ബി ജെ പി നേതാവ് ആം ആദ്മിയിൽ; പഞ്ചാബിൽ ബി ജെ പിയുടെ നില ദയനീയം

2014 മുതലിങ്ങോട്ടാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വേരോട്ടം തുടങ്ങിയത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. പഞ്ചാബിലെ 13 സീറ്റുകളിലും വിജയം നേടാനുള്ള ശ്രമത്തിലാണ് നിലവിൽ പാർട്ടി.

Election Desk

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂൺ ഒന്നിനാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക. ബി ജെ പിക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധങ്ങളും മദ്യ അഴിമതിക്കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ അരവിന്ദ് കേജ്രിവാളിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുമെല്ലാം പഞ്ചാബ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ കൂടുതൽ സംഭവബഹുലമാക്കുന്നുണ്ട്. അതിനിടെയാണ് പഞ്ചാബിലെ ബി ജെ പി നേതാവ് സ്വരൺ സലാറിയ ആംആദ്മി പാർട്ടിയിൽ ചേർന്ന വാർത്ത കൂടി പുറത്ത് വരുന്നത്.

ഗുരുദാസ്പൂർ ലോക്‌സഭ സീറ്റിൽ ബി ജെ പി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബി ജെ പി നേതാവായ സ്വരൺ സലാരിയ തിങ്കളാഴ്ച ആം ആദ്മി പാർട്ടിയിൽ ചേർന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനാണ് സലരിയയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബി ജെ പിയിൽ നിന്നും ആം ആദ്മിയിലേക്കുള്ള സലാരിയയുടെ കൂടുമാറ്റം എ എ പിയെ പഞ്ചാബിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പാർട്ടി പ്രസ്താവനയിൽ പറയുന്നത്. ബി ജെ പി എം.പിയും നടനുമായ വിനോദ് ഖന്നയുടെ മരണത്തേതുടർന്ന് 2017ൽ ഗുരുദാസ്പൂരിൽ നിന്ന് ബി ജെ പി ടിക്കറ്റിൽ മത്സരിച്ചയാളാണ് സലാരിയ. എന്നാൽ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ സുനിൽ ജാഖറിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. നിലവിൽ ഗുരുദാസ്പൂരിലെ സീറ്റിൽ സലാരിക്ക് പകരം മുൻ എം എൽ എ ദിനേഷ് ബാബുവിന് അവസരം നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ബി ജെ പി നേതാവായ സ്വരൺ സലാരിയെ സ്വാഗതം ചെയ്യുന്നു
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ബി ജെ പി നേതാവായ സ്വരൺ സലാരിയെ സ്വാഗതം ചെയ്യുന്നു

നിലവിൽ ബി ജെ പിയുടെ പഞ്ചാബിലെ നിലനിൽപ്പ് പരിങ്ങലിലാണെന്നാണ് വിലയിരുത്തലുകൾ. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിലെയും ഹരിയാനയിലെയും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നിരവധി പ്രക്ഷോഭ പരമ്പരയാണ് നടക്കുന്നത്. ബി ജെ പി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പലയിടത്തും കർഷകരുടെ നേതൃത്വത്തിൽ തടസപ്പെടുത്തുന്നുണ്ട്. അതിനെ തുടർന്ന് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് കാമ്പയിൻ നടത്താൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഇലക്ഷൻ കമീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

ഡൽഹി ചലോ കർഷക പ്രക്ഷോഭം അടിച്ചമർത്താൻ നീക്കം നടത്തിയ കേന്ദ്രസർക്കാറിനോടുള്ള പ്രതിഷേധമാണ് നിലവിൽ പഞ്ചാബിൽ ബി ജെ പി വിരുദ്ധ സമരമായി രൂപപ്പെട്ടിരിക്കുന്നത്. ഡൽഹി ചലോ മാർച്ച് ആരംഭിച്ചതിനുശേഷം 19 കർഷകരുടെ മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്രയും കർഷക മരണങ്ങൾ പഞ്ചാബിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തെ സൃഷ്ടിച്ചു.

ബി ജെ പി പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും കർഷക സമരം തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് കാമ്പയിൻ ടൂളായി ഉപയോഗിക്കുന്നത്. കർഷക സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമങ്ങളും മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്നുണ്ട്. കേന്ദ്രവും കന്ദ്രവും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ മുഖ്യമന്ത്രി ഭഗവന്ത് മാനായിരുന്നു മധ്യസ്ഥൻ. മാത്രമല്ല, കൊല്ലപ്പെട്ട യുവ കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചും മറ്റും സംസ്ഥാന ഭരണകൂടം കർഷകർക്ക് ഒപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാനും മുഖ്യമന്ത്രിക്കായി.

ശംഭു, ഖനൗരി അതിർത്തികളിൽ നടന്ന കർഷകർ ധർണ്ണ
ശംഭു, ഖനൗരി അതിർത്തികളിൽ നടന്ന കർഷകർ ധർണ്ണ

2014 മുതലിങ്ങോട്ടാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വേരോട്ടം തുടങ്ങിയത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റും നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും പാർട്ടിക്കുണ്ട്. പഞ്ചാബിലെ 13 സീറ്റുകളിലും വിജയം നേടാനുള്ള ശ്രമത്തിലാണ് നിലവിൽ പാർട്ടി.

ശിരോമണി അകാലിദളുമായി സഖ്യത്തിൽ മത്സരിച്ച ബി ജെ പിക്ക് കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്നു. ആ സഖ്യം ഇത്തവണ ഇല്ല. ഇവിടെ കോൺഗ്രസും ആപ്പും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മിക്ക് ഏറ്റവും സ്വാധീനമുള്ള പഞ്ചാബില് അരവിന്ദ് കെജ്രിവാൾ കൂടി അവസാന ലാപ്പിൽ പ്രചരണത്തിനെത്തുന്നതോടെ ബി ജെ പിയുടെ നില അതി ദയനീയമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോൺഗ്രസിന്റെ മുൻ എം.എൽ.എയായ ഗുർപ്രീത് സിങ് ജെ.പിയും
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോൺഗ്രസിന്റെ മുൻ എം.എൽ.എയായ ഗുർപ്രീത് സിങ് ജെ.പിയും

ബി ജെ പിയിൽ നിന്ന് മാത്രമല്ല കോൺഗ്രസിൽ നിന്നും നേതാക്കന്മാർ ആം ആദ്മിയിലേക്ക് കൂടുമാറയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിന്റെ മുൻ എം.എൽ.എയായ ഗുർപ്രീത് സിങ് ജെ.പി, ആംആദ്മി പാർട്ടി അംഗത്വം നേടിയിരുന്നു. പഞ്ചാബ് സർക്കാരിന്റെ ജനകീയതയിൽ ആകൃഷ്ടനായാണ് കോൺഗ്രസ് വിടുന്നതെന്നാണ് ഗുർപ്രീത് സിങ് വിശദീകരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അകാലിദൾ– ബിഎസ്പി സ്ഥാനാർഥിയായി അനന്തപുരിൽ മത്സരിച്ച നിതിൻ നന്ദയും എഎപിയില ചേർന്നിരുന്നു.

Comments