വൈവിധ്യസമ്പന്നമായ ഇന്ത്യൻ രാഷ്ട്ര സങ്കൽപ്പത്തിൽ സാംസ്കാരിക സമൃദ്ധിയുടെ വസന്തം വിരിയിക്കുന്ന എണ്ണൂറോളം ഭാഷകളും ഭാഷാഭേദങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ, അനുഭൂതിസാന്ദ്രമായ പ്രണയത്തിന്റെയും, അതിരുകളില്ലാത്ത സാഹോദര്യത്തിന്റെയും, അനിർവചനീയമായ ആത്മീയാനുരാഗത്തിന്റെയും ഭാഷയായ ഉർദു വീണ്ടും ചർച്ചയാവുന്നത് ഇന്ത്യൻ സുപ്രീം കോടതിയുടെ സുപ്രധാനമായൊരു വിധിയിലൂടെയാണ്.
മഹാരാഷ്ട്രയിലെ പത്തൂർ നഗരസഭയുടെ ബോർഡിൽ മറാഠിക്കൊപ്പം ഉർദു കൂടി ഉപയോഗിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഈ വിധിന്യായം കേവല നിയമവ്യാഖ്യാനം മാത്രമല്ല, നാനാത്വത്തിൽ ഐക്യം കണ്ടെത്തുന്ന ഇന്ത്യൻ സാംസ്കാരിക ഭൂമികയിൽ, ഭാഷ ജനതതികൾക്കിടയിലെ മതിലുകളല്ലെന്നും ഹൃദയങ്ങളെ ഒന്നിനോടൊന്നു കണ്ണിചേർക്കുന്ന പാലമാണെന്നും വിശദമാക്കുന്ന സ്നേഹമന്ത്രം കൂടിയാണ്.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെക്കാൾ വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾക്ക് പ്രാധാന്യമുള്ള സമകാലിക ഇന്ത്യയിൽ, ഉർദു, അതിന്റെ ഭാഷാപരമായ പ്രത്യേകതകൾ കൊണ്ടും അനന്യമായ ലിപി കൊണ്ടും, വൈദേശിക പാരമ്പര്യത്തോടും ഒരു പ്രത്യേക മതത്തോടും ചേർത്തു മനസ്സിലാക്കപ്പെടുന്ന ഭാഷയാണ്. ഈ പൊതുബോധത്തെ അഭിസംബോധന ചെയ്യുകയാണ് സുപ്രീം കോടതി: “ഭാഷ ഒരു മതമല്ല. ഭാഷ ഏതെങ്കിലും പ്രത്യേക മതത്തെ പ്രതിനിധീകരിക്കുക പോലും ചെയ്യുന്നില്ല. അതൊരു സമൂഹത്തിന്റെയും, ദേശത്തിന്റെയും, ജനതയുടെയും സ്വത്താണ്.”
ഒരു വിഭാഗം ജനങ്ങൾ ഉർദു ഭാഷ കൈകാര്യം ചെയ്യുന്നവരാണെങ്കിൽ, മറാഠി ഭാഷക്കൊപ്പം ബോർഡുകളിൽ ഉർദു കൂടി വരുന്നത് നിയമലംഘനമല്ല, മറിച്ച്, ഉൾച്ചേർക്കലാണ്; അത് ആശയവിനിമയത്തിനും, ഭരണനിർവഹണത്തിനും സഹായകമാകുന്ന നടപടിയാണ് എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ഇന്ത്യൻ മണ്ണിൽ പിറന്ന ഭാഷയാണ് ഉർദു. 1600-കൾ മുതൽ ഉപഭൂഖണ്ഡത്തിലെ നാനാദേശങ്ങളിലെ മനുഷ്യരുടെ ചിരിയും കണ്ണീരും പ്രണയവും പ്രാർത്ഥനയും പങ്കുവെച്ച ഭാഷ. ഗംഗ- യമുന സംസ്കൃതിയുടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ആത്മപ്രകാശനമാണ് കോടതി ഉർദു ഭാഷയെ വായിക്കുന്നത്: “ഭാഷ സംസ്കാരമാണ്. ഒരു ജനതയുടെ, ഒരു സമുദായത്തിന്റെ, മുന്നോട്ടുള്ള പ്രയാണത്തിന്റെ അളവ് കോലാണ് ഭാഷ. വിജ്ഞാന സമാഹരണത്തിനുള്ള ഉപാധി എന്നതിന് മുന്നേ, ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണമാണ് കാര്യം നമ്മൾ മറക്കരുത്’’- കോടതി പറയുന്നു.
സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളും ഭാഷാപരമായ മിഥ്യാഭിമാനബോധവും നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് മേൽ സംഘർഷങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു വിധി വന്നത് ആശ്വാസകരമാണ്.
എന്താണ് കേസ്?
മഹാരാഷ്ട്രയിലെ പത്തൂർ മുനിസിപ്പാലിറ്റിയിലെ ഒരു കൗൺസിലറാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മുനിസിപ്പാലിറ്റിയിലെ ബോർഡിൽ മറാഠ ഭാഷയ്ക്കൊപ്പം ഉർദു കൂടി ചേർത്തിട്ടുള്ളതാണ് അവരെ ചൊടിപ്പിച്ചത്. 1956-ൽ മുനിസിപ്പാലിറ്റി രൂപം കൊണ്ട സമയം മുതൽ ഇതിങ്ങനെയാണ്. എന്നാൽ ഉർദുവിൽ എഴുതുന്നത് 1965-ലെ മുൻസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ആക്ടിന് വിരുദ്ധമാണെന്ന് അവർ ആരോപിച്ചു. നഗരസഭ കൗൺസിൽ ബോർഡിനെ അനുകൂലിക്കുന്ന പ്രമേയം പാസാക്കി. ഇതിനെതിരെ അവർ കളക്ടറെ സമീപിച്ചു. കളക്ടർ നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടെടുത്തു. എന്നാൽ മുനിസിപ്പാലിറ്റിയുടെ അപ്പീലിൽ, ഡിവിഷണൽ കമ്മീഷണർ, കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്തു. ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി അപ്പീൽ തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച സമയത്താണ്, മഹാരാഷ്ട്ര ലോക്കൽ അതോറിറ്റിസ് ഒഫീഷ്യൽ ലാംഗ്വേജ് ആക്ട് 2022, നിലവിൽ വരുന്നത്. ഈ നിയമം കൂടി പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാനാണ് നിർദ്ദേശിച്ചത്. ബോംബെ ഹൈകോടതി, ഒഫീഷ്യൽ ലാംഗ്വേജസ് ആക്ട് അനുസരിച്ച് മറാഠ ഭാഷയിൽ സൈൻ ബോർഡ് ഉണ്ടായിരിക്കണം എന്നതല്ലാതെ, മറ്റൊരു ഭാഷയിൽ കൂടി എഴുതുന്നതിന് യാതൊരു തടസ്സവും ഉന്നയിക്കുന്നില്ല എന്ന് കണ്ടെത്തുകയും ഹർജി തള്ളുകയും ചെയ്തു.
അങ്ങനെയാണ് കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുന്നത്.
പല ഭാഷകളിൽ എഴുതുന്നത് നിയമവിരുദ്ധമല്ല
2022-ലെ ഔദ്യോഗിക ഭാഷാ നിയമം മറാഠിയിൽ എഴുതണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും മറ്റു ഭാഷകൾ ഉപയോഗിക്കുന്നതിനെ നിരോധിക്കുന്നില്ല എന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതിയും ശരിവച്ചു. ഒരു വിഭാഗം ജനങ്ങൾ ഉർദു ഭാഷ കൈകാര്യം ചെയ്യുന്നവരാണെങ്കിൽ, മറാഠി ഭാഷക്കൊപ്പം ബോർഡുകളിൽ ഉർദു കൂടി വരുന്നത് നിയമലംഘനമല്ല, മറിച്ച്, ഉൾച്ചേർക്കലാണ്; അത് ആശയവിനിമയത്തിനും, ഭരണനിർവഹണത്തിനും സഹായകമാകുന്ന നടപടിയാണ് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അങ്ങനെ ചെയ്യുന്നത് അമൂല്യമായ സാംസ്കാരിക സാഹിത്യ പാരമ്പര്യമുള്ള മറാഠി ഭാഷയുടെ പ്രാധാന്യത്തെ കുറച്ചു കാണുന്നതല്ല. നാനാത്വങ്ങളെ ഏകോദര ഭാവത്തോടെ സമീപിക്കുന്നതിലാണ് ഇന്ത്യയുടെ ശക്തി, കോടതി വ്യക്തമാക്കി.

ഭാഷ; ചരിത്രവും സംസ്കാരവും
ഉർദു മാത്രമല്ല എല്ലാ ഭാഷകളുമായി സൗഹൃദം സ്ഥാപിക്കുവാനുള്ള ആഹ്വാനമാണ് കോടതി വിധിയിലുള്ളത്. ആധുനിക ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തോളം പഴക്കമുള്ള ഭാഷയാണ് ഉർദു. ഇന്ത്യയിൽ രൂപം കൊണ്ട ഭാഷ. മറാട്ഠിയും ഹിന്ദിയും പോലെ ഒരു ഇൻഡോ- ആര്യൻ ഭാഷ. രാജ്യത്തെ ഔദ്യോഗിക ഭാഷകളിലൊന്ന്. ഒരു ഉർദു വാക്കെങ്കിലും ഇല്ലാതെ ഹിന്ദി കൈകാര്യം ചെയ്യാനേ നമുക്ക് കഴിയില്ല. ഹിന്ദി എന്ന വാക്കുപോലും പേർഷ്യൻ ഭാഷയിൽ നിന്നാണ് വരുന്നത്. സ്വാതന്ത്ര്യം ലഭിക്കു മുൻപേ തന്നെ ഹിന്ദുസ്ഥാനി ഇന്ത്യയുടെ ഐക്യത്തിന്റെ അടയാളമായിരുന്നു. എന്നാൽ വിഭജനവും, പിന്നീട് ഉർദു പാകിസ്താന്റെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചതും കാര്യങ്ങൾ ആകെ മാറ്റിമറിച്ചു. ഉർദുവിനെയും ഹിന്ദിയെയും രാഷ്ട്രീയ വിഭജനത്തിന്റെ പ്രതീകമായി ചില ചരിത്ര നിരക്ഷരർ പ്രചരിപ്പിക്കാൻ ആരംഭിച്ചു. ഭരണഘടനാ നിർമ്മാണ സഭയിൽ പോലും അത്തരം ശ്രമങ്ങൾ ഉണ്ടായിരുന്നു. ഉർദുവിനെ കൂടുതൽ പേർഷ്യൻ വൽക്കരിക്കാനും, ഹിന്ദിയെ സംസ്കൃതവൽക്കരിക്കാനും ശ്രമം നടന്നു. ഇന്ത്യയുടെ മഹത്തായ സങ്കര സംസ്കൃതിയുടെ പ്രതീകമായ ഭാഷാവൈവിധ്യത്തെ വിഭജനവുമായി ചേർത്ത് കെട്ടി ചരിത്രവിരുദ്ധമായ വ്യാഖ്യാനങ്ങൾ നിർമ്മിച്ചു. ഈ വിഭാഗീയ വിചാരധാരയെ തിരുത്തുവാനാണ് സുപ്രീംകോടതിവിധി ശ്രമിക്കുന്നത്.
2014-ലെ സാഹിത്യ സമ്മേളൻ കേസിൽ, ഉത്തർപ്രദേശിൽ, ഹിന്ദിക്ക് പുറമേ ഉർദു കൂടി ഔദ്യോഗിക ഭാഷയാക്കി കൊണ്ടുവന്ന നിയമം സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഭരണഘടന, സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക ഭാഷ നിർണയിക്കാൻ അധികാരം നൽകുന്നുണ്ട്. അതിനർത്ഥം ഒരിക്കൽ മാത്രമേ ഔദ്യോഗിക ഭാഷ നിർണയിക്കാൻ കഴിയൂ എന്നല്ല.
“ഉർദുവിനെ വിമർശിക്കുമ്പോൾ, നമ്മൾ വിമർശിക്കുന്നത് ഹിന്ദിയെ കൂടിയാണ്. ഭാഷാ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഉർദുവും ഹിന്ദിയും രണ്ടല്ല ഒരൊറ്റ ഭാഷയാണ്. ശരിയാണ്, ഹിന്ദിയും ഉർദുവും രണ്ട് ലിപികളിലാണ് എഴുതുന്നത്. പക്ഷേ ലിപികൾ അല്ല ഭാഷയെ സൃഷ്ടിക്കുന്നത്. വാക്യവിന്യാസവും, സ്വര വൈജ്ഞാനികതയും, പദഘടനയും, വ്യാകരണവും എല്ലാമാണ് ഒരു ഭാഷയ്ക്ക് രൂപം നൽകുന്നത്.” ജസ്റ്റിസ് ഉജ്ജുൽ ഭുയാൻ എഴുതുന്നു.
പ്രശസ്ത ഉർദു പണ്ഡിതൻ ഗ്യാൻ ചന്ദ് ജയനെ ഉദ്ധരിക്കുന്നുണ്ട് കോടതി:
“ഉർദുവും ഹിന്ദിയും രണ്ടു ഭാഷകളല്ല എന്നത് വളരെ വ്യക്തമാണ്. ഇരു ഭാഷകളെന്ന് പറയുന്നത്, ഭാഷാ ശാസ്ത്രത്തിലെ സകല തത്വങ്ങളുടെയും നിഷേധമാണ്… ഉർദുവിനും ഹിന്ദിക്കും വ്യത്യസ്തമായ സാഹിത്യ പാരമ്പര്യമുണ്ടെങ്കിലും, ഭാഷ ഒന്നു തന്നെയാണ്. ഇന്ത്യൻ ഭരണഘടനയിൽ ഇവയെ രണ്ടു ഭാഷകളായി രേഖപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രീയമായ ഔചിത്യം മാത്രമാണ്, ഭാഷാപരമായ യാഥാർത്ഥ്യമല്ല”.

കേവലം ആശയ വിനിമയോപാധി എന്നതിനപ്പുറം, എണ്ണിയാലൊടുങ്ങാത്ത ഗസലുകൾ പകർന്നുനൽകിയ ഉന്മാദഹർഷങ്ങളിൽ, ജനഹൃദയങ്ങളെ തരളമാക്കിയ ചലച്ചിത്ര ഗാനങ്ങളിൽ, സ്നേഹത്തെ ദൈവികനുഭൂതിയാക്കിയ ഖവാലികളിൽ, ഗാലിബും ഫൈസ് അഹമ്മദ് ഫൈസും അല്ലാമാ ഇക്ബാലും മറ്റനേകം മഹാരഥന്മാരും അണിനിരക്കുന്ന സാഹിത്യ പാരമ്പര്യത്തിൽ, ആസ്വാദനത്തിന്റെ അനുഭൂതികളിൽ സാഹോദര്യത്തിന്റെ സ്വപ്നങ്ങൾ നെയ്ത മഹത്തായ ഭാഷയായി ഉർദു നിലകൊള്ളുന്നു. കോടതിയുടെ വ്യവഹാര ഭാഷയിൽ പോലും ഉർദു അനുപേക്ഷണീയമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാണിക്കുന്നു. അദാലത്ത് എന്ന വാക്ക് തന്നെ ഉർദുവാണ്.
സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ സുപ്രധാനമായ ഏടുകളിലൂടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ദേശീയ പ്രസ്ഥാനത്തിൻറെ സമുന്നതരായ നേതാക്കളുടെയും നിലപാടുകളിലൂടെ, ഉർദുവിന്റെ ചരിത്രപരമായ പ്രസക്തി അടയാളപ്പെടുത്തുന്നുണ്ട് ഈ വിധി ന്യായത്തിലൂടെ സുപ്രീംകോടതി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിന്റെ തുടർച്ചയായാണ് ഭാഷകളെ മതത്തിൻറെ അടിസ്ഥാനത്തിൽ നിർവചിക്കാൻ ആരംഭിച്ചത്. ഏകശിലാത്മകമല്ലാത്ത ഇന്ത്യൻ മണ്ണിൽ, വൈവിധ്യങ്ങളെ നിഷേധിക്കുന്നത് വിനാശകരമാണ്. ആരെത്ര ശ്രമിച്ചാലും, നമ്മുടെ തെരുവുകളിലും, വീടുകളിലും, മനുഷ്യബന്ധങ്ങളിലും ഹിന്ദിയും ഉർദുവും കൈകോർത്തു പിടിച്ചു തന്നെ മുന്നോട്ടുപോകുമെന്ന പ്രത്യാശയും സുപ്രീംകോടതി പങ്കുവെക്കുന്നുണ്ട്.
ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പാലം
നമ്മുടെ രാജ്യത്ത് 22 ഔദ്യോഗിക ഭാഷകളുണ്ട്. 2011-ലെ കനേഷുമാരി പ്രകാരം പതിനായിരത്തിലേറെ മനുഷ്യർ സംസാരിക്കുന്ന 270 ഭാഷകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാഷാഭേദങ്ങൾ മറ്റനേകമുണ്ട്. ഉർദു ഔദ്യോഗിക ഭാഷയായിട്ടുള്ള പല സംസ്ഥാനങ്ങളുമുണ്ട്. 2014-ലെ സാഹിത്യ സമ്മേളൻ കേസിൽ, ഉത്തർപ്രദേശിൽ, ഹിന്ദിക്ക് പുറമേ ഉർദു കൂടി ഔദ്യോഗിക ഭാഷയാക്കി കൊണ്ടുവന്ന നിയമം സുപ്രീംകോടതി ശരി വച്ചിട്ടുണ്ട്. ഭരണഘടനയുടെ അനുഛേദം 345, സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക ഭാഷ നിർണയിക്കാൻ അധികാരം നൽകുന്നുണ്ട്. അതിനർത്ഥം ഒരിക്കൽ മാത്രമേ ഔദ്യോഗിക ഭാഷ നിർണയിക്കാൻ കഴിയൂ എന്നല്ല. സംസ്ഥാന നിയമസഭയ്ക്ക് ആവശ്യമെന്ന് തോന്നിയാൽ മറ്റൊരു ഭാഷ കൂടി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നത് ഭരണഘടന വിരുദ്ധതയില്ലെന്ന് അന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയതാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഒന്നിലേറെ ഔദ്യോഗിക ഭാഷകളുണ്ട്. കേരളത്തിൽ മലയാളവും ഇംഗ്ലീഷും തമിഴും കന്നടയും ഔദ്യോഗിക ഭാഷകളാണ്. അങ്ങനെ അനേകം ഭാഷകളുടെ സഹവർത്തിത്വമാണ് ഇന്ത്യയിൽ ഭരണ സംവിധാനത്തെ ജനകീയവും കാര്യക്ഷമവും അർത്ഥപൂർണ്ണവുമാക്കുന്നത്. ഭാഷയെ ദേശീയതയുമായി ചേർത്തിണക്കി ഒറ്റഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയ പാക്കിസ്ഥാന്റെ ചരിത്രം നമുക്കറിയാം. കിഴക്കൻ പാക്കിസ്ഥാനിൽ ഉർദു അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ പ്രദേശം സ്വതന്ത്ര രാജ്യമായി മാറുകയാണ് ഉണ്ടായത്. ഇന്ത്യ അത്തരത്തിലൊരു ഏകശിലാത്മക ദർശനത്തെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. ഭാഷകൾ ഒന്നുചേർന്നൊഴുകി സൃഷ്ടിക്കുന്ന ഒരുമയുടെ താളമാണ് ഈ നാടിൻറെ ആത്മാവ്. ഒരു നിയമത്തിനും ഒരു മുൻവിധിയ്ക്കും ഒരു വിദ്വേഷരാഷ്ട്രീയത്തിനും, ആ താളത്തെ ഇല്ലാതാക്കാൻ കഴിയില്ല.

ഈ രാജ്യത്തെ ഏകശിലാത്മകമായ രാഷ്ട്രീയ ദർശനത്തിലൂടെ, കേന്ദ്രീകൃതമായ ഏകാധിപത്യ പ്രവണതകളിലൂടെ, വൈവിധ്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ പദ്ധതിയിലൂടെ, പുനർനിർവചിക്കാനുള്ള ശ്രമങ്ങൾ അതിവേഗം മുന്നോട്ടുപോകുന്ന ഒരു കാലഘട്ടത്തിലാണ്, ഒരു മുനിസിപ്പാലിറ്റിയിലെ സൈൻബോർഡ് സംബന്ധിച്ച കേവല നിയമപ്രശ്നത്തെ, ഇന്ത്യ എന്ന ആശയത്തെ ഓർമ്മപ്പെടുത്താനുള്ള അവസരമായി സുപ്രീംകോടതി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-അൾജീരിയൻ എഴുത്തുകാരനും ഭാഷാ ശാസ്ത്രജ്ഞനും ഗവേഷകനുമായ മൗലൗദ് ബൻസാദിയുടെ വാക്കുകളിൽ നിന്നാണ് കോടതിവിധി ആരംഭിക്കുന്നത്: “നിങ്ങൊരു പുതിയ ഭാഷ പഠിക്കുമ്പോൾ, സംസാരിക്കാനും എഴുതാനും പഠിക്കുക മാത്രമല്ല ചെയ്യുന്നത്. മനുഷ്യരാശിയോടാകെ, ഹൃദയ വിശാലതയും, ഉൽപതിഷ്ണുത്വവും, കാരുണ്യവും, അനുകമ്പയും ഉള്ളവരാകാൻ കൂടിയാണ് പഠിക്കുന്നത്.” മറ്റൊരു ഭാഷ നമ്മളെ മറ്റൊരു മനുഷ്യനെ, മറ്റൊരു സംസ്കാരത്തെ, മറ്റൊരു ദേശത്തെ, ഒക്കെ പരിചയപ്പെടുത്തുന്നു. കേവലം ഒരു സൈൻബോർഡിലെ ഉർദു ഭാഷയിലുള്ള എഴുത്ത് അനുവദിച്ചതിലൂടെ, വളരെ ഉദാത്തമായ ഒരാശയത്തെയാണ് സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ നാനാത്വമാണ് അതിന്റെ ഏകത്വം എന്ന തത്വത്തെയാണ്. ഭാഷ മനുഷ്യർക്കിടയിൽ നിർമ്മിക്കുന്നത് മതിലുകളല്ല പാലങ്ങളാണെന്ന സത്യത്തെയാണ്.