കഴിഞ്ഞ ബുധനാഴ്ച പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ലോക്സഭ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ വനപരിപാലന ഭേദഗതി ബില്‍ പാസാക്കിയത്. അതേദിവസം രാത്രി തന്നെയാണ് ഝാര്‍ഖണ്ഡ് സി.പി.ഐ (എം) സംസ്ഥാനകമ്മറ്റി അംഗവും ആദിവാസി ശോഷണ്‍ മുക്തിമഞ്ചിന്റെ നേതാവുമായ സുഭാഷ് മുണ്ടെ വധിക്കപ്പെടുന്നത്.
വനനിയമത്തിലും ഖനനനിയമത്തിലും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ ഭേദഗതികള്‍ എല്ലാ വിധ പാര്‍ലമെന്ററി നടപടിക്രമങ്ങളെയും കാറ്റിപ്പറത്തി നിയമമാക്കുമ്പോള്‍ പ്രതിരോധത്തിന്റെ രാഷ്ട്രീയനേതൃത്വങ്ങളെ ഇല്ലാതാക്കുകയെന്നതാണ് കോര്‍പ്പറേറ്റ്- വര്‍ഗീയകൂട്ടുകെട്ടിന്റെ അജണ്ട. എത്രയോ കാലമായി ഇന്ത്യ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.
ബൈലാന്റിലയിലെ ഇരുമ്പ് ഖനനമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വളര്‍ന്നുവന്ന തൊഴിലാളികളുടെയും ആദിവാസി ഗോത്രജനതയുടെയും സമരകാലത്താണല്ലോ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന ശങ്കര്‍ഗുഹാ നിയോഗി ക്രൂരമായി വധിക്കപ്പെടുന്നത്. സുഭാഷ് മുണ്ടെ ഝാര്‍ഖണ്ഡിലെ ആദിവാസികളുടെ നേതാവാണ്. ദരിദ്രജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള സമരപോരാട്ടങ്ങളുടെ നായകനായിരുന്നു. കോര്‍പ്പറേറ്റുകളുടെയും ഭൂമാഫിയകളുടെയും നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കെതിരായ ഝാര്‍ഖണ്ഡിന്റെ ജനകീയ പ്രതിരോധത്തിന്റെ നേതൃത്വമായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ വിപുലമായ തോതില്‍ ഖനിജങ്ങളും വനവിഭവങ്ങളുമുള്ള സംസ്ഥാനങ്ങളാണ് ഝാര്‍ഖണ്ഡും ഛത്തീസ്ഘട്ടുമെല്ലാം. ധാതുവിഭവങ്ങള്‍ വന്‍തോതിലുണ്ടെന്ന പര്യവേഷണ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണല്ലോ മണിപ്പുരിനെ അസ്ഥിരീകരിക്കാനും 371-ാം വകുപ്പിന്റെ പരിരക്ഷയില്‍ നിന്ന് എടുത്തുകളയാനുള്ള ആസൂത്രിതമായ നീക്കം ബീരേന്‍സിംഗ് സര്‍ക്കാര്‍ ആരംഭിച്ചത്. ഹൃദയംപൊട്ടി ചോരയൊലിക്കുന്ന ക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ മണിപ്പുരില്‍ നിന്ന് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയും അതിനെതിരായ പ്രതിഷേധങ്ങള്‍ പാര്‍ലമെന്റില്‍ കനപ്പെട്ടിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടല്‍ധാതുഖനനവും വനവിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് കയ്യടക്കാന്‍ കഴിയുന്ന രീതിയിലുള്ള ഭേദഗതികള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കിയെടുത്തത്.
ഖനിമാഫിയകള്‍ക്കെതിരായ സുദീര്‍ഘമായ ചെറുത്തുനില്‍പ്പിന്റെയും സമരപോരാട്ടങ്ങളുടെയും ചരിത്രം ഝാര്‍ഖണ്ഡിലെ കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയോട് ചേര്‍ന്നുകിടക്കുന്ന ദലാദലിയാണ് സുഭാഷ് മുണ്ടെയുടെ ജന്മസ്ഥലം. സെമിന്ദാര്‍മാര്‍ക്കെതിരെ ഐതിഹാസിക പോരാട്ടങ്ങള്‍ നടന്ന പഴയ ബീഹാറിന്റെ ഭാഗമായ മണ്ണാണ് ദലാദലിയും റാഞ്ചിയും. സുഭാഷ്മുണ്ടെയുടെ മുത്തശ്ശന്‍ സുക്രെ മുണ്ടെ ഈ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. ജന്മിത്വശക്തികളുമായുള്ള ഏറ്റുമുട്ടലില്‍ സവര്‍ണസേനകള്‍ സുക്രെ മുണ്ടെയുടെ കാലുകള്‍ വെട്ടിക്കളയുകയുണ്ടായി. ആ ഒരു പോരാട്ടപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് സുഭാഷ് മുണ്ടെ.
പാര്‍ലമെന്ററി കമ്മറ്റിക്കുമുമ്പില്‍ നല്‍കിയ 1300-ല്‍ പരം നിര്‍ദ്ദേശങ്ങളും ഭേദഗതികളും തള്ളിക്കളഞ്ഞുകൊണ്ടാണ് പര്‍വ്വത വനസംസ്ഥാനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് കയ്യടക്കാന്‍ സഹായകരമായ ഈ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മണിപ്പുര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓയില്‍ഫാം കൃഷിയും റബ്ബര്‍കൃഷിയുമൊക്കെ ലക്ഷ്യമിട്ട് നടക്കുന്ന അദാനി-ഗോദ്റെജ്മാരെ സഹായിക്കുകയെന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം തന്നെ. ലോകസഭ പാസാക്കിയ ഈ ഭേദഗതിബില്‍ നിയമമാകുന്നതോടെ സംരക്ഷിതവനങ്ങളായി പ്രഖ്യാപിച്ചിട്ടില്ലാത്ത വനഭൂമികളില്‍ തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തടസം മാറിക്കിട്ടും. അഗ്രി ബിസിനസ് കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും യഥേഷ്ടം വൃക്ഷങ്ങളും കാടുകളും വെട്ടിയെടുക്കാനും അവ വന്‍കിട തോട്ടങ്ങളാക്കി മാറ്റാനും കഴിയും.
വന്‍തോതില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും വിഭവകൊള്ളയ്ക്കുമാണ് ഈ നിയമഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ വഴിതുറന്നിരിക്കുന്നത്. ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിയമഭേദഗതികള്‍ക്കും കോര്‍പ്പറേറ്റ്- ഭൂമാഫിയ സംഘങ്ങള്‍ക്കുമെതിരായി തദ്ദേശീയ സമൂഹങ്ങളുടെ പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സുഭാഷ് മുണ്ടെയെപോലുള്ളവരുടെ വധത്തെ ഈയൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഇന്ത്യന്‍ ജനതയുടെ വിഭവസമ്പത്തും ജീവനോപാധികളും സ്വത്വവും സംസ്‌കാരവും കവര്‍ന്നെടുക്കുകയും തകര്‍ക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ്- ഹിന്ദുത്വശക്തികള്‍ക്കെതിരായിട്ടുള്ള പോരാട്ടഭൂമിയിലാണ് സുഭാഷ് മുണ്ടെ പിടഞ്ഞുവീണത്.