നീറ്റ് ക്രമക്കേട്; ശനിയാഴ്ചക്കകം മാ‍ർക്ക് പ്രസിദ്ധീകരിക്കണം- സുപ്രീം കോടതി

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിൽ നി‍ർണായക നിർദ്ദേശവുമായി സുപ്രീം കോടതി. വിദ്യാ‍ർഥികളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ ശനിയാഴ്ചക്കകം മാ‍ർക്ക് പ്രസിദ്ധീകരിക്കണമെന്നാണ് നിർദ്ദേശം.

National Desk

നീറ്റ് യു.ജി പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. റോൾ നമ്പറടക്കമുള്ള വ്യക്തിഗത വിവരങ്ങൾ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിടെ നിർദ്ദേശം. മാർക്ക് പ്രസിദ്ധീകരിക്കാൻ ശനിയാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് കോടതി സമയം നൽകിയിരിക്കുന്നത്.

നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിന് യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽപ്പെടുന്ന 254 പേരും അതിന് പുറത്തുള്ള 131 പേരുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഈ വിഷയത്തിൽ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് വീണ്ടും വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്തുകയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, ബീഹാർ പൊലീസിന്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷ നടത്തേണ്ടതുള്ളൂയെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നീറ്റ് പരീക്ഷാഫലം സംബന്ധിച്ച് ഐ.ഐ.ടി മദ്രാസ് നടത്തിയ പഠനം സുപ്രീംകോടതി പരിശോധിച്ചിരുന്നു. ഹർജിക്കാരിൽനിന്ന് റിപ്പോർട്ടിന്റെ വ്യക്തത തേടുകയും ചെയ്തു. ജില്ലാതലത്തിലും പരീക്ഷാകേന്ദ്ര തലത്തിലും കഴിഞ്ഞ രണ്ട് വർഷത്തെ പരീക്ഷാഫലം പരിശോധിച്ച ഐ.ഐ.ടി മദ്രാസ്, ഇക്കാര്യങ്ങളിൽ വലിയ ക്രമക്കേടിന്റെ സൂചനയില്ലെന്നാണ് കോടതിയിൽ അറിയിച്ചത്. ഐ.ഐ.ടിയുടെ അനാലിസിസ് രീതിയിലൂടെ യഥാർത്ഥ പ്രശ്‌നം കണ്ടെത്താൻ കഴിയില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദ്ര ഹൂഡ വാദിച്ചു. 23 ലക്ഷം വിദ്യാർഥികളുടെയും കാര്യത്തിൽ പരിശോധന നടത്തിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പ്രവേശന യോഗ്യത നേടിയ വിദ്യാർഥികളുടെ ഫലത്തിലാണ് ഡേറ്റ അനാലിസിസ് വേണ്ടിയിരുന്നതെന്നും അദ്ദേഹം വാദിച്ചു.

വലിയ ഡേറ്റയുടെ അപഗ്രഥനമായതിനാൽ ചെറിയ പിഴവുകൾ കാണാനാകില്ലെന്നാണ് ഹർജിക്കാരുന്നയിച്ച പ്രധാന വാദം. നഗരാടിസ്ഥാനത്തിലുള്ള റാങ്കിന്റെ കാര്യത്തിലും വലിയ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന ഐ.ഐ.ടി മദ്രാസിന്റെ വാദത്തെയും ഹർജിക്കാർ ചോദ്യം ചെയ്തു. തുടർന്ന് ആദ്യ 100 റാങ്കുകാർ ഏത് നഗരത്തിൽ നിന്നുവരുന്നവരാണെന്ന കാര്യം പട്ടികയായി നൽകാൻ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അത് മറുപടി സത്യവാങ് മൂലത്തിലുണ്ടെന്നായിരുന്നു എൻ.ടി.എയുടെ അഭിഭാഷകൻെറ മറുപടി.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് സുപ്രീം കോടതിക്ക് നേരത്തെ ബോധ്യപ്പെട്ടിരുന്നു. ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോർച്ചയുണ്ടായതെങ്കിൽ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ചോദ്യപേപ്പർ തയാറാക്കിയത് മുതൽ വിതരണം ചെയ്തത് വരെയുള്ള വിശദാംശങ്ങൾ കോടതി സർക്കാറിനോട് ആവശ്യപ്പെടുകയും പരീക്ഷയുടെ വിശ്വാസ്യത തകർന്നാൽ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രമക്കേട് 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിക്കുന്നതെന്നും ഇത്രയും വിദ്യാർഥികൾക്ക് പുനപരീക്ഷ നടത്തുകയെന്നത് ദുഷ്‌ക്കരമാണെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Comments