സുനേത്ര അജിത് പവാര്‍, സുപ്രിയ സുലേ

സുപ്രിയ, സുനേത്ര; ആരാണ് ‘ഒറിജിനൽ പവാർ’,
വിയർത്ത് ബാരാമതി, വോട്ടർമാരും

മഹാരാഷ്ട്രയിലെ ബാരാമതിയിൽ, ശരത് പവാറും മരുമകൻ അജിത് പവാറും തമ്മിൽ, അണിയറയിൽനിന്നുകൊണ്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ശരത് പവാറി​ന്റെ കുടുംബത്തിന് വോട്ടുചെയ്യുക എന്നതിൽ കവിഞ്ഞൊരു തെരഞ്ഞെടുപ്പ് വർഷങ്ങളായി ഇല്ലാത്ത വോട്ടർമാരെ സംബന്ധിച്ച് തികച്ച ആശയക്കുഴപ്പമാണ് ഇത്തവണ ബാരാമതി സൃഷ്ടിച്ചിരിക്കുന്നത്.

Election Desk

ഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ, വർഷങ്ങളായി ശരത് പവാർ കുടുംബത്തെ ലോക്സഭയിലേക്കയക്കുന്ന വോട്ടർമാർ ഇത്തവണ കടുത്ത ആശയക്കുഴപ്പത്തിലാണ്.

രണ്ടു സ്ഥാനാർഥികൾ, അതും മകളും മരുമകളും പരസ്പരം മത്സരിക്കുന്നു. രണ്ടുപേരും പവാർ കുടുംബത്തിൽനിന്ന്.
ആരാണ് ശരിക്കുമുള്ള പവാർ?.

കഴിഞ്ഞ മൂന്നു തവണ തുടർച്ചയായി ‘മകൾ പവാറെ’ തെരഞ്ഞെടുത്ത സ്ഥിതിക്ക് ഇത്തവണ ‘മരുമകൾ പവാറി’ന് വോട്ടു ചെയ്യാനാണ് ശരത് പവാറിന്റെ മരുമകൻ അജിത് പവാറിന്റെ അഭ്യർഥന.
എന്നാൽ, മകൾ പവാറാണ് ‘ഒറിജിനൽ പവാർ’ എന്ന് ശരത് പവാർ പ്രഖ്യാപിച്ചതോടെ ബാരാമതി സ്തംഭിച്ചുനിൽക്കുകയാണെന്നു പറയാം.

ദേശീയ രാഷ്ട്രീയത്തിൽ കുടുംബങ്ങളെക്കൊണ്ട് വട്ടംകറങ്ങിയ രാഷ്ട്രീയപാർട്ടികൾ ഏറെയുണ്ട്. എന്നാൽ, ഒരു കുടുംബത്തെക്കൊണ്ട് ഇത്ര പുലിവാലു പിടിച്ച വോട്ടർമാർ മറ്റെവിടെയുമുണ്ടാകില്ല, ബാരാമതിയിലേതുപോലെ. ശരത് പവാറി​ന്റെ കുടുംബത്തിന് വോട്ടുചെയ്യുക എന്നതിൽ കവിഞ്ഞൊരു തെരഞ്ഞെടുപ്പ് വർഷങ്ങളായി അവരുടെ മുന്നിലുണ്ടായിട്ടില്ല. ഇത്തവണയും ‘പവാർ സാഹിബി’ന്റെ കുടുംബത്തിനുതന്നെയാണ് വോട്ടു ചെയ്യുക. കുടുംബത്തിലെ ആർക്ക് എന്നൊരു അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഇത്തവണ അവർക്ക് നടത്തേണ്ടിവരും എന്നതാണ് പ്രതിസന്ധിക്കു കാരണം. ഇത്തവണ ശരിക്കും മത്സരം അച്ഛനായ ശരത് പവാറും മരുമകൻ അജിത് പവാറും തമ്മിലാണെന്നു പറയാം.

സുപ്രിയ സുലേ ശരദ് പവാറിനൊപ്പം

ശരത് പവാറിന്റെ മകളും സിറ്റിങ് എം.പിയുമായ സുപ്രിയ സുളെയാണ് എൻ.സി.പി പവാർ പക്ഷ സ്ഥാനാർഥി.

എൻ.ഡി.എയുടെ എതിർ സ്ഥാനാർഥിയും ഇതേ കുടുംബത്തിൽനിന്നുതന്നെ- പവാറിന്റെ മരുമകൾ സുനേത്ര. ശരത് പവാറിന്റെ മരുമകൻ അജിത് പവാറിന്റെ പങ്കാളിയാണ് സുനേത്ര.

എൻ.സി.പിയിലെ പിളർപ്പ് പവാർ കുടുംബത്തിലുമുണ്ടാക്കിയ പിളർപ്പിന്റെ അനന്തരഫലമാണ് ഈ മകൾ- മരുമകൾ പോര് എന്നും പറയാം.

ആകെക്കൂടി ആശയക്കുഴപ്പത്തിലായ വോട്ടർമാർക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഒരു സൂത്രവും ഉപദേശിച്ചു: നിങ്ങൾ ശരത് പവാറിന്റെ മകളെ മൂന്നുതവണ തെരഞ്ഞെടുത്തിട്ടുണ്ടല്ലോ. ഇത്തവണ അത് മരുമകളെയാകട്ടെ. സുനേത്രയെ തെരഞ്ഞെടുത്താലും നിങ്ങൾ പവാറിന്റെ കുടുംബത്തിൽനിന്ന് ഒരാളെത്തന്നെയാണല്ലോ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട്, ഒരുതരം ആശയക്കുഴപ്പവും വേണ്ട.

പവാർ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരവസരം കൊടുക്കണമെന്ന പക്ഷക്കാരൻ കൂടിയാണ് അജിത്: 1991-ൽ നിങ്ങൾ പവാറിന്റെ മരുമകനായ എന്നെ ലോക്‌സഭയിലേക്ക് അയച്ചു. പിന്നീട് സാക്ഷാൽ പവാർ സാഹിബിനെ തെരഞ്ഞെടുത്തു. പിന്നെ, അദ്ദേഹത്തിന്റെ മകളെ, അതും മൂന്നുവട്ടം. ഇപ്പോഴിതാ, മരുമകളുടെ ഊഴമാണ്. അവരെ തെരഞ്ഞെടുക്കുക. അങ്ങനെ എല്ലാം ഒരു ബാലൻസിംഗിൽ പോകട്ടെ. അങ്ങനെയായാൽ അച്ഛനും മകൾക്കും മരുമകനും മരുമകൾക്കും അത് സന്തോഷകരമാകുകയും ചെയ്യും.

വോട്ടര്‍മാരെ കാണുന്ന സുനേത്ര

എന്നാൽ, ഇതിനെ കുടുംബപ്പോരായല്ല സുപ്രിയ കാണുന്നത്: ജനാധിപത്യത്തിൽ ആർക്കും മത്സരിക്കാം. എന്താണ് എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? ഇതൊരു ഐഡിയോളജിക്കൽ മത്സരമാണ്. ബാരാമതി പിടിച്ചെടുക്കാനുള്ള ബി.ജെ.പി തന്ത്രമാണ് കുടുംബപ്പോരിലേക്ക് നയിച്ചത് എന്നാണ് സുപ്രിയ പറയുന്നത്: ചേട്ടന്റെ പങ്കാളി അമ്മയെപ്പോലെയാണ്. ശരിക്കും ബി.ജെ.പി എനിക്കെതിരെ അമ്മയെ തന്നെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽനിന്നുള്ള ഒരു അദൃശ്യശക്തി മഹാരാഷ്ട്ര പിടിച്ചെടുക്കാൻ ശ്രമിക്കുന്നു, ബ്രിട്ടീഷുകാർ ഇന്ത്യയോട് ചെ്തതുപോലെ എന്നാണ് ഈ ‘ഐഡിയോളജിക്കൽ പോരാട്ട’ത്തെ സുപ്രിയ വിശദീകരിക്കുന്നത്: ഒരു വശത്ത് ഭരിക്കുന്ന സർക്കാർ, മറുവശത്ത് എന്റെ അച്ഛനും ഞങ്ങളുടെ ഐഡിയോളജിയും. അച്ഛനെ കൈവിടാൻ എനിക്കാവില്ല.

സുപ്രിയയും സുനേത്രയും കാമ്പയിനിൽ ഇതുവരെ ‘നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല’ എന്നതാണ് ഏക ആശ്വാസം. എന്നിട്ടും ബാരാമതിയിലെ വോട്ടർമാർ ആകെക്കൂടി ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

എം.എൽ.എയെന്ന നിലയ്ക്ക് ബാരാമതിയിലെ ജനങ്ങളുമായി അടുത്ത ബന്ധമുള്ള അജിത്, പങ്കാളിയുടെ വിജയത്തിനായി പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ ദിവസം, സ്വന്തം കുടുംബത്തിലെ പഴയ ഒരു വീഡിയോ തന്നെ പുറത്തുകൊണ്ടുവന്നു. ശരത് പവാർ സിനിമാസംവിധായകൻ ജബ്ബാർ പട്ടേലുമായി സംസാരിക്കുന്നതാണ് വീഡിയോയിൽ. പെൺകുട്ടികൾക്ക് രാഷ്ട്രീയത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചാണ് ശരത് പവാർ സംസാരിക്കുന്നത്.

ജബ്ബാര്‍ പട്ടേല്‍

ജബ്ബാർ പട്ടേൽ പവാറിനോട് ചോദിക്കുന്നു: താങ്കൾക്ക് ഒരു മകളാണുള്ളത്. നമ്മുടെ രാജ്യത്തുള്ള പൊതുമനോഭാവമനുസരിച്ച്, കുടുംബത്തിൽ ഒരു ആൺകുട്ടി കൂടി വേണമെന്നുണ്ട്. ഈയൊരു വിഷയത്തെ താങ്കൾ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?

ശരത് പവാറിന്റെ മറുപടി: ശരിയാണ്, ഞാനീ ചോദ്യം നേരിട്ടിട്ടുണ്ട്. നാം മരിച്ചാൽ അന്ത്യകർമം ചെയ്യാൻ മകൻ വേണം, അല്ലെങ്കിൽ ജീവിച്ചിരിക്കുമ്പോൾ നമുക്കൊപ്പം മകൻ വേണം എന്നെല്ലാം പറയാറുണ്ട്. പെൺമക്കളെയും ആൺമക്കളെയും കുറിച്ചുള്ള നമ്മുടെ ഈ മനോഭാവം മാറ്റേണ്ട സമയമായി. പെൺകുട്ടികൾക്കും തുല്യമായ അവസരങ്ങൾ നൽകണം, അതുവഴി അവരുടെ ആത്മവിശ്വാസം വളർത്തണം, അങ്ങനെ അവരെ മികവിന്റെ ലോകത്തേക്കു നയിക്കണം.

ഇങ്ങനെ പറഞ്ഞയാളുടെ കുടുംബത്തിൽനിന്ന് രണ്ടു സ്ത്രീകൾ മത്സരിക്കുമ്പോൾ നിങ്ങൾ ആർക്ക് വോട്ടുചെയ്യും എന്നാണ് മരുമകനായ അജിത് പവാർ ബാരാമതിയിലെ വോട്ടർമാരോട് ചോദിക്കുന്നത്. തുടർച്ചയായി മൂന്നുതവണ പവാറിന്റെ മകളെ തെരഞ്ഞെടുത്ത സ്ഥിതിക്ക് ഇത്തവണ മരുമകളെയല്ലേ ജയിപ്പിക്കേണ്ടത് എന്നാണ്, ശരത് പവാറിന്റെ തന്നെ മനോഭാവം ചൂണ്ടിക്കാട്ടി അജിത് ആവശ്യപ്പെടുന്നത്.
ശരിക്കും കുഴഞ്ഞുപോകില്ലേ വോട്ടർമാർ?

എന്നാൽ, അന്നത്തെ പവാറല്ല ഇന്നത്തെ പവാർ എന്ന്, ഇന്നലത്തെ ഒരു മറുപടിയിലൂടെ ശരത് പവാർവ്യക്തമാക്കിക്കഴിഞ്ഞു. 'മരുമകളെ തെരഞ്ഞെടുക്കൂ' എന്ന അജിത് പവാറിന്റെ അഭ്യർഥനക്ക്, 'ഒരാൾ ഒറിജിനൽ പവാർ, മറ്റേത് പുറത്തുനിന്നുവന്ന പവാർ' എന്നാണ് വ്യാഴാഴ്ച പുനെയിൽ നടന്ന വാർത്തസമ്മേളനത്തിൽ ശരത് പവാർ തിരിച്ചടിച്ചത്. മകളെ 'ഒറിജിനൽ' എന്നും മരുമകളെ 'പുറത്തുനിന്നുവന്നവൾ' എന്നും വിശേഷിപ്പിച്ചത് വോട്ടർമാർ എങ്ങനെയെടുക്കുമെന്നു കാണണം.

''ബാരാമതിയിലെ വോട്ടർമാർ ദീർഘകാലമായി പവാർ കുടുംബത്തിനോടൊപ്പമാണ്. ഇപ്പോൾ ഒരു കുടുംബത്തിൽനിന്നുതന്നെ രണ്ട് സ്ഥാനാർഥികൾ വരുമ്പോൾ സ്വഭാവികമായും ആർക്ക് വോട്ട് ചെയ്യണമെന്ന ചിന്തയുണ്ടാകും. എന്നാൽ, ഇത് ലളിതമായ ഒരു കാര്യമാണ്. നിങ്ങൾ ഏറെ കാലമായി പവാറുകൾക്കൊപ്പമായിരുന്നതുകൊണ്ട് ഇത്തവണയും സുനേത്ര പവാർ എന്ന പവാറിനുതന്നെ വോട്ടു ചെയ്യുക’’, ശരത് പവാർ പറയുന്നു.

അജിത്ത് പവാര്‍ / Photo: Facebook

ഇത്തവണ വോട്ടർമാരും അതിയായ ആവേശത്തിലാണ്. മെയ് ഏഴിന് തെരഞ്ഞെടുപ്പു നടക്കുന്ന ഇവിടെ, വോട്ടർ രജിസ്‌ട്രേഷനുള്ള അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. ജനുവരി മുതൽ 50,000 പുതിയ വോട്ടർ അപേക്ഷകളാണ് പുനെയിലെ രജിസ്‌ട്രേഷൻ ഓഫീസിലെത്തിയത്.

എൻ.സി.പിയെ പിളർത്തി, പാർട്ടിയുടെയും കുടുംബത്തിന്റെയും ഒരു ഭാഗവും കൊണ്ട് ബി.ജെ.പിയിലേക്കുപോയ അജിത് പവാറിന് ഇത്തവണ ബാരാമതിയിൽ ഏറെ അനുകൂല ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം പാർട്ടി ചിഹ്‌നം തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ബാരാമതിക്കാർ കണ്ണും പൂട്ടി വോട്ട് ചെയ്തിരുന്ന ഘടികാര ചിഹ്‌നം ഇത്തവണ സ്വന്തമാക്കാനായി, മാത്രമല്ല, എൻ.സി.പി എന്ന പേരും.

83 കാരനായ ശരത് പവാറിന് എന്നിട്ടും കുലുക്കമില്ല. ഇത്തവണ ചിഹ്‌നം ഘടികാരമല്ല എന്നും കൊമ്പ് ആണെന്നും വോട്ടർമാരോട് പറഞ്ഞുകൊടുക്കാൻ അണികളെ ഏൽപ്പിച്ച് തികച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

1996-നുശേഷം ബാരാമതിയിൽ പവാർ കുടുംബത്തിനുപുറത്തുനിന്ന് ആരും ജയിച്ചിട്ടില്ല. നാലു തവണ തുടർച്ചയായി ശരത് പവാറും മൂന്നുതവണ മകൾ സുപ്രിയയുമാണ് ജയിച്ചുവരുന്നത്. 2019-ൽ സുപ്രിയ ബി.ജെ.പിയുടെ കാഞ്ചൻ ആർ. കൂൽ നേടിയ 4,93,000 വോട്ടിനെതിരെ 6,50,000 വോട്ട് നേടിയാണ് ജയിച്ചത്.

എന്‍.സി.പിയുടെ പരമ്പരാഗത ചിഹ്നമായ ക്ലോക്ക് ഇത്തവണ അജിത് പവാറിനാണ് ലഭിച്ചിരിക്കുന്നത്. കൊമ്പാണ് ശരദ് പവാറിന്റെ പാര്‍ട്ടിയുടെ ചിഹ്നം.

കുടുംബത്തിനുലഭിക്കുന്ന വോട്ടുകളെല്ലാം തനിക്ക് ലഭിക്കുന്ന വോട്ടാണെന്നാണ് ശരത് പവാർ പറയുന്നത്. അതുകൊണ്ട് പാർട്ടിയുടെ പേരും ചിഹ്‌നവും നഷ്ടമായെങ്കിലും കുലുക്കമില്ലാതെ നേരിടുകയാണ് ഈ തെരഞ്ഞെടുപ്പും. പാർട്ടി പിളർത്തിയ ബി.ജെ.പി അജിത് പവാറിലൂടെ തന്റെ കുടുംബത്തെയും പിളർക്കാൻ ശ്രമിക്കുന്നുവെന്ന രോഷം സങ്കടമായി ശരത് പവാർ അണികളിലേക്ക് പകരുന്നുമുണ്ട്.

ബാരാമതി ലോക്‌സഭാ മണ്ഡലത്തിലെ ബാരാമതി എന്നുതന്നെ പേരുള്ള നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് അജിത് പവാർ.

1967-ൽ ശരത് പവാർ ബാരാമതിയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചത് 27ാം വയസ്സിൽ. 38 വയസ്സുള്ളപ്പോൾ മുഖ്യമന്ത്രിയായി, മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. പിന്നീട് ആറു തവണ ബാരാമതി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999-ലാണ് ശരത് പവാർ എൻ.സി.പി രൂപീകരിച്ചത്. കഴിഞ്ഞവർഷം അജിത് പവാർ പാർട്ടി പിളർത്തി ഏതാനും എം.എൽ.എമാരോടൊപ്പം എൻ.ഡി.എയുടെ ഭാഗമാകുകയും ഏക്‌നാഥ് ഷിൻഡേ സർക്കാറിന്റെ ഭാഗമാകുകയും ചെയ്തു. നിയമസഭാ സ്പീക്കറും കേന്ദ്ര തെരഞ്ഞെടുപ്പുകമീഷനും അജിത് പവാർ പക്ഷത്തെ യഥാർഥ എൻ.സി.പിയായി പരിഗണിച്ച് പേരും ചിഹ്‌നവും വിട്ടുനൽകിയതാണ് ശരത് പവാറിന് ഇത്തവണ തിരിച്ചടിയായത്.

മൊബൈൽ ഫോൺ വന്നപ്പോൾ ക്ലോക്കുകളും വാച്ചുകളും അപ്രസക്തമായെന്ന സുപ്രിയ ആശ്വാസം കൊള്ളുന്നുണ്ടെങ്കിലും, പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടമായത് ശരത് പവാർ പക്ഷത്തെ സംബന്ധിച്ച് അത്ര ആശ്വാസകരമല്ല.

Comments