സോഫിയ ബിന്ദ്

കൺമുന്നിലിപ്പോഴും, രാമജന്മഭൂമി മാർഗിലെ
നിസ്സഹായമായ ആ കണ്ണുകൾ…

രാമജന്മഭൂമിക്കുചുറ്റും പരസ്പര സൗഹൃദത്തോടെ ജീവിക്കുന്ന ഒരു ജനതയെ ഓർത്തെടുക്കുകയാണ്, അഞ്ചു വർഷം മുമ്പ് അയോധ്യ സന്ദർശിച്ച മാധ്യമപ്രവർത്തക സോഫിയ ബിന്ദ്. ക്ഷേത്രനിർമാണം ഉടൻ എന്ന മുദ്രാവാക്യമുയർത്തി നിറഞ്ഞൊഴുകിയ സംഘ്പരിവാർ ശക്തികൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ എങ്ങനെയാണ് ഭയത്തിലേക്കു തള്ളിവിട്ടതെന്നും അവർ എഴുതുന്നു.

രു വലിയ തെറ്റിന്റെ തുടർച്ചയായി ഇന്ത്യാ ചരിത്രത്തിൽ 2024 ജനുവരി 22 – അടയാളപ്പെടുത്താൻ പോകുകയാണ്. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഹിന്ദുത്വശക്തികളുടെ വിജയത്തിന്റെ ആഘോഷം. ഇന്ത്യയിലെ മതേതര മനസുകളിൽ വീണ്ടും കനത്ത പ്രഹരമേല്പിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ഇതെല്ലാം ഒരു വിഭാഗം മനുഷ്യരിലെ അരക്ഷിതാവസ്ഥയ്ക്ക് പിന്നെയും ആക്കം കൂട്ടുകയാണ് എന്നതാണ് യാഥാർഥ്യം. രാമക്ഷേത്രത്തിലേക്ക് ഇനി ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിലും അല്ലാതെയും ആളുകൾ ഒഴുകിയെത്തും. ജയ് ശ്രീറാം വിളികളുയർത്തും. ചുറ്റിലും ഇതൊക്കെ വേണമെന്ന ശാസനകൾ പുറപ്പെടുവിക്കും. ഇതെല്ലാം ഏറ്റവുമധികം ബാധിക്കുന്നത് അയോധ്യയ്ക്കു ചുറ്റുമുള്ള മുസ്‍ലിംകളെയാണ്. അയോധ്യക്കു പുറത്തുനിന്ന് വരുന്ന ചെറിയ ആൾക്കൂട്ടത്തെ പോലും ഭയത്തോടെയാണ് ഈ മനുഷ്യർ കാണുന്നത്. സംഘ്പരിവാറിന്റെ ഓരോ നീക്കങ്ങളെയും മുസ്‍ലിംകൾ ഭയപ്പെടുന്നു. രാമജന്മഭൂമിക്കു ചുറ്റുമുള്ള മനുഷ്യരെ നേരിട്ടുകണ്ടിട്ടുള്ള അനുഭവത്തിൽ നിന്നാണ് ഇത് പറയാൻ സാധിക്കുന്നത്. മാധ്യമപ്രവർത്തകയായി ഡൽഹിയിൽനിന്ന് അയോധ്യയിലെത്തിയപ്പോൾ കണ്ടിരുന്ന കാഴ്ചകളിൽനിന്നാണ് പറയാൻ പറ്റുന്നത്.

1992- ഡിസംബർ ആറ്, കർസേവകർ ബാബറി മസ്ജിദ് പൊളിക്കുന്നു credit-t. narayanan
1992- ഡിസംബർ ആറ്, കർസേവകർ ബാബറി മസ്ജിദ് പൊളിക്കുന്നു credit-t. narayanan

എല്ലാ വർഷവും ഡിസംബർ ആറ്- ബാബ്‌റി മസ്ജിദ് തകർത്ത ദിനം- മാധ്യമങ്ങളിൽ രാമജന്മഭൂമിയെക്കുറിച്ചുള്ള വാർത്തകളും പരിപാടികളും തയാറാക്കപ്പെടും. പതിവുരീതിയാണ്. എന്നാൽ, 2018-ൽ രാമജന്മഭൂമിയിൽ പതിവുകാഴ്ചകളായിരുന്നില്ല ഉണ്ടായിരുന്നത്. 1992- ഡിസംബർ ആറിന് ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട​പ്പോൾ ഇവിടുത്തെ മുസ്‍ലിംകൾ എത്രമാത്രം വേട്ടയാടപ്പെട്ടുവോ അതുതന്നെ ആവർത്തിക്കുമോ എന്ന് ഭയന്ന ദിനങ്ങളായിരുന്നു അത്.

ഈ സാഹോദര്യത്തെ പുതിയ ക്ഷേത്രവും ഇനിയങ്ങോട്ടുള്ള അവിടുത്തെ രാഷ്ട്രീയ ഇടപെടലുകളും എങ്ങനെയെല്ലാം ബാധിക്കുമെന്നത് വരാനിരിക്കുന്ന കാലമാണ് അടയാളപ്പെടുത്തേണ്ടത്.

2018 നവംബർ- 25. ഇന്ന് ബി ജെ പി കൂട്ടുകെട്ട് വിട്ട ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും അനുയായികളും നടത്തിയ അയോധ്യാമാർച്ച് നടന്ന ദിനം ഓർമയിലുണ്ടോ? മഹാരാഷ്ട്രയിൽനിന്ന് ആയിരക്കണക്കിന് ശിവസേനക്കാർ അയോധ്യയിലേക്കൊഴുകി. ആദ്യം മന്ദിരം, പിന്നെ സർക്കാർ എന്നായിരുന്നു ശിവസേനയുടെ മുദ്രാവാക്യം. ഉത്തർപ്രദേശിൽ രാഷ്ട്രീയമായി വേരൂന്നാൻ കൂടിയായിരുന്നു ശിവസേനയുടെ അയോധ്യാ മാർച്ച്. ഇത് മനസിലാക്കിയ വി എച്ച് പി പിറ്റേദിവസം തന്നെ ധർമസഭ നടത്താൻ തീരുമാനിച്ചിരുന്നു. കർസേവകരൊഴുകുകയായിരുന്നു ഇവിടേയ്ക്ക്. തെരുവുകൾ തോറും ബാനറുകൾ, ആവേശത്തോടെ സന്യാസിമാരും സന്യാസിനിമാരും സരയൂ തീരത്തേക്ക് ഒഴുകുന്ന കാഴ്ച. വിശ്വഹിന്ദുപരിഷത്തടങ്ങുന്ന, സംഘ്പരിവാർ നേതൃത്വം, ശിവസേനയുടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേനാ പ്രവർത്തകർ. ഇതെല്ലാം കണ്ട് കലാപം വീണ്ടും ആവർത്തിക്കുമോ എന്ന ഭയപ്പാടോടെ മുസ്‍ലിംകൾ കൂട്ടത്തോടെ വീടുവിട്ടിറങ്ങി. ക്ഷേത്രനിർമാണം ഉടൻ എന്ന മുദ്രാവാക്യമുയർത്തി നിറഞ്ഞൊഴുകിയ സംഘ്പരിവാർ ശക്തികൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ ഭയത്തിലേക്കു തള്ളിവിട്ട് കളം വിട്ടു.

ഉദ്ദവ് താക്കറെ 2018 നവംബർ-25 ന് അയോധ്യയിലേക്ക് നടത്തിയ മാർച്ച്
ഉദ്ദവ് താക്കറെ 2018 നവംബർ-25 ന് അയോധ്യയിലേക്ക് നടത്തിയ മാർച്ച്

ഒരാഴ്ചയ്ക്കുശേഷം വീടുവിട്ടിറങ്ങിയ മനുഷ്യർ തിരിച്ചുവരാൻ തുടങ്ങി. ഈ ദിവസങ്ങളിലാണ് രാമജന്മഭൂമി മാർഗിലുള്ള മനുഷ്യരെ ഞാൻ കാണുന്നതും സംസാരിക്കുന്നതും. എത്രമാത്രം നിസഹായരാണ് ഇവരെല്ലാം എന്ന് അവരുടെ കണ്ണുകൾ നമ്മളോട് സംസാരിക്കും. ഇനിയും ഒരു കലാപം താങ്ങാൻ കെൽപ്പില്ലെന്ന് അവരുടെ ചുറ്റുപാടുകൾ നമുക്ക് കാണിച്ചുതരും. രാമജന്മഭൂമി മാർഗിലെ മുഹമ്മദ് അഹമ്മദ് തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു: ''കുടുംബമാണ് ഞങ്ങളുടെ പ്രശ്‌നം, ഇത്ര വലിയ റാലിയൊക്കെ നടക്കുമ്പോൾ കുടുംബത്തെ ആലോചിച്ചാണ് പേടി. പെൺകുട്ടികളെ കൊണ്ട് വേറെ സ്ഥലത്തേയ്ക്ക് മാറിപ്പോയി. അഞ്ച് ദിവസം കഴിഞ്ഞാണ് ഞങ്ങൾ തിരിച്ചെത്തിയത്.'' പറഞ്ഞുതീരുമ്പോൾ മുഹമ്മദ് എന്ന 56 കാരൻ കരയുകയായിരുന്നു.

വാരണാസിയിൽ നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്. നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിലാണ് പൊളിക്കൽ നടത്തുന്നത്. അതിൽ മന്ദിരങ്ങളുണ്ട്, ലൈബ്രറികളുണ്ട്, പുരാതന കെട്ടിടങ്ങളുണ്ട്.

രാമക്ഷേത്ര മാർഗിൽവച്ചു തന്നെയാണ് അയോധ്യയിലെ ഹിലാൽ കമ്മിറ്റി അംഗമായ കലിഖ് അഹമ്മദ് ഖാനെ കാണുന്നത്. ആ മുഖത്ത് അക്രമങ്ങളൊന്നുമില്ലാതെ ആളൊഴിഞ്ഞുപോയതിൽ ചെറുതല്ലാത്ത ആശ്വാസം കാണാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾ വർഷങ്ങൾക്കു പിന്നിലേക്ക്, 1992 ഡിസംബർ ആറിലെ ഓർമകളിലേക്ക് പോയി, പതിഞ്ഞ സ്വരത്തിൽ പറഞ്ഞുതുടങ്ങി: ''ഇവിടെയുള്ളവർക്ക് വലിയ സങ്കടകരമായ അനുഭവങ്ങളാണുള്ളത്. ബാബ്‌റി മസ്ജിദ് മാത്രമല്ല അന്ന് തകർത്തത്. 23 പള്ളികൾ ആക്രമിച്ചു. 19 പേരെ ജീവനോടെ ചുട്ടുകൊന്നു. അസുഖമായി കിടന്ന സ്ത്രീയ്ക്ക് രക്ഷപ്പെടാനായില്ല. അവർ ജീവനോടെ കത്തിയമർന്നു.''
ഇതുകേട്ട് തൊട്ടടുത്തുനിന്ന മുഹമ്മദ് സാജിദ് എന്ന ചെറുപ്പക്കാരൻ അൽപം രോഷത്തോടു കൂടിയാണ് സംസാരിച്ചത്: ''എന്തിനാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകളെത്തി ഇവിടുത്തെ സ്വൈര്യജീവിതം നശിപ്പിക്കുന്നത്. യു. പി സർക്കാർ ഇതിനെ നിയന്ത്രിക്കുന്നുമില്ല. കഷ്ടപ്പെടുന്നത് ഞങ്ങളും കുടുംബവുമാണ്. അയോധ്യാപ്രശ്‌നം തീരുമാനിക്കേണ്ടത് കോടതിയാണ്.''

മസ്ജിദിൽ വിഗ്രഹം കൊണ്ടിട്ട കാലം മുതലേ കേസിൽ ഇടപെട്ട ഒരാളുണ്ടായിരുന്നു, അയോധ്യയിലെ ഹാഷിം അൻസാരി. അദ്ദേഹം മരിച്ചു. പിതാവിന്റെ മരണശേഷം മകൻ ഇഖ്ബാൽ അൻസാരിയായിരുന്നു കേസുമായി മുന്നോട്ടുപോയത്. അദ്ദേഹത്തെയും അന്ന് ഞാൻ കണ്ടിരുന്നു. രാമജന്മഭൂമി മാർഗിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വീട്. കേസിലെ കക്ഷിയായതിനാൽ അദ്ദേഹത്തിന് പൊലീസ് സുരക്ഷയുണ്ടായിരുന്നു അന്ന്. വർഷങ്ങൾ പിന്നിട്ടിട്ടും ഈ പ്രശ്‌നം രാഷ്ട്രീയനേട്ടങ്ങൾക്കുപയോഗിക്കുന്ന ഹിന്ദുത്വ ശക്തികളുടെ പ്രവൃത്തികളിൽ പ്രയാസമുണ്ടെന്ന് വേദനയോടെ അദ്ദേഹം പറഞ്ഞു. ''ഇവിടുത്തെ മനുഷ്യരിൽ ഹിന്ദുവെന്നോ മുസല്മാനെന്നോ വേർതിരിവില്ല. കോടതി വിധി ഞങ്ങൾ മാനിക്കും. ഇവിടെ എന്താണ് നടക്കുന്നതെന്ന് ലോകം മുഴുവൻ കാണുന്നുണ്ടല്ലോ''.

ഒരു കൂട്ടം മനുഷ്യർ, പിറന്ന മണ്ണിൽ വീണ്ടും വീണ്ടും ഭയത്തോടെ, രണ്ടാംകിട പൗരരായി, അരക്ഷിതരാക്കപ്പെടുന്നു -ഫയൽ ചിത്രം
ഒരു കൂട്ടം മനുഷ്യർ, പിറന്ന മണ്ണിൽ വീണ്ടും വീണ്ടും ഭയത്തോടെ, രണ്ടാംകിട പൗരരായി, അരക്ഷിതരാക്കപ്പെടുന്നു -ഫയൽ ചിത്രം

അന്ന് കോടതിവിധി തങ്ങൾക്കനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇവിടുത്തെ മുസ്‍ലിംകൾ. പിന്നീടാണല്ലോ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം നിർമിക്കട്ടെ എന്ന് ഒരാളുടെ പേരും എടുത്തുകാണിക്കാതെ, ചീഫ് ജസ്റ്റിസായിരുന്ന രഞ്ചൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗബഞ്ചിന്റ ചരിത്രവിധി വന്നത്. പ്രത്യക്ഷത്തിൽ തന്നെ അനീതിപരമായ വിധി. രാമക്ഷേത്ര നിർമാണത്തോടെ ആ വിധി യാഥാർഥ്യമായിക്കഴിഞ്ഞു.

ഞാൻ അയോധ്യയിൽ പോയിട്ട് വർഷം അഞ്ച് പിന്നിട്ടു. പരസ്പരം സൗഹാർദ്ദത്തോടെ കഴിയുന്ന ഒരു ജനതയെയാണ് രാമജന്മഭൂമിക്കു ചുറ്റും അന്ന് കണ്ടത്. ഇന്നും അതിന് മാറ്റം വന്നിട്ടില്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. കാരണം, ഇവിടുത്തെ ഭൂമിശാസ്ത്രം തന്നെ അത്തരത്തിലുള്ളതാണ്. ക്ഷേത്രങ്ങൾ കൊണ്ടും പള്ളികൾ കൊണ്ടും നിറഞ്ഞ പ്രദേശമാണ് അയോധ്യ. ഹിന്ദുവിശ്വാസപ്രകാരം ശ്രീരാമൻ ജനിച്ച മണ്ണാണിത്. ഹിന്ദുക്കളും മുസ്‍ലിംകളും ഒരുപോലെ ജീവിക്കുന്ന മണ്ണ്. അന്ന് തർക്കഭൂമിക്കടുത്ത് കണ്ട സുഭദ്രാദേവിയും ചന്ദ്രപാല്‌സിംഗും പറഞ്ഞ വാക്കുകൾ അത് വ്യക്തമാക്കുന്നു: ‘‘ഞങ്ങൾക്കിടയിൽ ഹിന്ദു, മുസ്‍ലിം വേർതിരിവില്ല, പരസ്പരം ഒരു വിരോധവുമില്ല. കുടുംബം പോലെയാണ് ഇവിടെ കഴിയുന്നത്.''
ഈ സാഹോദര്യത്തെ പുതിയ ക്ഷേത്രവും ഇനിയങ്ങോട്ടുള്ള അവിടുത്തെ രാഷ്ട്രീയ ഇടപെടലുകളും എങ്ങനെയെല്ലാം ബാധിക്കുമെന്നത് വരാനിരിക്കുന്ന കാലമാണ് അടയാളപ്പെടുത്തേണ്ടത്. മുസ്‍ലിംകൾ വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തെന്നുവരാം.

അയോധ്യാ കേസിൽ വിധി പറഞ്ഞ,  ചീഫ് ജസ്റ്റിസായിരുന്ന രഞ്ചൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്
അയോധ്യാ കേസിൽ വിധി പറഞ്ഞ,  ചീഫ് ജസ്റ്റിസായിരുന്ന രഞ്ചൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്

2019- ലെ ലോക്‌സഭാ ഇലക്ഷനു മുന്നേയുള്ള പടയൊരുക്കമായിരുന്നു ശിവസേനയും വി എച്ച് പിയുമെല്ലാം അന്ന് അയോധ്യയിൽ കാണിച്ചുകൂട്ടിയത്. ഓരോ തെരഞ്ഞെടുപ്പുകൾക്കുമുന്നെയും അയോധ്യാപ്രശ്‌നം ഉയർത്തുക എന്ന പതിവുരീതി. അന്ന് ഹനുമാൻ ഗഢിലെ പൂജാരിയായ മെഹന്ത് ഗ്യാന്ദ് വ്യാസുമായി ഈ വിഷയത്തെക്കുറിച്ചുളള സംഭാഷണത്തിൽ, അദ്ദേഹം പരിഹസിച്ചുകൊണ്ട് പറഞ്ഞത്, ഭഗവാൻ പോളിങ് ഏജന്റാകുന്നു എന്നായിരുന്നു.

സൗഹാർദത്തോടെയും മതേതരബോധത്തിലൂടെയും ജീവിക്കുന്ന രാജ്യത്തെ മനുഷ്യരിലേക്കാണ് ഹൈന്ദവ വിശ്വാസവും പിടിച്ച് തീവ്രഹിന്ദുത്വവാദികൾ യാത്ര തുടരുന്നത്.

2024-ൽ രാമക്ഷേത്രം നിർമിച്ചാണ് ഫാഷിസ്റ്റുകൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പണി മുഴുവൻ പൂർത്തിയായിട്ടിലെങ്കിലും പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. ഇതിനൊപ്പം തന്നെ കാശി- ഗ്യാൻവാപി മസ്ജിദ് തർക്കവും ബാബ്‌റി മസ്ജിദ് തർക്കം പോലെ വളർത്തിക്കൊണ്ടുവരുന്നുണ്ട്. വാരണാസിയിൽ നൂറുകണക്കിന് കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്. നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിലാണ് പൊളിക്കൽ നടത്തുന്നത്. അതിൽ മന്ദിരങ്ങളുണ്ട്, ലൈബ്രറികളുണ്ട്, പുരാതന കെട്ടിടങ്ങളുണ്ട്. 1991-ൽ യു.പി ഭരിച്ചിരുന്ന കല്യാൺ സിംഗ് സർക്കാർ ചെയ്ത അതേ പാറ്റേൺ യോഗി ആദിത്യനാഥും ചെയ്യുന്നു. പിന്നാലെ മഥുരയും വരും.

സൗഹാർദത്തോടെയും മതേതരബോധത്തിലൂടെയും ജീവിക്കുന്ന രാജ്യത്തെ മനുഷ്യരിലേക്കാണ് ഹൈന്ദവ വിശ്വാസവും പിടിച്ച് തീവ്രഹിന്ദുത്വവാദികൾ യാത്ര തുടരുന്നത്. ഒരു കൂട്ടം മനുഷ്യർ, പിറന്ന മണ്ണിൽ വീണ്ടും വീണ്ടും ഭയത്തോടെ, രണ്ടാംകിട പൗരരായി, അരക്ഷിതരാക്കപ്പെടുന്നു എന്നതുമാത്രമാണ് ഇതിന്റെ ഫലം.

ഗ്യാൻവാപി മസ്ജിദ്-കാശി അമ്പലം
ഗ്യാൻവാപി മസ്ജിദ്-കാശി അമ്പലം

ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ കേരളത്തിൽ ജീവിക്കുന്ന മലയാളി എന്ന രീതിയിൽ തല കുനിക്കേണ്ടിവരുന്നു എന്നതും സത്യമാണ്. കാരണം അത് പരാമർശിച്ചില്ലെങ്കിൽ ഇന്ന് മുസ്‍ലിംകൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക്, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കമേല്പിച്ചതിന്റെ തുടക്കമെങ്ങനെ എന്ന് പറയാതിരിക്കലായിരിക്കും. ബാബറി മസ്ജിദിനെ രാമജന്മഭൂമി തർക്കവിഷയത്തിലേക്കെത്തിച്ച കെ. കെ.നായർ ഒരു മലയാളിയായിരുന്നല്ലോ.

1949- ഡിസംബർ 22-ന് രാത്രിയുടെ മറവിൽ ഒരു കൂട്ടം ആളുകൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറി കൃത്രിമമായി രാംലല്ല വിഗ്രഹം സ്ഥാപിച്ചത് തടയാതെ, ‘അതെടുത്ത് സരയൂവിലേക്ക് വലിച്ചെറിയൂ’ എന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകാത്ത, വിഗ്രഹം അവിടെ തന്നെ സൂക്ഷിക്കാൻ ഒത്താശ ചെയ്ത ഉത്തർപ്രദേശ് ജില്ലാ മജിസ്‌ടേറ്റു കൂടിയായിരുന്നല്ലോ കെ. കരുണാകരൻ നായർ. പിന്നീട് അദ്ദേഹവും ഭാര്യ ശകുന്തളാദേവിയും ജനസംഘിന്റെ ടിക്കറ്റിൽ എം. പിയായി പാർലമെന്റിലെത്തുന്നത് രാജ്യം കണ്ടു. ചരിത്രം വീണ്ടും ആവർത്തിച്ചു. പള്ളി പൊളിച്ചിടത്തുതന്നെ മന്ദിരം പണിയാൻ വിധിച്ച ന്യായാധിപൻ രാജ്യസഭാ എം. പിയായി.

അതിദേശീയതയും ഹൈന്ദവതയും നിലനില്പിനായി ഉപയോഗിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റുകൾക്ക് രഥയോട്ടം തുടരാനുള്ള എല്ലാ ഊർജ്ജവും നമ്മുടെ വ്യവസ്ഥിതികൾ തന്നെ ഒരുക്കുന്നു എന്നതാണ് ഏറെ ദുഃഖകരം. ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾ കൂടുതൽ അരരക്ഷിതരാകുകയാണ്.

Comments