ലാലു പ്രസാദ് യാദവും രാം വിലാസ് പാസ്വാനും നിതീഷ് കുമാറും സുശീല്‍ കുമാര്‍ മോദിയും തുടങ്ങിയ ബിഹാര്‍ കണ്ടു മടുത്ത പഴയ മുഖങ്ങള്‍ക്കുപകരം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഉയര്‍ന്നു വന്ന ഒരേയൊരു നേതാവ് തേജസ്വിയാണ്. ജാതി രാഷ്ട്രീയത്തിനപ്പുറം ബിഹാര്‍ ഏറ്റവും അടിയന്തരമായി അഡ്രസ് ചെയ്യേണ്ടത് സാമ്പത്തിക തുല്യതയാണ് എന്ന പുതിയ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ടാണ് ആ വരവ് തേജസ്വി ഊട്ടിയുറപ്പിക്കുന്നത്. എം വൈ പാര്‍ട്ടി അഥവ മുസ്‌ലിം- യാദവ പാര്‍ട്ടി എന്നറിയപ്പെട്ടിരുന്ന ആര്‍ ജെ ഡിയെ എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ജാതി വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ഒരു ഇന്‍ക്ലൂസിവ് പാര്‍ട്ടിയായി പുതുക്കിപ്പണിയുകയാണ് ബിഹാറില്‍ തേജസ്വി. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക്കും കൂടിയാകും അത്. തേജസ്വിക്കു പിന്നാലെയും ഇ.ഡി വട്ടമിട്ട് പറക്കുന്നുണ്ട്. അവർക്കുള്ള മറുപടി തേജസ്വി അന്നേ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മുട്ടു മടക്കില്ല, കീഴടങ്ങില്ല, ഞങ്ങൾ എല്ലാവരും ലാലുപ്രസാദ് യാദവുമാരാണ്.