രാജ്യവ്യാപകമായി നടക്കുന്ന ബുൾഡോസ് രാജ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഒരാൾ കുറ്റാരോപിതനായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ അവരുടെ വീട് തകർക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശിക്ഷാനടപടി എന്ന നിലയിൽ ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാനയടക്കമുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അധികാരികൾ കുറ്റാരോപിതരുടെ വീടുകൾ പൊളിക്കുന്നതിലേക്ക് നീങ്ങുന്നതിലെ ആശങ്കകൾ പരിഹരിക്കുന്നതിന് ദേശീയ തലത്തിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ലക്ഷ്യമിടുന്നതായും സുപ്രീംകോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ബുൾഡോസർ നടപടികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇത്തരത്തിൽ നിരീക്ഷിച്ചത്. പുതിയ നയം രൂപീകരിക്കുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും ബന്ധപ്പെട്ടവരിൽനിന്ന് കോടതി ക്ഷണിച്ചു.
കുറ്റം ചെയ്തവരെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ പേരിലായതിനാൽ മാത്രം വസ്തുവകകൾ പൊളിക്കാൻ അനുമതിയില്ലെന്നും കുറ്റം തെളിഞ്ഞാലും പൊളിക്കരുതെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം, അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാം. പൊതുവഴികൾ തടസപ്പെടുത്തുന്ന അനധികൃതനിർമാണം സംരക്ഷിക്കില്ലെന്നും ആരാധനാലയങ്ങൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
'കുറ്റാരോപിതരായതുകൊണ്ടുമാത്രം എങ്ങനെ വീട് പൊളിക്കും? കുറ്റവാളി ആയാലും അത് പൊളിക്കാനാവില്ല. എന്തുകൊണ്ട് ചില മാർഗനിർദേശങ്ങൾ അടിസ്ഥാനമായിക്കൂടാ? ഇത് സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കണം. ഇത് കാര്യക്ഷമമാക്കേണ്ടതുണ്ട്.'- ജസ്റ്റിസ് ഗവായ് പറഞ്ഞു.
'കുറ്റമാരോപിക്കപ്പെട്ടതുകൊണ്ടുമാത്രം ആരുടെയും വീട് പൊളിക്കാൻ അവകാശമില്ല. അവർ കുറ്റവാളിയാണെങ്കിലും നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങൾ പാലിക്കാതെ ഒരു നിർമിതിയും പൊളിക്കാൻ സാധിക്കില്ല', ബെഞ്ച് വ്യക്തമാക്കി. ആദ്യത്തെ അറിയിപ്പ്, മറുപടി നൽകാനുള്ള സമയം, നിയമപരമായ പരിഹാരം തേടാനുള്ള സമയം എന്നിവ നൽൽകിയതിനുശേഷം മാത്രമെ പൊളിക്കൽ നടപടികളിലേക്ക് കടക്കാവൂ എന്നും കോടതി പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിൽ പരാമർശിച്ച കേസുകളിൽ നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ പ്രതികരണമില്ലാത്തതിനാൽ, മുനിസിപ്പൽ നിയമങ്ങളിലെ നടപടിക്രമങ്ങൾ പാലിച്ച് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു എന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. 2022 ഏപ്രിലിൽ ഡൽഹി കലാപത്തിനു പിന്നാലേ കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ജഹാംഗീർപുരിയിൽ നിരവധി വീടുകൾ തകർത്തതായി ജാമിയത്ത് ഉലമ -ഇ-ഹിന്ദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചു.
അതേസമയം മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നതിനാവശ്യമായ കരട് നിർദേശങ്ങൾ സമർപ്പിക്കാനും കോടതി കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തയാറാക്കുന്ന നിർദേശങ്ങൾ മുതിർന്ന അഭിഭാകനായ നചികേത ജോഷിയുടെ കൈവശം സമർപ്പിക്കാനും നിർദേശമുണ്ട്. കക്ഷികൾ സമർപ്പിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് കോടതിയിൽ ഹാജരാക്കാനും കോടതി ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 17-ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം രാജ്യവ്യാപകമായി ബുൾഡോസർരാജ് നടക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനിൽക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകർക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറിന്റെ ബുൾഡോസർ രാജ്.
രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7.38 ലക്ഷം പേർ നിർബന്ധിത കുടിയൊഴിപ്പിക്കലിലൂടെ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‍ലിംകളുടേതോ ദലിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്ലൈൻ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായെന്നും പറയുന്നു. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.