിന് കാരണമായി തീരുന്നത്. ദീർഘകാലം മുമ്പേ തുടങ്ങിയ ഗൂഢാലോചനയാണ് പെട്ടെന്നൊരു ദിവസമെന്നോണം പൊട്ടിപ്പുറപ്പെടുന്ന ഒന്നായി തീരുന്നത്. ഇത്തരം ആസൂത്രിത അതിക്രമങ്ങൾക്ക് ശിക്ഷണം ചരിത്രപരമായി തലമുറകളിലൂടെ കൈവന്നിട്ടുള്ളതാണ്. പെട്ടെന്നുണ്ടായ അതിക്രമമെന്ന (spotaneous violence) നിലയിൽ കാണുന്നതിൽ പാകപ്പിഴകളുണ്ട്. സമയവും സന്ദർഭവും വെച്ചുനോക്കുമ്പോൾ എന്തെങ്കിലുമൊരു ‘അനിഷ്ട' സംഭവം തൊടുത്തുവിടുന്ന വികാരം ആളിപ്പടരുകയും അത് അതിക്രമങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു എന്നതായിരിക്കാം കലാപത്തിന് കാരണമായ ഔദ്യോഗിക ഭാഷ്യം. എന്നാൽ ജാതീയവും വംശീയവും വർഗീയവുമായ അതിക്രമങ്ങൾ പൊടുന്നനേ പൊട്ടിപ്പടരുന്നതാണെങ്കിലും ദീർഘകാലത്തെ മാനസിക ശിക്ഷണം ലഭ്യമായശേഷമുണ്ടാകുന്നതാണ്. പ്രകടമായി പെട്ടെന്നു തന്നെ അവസാനിച്ചരിക്കാം അതിക്രമമെങ്കിലും ജാതീയവും വംശീയവുമായ വലിയ ആഘാതമാണ് ഹൃസ്വനേരം കൊണ്ട് ഉണ്ടാക്കിയിരിക്കുക. ജാതീയവും വംശീയവുമായ ഘടനയിൽ നിന്നുൽഭവമാകുന്ന ഹിംസകളുടെ കാരണങ്ങൾ മനസ്സിലാക്കണമെങ്കിൽ സമയത്തിൽ പിറകോട്ടേക്കു പോകേണ്ടി വരും. പലപ്പോഴും സമാധാന ചർച്ചകൾ പ്രസക്തമാണെങ്കിലും അതൊക്കെ താത്കാലികം മാത്രമായി തീരുന്നത് ജാതിഘടനയിലുള്ള കുടിപ്പകയും വംശവെറിയും ഹിംസാവാസനയും വിദഗ്​ധമായി രാഷ്ട്രീയ ഹിംസകൾക്ക് ഉപയുക്തമാക്കപ്പെടുന്നതുകൊണ്ടാണ്. ഇത്തരം ഘടനാപരമായ ഹിംസയെ സ്വശരീരത്തിലൂടെ മൂർത്തവത്കരിക്കുന്ന (embody) നേതാക്കൾ ഗോത്രത്തലവന്മാരെ പോലെ വംശീയമായ അംഗീകാരം ലഭിക്കുന്നവരാണ്. ആഴത്തിൽ പടർന്ന വംശീയ ബോധമുള്ള ഫ്യൂഡലോ അർദ്ധ ഫ്യൂഡലോ ആയ ബോധാവസ്ഥയിലുള്ള അനുയായികൾ അത്യധികം ആരാധനയോടെയാണ് ഹിംസയെ പ്രതിരൂപവൽകരിക്കുന്ന നേതാക്കളെ കാണുന്നത്. ജാതിഹിംസയുടെ രൂപാന്തരങ്ങൾ തന്നെയാണ് രാഷ്ട്രീയ അതിക്രമങ്ങളിലും ഹിംസയിലും പ്രകടമാകുന്നത്.

ഏതുകാര്യത്തിലാണെങ്കിലും ജനങ്ങളുടെ ക്രോധവും അമർഷവും പ്രകടിപ്പിക്കാൻ പൊതു അതിക്രമമാകാമെന്ന ധാരണയിലേക്കാണ് രാഷ്ട്രീയ സമൂഹം പ്രത്യയശാസ്ത്ര വേർതിരിവുകൾക്ക് അതീതമായി എത്തിച്ചേർന്നിരിക്കുന്നത്

ഹിംസക്ക് അടിസ്ഥാനമായി അല്ലെങ്കിൽ സ്വയം സാധൂകരണമായി വിവക്ഷിക്കപ്പെടാറുള്ളത് പകരത്തിനു പകരമുള്ള ഹിംസ എന്ന നിലക്കാണ്. അതായത്, പകരം വീട്ടൽ അല്ലെങ്കിൽ പ്രതികാരം ചെയ്യുക എന്നതാണ് ഉദ്ദേശ്യമായി പറയാറ്. പെട്ടെന്നുണ്ടായതെന്ന് പൊലീസ് റിക്കോർഡുകളിൽ രേഖപ്പെടുത്തപ്പെട്ട ഹിംസ പകരംവീട്ടലിന്റെ സ്വഭാവമുള്ളതാണ്. പകരം വീട്ടൽ ന്യായീകരണ യുക്തമായ കാര്യമായാണ് അവതരിപ്പിക്കപ്പെടുക. പകരംവീട്ടലിൽ നീതിയുക്തവുമാക്കുന്നു, Retributive justice എന്ന നിലയിൽ. ഭരണഘടനയോട് പ്രതിജ്ഞാബദ്ധത പുലർത്തുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഭരണഘടനധിഷ്ഠിതമായ നിയമവാഴ്ചക്ക് സമാന്തരമായി നടത്തുന്ന പ്രവർത്തനമാണിത്. പകരത്തിനു പകരമുള്ള ഹിംസ എന്നു വിവക്ഷിക്കുമ്പോൾ തന്നെ അത് പൊടുന്നനെ സംഭവിച്ചതല്ലെന്നുവരുന്നു, മാത്രമല്ല, അത് ഘടനാപരവും ചരിത്രപരവുമായ ഹിംസയായി മാറുന്നു.

ഏതുകാര്യത്തിലാണെങ്കിലും ജനങ്ങളുടെ ക്രോധവും അമർഷവും പ്രകടിപ്പിക്കാൻ പൊതു അതിക്രമമാകാമെന്ന ധാരണയിലേക്കാണ് രാഷ്ട്രീയ സമൂഹം പ്രത്യയശാസ്ത്ര വേർതിരിവുകൾക്ക് അതീതമായി എത്തിച്ചേർന്നിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ആഘാത സൂചികയായി ഇത്തരത്തിലുള്ള പൊതുഹിംസ മാറി. മാറി എന്നു മാത്രമല്ല ഇതിനെ സ്വാഭാവികവൽക്കരിക്കുകയും ചെയ്തിരിക്കുന്നു. സർക്കാർ നടപടികൾക്കെതിരെയോ അല്ലെങ്കിൽ നിയമനിർമാണ സഭകൾ പാസാക്കിയ എന്തെങ്കിലും നിയമത്തിനെതിരെയോ ആയ പ്രതിഷേധത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ കാര്യമല്ല ഇത്. സിനിമകൾക്കെതിരെ, കലാവിഷ്‌ക്കാരങ്ങൾക്കെതിരെ പ്രകടിപ്പിക്കുന്ന ജന (സാമുദായിക അല്ലെങ്കിൽ ജാതി) രോഷം അംഗീകൃതമായ വികാര പ്രകടനത്തിന്റെ മാതൃകയായാണ് സ്വീകരിക്കപ്പെടുന്നത്. പൊതുരോഷത്തെ ആയുധവൽക്കരിക്കുന്നതിന്റെ പ്രവണതകളാണ് ഇതൊക്കെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments