മണിപ്പുർ: സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ പഠിപ്പിക്കുന്നത്​…

ഇപ്പോള്‍, മണിപ്പുര്‍ വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ഭരണനിര്‍വഹണത്തെ കുറിച്ച് ക്ലാസ് എടുക്കുകയാണ്, വാസ്തവത്തില്‍. അത് ജനാധിപത്യ ഇന്ത്യയുടെ പേരിലുമാണ്. അല്ലെങ്കില്‍, നിരാശഭരിതമാവാന്‍ അനേകം കാരണങ്ങളുള്ള ഈ കാലത്ത്, സുപ്രീംകോടതിയുടെ ഇടപെടല്‍ പ്രതീക്ഷാനിര്‍ഭരമാവുകയാണ്.

'If the government does not act, we will. We are of the view that the court must be apprised of the steps taken by the government so that perpetrators are booked for such violence. What is portrayed in the media and visuals which appeared shows gross constitutional violation,'
- Chief Justice D Y Chandrachud

മണിപ്പുരിലെ വംശീയ കലാപത്തിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ച മൗനവും അകലവും എത്ര ക്രൂരമാണ് എന്ന് പറയുന്നതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കലാപത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ വിസമ്മതിയ്ക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍. അത് വെറുതെ ഒരു ഇടപെടലുമല്ല, ഇത്തരമൊരു ഘട്ടത്തില്‍ രാജ്യത്തിന്റെ നിയമവാഴ്ച്ചയ്ക്കും പൗരജീവിതത്തിന്റെ സ്വാഭിമാനത്തിനും വേണ്ടി ഭരണകൂടം എന്താണ് ചെയ്യേണ്ടത് എന്നുകൂടി സുപ്രീംകോടതിയുടെ ഈ ഇടപെടല്‍ കാണിയ്ക്കുന്നു.

പക്ഷേ, എന്തുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി മണിപ്പുരിലെ കലാപ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശ്ശിക്കാതിരുന്നതും കുറ്റകരമായ മൗനം ഇക്കാലമത്രയും പാലിക്കുന്നതും?

അതിനൊരു ഉത്തരമേ ഉളളൂ: ഏക ഛത്രാധിപത്യ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന ഒന്നും തനിക്കോ തന്റെ സംഘടനക്കൊ ഹിതകരമല്ല എന്ന് മോദി കരുതുന്നു. അത്തരം എതിര്‍പ്പുകളെ സ്വാഭാവികമായ 'മരണത്തിലേക്ക്' നയിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതാകട്ടെ, രാജഭരണത്തിന്റെ രാഷ്ട്രീയമാണ്, ജനാധിപത്യത്തിന്റെതല്ല. അഥവാ, വളരെ പ്രാകൃതവും അടഞ്ഞതുമായ ഒരു ആശയശാസ്ത്രവും സ്വാതന്ത്ര്യനന്തര ഇന്ത്യയും തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ ഇന്ന് മോദി ഭരണത്തിനും ഇന്ത്യയ്ക്കുമുണ്ട്. ചിലപ്പോള്‍ ആ കൂടിക്കാഴ്ച്ചകള്‍ ചോരക്കളിപോലുമാകുന്നു.

അയഞ്ഞതും സ്വാത്മപ്രചോദിതമായ ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം, എന്തുകൊണ്ടും, ആര്‍ എസ് എസിന്റെ സങ്കല്‍പ്പരാഷ്ട്രത്തിന് എതിരാണ്. തങ്ങളുടെ ഭരണത്തിലൂടെ, അതായത് മേലേനിന്ന്, ഈ ഫെഡറല്‍ ഘടനയെ സംശയിക്കാനും തകര്‍ക്കാനുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആര്‍ എസ് എസ് ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നതും. മണിപ്പുര്‍ വംശഹത്യയില്‍ത്തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഇന്ത്യയുടെ ഫെഡറല്‍ ഘടനയോടുള്ള വെറുപ്പ് കാണാം.

ജനാധിപത്യത്തിന്റെ പ്രാഥമികമായ ആവശ്യം തന്നെ ഏതെങ്കിലും തരത്തിലുള്ള അധികാര കേന്ദ്രീകരണത്തോടുള്ള വിയോജിപ്പും സമരവുമാണ്. ആര്‍ എസ് എസ് പക്ഷെ തങ്ങളുടെ രാഷ്ട്രീയ മേധാവിത്വത്തിനുവേണ്ടി സമൂഹത്തെത്തന്നെ വിഭജിക്കുന്നു, ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികമായ യൂണിറ്റിനെ - ഗ്രാമത്തെ - വര്‍ഗ്ഗീയതകൊണ്ടും ന്യൂനപക്ഷ വിരുദ്ധത കൊണ്ടും വിഭജിക്കുന്നു. രാജ്യത്തെ മുസ്​ലിം ന്യൂനപക്ഷത്തെ, പൊതുവായും പരസ്യമായും കീഴ്‌പ്പെടുത്തുന്നു. അത്രമേല്‍ അവര്‍ ഇന്ത്യയുടെ ഇതുവരെയും ആര്‍ജ്ജിച്ച ജനാധിപത്യ മൂല്യങ്ങളെ വെറുക്കുന്നു, അത്രമേല്‍ ഭയക്കുന്നു.

എങ്കില്‍, ഇപ്പോള്‍, മണിപ്പുര്‍ വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ഭരണനിര്‍വഹണത്തെ കുറിച്ച് ക്ലാസ് എടുക്കുകയാണ്, വാസ്തവത്തില്‍. അത് ജനാധിപത്യ ഇന്ത്യയുടെ പേരിലുമാണ്. അല്ലെങ്കില്‍, നിരാശഭരിതമാവാന്‍ അനേകം കാരണങ്ങളുള്ള ഈ കാലത്ത്, സുപ്രീംകോടതിയുടെ ഇടപെടല്‍ പ്രതീക്ഷാനിര്‍ഭരമാവുകയാണ്.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments