സംഘപരിവാറിന്റെ കീഴാള ഹിന്ദുത്വം
ഒരു നുണക്കഥയാണ്

ദലിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങളോട് കാണിച്ച ചരിത്രപരമായ വഞ്ചനയ്ക്ക് നരേന്ദ്ര മോദിയും സംഘപരിവാറുമാണ് മറുപടി എന്ന വിലയിരുത്തല്‍കടുത്ത ചരിത്രനിഷേധവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളോട് പുലര്‍ത്തുന്ന കടുത്ത വഞ്ചനയുമാണ്​.

രേന്ദ്ര മോദി, ദ്രൗപതി മുര്‍മു എന്നിവരുടെ സ്ഥാനാരോഹണത്തെ ബ്രാഹ്​മണിക്കല്‍ ഹിന്ദുത്വത്തിന്റെ പിന്‍വലിയലായും കീഴാള ഹിന്ദുത്വത്തിന്റെ മാനിഫെസ്റ്റേഷനായും വിലയിരുത്തി എം. കുഞ്ഞാമന്‍ നടത്തിയ അഭിപ്രായപ്രകടനം പലരിലും ആശ്ചര്യം സൃഷ്ടിക്കുകയുണ്ടായി. അതേരീതിയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിനെ ഒരു സാംസ്കാരിക സംഘടന എന്ന നിലയില്‍ പരിഗണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകളും ഞെട്ടലുളവാക്കുന്നതാണ്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍, ജനാധിപത്യ- നിയമ വ്യവസ്ഥകള്‍, ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ എന്നിവ മോദി ഭരണത്തിന്‍കീഴില്‍ അനുദിനം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയും ഇന്ത്യയിലെ ന്യൂനപക്ഷ-ദലിത്- ആദിവാസി സമൂഹങ്ങള്‍ നിരന്തരം സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്‌ കുഞ്ഞാമന്റെ പരാമർശം എന്നത് ആശങ്കയുളവാക്കുന്ന സംഗതിയാണ്.

2023 ഏപ്രില്‍ 23ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച അഭിമുഖം, തുടര്‍ന്ന് വിശദീകരണമെന്നോണം ട്രൂകോപ്പി തിങ്കുമായി നടത്തിയ അഭിമുഖം, അടുത്തിടെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രഭാഷണം എന്നിവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുമ്പോള്‍കുഞ്ഞാമന്റെ വിലയിരുത്തലുകളെ ഗൗരവപൂര്‍വ്വം പരിശോധിക്കുവാന്‍ നാം നിര്‍ബന്ധിതമാകുന്നുണ്ട്.

ദ്രൗപതി മുര്‍മു

ഹിന്ദുത്വയെ നിര്‍വ്വചിക്കുന്നതില്‍ സംഘപരിവാര്‍ കൈവരിച്ച വിജയം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ വഴി പിന്നാക്ക- ദലിത്​ വിഭാഗങ്ങളെ അടുപ്പിച്ചുനിര്‍ത്തുന്നതില്‍ ബി.ജെ.പി കൈവരിച്ച നേട്ടം, മോദിയെപ്പോലെ, പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നതിലേക്ക് ഉയരാന്‍ കഴിഞ്ഞത് തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ തന്റെ നിഗമനങ്ങള്‍ക്ക് ഉപോല്‍ബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, സാമൂഹിക ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ ബാങ്കുകള്‍ വഴി ലഭ്യമാക്കല്‍ എന്നുതുടങ്ങി 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്​വ്യവസ്​ഥയിലേക്ക് വളരാനുള്ള ഭരണാധികാരികളുടെ ആഗ്രഹം, ജാതിരൂപങ്ങളാല്‍ കേന്ദ്രിതമായ സമൂഹത്തെ മാറ്റിയെടുക്കാനുള്ള അവരുടെ അഭിവാഞ്​ചയുടെ പ്രതിഫലനമായിപ്പോലും അദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ട്

ജനാധിപത്യത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന മുരടിപ്പ്, പാരമ്പര്യ മൂല്യങ്ങളില്‍ നിന്ന് പിന്മാറാനുള്ള അതിന്റെ വിമുഖത, ശക്തിയുടെ പ്രതിരൂപമെന്ന നിലയില്‍ മാത്രം വെളിപ്പെടുന്ന, സംവാദശൈലികളെ പ്രോത്സാഹിപ്പിക്കാത്ത ഇന്ത്യന്‍ ജനാധിപത്യ പ്രയോഗങ്ങള്‍ എന്നിവ സംബന്ധിച്ച കുഞ്ഞാമന്റെ നിരീക്ഷണങ്ങളോട് വലിയൊരളവില്‍ യോജിക്കാന്‍ കഴിയുമെങ്കിലും കീഴാള ഹിന്ദുത്വം, ആര്‍.എസ്.എസ്​, മോദി ഫാക്ടര്‍ തുടങ്ങിയ വിഷയങ്ങളിന്മേലുള്ള വിലയിരുത്തലുകള്‍ ഉപരിപ്ലവവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംബന്ധിച്ച പിഴവായും മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ആര്‍.എസ്​.എസിനെക്കുറിച്ച്​ കൂടുതലായി പഠിച്ചിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന അദ്ദേഹം, അതിനെ ഒരു സാംസ്കാരിക സംഘടനയായി വിലയിരുത്തുന്നതില്‍ നിന്ന് പിറകോട്ടുപോകുന്നില്ലെന്നത് ആശ്ചര്യമുളവാക്കുന്ന സംഗതിയാണ്.

എം. കുഞ്ഞാമന്‍

ആർ.എസ്​.എസ്​ ഒരു സാംസ്കാരിക സംഘടനയോ?

‘ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദുക്കളെ നിര്‍വ്വചിക്കുന്നതില്‍ വിജയിക്കുന്നുണ്ട്; ഹിന്ദുത്വത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അവര്‍ക്കുണ്ട്'’ എന്ന്‌ കുഞ്ഞാമന്‍ പറയുന്നു. വാസ്തവത്തില്‍ ഹിന്ദുവിനെ സംബന്ധിച്ച ആർ.എസ്​.എസ്​ നിര്‍വ്വചനം, നാളിതുവരെ വെളിപ്പെട്ട രീതിയില്‍, അങ്ങേയറ്റം അവ്യക്തത നിറഞ്ഞ ഒന്നാണ്. ആവശ്യാനുസരണം വ്യാഖ്യാനിക്കാന്‍ പാകത്തിലുള്ള, വഴക്കമുള്ള, ഒരു ആശയമായിട്ടാണ് അവര്‍ അതിനെ അവതരിപ്പിച്ചുപോന്നിട്ടുള്ളത്. ഒരു പ്രത്യേക മതം എന്നതിനേക്കാള്‍ സംസ്കാരത്തെയും ജീവിതരീതിയെയുമാണ് ‘ഹിന്ദു’ എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന ആർ.എസ്​.എസ്​ വ്യാഖ്യാനം അവരുടെ ഉള്‍ക്കൊള്ളല്‍ മനോഭാവമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ആർ.എസ്​.എസ് നേതാവ് കെ.എസ്. സുദര്‍ശന്‍ പറയുന്നത്, ‘‘ശൈവ, ശാകത, വൈഷ്ണവ, സിഖ്, ജൈന, മുസ്​ലിം, ക്രിസ്ത്യന്‍, പാര്‍സി, ബുദ്ധ, ജൂത ഭിന്നതകളില്ലാതെ, ഈ രാജ്യത്തിന്റെ ദേശീയതയുള്ള ഏതൊരാളും ഹിന്ദുവാണ്’’ എന്നാണ്.

കെ.എസ്. സുദര്‍ശന്‍

എന്നാല്‍ സംഘവരിവാര്‍ വിഭാവനം ചെയ്യുന്ന ‘ഹിന്ദുരാഷ്ട്രം’ അനുഭവപരമായി വെളിപ്പെട്ടുവരുന്നത് ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയ്ക്കും മതേതര ബോധ്യങ്ങള്‍ക്കും എതിരായ ആക്രമണമെന്ന നിലയില്‍ മാത്രമാണെന്ന് കാണാം. ഹിന്ദു സമൂഹത്തിനകത്തുള്ള അധികാരശ്രേണികള്‍ ഇല്ലായ്മ ചെയ്തുകൊണ്ടോ, ചരിത്രപരമായ അനീതികള്‍ പരിഹരിച്ചുകൊണ്ടോ അല്ല, മറിച്ച് അതിനകത്തുള്ള എല്ലാ അസമത്വങ്ങളുടെയും ന്യൂനതകളുടെയും ഉത്തരവാദിത്തം മറ്റൊരു സമൂഹത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ചുകൊണ്ടാണ് ഹിന്ദുത്വ ആശയം വളരാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ മുസ്​ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളോടുള്ള അവരുടെ സമീപനത്തിലും മനോഭാവത്തിലും ഇത് വളരെ പ്രകടമായ രൂപത്തില്‍ കാണാന്‍ സാധിക്കും. ‘ഹിന്ദു’ എന്നത് ഒരു ജീവിതരീതി (way of life) ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് അതിനകത്ത് ജീവിക്കുന്നവര്‍ ഹിന്ദുക്കളാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ മുസ്​ലിം, ക്രിസ്ത്യന്‍ അപരവല്‍ക്കരണത്തിലൂടെ ഹിന്ദുത്വയെ ഏകോപിപ്പിച്ചുനിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഹിന്ദുവെന്ന് അവര്‍ വിശേഷിപ്പിക്കുന്ന ദലിത്- ഗോത്ര സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതികള്‍, അസമത്വങ്ങള്‍ എന്നിവ പരിഹരിക്കാതെ, സ്വാംശീകരണരീതിയിലൂടെ ഹിന്ദു ലാവണങ്ങളിലേക്ക് കൂട്ടിക്കെട്ടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഈ സ്വാംശീകരണ സമീപനം പോലും ഇസ്​ലാം, ക്രിസ്ത്യന്‍ എന്ന അപരത്വത്തെ ചെറുക്കാനുള്ള ഉപകരണം മാത്രമായിട്ടാണ് ആർ.എസ്​.എസും തീവ്ര ഹിന്ദുത്വ സംഘടനകളും ഉപയോഗപ്പെടുത്തിവരുന്നതെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

‘ഹിന്ദുമത’ത്തെയും അവയുടെ ആചാരങ്ങളെയും പുരോഗമനപരമാക്കാനോ, ജാതിയടിസ്ഥാനത്തില്‍ ശ്രേണീബദ്ധമായി നിലനില്‍ക്കുന്ന അവയുടെ ജീവിതരീതികളെ പുനഃസംഘടിപ്പിക്കാനോ ഉള്ള ഒരു നടപടികളും ഹിന്ദുത്വയുടെ വക്താക്കളില്‍ നിന്ന് നാളിതുവരെ ഉണ്ടായിട്ടില്ല. മറിച്ച്, ‘ഹിന്ദു അപകടത്തിലാണെ’ന്ന് വരുത്തിത്തീര്‍ക്കാനും അദൃശ്യരായി നില്‍ക്കുന്ന ശത്രുവിന് മുഖവും രൂപവും നല്‍കി അവയെ നേരിടാന്‍ ഒരൊറ്റ കുടയ്ക്ക് കീഴില്‍ ‘ഹിന്ദു’വിനെ ഏകോപിപ്പിക്കുവാനുമുള്ള ശ്രമങ്ങളുമാണ് അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

ദലിത്- ഗോത്ര സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതികള്‍, അസമത്വങ്ങള്‍ എന്നിവ പരിഹരിക്കാതെ, സ്വാംശീകരണരീതിയിലൂടെ ഹിന്ദു ലാവണങ്ങളിലേക്ക് കൂട്ടിക്കെട്ടുക മാത്രമാണ് അവര്‍ ചെയ്യുന്നത്. / Photo: Wikimedia Commons

ഇക്കാര്യത്തില്‍ ആർ.എസ്​.എസിനും ഇതര സംഘപരിവാര്‍ സംഘടനകള്‍ക്കും ഏകപക്ഷീയമായി വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ധരിക്കുന്നത് അബദ്ധമാണ്. സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കപ്പുറത്ത് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഹിന്ദുത്വ കൂടാരത്തിലേക്ക് ദലിത്‌- ഗോത്ര വിഭാഗങ്ങളെ ആട്ടിത്തെളിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ആദിവാസികളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ആവശ്യമുയര്‍ത്തി, സര്‍ന റിലിജിയസ് കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്​ ഝാര്‍ഘണ്ഡ്, ഛത്തീസ്​ഗഢ്​, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ പ്രക്ഷോഭത്തിലാണെന്നതും ആദിവാസികളായ തങ്ങളെ വനവാസികളായി പ്രഖ്യാപിച്ച് ഹിന്ദുമതത്തിലേക്ക് അണിചേര്‍ക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആദിവാസി സമൂഹം പുതിയ കൂട്ടായ്മകളിലേക്ക് എത്തിപ്പെടുന്നതും കാണാതെ പോകരുത്.

വനവാസികളല്ല, ഞങ്ങള്‍ ആദിവാസികൾ; സാലേര്‍ വഴികാട്ടുന്നു

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സാലേര്‍ ഗ്രാമത്തില്‍ ലക്ഷക്കണക്കിന് ആദിവാസികള്‍ ഹിന്ദുത്വവല്‍ക്കരണത്തിനെതിരായി ഒത്തുചേര്‍ന്നത് 2015 ഒക്ടോബറിലാണ്. ആദിവാസികളെ ‘ശുദ്ധി’ ചെയ്ത് ഹിന്ദുത്വ കൂടാരത്തിലേക്ക് നയിക്കുന്നതിനെതിരെയും അവരെ വനവാസികള്‍ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെയും മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഡസന്‍കണക്കിന് ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതിന്റെ ഫലമായിരുന്നു ആ കൂടിച്ചേരല്‍.

മഹാരാഷ്ട്രയിലെ സാലേറില്‍ ഒത്തുകൂടിയ ഗോത്രവിഭാഗക്കാര്‍.

ആദിവാസി മേഖലകളില്‍ ഹിന്ദു ആരാധാനാലയങ്ങള്‍ സ്ഥാപിച്ചും വനവാസി കല്യാണ്‍, ഗിരിജന്‍ സംഘ്, വനബന്ധു യോജന തുടങ്ങിയ നിരവധി പരിപാടികളിലൂടെയും ഏതാനും പതിറ്റാണ്ടുകളായി ആദിവാസി മേഖലകളില്‍ നുഴഞ്ഞുകയറാന്‍ സംഘപരിവാറിന് സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ജനനം മുതല്‍ മരണം വരെയുള്ള ജീവിതചര്യകളില്‍ തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങള്‍ നിലിനിര്‍ത്തിയിരുന്ന ആദിവാസികളെക്കൊണ്ട് ഹൈന്ദവാചാരങ്ങള്‍ സ്വീകരിക്കാന്‍ സംഘപരിവാര്‍ നിര്‍ബ്ബന്ധിക്കുന്നതിനെതിരെ കൂടിയായിരുന്നു ഈ പ്രതിഷേധം എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ആദിവാസികളെ ‘വനബന്ധു’, ‘വനവാസി’, ‘ഗിരിജന്‍’ എന്നീ വാക്കുകളിലൂടെ അഭിസംബോധന ചെയ്​ത്​ അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണതയെ വെല്ലുവിളിച്ചാണ് ‘ഞങ്ങള്‍ ആദിവാസികള്‍, ആദിവാസികള്‍ എന്നത് തെറിയല്ല; സ്വാഭിമാനത്തിന്റെ പ്രതീകമാണ്' എന്ന് ഉറക്കെപ്പറയാന്‍ ആദിവാസി സമൂഹം തയ്യാറായത്.

ഇന്ത്യയിലെ സവര്‍ണ മേധാവിത്വം ജാതിയില്‍ നിന്നുപോലും അകറ്റിനിര്‍ത്തി, മനുഷ്യര്‍ പോലുമായി പരിഗണിക്കാത്ത ആദിവാസി വിഭാഗങ്ങളെ ‘വനവാസികള്‍’ എന്ന് അഭിസംബോധന ചെയ്ത് അവരിലേക്ക് കടന്നുകയറാനുള്ള സംഘപരിവാര്‍ ശക്തികളുടെ ഇടപെടലിന് അവരുടെ സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുണ്ട്. ദ്രാവിഡ സംസ്കാരത്തിനെതിരെയുള്ള ആര്യന്മാരുടെ കടന്നാക്രമണമെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ നിഷേധിക്കുക എന്ന പദ്ധതിയാണ് ഈ ഭൂപ്രദേശത്തിലെ ആദിമവാസികളായ ഗോത്രവിഭാഗങ്ങളെ വനവാസികള്‍ എന്ന് ബോധപൂര്‍വ്വം വിശേഷിക്കുന്നതിലൂടെ അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തില്‍ നിന്ന്​ തികച്ചും അകന്നുമാറി ജീവിക്കുന്ന, തനത് സംസ്കാരവും ആചാരമര്യാദകളും സൂക്ഷിക്കുന്ന ആദിവാസികളെ തങ്ങളുടെ പാളയങ്ങളിലേക്ക് തെളിക്കേണ്ടത് ഹിന്ദുത്വശക്തികളുടെ ആവശ്യമായിരുന്നു. ഈയൊരു ശ്രമത്തിനെതിരെയുള്ള ഏറ്റവും ശകതമായ ചെറുത്തുനില്‍പ്പാണ് സാലേര്‍ ഗ്രാമത്തില്‍ കണ്ടത്. രാമപൂജക്കുപകരം രാവണപൂജ ചെയ്തും, ആദിവാസി ആചാരാനുഷ്ഠാനങ്ങളെ തിരിച്ചുപിടിച്ചുമാണ് സംഘപരിവാറിന്റെ ‘ഹിന്ദുത്വവല്‍ക്കണത്തെ’ അവര്‍പ്രതിരോധിക്കുന്നത്.

‘ഞങ്ങള്‍ വനവാസികളല്ല, ആദിവാസികളാണ്’

സര്‍നാ കോഡ്

ഝാര്‍ഘണ്ട്, ഛത്തീസ്​ഗഢ്​, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 37- ഓളം ഗോത്ര സമൂഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കമെന്ന ആവശ്യം ഉയര്‍ത്താന്‍ തുടങ്ങിയതും ശ്രദ്ധേയമാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലേക്കുള്ള ഹിന്ദുത്വയുടെ കടന്നുകയറ്റം ശക്തമായതോടെയാണ് സര്‍ന റിലിജിയസ് കോഡിന് വേണ്ടിയുള്ള ആദിവാസി ജനതയുടെ പ്രക്ഷോഭം സജീവമായെന്നുകൂടി അറിയേണ്ടതുണ്ട്. വനം, വെള്ളം, ഭൂമി എന്നിവയെ ആരാധിക്കുന്ന തങ്ങള്‍ക്ക് ഹിന്ദു- ക്രിസ്ത്യന്‍, ഇസ്​ലാം മതങ്ങളില്‍നിന്ന്​ തീര്‍ത്തും ഭിന്നമായ അസ്തിത്വമാണുള്ളതെന്നും ആചാരാനുഷ്ഠാനങ്ങൾ, ജീവിതരീതികള്‍, വിശ്വാസം എന്നിവയെ അടിസ്ഥാനപ്പെടുത്തി ‘സര്‍ന’ മതവിശ്വാസികളായി തങ്ങളെ അംഗീകരിക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഝാര്‍ഘണ്ഡ്, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ 2021-ല്‍ ഝാര്‍ഘണ്ഡ് നിയമസഭ ‘സര്‍നാ റിലിജിയസ് കോഡ്’ പാസാക്കുകയും കേന്ദ്രത്തിന്റെ അംഗീകാരത്തിന്​ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ 2023 മാര്‍ച്ച് 12-ന് പതിനായിരക്കണക്കിന് ആദിവാസികള്‍ റാഞ്ചിയില്‍ പ്രതിഷേധറാലി നടത്തുകയുണ്ടായി. ‘കോഡില്ലെങ്കില്‍ വോട്ടില്ല’ എന്നായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം.

സര്‍നാ കോഡിന് വേണ്ടി റാഞ്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന് / Photo: theindiantribal.com

സമാനരീതീയില്‍ ഗുജറാത്തിലെ ഊന, കര്‍ണ്ണാടകയിലെ ഉഡുപ്പി മുന്നേറ്റങ്ങള്‍, അട്രോസിറ്റീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരായുള്ള പ്രതിഷേധം തുടങ്ങിയവ ദലിത് വിഭാഗങ്ങള്‍ക്ക് മേലുള്ള ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരായ വലിയ പ്രതിഷേധങ്ങള്‍വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട സംഗതിയാണ് എന്നതുകൊണ്ടുതന്നെ അവ പരാമര്‍ശിക്കുക മാത്രം ചെയ്യുന്നു.

കീഴാള ഹിന്ദുത്വം എന്ന നുണക്കഥ

പിന്നാക്ക സമുദായത്തില്‍ നിന്നുള്ള നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും ദ്രൗപതി മുര്‍മുവിനെ പ്രസിഡണ്ടായി അവരോധിച്ചതും ചൂണ്ടിക്കാട്ടി കീഴാള ഹിന്ദുത്വത്തിന്റെ വളര്‍ച്ച സാധ്യമായതിനെക്കുറിച്ച്‌ കുഞ്ഞാമന്‍ അഭിമുഖങ്ങളിലും പ്രഭാഷണത്തിലും ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. 1920കളിലും 30കളിലും സാധ്യമാകാത്ത ഒന്നായാണ് ഇതിനെ അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തിലേക്ക് ബി.ജെ.പിക്കും ആർ.എസ്​.എസിനും എത്തിപ്പെടേണ്ടിവന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ശരിയായ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. പാര്‍ലമെൻറ്​, നിയമസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളില്‍ വന്ന പ്രകടമായ മാറ്റങ്ങള്‍ക്ക് 1977-ലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ വിജയത്തിന് നന്ദി പറയേണ്ടതുണ്ട്.

ചലോ ഉഡുപ്പി റാലി

ഉയര്‍ന്ന ജാതിയില്‍പ്പെട്ട എം.പിമാരുടെ അനുപാതം ആദ്യമായി 50 ശതമാനത്തില്‍ താഴെയാവുകയും, പിന്നാക്കവിഭാഗങ്ങളുടെ എം.പിമാരുടെ വിഹിതം വര്‍ധിക്കാന്‍ തുടങ്ങിയതും ഇക്കാലയളവിലായിരുന്നു, 1952 മുതല്‍ 1998 വരെയുള്ള കാലയളവിലെ വിവിധ ജാതികളില്‍പ്പെട്ട ലോകസഭാ അംഗങ്ങളുടെ ശതമാനക്കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരും.

ഹിന്ദി മേഖലകളിലെ സവര്‍ണ ജാതിക്കാരിലെ എം.പിമാരുടെ പ്രാതിനിധ്യം 1952-ല്‍ 64 ശതമാനമായിരുന്നത് 1977-ല്‍ 48.2 ശതമാനമായും 1998-ല്‍ 34.67 ശതമാനമായും കുറഞ്ഞു. ഇതേ കാലയളവിൽ പിന്നാക്കവിഭാഗങ്ങളുടെ ലോക്‌സഭാ പ്രാതിനിധ്യം യഥാക്രമം 4.45, 13.3, 23.56 ശതമാനവുമായും ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ നിന്നുള്ള പ്രാതിനിധ്യം യഥാക്രമം 15.76, 17.7, 23.56 ​ശതമാനവുമായി ഉയരുകയായിരുന്നു. ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള പിന്നാക്കാവസ്ഥയെ സംബന്ധിച്ച് സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍, മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഉയര്‍ന്നുവന്ന സംവരണ രാഷ്ട്രീയം എന്നിവ പൊതുവില്‍ ഇന്ത്യയിലും ഹിന്ദി ബെല്‍റ്റില്‍ സവിശേഷമായും പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയാധികാരങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. Plebeianization of the Indian political class എന്ന് ക്രിസ്റ്റോഫ് ജാഫ്രലോ വിലയിരുത്തുന്ന ഈ പ്രക്രിയയ്ക്ക് സോഷ്യലിസ്റ്റുകളുടെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു.

ക്രിസ്റ്റോഫ് ജാഫ്രലോ

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുക്കുന്നതിലൂടെ ചിതറിക്കിടന്ന പിന്നാക്ക ജാതികള്‍ ഒ.ബി.സി ലേബലിന് കീഴില്‍ ഒന്നിക്കപ്പെട്ടു എന്നത് സുപ്രധാന രാഷ്ട്രീയമാറ്റമായിരുന്നു. വി.പി.സിംഗ് സൃഷ്ടിച്ച ഈയൊരു മാറ്റത്തെ അവഗണിച്ച്​ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ടുപോകുക അസാദ്ധ്യമായിരുന്നുവെന്നത് സ്പഷ്ടമായിരുന്നു. യഥാര്‍ത്ഥത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന ക്വാട്ടകളിലൂടെ സംവരണത്തിനര്‍ഹമായ ജാതിവിഭാഗങ്ങളെ രാഷ്ട്രീയ ഭരണനിര്‍വ്വഹണ മണ്ഡലങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. 1990-കളുടെ തുടക്കത്തില്‍ത്തന്നെ ഇത്തരമൊരു രാഷ്ട്രീയ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞുവെന്നകാര്യവും മറന്നുപോകരുത്.

മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ബി.ജെ.പിയിലുണ്ടാക്കിയ അങ്കലാപ്പ് വ്യക്തമായിരുന്നു. മണ്ഡലിനെ കമണ്ഡല്‍ കൊണ്ട് നേരിടാന്‍ അവര്‍ തീരുമാനിച്ചതുതന്നെ മതപരമായ രീതിയില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിതവും സൂക്ഷ്മവുമായ ശ്രമങ്ങള്‍ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. എല്‍.കെ. അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും അടങ്ങുന്ന ബി.ജെ.പി നേതൃത്വം, മണ്ഡല്‍ കമ്മീഷന്‍റിപ്പോര്‍ട്ട് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും സംവരണത്തിനെതിരെ വ്യകതമായൊരു നിലപാട് രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയെ തെളിക്കുക എന്ന നിലപാടിലേക്ക് ബി.ജെ.പി സ്വയം ചെന്നെത്തുകയായിരുന്നുവെന്ന് പിന്നാക്ക സമുദായങ്ങളോടുള്ള അവരുടെ പില്‍ക്കാല സമീപനം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. ആദ്യഘട്ടത്തില്‍ പിന്നാക്ക- ദലിത് വിഭാഗങ്ങളെ നേരിട്ട് പാര്‍ട്ടി നേതൃനിരകളിലേക്ക് അവരോധിക്കാന്‍മടി കാണിച്ച ബി.ജെ.പി ദലിത്- പിന്നാക്ക പാര്‍ട്ടികളെ സംഖ്യകക്ഷികളാക്കിക്കൊണ്ടായിരുന്നു രാഷ്ട്രീയ പ്രതിസന്ധി മറികടന്നതെന്ന കാര്യം കൂടി എടുത്തുപറയേണ്ടതാണ്. ഈ രീതിയില്‍ പരോക്ഷ മണ്ഡല്‍വല്‍ക്കരണത്തിലൂടെയങ്കിലും കടന്നുപോകാതിരിക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആർ.എസ്​.എസ്​ താത്വികാചാര്യനായിരുന്ന കെ.എന്‍. ഗോവിന്ദാചാര്യ മുന്നോട്ടുവെച്ച ‘സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ’ ഭാഗമായാണ് പിന്നീട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബി.ജെ.പിയുടെ നേതൃസ്ഥാനങ്ങളിലേക്ക് ചെന്നെത്താന്‍ സാധിച്ചത്.

മോഹന്‍ ഭാഗ്‍വത്

സംഘപരിവാര്‍ ആന്തരികവല്‍ക്കരിച്ച സവര്‍ണത പൊതുരാഷ്ട്രീയ മണ്ഡലത്തിന് സ്വീകാര്യമായിരിക്കില്ലെന്ന തിരിച്ചറിവ് നിലനില്‍ക്കുമ്പോഴും സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറയായി വര്‍ത്തിക്കുന്ന ആർ.എസ്​.എസ്​ അതിന്റെ വംശശുദ്ധി പാരമ്പര്യം നിലനിര്‍ത്താന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്ന് കാണാം. 1994 മുതല്‍2004 വരെയുള്ള കാലയളവില്‍ രാജേന്ദ്ര സിംഗ് തോമര്‍ എന്ന ക്ഷത്രിയനെ മാറ്റിനിര്‍ത്തിയാല്‍ ആരംഭം മുതല്‍ക്കിങ്ങോട്ട് ആർ.എസ്​.എസിന്റെ സര്‍സംഘചാലക് ബ്രാഹ്​മണരായിരുന്നുവെന്നത് യാദൃച്​ഛികമായിരുന്നില്ല. കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, കീഴാള ഹിന്ദുത്വത്തിന്റെ മുഖമെന്ന നിലയില്‍, നരേന്ദ്ര മോദിയും ദ്രൗപതി മുര്‍മുവും അവതരിപ്പിക്കപ്പെടുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഭരണതലത്തില്‍ നയപരമായ ദിശാബോധം നല്‍കുന്ന, പൊതുജനങ്ങളുടെ കണ്ണുകളില്‍നിന്ന് മറഞ്ഞ് കിടക്കുന്ന, ചില സുപ്രധാന സംഘടനകളെയും അവയുടെ നേതൃത്വങ്ങളെയും കൂടി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

രാജ്യത്തിന്റെ ആഭ്യന്തര- വിദേശ നയങ്ങള്‍ രൂപപ്പെടുത്തുകയും പുത്തന്‍ ചരിത്ര നിര്‍മ്മിതികള്‍ നടത്തുകയും കോര്‍പ്പറേറ്റ് വികസന അജണ്ടകള്‍ നടപ്പിലാക്കുന്നതിനാവശ്യമായ ബൗദ്ധിക ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആർ.എസ്​.എസ്​ അഫിലിയേറ്റഡ് ആയ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ഇന്ത്യാ ഫൗണ്ടേഷന്‍, ഫോറം ഫോര്‍ ഇന്റേഗ്രറ്റഡ് നാഷണല്‍ സെക്യൂരിറ്റി, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍, ഇന്ത്യാ പോളിസി ഫൗണ്ടേഷന്‍, ഫോറം ഫോര്‍ സ്ട്രാറ്റജിക് ആൻറ്​ സെക്യൂരിറ്റി സ്റ്റഡീസ്, പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍, സെന്റര്‍ ഫോര്‍ പോളിസി സറ്റഡീസ് എന്നിവയിലൂടെയാണ് സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടകള്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞ സ്ഥാപനങ്ങളിലൂടെയല്ലാതെ നിര്‍ണായകമായ ഒരു പോളിസി മാറ്റവും സാധ്യമല്ലാത്ത രീതിയിലാണ് ഭരണസിരാകേന്ദ്രങ്ങളെ വിന്യസിച്ചിരിക്കുന്നത്. രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് പല വേഷങ്ങള്‍ കെട്ടാന്‍ സംഘപരിവാറുകള്‍ നിര്‍ബ്ബന്ധിതരാകുമ്പോഴും മേല്‍പ്പറഞ്ഞ നയരൂപീകരണ സംഘങ്ങളുടെ തലപ്പത്ത് ‘അശുദ്ധി’ കലരാന്‍ അവര്‍അനുവദിച്ചിട്ടില്ലെന്ന വസ്തുത മറന്നുപോകരുത്.

ഹിന്ദുത്വ പ്ലസ്?

ഹിന്ദുത്വയും ക്ഷേമ പ്രവര്‍ത്തനങ്ങളും ബന്ധിപ്പിച്ച്​ മോദി വികസിപ്പിച്ചെടുത്ത ‘ഹിന്ദുത്വ പ്ലസ്’ ബി.ജെ.പിയെ ഇന്നിന്റെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റിയിരിക്കുന്നുവെന്ന്‌ കുഞ്ഞാമന്‍ വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രചാരണങ്ങളില്‍ വീണുപോയ ഒരു സാധാരണക്കാരന്റെ നിലയിലേക്ക് മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായ എം. കുഞ്ഞാമന്‍ വീണുപോകുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. ഗ്രാമീണ മേഖലയിലേക്ക് ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചതും, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കിയതും സ്ത്രീകളില്‍ മോദിയുടെ പിന്തുണ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഗുജറാത്ത് മാതൃക സംബന്ധിച്ച പ്രചാരണങ്ങളടക്കം മോദിയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആസൂത്രിതമായ പ്രചാരണ പദ്ധതികളുടെ മാത്രം സൃഷ്ടിയായ ഗുജറാത്ത് മാതൃക 2013- 2014 കാലത്തിനുമുമ്പ് ഇന്ത്യയിലെ വികസന സംവാദങ്ങളില്‍ വലിയ തോതില്‍ പരാമര്‍ശ വിധേയമായിരുന്നില്ലെന്ന കാര്യം കുഞ്ഞാമന് അറിയാത്തതല്ല. (സെന്‍- ഭഗവതി ചര്‍ച്ചകള്‍ മറന്നുകൊണ്ടല്ല ഇത് സൂചിപ്പിക്കുന്നത്) അതുപോലെ, 2017- നുശേഷം ഗുജറാത്ത് മാതൃക മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. കാരണം, അപ്പോഴേക്കും ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരങ്ങള്‍ പൊതുവില്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.

അടുത്ത ദിവസങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട ഗുജറാത്തിനെ സംബന്ധിച്ച വിവരങ്ങള്‍ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ ബാക്കിപത്രമാണെന്ന് കാണാം. 2016 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷത്തിൽ 40000- ത്തിലധികം സ്ത്രീകള്‍ ഗുജറാത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് എന്‍.സി.ആര്‍.ബി പുറത്തുവിട്ട കണക്ക്. ഈ സ്ത്രീകള്‍ എവിടങ്ങളിലേക്കാണ് എത്തിപ്പെടുന്നതെന്ന് വിശദീകരിക്കേണ്ടതില്ല. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളെ പൂര്‍ണമായും അവഗണിച്ച്​, വന്‍കിട കമ്പനികള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരിക്കൊടുത്തുകൊണ്ടുള്ള ഗുജറാത്ത് മാതൃക ഏറ്റവും വെളിപ്പെട്ടത് കോവിഡ് കാലത്തായിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെട്ട സംസ്ഥാനങ്ങളില്‍ ആദ്യത്തേത് ഗുജറാത്തായിരുന്നു.

ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഹിന്ദുത്വ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നതില്‍ മോദി വിജയിച്ചുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍കുഞ്ഞാമന്‍ അവതരിപ്പിക്കുന്ന ഉദാഹരണങ്ങളിലൊന്ന് ഗ്യാസ് സിലിണ്ടറുകളുടെ വിതരണമാണ്. രാജ്യത്തെ എട്ടു കോടിയോളം കുടുംബങ്ങളിലേക്ക് പാചക ഗ്യാസ് സിലിണ്ടര്‍ എത്തിച്ചുവെന്ന് ബി.ജെ.പി അവകാശപ്പെടുന്ന ‘പ്രധാനമന്ത്രി ഉജ്വല യോജന’യുടെ യഥാര്‍ത്ഥ അവസ്ഥയെന്തെന്ന് മറന്നുകൊണ്ടാണ് കുഞ്ഞാമെന്റ വാദം എന്ന് പറയേണ്ടതുണ്ട്.

90 ലക്ഷം ഗുണഭോകതാക്കള്‍ ഒരിക്കല്‍പ്പോലും ഗ്യാസ് ഫില്‍ ചെയ്തിട്ടില്ലെന്നും 1.8 കോടി ജനങ്ങള്‍ ഒറ്റത്തവണ മാത്രമാണ് ഫില്‍ ചെയ്തതെന്നുമ്മാണ് കണക്കുകള്‍ / Photo: Meena Kadri, Flickr

സര്‍ക്കാര്‍ കണക്കനുസരിച്ച് 2021-2022 കാലയളവില്‍ 8.99 കോടി കുടുംബങ്ങള്‍ക്ക് എല്‍ പി ജി കണക്ഷനുകള്‍ ഈ പദ്ധതിയിലൂടെ നല്‍കിയിട്ടുണ്ട്. അതില്‍ 90 ലക്ഷം ഗുണഭോകതാക്കള്‍ ഒരിക്കല്‍പ്പോലും ഗ്യാസ് ഫില്‍ ചെയ്തിട്ടില്ലെന്നും 1.8 കോടി ജനങ്ങള്‍ ഒറ്റത്തവണ മാത്രമാണ് ഫില്‍ ചെയ്തതെന്നും രണ്ടോ മൂന്നോ തവണ ഫില്‍ ചെയ്ത് ഉപേക്ഷിച്ചവര്‍ അതിലും ഏറെ വരുമെന്നും ഉള്ള വസ്തുതകളെ അവഗണിച്ചാണ്​ മോദിയുടെ പ്രീതിയെക്കുറിച്ച് ആളുകള്‍ വാചാലരാകുന്നത്. ഇക്കൂട്ടത്തില്‍ സാമ്പത്തിക വിദഗ്ദ്ധന്മാരും ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്.

അഞ്ച്​ ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാനുള്ള തീരുമാനം ജാതി കേന്ദ്രിതമായ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന്‌ കുഞ്ഞാമന്‍ പറയുമ്പോള്‍, പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ഇന്ത്യയുടെ സ്ഥാനം 128-മതാണ്​ എന്ന കാര്യം കൂടി അദ്ദേഹം പറയേണ്ടതുണ്ട്.

സമ്പത്തിന്റെ കേന്ദ്രീകരണത്തിലും ഒളിഗാര്‍ക്കുകളുടെ വളര്‍ച്ചയിലും സംഭവിച്ച ക്രമാതീതമായ ഉയര്‍ച്ച, ദാരിദ്ര്യത്തിലെ വര്‍ദ്ധനവ്, തൊഴില്‍ രഹിത വളര്‍ച്ച, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ സംഭവിച്ച കുറവ്, രാജ്യത്തിന്റെ പൊതുകടത്തിന്റെ ഭീമാകാരമായ തോതിലള്ള വര്‍ദ്ധനവ് എന്നിവ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പരിണതഫലങ്ങളാണ്.

സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്കായുള്ള ബജറ്റ് വകയിരുത്തലുകളില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തിയതിന്റെയും ദേശീയ തൊഴിലുറപ്പുപദ്ധതി പോലുള്ളവ അട്ടിമറിച്ചതിന്റെയും ഇരകള്‍ ഏറ്റവും അടിത്തട്ടിലുള്ള സാധാരണ ജനങ്ങളാണ്. ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 103 ആണെന്നതും ഗ്രാമീണ മേഖല കടുത്ത ദാരിദ്ര്യം നേരിടുകയാണെന്നുമുള്ള വസ്തുതകള്‍ വിസ്മരിച്ച്​ സര്‍ക്കാര്‍ പ്രചാരണ സാഹിത്യങ്ങളെ അവലംബിച്ചുകൊണ്ടുള്ള വിലയിരുത്തലുകള്‍ ഒരു സാമ്പത്തിക ശാസ്​ത്രജ്ഞനെ സംബന്ധിച്ച് ഒട്ടും ഭൂഷണമല്ല തന്നെ.

ഇന്ത്യന്‍ ജനാധിപത്യം ഒട്ടനവധി ന്യൂനതകളുള്ളതാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഭരണഘടനാ- ജനാധിപത്യ മൂല്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെത്തന്നെ അധികാരം കയ്യാളാന്‍ സാധിക്കുന്നുവെന്നത് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളിലൊന്നാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലെ ദലിത്- ആദിവാസി- പിന്നാക്ക വിഭാഗങ്ങളോട് കാണിച്ച ചരിത്രപരമായ വഞ്ചനയ്ക്ക് നരേന്ദ്ര മോദിയും സംഘപരിവാറുമാണ് മറുപടി എന്ന വിലയിരുത്തല്‍ കടുത്ത ചരിത്രനിഷേധവും വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങളോട് പുലര്‍ത്തുന്ന കടുത്ത വഞ്ചനയാണെന്നും ഉറപ്പിച്ചുപറയാന്‍ കഴിയും.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments