രണ്ടു ഘട്ട വോ​ട്ടെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പി ഡിപ്രഷനിലാണ്;
തേജസ്വി യാദവ് പറയുന്നു

‘‘എൻ ഡി എ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധവികാരം നിലനിൽക്കുന്നു. 2015, 2019, 2020 വർഷങ്ങളിൽ മോദി നടത്തിയ പൊങ്ങച്ചപ്രസംഗങ്ങളുടെ വീഡിയോ ഉയർത്തി അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ പാർട്ടിയോടും നടക്കാതെ പോയ വാഗ്ദാനങ്ങളെ കുറിച്ച് ഓൺലൈൻ തലമുറ ചോദ്യങ്ങൾ ചോദിക്കും. പ്രധാനമന്ത്രിക്ക് ബീഹാറിലെത്തി അവിടുത്തെ ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാനാകുമോ?’’- ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് ചോദിക്കുന്നു.

National Desk

ണ്ടു ഘട്ട തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ബി.ജെ.പി ഡിപ്രഷനിലാണെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളുടെ വികസനം, ബീഹാറിന് പ്രത്യേക പദവി തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രസക്തിയെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“നരേന്ദ്രമോദിയുടെ കള്ളങ്ങൾ കേട്ട് ജനം മടുത്തു. ജനങ്ങൾ ബി ജെ പിക്ക് പത്ത് വർഷം നൽകി. എന്നാൽ താഴേക്കിടയിലേക്ക് നോക്കൂ, അവിടെ ഒരു വാഗ്ദാനങ്ങളും നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ പ്രാദേശിക പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു’’, ബീഹാറിന്റെയോ രാജ്യത്തിന്റെയോ വികസനത്തെകുറിച്ച് ബി ജെ പി പ്രകടന പത്രികയിൽ ഒന്നും പറയുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്

രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗം ഹിന്ദുക്കളായതുകൊണ്ടുതന്നെ തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം അടക്കമുള്ള വിഷയങ്ങൾ ഏറ്റവുമധികം ബാധിക്കുന്നതും ഈ വിഭാഗത്തെ തന്നെയാണെന്ന് തേജസ്വി പറഞ്ഞു: “മന്ദിർ, മസ്ജിദ്, ഇസ്‍ലാം, സനാതനം അടക്കമുള്ള വിഷയങ്ങളിലേക്ക് മോദി തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മത്സ്യം കഴിക്കുന്നതിൽ വരെ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്ന രീതിയിൽ സംസാരിക്കുമെന്ന് ഇവിടുത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നില്ല’’.

കഴിഞ്ഞ 10 വർഷം കൊണ്ട് ബി ജെ പി രാജ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചും ഇനി എന്തൊക്കെയാണ് ചെയ്യാനിരിക്കുന്നത് എന്നതിനെകുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നതെന്നും തേജസ്വി അഭിമുഖത്തിൽ പറയുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദാരിദ്ര്യം അടക്കമുള്ള വിഷയങ്ങളിൽ വലയുമ്പോഴും ഈ വിഷയങ്ങളെ കുറിച്ചൊന്നും സംസാരിക്കാതെ അമ്പലത്തെ കുറിച്ചും പള്ളിയെ കുറിച്ചുമാണ് ബി ജെ പി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറില്‍ തങ്ങള്‍ ജീവിതനിലവാരം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ എന്നീ വിഷയങ്ങളിലൂന്നിയാണ് കാമ്പയിന്‍ നടത്തുന്നത്. അതായത്, ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍.

ബീഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്: “2020 അടക്കമുള്ള വർഷങ്ങളിലെ തെരഞ്ഞെടുപ്പ് പരിശോധിക്കുക, അന്നും ബി ജെ പിയും ജെ ഡി യുവും തന്നെയായിരുന്നു എതിർപക്ഷത്ത്. അന്നും റിസൾട്ട് ഞങ്ങൾക്ക് അനുകൂലമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ വിഷയങ്ങൾക്കുതന്നെയായിരുന്നു പ്രാധാന്യം. ഇന്നും ആ വിഷയങ്ങൾ പരിഹരിക്കുന്നതിനാണ് ഞങ്ങൾ പോരാടുന്നത്. ഞങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഓരോ ദിവസവും നാം വളർന്നുകൊണ്ടിരിക്കുകയാണ്. നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകാനും ഞങ്ങൾ തയ്യാറായിരുന്നു. ജെ ഡി യുവിന് സംസ്ഥാനത്ത് സ്ഥാനം നഷ്ടപ്പെടുന്നതായി തോന്നുന്നു. ബി ജെ പിയോടൊപ്പം പങ്കാളികളാകുന്ന ഏതൊരു പ്രാദേശിക പാർട്ടിക്കും ചരിത്രപരമായി അവരുടെ അധികാരവും വ്യക്തിത്വവും നഷ്ടപ്പെടുന്നത് കാണാം.”

രാഷ്ട്രീയ ജനതാദളിന്റെ പ്രകടനപത്രികയായ ‘പരിവർത്തൻ പത്ര’ക്ക് ജനങ്ങളിൽ നിന്ന് കൂടുതൽ സ്വീകാര്യത ലഭിച്ചെന്നും തേജസ്വി പറയുന്നു. ജാതി ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർഥ്യമാണെന്നും എന്നാൽ അത് മാത്രമല്ല യാഥാർഥ്യമെന്നും അദ്ദേഹം പറയുന്നു: “ജാതി സമവാക്യങ്ങൾക്കപ്പുറമാണ് ജനങ്ങൾ പാർട്ടികളെയും നേതാക്കളെയും വിലയിരുത്തുന്നത്. മെച്ചപ്പെട്ട ഉപജീവനമാർഗവും തൊഴിലും ജനങ്ങൾക്ക് ഉറപ്പുവരുത്തുക എന്നതിലാണ് പ്രഥമ പരിഗണന. ഇതൊരിക്കലും ഒരു പ്രത്യേക ജാതിയിൽ ഒതുങ്ങിനിൽക്കുന്നില്ല. ഇത്തരം നേട്ടങ്ങളിൽ ഉയർത്തിക്കാണിക്കാൻ ഒരു ട്രാക്ക് റെക്കോർഡ് ആർ ജെ ഡിക്കുണ്ട്.”

പ്രധാനമന്ത്രി നരേന്ദ്രമോദി

എൻ ഡി എ സർക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുണ്ട്. 2014, 2015, 2019, 2020 വർഷങ്ങളിലെ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് മോദി നടത്തിയ പൊങ്ങച്ച പ്രസംഗങ്ങളുടെ വീഡിയോ ഉയർത്തി ഓൺലൈൻ തലമുറ അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ പാർട്ടിയോടും നടക്കാതെ പോയ വാഗ്ദാനങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമെന്നും തേജസ്വി പറയുന്നു. പ്രാധാനമന്ത്രിക്ക് ബീഹാറിലെത്തി അവിടുത്തെ ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഗൗരവമേറിയതും ദീർഘകാലവുമായ ഒരു പദ്ധതിയാണ് ജാതി സെൻസസെന്ന് തേജസ്വി. “സമഗ്രവും സുസ്ഥിരവുമായ സാമൂഹിക- സാമ്പത്തിക പരിപാടികളെയും നീതിയിലധിഷ്ഠിതമായ നയപരിപാടികളെയും സഹായിക്കുന്നതിനുള്ള ഗൗരവമേറിയതും ദീർഘകാലത്തേക്കുള്ളതുമായ നയപരിപാടിയാണ് ജാതി സെൻസസ്. ഇതൊരിക്കലും ആർ ജെ ഡിക്ക് ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല. മാറുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ സമൂഹത്തെ മനസിലാക്കാനും എല്ലാ വിഭാഗങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധതയാണത്.”

സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഒത്താശയോടെ നടന്ന രാഷ്ട്രീയ അട്ടിമറി ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ജനാധിപത്യത്തെ അവസാനിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംബാനി

‘ഇന്ത്യ’ മുന്നണിയെ താൻ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മികച്ച ആസൂത്രണമാണ് തങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു: “എൻ ഡി എയെ പ്രതിരോധത്തിലാക്കാൻ ഞങ്ങൾക്ക് കഴിയുന്നു എന്ന് ഞാൻ പറയും. ബി ജെ പിയുടെ ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണത്തിൽ അത് പ്രതിഫലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷനും കോടതിയും അടക്കമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരത്തിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് ഞാൻ കരുതുന്നത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.”

Comments