കരോളി അപ്പു നായർ

13 സ്വാതന്ത്ര്യസമര
പോരാളികളുടെ ജീവിതം;
ചേമഞ്ചേരിയുടെ പോരാട്ടകഥ

13 സ്വാതന്ത്ര്യസമരപോരാളികളുടെ ജീവിതം അലിഞ്ഞുകിടക്കുന്ന ചേമഞ്ചേരി എന്ന ഗ്രാമത്തിന്റെ പോരാട്ടകഥയാണിത്. കരോളി അപ്പു നായർ എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കൊച്ചുമകളായ നവീന വിജയൻ തന്റെ കുടുംബചരിത്രത്തിലൂടെയും ഗ്രാമചരിത്രത്തിലൂടെയും സഞ്ചരിച്ച് തയ്യാറാക്കിയ ചരിത്രരേഖ.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 80-ാം വർഷത്തിലേക്കു കടക്കുമ്പോൾ അതിന്റെ അടിത്തറ പാകിയ അനേകം ഗ്രാമങ്ങളെയും സാധാരണ മനുഷ്യരെയും ഓർക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം ദൽഹിയിലെയും ബോംബെയിലെയും കൊൽക്കത്തയിലെയും വലിയ രാഷ്ട്രീയ വേദികളിൽ മാത്രം എഴുതപ്പെട്ടതല്ല. അതിന്റെ അനവധി അധ്യായങ്ങൾ എഴുതപ്പെട്ടത് ഗ്രാമങ്ങളിലെ മണ്ണുവഴികളിലും വയലുകളിലും വീടുകളുടെ മുറ്റങ്ങളിലും സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലുമാണ്. കോഴിക്കോട് ജില്ലയി​ലെ ചേമഞ്ചേരി അത്തരമൊരു ചരിത്രം ഉറങ്ങുന്ന പോരാട്ടഭൂമിയാണ്.

1942 ആഗസ്റ്റ് 8-ന് ബോംബെയിലെ ഗ്വാലിയ ടാങ്ക് മൈതാനത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ‘ക്വിറ്റ് ഇന്ത്യ’ പ്രമേയം പാസാക്കിയതോടെ ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരം നിർണായകമായ ഘട്ടത്തിലേക്ക് കടന്നു. സ്വാതന്ത്ര്യം എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ലെന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞ കാലം. ആ സമരത്തിന്റെ അഗ്നിച്ചീളുകൾ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കും പടർന്നു. കൊയിലാണ്ടി പ്രദേശത്ത് ക്വിറ്റിന്ത്യാ സമരം ശക്തമായപ്പോൾ ചേമഞ്ചേരിയിലെ യുവാക്കളും സമരത്തിന്റെ ഭാഗമായി പോരാട്ടഭൂമിയിലേക്കിറങ്ങി.

ചേമഞ്ചേരിയിൽ സ്ഥാപിച്ചിരുന്ന രക്തസാക്ഷി സ്തൂപത്തിന് എന്റെ കുടുംബചരിത്രവുമായി നേരിട്ടൊരു ബന്ധമുണ്ട്. കരോളി അപ്പു നായർ എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ കൊച്ചുമകളാണ് ഞാൻ. കുട്ടിക്കാലം മുതൽ കുടുംബാന്തരീക്ഷത്തിൽ കേട്ടുവളർന്ന സ്വാതന്ത്ര്യസമരത്തിന്റെ വീരഗാഥകൾ എന്റെ ഉള്ളിൽ ചരിത്രത്തോടുള്ള ഒരു പ്രത്യേക കൗതുകവും ഉത്തരവാദിത്വബോധവും വളർത്തി.

13 സമരപോരാളികളുടെ പേരുകൾ ചേമഞ്ചേരിയുടെ മണ്ണിൽ അലിഞ്ഞുകിടക്കുന്നുണ്ട്.

മൂശാരിക്കണ്ടി കേളപ്പൻ നായർ, കുന്നാടത്ത് മാധവൻ കിടാവ്, കാരോളി അപ്പു നായർ, കാരോളി ഉണ്ണി നായർ, ചാമാടത്ത് ഗോപാലൻ നായർ (ജപ്പാൻ), കുറത്തിശാലയിൽ മാധവൻ നായർ, രാരമ്പറത്ത് ചന്തുക്കുട്ടി നായർ, ഉപ്പശ്ശൻകണ്ടി കൃഷ്ണൻ നായർ, കണ്ണൻ കുന്നാടത്ത് ചന്തുക്കുട്ടി നായർ (സഖാവ്), തറയിൽ ഉണ്ണിനായർ, മാലാഞ്ചേരി അബ്ദുള്ള സാഹിബ്, തച്ചനാടത്ത് കുഞ്ഞിക്കണ്ണൻ നായർ, കുനിയിൽ കുഞ്ഞാലിക്കുട്ടി സാഹിബ്: ഇവരാണ് ചേമഞ്ചേരിയുടെ സ്വാതന്ത്ര്യസമര സ്മരണയിൽ നിലനിൽക്കുന്ന 13 പേരുകൾ.

എന്നാൽ, ഇത് വെറുമൊരു പട്ടികയല്ല.
13 ജീവിതങ്ങൾ.
13 കുടുംബങ്ങൾ.
13 വീടുകളുടെ കാത്തിരിപ്പ്.
13 കുടുംബങ്ങളുടെ ഭയം, പ്രതീക്ഷ, കണ്ണീർ, ത്യാഗം.

ഒരു സമരപോരാളിയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ, ആ പേരിനുപിന്നിലെ കുടുംബജീവിതവും കൂടി വായിക്കപ്പെടണം. കാരണം ഒരാൾ സമരത്തിലേക്കിറങ്ങുമ്പോൾ പലപ്പോഴും അതിന്റെ ആഘാതം അനുഭവിച്ചത് ഒരു കുടുംബം മുഴുവനുമായിരിക്കും.

ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളി കുന്നാടത്ത്  മാധവൻ കിടാവ്
ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളി കുന്നാടത്ത് മാധവൻ കിടാവ്

മായ്ച്ചുകളയപ്പെടുന്ന സ്മരണകൾ

ചേമഞ്ചേരിയിലെ ദേശീയപാതയോട് ചേർന്ന ഭാഗത്ത്, അന്നത്തെ കത്തിപ്പോയ രജിസ്ട്രാർ ഓഫീസിന്റെ മുൻവശത്തായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്കായി രക്തസാക്ഷി സ്തൂപം സ്ഥാപിച്ചിരുന്നത്. ക്വിറ്റിന്ത്യ സമരത്തിന്റെ സുവർണ ജൂബിലി ആഘോഷക്കമ്മിറ്റി 1992 ആഗസ്റ്റിലാണ് സ്മാരകം നിർമ്മിച്ചത്. കാഞ്ഞിരക്കണ്ടി ചാത്തുക്കുട്ടി ചെട്ടിയാർ സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു സ്തൂപം. പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് സ്മാരകം നിർമ്മിച്ചതെന്നും അറിയുന്നു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കുമുമ്പ് സ്തൂപം പൊളിച്ചുമാറ്റി. പുതിയ രജിസ്ട്രാർ ഓഫീസ് പരിസരത്ത് പുനഃസ്ഥാപിക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും, സ്തൂപം നിലനിന്നിരുന്ന സ്ഥലം ഇന്നും ശൂന്യമാണ്. പ്രദേശത്തെ സാമൂഹിക- സാംസ്കാരിക പ്രവർത്തകരുടെ ഇടപെടലിലൂടെ ഈ സ്മാരകം വീണ്ടും സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പിതാമഹനെ അന്വേഷിച്ചുതുടങ്ങിയ എന്റെ യാത്ര ഒടുവിൽ ഒരു ഗ്രാമത്തിന്റെ ചരിത്രാന്വേഷണമായി മാറുകയായിരുന്നു. പഴയ സർക്കാർ രേഖകൾ, സ്വാതന്ത്ര്യസമരസേനാനി പെൻഷൻ രേഖകൾ, ജയിലുമായി ബന്ധപ്പെട്ട രേഖകൾ, മുതിർന്നവരുടെ വാമൊഴി എന്നിവ ചേർത്തുവെച്ചപ്പോൾ ഒരു കാലം തെളിഞ്ഞുവന്നു.

ചേമഞ്ചേരിയിലെ സമരത്തീ

ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ചേമഞ്ചേരിയിലെ രജിസ്ട്രാർ ഓഫീസും റെയിൽവേ സ്റ്റേഷനും അഗ്നിക്കിരയാക്കിയിരുന്നു. അന്നത്തെ ഭരണസംവിധാനത്തിന്റെ പ്രതീകങ്ങളായ സ്ഥാപനങ്ങൾക്കെതിരായ പ്രതിഷേധമായിരുന്നു ഇത്തരം നടപടികൾ. അതോടൊപ്പം ആശയപ്രചാരണവും പ്രധാന ആയുധമായിരുന്നു.

കാരോളി അപ്പു നായർ, യു.കെ. കൃഷ്ണൻ നായർ, തറയിൽ ഉണ്ണി നായർ, കാരോളി ഉണ്ണി നായർ, കെ.വി. മാധവൻ കിടാവ്, കുറത്തിശാല മാധവൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ‘സ്വതന്ത്ര ഭാരതം’ എന്ന പത്രം പ്രചരിപ്പിച്ചിരുന്നതായും കുടുംബ- പ്രാദേശിക സ്മരണകൾ പറയുന്നു. അച്ചടിച്ച വാക്കുകൾ പോലും അന്ന് അപകടകരമായ രാഷ്ട്രീയായുധമായിരുന്നു. ഒരു പത്രത്തിന്റെ ഓരോ കോപ്പിയും സ്വാതന്ത്ര്യത്തിന്റെ ആശയം ഗ്രാമങ്ങളിലൂടെ കൈമാറിയിരുന്നു. പിന്നീട് ഇവരിൽ പലരും അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ജയിലിൽ നേരിട്ട ക്രൂരമർദ്ദനങ്ങളുടെ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിച്ച വ്യക്തിയായിരുന്നു എന്റെ പിതാമഹനായ കാരോളി അപ്പു നായർ.

പിതാമഹനെ അന്വേഷിച്ചുതുടങ്ങിയ എന്റെ യാത്ര ഒടുവിൽ ഒരു ഗ്രാമത്തിന്റെ ചരിത്രാന്വേഷണമായി മാറുകയായിരുന്നു. പഴയ സർക്കാർ രേഖകൾ, സ്വാതന്ത്ര്യസമരസേനാനി പെൻഷൻ രേഖകൾ, താമ്രപത്രം, ജയിലുമായി ബന്ധപ്പെട്ട രേഖകൾ, കോൺഗ്രസ് സംഘടനകളുടെ പഴയ രേഖകൾ, കാലഘട്ടത്തിലെ പത്രവാർത്തകൾ, കുടുംബത്തിലെ പഴയ ഫോട്ടോകൾ, മുതിർന്നവരുടെ വാമൊഴി സാക്ഷ്യങ്ങൾ ലഭ്യമായ ഓരോ തുണ്ടും ചേർത്തുവെച്ചപ്പോൾ ഒരു കാലം പതുക്കെ എന്റെ മുന്നിൽ തെളിഞ്ഞുവന്നു.

കാരോളി അപ്പു നായർ; ജീവിതം സമരത്തിന് സമർപ്പിച്ച മനുഷ്യൻ. കാരോളി കല്യാണിയമ്മയുടെയും ഇളയേടത്ത് കൃഷ്ണൻ നായർ അഥവാ കിട്ടൻ നായരുടെയും മകൻ. ഏഴ് മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകൻ. മാധവൻ നായർ, രാമുണ്ണി നായർ, നാരായണൻ നായർ, കുട്ടിമാളു അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ എന്നിവരായിരുന്നു സഹോദരങ്ങൾ.

ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളി മൂശാരിക്കണ്ടി കേളപ്പൻ നായർ
ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളി മൂശാരിക്കണ്ടി കേളപ്പൻ നായർ

സാധാരണ ഗ്രാമീണ കുടുംബത്തിൽ ജനിച്ച ആ യുവാവിന്റെ ജീവിതം പിന്നീട് സാധാരണ വഴിയിലൂടെ സഞ്ചരിച്ചില്ല. തൊഴിൽ, വിവാഹം, കുടുംബം, മക്കൾ, വീടിന്റെ ഉത്തരവാദിത്വങ്ങൾ- ഒരു യുവാവിന്റെ ജീവിതം സ്വാഭാവികമായി ആവശ്യപ്പെടുന്ന പലതും മാറ്റിവെച്ച് അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതമാകണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം പഴയതുപോലെ ആയിരുന്നില്ല.

വീട്ടുമുറ്റത്ത് എത്തിയ ബ്രിട്ടീഷ് ഭരണം

ചരിത്രപുസ്തകങ്ങളിൽ ബ്രിട്ടീഷ് ഭരണകൂടം ഒരു വലിയ രാഷ്ട്രീയശക്തിയായാണ് പ്രത്യക്ഷപ്പെടുന്നത്. പക്ഷേ ഒരു കുടുംബത്തിന്റെ ഓർമ്മയിൽ ആ ഭരണകൂടം എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്? അതിനുള്ള ഉത്തരം തേടുമ്പോൾ പൂക്കാട് കുനിയിൽ വീട്ടിലെ ഒരു രാത്രിയിലേക്ക് മടങ്ങിപ്പോകേണ്ടിവരും.

അപ്പു നായരെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തി. അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. വീട് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പോലീസിന്റെ രോഷം കുടുംബാംഗങ്ങളിലേക്കു തിരിഞ്ഞു. അനിയനായ നാരായണൻ നായരെ തെങ്ങിൽ കയറ്റി ഇളനീർ പറപ്പിച്ചു. താഴെ അച്ഛനും അമ്മയും സഹോദരിമാരും ഭയന്നുനിന്നു. തോക്കേന്തിയ പോലീസ് എന്തുചെയ്യുമെന്നറിയാത്ത ഒരു രാത്രി. ഒരു സ്വാതന്ത്ര്യസമര സേനാനിയെ തേടിയെത്തിയ പോലീസ് നടപടി ഒരു കുടുംബത്തിന്റെ ഭയമായി മാറിയ നിമിഷം.

ഒരു ദിവസം പോലീസ് നാരായണൻ നായരെ കുതിരവണ്ടിയിൽ കയറ്റി ബാലുശ്ശേരിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം അന്ന് വീട്ടിലേക്ക് മടങ്ങിയില്ല. കുടുംബം ഭയന്നു.

വീടുകളിൽ മണ്ണെണ്ണവിളക്ക് ആവശ്യത്തിനുമാത്രം കത്തിച്ചിരുന്ന കാലം. പോലീസ് പരിശോധനയ്ക്കിടെ അപ്പു നായരുടെ ഇളയ സഹോദരിയായ ജാനകിയമ്മ ഒരു മലയാളി പോലീസുകാരനോട് കൂസലില്ലാതെ പറഞ്ഞുവത്രേ; 'ഞങ്ങളുടെ വീട്ടിലെ മണ്ണെണ്ണ തീർന്നുപോകും’.
കുട്ടിയുടെ വാക്കുകൾ കേട്ട് പോലീസുകാരൻ ചിരിച്ചു. പിന്നീട് ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് സംഭവം അയാൾ വിവർത്തനം ചെയ്ത് കൊടുത്തപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചുവത്രേ; 'സഹോദരി ഇങ്ങനെയാണെങ്കിൽ സഹോദരൻ എങ്ങനെയായിരിക്കും?'

ഒരു കുടുംബസ്മരണയിൽ ഇന്നും ജീവിക്കുന്ന ഈ വാക്കുകൾക്ക് കാലം കഴിഞ്ഞപ്പോൾ മറ്റൊരു അർത്ഥം ലഭിച്ചു. അവർ അന്വേഷിച്ചിരുന്നത് ഒരാളെ മാത്രമായിരുന്നില്ല. ഒരു ആശയത്തെയായിരുന്നു. ഒരു സ്വാതന്ത്ര്യബോധത്തെയായിരുന്നു.

കുടുംബം അനുഭവിച്ച സമരത്തിന്റെ മുറിവുകൾ

അപ്പു നായരെ കണ്ടെത്താനാകാത്തതിന്റെ പേരിൽ കുടുംബാംഗങ്ങൾ നേരിട്ട മറ്റൊരു ദുരനുഭവവും കുടുംബസ്മരണയിൽ നിലനിൽക്കുന്നു. ഒരു ദിവസം പോലീസ് നാരായണൻ നായരെ കുതിരവണ്ടിയിൽ കയറ്റി ബാലുശ്ശേരിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം അന്ന് വീട്ടിലേക്ക് മടങ്ങിയില്ല. കുടുംബം ഭയന്നു.

കുടുംബസ്മരണകൾ പറയുന്നതനുസരിച്ച് ബാലുശ്ശേരിയിലെ ഓടക്കാളി ക്ഷേത്രത്തിന് സമീപം കൂരിരുട്ടിൽ നാരായണൻ നായരെ പോലീസ് ഇറക്കിവിടുകയായിരുന്നു. ഭയന്നും വിറച്ചും അദ്ദേഹം ഇടവഴികളിലൂടെ നടന്ന് പിറ്റേന്ന് സന്ധ്യയോടെയാണ് വീട്ടിലെത്തിയത്. തുടർന്ന് ഒരാഴ്ചയോളം പനിച്ചുകിടന്നുവെന്നും പറയപ്പെടുന്നു. സമരത്തിൽ നേരിട്ട് പങ്കെടുത്തത് അപ്പു നായരായിരുന്നെങ്കിലും അതിന്റെ ശിക്ഷ അനുഭവിച്ചത് അദ്ദേഹത്തിന്റെ കുടുംബവും കൂടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിലേക്ക് ഒരാൾ ഇറങ്ങുമ്പോൾ പലപ്പോഴും പോരാട്ടത്തിലേക്കിറങ്ങുന്നത് ഒരു കുടുംബം മുഴുവനുമാണ്. അപ്പു നായരുടെ കുടുംബത്തിലും അതുതന്നെ സംഭവിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടതായും ക്രൂരമർദ്ദനം നേരിട്ടതായും കുടുംബാംഗങ്ങൾ പറയുന്നു. ബൂട്ടുകൊണ്ട് നിരന്തരം ചവിട്ടേറ്റതിന്റെ പ്രത്യാഘാതങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു.

സഹോദരനായ രാമുണ്ണി നായർ പിന്നീട് ആന്ധ്രയിലേക്ക് നാടുവിട്ടുപോയി. മൂത്ത സഹോദരനായ മാധവൻ നായർ റേഷൻ കട നടത്തി കുടുംബത്തെ നോക്കിയിരുന്നെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ അദ്ദേഹത്തെ തളർത്തി. ഒടുവിൽ അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബസ്മരണ. ചരിത്രത്തിന്റെ ഔദ്യോഗിക രേഖകളിൽ ഇത്തരം കുടുംബവേദനകൾ പലപ്പോഴും കാണാനാവില്ല. പക്ഷേ ഒരു കുടുംബത്തിന്റെ ഓർമ്മയിൽ അവ മായാത്ത മുറിവുകളാണ്.

ഇ, മൊയ്തു മൗലവി.
ഇ, മൊയ്തു മൗലവി.

'സ്വാതന്ത്ര്യം കിട്ടിയിട്ടുമാത്രമേ
ഞാൻ വിവാഹം കഴിക്കൂ'

അപ്പു നായരുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കുടുംബസ്മരണകളിലൊന്നാണ് വിവാഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തീരുമാനം: 'സ്വാതന്ത്ര്യം കിട്ടിയിട്ട് മാത്രമേ ഞാൻ വിവാഹം കഴിക്കൂ’. ഒരു യുവാവിന്റെ ജീവിതത്തെക്കുറിച്ചുള്ള സാധാരണ തീരുമാനമായിരുന്നില്ല അത്. അദ്ദേഹം ആ തീരുമാനത്തിൽ ഉറച്ചുനിന്നു.

1947-ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, 42-ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്. മേലൂർ മീത്തൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകളായ മീനാക്ഷിയമ്മയായിരുന്നു ജീവിതപങ്കാളി.

അമ്പതാം വയസ്സിനുശേഷം രോഗപീഡിതനായ അദ്ദേഹം ജീവിതത്തിന്റെ ശേഷിച്ച വർഷങ്ങൾ ആരോഗ്യപ്രശ്നങ്ങളുമായി മുന്നോട്ടുപോയി. 61-ാം വയസ്സിൽ കാരോളി അപ്പു നായർ അന്തരിച്ചു.

അപ്പു നായരുടെ ദേശസ്നേഹത്തെക്കുറിച്ചുള്ള കുടുംബസ്മരണയിൽ മറ്റൊരു അധ്യായമുണ്ട്. ജീവിച്ചിരിക്കുമ്പോൾ സ്വാതന്ത്ര്യസമര പെൻഷന് അപേക്ഷിക്കണമെന്ന് ചർച്ചയായപ്പോൾ അദ്ദേഹം അതിന് തയ്യാറായില്ല:
'ഞാൻ പെൻഷൻ വാങ്ങാൻ വേണ്ടിയല്ല സ്വാതന്ത്ര്യസമരപോരാളിയായത്. ഈ നാടിനുവേണ്ടിയാണ് എന്റെ ജീവിതം മാറ്റിവെച്ചത്’. മരണം വരെ അദ്ദേഹം പെൻഷൻ വാങ്ങിയില്ല. പിന്നീട് ബന്ധുക്കളുടെ ഇടപെടലിലൂടെ ഭർത്താവ് നഷ്ടപ്പെട്ട മീനാക്ഷിയമ്മയ്ക്ക് സ്വാതന്ത്ര്യസമര പെൻഷൻ ലഭിച്ചു.

അപ്പു നായരുടെ ജീവിതത്തിന് ലഭിച്ച പ്രധാനപ്പെട്ട ഔദ്യോഗിക അംഗീകാരങ്ങളിൽ ഒന്നാണ് താമ്രപത്രം. കുടുംബത്തിന്റെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ആ താമ്രപത്രം ഒരു ലോഹപ്പതക്കം മാത്രമല്ല, ഒരു കാലത്തിന്റെ ഔദ്യോഗിക സാക്ഷ്യമാണ്. ഒരു ഗ്രാമത്തിലെ ഒരാളുടെ ജീവിതത്തെ രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രവുമായി ബന്ധിപ്പിക്കുന്ന രേഖയാണ്.

അപ്പു നായർക്കും മീനാക്ഷിയമ്മയ്ക്കും മക്കളായി. പ്രഭാകരൻ, പ്രഭാവതി, വിജയൻ, ചന്ദ്രീക, ഷീല, സുരേഷ് എന്നിവർ ജനിച്ചു. പ്രഭാകരനും സുരേഷും പിന്നീട് മരിച്ചു. ഒരു കുടുംബത്തിന്റെ ചരിത്രം ഇങ്ങനെ തലമുറകളിലൂടെ കൈമാറി.

ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളിയും മുൻ എം.എൽ.എയുമായ മണിമംഗലത്ത് കുട്ട്യാലി സാഹിബ്.
ചേമഞ്ചേരിയിൽനിന്നുള്ള സ്വാതന്ത്ര്യസമരപോരാളിയും മുൻ എം.എൽ.എയുമായ മണിമംഗലത്ത് കുട്ട്യാലി സാഹിബ്.

ചേമഞ്ചേരിയുടെ സ്വാതന്ത്ര്യസമരചരിത്രം അപ്പു നായരുടെ ജീവിതത്തിൽ മാത്രം അവസാനിക്കുന്നില്ല. അദ്ദേഹം ആ ചരിത്രത്തിലെ ഒരു പ്രധാന കണ്ണിയാണ്. അദ്ദേഹത്തോടൊപ്പം പോരാട്ടത്തിൽ നിന്നിരുന്ന 13 പേരും അവരുടെ കുടുംബങ്ങളും ഈ ചരിത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള കൂടുതൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്. അവരുടെ വീടുകൾ എവിടെയായിരുന്നു, അവർ എങ്ങനെ സമരത്തിലേക്ക് എത്തി, എപ്പോൾ അറസ്റ്റിലായി, ഏത് ജയിലുകളിൽ കഴിഞ്ഞു, അവരുടെ കുടുംബങ്ങൾ എന്തെല്ലാം അനുഭവിച്ചു, അവർക്ക് ലഭിച്ച ഔദ്യോഗിക അംഗീകാരങ്ങൾ എന്തൊക്കെയായിരുന്നു- ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ് ചേമഞ്ചേരിയുടെ സ്വാതന്ത്ര്യസമരചരിത്രം പൂർണമാകുന്നത്.

ചേമഞ്ചേരിയിലെ രക്തസാക്ഷി സ്തൂപം അർഹമായ സ്ഥലത്ത് പുനഃസ്ഥാപിക്കപ്പെടേണ്ടത് ഒരു തലമുറയുടെ ചരിത്രബോധത്തിന്റെ പുനഃസ്ഥാപനം കൂടിയാണ്.

ഒരു കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ കൊത്തിവെച്ചുനിന്നിരുന്ന സ്മാരകം ഇന്ന് അവിടെ ഇല്ല. വികസനപ്രവർത്തനങ്ങൾക്കായി സ്മാരകങ്ങൾ മാറ്റേണ്ടിവരാം. പക്ഷേ മാറ്റിപ്പണിയുന്നതിന് മുമ്പ് അതിന്റെ ചരിത്രമൂല്യം മനസ്സിലാക്കേണ്ടതുണ്ട്. പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞ ഒരു സ്മാരകം വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകരുത്. കാരണം വരുംതലമുറ ചരിത്രം പഠിക്കുന്നത് പുസ്തകങ്ങളിൽ നിന്ന് മാത്രമല്ല. അവർ സ്മാരകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും പേരുകളിലൂടെയും കഥകളിലൂടെയും ചരിത്രത്തെ തിരിച്ചറിയും. ഒരു സ്മാരകം ഇല്ലാതാകുമ്പോൾ ഒരു ദൃശ്യസ്മരണയാണ് ഇല്ലാതാകുന്നത്.

അതുകൊണ്ട് ചേമഞ്ചേരിയിലെ രക്തസാക്ഷി സ്തൂപം അർഹമായ സ്ഥലത്ത് പുനഃസ്ഥാപിക്കപ്പെടേണ്ടത് ഒരു തലമുറയുടെ ചരിത്രബോധത്തിന്റെ പുനഃസ്ഥാപനം കൂടിയാണ്. പൊളിച്ചുമാറ്റലും പുതുക്കിപ്പണിയലും വികസനത്തിന്റെ ഭാഗമായി മാറുമ്പോൾ, ചരിത്രത്തിന്റെ അടയാളങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. വരുന്ന തലമുറ വഴികൾ മറക്കാതിരിക്കട്ടെ. അവർ ജന്മനാടിന്റെ ചരിത്രം പഠിക്കട്ടെ. സ്വാതന്ത്ര്യം ഒരു ദിവസത്തിന്റെ ആഘോഷമല്ലെന്നും അനേകം മനുഷ്യരുടെ ജീവിതം നൽകിയ വിലയാണെന്നും തിരിച്ചറിയട്ടെ.

ചേമഞ്ചേരിയിലുണ്ടായിരുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷി സ്തൂപം.
ചേമഞ്ചേരിയിലുണ്ടായിരുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷി സ്തൂപം.

ഒരു പിതാമഹനെ അന്വേഷിച്ചുതുടങ്ങിയ എന്റെ യാത്ര ഒടുവിൽ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലേക്കാണ് എത്തിയത്. അവിടെ കാരോളി അപ്പു നായർ ഒരു വ്യക്തി മാത്രമല്ല. അദ്ദേഹത്തിലൂടെ ഒരു കാലഘട്ടമാണ് സംസാരിച്ചത്. ഈ എഴുത്ത് എന്റെ പിതാമഹൻ കാരോളി അപ്പു നായർക്ക് സമർപ്പിക്കുന്നു. അദ്ദേഹത്തോടൊപ്പം ചേമഞ്ചേരിയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ സ്വന്തം ജീവിതം സമർപ്പിച്ച എല്ലാ പോരാളികൾക്കും, അവരുടെ കുടുംബങ്ങൾക്കും, പേരുകൾ ചരിത്രത്തിന്റെ മങ്ങലിൽ മറഞ്ഞുപോയ അനേകം മനുഷ്യർക്കും.

Comments