തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിനെ (Tirupati laddu row) രാഷ്ട്രീയവിവാദമാക്കി മാറ്റി വർഗീയവിളവെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ (N Chandrababu Naidu) ഗൂഢനീക്കം സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെട്ടെങ്കിലും, സുപ്രീംകോടതി പറഞ്ഞതുപോലെ, ദൈവത്തെ മാറ്റിനിർത്തിയുള്ള ഒരു രാഷ്ട്രീയം തിരുപ്പതി ലഡുവിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കളിക്കാനാകുമോ? കാരണം, മതവും ദൈവവും വർഗീയതയും സമാസമം കൂട്ടിച്ചേർത്ത ഒരു തിരക്കഥയാണ്, തിരുപ്പതി ലഡുവിനെ മുൻനിർത്തി നായിഡു- പവൻ കല്യാൺ സഖ്യം തയാറാക്കിയിരിക്കുന്നത്. അതിലെ അവിഭാജ്യഘടകമാണ് തിരുപ്പതി ക്ഷേത്രവും അവിടുത്തെ പ്രതിഷ്ഠയും.
‘ഭരണഘടനാപദവിയായ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആൾ എന്ന നിലയിൽ ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം’ എന്ന വ്യക്തമായ മുന്നറിയിപ്പാണ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ (Justices B R Gavai and K V Viswanathan) എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് ചന്ദ്രബാബു നായിഡുവിന് നൽകിയത്. ലഡു വിവാദത്തിലൂടെ കൃത്യമായ വർഗീയ മുതലെടുപ്പിനാണ് തെലുങ്കുദേശം പാർട്ടിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ശ്രമിച്ചതെന്ന വ്യക്തമായ വിമർശനമാണ് കോടതിയുടേത്.
മാത്രമല്ല, കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധമുള്ള ആരോപണമുന്നയിക്കാൻ മുഖ്യമന്ത്രി ആശ്രയിച്ച ലാബ് റിപ്പോർട്ടിനെക്കുറിച്ചും ഗുരുതര ചോദ്യങ്ങളാണ് സുപ്രീംകോടതി ഉന്നയിച്ചിരിക്കുന്നത്.
മുൻമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ കാലത്ത് ലഡു തയാറാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ഗുജറാത്തിലെ ആനന്ദിലുള്ള National Dairy Development Board- ന്റെ (NDDB CALF) ലാബിൽനിന്നുള്ള റിപ്പോർട്ടായിരുന്നു നായിഡുവിന്റെയും ടി.ഡി.പിയുടെയും തുരുപ്പുചീട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നായിഡു സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും (SIT) നിയോഗിച്ചിരുന്നു. എന്നാൽ, ലഡു ഉണ്ടാക്കാൻ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രണ്ടാമതൊരു ലാബ് റിപ്പോർട്ടിന്റെ സാധ്യതയെക്കുറിച്ചുകൂടി ആരാഞ്ഞു. ലഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യല്ല, ഒഴിവാക്കിയ നെയ്യാണ് ലാബിൽ പരിശോധനക്ക് അയച്ചത്. ആ നിലയ്ക്ക് ലഡു ഉണ്ടാക്കാനുപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടായിരുന്നു എന്ന് പറയാനാകില്ല എന്നാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വ്യക്തമാക്കിയത്:
''ജൂണിലും ജൂലൈ നാലുവരെയും ദിണ്ടിഗലിലെ AR Dairy Food Private Limited വിതരണം ചെയ്ത നെയ്യ് ലാബിൽ പരിശോധനക്ക് അയച്ചിട്ടില്ല. പകരം ജൂലൈ ആറിനും 12നും വിതരണം ചെയ്ത രണ്ട് ടാങ്കറുകളിൽനിന്നുള്ള നാല് സാമ്പിൾ നെയ്യാണ് പരിശോധനക്ക് അയച്ചത്. ഈ സാമ്പിളുകളിൽ മായം ചേർന്നിരുന്നതായി കണ്ടെത്തിയെന്നാണ് പറയുന്നത്. അതായത്, ലഡു നിർമിക്കാൻ ഉപയോഗിക്കാത്ത നെയ്യിന്റെ സാമ്പിളാണ് പരിശോധനക്ക് അയച്ചത് എന്ന് വ്യക്തം. അതുകൊണ്ട്, ഉപയോഗിച്ച നെയ്യിൽ മായം കലർന്നിരുന്നു എന്ന് എങ്ങനെ പറയാനാകും?- കോടതി ചോദിച്ചു.
ഇതോടെ, ജഗൻമോഹനെ പ്രതിക്കൂട്ടിലാക്കാൻ നായിഡു നടത്തിയ പ്രതികാരനടപടിയാണ് ആരോപണത്തിനുപിന്നിലെന്ന് സംശയം ബലപ്പെടുകയാണ്. ജനങ്ങളുടെ വികാരത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അന്വേഷണ റിപ്പോർട്ട് വരുന്നതിനുമുമ്പേ രാഷ്ട്രീയപ്രസ്താവന നടത്തിയതിൽ നായിഡുവിനെ കടുത്ത ഭാഷയിലാണ് സുപ്രീംകോടതി വിമർശിച്ചത്:
''ജൂലൈയിൽ നിങ്ങൾക്ക് ലാബ് റിപ്പോർട്ട് കിട്ടി. സപ്തംബർ 18നാണ് നിങ്ങൾ പൊതുപ്രസ്താവന നടത്തിയത്. അന്വേഷണത്തിന് ഉത്തരവിട്ടതായി നിങ്ങൾ പറയുന്നുണ്ട്. ലഡു ഉണ്ടാക്കാൻ ഉപയോഗിച്ചത്, ലാബിൽ പരിശോധനക്ക് അയച്ച നെയ്യല്ല എന്ന് വ്യക്തമാണ്. ഒരു ഉറപ്പുമില്ലാത്ത കാര്യത്തിൽ നിങ്ങൾ എന്തിനാണ് പൊതുപ്രസ്താവന നടത്തിയത്? അന്വേഷണ റിപ്പോർട്ടു പുറത്തുവരുന്നതുവരെയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതായിരുന്നു'', ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു.
സംശയമുള്ള ലഡു പരിശോധനക്ക് അയച്ചിരുന്നുവോ എന്ന് കോടതി ചോദിച്ചു: ''മണത്തിലും രുചിയിലും സംശയമുള്ളതായി തോന്നിയെന്ന് നിങ്ങൾ തന്നെ പറയുന്ന ലഡു എന്തുകൊണ്ട് ലാബിൽ പരിശോധനക്ക് അയച്ചില്ല? അത് പരിശോധിച്ചിരുന്നുവെങ്കിൽ നെയ്യിൽ മായം ചേർന്നിരുന്നുവോ എന്ന് കുറെക്കൂടി വ്യക്തമായി കണ്ടെത്താൻ കഴിയുമായിരുന്നുവല്ലോ''- ജസ്റ്റിസ് ഗവായ് പറഞ്ഞു.
നായിഡുവിന്റെ യഥാർഥ സഖ്യകക്ഷി പവൻ കല്യാണിന്റെ ജനസേന പാർട്ടിയാണ്. 'സനാതന ധർമ'ത്തെക്കുറിച്ച് സംസാരിച്ച് ഒരു ഹിന്ദു നേതാവായി സ്വയം പ്രതിഷ്ഠിക്കുകയാണ് പവൻ കല്യാൺ ചെയ്യുന്നത്.
''അഞ്ച് കരാറുകാരാണ് നെയ്യ് വിതരണം ചെയ്യുന്നത്. ലഡു ഉണ്ടാക്കാൻ ഈ അഞ്ച് കരാറുകാർ നൽകുന്ന നെയ്യുകൾ തമ്മിൽ കൂട്ടിക്കലർത്തിയാണ് ഉപയോഗിക്കുക. അപ്പോൾ എങ്ങനെയാണ് ഒരു കരാറുകാരൻ നൽകിയ നെയ്യിൽ മാത്രം മായമുണ്ടായിരുന്നുവെന്ന് ആരോപിക്കാൻ കഴിയുക?''- ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ കാലത്ത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചുവെന്നതിന് തെളിവായാണ് NDDB CALF ലിമിറ്റഡ് ലബോറട്ടറിയുടെ റിപ്പോർട്ട് ടി.ഡി.പി (Telugu Desam Party -TDP) പുറത്തുവിട്ടത്. റിപ്പോർട്ട് അപൂർണമാണെന്നും നെയ്യിൽ മറ്റു വസ്തുക്കൾ കലരാനുള്ള സാധ്യതകളെക്കുറിച്ചുമാത്രമാണ് അതിൽ പറയുന്നത് എന്നും ആരോപണം ശാസ്ത്രീയമായും കൃത്യമായും സ്ഥിരീകരിക്കുന്ന കണ്ടെത്തലുകളില്ലെന്നും പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഈ സംശയങ്ങളാണ് സുപ്രീംകോടതിയും സ്ഥിരീകരിച്ചിരിക്കുന്നത്.
യഥാർഥത്തിൽ, ലഡു ഉണ്ടാക്കാനുള്ള നെയ്യിൽ മായം കലർന്നിട്ടുണ്ടെങ്കിൽ തന്നെ അത് ക്ഷേത്രം അഡ്മിനിസ്‌ട്രേഷനും പ്രാദേശിക ഭരണസംവിധാനങ്ങൾക്കും സംഭവിച്ച വീഴ്ചയായാണ് വിലയിരുത്തേണ്ടത്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താൽപര്യത്തിനെതിരെ സുപ്രീംകോടതി സൂചന നൽകിയ സ്ഥിതിക്ക് ആരോപണം അന്വേഷിക്കാൻ സ്വതന്ത്ര സംവിധാനത്തെ നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. ഒക്‌ടോബർ മൂന്നിനാണ് ഇനി കേസ് പരിഗണിക്കുക.
അതിനിടെ, നായിഡു നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തിരുപ്പതി ക്ഷേത്രത്തിന്റെ ഗോഡൗണും ലഡു ഉണ്ടാക്കുന്ന അടുക്കളയും പരിശോധിച്ചു. ലഡു നിർമാണവും ഗുണമേന്മാ പരിശോധനയും സംഘം വിലയിരുത്തി. കഴിഞ്ഞ ജൂണിലും ജൂലൈയിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചു. നെയ്യ് വിതരണം ചെയ്ത ചെന്നൈയിലെ എ.ആർ. ഡയറിയിലും സംഘം അന്വേഷണം നടത്തും.
ആരാണ് കൂടുതൽ വർഗീയം എന്നതിന്റെ ഓട്ടമത്സരമാണ് തിരുപ്പതി ലഡുവിനെ മുൻനിർത്തി ആന്ധ്രയിൽ നടക്കുന്നത്. അതിനായി, ക്രിസ്തുമത വിശ്വാസം പിന്തുടരുന്ന ജഗൻമോഹൻ എന്ന രാഷ്ട്രീയ എതിരാളിയെ തന്നെ കൃത്യമായ ഇരയായി നായിഡു വികസിപ്പിച്ചെടുക്കുകയായിരുന്നു.
നെയ്യിന്റെ സാമ്പിളിൽ ഫോറൻസിക് പരിശോധന ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി (Dr Subramanian Swamy v. State of Andhra Pradesh and Others, W.P.(C) No. 622/2024), സുദർശൻ ന്യൂസ് ടി.വി എഡിറ്റർ സുരേഷ് ഷാവ്ഹാങ്കേ, തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന വൈ.വി സുബ്ബ റെഡ്ഢി എന്നിവരുടെ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസിൽ രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരെ അണിനിരത്തിയാണ് നായിഡുവിന്റെ പോരാട്ടം. ആന്ധ്രാപ്രദേശ് സർക്കാരിനുവേണ്ടി മുകുൾ റോഹ്തഗിയും (Senior Advocate Mukul Rohatgi) തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു (TTD) വേണ്ടി സിദ്ധാർഥ് ലുത്രയുമാണ് (Senior Advocate Siddharth Luthra) സുപ്രീംകോടതിയിൽ വാദിക്കുന്നത്.
വിവാദത്തിന്റെ യഥാർഥ രാഷ്ട്രീയം
ലഡു വിവാദമുണ്ടായതുമുതൽ ജഗൻമോഹനെ മുൻനിർത്തി കടുത്ത വർഗീയ ആരോപണങ്ങളാണ് ചന്ദ്രബാബു നായിഡവും സഖ്യകക്ഷിയായ പവൻ കല്യാണിന്റെ ജനസേന പാർട്ടിയും അഴിച്ചുവിടുന്നത്. ജഗൻമോഹനാണ് ഇവരുടെ ലക്ഷ്യം. വിവാദത്തിന്റെ പാശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രം സന്ദർശിക്കാനിരുന്ന ജഗൻമോഹൻ, ടി.ഡി.പിയുടെ പ്രതിഷേധത്തെതുടർന്ന് പിൻവാങ്ങിയിരുന്നു. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, സ്വന്തം വിശ്വാസം പ്രഖ്യാപിക്കുന്ന ഒരു ഫോം പൂരിപ്പിച്ചുനൽകണമെന്നായിരുന്നു ടി.ഡി.പിയുടെ ആവശ്യം. എല്ലാ മതങ്ങളയും ആദരിക്കുന്നുവെന്ന് പറയുന്ന ജഗൻമോഹന് ഇത്തരമൊരു ഫോം ഒപ്പിട്ടുനൽകുന്നതിൽ എന്താണ് തടസം എന്നും നായിഡു ചോദിച്ചു.
സഖ്യകക്ഷിയായി ഒപ്പം ചേർന്ന ബി.ജെ.പിയുടെ 'ധൃതരാഷ്ട്രാലിംഗന'ത്തിൽനിന്ന് സ്വന്തം പാർട്ടിയെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടാണ് ചന്ദ്രബാബു നായിഡുവിന്റേത് എന്ന് വ്യക്തം. ആരാണ് കൂടുതൽ വർഗീയം എന്നതിന്റെ ഓട്ടമത്സരമാണ് തിരുപ്പതി ലഡുവിനെ മുൻനിർത്തി ആന്ധ്രയിൽ നടക്കുന്നത്. അതിനായി, ക്രിസ്തുമത വിശ്വാസം പിന്തുടരുന്ന ജഗൻമോഹൻ എന്ന രാഷ്ട്രീയ എതിരാളിയെ തന്നെ കൃത്യമായ ഇരയായി നായിഡു വികസിപ്പിച്ചെടുക്കുകയായിരുന്നു. മാത്രമല്ല, ടി.ഡി.പി- ബി.ജെ.പി സഖ്യഭരണം നൂറു ദിവസം തികയ്ക്കുന്ന ദിവസം നടന്ന രാഷ്ട്രീയയോഗത്തിലാണ് ചന്ദ്രബാബു നായിഡു ആരോപണം ആദ്യം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ നായിഡുവിന് കഴിഞ്ഞില്ല എന്ന ആരോപണം ജഗൻമോഹൻ ഉന്നയിച്ചുകൊണ്ടിരുന്ന സമയം കൂടിയാണിത്. കേന്ദ്ര ബജറ്റിൽ ഒരു പാക്കേജ് നേടിയെടുത്തതൊഴിച്ചാൽ കാര്യമായ ആന്ധ്ര അനുകൂല നിലപാട് കേന്ദ്ര സർക്കാറിൽനിന്നുണ്ടായിട്ടില്ല. ഇത് മറച്ചുപിടിക്കേണ്ടതും നായിഡുവിന്റെ ആവശ്യമായിരുന്നു.
ബി.ജെ.പിയുടെ ആന്ധ്രയിലെ ഏറ്റവും മികച്ച നേട്ടം എന്നും ടി.ഡി.പിയെ ചാരിയുള്ളതായിരുന്നു. 1999-ൽ ടി.ഡി.പിയുമായുള്ള സഖ്യത്തിൽ മൂന്ന് ലോക്‌സഭാ സീറ്റ് നേടി. 25 വർഷത്തിനുശേഷം ആ നേട്ടം ഇത്തവണ ആവർത്തിക്കാനുമായി.
ലഡു വിവാദത്തിൽനിന്ന് ഏറ്റവും കൂടുതൽ മുതലെടുപ്പുണ്ടാക്കാൻ കഴിയുന്ന പാർട്ടി ബി.ജെ.പിയാണ്. അതിന് ബി.ജെ.പിയെ അനുവദിക്കാതിരിക്കുക എന്നതാണ് നായിഡുവിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ നായിഡുവിന്റെ യഥാർഥ സഖ്യകക്ഷി പവൻ കല്യാണിന്റെ (Pawan Kalyan) ജനസേന പാർട്ടിയാണ്. 'സനാതന ധർമ'ത്തെക്കുറിച്ച് സംസാരിച്ച് ഒരു ഹിന്ദു നേതാവായി സ്വയം പ്രതിഷ്ഠിക്കുകയാണ് പവൻ കല്യാൺ ചെയ്യുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയെ ഒരു അനാവശ്യ ഘടകമാക്കുംവിധം ശക്തമായ ഒരു ടി.ഡി.പി- ജെ.എസ്.പി സഖ്യമാണ് നായിഡുവിന്റെ മനസ്സിൽ. തിരുപ്പതി ലഡു വിവാദത്തിൽ, ഏറ്റവും തീവ്രമായ വർഗീയ നിലപാടെടുത്ത നേതാക്കൾ നായിഡുവും പവൻ കല്യാണുമായത് അതുകൊണ്ടുതന്നെ സ്വഭാവികവുമാണ്.
സംസ്ഥാന ബി.ജെ.പി ഘടകം പ്രസിഡന്റ് ഡി. പുരന്ദേശ്വരി, മുൻ പ്രസിഡന്റ് സോമു വീരാജു, മന്ത്രി സത്യ കുമാർ യാദവ്, സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു വർധൻ റെഡ്ഢി തുടങ്ങിയവരൊന്നും തിരുപ്പതി ലഡു വിഷയം, ടി.ഡി.പിയെയും ജനസേന പാർട്ടിയെയും പോലെ ആളിക്കത്തിക്കാൻ മുന്നോട്ടുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന ജനസംഖ്യയിൽ എട്ടു ശതമാനം മുസ്‌ലിംകളും ഒമ്പതു ശതമാനം ക്രിസ്ത്യാനികളുമാണ്. സംസ്ഥാന രാഷ്ട്രീയത്തിന് പൊതുവെ മതനിരപേക്ഷ അടിത്തറയാണുള്ളത് എന്നതിനാൽ, മതവർഗീയത കുത്തിപ്പൊക്കാനുള്ള കാമ്പയിനുകൾക്കുനേരെ ആന്ധ്ര മുഖംതിരിഞ്ഞുനിന്നിട്ടുണ്ട്.
മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗമാണ് വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ വോട്ട് ബേസ്. അവിഭക്ത ആന്ധ്രപ്രദേശിൽ കോൺഗ്രസിനുണ്ടായിരുന്ന വോട്ട് ബേസ് കൂടിയാണിത്. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ജഗന് നിലനിർത്താനായെങ്കിലും നല്ലൊരു ശതമാനം മുസ്‌ലിം വോട്ടുകൾ നായിഡുവിന് സ്വന്തമാക്കാനായി. ജഗൻമോഹൻ സർക്കാറിനെതിരായ ഭരണവിരുദ്ധവികാരമായിരുന്നു കാരണം.