രാജ്യസഭയിലും ലോക്‌സഭയിലും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ കേന്ദ്ര സർക്കാർ പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ലിനെതിരായ ഹർജികൾ പരിഗണിക്കവേ നിർണായക ഇടപെടലുകളുമായി സുപ്രീംകോടതി. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ബിൽ പാസാക്കിയെടുത്തത്. ബില്ലിനെതിരെ നിരവധി വ്യക്തികളും സംഘടനകളും ഹർജികൾ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ് കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുന്ന തരത്തിലുള്ള ചില നിർദ്ദേശങ്ങൾ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ആർട്ടിക്കിൾ 26-നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇത് മതേതരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചരിത്രപരമായി വഖഫായി തുടരുന്ന സ്വത്തുക്കൾ അതേ പോലെ തുടരണമെന്നും ഇത് ഡീനോട്ടിഫൈ (വഖഫല്ലാതെ മാറ്റരുത്) ചെയ്യരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വഖഫിന്റെ ഭരണപരമായ കാര്യങ്ങൾ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്. തർക്ക ഭൂമിയിൽ കളക്ടറുടെ തീരുമാനം വരുന്നത് വരെ അത് വഖഫായിരിക്കില്ലെന്ന ഭേദഗതിയിലെ ഭാഗത്തെ സുപ്രീംകോടതി വിമർശിച്ചു. ഇതിൽ എന്ത് ന്യായമാണുള്ളതെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ പണിത പള്ളികളുടെ ഭൂമി വിറ്റയാളെ കൊണ്ടുവരണമെന്നത് എത്രമാത്രം പ്രായോഗികമാണെന്നും സുപ്രീംകോടതി ചോദിച്ചു. വഖഫ് ബോർഡിലും കൌൺസിലിലും എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ ബാക്കി അംഗങ്ങളെല്ലാം മുസ്ലീങ്ങൾ ആയിരിക്കണമെന്നും നിർദ്ദേശിച്ചു. ഹിന്ദു ക്ഷേത്രങ്ങളുടെ ബോർഡിൽ ഇതര മതസ്ഥർ ഉണ്ടോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

പാർലമെന്ററി നിയമത്തിലൂടെ കേന്ദ്ര സർക്കാർ മത ആചാരത്തിൽ ഇടപെടുകയാണ് വഖഫ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്ന് അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. അഞ്ചു കൊല്ലം മുസ്ലിം മതാചാര പ്രകാരം ജീവിച്ചവർക്ക് മാത്രമെ അവരുടെ സ്വത്തുക്കൾ വഖഫ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന വഖഫ് ഭേദഗതി നിയമത്തിലെ ഭാഗത്തെയും കപിൽ സിബൽ കോടതിയിൽ എതിർത്തു. ഇത് വ്യക്തിനിയമത്തിനെതിരാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
കേസിലെ ഹർജികളിൽ നാളെയും വാദം തുടരും. നാളെ ഇടക്കാല ഉത്തരവ് ഉണ്ടാവാനും സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ അക്രമ സംഭവങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് മുർഷിദാബാദിൽ മൂന്ന് പേർ മരിച്ചിരുന്നു.
ഇത് തുടർച്ചയായ മൂന്നാമത്തെ വിഷയത്തിലാണ് തുടരെത്തുടരെ സുപ്രീം കോടതിയിൽ നിന്നും കേന്ദ്രസർക്കാർ തിരിച്ചടി നേരിടുന്നത്. നേരത്തെ ഗവർണറും രാഷ്ട്രപതിയും ബില്ലുകൾ തടഞ്ഞു വെക്കുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച കേന്ദ്ര സർക്കാരിന് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഇത്. ബിൽ നിയമമാക്കാൻ അനുവദിക്കാതെ മാസങ്ങളോളം പിടിച്ചുവെച്ച തമിഴ്‌നാട് ഗവർണർ ഡോ. ആർ.എൻ. രവിയുടെ നടപടിയ്‌ക്കെതിരെ തമിഴ്നാട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രധാനവിധി ഉണ്ടായത്. നിയമസഭയിൽ പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന ബില്ലുകളിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് രാഷ്ട്രപതിയോടും സുപ്രീംകോടതി നിർദേശിച്ചിരുന്നു. മൂന്നു മാസത്തിനപ്പുറം ബില്ലുകളിൽ കാലതാമസമുണ്ടായാൽ ഉചിതമായ കാരണങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.