രാജ്യത്തെ ഫെഡറൽ വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെ രാഷ്ട്രീയലക്ഷ്യത്തോടെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന കേന്ദ്രസർക്കാരിനുള്ള ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ബിൽ നിയമമാക്കാൻ അനുവദിക്കാതെ മാസങ്ങളോളം പിടിച്ചുവെച്ച തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിയുടെ നടപടിയ്ക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രധാനവിധി ഉണ്ടായത്. ഇന്ത്യൻ ഭരണഘടനയുടെ 200ാം വകുപ്പനുസരിച്ച് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ചുവെന്നതാണ് വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ മന്ത്രിസഭയുടെ ഉപദേശപ്രകാരം ഇനി ഒരു മാസത്തിനുള്ളിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ അനുമതിയ്ക്ക് വിടുകയോ ചെയ്തിരിക്കണം. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ മൂന്ന് മാസത്തിനകം അത് വ്യക്തമാക്കിക്കൊണ്ട് തിരിച്ചയച്ചിരിക്കണം. മന്ത്രിസഭയുടെ ശുപാർശയ്ക്ക് വിരുദ്ധമായി ബിൽ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയാണെങ്കിൽ അതിന് പരമാവധി മൂന്ന് മാസം. തിരിച്ചയച്ച ബിൽ വീണ്ടും നിയമസഭ പരിഗണിച്ച് പാസ്സായി ഗവർണറുടെ മുന്നിലെത്തിയാൽ ഒരു മാസത്തിനുള്ളിൽ അംഗീകരിക്കണം. അവിടെ പിന്നീട് ഗവർണറുടെ വിവേചനാധികാരം ഉപയോഗിക്കാൻ സാധിക്കില്ല. അതായത് ബിൽ നിയമമാവാതെ അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ഇനി അംഗീകരിക്കില്ല. തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലുണ്ടായ വിധി മറ്റ് സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും. ജസ്റ്റിസ് ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതിയിൽ സുപ്രധാനവിധി പറഞ്ഞത്.
ഭരണഘടനാപരമായും നിയമപരമായും ഏറെ പ്രാധാന്യമുണ്ട് എന്നതിനൊപ്പം തന്നെ നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിലും വിധി ചർച്ചയാവുന്നുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരെ തങ്ങളുടെ ഏജൻറുമാരെന്ന നിലയിലാണ് കേന്ദ്രസർക്കാരുകൾ ഏറെക്കാലമായി തന്നെ രാജ്യത്ത് നിയമിക്കാറുള്ളത്. ഒന്നാം നരേന്ദ്ര മോദി സർക്കാരിൻെറ കാലം മുതൽ അതിൻെറ തലം അൽപം കൂടി മാറിയിട്ടുണ്ട്. ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ ഭരണത്തെ തന്നെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ ഗവർണർമാരെ ഈയടുത്തായി ഉപയോഗപ്പെടുത്തിയിരുന്നു. രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസരിച്ച് ഗവർണർമാരെ നിയമിക്കലും അവർ സംസ്ഥാന സർക്കാരുകളുമായി ഇടയുന്നതുമെല്ലാം മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഈയടുത്ത കാലത്ത് ബില്ലുകൾ നിയമമാക്കാതെ സംസ്ഥാന സർക്കാരുകളുടെ ഭരണതീരുമാനങ്ങളെ വൈകിപ്പിക്കുകയെന്ന രീതി ഗവർണർമാർ കേന്ദ്ര സർക്കാരിന് വേണ്ടി കൃത്യമായി തന്നെ നടപ്പിലാക്കിയിരുന്നു. ഇക്കാരണത്താൽ ഗവർണമാരും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ നേരിട്ട് കൊമ്പുകോർക്കലുകളും ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയിതര സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലായും നടന്നിട്ടുള്ളത്.

തമിഴ്നാട് സർക്കാർ നൽകിയത് പോലെയുള്ള സമാനമായ കേസ് സംസ്ഥാന സർക്കാരും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാണെന്ന് സംസ്ഥാനം വാദിക്കുന്നുണ്ട്. നേരത്തെ ആരിഫ് ഖാൻ ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരെ കേരളം നൽകിയ കേസും സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. മെയ് 13-നാണ് കേസ് പരിഗണിക്കുക. കേസ് നേരത്തെ പരിഗണിക്കണമെന്നും തമിഴ്നാട് സർക്കാരിൻെറ കേസിൽ വിധിപറഞ്ഞ അതേ ബെഞ്ചിലേക്ക് മാറ്റണമെന്നും കേരളത്തിൻെറ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിൻെറ ഏഴ് ബില്ലുകളിൽ നാലെണ്ണത്തിന് ഗവർണർ അനുമതി നിഷേധിച്ചതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയിരിക്കുന്നത്.
കേരളത്തിൻെറ ചരിത്രത്തിൽ തന്നെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോളം വിവാദ കഥാപാത്രമായ ഒരു ഗവർണർ ഉണ്ടായിട്ടുണ്ടോയെന്നുള്ളത് സംശയകരമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പലവിഷയങ്ങളിൽ അദ്ദേഹം കൊമ്പുകോർത്തിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിലും ആരിഫ് ഖാൻ എടുത്തിട്ടുള്ള പല തീരുമാനങ്ങളും സർക്കാരിന് തലവേദനയായിരുന്നു. കേരളത്തിലെ മാധ്യമപ്രവർത്തകരോടും പ്രധാന വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയോടുമെല്ലാം പലതവണ ആരിഫ് ഖാൻ കയർത്ത് സംസാരിക്കുകയും പരസ്യമായി പോര് നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമപ്പുറത്താണ് സർക്കാരിൻെറ ബില്ലുകൾ നിയമമാക്കുന്നതിനെ വൈകിപ്പിക്കുകയും ചെയ്തത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ സി.വി. ആനന്ദബോസും തമ്മിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ആർ.എൻ. രവിയും തമ്മിലും സമാനമായി മുഖ്യമന്ത്രി - ഗവർണർ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്.
സ്റ്റാലിൻെറ പോരാട്ടങ്ങൾ
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വിധി വലിയ രാഷ്ട്രീയവിജയമാണ്. രാജ്യത്തെ പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ച് നിർത്തുന്നതിൽ മുന്നിൽ നിൽക്കുന്ന നേതാവായ സ്റ്റാലിൻ ഈയടുത്താണ് മണ്ഡലപുനർനിർണയത്തിനെതിരെ പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിച്ച് കൊണ്ട് ചെന്നൈയിൽ സമ്മേളനം നടത്തിയത്. മണ്ഡലപുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ നീക്കത്തിനെതിരെയായിരുന്നു സമ്മേളനം. കേന്ദ്രസർക്കാരിൻെറ വിദ്യാഭ്യാസ നയത്തിനെതിരെയും ത്രിഭാഷാ പദ്ധതി നീക്കത്തിനെതിരെയുമെല്ലാം സ്റ്റാലിൻ നിരന്തരം തൻെറ വിയോജിപ്പ് പറയുകയും അതിനെതിരെ സാധ്യമായ എല്ലാ രീതിയിലും പോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഗവർണർക്കെതിരായ നിയമയുദ്ധത്തിലും സ്റ്റാലിൻ വിജയം നേടിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായും നിയമപരമായും നേരിട്ട് കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് സ്റ്റാലിൻ.

ഇത് എല്ലാ സംസ്ഥാന സർക്കാരുകളുടെയും വിജയമാണെന്നാണ് സ്റ്റാലിൻ കോടതിവിധിയെക്കുറിച്ച് പ്രതികരിച്ചത്. തമിഴ്നാടിൻെറ നിയമാക്കാതെ മാറ്റിവെച്ച ബില്ലുകൾ നിയമമാവുന്നതോടെ വിദ്യാഭ്യാസമേഖലയിൽ രണ്ട് സുപ്രധാന മാറ്റങ്ങൾ കൂടി ഉണ്ടാവാൻ പോവുന്നുണ്ട്. ഗവർണർ മാറി സംസ്ഥാന മുഖ്യമന്ത്രി ഇനി തമിഴ്നാട്ടിലെ സർവകലാശാലകളുടെ ചാൻസിലറായി മാറും. അതായത് എം.കെ. സ്റ്റാലിൻ ചാൻസിലറാവും. വി.സിയെ നിയമിക്കാനുള്ള അധികാരവും സംസ്ഥാനസർക്കാരിന് ലഭിക്കും. സമാനമായ ആവശ്യങ്ങൾ കേരളത്തിനുമുണ്ട്. സംസ്ഥാന സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്നാണ് കേരളത്തിൻെറ ആവശ്യം. വി.സി നിയമനവും അതിലെ ഗവർണറുടെ ഇടപെടലുമായി ബന്ധപ്പെട്ടും കേരളത്തിൻെറ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. തമിഴ്നാട് സർക്കാരിന് ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ അനുകൂലവിധി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്കും ഫെഡറൽ സംവിധാനത്തിനും വലിയ പ്രതീക്ഷയേകുന്നതാണെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഗവർണമാരെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗപ്പെടുത്തി, സംസ്ഥാന സർക്കാരുകളെ എക്കാലത്തും ബുദ്ധിമുട്ടിലാക്കാൻ സാധിക്കുമെന്ന കേന്ദ്രസർക്കാരിൻെറ പദ്ധതിക്കുള്ള ശക്തമായ തിരിച്ചടി. നിയമവ്യവസ്ഥയും കോടതികളും പോലും പലകേസുകളിലും പക്ഷപാതിത്വം കാണിക്കുന്നുവെന്ന് തോന്നിപ്പിച്ചിട്ടുള്ള വിധികളുടെ കാലത്താണ് തീർത്തും പ്രതീക്ഷാനിർഭരമായ ഒരു ഇടപെടൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.