'പതഞ്ജലിക്കുനേരെ കേന്ദ്രം കണ്ണടച്ചിരിക്കുന്നു'
വ്യാജ മരുന്നു പരസ്യം തടഞ്ഞ് സുപ്രീംകോടതി

തെറ്റായ പരസ്യങ്ങൾ നൽകുന്നതിന് പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്ര സർക്കാറിനെയും സുപ്രീംകോടതി കുറ്റപ്പെടുത്തി. 'സർക്കാർ കണ്ണടച്ചിരിക്കുകയാണ്, ഇത് ഏറെ നിർഭാഗ്യകരമാണ്. സർക്കാർ അടിയന്തര നടപടിയെടുത്തേ മതിയാകൂ', ജസ്റ്റിസ് ഹേമ കോഹ്‌ലി, ജസ്റ്റിസ് അഷാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Think

രോഗം ശമിപ്പിക്കും എന്നതടക്കം തെറ്റിധാരണാജനകമായ പരസ്യങ്ങൾ പബ്ലിഷ് ചെയ്യുന്നത് നിർത്തിവക്കാൻ പതഞ്ജലി ആയുർവേദികിന് സുപ്രീംകോടതി നിർദേശം. 1954-ലെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്റ്റിൽ പറയുന്ന രോഗങ്ങളും ആരോഗ്യ തകരാറുകളും സുഖപ്പെടുത്തും എന്ന് അവകാശപ്പെടുന്ന മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധീകരിക്കുന്നത് നിർത്തിവക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

തെറ്റായ പരസ്യങ്ങൾ നൽകുന്നതിൽ പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തതിൽ കേന്ദ്ര സർക്കാറിനെയും കോടതി കുറ്റപ്പെടുത്തി. 'സർക്കാർ കണ്ണടച്ചിരിക്കുകയാണ്, ഇത് ഏറെ നിർഭാഗ്യകരമാണ്. സർക്കാർ അടിയന്തര നടപടിയെടുത്തേ മതിയാകൂ', ജസ്റ്റിസ് ഹേമ കോഹ്‌ലി, ജസ്റ്റിസ് അഷാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സ്വയം യോഗ ആചാര്യനായി ചമഞ്ഞ് പതഞ്‍ജലി ഉടമ ബാബാ രാംദേവ് നടത്തുന്ന വ്യാജ കാമ്പയിനും കോവിഡ് വാക്‌സിനും മോഡേൺ മെഡിസിനും എതിരായ പ്രചാരണത്തിനുമെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഈ വിഷയം മോഡേൺ മെഡിസിനും ആയുർവേദ ഉൽപ്പന്നങ്ങളും തമ്മിലുള്ള തർക്കമായി ചുരുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി മുന്നറിയിപ്പ് അവഗണിച്ച് പതഞ്ജലി വ്യാജ പരസ്യം നൽകുന്നത് തുടരുന്നതായി കോടതി പറഞ്ഞു. രോഗം ഭേദപ്പെടുത്തും എന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ, ഓരോ ഉൽപ്പന്നതിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്ന് കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഭാവിയിൽ ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളിലൂടെ വ്യാജ അവകാശവാദങ്ങൾ നടത്തരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ കോടതി നിർദേശിച്ചിരുന്നു. മോഡേൺ മെഡിസിനെയും ഡോക്ടർമാരെയും അപകീർത്തിപ്പെടുത്താനുള്ള പതഞ്ജലി ഉടമ ബാബാ രാംദേവിന്റെ ശ്രമങ്ങളെയും കോടതി നിശിതമായി വിമർശിച്ചിരുന്നു. അന്ന് പതഞ്ജലി, ഇത്തരം അവകാശവാദങ്ങൾ നടത്തില്ലെന്ന് ഉറപ്പും നൽകി. എന്നാൽ, ഇത് ലംഘിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പതഞ്ജലി കമ്പനിക്കും എം.ഡി ആചാര്യ ബാൽ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകി. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഇത്തരം പരസ്യങ്ങൾ തുടർച്ചയായി നൽകുന്നത് നിസ്സാരമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.

കോടതിയെ വിമർശിച്ച് ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്നും രോഗശമനം വരുത്തിയെന്ന് വീണ്ടും അവകാശവാദം നടത്തിയെന്നും ഐ.എം.എയുടെ അഭിഭാഷകൻ വാദിച്ചു. യോഗ കൊണ്ട് ആസ്തമയും പ്രമേഹവും പൂർണമായും സുഖപ്പെടുത്താമെന്ന് പതഞ്ജലി അവകാശപ്പെടുന്നതായും ഐ.എം.എയുടെ അഭിഭാഷകൻ പറഞ്ഞു.

രക്തസമ്മർദം, ആർത്രൈറ്റിസ്, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പൂർണമായും സുഖപ്പെടുത്തുമെന്ന അവകാശവാദങ്ങളുമായാണ് പതഞ്ജലി വ്യാജ പരസ്യങ്ങൾ നൽകിയിരുന്നത്. Glaucoma, Cataract, Double vision, Colour vision, Retinitis, Pigmentosa, Night blindness തുടങ്ങിയവക്കുള്ള മരുന്ന് എന്ന പേരിൽ പതഞ്ജലി ആയുർവേദിക് ലിമിറ്റഡിനുകീഴിലുള്ള ദിവ്യ ഫാർമസി നൽകിവന്നിരുന്ന പരസ്യങ്ങൾക്കെതിരെ വിവരാവകാശ പ്രവർത്തകനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോ. കെ.വി. ബാബു നിരന്തര നിയമപോരാട്ടം നടത്തിയിരുന്നു.

ദിവ്യ ഫാർമസിയുടെ അഞ്ച് മരുന്നുകൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് ഡോ. വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യവും അതിന് കേന്ദ്ര ആയുഷ് മന്ത്രി നൽകിയ മറുപടിയും

1954-ലെ Drugs and Magic Remedies Act അനുസരിച്ച് 54 രോഗങ്ങളുടെ ചികിത്സ, മരുന്ന് എന്നിവ പരസ്യം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അപ്പൈൻഡിസൈറ്റിസ്, സിഫിലിസ് ഗുണേറിയ, ഡയബറ്റിക്, ഹൈപ്പർ ടെൻഷൻ, കണ്ണുരോഗങ്ങൾ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെയാണ് ഈ നിയമത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ പല രോഗങ്ങളും പൂർണമായും സുഖ​​പ്പെടുത്താമെന്ന വ്യാജ അവകാശവാദമാണ് പതഞ്ജലി നടത്തിയിരുന്നത്.

Comments