വടക്കേഇന്ത്യൻ സംസ്ഥാനമായ ബിഹാർ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ഈ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിലായിട്ടായിരിക്കും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏകദേശം 7.9 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് സമഗ്രമായ പരിഷ്കരണത്തിനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ തീരമാനം വലിയ വിവാദമായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയിലെ വോട്ടർപട്ടിക പരിഷ്കരണവും സമാനമായ രീതിയിൽ വിവാദമായിരുന്നു.
Special Intensive Revision (SIR) എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിന് ഒരുങ്ങിയിരിക്കുന്നത്. ജൂൺ 24-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നേരിട്ട് വീടുകളിലെത്തി ബിഹാറിലെ വോട്ടർപട്ടിക വെരിഫിക്കേഷൻ നടത്തുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇതിൻെറ ഭാഗമായി ഓരോ വോട്ടറും തങ്ങളുടെ പേര്, അഡ്രസ്, ഫോട്ടോ എന്നിവയടങ്ങിയ എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കണം. വോട്ടർമാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോഗ്രാഫും റെസിഡെൻഷ്യൽ പ്രൂഫും നൽകണമെന്നും പ്രത്യേകമായി പറയുന്നു. 2003-ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർ അധികരേഖകൾ സമർപ്പിക്കണമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്. ഇവരിൽ 1987-ന് മുമ്പ് ജനിച്ചവർ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് ശേഷം ജനിച്ചവർ സ്വന്തം ജനനസർട്ടിഫിക്കറ്റും അവരുടെ രക്ഷിതാക്കളുടെ ജനനസർട്ടിഫിക്കറ്റും നൽകണം. രക്ഷിതാക്കൾ ഇന്ത്യക്ക് പുറത്തുള്ളവരാണെങ്കിൽ അവരുടെ പാസ്പോർട്ടും വിസയും സമർപ്പിക്കണം. 2003-ലെ വോട്ടർ പട്ടിക പരിഷ്കരണത്തിൻെറ ഭാഗമാവാത്ത ഏകദേശം 3 കോടി പേരെങ്കിലും ബിഹാറിൽ ഉണ്ടാവുമെന്നാണ് കണക്ക്. ഇവരുടെ രേഖകളിലാണ് കാര്യമായ പരിശോധനകൾ ഉണ്ടാവുക. യുവാക്കളയും അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാൽ, 2003-ന് ശേഷം ഇതാദ്യമായാണ് ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നതെന്നും അതിൻെറ ഭാഗമായി അർഹിക്കുന്നവരെ മാത്രം വോട്ടേഴ്സ് ലിസ്റ്റിൻെറ ഭാഗമായി നിലനിർത്താനാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻെറ വിശദീകരണം.

അനർഹരെ വോട്ടർപട്ടികയിൽ തിരുകിക്കയറ്റിയെന്ന വിമർശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. നിലവിൽ ബിഹാറിലും വോട്ടർപട്ടികയാകെ അട്ടിമറിക്കുവാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൻെറയും ബിഹാറിലെ സംസ്ഥാന സർക്കാരിൻെറയും ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധങ്ങളും പ്രതിപക്ഷ പാർട്ടികൾ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 9-ന് നടന്ന അഖിലേന്ത്യാ പണിമുടക്കിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് ബിഹാറിൽ നടന്നിരുന്നത്. എൻ.ഡി.എ-യെ പിന്തുണയ്ക്കാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രണ്ട് കോടിയോളം വോട്ടർമാരെ ഇത്തരത്തിൽ ലിസ്റ്റിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് അവർ പറയുന്നത്. “2003-ൽ വോട്ടർപട്ടിക പരിഷ്കരണം നടന്നത് രാജ്യവ്യാപകമായാണ്. എന്നാൽ ഇപ്പോൾ എന്തിനാണ് ബിഹാറിൽ മാത്രമായി ഈ പ്രക്രിയ നടത്തുന്നത്?” ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചോദിക്കുന്നു. വെറും രണ്ട് മാസത്തിനുള്ളിൽ കോടിക്കണക്കിന് വോട്ടർമാർക്ക് എങ്ങനെയാണ് ഈ പ്രക്രിയയുടെ ഭാഗമാവാൻ സാധിക്കുകയെന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ട്. രാജ്യത്ത് പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ട കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിലുള്ള വോട്ടർ പട്ടിക പരിഷ്കരണം ഉണ്ടാവുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു.

കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി
വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് വോട്ടർപട്ടിക പുതുക്കലെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നിലവിലുള്ള പ്രവർത്തനം തുടരുന്നതിൽ കോടതി വിയോജിച്ചിട്ടില്ല. എന്നാൽ, കോടതിയെ അറിയിച്ച് മാത്രമേ അടുത്ത നടപടികൾ ആരംഭിക്കാൻ പാടുള്ളൂ. വോട്ടർ പട്ടികയിൽ അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കുകയും വേണം. ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി, റേഷൻ കാർഡ് എന്നിവ വോട്ടർമാരുടെ ആധികാരിക രേഖകളായി പരിഗണിക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. “വോട്ടർ പട്ടികയിൽ പരിഷ്കരണം നടത്തുന്നതിനോട് വിയോജിപ്പില്ല. എന്നാൽ അതിൻെറ സമയത്തിൻെറ കാര്യത്തിൽ സംശയങ്ങളുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ള ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ ഗുരുതരമായ സംശയങ്ങളുണ്ട്. എങ്ങനെയാണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട വോട്ടർമാരെ ഒഴിവാക്കാതെ, വോട്ടർമാർക്കുള്ള പരാതികൾ പൂർണമായും പരിഗണിച്ച് ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുക?” കോടതി ചോദിച്ചു.
എംപിമാരായ മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (രാഷ്ട്രീയ ജനതാദൾ), പ്രധാന പ്രതിപക്ഷ കക്ഷികളുടെ നേതാക്കളായ കെസി വേണുഗോപാൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സുപ്രിയ സുലെ (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - എസ്പി), ഡി രാജ (സി.പി.ഐ), ഹരീന്ദർ മാലിക് (സമാജ്‌വാദി പാർട്ടി), എസ്ബി സർവിന്ദ് മാലിക് (സമജ്‌വാദി പാർട്ടി) എന്നിവരാണ് ഹർജി നൽകിയത്. അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ദിപങ്കർ ഭട്ടാചാര്യ (സിപിഐഎം(എൽ)), ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയവരും കക്ഷി ചേർന്നിരുന്നു.
