ജനായത്ത വിരുദ്ധമായ ട്രംപ് ഭരണത്തിനെതിരെ അമേരിക്കയിലാകമാനം ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. "നോ കിംഗ്സ് " എന്നതാണ് അവിടെ എവിടെയും മുഴങ്ങുന്ന മുദ്രാവാക്യം. "No Monarchy But Democracy," “We love America, not Trump,” “The Constitution is not optional” - എന്നിങ്ങനെ ബാനറുമേന്തി 70 ലക്ഷത്തിലേറെ പേർ ഈ റാലികളിൽ പങ്കെടുത്തതായി കണക്കാക്കുന്നു. ഇക്കഴിഞ്ഞ ജൂൺ 14 - അന്ന് ട്രംപിൻ്റെ 79-ാം പിറന്നാൾ ദിനവും അമേരിക്കൻ ആർമിയുടെ 250-ാം വാർഷിക ദിനവുമായിരുന്നു - "നോ കിംഗ്സ് ഡേ" ആയി ആചരിച്ചു കൊണ്ടാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ ജനങ്ങൾ ആദ്യം സംഘടിച്ചത്. ഒക്ടോബർ 18-നാകട്ടെ അമേരിക്കയിൽ നഗര-പട്ടണങ്ങളിൽ 2100 ഇടങ്ങളിലായി ലക്ഷക്കണക്കിനു പേർ "നോ കിംഗ്സ്" പ്രകടനങ്ങൾ നടത്തി. അവിടെ 200-ൽ അധികം സംഘങ്ങളും വ്യക്തികളും ചേർന്നാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ അമേരിക്കൻ നഗരങ്ങളിൽ, സംസ്ഥാനങ്ങളുടെ എതിർപ്പുകളെ വകവെയ്ക്കാതെ, ദേശീയ സുരക്ഷ മുൻനിർത്തി സൈന്യത്തെ വിന്യസിക്കാനായി പ്രസിഡൻ്റിൻ്റെ അധികാരം വർദ്ധിപ്പിച്ചിരുന്നു. ജനകീയ പ്രതിക്ഷേധങ്ങളെ കേന്ദ്രസൈന്യത്തെ ഉപയോഗിച്ചു അടിച്ചമർത്തുന്ന ഏകാധിപത്യ നീക്കങ്ങളാണ് ജനങ്ങളെ ചൊടിപ്പിച്ചത്. മാത്രമല്ല കുടിയേറ്റക്കാരെ കുറ്റവാളികളെന്ന പോലെ ട്രംപ് സർക്കാർ വേട്ടയാടുന്നു. സാധാരണ ജനതയുടെ ആരോഗ്യ സംരക്ഷണ ചുമതലയിൽ നിന്നും ഭരണകൂടം പിന്മാറുന്നു. എന്നാൽ അതിസമ്പന്നർക്ക് ആനുകൂല്യങ്ങൾ വീണ്ടും വർദ്ധിപ്പിക്കുന്നുണ്ട്. സമാധാനം, ജനക്ഷേമം, മാന്യമായ വേതനം, തൊഴിൽ, ആരോഗ്യ രക്ഷ, ഉദാരമായ കുടിയേറ്റ നയം എന്നിവയ്ക്കു വേണ്ടി അമേരിക്കൻ തെരുവിൽ ജനങ്ങൾ സമാധാനപരമായി നടത്തുന്ന ഈ പ്രക്ഷോഭത്തോട് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പലയിടങ്ങളിലും ജനങ്ങൾക്കൊപ്പം റാലിയിൽ പങ്കെടുക്കുന്നുണ്ട്.

ഈ ജനകീയ പ്രതിഷേധം അമേരിക്കയിൽ മാത്രം ഒതുങ്ങുന്നില്ല. ബെർലിനിലും ലണ്ടനിലും റോമിലും മാഡ്രിഡിലും - യൂറോപ്പാകെ അമേരിക്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിൽ പ്രകടനങ്ങൾ നടക്കുന്നു. ട്രംപിൻ്റെ ജനായത്ത വിരുദ്ധമായ ഭരണനയങ്ങൾക്കെതിരെ അമേരിക്കയിൽ ഇപ്പോൾ അലയടിക്കുന്നതുപോലെ ഒരു ജനകീയ പ്രക്ഷോഭം എന്തുകൊണ്ട് അവിടുത്തേതിനേക്കാൾ രൂക്ഷമായ വിധത്തിൽ ജനായത്ത ധ്വംസനം സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ സംജാതമാകുന്നില്ല? ട്രംപ് ഭരണകൂടവുമായി മോദിഭരണത്തിന് സമാനതകൾ ഏറെയാണ്. കുടിയേറ്റക്കാരോടും ദരിദ്രരോടും അതിന് വിട്ടുവീഴ്ചയില്ല. അധികാര കേന്ദ്രീകരണത്തിലും ഫെഡറൽ തത്ത്വങ്ങളെ ലംഘിക്കുന്നതിലും അത് സർവ്വകാല റെക്കോഡ് നേടിയിട്ടുണ്ട്. എതിരാളികളെ നിയമവാഴ്ച ധിക്കരിച്ച് ഉന്മൂലനം ചെയ്യുന്നതിൽ ട്രംപിനെ എത്രയോ മുന്നേ തന്നെ മോദി പിന്നിലാക്കിക്കഴിഞ്ഞു. നോട്ടു നിരോധനം, ഗ്യാസ് സബ്സിഡി എടുത്തു മാറ്റൽ, പെട്രോൾ വിലവർദ്ധനവ് എന്നിങ്ങനെ എത്ര ജനദ്രോഹ സാമ്പത്തിക ഭാരങ്ങൾ. എന്നിട്ടും, അമേരിക്ക ഇപ്പോൾ കാണുന്നതുപോലെ ജനായത്ത സംരക്ഷണത്തിൻ്റെ ജനകീയ ഇരമ്പലിന് ഇന്ത്യൻ നഗരവീഥികൾ സാക്ഷിയായിട്ടില്ല.
ഇന്ത്യൻ ജനതയിൽ ജനായത്ത - ജനക്ഷേമ ബോധ്യങ്ങൾ അമേരിക്കക്കാരിലേതു പോലെ അത്ര ശക്തമല്ലാഞ്ഞിട്ടാണോ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കാത്തത്? അതോ ജനായത്ത - ജനക്ഷേമ സംരക്ഷണത്തിനായുള്ള ജനകീയ വാഞ്ഛയെ പ്രതിഫലിപ്പിക്കാനുള്ള അവസരം ഇന്ത്യൻ ജനതയ്ക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണോ?അമേരിക്കയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സംവിധാനങ്ങളും പൗരസമൂഹവും തമ്മിലുള്ള ബന്ധം പരിശോധിച്ചാൽ ചിലപ്പോൾ ജനായത്ത നിഷേധത്തോട് ഇന്ത്യൻ പൗരസമൂഹത്തിൽ ഇന്നു കാണുന്ന നിശ്ശബ്ദതയുടെ ഉത്തരം കിട്ടും. അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന സംവിധാനം ഒരു പരിധി വരെ വികേന്ദ്രീകൃതവും പ്രാദേശിക തലങ്ങളിൽ വരെ സ്വതന്ത്രവുമാണ്. ശക്തമായ പാർട്ടി മേധാവിത്വത്തിൻ്റെ കീഴിൽ പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും അണികളും അവിടെ അണിനിരക്കുന്നതായി കാണുന്നില്ല. പാർട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ മിക്കവാറും സ്വതന്ത്രമായ അഭിപ്രായവും അസ്തിത്വവും നിലനിർത്തുന്നവരാണവിടെ.
അമേരിക്കൻ ജനായത്തത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും മറ്റും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതു പാർട്ടിയുടെ ക്രേന്ദ്ര നേതൃത്വമോ സംസ്ഥാന നേതൃത്വമോ ജില്ലാ നേതാക്കളോ ഒന്നുമല്ല. തങ്ങൾക്കു വേണ്ടി ആര് മത്സരിക്കണം എന്നു തീരുമാനിക്കുന്നത് പാർട്ടിയല്ല, പകരം വോട്ടർമാരാണ്. അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥിനിർണ്ണയത്തിൽ പൗരസമൂഹത്തിനു ഇടപെടാൻ അവസരമുണ്ട്. ഈ പ്രൈമറി ഇലക്ഷൻ (Party nomination stage) കഴിഞ്ഞതിനു ശേഷമേ ജനറൽ ഇലക്ഷൻ നടക്കുന്നുള്ളൂ (Final contest between parties). ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലും പരമാധികാരം വോട്ടർമാരിൽ തന്നെ. ഉദാഹരണമായി, എല്ലാ നാലുവർഷം കൂടുമ്പോഴും അമേരിക്കയിലെ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളും സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിനുള്ള പ്രൈമറീസ് നടത്തുന്നു. പ്രൈമറീസിൽ വെച്ച് വോട്ടർമാർ തെരഞ്ഞെടുക്കുന്ന ഈ പ്രതിനിധികളാണ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥി ആരാകണം എന്നു തീരുമാനിക്കുന്നത്. പാർട്ടികളിലെ നേതാക്കളോ ദേശീയ സമിതിയോ നേരിട്ട് അവിടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നില്ല. അത് വോട്ടർമാർക്കും പാർട്ടി അംഗങ്ങൾക്കും അവകാശപ്പെട്ടതാണ്.

ഏറ്റവും വലിയ ജനായത്ത രാജ്യമായ ഇന്ത്യയിലാകട്ടെ സ്ഥാനാർത്ഥികളെ പാർട്ടി അംഗങ്ങൾക്കും വോട്ടർമാർക്കും മുമ്പാകെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുകളിൽ നിന്നും പാർട്ടി നേതൃത്വം കെട്ടിയിറക്കുകയാണ്. ആരെ താഴേക്ക് ഇറക്കിയാലും അത് അനുസരിക്കുന്ന അച്ചടക്കമുള്ള വിനീത വിധേയരാണ് പാർട്ടി അംഗങ്ങളും വോട്ടർമാരും. സ്ഥാനാർത്ഥി നിർണ്ണയം കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളുടെ പരമാധികാരമാണിവിടെ. അവരാകട്ടെ പണം, പദവി, ജാതി, മതം, പാർട്ടിക്കൂറ് എന്നിങ്ങനെ പല സാധ്യതകളും വെച്ച് ഒരാളെ വോട്ടർമാർക്കു മുമ്പാകെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നു. പാർട്ടി നേതൃത്വ പ്രീണനമാണ് സ്ഥാനാർത്ഥിയാകാനുള്ള ഇന്ത്യൻ യോഗ്യത. പാർട്ടികളുടെ ഉള്ളിൽ പാലിക്കേണ്ട ജനായത്ത മര്യാദകളുടെ സാർവ്വത്രികമായ ലംഘനത്തിൻ്റെ പരിണത ഫലമായിരിക്കും ഏറെക്കുറെ അന്തിമസ്ഥാനാർത്ഥി പട്ടിക.
സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ വോട്ടർമാർക്ക് യാതൊരു അവകാശവുമില്ലാത്ത ഇന്ത്യയിലെ തെരഞ്ഞെടുപ്പു ഘടന മൂലം രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഇന്ത്യൻ ജനായത്തത്തിലെ ദുരധികാര കേന്ദ്രങ്ങളായി വിലസുന്നു. അതിനാൽ പാർട്ടി നേതൃത്വത്തെ താഴെ തട്ടു മുതൽ മുകളിലേക്ക് പ്രീണിപ്പിക്കുക എന്നത് ഇന്ത്യൻ പാരമ്പര്യമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വോട്ടർമാർക്കും പാർട്ടി അംഗങ്ങൾക്കും അധികാരമില്ലാത്തതിനാൽ നമ്മുടെ പാർട്ടിഘടന ഇടതു വലതു വ്യത്യാസമില്ലതെ ഏകാധിപത്യപരവും അധികാരശ്രേണികളിൽ ബന്ധിതവുമാണ്. നേതൃത്വ പ്രീണനമാണ് അവയുടെ സ്ഥായീഭാവം.
സ്ഥാനാർത്ഥീ നിർണ്ണയത്തിനുള്ള അധികാരം വോട്ടർമാരിൽ നിന്നും കവർന്നെടുത്തിരിക്കുന്ന പാർട്ടികൾ ഇന്ത്യയിൽ ഭരണകൂടത്തെ പോലെ തന്നെ പൗരസമൂഹത്തിനു മേൽ അധികാര കേന്ദ്രങ്ങളായി വിലസുകയാണ്. പാർട്ടി മേധാവിത്വത്തിൻ്റെ ഇരകളാണ് ഇന്ത്യൻ വോട്ടർമാർ. ഇവിടെ വോട്ടർമാരുടെ വ്യക്തിത്വപ്രകാശനം നിർവീര്യമാക്കപ്പെടുന്നു. അവർക്ക് അസ്തിത്വം കൈവരുന്നതു തന്നെ പാർട്ടികളുമായി ചേരുമ്പോൾ മാത്രമാണ്. വിവാഹം കഴിച്ചാലേ പെണ്ണിനു ജീവിതമാകൂ എന്ന പരമ്പരാഗത വിധേയത്വ കാഴ്ചപ്പാടു പോലെ, ഒറ്റക്കു നിൽക്കാൻ കെല്പില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു പാർട്ടി മേധാവിത്വം ഇന്ത്യൻ പൗരസമൂഹത്തെ. അതിനാൽ ഏതെങ്കിലും പാർട്ടിയെ മനസാ സ്വയംവരിക്കാതെ ഒരു രാഷ്ട്രീയ ജീവിതം അസാധ്യമാണ് സ്വതന്ത്ര ബുദ്ധിജീവികൾക്കുപോലും ഇവിടെ.
പാർട്ടി മേധാവിത്വത്തിൻ്റെ പ്രകടിത രൂപങ്ങൾ പ്രാദേശിക തലങ്ങളിൽ വരെ കാണാനാവും. അവിടെയും ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങൾ കിട്ടണമെങ്കിൽ പാർട്ടി ചാനലിലൂടെ മാത്രമേ സാധ്യമാകൂ. അതിനാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്നു നിൽക്കാൻ ജനങ്ങൾ നിർബ്ബന്ധിതരാകുന്നു. ലൈഫ് മിഷൻ വഴി വീട് അനുവദിക്കാനും പഞ്ചായത്ത് തല വ്യക്തിഗത ആനുകുല്യങ്ങളുടെ പട്ടികയിൽ സ്ഥാനം കിട്ടാനും പാർട്ടിക്കാർ വഴി മാത്രമാണ് അവസരം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാലും ഇടനിലക്കാരില്ലാതെ കാര്യസാധ്യം നടക്കില്ല. സർക്കാർ തലത്തിൽ ഉദ്യോഗസ്ഥ സ്ഥലംമാറ്റം മുതലായവയുടെ സമ്പൂർണ്ണ നിയന്ത്രണം രാഷ്ട്രീയ പാർട്ടികളുടെ അധികാരജിഹ്വകളായ യൂണിയനുകൾക്കാണ്. ഒരാവശ്യം വന്നാൽ പാർട്ടിക്കാർ വഴിയല്ലാതെ കാര്യങ്ങൾ നടക്കുകയില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ സ്വതന്ത്രമായി രാഷ്ട്രീയവും സാമൂഹികവുമായ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാൻ പൗരസമൂഹത്തിന് യാതൊരു അവസരവും പാർട്ടികളും ജനങ്ങളും തമ്മിലുള്ള അസമത്വ ശ്രേണീബന്ധം അനുവദിക്കുന്നില്ല. സ്വതന്ത്രമായ അഭിപ്രായ രൂപീകരണത്തേക്കാൾ വിധേയത്വം പരിശീലിപ്പിക്കുന്ന മാനസികാടിമത്തം രാഷ്ട്രീയ പാർട്ടികൾ പൊതുസമൂഹത്തിൽ വളർത്തിയെടുത്തിരിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന് പ്രാദേശിക തലം മുതൽ കിട്ടുന്ന അത്യാദരവും അധികാരവും ആഡംബരവും മറ്റും കുടുംബത്തിൽ പുരുഷമേധാവിത്വമെന്ന പോലെ പൗരസമൂഹത്തിൽ ശീലമാക്കപ്പെട്ട പാർട്ടിമേധാവിത്വത്തിൻ്റെ രോഗലക്ഷണങ്ങളാണ്. ഫ്യൂഡൽ യജമാനർ മുമ്പ് അനുഭവിച്ച വിധത്തിലുള്ള പല്ലക്കിലേറിയ അധികാരത്തിൻ്റെ ബഹുമതി അവകാശങ്ങൾ പാർട്ടി നേതൃത്വങ്ങൾ, പ്രത്യേകിച്ച് ജനപ്രതിനിധികൾ ഇവിടെ അനുഭവിക്കുന്നു. അവരെ ജനങ്ങളിൽ ഒരാളായി എങ്ങും കാണാൻ കഴിയില്ല. ചില രാജ്യങ്ങളിൽ തെരുവിലോ ചായക്കടയിലോ ബസ്സിലോ ജനങ്ങൾക്കൊപ്പം കാണുന്ന രാഷ്ട്രീയ നേതൃത്വത്തെ ഇന്ത്യയിലെങ്ങും കാണില്ല.
എവിടെയും സമൂഹത്തിൽ പൊതുവേ നഗര മധ്യവർഗ്ഗമാണ് സ്വതന്ത്രമായ പ്രക്ഷോഭങ്ങൾക്ക് മുൻനിരയിൽ വരുന്നതിനു സാധ്യതയുള്ളത്. അമേരിക്കൻ പ്രക്ഷോഭത്തിലും മധ്യവർഗ്ഗത്തിൻ്റെ പങ്ക് ചെറുതല്ലെന്നു കാണുന്നു. എന്നാൽ ഇന്ത്യൻ നഗര മധ്യവർഗ്ഗം രാഷ്ട്രീയപ്പാർട്ടികളുമായുള്ള വിധേയത്വ കെട്ടുപാടുകളിൽ വ്യക്തിത്വം പണയം വെച്ചിരിക്കുന്നവരാണ്. അവരുടെ സാമ്പത്തികവും സാമൂഹികവുമായ പദവി നിലനിർത്താൻ പാർട്ടികളോട് താദാത്മ്യപ്പെട്ട് സ്വാഭിപ്രായങ്ങളെ അവർ ദമനം ചെയ്തു ശീലിക്കുന്നു. അതു മാത്രമല്ല ഇന്ത്യൻ മധ്യവർഗ്ഗം ഇപ്പോൾ എന്നത്തേതിലും കൂടുതലായി മതവൽക്കരണത്തിനും അന്ധവിശ്വാസങ്ങൾക്കും കീഴ്പ്പെട്ട് ഏകാധിപത്യ സ്തുതിപാഠകരായി മാറിയിട്ടുണ്ട്. കോവിഡ് സമയത്ത് കിണ്ണം കൊട്ടിയത് ഇവരാണ്. സർവ്വകലാശാലകളിൽ ജാതിപീഡനം നടത്തുന്നതിലാണ് നഗരമധ്യവർഗ്ഗം തങ്ങളുടെ കഴിവുകൾ ഇപ്പോൾ വിനിയോഗിക്കുന്നതും. സർവ്വകലാശാലകൾ, അക്കാദമികൾ, കോടതികൾ എന്നിങ്ങനെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിലെ ഉന്നത പദവികളെല്ലാം തന്നെ യോഗ്യതകൾ പോലും മറി കടന്നു പാർട്ടി മേധാവിത്വ നോമിനികളാൽ അലങ്കരിക്കപ്പെടുന്ന വികൃത ജനായത്തമാണ് ഇന്ത്യയിലിന്ന്. ഏറ്റവും താഴെ, കുടുംബശ്രീ - അയൽക്കൂട്ട സ്ഥാനങ്ങൾ പോലും പാർട്ടി ആജ്ഞാനുവർത്തികൾക്കേ കിട്ടൂ.
ഇപ്രകാരം രാഷ്ട്രീയപ്പാർട്ടി മേധാവിത്വത്താലും ജാതിമത ആധിപത്യത്താലും ഫ്യൂഡൽ ഘടനയുടേതിനു തുല്യമായ സാംസ്കാരിക അടിമത്തം പേറുന്നവരാണ് നഗരമധ്യവർഗ്ഗം ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹുജനം. അതുകൊണ്ട് ഇന്ത്യയിൽ ബഹുജന പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും യൂറോ - അമേരിക്കൻ നാടുകളിലേതുപോലെ സ്വതന്ത്രമായ ആവിഷ്ക്കാരങ്ങൾ സംഭവിക്കുക അത്ര എളുപ്പമല്ല. യൂറോ - അമേരിക്കൻ രാജ്യങ്ങളിൽ പലസ്തീൻ നരഹത്യയ്ക്കെതിരെ ജനങ്ങൾ നഗരവീഥികളിൽ ഒഴുകിയപ്പോഴും ഇന്ത്യയിൽ, എന്തിന് കേരളത്തിൽ പോലും തെരുവുകളെ പിടിച്ചുലയ്ക്കുന്ന ബഹുജന പ്രതിഷേധം ഇരമ്പിയിട്ടില്ല. കാരണം ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ പലസ്തീൻ നരഹത്യക്കെതിരെ പ്രസ്താവനകൾക്കപ്പുറം വ്യാപകമായ തെരുവു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുണ്ടായില്ല. ഇവിടെ രാഷ്ട്രീയ പാർട്ടി മേധാവിത്വം അമേരിക്കയിലും മറ്റും കാണുന്ന പോലെ സ്വതന്ത്രരായ ലക്ഷക്കണക്കിനു പൗരഗണങ്ങളെ വളരാൻ അനുവദിക്കുന്നില്ല. സ്വിച്ചിട്ടാൽ ഉടൻ പ്രവർത്തിക്കുന്ന പാർട്ടിയെന്ന കൂറ്റൻ യന്ത്രത്തിൻ്റെ പാർട്ട്സുകളുടെ ചലനമാണ് ഇന്ത്യയിൽ കാണുന്നത്.

ബഹുജനങ്ങൾക്കു മേലുള്ള രാഷ്ട്രീയ പാർട്ടികളുടെ മേധാവിത്വമാണ് ഇന്ത്യൻ ജനായത്തം ഇന്നു നേരിടുന്ന വെല്ലുവിളികളിൽ മുഖ്യമായ ഒന്ന്. ഫാസിസ്റ്റ് സംഘടനയായ ആർ. എസ്. എസ് ഭരണത്തിലേക്ക് ഇന്ത്യയെ നയിച്ചതിലും രാഷ്ട്രീയ പാർട്ടി മേധാവിത്വം നല്ല പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ടീയ പാർട്ടിമേധാവിത്വത്തിൻ്റെ സാംസ്കാരിക ഘടന പൗരസമൂഹത്തെ സ്വതന്ത്രവ്യക്തികളുടെ സമാഹാരമായി കാണുന്നില്ല. മാത്രമല്ല സ്വതന്ത്രവ്യക്തികളാകാൻ ഈ മേധാവിത്വം നമ്മെ അനുവദിക്കുകയുമില്ല. അതിനാൽ വ്യക്തികളെ ഗോത്രങ്ങളായി അത് പരിവർത്തിപ്പിക്കുന്നു. നായർ ഗോത്രം, ഈഴവ ഗോത്രം, പട്ടേൽ ഗോത്രം, യാദവ ഗോത്രം എന്നിങ്ങനെ. വോട്ടിൻ്റെ മൊത്തക്കച്ചവടം സാധ്യമാക്കുന്ന ഏർപ്പാടാണ് വോട്ടിൻ്റെ ഗോത്രവൽക്കരണം. അപ്പോൾ പാർട്ടി മേധാവിത്വവും ഗോത്ര മേധാവിത്വവും തമ്മിലുള്ള ഒരു ഡീലായി വോട്ടെടുപ്പിനെ അട്ടിമറിക്കുക എളുപ്പമാണ്. കങ്കാണികൾ വഴി തോട്ടങ്ങളിലേക്കും നിർമ്മാണ പ്രവൃത്തികൾക്കും മറ്റും തൊഴിലാളികളെ സംഘടിപ്പിക്കുന്നതുപോലെയുള്ള ഒരേർപ്പാടാണിത്.
ജനായത്തത്തെ നിർജ്ജീവമാക്കിയ അടിയന്തരാവസ്ഥയ്ക്കെതിരെ കോൺഗ്രസ് ഇതര പാർട്ടികളുടെ ഐക്യമുന്നണി രൂപപ്പെട്ടതു കാരണം ജനായത്ത ധ്വംസനത്തോടുള്ള ബഹുജനരോഷം 1977-ൽ പ്രതിഫലിപ്പിക്കപ്പെടുകയുണ്ടായി. പിന്നീട് 2011-ൽ അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ സത്യാഗ്രഹവും കോൺഗ്രസ് ഇതര കക്ഷികളുടെ പിൻബലത്തിലാണ് ബഹുജനരൂപം ആർജ്ജിച്ചത്. ഇന്ത്യൻ ജനത പൊതുവേ, പ്രത്യേകിച്ചും മധ്യവർഗ്ഗം രാഷ്ട്രീയ പാർട്ടികളുടെ ആഹ്വാനങ്ങൾക്കപ്പുറം സ്വതന്ത്രമായി രാഷ്ട്രീയാവസ്ഥകളോട് പ്രതികരിക്കാൻ പ്രാപ്തരല്ല എന്ന് ഇത് കാണിക്കുന്നു. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇടതുവലതു ഭേദമെന്യേ പൗരസമൂഹത്തെ ലംബമായും തിരശ്ചീനമായും വീതിച്ചെടുത്ത് അവരുടെ കാൽക്കീഴിൽ തളച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് പൗരസമൂഹത്തിൻ്റെ നീതിനിഷ്ഠമായ നിഷ്പക്ഷ പ്രതിക്ഷേധങ്ങളും പ്രക്ഷോഭങ്ങളും ഇന്ത്യൻ മണ്ണിൽ വേരുറയ്ക്കാതെ പോകുന്നു.
എന്നാൽ പൗരരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയപ്പാർട്ടി മതിൽക്കെട്ടുകൾ തകർത്ത് ജനകീയ ഐക്യം ചിലപ്പോൾ രൂപപ്പെടുന്നുണ്ട് ഇന്ത്യയിൽ. ഉദാഹരണമായി കെ. റെയിൽ വിരുദ്ധ സമരത്തെ കാണാം. പക്ഷേ തങ്ങളെ നേരിട്ടു സ്പർശിക്കാത്ത പൊതുവിഷയങ്ങളിൽ ഇങ്ങനെയൊരു ഐക്യപ്പെടൽ അത്ര എളുപ്പവുമല്ല. നേരിട്ടു സ്പർശിക്കുന്ന ചില കാര്യങ്ങളിലാകട്ടെ പൊതുഐക്യം രൂപപ്പെടാൻ പാർട്ടി വിധേയത്വം തടസ്സമാകുന്നതിനു പ്രത്യക്ഷമായ തെളിവാണ് ആശാവർക്കർമാരുടെ സമരം. രാഷ്ട്രീയ വ്യത്യാസങ്ങളെ മറികടന്ന് ഇന്ത്യയിൽ സംഭവിച്ച മറ്റൊരു പ്രക്ഷോഭം കർഷക സമരമാണ്. അപ്പോഴും പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾക്കൊപ്പം ഇതര സംസ്ഥാനങ്ങളിലെ കർഷക പങ്കാളിത്തം അതിൽ കുറവായിരുന്നു.
അമേരിക്കൻ ജനായത്തം കുറ്റമറ്റതാണെന്നോ, അവിടെ പാർട്ടി സമ്പ്രദായം പാടെ ജനായത്തപരമാണെന്നോ, ആ പാർട്ടികൾ പണത്തിനും മറ്റും അതീതമായി നിലകൊള്ളുന്നുവെന്നോ ഈ ലേഖനം ഉദ്ദേശിക്കുന്നില്ല. പണാധിപത്യം അവിടെ തെരഞ്ഞെടുപ്പിൻ്റെ അച്ചുതണ്ടു തന്നെയാണെന്നറിയുന്നു. എങ്കിലും പാർട്ടി മേധാവിത്വത്തിൻ്റെ ശക്തമായ പിടിയിൽ നിന്നും കുതറി മാറാനുളള അവസരം പൗരസമൂഹത്തിന് താരതമ്യേന അവിടെ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് പാർട്ടികൾക്ക് അതീതമായി സംഘടിക്കാനും ജനലക്ഷങ്ങൾ തെരുവിലെത്താനും ഇടവരുന്നത്.
ഇന്ത്യൻ ജനായത്തത്തിൻ്റെ ഭാവി പാർട്ടി മേധാവിത്വ ഘടന ചോദ്യം ചെയ്യാൻ പറ്റിയ പൗരസമൂഹം ഉയർന്നു വരുന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു. പാർട്ടികളിൽ നിന്നാണ് പൗരസമൂഹത്തിന് ആദ്യം സ്വാതന്ത്ര്യം വേണ്ടത്. എന്നാൽ നിലവിലെ തെരഞ്ഞെടുപ്പു ഘടന പാർട്ടിമേധാവിത്വത്തിൽ അധിഷ്ഠിതമായതിനാൽ ഈ വിഷമവൃത്തം ഭേദിച്ചു ജനലക്ഷങ്ങളുടെ സ്വതന്ത്ര പൗരസമൂഹം പുറത്തുവരിക എളുപ്പമാണോ?
