രോഹിത് വെമുല കേസിൽ പൊലീസ് റിപ്പോർട്ട് തള്ളി,
വീണ്ടും അന്വേഷണത്തിന് സർക്കാർ

രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയടക്കം തെലങ്കാന പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടറിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ നിർബന്ധിതമായത്.

National Desk

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന് തെലങ്കാന സർക്കാർ. കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസിന്റെ അന്തിമ റിപ്പോർട്ട് തള്ളിയാണ് സർക്കാർ തീരുമാനം. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയടക്കം തെലങ്കാന പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടറിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ തയാറായത്.

കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് നിയമപരമായി നീങ്ങുമെന്ന് തെലങ്കാമ ഡി ജി പി മാധ്യമങ്ങളെ അറിയിച്ചു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന് ഹർജി നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്. 'കേസിൽ തുടരന്വേഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകും,' ഡി ജി പി രവി ഗുപ്ത പറഞ്ഞു.

പ്രതികളെ കുറ്റവിമുക്തരാക്കിയും രോഹിത് വെമുലയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയും കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ് നൽകിയ റിപ്പോർട്ടിനെതിരെ ഹൈദരാബാദ് സർവകലാശാലയിലടക്കം പ്രതിഷേധമുണ്ടായി. വിദ്യാർഥി സംഘടനകൾ റിപ്പോർട്ടിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

രോഹിത് വെമുല
രോഹിത് വെമുല

രോഹിത്തിന്റെ മരണത്തിന് കാരണക്കാരായ ബി ജെ പി നേതാക്കളെയടക്കം രക്ഷിക്കാനാണ് പൊലീസ് വ്യാജ റിപ്പോർട്ട് തയാറാക്കിയതെന്നും വിദ്യാർഥി സംഘടനകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഹൈദരാബാദ് സർവകലാശാലയിൽ ദലിത് പീഡനത്തെുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർഥി രോഹിത് വെമുല ദലിതനായിരുന്നില്ല എന്നാണ് തെലങ്കാന പൊലീസ് റിപ്പോർട്ട് നൽകിയത്. തന്റെ യഥാർഥ ജാതി സംബന്ധിച്ച വിവരം പുറത്തുവരുമെന്ന ഭയത്തിലാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നുമാണ് തെലങ്കാന ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. പട്ടിക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റ് രോഹിത്തിന്റെ കുടുംബം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽപറയുന്നു. എന്നാൽ ഇത് തെളിയിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടില്ല.

കേസിൽ ആരോപണവിധേയരായ അന്നത്തെ സെക്കൻഡരാബാദ് എം.പി ബണ്ഡാരു ദത്താത്രേയ, എം.എൽ.സിയായിരുന്ന എൻ. രാമചന്ദ്രറാവു, സർവകലാശാല വി.സി അപ്പാ റാവു, എ.ബി.വി.വി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് സംഭവവുമായി പങ്കില്ലെന്നും റിപ്പോർട്ടിലുണ്ട്.

Photo: thewire.in
Photo: thewire.in

2016 ജനുവരി 17നാണ് രോഹിത് വെമുലയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുകയും ആത്മഹത്യ പ്രേരണക്കുറ്റം പട്ടികജാതിക്കാർക്കെതിരായ അക്രമം തുടങ്ങിയ നിയമങ്ങൾ ഉപയോഗിച്ച് കേസ് എടുക്കുകയായിരുന്നു.

Comments