ബിൽക്കിസ് ബാനു

ബിൽക്കിസ് ബാനുവിന് സുപ്രീംകോടതി നൽകുന്നു,
നീതിയുടെ ഗ്യാരണ്ടി

ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും സുപ്രീംകോടതി നീതിയുടെ ഗ്യാരന്റി ഉറപ്പാക്കുകയാണ്, ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഈ വിധിയിലൂടെ.

2024 ജനുവരി 8, ഇന്ത്യൻ ചരിത്രത്തിൽ ബിൽക്കിസ് ബാനു എന്ന പെണ്ണിന്റെ പോരാട്ടവീര്യത്തിന്റെ അടയാളമായി എഴുതപ്പെടേണ്ട ദിനം. ഗർഭിണിയായ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും അഞ്ച് മാസം പ്രായമായ അവരുടെ ഗർഭസ്ഥ ശിശുവിനെ വയറ്റിലിട്ട് കൊന്നുകളയുകയും കൺമുന്നിൽ തന്നെ അവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെയും കുടുംബത്തെയും ഇല്ലാതാക്കുകയും ചെയ്ത കേസിൽ, വർഗീയവാദികളായ 11 പ്രതികളെ ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് വെറുതെ വിടാൻ ഗുജറാത്ത് ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ബി.വി നാഗരത്‌നയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഗുജറാത്ത് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം പ്രയോഗിച്ചതായും കോടതി വിമർശിച്ചു.

ബിൽക്കിസ് ബാനു കേസ് ഗുജറാത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതിനാൽ പ്രതികളെ വിട്ടയക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്രാ സർക്കാറാണെന്നും ഇക്കാര്യത്തിൽ ഗുജറാത്ത് സർക്കാറിന് അവകാശമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനെമെടുക്കുമ്പോൾ മുംബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. കേന്ദ്ര സർക്കാറിന്റെ അനുമതിയും വേണം. വിചാരണാ കോടതി ജഡ്ജിയുടെ അഭിപ്രായം തേടിയിരുന്നില്ല എന്ന് ഹർജിക്കാർ പറഞ്ഞു. സുപ്രീംകോടതിയിൽ എന്തുകൊണ്ട് ഗുജറാത്ത് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയില്ല എന്ന് സുപ്രീം കോടതി ചോദിച്ചു. മഹാരാഷ്ട്രാ സർക്കാറിന്റെ അധികാരത്തെ മറികടക്കുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തതെന്നും കോടതി കുറ്റപ്പെടുത്തി.

ബിൽക്കിസ് ബാനു

കേസിലെ പ്രതികളിൽ ഒരാൾ ശിക്ഷായിളവിന് സുപ്രീംകോടതിയെ സമീപിച്ചത് വസ്തുതകൾ മറച്ചുവച്ചാണെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ പ്രതികളുടെയും ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഒരാളുടെ കാര്യത്തിൽ മാത്രമാണ് നിർദേശം നൽകിയിരുന്നത്. ഒരു പ്രതിയുടെ ഹർജിയിൽ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുൻ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ 11 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിന് എതിരായ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. 'സ്ത്രീപക്ഷ മോദി ഗ്യാരന്റി' എന്ന അവകാശവാദം നിരന്തരം മുഴക്കിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് അതിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതുകൂടിയാണ് ഈ വിധി.

ഒട്ടേറെ നിയമപ്പോരാട്ടങ്ങൾക്കൊടുവിലാണ് ബിൽക്കിസ് ബാനു കേസിലെ പ്രതികളായ പതിനൊന്ന് പേരെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. എന്നാൽ, നീതിന്യായ സംവിധാനത്തെക്കുറിച്ചുതന്നെ ഗുരുതരമായ ആശങ്കകളുയർത്തിയാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് ഹൈക്കോടതി മോചിതരാക്കിയത്.

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മാധ്യമപ്രവർത്തക രേവതി ലോൾ സി.പി.എം പി.ബി അംഗം സുഭാഷിണി അലി

ഒരു സ്ത്രീയുടെ അതിജീവന പോരാട്ട ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പേരാണ് ബിൽക്കിസ് ബാനു. 2002-ൽ ഗുജറാത്തിൽ ഭരണകൂടം സൃഷ്ടിച്ചെടുത്ത ഭീകരമായ ഒരന്തരീക്ഷത്തിൽ നിന്നുകൊണ്ടാണ് ആ സ്ത്രീ തനിക്കെതിരായ അനീതിക്കെതിരെ, ഫാഷിസ്റ്റ് അധികാരവ്യവസ്ഥയോടും ഭരണകൂട ശക്തികളോടും സന്ധിയില്ലാതെ പോരാടിയത്.

ആരാണ് ബിൽക്കിസ് ബാനു?
ഉന്നത വിദ്യാഭ്യാസ യോഗ്യതകളോ രാഷ്ട്രീയ പ്രവർത്തന പരിചയമോ ഇല്ലാത്ത, ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന, അന്ന് 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി. അവർ എങ്ങനെയാണ് ഇന്ത്യയിലെ സംഘപരിവാർ വർഗീയ നരനായാട്ടിനെ അതിജീവിച്ച് നിരന്തര നിയമപോരാട്ടത്തിലൂടെ നീതിയുടെ പടിവാതിൽക്കലെത്തിയത്? എങ്ങനെയാണ് ബിൽക്കിസ് ബാനു എന്ന സ്ത്രീ, 2002-ലെ ഗുജറാത്ത് കലാപത്തിലെ ഇരകളായ ന്യൂനപക്ഷ സ്ത്രീകളും കുട്ടികളും നേരിട്ട കൊടും ക്രൂരതയുടെ ഓർമപ്പെടുത്തലാകുന്നത്?

2002-ൽ ഗുജറാത്ത് കലാപകാലത്ത് ഒരു അർധരാത്രിയിലാണ് ബിൽക്കിസ് ബാനു ആക്രമിക്കപ്പെട്ടത്. അഞ്ചുമാസം ഗർഭിണിയായിരുന്ന ആ സ്ത്രീയുടെ മുന്നിൽ വെച്ച് അവരുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിന്റെ തല ഭിത്തിയിലിടിച്ച് അക്രമികൾ കൊലപ്പെടുത്തി. അന്ന് അവർക്കൊപ്പമുണ്ടായിരുന്ന ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയടക്കം 14 മനുഷ്യരെ കൊന്നു. കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട ആ സ്ത്രീയാണ് ഒടുങ്ങാത്ത നിയമപോരാട്ടങ്ങൾക്ക് തുടക്കമിട്ടത്.

2002-ലെ ഗുജറാത്ത് കലാപത്തിൽ നിന്ന്

അന്ന് ഗുജറാത്തിൽ ഭരണകൂടവും മാധ്യമങ്ങളും പൊലീസും തുടങ്ങി സകല അധികാര- ഭരണകൂട സംവിധാനങ്ങളും അത്യന്തം വർഗീയവൽക്കരിക്കപ്പെട്ടിരുന്നു, അവയെല്ലാം വേട്ടക്കാർക്കൊപ്പവുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ഈ സ്വേച്ഛാധിപത്യ ശക്തികൾ​ക്കെതിരായ പോരാട്ടം അങ്ങേയറ്റം അപകടം നിറഞ്ഞതായിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ 2008-ൽ കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നുണ്ട്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിൽ തന്നെ സുപ്രീം കോടതി ഈ കേസിൽ വിപ്ലവകരമായ ചില നിലപാടുകളും സ്വീകരിച്ചിരുന്നു. കേസിന് ആസ്പദമായ സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസിന്റെ വിചാരണാ നടപടികൾ ഗുജറാത്തിനുപുറത്ത് നടത്തിയാൽ മതിയെന്ന നിലപാടാണ് ഈ വിഷയത്തിലന്ന് സുപ്രീം കോടതിയെടുത്തത്.

എന്നാൽ, 2022 ആഗസ്റ്റ് 15ന് നാരി ശക്തിയെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ഘോരഘോരം പ്രസംഗിക്കുമ്പോഴായിരുന്നു, 11 പ്രതികളെയും ജയിൽ മോചിതരാക്കിയ ഗുജറാത്ത് കോടതിയുടെ വിധി വന്നത്. ഇവരെ മാലയിട്ട് സ്വീകരിച്ച് ലഡു വിതരണം ചെയ്യുന്ന വർഗീയക്കൂട്ടങ്ങളുടെ ദൃശ്യം 2023-ൽ ജനാധിപത്യ- മതനിരപേക്ഷ ഇന്ത്യ കണ്ട ഏറ്റവും ബീഭത്സമായ കാഴ്ചയായിരുന്നു.

വെറുതെവിടണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയോട് അഭിപ്രായം ചോദിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോട് പ്രകാരം, ശിക്ഷിക്കപ്പെട്ട പ്രതികളെ വെറുതെ വിടുമ്പോൾ അതത് സംസ്ഥാന സർക്കാറിന് അക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെയാണ് സർക്കാരിന്റെ കൂടി താൽപര്യപ്രകാരം ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്.

2022 ആഗസ്റ്റ് 15ന് ജയിൽ മോചിതരായ പ്രതികളെ സംഘ്പരിവാർ പ്രവർത്തകർ സ്വീകരിക്കുന്നു

പ്രതികളെ ജയിൽമോചിതരാക്കുന്ന വിധി വന്നയുടൻ എം.പിയായിരുന്ന മഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തകയായ രേവതി ലോൾ, പ്രൊഫ.രൂപ് രേഖ വര്‍മ, മുന്‍ ഐ.പി.എസ് ഓഫീസര്‍ മീരന്‍ ഛദ്ദ എന്നിവര്‍ പുനപരിശോധനാ ഹർജി നൽകി. ഇതിലാണ് ബിൽക്കിസ് ബാനവിന് അനുകൂലമായ വിധി വന്നത്. നിരന്തരം ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും സുപ്രീംകോടതി നീതിയുടെ ഗ്യാരന്റി ഉറപ്പാക്കുകയാണ് ഈ വിധിയിലൂടെ.

Comments