ഭരണകൂടത്തിന്റെ ശവനൃത്തം

അസമിൽ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്ചാത്തലത്തിൽ വർത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യുന്നു ട്രൂ കോപ്പി വെബ്​സീൻ

Truecopy Webzine

ഹിംസയും പൊതു അതിക്രമങ്ങളും രാഷ്ട്രീയത്തിൽ ലാഭകരമായ കച്ചവടമായി തീർന്നിരിക്കുന്നു. അത് പ്രത്യേകമായ ഒരു ലെജിറ്റിമസിയും നേടിയിരിക്കുന്നു. അസമിൽ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്ചാത്തലത്തിൽ വർത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യുന്നു ട്രൂ കോപ്പി വെബ്സീൻ.

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എൻ. പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ് അസമിൽ നിരാലംബരായ കുടിയേറ്റക്കാർക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് വെടിയുതിർത്തത്. അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ പുതുക്കിയ പൗരത്വ രജിസ്റ്ററിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ദരങ് ജില്ലയിലുളളവരെ ഒഴിപ്പിച്ചുവരികയായിരുന്നു. അതിനെതിരെ നടന്ന അതീജീവന സമരത്തിൽ പങ്കെടുത്തവർക്കു നേരെയാണ് പൊലീസ് വെടിവെച്ചത്. രണ്ടു കർഷകർ കൊല്ലപ്പെട്ടു. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനുശേഷം ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊല്ലപ്പെട്ട കർഷകന്റെ രക്തം പുരണ്ട നെഞ്ചത്തു ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്ന പൊലീസ് ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയുടെ വീഡിയോ ദൃശ്യം- വെബ്സീൻ പാക്കറ്റ് 45ൽ ദാമോദർ പ്രസാദ് എഴുതുന്നു.

അപരന്റെ ശരീരത്തിൽ അറപ്പ് ആരോപിക്കുകയും അങ്ങനെ അവർക്ക് അറപ്പുളവാക്കുന്നു എന്നു വിധിക്കുന്ന ശരീരങ്ങളെ അതിക്രമിക്കാമെന്നുമാണ് രാഷ്ട്രത്തിന്റെ ദൈനംദിന ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുഹിംസയുടെ പ്രാഥമിക പാഠം. അവർണശരീരങ്ങൾ വരേണ്യദൃഷ്ടിയിൽ അറപ്പുളവാക്കുന്നവയാണ്. ആ ശരീരങ്ങളുടെമേൽ ഹിംസയും ഏറ്റക്കുറച്ചിലുകളോടെയുള്ള ഏതുവിധമുള്ള ബലപ്രയോഗവുമാകാം.
പൊതു ഹിംസകൾക്ക് ഇന്നൊരു പുതിയ ദൃശ്യത ലഭിച്ചിട്ടുണ്ട്. കൂടുതൽ നഗരവൽകൃതമായ ജീവിതവ്യവസ്ഥകളിലേക്ക് ഇതുവരെ കാണായിടങ്ങളിൽ നിന്ന് അവർണ അപരശരീരങ്ങൾ കടന്നുവന്നതും ഈ ദൃശ്യതയെ വർധിപ്പിച്ചിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങളും കീഴാള ശരീരങ്ങളുടെ നേർക്കുള്ള ആക്രമണങ്ങളും ലൈംഗികാക്രമണങ്ങളും തത്സമയം ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും പൊതു ഹിംസയിൽ പങ്കെടുക്കുന്നവർ തന്നെയാണ്. അത് പ്രചരിപ്പിക്കുന്നതും ഹിംസയിലെ പങ്കാളിത്തം പോലെ ആനന്ദദായകമായിരിക്കുന്നതുകൊണ്ടാണ്.

സാമൂഹ്യ വൈരുദ്ധ്യങ്ങളെ തൽസ്ഥിതിയിൽ നിലനിർത്താനാണ് പൊതു ഹിംസയെ ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ഭാഗമായുള്ള ഘടനാപരമായ ഹിംസാത്മകതയുടെ മറ്റൊരു ബഹിർസ്ഫുരണമാണ് പൊലീസിലൂടെയും സായുധ സേനയിലൂടെയും പ്രകടമാകുന്നത്. ഇന്ത്യൻ രാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ഭരണഘടനയും, തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥയും, സ്വതന്ത്ര നിയമ സംവിധാനങ്ങളും അതിനു പുറമെ താരതമ്യേന അതിനിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുമാണ്. അതായത് പുറംകാഴ്ചയിൽ ജനാധിപത്യത്തിന്റെ അടിസ്ഥാനമാകേണ്ട എല്ലാ ഘടകങ്ങളും ചേരുവകളും കൃത്യമാണ്.

എന്നാൽ, ഭരണകൂടത്തിന്റെ ഏറ്റവും അനിഹിതകരമായ നയങ്ങൾക്കും തീരുമാനങ്ങൾക്കും ഇരയാകേണ്ടി വരുന്നതും സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട അപരവല്കരിക്കപ്പെട്ട ചൂഷിത ജനവിഭാഗങ്ങളാണ്.
രാഷ്ട്രീയത്തിൽ ഉദാരവാദികളും ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ പങ്കിടുന്ന ആശയം വികസനത്തിന്റേതാണ്. ആധുനികീകരണം, പുരോഗമനം, ജനക്ഷേമം, വളർച്ച എന്നിവയാണ് വികസനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി പുറംമോടിയോടെ അവതരിപ്പിക്കപ്പെടുന്നത്. ഇടതു മുതൽ വലതു വരെയുള്ള രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും ആണയിടുന്നത് വികസനത്തെ മുൻനിർത്തിയാണ്. വ്യത്യസ്ത വികസന സങ്കൽപം പിന്തുടരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും യഥാർത്ഥത്തിൽ എടുത്തുപറയത്തക്ക വേർതിരിവുകളൊന്നുമില്ല തന്നെ, ഇവർ തമ്മിൽ.

ഏതാണ്ട് സമാനമായ വികസന രാഷ്ട്രീയം തന്നെയാണ് രാഷ്ട്രീയകക്ഷികൾ പിന്തുടരുന്നതെങ്കിലും, വാദത്തിനുവേണ്ടി വേർതിരിവുണ്ടെന്നു സമ്മതിച്ചാലും, അടിസ്ഥാന പ്രമാണം മൂലധന കേന്ദ്രിതമായ വികസനം തന്നെയാണ്. വികസനത്തിന്റെ ഗുണലബ്ധിയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് അവശേഷിക്കുന്നത്. എന്നാൽ വികസന പ്രക്രിയ തന്നെ ഹിംസാത്മകമായ സ്വഭാവമാർജ്ജിക്കുന്നതാണ് കണ്ടുവരുന്നത്. പ്രാന്തവല്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് വികസനത്തിന്റെ ഗുണഭോക്താക്കളെക്കാൾ അതിന്റെ ഇരകളാകുന്നത്. കിടപ്പാടം മുതൽ സ്വത്തുവകകൾ വരെ നഷ്ടപ്പെടുന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. വികസന പ്രക്രിയ തന്നെ പൊതു ഹിംസക്ക് വഴിയൊരുക്കുകയാണ്. സാമ്പത്തികമായ നഷ്ടപരിഹാര ഉപാധികൾ വികസന പ്രക്രിയയിൽ നടക്കുന്ന ഹിംസാത്മകതയെ അഭിസംബോധന ചെയ്യാൻ പ്രാപ്തമാകുന്നില്ല. ഒരു ഫാക്ടറിയുടെ നിർമാണത്തിന് കൃഷിഭൂമിയും കിടപ്പാടവും വിട്ടുകൊടുക്കേണ്ടിവരുന്നവർ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക സാഹചര്യത്തിൽ നിന്നുള്ളവരായിരിക്കെ അവർക്ക് നഷ്ടപരിഹാര വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരുന്നതും അവരെ കൂടുതൽ പ്രതിസന്ധിയിലാണ് അകപ്പെടുത്തുന്നത്. ഉദ്യോഗസ്ഥ സംവിധാനങ്ങളുമായുള്ള ഇടപാടുകളിൽ പതിഞ്ഞ തോതിലുള്ള ഹിംസ അന്തർഭവിച്ചിട്ടുണ്ട്. വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ജീവിതത്തെ പറിച്ചുനടുക എന്നതു തന്നെ ഒരു അതീജീവന പ്രശ്നമായി തീരുകയാണ്.

വികസന പ്രക്രിയയിൽ ജാതീയ ഹിംസ അന്തർലീനമാണ്. വൻതോതിലുള്ള വികസന പ്രക്രിയയ്ക്കും വളർച്ചയ്ക്കും കിടപ്പാടവും ഭൂമിയും വിട്ടുകൊടുക്കേണ്ടവർ നിരാധാര ജനതയാണ്. എന്നാൽ വികസനത്തിന്റെ ഗുണഭോക്താക്കൾ അവരാവുകയുമില്ല.

നിയമം ലംഘിക്കുക എന്നത് അഭിലഷണീയ പ്രവർത്തനമാകുന്നു. കാരണം, സാമൂഹ്യ ശ്രേണിയിൽ ഓരോ പടവും മുകളിലേക്ക് കയറുതോറും നിയമം ലംഘിക്കാനുള്ള അവകാശം വ്യക്തികൾക്ക് കൂടുതലായി ലഭിക്കുകയാണ്. ശ്രേണിവത്കൃതമാണ് ഭരണസംവിധാനം. ശ്രേണിയിലെ മുകൾത്തട്ടിലേക്കുള്ള ഏതുനിലക്കുമുള്ള ഉയർച്ച അഭിലഷണീയമായ കാര്യമാകുന്നു. ഇത് ജനാധിപത്യത്തിൽ പഴയ ജാതി ശ്രേണീക്രമത്തെ പുനരുല്പാദിപ്പിക്കുകയാണ്. മാത്രവുമല്ല, മാഫിയകളെ സംബന്ധിച്ച് ഇതിൽപരം ഉന്മേഷകരമായ മറ്റൊരു സ്ഥിതിവിശേഷമില്ല. രാഷ്ട്രീയ പാർട്ടികളുടെ നിയമ ലംഘന ശേഷികളെ മാഫിയകൾ അവരുടെ ബലിഷ്ഠതയിലേക്ക് കൊണ്ടുവരികയാണ്. അങ്ങനെ പുതിയൊരു വിതാനത്തിലേക്ക് അതിക്രമത്തിന്റെ വർത്തമാനം മാറുകയാണ്. ഈ പ്രവണത കൂടുതലായും ഇന്നു തെളിഞ്ഞുവരുന്നുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം സൃഷ്ടിയല്ല പൊതുവിടങ്ങളിലെ അതിക്രമം. എല്ലാ രാഷ്ട്രീയ പാർട്ടികളും തുല്യനിലയിൽ പങ്കാളിത്തം വഹിക്കുന്ന പ്രക്രിയയാണിത്. ഇത്തരം അതിക്രമങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന വാദമാണ് പലപ്പോഴും ന്യായീകരണമായി പൊതുസമൂഹത്തിനു മുമ്പാകെ അവതരിക്കപ്പെടാറ്. സർക്കാർ നയങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് അവരുടെ പ്രവർത്തകർ അതിക്രമം നടത്തിയതെന്നാണ് പാർട്ടികൾ വരച്ചുകാണിക്കുന്ന ചിത്രം. പക്ഷെ ഇവിടെയെല്ലാം കാണുന്ന പ്രത്യേകത, രാഷ്ട്രീയ സംഘടനകളും പ്രവർത്തകരും ‘പൊതു'വായ വസ്തുവഹകളെയോ പൊതുമൂലധനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ ആണ് അതിക്രമിക്കുന്നത് എന്നാണ്. ‘പൊതുസ്വത്തായി' പരിഗണിക്കപ്പെടാൻ അർഹതയുള്ളവയെയാണ് അക്രമത്തിനിരയാക്കുക. വാസ്തവത്തിൽ ഖജനാവിൽ നിന്ന് മോഷ്ടിക്കുന്ന പോലെയാണിത്.

അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറിയുടെ ഓഫീസ് ആക്രമിച്ചാൽ യു.എ.പി.എ നിയമനുസരിച്ചുള്ള വകുപ്പുകൾ ക്ഷണിച്ചു വരുത്തും. അതേസമയം പൊതുസ്വത്ത് തകർത്താൽ അത് സ്വാഭാവിക പ്രതികരണമായാണ് ഭരണകൂട സ്ഥാപനങ്ങൾ കണക്കാക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ നവലിബറൽ വ്യവസ്ഥിതിയുടെ ഭാഗമായിരിക്കെ തന്നെ പൊതുഅതിക്രമങ്ങളിലൂടെ എന്തിനോടുള്ള ക്രോധമാണ് പാർട്ടികൾ തീർക്കുന്നതെന്ന് വ്യക്തമല്ല.
പരമാധികാരത്തിന് ഭൂരിപക്ഷത്തിന്റെ രൂപപ്പെടുത്തലുമായി ഗാഢബന്ധമാണുള്ളത്. അതായത്, ഭൂരിപക്ഷം സൃഷ്ടിക്കുന്നതാണ് പരമാധികാരം എന്നതുപോലെ പരമാധികാര പ്രചോദിതമാണ് ഭൂരിപക്ഷത്തിന്റെ രൂപീകരണവും. രാഷ്ട്രത്തിന്റെ മേൽ പരമാധികാരത്തിന്റെ അകക്കണ്ണുകൾ നടത്തുന്ന നിരന്തര സൂക്ഷ്മ പരിശോധനകൾ ഭൂരിപക്ഷത്തെ നിജപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. അത് പഴയ സങ്കൽപത്തിലുള്ള വല്യേട്ടൻ നോട്ടമല്ല. സൂഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിശോധനയാണ്. രാഷ്ട്രത്തിന്റെ ഓരോ വ്യവസ്ഥകളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ രൂപപ്പെടുന്നതാണത്. ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകുന്നതുമുതൽ മകളെ സ്‌കൂളിൽ ചേർത്താൻ പോകുമ്പോൾവരെ ഈ പരിശോധനാക്രമത്തിന് വിധേയമാണ് മനസ്സും ശരീരവും. ഓരോ വ്യക്തിയും രാഷ്ട്രസ്വത്വത്തിലേക്ക് വിലയിക്കുക മാത്രമല്ല, രാഷ്ട്രത്തെ അന്തർവഹിക്കുക കൂടി ചെയ്യുന്നു. അങ്ങനെ രാഷ്ട്രക്രമത്തെ രൂപപ്പെടുത്തുന്നത് ഈ നിർമിതമായ ഭൂരിപക്ഷാത്മകതയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് ഈ ഭൂരിപക്ഷമാണ്.
ഭൂരിപക്ഷത്തിന്റെ ഭാഗമാവുക എന്നത് സുഖകരമായ അനുഭവമാവുകയാണ്. ഭൂരിപക്ഷം ഇവിടെ ആൾക്കൂട്ടത്തിന്റെ പ്രകൃതമാർജിക്കുന്നു. സുരക്ഷയോടൊപ്പം പരിധിയില്ലാത്ത സ്വാതന്ത്ര്യവും സൗജന്യമായി ലഭിക്കുന്നു. ഇതിന്റെ ഏറ്റവും പ്രകടിത രൂപം സാമൂഹ്യ മാധ്യമങ്ങളിലെ നിത്യേന എന്നോണം നടക്കുന്ന ആൾക്കൂട്ട ഹിംസകൾ തന്നെ.

ഏതുകാര്യത്തിലാണെങ്കിലും ജനങ്ങളുടെ ക്രോധവും അമർഷവും പ്രകടിപ്പിക്കാൻ പൊതു അതിക്രമമാകാമെന്ന ധാരണയിലേക്കാണ് രാഷ്ട്രീയ സമൂഹം പ്രത്യയശാസ്ത്ര വേർതിരിവുകൾക്ക് അതീതമായി എത്തിച്ചേർന്നിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ആഘാത സൂചികയായി ഇത്തരത്തിലുള്ള പൊതുഹിംസ മാറി. മാറി എന്നു മാത്രമല്ല ഇതിനെ സ്വാഭാവികവൽക്കരിക്കുകയും ചെയ്തിരിക്കുന്നു. സർക്കാർ നടപടികൾക്കെതിരെയോ അല്ലെങ്കിൽ നിയമനിർമാണ സഭകൾ പാസാക്കിയ എന്തെങ്കിലും നിയമത്തിനെതിരെയോ ആയ പ്രതിഷേധത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ കാര്യമല്ല ഇത്. സിനിമകൾക്കെതിരെ, കലാവിഷ്‌ക്കാരങ്ങൾക്കെതിരെ പ്രകടിപ്പിക്കുന്ന ജന (സാമുദായിക അല്ലെങ്കിൽ ജാതി) രോഷം അംഗീകൃതമായ വികാര പ്രകടനത്തിന്റെ മാതൃകയായാണ് സ്വീകരിക്കപ്പെടുന്നത്. പൊതുരോഷത്തെ ആയുധവൽക്കരിക്കുന്നതിന്റെ പ്രവണതകളാണ് ഇതൊക്കെ- ദാമോദർ പ്രസാദ് എഴുതുന്നു.

ഭരണകൂടത്തിന്റെ ശവനൃത്തംഭ
ദാമോദർ പ്രസാദ് എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 45

Comments