ചലച്ചിത്ര മേഖലയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചവരായി നിരവധി പേരുണ്ട് തമിഴ്നാട്ടിൽ. അതിൽ വലിയ വിജയം നേടിയ രണ്ട് പേർ മരുതർ ഗോപാലൻ രാമചന്ദ്രനെന്ന മലയാളിയായ എം.ജി.ആറും തമിഴക രാഷ്ട്രീയത്തിലെ പുരട്ചി തലൈവി ജയലളിതയുമാണ്.
തിരക്കഥാകൃത്തായി ഇവർക്കൊപ്പം സിനിമയിലുണ്ടായിരുന്ന കലൈഞ്ജർ എം.കരുണാനിധി ഇവരുടെ എതിർപക്ഷത്തുമുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലും ഒന്നിച്ച് തുടങ്ങിയ കരുണാനിധിയും എംജിആറും പിന്നീട് രണ്ട് പക്ഷത്തായി വേർപിരിഞ്ഞവരാണ്.
ദ്രവീഡിയൻ രാഷ്ട്രീയത്തിൻെറ പതാകാവാഹകരായ ഇരുവരും ഡിഎംകെയെയും എ.ഐ.എ.ഡി.എം.കെയെയും നയിച്ചു. എംജിആറിൻെറ മരണശേഷമാണ് ജയലളിത രാഷ്ട്രീയത്തിൽ കരുത്തയായ നേതാവായി വളരുന്നത്. മൂവരും ദശകങ്ങളോളം തമിഴ്നാടിൻെറ മുഖ്യമന്ത്രിമാരും ആയിരുന്നു.
കരുണാനിധിയുടെ നേതൃത്വത്തിൽ ഡി.എം.കെ ഒരു പരിധി വരെ കേഡർ പാർട്ടിയായി വളർന്നപ്പോൾ എം.ജി.ആറിൻെറ കാലത്ത് ‘ഏഴൈ തോഴർ’ ഇമേജുണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ ജയലളിതയുടെ കാലത്ത് വെൽഫെയർ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിൻെറ തന്നെ മുഖമുദ്രയായി മാറുകയും ചെയ്തു.
തമിഴ് മണ്ണിൽ സിനിമയ്ക്കും രാഷ്ട്രീയത്തിനും അഭേദ്യമായ ബന്ധമുണ്ട്. സിനിമയിൽ നായകരായവരെ തമിഴർ രാഷ്ട്രീയത്തിലും നേതൃസ്ഥാനത്തേക്ക് ഉയർത്തി.
ശിവാജി ഗണേശൻെറ പാർട്ടി
സിനിമയിൽ വലിയ താരപ്രഭയുണ്ടായിട്ടും രാഷ്ട്രീയ പാർട്ടി തുടങ്ങി പരാജയപ്പെട്ട് പോയ താരമാണ് ശിവാജി ഗണേശൻ. എം.ജി.ആറും ജയലളിതയും കരുണാനിധിയും പയറ്റിത്തെളിഞ്ഞിടത്ത് ശിവാജിക്ക് കാലിടറി.
അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രവീഡിയൻ രാഷ്ട്രീയത്തിൻെറ ഭാഗമായാണ് ശിവാജിയും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 1950-ൽ തിരുമല വെങ്കടേശ്വര ക്ഷേത്രം സന്ദർശിച്ചതോടെ ശിവാജിക്കെതിരെ ദ്രവീഡിയൻ രാഷ്ട്രീയത്തിനുള്ളിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയർന്നുവന്നു.
നിരീശ്വരവാദത്തിൽ അധിഷ്ടിതമായ തങ്ങളുടെ യുക്തിചിന്തയുടെ രാഷ്ട്രീയപാതയിൽ സഞ്ചരിക്കുന്നയാളല്ല ശിവാജിയെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലായിരുന്നു വിമർശനം. ഇതിന് പിന്നാലെ ശിവാജി കോൺഗ്രസിലേക്ക് മാറി. മുതിർന്ന കോൺഗ്രസ് നേതാവ് കാമരാജിൻെറ അനുയായിട്ടായിരുന്നു അടുത്ത ഘട്ടം.
എ.ഐ.എ.ഡി.എം.കെയിൽ ജയലളിതയെ പിന്തുണയ്ക്കണമോ, എം.ജി.ആറിൻെറ ഭാര്യ ജാനകി രാമചന്ദ്രനെ പിന്തുണയ്ക്കണമോ എന്ന ചർച്ചകൾ കോൺഗ്രസിൽ നടക്കവേ ശിവാജി അവിടെ നിന്നും പടിയിറങ്ങി. അങ്ങനെയാണ് 1988-ൽ തമിഴക മുന്നേട്ര മുന്നണിയെന്ന (ടി.എം.എം) സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. സിനിമയിലെ താരപ്രഭ കൊണ്ടൊന്നും രാഷ്ട്രീയത്തിൽ വിജയിക്കാൻ ശിവാജിക്ക് സാധിച്ചില്ല.
1989-ൽ ജാനകി രാമചന്ദ്രനെ പിന്തുണച്ച് കൊണ്ടാണ് പാർട്ടി മത്സരിച്ചത്. എന്നാൽ, മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടു. തിരുവായരു മണ്ഡലത്തിൽ മത്സരിച്ച ശിവാജി ഗണേശൻ ഡി.എം.കെ സ്ഥാനാർഥിയോട് തോൽക്കുകയും ചെയ്തു. 10643 വോട്ടുകൾക്കായിരുന്നു തോൽവി. “നമ്മൾ തെറ്റായ തീരുമാനം എടുക്കുമ്പോൾ നിരാശപ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്,” തെരഞ്ഞെടുപ്പിൽ തനിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ശിവാജി ഗണേശൻ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. പാർട്ടിക്കൊപ്പം താനും ദയനീയമായി തോറ്റതോടെ ശിവാജി രാഷ്ട്രീയം മതിയാക്കി പോവുകയാണ് ചെയ്തത്.
കമൽഹാസനും വേരുറപ്പിക്കാനായില്ല
ചലച്ചിത്രജീവിതം ഏകദേശം പരിസമാപ്തിയിൽ എത്തിയ ഘട്ടത്തിലാണ് കമൽഹാസൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2018 ഫെബ്രുവരി 21ന് മധുരയിൽ വെച്ചാണ് മക്കൾ നീതി മയ്യം (എം.എൻ.എം) എന്ന രാഷ്ട്രീയ പാർട്ടി കമൽ പ്രഖ്യാപിക്കുന്നത്.
രജനീകാന്തും രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് ഇടയിലായിരുന്നു കമൽ സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. ദ്രവീഡിയൻ രാഷ്ട്രീയത്തിലൂന്നിയ ഡി.എം.കെയോടും എ.ഐ.എ.ഡി.എം.കെയോടും ഒരുപോലെ അകലം പാലിച്ച് കൊണ്ടായിരുന്നു മക്കൾ നീതി മയ്യം വന്നത്. എക്കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തിൻെറ വിമർശകൻ കൂടിയാണ് കമൽ.
പാർട്ടി പ്രഖ്യാപിച്ച് ആറ് വർഷമായിട്ടും തമിഴ്നാട് രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ കമലിനും അദ്ദേഹത്തിൻെറ പാർട്ടിക്കും സാധിച്ചില്ല. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായാണ് എം.എൻ.എം നിന്നത്. എന്നാൽ കമൽഹാസൻ മത്സരിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽ വലിയ ചലനമൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത കമലും പാർട്ടിയും ഇപ്പോൾ കാര്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല.
രാഷ്ട്രീയം വേണ്ടെന്ന് വെച്ച രജനി
തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നടനാണ് രജനികാന്ത്. തമിഴ് രാഷ്ട്രീയത്തിൽ അദ്ദേഹം പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇടപെട്ടിട്ടുമുണ്ട്. ഒരു ഘട്ടത്തിൽ ഡി.എം.കെയെയും മറ്റൊരു ഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെയെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. 1996-ലെ തെരഞ്ഞെടുപ്പിലാണ് രജനി പരസ്യമായി ഡി.എം.കെയെ പിന്തുണച്ചത്.
“ജയലളിത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല,” എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അദ്ദേഹം പറഞ്ഞത്. 1998ലും ഡി.എം.കെയെ അദ്ദേഹം തെരഞ്ഞെടുപ്പിൽ പിന്തുണച്ചിരുന്നു. 21 വർഷങ്ങൾക്ക് ശേഷം 2019-ൽ ഡിഎംകെയെ അന്ന് പിന്തുണച്ചത് തെറ്റായിപ്പോയെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് രജനി.
2002-ലാണ് താൻ സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന തരത്തിൽ രജനി സൂചന നൽകിയത്. 2004-ൽ അദ്ദേഹം ബിജെപി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ നൽകി. 2015-ന് ശേഷമാണ് രജനി സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചനകൾ വീണ്ടും ശക്തമായത്. എന്നാൽ 2018ൽ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി പരസ്യമായി പ്രഖ്യാപിച്ചു.
വിജയം നേടിയ വിജയകാന്ത്
തമിഴ്നാട് രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച സിനിമാതാരങ്ങളിലെ മറ്റൊരു പേര് വിജയകാന്തിൻെറയാണ്. 2005-ലാണ് വിജയകാന്ത് ദേശീയ മുർപ്പോക്കു ദ്രാവിഡ മുന്നേട്ര കഴഗം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. മുന്നണി രാഷ്ട്രീയത്തിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒപ്പം ചേർന്നും, ഇടയ്ക്ക് ഡി.എം.കെയോട് ചാഞ്ഞുമൊക്കെയായിരുന്നു വിജയകാന്തിൻെറ രാഷ്ട്രീയ വഴി.
1991-ൽ അഭിനയിച്ച ക്യാപ്റ്റൻ പ്രഭാകരൻ എന്ന സിനിമയ്ക്ക് ശേഷമാണ് വിജയകാന്തിന് ക്യാപ്റ്റൻ എന്ന വിളിപ്പേര് വരുന്നത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും അദ്ദേഹം ജനങ്ങൾക്ക് ക്യാപ്റ്റനായി മാറി.
2006ൽ മത്സരിച്ചപ്പോൾ 8.38 ശതമാനം വോട്ട് പിടിക്കാൻ ഡി.എം.ഡി.കെയ്ക്ക് സാധിച്ചു. വൃദ്ധാചലത്ത് നിന്ന് മത്സരിച്ച് ജയിച്ച് വിജയകാന്ത് എം.എൽ.എയായി. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 10.3 ശതമാനം വോട്ട് ഷെയർ സ്വന്തമാക്കി. 2011-ലെ തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒപ്പമാണ് വിജയകാന്തിൻെറ പാർട്ടി മത്സരിച്ചത്.
29 സീറ്റുകളിൽ വിജയം നേടി തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമെന്ന സ്ഥാനം ഡി.എം.ഡി.കെയ്ക്ക് ലഭിച്ചു. ദ്രവീഡിയൻ രാഷ്ട്രീയത്തിൽ ഡി.എം.കെയ്ക്കും എ.ഐ.ഡി.എം.കെയ്ക്കും ബദലായി ഒരു രാഷ്ട്രീയ പാർട്ടിക്ക് സാധ്യതയുണ്ടെന്ന് തെളിയിച്ച നേതാവായി വിജയകാന്ത് വളർന്നു.
നാല് പതിറ്റാണ്ടിനിടയിൽ ആദ്യാമായാണ് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അല്ലാതെ മറ്റൊരു പാർട്ടി പ്രതിപക്ഷത്തെത്തിയത്. പാർട്ടി രൂപീകരിച്ച് വെറും ആറ് വർഷം കൊണ്ടാണ് വിജയകാന്ത് പ്രതിപക്ഷ നേതാവായി വളർന്നത് എന്നോർക്കണം. 2011-ലെ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടായിരുന്നു വിജയകാന്തിൻെറ പാർട്ടിയുടെ വളർച്ച.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 5.1 ശതമാനവും 2016-ൽ വെറും 2.4 ശതമാനും മാത്രമാണ് പാർട്ടിക്ക് സംസ്ഥാനത്താകെ വോട്ട് ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു മൂന്നാം ബദലിന് സാധ്യതയുണ്ടെന്ന് തെളിയിച്ചുവെന്നതാണ് വിജയകാന്തിൻെറ പാർട്ടിയുടെ പ്രസക്തി.
രാഷ്ട്രീയത്തിൽ ഇറങ്ങിയവരിൽ ഇവരും
തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ കെ.ഭാഗ്യരാജ് 1989-ൽ എം.ജി.ആർ മക്കൾ മുന്നേട്ര കഴകമെന്ന പേരിൽ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയൊന്നും പാർട്ടിക്ക് ഉണ്ടായില്ല. നടനും സംവിധായകനുമായ ടി.രാജേന്ദർ, നടൻമാരായ കാർത്തിക്, ശരത് കുമാർ എന്നിവരും രാഷ്ട്രീയരംഗത്ത് പയറ്റി നോക്കിയവരാണ്.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൻെറ സംസ്ഥാന സെക്രട്ടറിയായി തുടങ്ങിയ കാർത്തിക് സ്വന്തമായി രണ്ട് രാഷ്ട്രീയ പാർട്ടികളും തുടങ്ങിയിരുന്നു. ഡിഎംകെയിലൂടെ രാഷ്ട്രീയം തുടങ്ങിയ ശരത് കുമാർ 2007ൽ ഇന്ത്യ സമത്വ മക്കൾ കട്ചി എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. 2011ലും 2016ലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം വിജയിച്ച് എംഎൽഎ ആയിട്ടുണ്ട്.
രസികർ കൂട്ടത്തിൻെറ പിന്തുണയിൽ വിജയ്
ചെറുപ്പത്തിൽ മൈക്കിൾ ജാക്സൻെറ കടുത്ത ആരാധകനായിരുന്നു വിജയ്. ജാക്സൻെറ പോപ്പ് സംഗീതത്തിന് ചുവടുവെച്ച് നടന്നിരുന്ന പയ്യന് സിനിമയിൽ ഭാവിയുണ്ടെന്ന് ഉറപ്പിച്ചത് അച്ഛനും സംവിധായകനുമായ ചന്ദ്രശേഖർ.
1992-ൽ ‘നാളയ തീർപ്പ്’ എന്ന തൻെറ ചിത്രത്തിലൂടെ ചന്ദ്രശേഖർ തന്നെ വിജയ് എന്ന പുതുമുഖ നായകൻ സിനിമയിൽ അവതരിപ്പിക്കുന്നു. 1984-ൽ ബാലതാരമായി അഭിനയിച്ച വെട്രിയാണ് വിജയുടെ ആദ്യ തമിഴ് ചിത്രം. 18ാം വയസ്സിലാണ് അദ്ദേഹം നായകനടനായി അരങ്ങേറുന്നത്. പിന്നീട് അടുത്ത അഞ്ച് വർഷം വിജയ് നായകനായി അഭിനയിച്ച നിരവധി സിനിമകൾ തമിഴ്നാട് ബോക്സോഫീസിനെ ഇളക്കിമറിച്ചു.
പൂവേ ഉനക്കാഗെ, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും, ഖുശി, ഫ്രണ്ട്സ് എന്നീ സിനിമകൾ വിജയുടെ ഗ്രാഫ് ഉയർത്തി. കമൽ ഹാസൻ - രജനികാന്ത് ദ്വന്ദ്വത്തിൽ മുന്നോട്ട് പോയിരുന്ന തമിഴ് സിനിമ വിജയ് - അജിത്ത് ദ്വന്ദ്വത്തിലേക്ക് പതുക്കെ ചുവടുമാറി. രജനിക്ക് ശേഷം തമിഴ്നാട്ടിൽ ഏറ്റവും വലിയ രസികർ കൂട്ടമുള്ള നടനായി പിന്നീട് വിജയ് മാറി. തമിഴ് സിനിമയ്ക്ക് വേണ്ട എല്ലാ മസാലക്കൂട്ടും ചേർത്തൊപ്പിച്ച് ഇറങ്ങിയതായിരുന്നു മിക്ക വിജയ് സിനിമകളും. തമിഴ് യുവാക്കളാണ് താരത്തിൻെറ ഫാൻ ബെയ്സ് ആയി മാറിയത്. പ്രത്യേകിച്ച് പത്ത് വയസ്സിനും മുപ്പത് വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾ.
1998-ൽ പുറത്തിറങ്ങിയ രസികനെന്ന ചിത്രമാണ് വിജയ്ക്ക് ദളപതിയെന്ന വിളിപ്പേര് ചാർത്തിക്കൊടുക്കുന്നത്. പോക്കിരി, തിരുപ്പാച്ചി തുടങ്ങിയ സിനിമകളുടെ വിജയത്തോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൊമേഴ്സ്യൽ വാല്യൂവുള്ള നടനായി വിജയ് മാറുന്നുണ്ട്.
2003-ൽ പുറത്തിറങ്ങിയ വിജയ് ചിത്രം ഗില്ലിയാണ് തമിഴ്നാട്ടിൽ ആദ്യമായി 50 കോടി ക്ലബ്ബിലെത്തുന്നത്. ‘ബിഗിൽ’, ‘സർക്കാർ’, ‘വാരിസ്’, ‘കത്തി’, ‘മെർസൽ’, ‘ലിയോ’ ഒടുവിൽ ‘ഗോട്ട്’ വരെ വമ്പൻ ബജറ്റ് സിനിമകളുമായി തമിഴ്നാട് സിനിമയിലെ സൂപ്പർതാരമായി തിളങ്ങി നിൽക്കുമ്പോഴാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നത്. തനിക്കുള്ള വലിയ ആരാധകവൃന്ദത്തിൽ തന്നെയാണ് അദ്ദേഹത്തിൻെറ പ്രതീക്ഷ. അവരിലൂടെ പാർട്ടി പടർന്ന് പന്തലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
‘തമിഴക വെട്രി കഴഗം’ എന്ന തൻെറ പാർട്ടിയുടെ ഔദ്യോഗിക പതാകയും ഗാനവും ഇതിനോടകം വിജയ് പുറത്തിറക്കിയിട്ടുണ്ട്. പനൈയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പതാകയും ഗാനവും പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയുടെ ഇരുഭാഗത്തുമായി ഛിന്നം വിളിക്കുന്ന രണ്ട് ആനകളുണ്ട്. ജനങ്ങളുടെ പോരാട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നടുവിലുള്ള വാകപ്പൂ വിജയത്തെയും സൂചിപ്പിക്കുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തൻെറ പാർട്ടി പ്രഖ്യാപിച്ചത്. അവസാനം ഇറങ്ങിയ മിക്ക വിജയ് സിനിമകളിലും ഒരു ഗ്രാമത്തിൻെറയോ സമൂഹത്തിൻെറയോ രക്ഷകനായി അദ്ദേഹം മാറുന്ന കാഴ്ചയാണുള്ളത്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് എം.ജി.ആർ സിനിമകളിലെ നായകരും താഴെത്തട്ടിലുള്ള മനുഷ്യർക്കൊപ്പം നിന്നവരായിരുന്നു.
വിജയുടെ പാർട്ടിയുടെ ആദ്യസംസ്ഥാന സമ്മേളനം തമിഴ്നാട്ടിലെ വില്ലുപുരത്ത് ഒക്ടോബർ 27 ഞായറാഴ്ചയാണ് നടക്കുന്നത്. വിജയ് തൻെറ ജീവിതത്തിലെ ആദ്യരാഷ്ട്രീയ പ്രസംഗം നടത്താൻ പോവുകയാണ്. ചെന്നൈയിൽ നിന്നും ഏകദേശം 150 കിലോമീറ്റർ അകലെയുള്ള വിക്രവണ്ടി എന്ന പ്രദേശത്ത് വെച്ചാണ് സമ്മേളനം.
തമിഴ് സ്വത്വത്തിലൂന്നി, ദ്രവീഡിയൻ രാഷ്ട്രീയത്തെ മുറുകെപ്പിടിച്ച് തന്നെയായിരിക്കും വിജയുടെ പാർട്ടിയുടെ രാഷ്ട്രീയ ആദർശം രൂപപ്പെടുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എം.കെ. സ്റ്റാലിൻെറ നേതൃത്വത്തിലുള്ള ഡി.എം.കെ മുന്നണിയാണ് ഇന്ന് തമിഴ്നാട് ഭരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വലിയ നേട്ടമുണ്ടാക്കിയത് ഡി.എം.കെയാണ്.
ജയലളിതയുടെ മരണശേഷം വ്യക്തമായ ഒരു നേതൃത്വമില്ലാത്ത എ.ഐ.എം.ഡി.എം.കെ ശിഥിലമായിക്കഴിഞ്ഞു. ഇരു ദ്രാവിഡ പാർട്ടികൾക്കും ബദലായി നിൽക്കുക, എന്നാൽ എ.ഐ.ഡി.എം.കെയുടെ തകർച്ച മുതലെടുത്ത് ആ സ്ഥാനത്തേക്ക് കടന്നുകയറുക എന്നതായിരിക്കും പ്രായോഗിക രാഷ്ട്രീയത്തിൽ വിജയുടെ പാർട്ടി ലക്ഷ്യമിടുന്നത്. 2025-ൽ തൻെറ അവസാന സിനിമ ഇറങ്ങുന്നതോടെ പൂർണമായും ചലച്ചിത്ര മേഖല വിടുകയാണെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.
2026-ലെ തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പിനായാണ് പാർട്ടി കാത്തിരിക്കുന്നത്. സിനിമ ഉപേക്ഷിച്ച് വിജയ് രാഷ്ട്രീയ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിക്കും. എം.ജി.ആറിൻെറയും ജയലളിതയുടെയും കരുണാനിധിയുടെയും വിജയകാന്തിൻെറയുമൊക്കെ വഴിയിൽ അതൊരു വിജയമാവുമോ എന്നറിയാനാണ് രാഷ്ട്രീയത്തെ വിലയിരുത്തുന്നവർ കാത്തിരിക്കുന്നത്. വിജയുടെ പാർട്ടിയുടെ വരവോടെ 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതൽ വാശിയേറിയതായി മാറും. എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി തുടങ്ങിയ തലമുതിർന്ന രാഷ്ട്രീയ നേതാക്കൾക്കിടയിലേക്കാണ് രാഷ്ട്രീയത്തിൽ പുതുമുഖമായ വിജയുടെ എൻട്രി. സിനിമയിലൂടെ വന്ന് ഡി.എം.കെയുടെ പുതിയ തലമുറയുടെ മുഖമായി മാറിയ ഉദയനിധി സ്റ്റാലിനും വിജയുടെ എതിർപക്ഷത്തായുണ്ട്.
ദ്രാവിഡ രാഷ്ട്രീയത്തിനല്ലാതെ മറ്റൊന്നിനും ഇന്നോളം തമിഴ്നാട്ടിൽ വേരുപിടിക്കാൻ സാധിച്ചിട്ടില്ല. അതേവഴി തന്നെയാണ് താനുമെന്ന് വിജയ് ഇതിനോടകം സൂചന നൽകിയിട്ടുണ്ട്. “തമിഴൻ കൊടി പറക്കുത്, തലൈവൻ യുഗം പിറക്കുത്” - എന്ന് തുടങ്ങുന്നതാണ് ടി.വി.കെയുടെ ഔദ്യോഗികഗാനം. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ ഇ.വി.ആർ പെരിയാർ രാമസ്വാമി, കോൺഗ്രസ് നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കെ.കാമരാജ്, ഡോ.ബി.ആർ അബേദ്കർ എന്നിവരുടെ വലിയ കട്ട് ഔട്ടുകൾ ഇതിനോടകം വിജയുടെ പാർട്ടിയുടെ സമ്മേളനവേദിയിൽ ഉയർന്ന് കഴിഞ്ഞു. സി.എൻ അണ്ണാദുരൈയുടെയും എം.ജി.രാമചന്ദ്രൻെറയും ചിത്രങ്ങൾ ഔദ്യോഗിക ഗാനത്തിൽ ഉപയോഗിച്ചിട്ടുമുണ്ട്. വിജയുടെ പാർട്ടി പറയാൻ പോവുന്ന രാഷ്ട്രീയം ഇതിൽ നിന്നെല്ലാം തന്നെ വ്യക്തമാണ്. തമിഴ്നാടിന് പുറമെ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം നിരവധി പേർ ടി.വി.കെയുടെ ആദ്യ സമ്മേളനത്തിന് എത്തുമെന്നാണ് കരുതുന്നത്.