ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളെക്കുറിച്ചുള്ള വ്യാജ അവകാശവാദങ്ങളുള്ള പരസ്യങ്ങൾക്കെതിരെ (Advertisements) നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പ് ഒഴിവാക്കിയ ആയുഷ് മന്ത്രാലയത്തിന്റെ (AYUSH Ministry) വിജ്ഞാപനം സുപ്രീംകോടതി (Supreme Court) സ്റ്റേ ചെയ്തു.
2023 ജൂലൈയിലാണ് ഡ്രഗ്സ്, കോസ്മെറ്റിക്സ് നിയമത്തിലെ 170-ാം വകുപ്പ് ഒഴിവാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള 170--ാം വകുപ്പ് നടപ്പാക്കേണ്ടതില്ലെന്ന് ആയുഷ് മന്ത്രാലയം കഴിഞ്ഞ ആഗസ്റ്റിൽ സംസ്ഥാനങ്ങളോട് നിർദേശിക്കുകയും ചെയ്തു. പതഞ്ജലി അടക്കമുള്ള കമ്പനികൾ, കോടതി മുന്നറിയിപ്പ് ലംഘിച്ച് തങ്ങളുടെ മരുന്നുകളെക്കുറിച്ച് വ്യാജപരസ്യങ്ങൾ നൽകിയത് ഊർജിതമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഈ വിജ്ഞാപനത്തിനുശേഷമാണ്.
ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിധാരണയുണ്ടാക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള വകുപ്പാണ് ഡ്രഗ്സ്, കോസ്മെറ്റിക്സ് നിയമത്തിലെ 170 വകുപ്പ്. സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റികളുടെ അംഗീകാരമില്ലാതെ ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്നതാണ് 170ാം വകുപ്പ്. എന്നാൽ, ആയുർവേദിക്, സിദ്ധ, യുനാനി ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ (ASUDTAB) നിർദേശപ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ഈ വിജ്ഞാപനത്തോടെ, ഏത് മരുന്നുൽപ്പാദകർക്കും തങ്ങളുടെ മരുന്നുകളെക്കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനുള്ള വഴിയാണ് തുറന്നത്.
പതഞ്ജലി ആയുർവേദ ലിമിറ്റഡിനെതിരായ വ്യാജ പരസ്യക്കേസിന്റെ വിചാരണക്കിടയിൽ, 2023 ഏപ്രിലിൽ, 70-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കേണ്ടതില്ലെന്ന് നിർദേശിച്ച് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ കത്തിനെക്കുറിച്ച് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കത്ത് പിൻവലിക്കുമെന്നായിരുന്നു കേന്ദ്രം നൽകിയ ഉറപ്പ്. എന്നാൽ, കത്ത് പിൻവലിക്കുന്നതിനുപകരം, ആയുഷ് മന്ത്രാലയം ജൂലൈ ഒന്നിന് ഈ നിർദേശമടങ്ങുന്ന വിജ്ഞാപനമിറക്കുകയും ആഗസ്റ്റിൽ സംസ്ഥാനങ്ങൾക്ക് അയക്കുകയുമായിരുന്നു. ഈ വിജ്ഞാപനം, പതഞ്ജലി ആയുർവേദ ലിമിറ്റഡിനെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവിന് എതിരാണ് എന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബഞ്ച് സോളിസിറ്റർ ജനറൽ കെ. നടരാജിനോട് പറഞ്ഞു.
പതഞ്ജലിയെപ്പോലുള്ള മരുന്നുൽപ്പാദകർ വ്യാജപരസ്യങ്ങൾ നൽകുന്ന സാഹചര്യത്തിൽ, 170-ാം വകുപ്പ് നിലനിർത്തേണ്ടത് അനിവാര്യമാണ് എന്നാണ് വിദഗ്ധരുടെ വാദം. പൊതുജനാരോഗ്യമേഖയുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും മരുന്നുകമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നതുമാണ് ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം. ശക്തമായ നിയമങ്ങളുണ്ടായിട്ടുപോലും വ്യാജ പരസ്യങ്ങൾ തടയുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ മുഖം തിരിഞ്ഞുനിൽക്കുകയാണ്. പതഞ്ജലിയുടെ വ്യാജ പരസ്യങ്ങളുടെ കാര്യത്തിൽ സുപ്രീംകോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന സർക്കാറുകളെ നിശിതമായി വിമർശിച്ചിരുന്നു.
അതിനിടെ, പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾക്കെതിരായ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക മാപ്പപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരസ്യത്തിലെ അക്ഷരങ്ങൾ തീരെ ചെറുതാണെന്നും വായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
പതഞ്ജലിക്കെതിരായ കേസിന്റെ വാദം കേൾക്കുന്നതിനിടെ, ഒരു വിരൽപതഞ്ജലിക്കുനേരെ ചൂണ്ടുമ്പോൾ നാലു വിരലുകൾ ഐ.എം.എക്കുനേരെ തിരിയും എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. സ്വകാര്യ പ്രാക്ടീഷണർമാരെ കോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്നും അത് അവരുടെ മനോവീര്യം തകർക്കുമെന്നുമായിരുന്നു, പി.ടി.എയുമായുള്ള അഭിമുഖത്തിൽ അശോകൻ പറഞ്ഞത്. ഇത് ശ്രദ്ധയിൽ പെട്ടതിനെതുടർന്ന്, ഐ.എം.എ പ്രസിഡന്റ് എന്ന നിലയ്ക്ക് ഡോ. അശോകൻ സംയമനം പാലിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടർന്ന്, എല്ലാ പ്രമുഖ പത്രങ്ങളിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, ഐ.എം.എ മാസികയിലും വെബ്സൈറ്റിലുമാണ് മാപ്പപേക്ഷ നൽകിയത്. ഇത് പോരെന്നും പ്രമുഖ പത്രങ്ങളിൽ തന്നെ നൽകണമെന്നും ജസ്റ്റിസ് ഹിമ കോഹ്ലി അധ്യക്ഷയായ ബഞ്ച് നിർദേശിച്ചിരുന്നു.