ധാരാവി / Photo: Wikimedia Commons

ധാരാവിയെ തുണ്ടംതുണ്ടമാക്കിയ ആ ഡിസംബർ ആറ്​

മുംബൈ കലാപം കന്യാസ്​ത്രീകളുടെ കണ്ണിലൂടെ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയിൽനിന്നുള്ള ജീവിതഖണ്ഡമാണിത്​. 1992 ഡിസംബർ 6ന് ധാരാവിയിൽ നടന്ന വർഗീയ ലഹളയ്ക്ക് മലയാളികളായ രണ്ട് കന്യാസ്​ത്രീകൾ സാക്ഷികളായിരുന്നു. സിസ്റ്റർ അരുണ, സിസ്റ്റർ ശോഭ എന്നിവരുടെ അനുഭവങ്ങൾ ധാരാവിയുടെ മേലുള്ള വർഗീയതയുടെ ആവരണം തുറന്നുകാട്ടുന്നതാണ്.

ഗരങ്ങൾക്ക് സ്​കിസോഫ്രീനിയ ബാധിക്കാറുണ്ടെന്ന് വിശ്രുത സാഹിത്യകാരൻ വിക്റ്റർ യൂഗോ പറഞ്ഞിട്ടുണ്ട്​. ബോംബെ എന്ന മഹാനഗരത്തിനും ഈ പറച്ചിൽ ബാധകമാണ്​. മഹാനഗരത്തിന്റെ ആദ്യ ദർശനമാത്രയിൽ, വിരണ്ടുപോകുന്ന വളർത്തുനായയുടെ ഭയവും ആശങ്കയും അമ്പരപ്പും പലർക്കും അനുഭവപ്പെടാറുണ്ടെന്ന് മുൽക് രാജ് ആനന്ദ് പറഞ്ഞിട്ടുണ്ട്​.

രണ്ടരക്കോടിയോളമാണ്​ ബോംബെയുടെ ജനസംഖ്യ.
ഇവരിൽ അതിസമ്പന്നരും തൊഴിലും പാർപ്പിടവും ഭക്ഷണവുമില്ലാതെ അലയുന്നവരും വ്യവസായശാലകളിലെ തൊഴിലാളികളും ചായ, വട പാവ് സെൻററുകൾ നടത്തുന്നവരും ഡബ്ബാവാലകളും ഓഫീസുകളിലെ വൈറ്റ് കോളർ ജീവനക്കാരും ടാക്സിവാലകളുമെല്ലാമുണ്ട്​. ഇവരുടെ ഒരു മഹാസാഗരമാണ് ബോംബെ എന്ന മുംബൈ. ആ മഹാസാഗരത്തിന്റെ ഒരു പരിച്​ഛേദമാണ്​ ധാരാവി എന്ന തെരുവ്​.
ഭിന്നസംസ്​കാരങ്ങളും മതാചാരങ്ങളും അനുഷ്ഠിക്കുന്നവരുടെ, പല ഭാഷകൾ സംസാരിക്കുന്നവരുടെ ധാരാവിയെ, മഹാനഗരത്തിന്റെ ചീഞ്ഞളിഞ്ഞ ഭാഗമായാണ് ചിലർ വിശേഷിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയാണിതെന്ന്​ സാമൂഹ്യശാസ്​ത്രജ്ഞ​ർ വിലയിരുത്തുന്നു. പോക്കറ്റടി, പിടിച്ചുപറി, മയക്കുമരുന്ന് വില്പന, കൊലപാതകങ്ങൾ തുടങ്ങിയവ നടത്തുന്ന സംഘങ്ങൾക്കിടയിലും നികുതിയും വെള്ളക്കരവും മറ്റും കൃത്യമായി നൽകി സമാധാനപൂർണമായ ജീവിതം നയിക്കുന്നവരും ഇവിടെയുണ്ട്​.

1992 ഡിസംബർ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിന്റ്, ദി പയനിയർ.

എന്തുകൊണ്ട്​ ധാരാവി ബോംബെയുടെ ‘ഇരുണ്ട’ മുഖമായി പ്രചരിപ്പിക്കപ്പെടുന്നു? അതിനുപുറകിൽ, ഭരണകൂടങ്ങളുടെയും രാഷ്​ട്രീയപാർട്ടികളുടെയും വർഗീയശക്തികളുടെയും നിരന്തര ഇടപെടലുകളുണ്ട്​. ധാരാവി ഒരു അധോലോകമായി വളർന്നുവന്ന സാമൂഹിക സാഹചര്യങ്ങൾ പരി​ശോധിച്ചാൽ, ക്രിമിനലിസത്തിന്റെയും വർഗീയതയുടെയും ചോരപ്പാടുകൾ തെളിഞ്ഞുകാണാം. 1992-ൽ, ബാബരി മസ്​ജിദ്​ തകർത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കാൻ സംഘ്​പരിവാർ ധാരാവിയെ തെരഞ്ഞെടുത്തതും ഇതുകൊണ്ടുതന്നെയാണ്​. അന്നത്തെ ഓർമകൾ ഇന്നും ഞെട്ടലോടെ മാത്രം ഓർത്തെടുക്കുന്ന മനുഷ്യർ ഇന്നും ഇവിടെയുണ്ട്​. അവരുടെ കണ്ണുകളിലൂടെ ധാരാവിയെ ഒന്ന്​ വീണ്ടെടുക്കുകയാണ്​.

ധാരാവി എന്ന ‘സാൻഡ്​വിച്ച്​’

ഏകദേശം ഹൃദയാകൃതിയുള്ള ധാരാവി പശ്ചിമ റെയിൽവേയിലെ മാട്ടുംഗ റോഡ് സ്റ്റേഷനും മാഹിം സ്റ്റേഷനും സമീപമാണ്. സെൻട്രൽ റെയിൽവേയിലെ മാട്ടുംഗ റെയിൽവേ മേൽപ്പാലത്തിനു മുകളിലൂടെ ‘ഷോർട്ട് കട്ട്’ അടിച്ചാൽ അഞ്ചാറ് മിനിറ്റുകൾക്കുള്ളിൽ മാട്ടുംഗ വെസ്റ്റിലെത്തും. അക്ഷരാർഥത്തിൽ ഈ രണ്ടു പ്രദേശങ്ങളും ഒരു ‘സാൻഡ്​വിച്ച്​’ പോലെ ഒട്ടിച്ചേർന്ന നിലയിലാണ് നാം കാണുക. ഭൂമിശാസ്​ത്രപരമായി ധാരാവിയുടെ പടിഞ്ഞാറുഭാഗത്ത് മാഹിമും ബാന്ദ്രയും വടക്കുനിന്ന് ഒഴുകിയെത്തുന്ന മിത്തി നദിയുമാണ്​. ഇത് മാഹിം ക്രീക്കിലൂടെ അറബിക്കടലിൽ ചേരുന്നു. ഈ ചേരിയുടെ കിഴക്കും തെക്കും ഭാഗങ്ങളിൽ മാട്ടുംഗയും സയണുമാണ്​.

ഭരണകൂടത്തിന്റെ വിദ്വേഷം പാവപ്പെട്ടവരുടെ ജീവിതത്തിൽ ആഞ്ഞടിച്ചപ്പോൾ പുതിയ വഴികളൊന്നും അവർക്കുമുന്നിൽ തെളിഞ്ഞില്ല. 350 ഹെക്ടറിലധികം വിസ്​തീർണമുള്ള ധാരാവിയിലെ ജീവിതം ഇന്ത്യയുടെ ഒരു ​ക്രോസ്​ സെക്ഷനായി കാണേണ്ടതുണ്ട്.

ഞാൻ ഇപ്പോൾ എഴുതുന്നത് ബോംബെയുടെ ചരിത്രമാണെന്ന് പറഞ്ഞപ്പോൾ ഒരാൾ ചോദിക്കുന്നു; അതിന് ‘ധാരാവി’ തന്നെ തിരഞ്ഞെടുക്കണമോ എന്ന്. ചേരിപ്രദേശങ്ങളെക്കുറിച്ചുള്ള എന്റെ ‘സാഹിത്യ നിർമിതി’ ഭൂരിഭാഗം പേരും അവഗണിച്ചേക്കാം എന്ന ഒരു ശ്രുതി ആ ചോദ്യത്തിലുണ്ട്. ‘മുംബൈ കാ മാനുഷ്​’ (ബോംബെയിലെ മനുഷ്യർ) ധാരാവിയിലെത്തിച്ചേർന്നത് അവർ ചേരിജീവിതം ആഗ്രഹിച്ചതുകൊണ്ടല്ല. മറിച്ച്, അതിന് നിർബന്ധിതരായി എന്നതുകൊണ്ടാണ്. ഭരണകൂടത്തിന്റെ വിദ്വേഷം പാവപ്പെട്ടവരുടെ ജീവിതത്തിൽ ആഞ്ഞടിച്ചപ്പോൾ പുതിയ വഴികളൊന്നും അവർക്കുമുന്നിൽ തെളിഞ്ഞില്ല. 350 ഹെക്ടറിലധികം വിസ്​തീർണമുള്ള ധാരാവിയിലെ ജീവിതം ഇന്ത്യയുടെ ഒരു ​ക്രോസ്​ സെക്ഷനായി കാണേണ്ടതുണ്ട്.

കിസ്സാ ​ക്രിസ്​മസ്​ കാ..!

ബോംബെയിലെത്തി വൈകാതെ വിലേ പാർലയിലെ ആഡ് ഏജൻസിയിൽ ജോലി ലഭിച്ചു. അതിന്റെ ഉടമ സുഷമാ ചൗധരി, ‘മാഫ്കോ’ (മഹാരാഷ്ട്ര ഫുഡ് കോർപറേഷൻ) യുടെ ഒരു സ്റ്റാൾ മാഹിം ചർച്ചിന് തൊട്ടടുത്ത് നടത്തിയിരുന്നു. ഈ ഔട്ട്​ലെറ്റിൽ എനർജി മിൽക് ഡ്രിങ്ക്, മാവാ കേക്ക്, ലസ്സി, ബീഫ്, പോർക്ക് എന്നിവയുടെ ഫ്രോസൺ ഫുഡ് ഇനങ്ങളാണ് വിറ്റിരുന്നത്. ഒപ്പം, മാംഗോള, ഫാൻറ, കൊക്കകോള തുടങ്ങിയ ശീതളപാനീയങ്ങളും. കോളികൾ (മത്സ്യബന്ധനക്കാർ) കടലിൽ മുങ്ങിത്താഴ്​ന്നപ്പോൾ മാഹിം പള്ളിയിലെ മാതാവ് അവരെ രക്ഷിച്ച കഥകൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. ഭക്തരുടെ ഈ വിശ്വാസം നിലനിർത്താൻ ബുധനാഴ്ചകളിൽ രാവിലെ ആറുമുതൽ രാത്രി പത്തുവരെ മാതാവിന്റെ നൊവേന പള്ളിയിൽ നടത്തിപ്പോരുന്നുണ്ട്. മറാഠി മുതൽ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മലയാളം, കന്നഡ, തുളു, കൊങ്കണി വരെയുള്ള ഭാഷകളിൽ ഇടതടവില്ലാതെ നൊവേനെ അരങ്ങേറും. ഈ പ്രാർഥനയിൽ പങ്കുചേരാൻ മഹാനഗരിയിലെ അതിസമ്പന്നരായ പാഴ്സികളും ഇതര മതസമുദായങ്ങളിൽപ്പെട്ടവരും എത്തും.

ധാരാവിയിലെ പൈപ്പിന് മുകളിലൂടെ വെള്ളം ശേഖരിക്കാൻ പോകുന്ന സ്ത്രീ / Photo: Flickr

മാഫ്കോ സ്റ്റാളിലെത്തുന്ന മലയാളികളായ ഉപഭോക്താക്കളെ മലയാളത്തിൽ തന്നെ കളി, ചിരി, തമാശകൾ പറഞ്ഞ് സുഖിപ്പിക്കാനുള്ള ചുമതല മാഡം ചൗധരി എന്നെ ഏല്പിച്ചു. ഞാനും അതൊരു ‘ടൈംപാസ്​’ മാത്രമായി കരുതി. എല്ലാ ബുധനാഴ്ചകളിലും അന്ധേരി വഴി ചർച്ച് ഗേറ്റിലേക്കുള്ള ബസ്​ പിടിച്ച് ഞാൻ മാഹിമിലെത്തും. ബോംബെയിലെ വിവിധ ആശുപത്രികളിലെ നഴ്സുമാരും മലയാളി വീട്ടമ്മമാരുമാണ് നൊവേനയിൽ പങ്കുചേരുന്ന മലയാളികൾ. റോഡിനിരുവശവും നിരന്നിരിക്കുന്ന യാചകർക്ക് ചില്ലറ ദാനംനല്കി അവരുടെ അനുകമ്പ വഴി ഉദ്ദിഷ്ഠകാര്യം സാധിക്കാമെന്ന വിശ്വാസങ്ങളും പലരെപ്പോലെ അവർക്കുമുള്ളതായി തോന്നിയിരുന്നു. മെഴുകുതിരികൾ, മെഴുകുകൊണ്ടുള്ള ആൾരൂപങ്ങൾ, വെന്തിങ്ങ, കൊന്ത, ജപമാലകൾ, പ്രാർഥനാപുസ്​തകങ്ങൾ തുടങ്ങിയവ വിൽക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ ബിസിനസ്​ സജീവമാണ്.

1975–ലെ ക്രിസ്​മസ്​ ഈവ് ഇപ്പോഴും ഓർക്കുന്നു. അതായിരുന്നു മുംബൈയിലെ എന്റെ ആദ്യ ക്രിസ്​മസ്​. ഞാൻ മാഫ്കോ സ്റ്റാളിലെത്തി സുഷമയെയും ദിൻകർ ബോസ്​ലെ, വിനു വഡ്ഗാവ്കർ, സതീശ് ദേശ്പാണ്ഡെ എന്നീ താൽക്കാലിക വില്പനക്കാരെയും കച്ചവടത്തിൽ സഹായിച്ചു. അവിടെ വില്പന പൊടിപൊടിച്ചുകൊണ്ടിരുന്നു. സമയം രാത്രി ഒമ്പതിനോടടുത്തത് അറിഞ്ഞില്ല. വർണക്കടലാസിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് പാക്കറ്റ് സുഷമ എനിക്ക് സമ്മാനമായി നൽകി. ‘ക്വാളിറ്റി’യുടെ വിലകൂടിയ ക്രിസ്​മസ്​ കേക്ക്​. ‘മെറി ക്രിസ്​മസ്’​എന്ന് സുഹൃത്തുക്കൾ ആശംസിച്ചു. ഞാൻ റോഡ് മുറിച്ചുകടന്ന്​ എതിരെയുള്ള ബസ് സ്റ്റോപ്പിൽ കാത്തുനില്പായി. ജനം ക്രിസ്​മസ്​ തിരക്കിലാണ്. തികച്ചും വർണശബളമായ അന്തരീക്ഷം. കമ്പിത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും മാഹിം ചർച്ചിന് സമീപം പാർക്കുന്ന ജനങ്ങൾ ക്രിസ്​മസ്​ ആഘോഷിക്കുകയാണ്. ഏറെ നേരം സ്റ്റോപ്പിൽനിന്നെങ്കിലും ചെമ്പൂരിലേക്ക്​ ബസ്​ വരുന്ന ലക്ഷണമില്ല. ടാക്സികൾക്കും ബസുകൾക്കും ട്രാഫിക്ജാം മൂലം ഒരിഞ്ച്​ മുന്നോട്ടു പോകാനാകുന്നില്ല.

ധാരാവി ചേരിയുടെ ഉൾഭാഗം / Photo: Flickr

ഇവിടെ എന്റെ ഒരു ഉപകഥ കൂടി പങ്കുവെക്കണമെന്ന് തോന്നുന്നു.
മാഹിം റെയിൽവേേക്രോസ്​ കടന്ന് ധാരാവി വഴി നടന്ന്​ സയണിലെത്താമെന്നറിയാം. അവിടെ നിന്ന് ചെമ്പൂരിലേക്ക് ബസുണ്ട്. ഏതോ ഒരു ദുർബല നിമിഷത്തിൽ ഞാൻ നടക്കാൻ തീരുമാനിച്ചു. വളഞ്ഞുപുളഞ്ഞ ഗലികളിലൂടെ സഞ്ചരിച്ച് ഒരു കവലയിലെത്തുമ്പോൾ വീണ്ടും ഞാൻ പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തുകയായി. പിന്നെയും വലിഞ്ഞുനടന്നെങ്കിലും അതേ കൺഫ്യൂഷൻ എന്നെ കുഴക്കി. ഇതിനിടെ ചിലർ എന്റെ പുറകെ വരുന്നുണ്ട്. നാലഞ്ച് പേരുള്ള ആ സംഘം എന്റെ മുമ്പിൽ കയറി യാത്ര തടഞ്ഞു. അവരിലൊരാൾ ഷർട്ടും പാൻറും പരിശോധിച്ചു. കാര്യമായൊന്നും അവർക്കു ലഭിച്ചില്ല. മറ്റൊരാൾ സമ്മാനപ്പൊതി തട്ടിപ്പറിച്ചു. അത് ‘ക്രിസ്​മസ്​ കേക്ക്’ ആണെന്ന് കരഞ്ഞുപറഞ്ഞപ്പോൾ അവരിലൊരാൾ ‘ചോട് ലാ സാലേക്കോ, ചൂത്തിയ’ എന്ന് തെറി പറഞ്ഞ് എന്നെ ഓടിച്ചുവിട്ടു. ‘ശീഘ്രം പോയിട് തമ്പീ...’ എന്ന് ഏതോ തമിഴ്നാട്ടുകാരൻ അപ്പോൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

18 വർഷത്തിനുശേഷം ഒരു ക്രിസ്​മസിന്​...

1993 ഡിസംബറിലെ ഒരു ശനിയാഴ്ച.
നേരത്തെ പറഞ്ഞതുപോലത്തെ ഒരു ക്രിസ്​മസ്​ കാലം.
ചെമ്പൂരിൽനിന്ന് 371–ാം നമ്പർ ബസ്​ പിടിച്ച് ഞാൻ സയണിലിറങ്ങി. സ്റ്റേഷൻ റോഡിന്റെ എതിർവശത്തുള്ള ‘മണീസ്​ ലഞ്ച് ഹോം’ എന്റെ സുഹൃത്ത് പാലക്കാട്ടുകാരൻ നാരായണസ്വാമിയുടേതാണ്. (നാലുമാസങ്ങൾക്കുമുമ്പ് അദ്ദേഹം മരിച്ചു.) അവിടെ ഉച്ചഭക്ഷണം കഴിക്കാൻ ആളുകൾ വരിയായി നിൽക്കുന്നു. ഹോട്ടലിന്റെ തൊട്ടുമാറിയുള്ള പാൻ-പെട്ടിക്കടയിൽ നിന്ന്​ സ്വാമി ‘മീഠാ പാൻ’ ചവച്ചുകൊണ്ടിരുന്നു. ഇപ്പോൾ വരാമെന്നു മുദ്രകാണിച്ച് നടന്നുനീങ്ങി റെയിൽവേ സ്റ്റേഷന് സമീപം ഈസ്റ്റ് ഇന്ത്യക്കാരുടെ ചർച്ച് പരിസരത്തെത്തി. ‘മദർ മേരി, മദർ ഓഫ് ഗോഡ്, പ്രേ ഫോർ അസ്​...’ എന്ന പ്രാർഥന അവിടെനിന്നുയരുന്നുണ്ട്. നിത്യസഹായമാതാവിന്റെ നൊവേന അപ്പോൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു.
റോഡ് മുറിച്ച്​ ധാരാവിയിലേക്ക് നീളുന്ന നിരത്തിലേക്ക് നടന്നു.
ചാവാലിപ്പട്ടികളുടെ ഇടതടവില്ലാത്ത കുരയാലും വാഹനങ്ങളുടെ ഹോണടികളാലും മുഖരിതമാണ് ആ റോഡും പരിസരങ്ങളും. എന്റെ അച്​ഛന്റെ (അമ്മാവൻ) മകൾ സിസ്റ്റർ അരുണ, ‘സിസ്റ്റേഴ്സ്​ ഓഫ് സാൽവേഷൻ’ സഭാംഗമാണ്. ‘അവൾ ഇവിടെ ഉണ്ടെന്നും ഒന്നു പോയി കാണുക’ എന്നും വീട്ടിൽനിന്ന്​ കത്തുവന്ന് നാളുകളേറെയായി. ഇതുവരെ അവിടെ പോകാനായില്ല.

ഗലികളിൽ തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ചപോലെയുള്ള ജോപ്ഡകളുടെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ വക്കിലിരുന്ന് ‘നമ്പർ റ്റു’ നടത്തുന്ന ധാരാവിക്കുട്ടികളും മൂളിപ്പറക്കുന്ന കൊതുകുകളുടെ പട്ടാപ്പകലുള്ള സംഘഗാനവും പൊതുടാപ്പിൽനിന്ന് വെള്ളമെടുക്കുന്ന സ്​ത്രീകളുടെ തെറിവിളികളുമാണ് ധാരാവിയിൽ എന്നെ ‘സുസ്വാഗതം’ ചെയ്തത്. പലരോടും ചോദിച്ച് ഒടുവിൽ ഞാനാ കോൺവെൻറ്​ കണ്ടുപിടിക്കുകതന്നെ ചെയ്തു. സത്യത്തിൽ അതൊരു സാഹസം തന്നെയായിരുന്നു. സാമാന്യത്തിലധികം വിസ്​തീർണമുള്ള ആ കോൺവെൻറ്​ (?) തകരടിന്നുകളെക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. തയ്യൽമെഷീനുകളുടെ കടകട ശബ്ദം പുറമേനിന്ന് കേൾക്കാം.

സിസ്​റ്റർ അരുണ എന്ന പെൺകുട്ടി

സിസ്റ്റർ അരുണ എന്ന ആ പെൺകുട്ടിയെ ഞാൻ നേരിൽ കണ്ടിട്ട് ​വർഷങ്ങളായി. അവളുടെ അപ്പന് (എന്റെ അമ്മാവൻ) മൂന്നു പെൺമക്കളും മൂന്ന് ആൺകുട്ടികളുമാണ്​. ആദ്യത്തെ രണ്ട് പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ അമ്മാവന്റെ സാമ്പത്തിക സ്​ഥിതി പരുങ്ങലിലായി. തൃശൂർ-വടക്കാഞ്ചേരി പ്രദേശത്ത് സമൃദ്ധിയായി വളരുന്ന കവുങ്ങ് വ്യാപാരാടിസ്​ഥാനത്തിൽ കൃഷി ചെയ്യുന്നവരാണ് പ്രദേശവാസികളിൽ ഭൂരിഭാഗവും. അക്കാലത്ത് മാഹാളി (ഫംഗസ്) ബാധിച്ചതോടെ അടയ്ക്ക ഉല്പാദനം കുത്തനെ താഴ്​ന്നു. അന്ന് ‘മരുന്നുതളി’ അത്ര പ്രചരിച്ചിരുന്നില്ല. എന്തിനേറെ, അമ്മാവന്റെ വീടും പറമ്പും പണയം വയ്ക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധിയിലായപ്പോൾ ഇളയ മകളായ അരുണയെ പ്രീഡിഗ്രിക്കുശേഷം തുടർന്ന് പഠിപ്പിയ്ക്കാനായില്ല. കൃത്യം ആ കാലത്തുതന്നെ അവൾക്ക് മഠത്തിൽ ചേരാനുള്ള ‘ദൈവവിളി’ ഉണ്ടായതായി പറഞ്ഞുകേട്ടു. അന്ന് ക്രിസ്​തീയ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് മഠത്തിൽ ചേരാനുള്ള ‘ദൈവവിളി’ അല്പം കൂടുതലാണെന്നു പറയാം. എന്തിനേറെ, അരുണയെ പഠിക്കാൻ വിടാതെ മഠത്തിൽ ചേർത്തു. ക്രിസ്​ത്യൻ തറവാടുകളുടെ അന്തസ്സും അഭിമാനവും നിലനിർത്താൻ ആ കുടുംബത്തിൽ നിന്ന് ഒരു കന്യാസ്​ത്രീയും പള്ളീലച്ചനും നിർബന്ധമായും വേണമെന്ന മൂഢവിശ്വാസം നിലനിന്നിരുന്നു. തറവാടിന്റെ അഭിമാനം ഒന്നുകൂടി ഈട്ടി ഉറപ്പിക്കാനുള്ള കലാപരിപാടിയുടെ ഇരയായി അരുണ തന്റെ കഴുത്ത് വെച്ചുകൊടുത്തതാണെന്നാണ് എന്റെ നിഗമനം.

സിസ്റ്റേഴ്സ്​ ഓഫ് സാൽവേഷൻ കോൺവെൻറിൽ ഞാനെത്തിയപ്പോൾ അഞ്ചാറു സ്​ത്രീകൾ അവിടെ തയ്യൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അരുണയ്ക്കെന്നെ മനസ്സിലായില്ല. ഞാനവളോട് പേരു പറഞ്ഞപ്പോൾ ആശ്ചര്യപൂർവം എന്നെ നോക്കി പുഞ്ചിരിച്ച് ‘ഈ ചേട്ടന്’ കസേര നീക്കിയിട്ടുതന്നു. സ്​ത്രീകൾ തയ്യൽ നിർത്തി അന്നത്തെ പാഠം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. ഞാൻ കയ്യിൽ കരുതിയിരുന്ന മീഠാ സേവും ബൂന്ദി ലഡുവും (മധുരപലഹാരങ്ങൾ) സമ്മാനമായി അവൾക്കുനൽകി. അരുണ മറ്റു കന്യാസ്​ത്രീകൾക്ക്​ അവ വിതരണം ചെയ്തു. ചുമരിൽ (ടിൻ ഷീറ്റിൽ) കർത്താവിന്റെ ക്രൂശിതചിത്രം തൂങ്ങുന്നു. ഒരു പെഡസ്ട്രിയൽ ഫാൻ പ്രയാസപ്പെട്ട് കറങ്ങാൻ ശ്രമിക്കുന്നു. അതിന് ഒരു ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശബ്ദമുണ്ട്.

യേ അള്ളാ കാ ഗാവ് ഹേ!

ഇതിനിടെ, കസവുള്ള വെള്ളസാരിയും ഫുൾക്കൈ ബ്ലൗസും ധരിച്ച ഒരറുപത്തഞ്ചുകാരി അവിടെയെത്തി, മൈമുന. ബേപ്പൂർകാരിയാണെന്ന് അരുണ എന്നെ പരിചയപ്പെടുത്തി. ഗോതമ്പിന്റെ നിറവും കറുത്ത ഫ്രെയിമുള്ള കണ്ണടയും വെച്ച അവർ ജനിച്ചുവളർന്നത്​ ധാരാവിയിലെ സൊസൈറ്റി നഗറിലാണ്. തന്റെ ഉപ്പൂപ്പ കരിക്കു കച്ചവടം നടത്തിയിരുന്നത് വി.ടി. സെൻറ്​ ജോർജ് ഹോസ്​പിറ്റൽ പരിസരത്തായിരുന്നുവെന്ന് മൈമുന പറഞ്ഞു. ഹിന്ദിയും മറാഠിയും ചേർത്ത് ഇംഗ്ലീഷിന്റെ കഷണങ്ങൾ മേമ്പൊടിയായി വിതറി തനി ‘ബംബയ്യ’ ശൈലിയിലാണ് അവരുടെ സംസാരം. (ഒരു ടി.വി. അവതാരകയെപ്പോലെ കയ്യും കലാശവും അംഗവിക്ഷേപങ്ങളും അവർ കാണിക്കുന്നുണ്ട്.) മൈമുന സയൺ ഗാർഡന് സമീപമുള്ള മുനിസിപ്പൽ ഹൈസ്​കൂളിൽ പന്ത്രണ്ടാം ക്ലാസ്​ കഴിഞ്ഞ് വഡാലയിലെ അംബേദ്കർ കോളേജിൽനിന്ന് ബി.എ. ധനതത്വശാസ്​ത്രവും ജയിച്ചിട്ടുണ്ട്. കുറെ വർഷം അവർ ധാരാവി മുനിസിപ്പിൽ സ്​കൂളിൽ അധ്യാപികയായിരുന്നു.

മൈമുനയ്ക്കും ഈ കന്യാസ്​ത്രീകൾക്കും ​ബോംബെയെക്കുറിച്ച്​ ഏറെ പറയാനുണ്ട്​. ഈ മഹാനഗരം കുറെ കാലം ഒഴുകിപ്പോയത്​ ഇവരുടെ കൺമുന്നിലൂടെയാണ്​, കളിയും കണ്ണീരുമായി.

കരിക്കുവിൽപ്പന നടത്തിപ്പോന്ന മൈമുനയുടെ ഉപ്പൂപ്പ, ഖാദിർ ചഠായി (പായ), പങ്ക (വിശറി) തുടങ്ങിയവയുടെ നടന്നുവില്പനക്കാരനായാണ് തന്റെ ബോംബെ ജീവിതം ആരംഭിച്ചത്. കരിക്ക് ആലിബാഗിൽനിന്ന്​ സുലഭമായി വന്നുതുടങ്ങിയതോടെ ലാഭകരമായിരുന്ന ആ കച്ചവടം അദ്ദേഹത്തിന് നിർത്തേണ്ടിവന്നു. കൈതയോല കൊണ്ട് മെടഞ്ഞ പായക്കുപകരം ഇപ്പോൾ പ്ലാസ്റ്റിക് പായ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കും. കൂടാതെ വിശറി ഒരു അലങ്കാരവസ്​തുവായി മാത്രം ചില വീടുകളിൽ കാണാമെന്ന് മൈമുന പറഞ്ഞു.
മൈമുനയോട് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അറിയാമോ എന്നു ചോദിച്ചു.
മറാഠിയിൽ മറുപടി, ‘നാഹി’. മലയാളം എഴുത്തും വായനയും അറിയില്ലെന്നും മറാഠി മീഡിയത്തിലാണ് എസ്​.എസ്​.സി. വരെ പഠിച്ചതെന്നും അവർ പറഞ്ഞു. ഏതെങ്കിലും കെസ്സ് പാട്ടിന്റെ രണ്ടുവരി പാടിക്കേൾപ്പിക്കാമോ എന്നു ചോദിച്ച​പ്പോൾ ആദ്യ വരി ഒഴുകിയെത്തി... ‘വെറുംവയറ്റിൽ നെയ്ച്ചോറുണ്ടൊരു സുഖമുണ്ട്...’
ഉമ്മ പാടിത്തരാറുള്ള ആ വരികൾ വീണ്ടും മൂളാൻ അവർ വൃഥാശ്രമം നടത്തി.
‘സബ് ബൂൽ ഗയാ’ (എല്ലാം മറന്നല്ലോ) എന്ന വിഷാദത്തോടെ അവർ വിഷയം അവസാനിപ്പിച്ചു.
കർട്ടനിട്ട് മറച്ച അടുക്കളയിൽനിന്ന് അരുണ ചായയും ഖാരിയും (ഉപ്പു ബിസ്​കറ്റ്) നൽകി എന്നെ സൽക്കരിച്ചു. കന്യാസ്​ത്രീകൾ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലാണ്​.

സമയം പന്ത്രണ്ട് കഴിഞ്ഞു. കറിയ്ക്കരിയുന്നതിന്റെയും പാത്രം കഴുകുന്നതിന്റെയും ശബ്ദം കേൾക്കാം. മൈമുന ഈദ് പെരുന്നാളിന് കൊണ്ടുവന്ന മട്ടൻ ബിരിയാണിയുണ്ട് എന്ന് അരുണ പറഞ്ഞു. അതിനും ഞാൻ തലയാട്ടി.
ആ ആറു കന്യാസ്​ത്രീകൾ എനിക്കുവേണ്ടിയുള്ള സൽക്കാരം ഒരു ആഘോഷമാക്കാനാണ് പരിപാടി എന്നു തോന്നി. നടക്കട്ടെ എന്നു ഞാനും കരുതി.
മൈമുന അടുക്കളയിലേക്ക് ഒന്നെത്തിനോക്കി ചില നിർദേശങ്ങൾ കന്യാസ്​ത്രീകൾക്ക് നൽകുന്നുണ്ട്​.

​മൈമുനയ്ക്കും ഈ കന്യാസ്​ത്രീകൾക്കും ​ബോംബെയെക്കുറിച്ച്​ ഏറെ പറയാനുണ്ട്​. ഈ മഹാനഗരം കുറെ കാലം ഒഴുകിപ്പോയത്​ ഇവരുടെ കൺമുന്നിലൂടെയാണ്​, കളിയും കണ്ണീരുമായി.
മൈമുന പറഞ്ഞുതുടങ്ങി, തന്റെ സ്വന്തം ബോംബെയെക്കുറിച്ച്​: ‘‘ബോംബെ അന്ന് മുംബൈ അല്ല. സ്​ഥലവാസികളായ കോളികൾ വിളിച്ചുവന്ന ബംബയ്യക്ക് ബോംബെ എന്ന് പേരിട്ടത് ബ്രിട്ടീഷുകാരാണ്. കോളികൾ പാർത്തുവന്ന അറബിക്കടലിലെ ഏഴ് ദ്വീപുകൾ കൂട്ടിയോജിപ്പിച്ച് അവർ അതൊരു ഒരൊറ്റ നഗരമാക്കി. മഹാനഗരം അനുദിനമെന്നോണം വളർന്നുകൊണ്ടിരുന്നു. അവർതന്നെ ആദ്യം തുടങ്ങിവെച്ച ‘ട്രാം’ സർവീസ്​ നിർത്തലാക്കി പകരം റെയിൽവേ ട്രാക്ക് നിർമിക്കുകയും ചെയ്തു. റെയിൽവേയുടെ ഒരറ്റം വി.ടി.യിൽ നിന്ന് സയൺ വരെയെത്തി, പിന്നെ പശ്ചിമ റെയിൽവേയിലെ ചർച്ച് ഗേറ്റിൽനിന്ന് ബാന്ദ്രയിലെത്തി അവിടെ അവസാനിച്ചിരുന്നു.

മുംബൈ റെയിൽവേ സ്റ്റേഷനിലെ ജനത്തിരക്ക് / Photo Flickr

രണ്ടാം ലോകമഹായുദ്ധ ശേഷവും, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തെത്തുടർന്നും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്​ തൊഴിൽതേടി അനേകർ ഇവിടെയെത്തി. അവർക്ക് ഇവിടെ ബന്ധുക്കളോ പരിചയക്കാരോ ഉണ്ടായിരുന്നില്ല. മഹാനഗരത്തിൽ ചില്ലറ ജോലികളിൽ അവർ ഏർപ്പെട്ടു. ചിലർ തുണിമിൽ ജോലിക്കാരായി. മറ്റു ചിലരാകട്ടെ പഴം പച്ചക്കറി തെരുവുവില്പന നടത്തി ആഹാരത്തിന് വഴി കണ്ടെത്തി. കൂട്ടംകൂട്ടമായി വന്ന ഈ ജനനികരങ്ങളെ പാർപ്പിക്കാൻ ഭരണകൂടം തയ്യാറായില്ല. ബോംബെ സെൻട്രലിലെ കാമാഠിപുരയിലും താർദേവ്, റേ റോഡ് തുടങ്ങിയ മുംബൈയിലെ പ്രധാന സ്​ഥലങ്ങളിലെ വഴിവക്കിലും ഇവർ വെപ്പും തീനും കുടിയുമായി പെറ്റുപെരുകി. ബ്രിട്ടീഷ്​ ഭരണകാലത്ത്​ ഈ ‘അഭയാർഥി’കളെ നിയമലംഘനം നടത്തിയവരെന്നാരോപിച്ച് താൽക്കാലിക താമസസ്​ഥലങ്ങളിൽ നിന്ന് അടിച്ചോടിച്ചു.

ഗതികെട്ട ‘അഭയാർഥ’കൾക്ക് അന്തിയുറങ്ങാൻ പുതിയ സ്​ഥലം കണ്ടെത്തേണ്ടതായി വന്നു. അവർ അങ്ങനെ ധാരാവിയിലെത്തി.

കാമാഠിപുര വഴിയെ വേശ്യാഗൃഹങ്ങളായി പരിണമിച്ചു. ബ്രിട്ടീഷ് ഭരണകൂടം തന്നെയാണ് ഇതും ചെയ്തത്; വെള്ളപ്പട്ടാളക്കാരുടെ ലൈംഗികദാഹം ശമിപ്പിക്കാൻ. അവർ കുതിരവണ്ടിയിലെത്തി കാര്യസാധ്യം നടത്തി ഒപ്പം ഗുഹ്യരോഗങ്ങളും സ്​ത്രീകൾക്ക്​ സൗജന്യ സമ്മാനമായി നൽകി തിരിച്ചുപോയി. ഗതികെട്ട ‘അഭയാർഥ’കൾക്ക് അന്തിയുറങ്ങാൻ പുതിയ സ്​ഥലം കണ്ടെത്തേണ്ടതായി വന്നു. അവർ അങ്ങനെ ധാരാവിയിലെത്തി. ചതുപ്പുകളും കോറപ്പുല്ലുകളും നിറഞ്ഞ ഈ സ്​ഥലം അറവുമാലിന്യങ്ങളും കെട്ടിടനിർമാണ അവശിഷ്​ടങ്ങളും കൊണ്ട് നിരത്തി വാസയോഗ്യമാക്കി. അന്തിയുറങ്ങാൻ ടാർപായയും ടിൻഷീറ്റുകളും ഉപയോഗിച്ച് ഇക്കൂട്ടർ അവിടെ കൂരകൾ തട്ടിക്കൂട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഇഴജന്തുക്കളുടെ ആസ്​ഥാനകേന്ദ്രങ്ങളായിരുന്നു ധാരാവിയും പരിസരങ്ങളും.’’

മൈമുന തുടർന്നു: ‘‘ചേരികളും കുടിലും ദിനംപ്രതി മുളച്ചുപൊന്തി. പാവങ്ങൾ പ്രവാഹമായി ധാരാവിയിലേക്ക് ഒഴുകിയെത്തി. പോക്കറ്റടി, ട്രെയിൻ യാത്രക്കാരുടെ സ്വർണമാല പറിക്കൽ, മയക്കുമരുന്നു വില്പന, ഗുണ്ടാവിളയാട്ടം തുടങ്ങി കൊലപാതകങ്ങൾ വരെ ധാരാവിയിൽ നിത്യസംഭവമായി. എന്റെ ഉമ്മ പറഞ്ഞതനുസരിച്ച് ആളുകളുടെ തലയറുത്ത് നടുറോഡിൽ ശൂലത്തിൽ കുത്തിനിർത്തുന്ന സംഭവങ്ങളുടെ പരമ്പര തന്നെ ധാരാവിയിൽ സാധാരണ കാഴ്ചയായിരുന്നുവെത്ര. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയനേതാക്കളുടെ പുതിയ മേച്ചിൽസ്​ഥലമായി ധാരാവി മാറാൻ അധികനാൾ വേണ്ടിവന്നില്ല. അവർ ചേരിനിവാസികളുടെ പ്രീതി സമ്പാദിക്കാൻ വെള്ളക്കുഴലുകൾ ചില ഭാഗങ്ങളിലെത്തിച്ചു. കൂടാതെ ഒന്നുരണ്ട് പൊതുകക്കൂസുകളും നിർമിച്ചുനൽകി. ചേരിക്കാരുടെ ‘അനധികൃത’ താമസം നിയമാനുസൃതമാക്കാൻ പിന്നെയും നാളുകൾ ഏറെ വേണ്ടിവന്നു. അവർക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. റേഷൻകാർഡുകൾ ധാരാവിമക്കൾക്ക് വിദൂരസ്വപ്നമായി അപ്പോഴും നിലനിന്നു. കോൺഗ്രസ്​ ഭരണകൂടം വന്നപ്പോൾ പത്തുവർഷം ധാരാവിയിൽ താമസിച്ചവർക്ക് ബോംബെ മുനിസിപ്പാലിറ്റി ഫോട്ടോ പാസ്​ നൽകി അനുഗ്രഹിച്ചു (ഐഡൻറിറ്റി കാർഡിനെ ഫോട്ടോ പാസ്​ എന്നാണ് വിളിച്ചുപോന്നത്). ബാക്കിയുള്ള പതിനായിരങ്ങൾക്ക് അപ്പോഴും അനധികൃത കൈയേറ്റക്കാരായി വെളിയിൽത്തന്നെ നില്ക്കേണ്ടിവന്നു.’’

ധാരാവിയിലെ വീടുകൾ / Photo: Wikimedia Commons

മൈമുന എന്തോ ആലോചിച്ചിരുന്നു, എന്നിട്ട്​ തുടർന്നു:
‘‘രാഷ്ട്രീയക്കാരുടെ ഒത്താശയോടെ അവരുടെ ഗുണ്ടകൾ ധാരാവിയിലെ സ്​ഥലങ്ങൾ ‘വെട്ടിപ്പിടിക്കുന്ന’ പരിപാടി തുടങ്ങി. തുടർന്ന് അവർ ജോപ്ഡകൾ നിർമിച്ച് വാടകയ്ക്കുനൽകി പണം പിരിച്ചു. ഒരാൾക്ക് ആ സ്​ഥലം വിറ്റുപോകാൻ ഗുണ്ടയുടെ സമ്മതവും നിർബന്ധമാക്കി. കൂടാതെ ആ പണത്തിൽനിന്ന് നല്ലൊരു സംഖ്യ കൈയിട്ട് വാരുകയും ചെയ്തു. താമസക്കാരിൽ ആരെങ്കിലും ഇവരെ എതിർത്താൽ അവരെ മസിൽപവർ കൊണ്ട് കീഴടക്കി ധാരാവിയിൽ നിന്ന് ഓടിച്ചുവിട്ടു. ധാരാവിയിലെ വഴിവാണിഭക്കാരിൽ നിന്നും കൂണുകൾപോലെ മുളച്ചുവന്ന ചെറുകിട തൊഴിൽശാലകളിൽനിന്നും ആഴ്ചയിലൊരിക്കൽ ഇവർ ‘ഹഫ്ത’ വാങ്ങിക്കൊണ്ടിരുന്നു. ‘ജീവിക്കണമെങ്കിൽ ജീവിച്ചോ, മരിക്കണമെങ്കിൽ മരിച്ചോ’ എന്ന കാഴ്ചപ്പാടാണ് ഗുണ്ടകൾക്കുണ്ടായിരുന്നത്.’’- മൈമുന ആലങ്കാരികമായി പറഞ്ഞു.

ഇതിനകം ഭരണകൂടം ട്രെയിൻ സർവീസ്​ സയണിൽനിന്ന്​ താനെ വരെയും ബാന്ദ്രയിൽ നിന്ന് ബോറിവിലി വരെയും നീട്ടിയിരുന്നു. പിന്നീട്​ ഇലക്​ട്രിക്​ട്രെയിനുകൾ സാധാരണക്കാരുടെ അവിഭാജ്യഘടകമായി. ‘അനേകായിരങ്ങളെ പെറ്റിടുന്ന പെരുവയറൻ പാമ്പാണ് സബർബൻ ട്രെയിനുകൾ’ എന്ന് എന്റെ മാധ്യമ സുഹൃത്ത് വി.കെ. സുരേഷ് ഒരിടത്ത് പറഞ്ഞിട്ടുണ്ട്.

‘‘തൊഴിൽശാലകളിൽ പുക പൊന്തി. ഹോട്ടലുകളും മറ്റു വ്യാപാരസ്​ഥാപനങ്ങളും ക്രമാതീതമായി വർധിച്ചപ്പോഴും മഹാനഗരത്തിലെ നല്ലൊരു വിഭാഗങ്ങൾക്കും അന്തിയുറങ്ങാൻ വീടില്ലാതായി. റെയിൽവേ ട്രാക്കിനുസമീപവും നഗരപ്രാന്തങ്ങളിലെ ചെറുകുന്നുകളിലും ജനം കൂരവെച്ച് ജീവിക്കുകയാണിപ്പോഴും! എന്നാൽ ഇന്ത്യയുടെ സാമ്പത്തിക തലസ്​ഥാനമായി മുംബൈ ഇപ്പോഴും നിലകൊള്ളുന്നു.’’ -മൈമുന പറഞ്ഞു. ബോംബെ ജനസംഖ്യയുടെ പകുതിയിൽ അല്പം താഴെയാണ് ചേരിപ്രദേശങ്ങളിലെ താമസക്കാർ എന്നുകൂടി പറയേണ്ടതുണ്ട്.

വർത്തമാനത്തിനിടക്ക്​ പ്ലേറ്റിൽ അല്പം പച്ചരിച്ചോറും പരിപ്പുകറിയും കയ്പക്ക മെഴുക്കുപുരട്ടിയും അച്ചാറും എത്തി. മൈമുനയുടെ ബിരിയാണി ചൂടാക്കുന്ന സുഗന്ധം പരന്നു. ആവി പറക്കുന്ന മട്ടൻ ബിരിയാണിയുടെ മാസ്​മരിക ഗന്ധം. മൈമുനയുടെ ഭർത്താവ് ഈദ് പെരുന്നാൾ ആഘോഷിക്കാൻ അദ്ദേഹത്തിന്റെ സഹോദരിയുടെ ചെമ്പൂരിലുള്ള വീട്ടിലേക്ക് പോയിരിക്കുന്നു. അദ്ദേഹം വൈകിയേ വരൂ എന്ന് സമാധാനിച്ചാകണം മൈമുന അവിടെത്തന്നെ ഇരുന്നു. ഞാൻ ബിരിയാണിയിൽ പിടുത്തമിട്ടു. എന്റെ ആക്രാന്തം പിടിച്ച തീറ്റ കണ്ട് കന്യാസ്​ത്രീകൾ പരസ്​പരം ഏറുകണ്ണിട്ട് നോക്കുന്നത് ഞാൻ ഗൗനിച്ചില്ല.

1992-ലെ ബോംബെ കലാപത്തെക്കുറിച്ച് വന്ന പത്രവാർത്തകൾ

മൈമുന എന്ന അഭ്യസ്​തവിദ്യയായ ആ വീട്ടമ്മയ്ക്ക്​ ബോംബെ ചരിത്രത്തിന്റെ കറുത്ത അധ്യായമായ 1992 ഡിസംബർ ആറിന് ധാരാവിയിൽ അരങ്ങേറിയ കലാപത്തെക്കുറിച്ച് ഓർമകളുണ്ട്​. ഖലീൽ ജിബ്രാന്റെ ‘each memory has its own sound track’ എന്ന ഉദ്ധരണിയോടെ മൈമുന ആ ഓർമകളിലേക്ക്​ സഞ്ചരിച്ചു. ‘‘1992 കാലത്ത്​ ധാരാവിയിലും ജോഗേശ്വരിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയ ലഹള ഭിന്നിപ്പിച്ച്​ ഭരിക്കുക എന്ന തന്ത്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അതായത് ‘ഓൾഡ് വൈൻ ഇൻ ന്യൂ ബോട്ടിൽ’. ബാബറി മസ്​ജിദ് തകർക്കുന്നതിൽ ആഹ്ലാദം കണ്ടെത്തിയ കൂട്ടർ രാഷ്ട്രീയത്തിൽ ഈ അസൽ പ്രൊഡക്റ്റുമായി വീണ്ടും രംഗത്തെത്തിയ ദുസ്സൂചന നമുക്ക് മുന്നിലുണ്ടായിന്നു. മതങ്ങളുടെ യു.എസ്​.പി., (യുണീക് സെല്ലിങ്ങ് പ്രൊപ്പോസിഷൻ) കെട്ടുകഥകളെക്കാൾ അവിശ്വസനീയമാണെന്ന്​ നമുക്കറിയാം. അവരുടെ പുതിയ പാക്കിങ്ങിൽ മത സെൻറിമെൻറ്​സ്​ വിഷയങ്ങൾ അമിതമായി കലർത്തിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.’’

കാവിക്കൊടിയും മാരകായുധങ്ങളുമേന്തിയവർ ‘‘മുസ്​ലിംകൾ പാകിസ്ഥാനിലേക്ക് പോകുക, ഭാരതം നിങ്ങളുടേതല്ല’’ എന്നുറക്കെ കൊലവിളി നടത്തിയ രംഗം മനസ്സിൽ ഇപ്പോഴുമുണ്ട്!

‘‘ഭിന്നമതക്കാർ തിങ്ങിത്താമസിക്കുന്ന ധാരാവിയിലെ മതസൗഹാർദത്തിന് അന്നുവരെ ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. ഇപ്പോഴും അതങ്ങനെ ഏറെക്കുറെ തുടരുന്നുമുണ്ട്. ഞങ്ങളുടെ പെരുന്നാളുകളിൽ ആടിനെ വെട്ടി ബിരിയാണി വെച്ച് ഇതരമതസ്​ഥരായ സ്​നേഹിതർക്ക് അതിന്റെ പങ്ക് നല്കിപ്പോരുന്നു. ദീപാളിക്ക് മധുരപലഹാരങ്ങൾ അവർ ഞങ്ങൾക്ക് വിതരണം ചെയ്യുന്നുമുണ്ട്. പക്ഷേ, എവിടെയോ എന്തോ നഷ്​ടപ്പെട്ട പ്രതീതി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. ചിലപ്പോൾ അതൊരു തോന്നലാകാം, അറിയില്ല.’’ മൈമുന ഗദ്ഗദത്തോടെ പറഞ്ഞു. ഞങ്ങളുടെ സംഭാഷണം മുറുകുന്നതിനിടയിൽ അരുണയും ശോഭയും മറ്റുള്ളവരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഒരപസർപ്പക കഥ കേൾക്കുന്നപോലെ അവർ അത് ശ്രദ്ധിക്കുന്നുണ്ട്.

കന്യാസ്​ത്രീകളുടെ അനുഭവങ്ങളിലെ ധാരാവി

ബോംബെ കലാപത്തിന് സാക്ഷ്യംവഹിച്ചവരിൽ ചിലരായിരുന്നു ആ കന്യാസ്​ത്രീകളും മൈമുനയും. ആ കന്യാസ്​ത്രീകളുടെ ശബ്​ദം മടിച്ചുമടിച്ച്​ പുറത്തുവന്നു:
‘‘ബാബറി മസ്​ജിദ് തകർത്തതിന്റെ ആഹ്ലാദം പങ്കുവെക്കാൻ ബി.ജെ.പി. സഖ്യം തിരഞ്ഞെടുത്ത ധാരാവി അതിന് ഏറ്റവും അനുയോജ്യസ്​ഥലമായി അവർക്കു തോന്നി. ഡൈനമിറ്റ് പൊട്ടിച്ചിതറാനുള്ള വഴിമരുന്ന് ഹിന്ദുത്വസഖ്യം ആദ്യമേ വിതറിയിട്ടുണ്ടല്ലോ... 1992 ഡിസംബർ ആറിന് ധാരാവിയിലെ കൂട്ടിവാഡിയിലുള്ള ബഡാ മസ്​ജിദിൽ നമാസ്​ നടക്കുന്ന സമയം. നിസ്​കാരത്തിൽ പങ്കെടുക്കാൻ വൃദ്ധരും യുവാക്കളുമായി അനേകരെത്തിയിട്ടുണ്ട്. പ്രാർഥന നടക്കുമ്പോൾ സംഘപരിവാർ- ബി.ജെ.പി.- ശിവസേന സഖ്യത്തിലെ യുവാക്കൾ രാമനാമം ആർത്തുവിളിച്ച് പള്ളിക്കുപുറത്ത്​ റോഡിൽ നിസ്​കരിച്ചിരുന്നവർക്കിടയിലൂടെ സൈക്കിൾ റാലി നടത്തി. കാവിക്കൊടിയും മാരകായുധങ്ങളുമേന്തിയവർ ‘‘മുസ്​ലിംകൾ പാകിസ്ഥാനിലേക്ക് പോകുക, ഭാരതം നിങ്ങളുടേതല്ല’’ എന്നുറക്കെ കൊലവിളി നടത്തിയ രംഗം മനസ്സിൽ ഇപ്പോഴുമുണ്ട്!

ധാരാവിയിലെ ഒരു വ്യാപാരകേന്ദ്രം / Photo: Wikimedia Commons

മുസ്​ലിം സഹോദരങ്ങൾക്ക് ആദ്യം കാര്യം മനസ്സിലായില്ല. അവരെ അക്രമികൾ സംഘം ചേർന്ന് വാൾ, രംപുരി കത്തി, കുറുവടി, സൈക്കിൾ ചെയ്ൻ തുടങ്ങിയവ കൊണ്ട് ഭീകരമായി ആക്രമിക്കുന്നത് കാണാമായിരുന്നു. ‘എന്നെ കൊല്ലല്ലേ’ എന്ന് കരഞ്ഞു കാലുപിടിച്ചുപറഞ്ഞ ഒരു വയോധികന്റെ കൈകൾ ഒരാൾ വെട്ടിമാറ്റി. മുസ്​ലിം യുവാക്കൾ ചിതറി ഓടിയെങ്കിലും അക്രമികൾ പിന്നിൽ ചെന്ന് അവരെ മർദിച്ചു. ചിലരുടെ കൈകളും കാലുകളും ശിരസ്സും വാഴ വെട്ടിയിടുന്നതുപോലെ തലങ്ങും വിലങ്ങും വെട്ടിയിട്ടുകൊണ്ടിരുന്നു. ചില സംഘപരിവാറുകാർ പണി തീരാത്ത കെട്ടിടത്തിന്റെ മുകളിൽനിന്ന് സോഡാബോട്ടിലുകൾ വീശിയെറിഞ്ഞു. അവ മിസൈലുകൾ പോലെ വായുവിൽ പറന്ന് ആളുകളുടെ തല പൊളിച്ചു. ഇഷ്​ടികകളും സോഡാബോട്ടിലുകളും റോക്കറ്റ് പോലെ മുസ്​ലിം സഹോദരരുടെ ദേഹത്ത് പതിച്ചു. അവരിൽ ചിലർ മണ്ണ് കൊണ്ടുപോകാനുള്ള ഇരുമ്പുചട്ടി പരിചയാക്കി ഇഷ്​ടികകൾ തടയാൻ ശ്രമിച്ചു. അരമുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന ഈ തെരുവുയുദ്ധം എപ്പോഴും വൈകിയെത്താറുള്ള പൊലീസും പട്ടാളവുമെത്തിയതോടെ താൽക്കാലികമായി അവസാനിച്ചു. എല്ലാ അക്രമികളും ഇതിനകം സ്​ഥലം വിട്ടിരുന്നു. ടി.വി. ചാനലുകൾ കണക്കുകൾ പുറത്തുവിട്ടു: മരിച്ചവർ 217, മുറിവേറ്റ്​ ഗുരുതരാവസ്​ഥയിലുള്ളവർ ആയിരത്തോളം.

മൈമൂന തുടർന്നു: ‘‘പട്ടാളമിറങ്ങി, കർഫ്യൂ നടപ്പാക്കി. 16 ദിവസം മുംബൈക്കാർ പുറംലോകം കണ്ടില്ല. മരിച്ചവരുടെ കൂട്ടത്തിൽ മുക്കാലും മുസ്​ലിംകളായിരുന്നു. പക്ഷേ, അത് എവിടെയും എഴുതിക്കണ്ടില്ല. രക്തം കട്ടപിടിച്ച തെരുവുകൾ, യാത്രക്കാരില്ലാത്ത റോഡുകൾ, അടഞ്ഞുകിടക്കുന്ന കടകൾ... ധാരാവിയിലെ അന്നത്തെ കാഴ്​ച ഇതായിരുന്നു. തെരുവിലെ കത്തിനശിച്ച പച്ചക്കറിവണ്ടികൾ പ്രസ്​ ഫോട്ടോഗ്രാഫർമാരുടെ ഇഷ്​ടഭോജ്യമായി.’’- മൈമുന ദീർഘശ്വാസമെടുത്തു.

ഒന്നുരണ്ട് മാസങ്ങൾ പിന്നിട്ടു. മഹാനഗരം ലഹളയുടെ ഹാങ് ഓവറിൽനിന്ന് ഉണർന്നു. ട്രെയിനുകളിൽ യാത്രികർ ഭയത്തോടെയാണെങ്കിലും സഞ്ചരിച്ചു. ടാക്സികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ജനം പഴയപടി ജീവിതത്തിലേക്കു മടങ്ങി.
എന്നാൽ രംഗം ശാന്തമായി എന്നുകരുതിയ ധാരാവിമക്കൾക്ക് തെറ്റുപറ്റി.

സിസ്റ്റർ ശോഭയാണ്​ പിന്നീട്​ സംസാരിച്ചത്​: ‘‘പിറ്റേ ആഴ്ച ബോംബെക്കാർ ഉണർന്നത് ഒരു ദുരന്തവാർത്ത കേട്ടാണ്. ബോംബെ ഡോക് തൊഴിലാളികളായ (മത്താഡികൾ) രണ്ടുപേരെ ആരോ കുത്തിക്കൊന്നു. ഇരുസമുദായങ്ങളും പരസ്​പരം പഴിചാരി. ഹിന്ദുക്കളാണ് അവരെ കുത്തിമലർത്തിയതെന്ന് മുസ്​ലിം സംഘടനകളും മുസ്​ലിംകളാണെന്ന് ഹിന്ദുക്കളും പ്രചരിപ്പിച്ചു. അത് സാമൂഹ്യവിരുദ്ധരുടെ ‘കരവേല’യാണെന്ന സത്യം പൊലീസ്​ കണ്ടെത്തുന്നതിനു മുമ്പുതന്നെ ജോഗേശ്വരി രാധാബായി ചോളിലും ബാന്ദ്ര ഈസ്റ്റിലെ ബഹറംപാഡ ചേരിയിലും ധാരാവിയിലും പരക്കെ അക്രമങ്ങൾ അരങ്ങേറിക്കഴിഞ്ഞിരുന്നു. ചേരിപ്രദേശങ്ങളിൽനിന്ന് അവരെ പറപ്പിക്കാൻ ബിൽഡർ ലോബി നടത്തിയ ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമായിരുന്നു ആ സംഭവം. വീണ്ടും ഹിന്ദുത്വസംഘടനകളുടെ ലീലാവിലാസം തുടങ്ങി. മുസ്​ലിം സമുദായ അംഗങ്ങളും കരുതിയിരുന്നു. ചേരിപ്രദേശങ്ങളിലെ മുസ്​ലിം വീടുകൾ, കടകൾ, ഫാക്റ്ററികൾ തുടങ്ങിയവ അവർ തീവെച്ച് നശിപ്പിച്ചു. ദാദർ ഈസ്റ്റിലെ A to Z തുണിക്കട, കോഹിനൂർ ഇലക്​ട്രിക്കൽസ്​, ദാവൂദ് ഷൂ കമ്പനി എന്നിവ അവയിൽ ചിലത് മാത്രമാണ്. ഹിന്ദുക്കളുടെ സ്​ഥാപനങ്ങളും കടകളും എതിർവിഭാഗവും കത്തിച്ചു. വീണ്ടും പട്ടാളമിറങ്ങി. ചെമ്പൂർ, ധാരാവി, ഡോംഗി, ഇന്ദിരാഗാന്ധി നഗർ, തക്കർബാബാ കോളനി, ചീതാ ക്യാമ്പ് എന്നിവിടങ്ങളിൽ റൂട്ട്മാർച്ച് നടത്തി. ആയിരക്കണക്കിന് പട്ടാളക്കാരെയാണ് അന്ന് വിന്യസിപ്പിച്ചത്.

അതിന്റെ ഒരനുഭവം സിസ്റ്റർ ശോഭ പങ്കുവെക്കുന്നു: ‘‘ഞങ്ങളുടെ കോൺവെൻറിലേക്ക് പാൽ കൊണ്ടുവന്നിരുന്നത്​ ഗോപാലസ്വാമിയായിരുന്നു. വളരെ സൗമ്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ എരുമത്തൊഴുത്തും താമസസ്ഥലവും ധാരാവിയിലെ ‘ചന്ദുഹൽവ’ (മധുരപലഹാര നിർമാണകമ്പനി) യ്ക്ക് സമീപമാണ്. കർഫ്യൂവിനെ തുടർന്ന് കലാപം നടന്ന പ്രദേശങ്ങളിലെല്ലാം 144 നടപ്പാക്കി. അഞ്ചിലധികം പേർക്ക് ഒരുമിച്ച് സഞ്ചരിക്കാനോ കൂട്ടംകൂടി നില്ക്കാനോ പാടില്ല എന്ന നിരോധനം പട്ടാളക്കാർ മെഗാഫോണിൽ അറിയിച്ചിരുന്നു. എന്നാൽ അത്യാവശ്യമായ പലവ്യഞ്ജനം, പാൽ തുടങ്ങിയവ വാങ്ങാൻ ഇരുപതുമിനിറ്റ് ജനങ്ങൾക്ക് ഇളവുനൽകിയിരുന്നു. ആ സമയത്തിനുശേഷം ആരും പുറത്തിറങ്ങരുത്. കണ്ടാൽ വെടിവെയ്ക്കും. ഭയംമൂലം ഒരു കുഞ്ഞുകുട്ടിയും പുറത്തിറങ്ങിയില്ല. എന്നാൽ അന്നുരാത്രി ഗോപാലസ്വാമിയുടെ വയറ് ആകെ തകരാറിലായി. പൊതുകക്കൂസ്​ അയാളുടെ ജോപ്ഡയിൽനിന്ന് തെല്ലുമാറിയാണ്. ഏറെനേരം പിടിച്ചിരുന്ന ഗോപാലസ്വാമിക്ക് വെളിക്ക് പോകാതിരിക്കാൻ നിർവാഹമില്ലാതായി. സഹിയ്ക്കവയ്യാതായപ്പോൾ രാത്രിയുടെ അന്ത്യയാമത്തിൽ ചെറിയ തകരപ്പാട്ടയിൽ വെള്ളമെടുത്ത് കോറപ്പുല്ലുനിറഞ്ഞ സ്​ഥലത്ത് കാര്യം സാധിക്കാൻ പുറപ്പെട്ടു. പട്ടാളക്കാരുടെ കണ്ണുവെട്ടിക്കാൻ കറുത്ത കമ്പിളിപ്പുതപ്പ് തലവഴി പുതച്ചിരുന്നു. പതുങ്ങിപ്പതുങ്ങി പുല്ലുനിറഞ്ഞ സ്​ഥലത്തെത്തും മുമ്പ് വെടിപൊട്ടി. ഗോപാലസ്വാമിയുടെ തല പിളർന്നു. അയാൾ മരിച്ചവിവരം വീട്ടുകാർ അറിഞ്ഞത് രാവിലെ എട്ടുമണിക്കു ശേഷമാണ്. ആ സാധുമനുഷ്യന്റെ കൊലയ്ക്ക് ​ഭരണകൂടത്തിനും പൊലീസിനും പട്ടാളത്തിനും ഉത്തരം പറേയണ്ടിവന്നില്ല. അത് നിയമലംഘനമായിരുന്നല്ലോ!’’ ശോഭ പറഞ്ഞവസാനിപ്പിച്ചു.

ലഹള വരുത്തിവെച്ച ദുരന്തങ്ങൾ ചേരിമക്കളെ മാനസികമായി ഉലച്ചതിന്റെ ആഫ്റ്റർ ഇഫക്റ്റിൽ നിന്ന് അവർ വീണ്ടും ജീവിതത്തിലേയ്ക്ക്​ തിരിച്ചെത്താൻ മാസങ്ങൾ തന്നെ എടുത്തുവെന്ന്​ സൈക്യാട്രിസ്റ്റായ ഡോ. രവി അഭയങ്കർ എഴുതിയത് ഇപ്പോൾ ഓർമ വരുന്നു. ഇതിനകം ബോംബെ കലാപത്തിൽ മരിച്ചവരുടെ സംഖ്യ ആയിരം കടന്നിരുന്നു.

സിസ്റ്റർ അരുണ പറഞ്ഞത് അതിലേറെ വേദനാജനകമായ സംഭവമാണ്: കോൺവെൻറിന്റെ കീഴിൽ അതേ സ്​ഥലത്ത് ആ ചുറ്റുവട്ടത്തുള്ള രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്നുനൽകുന്ന ക്ലിനിക്കുണ്ട്. ഡോ. വിനീത് ദന്ദവതേയ്ക്കാണ് അതിന്റെ ചുമതല. അദ്ദേഹം വേറെയും ചേരികളിൽ തന്റെ സേവനം നൽകിയിരുന്നു. ബാന്ദ്ര ഈസ്റ്റിലെ ബഹ്റംവാഡയിലെത്തിയ ആ ദിവസം പെട്ടെന്ന് ലഹളയുടെ രണ്ടാംഘട്ടം അരങ്ങേറി. മരുന്നും സ്റ്റെതസ്​കോപ്പും അനുബന്ധ സാമഗ്രികളുമുള്ള ലെതർബാഗ് വ​യോധികനായ ആ ഡോക്ടറുടെ കൈവശം എപ്പോഴും കാണാം.

അദ്ദേഹത്തെ വലിയൊരു ആൾക്കൂട്ടം പൊടുന്നനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഷർട്ട് വലിച്ചുകീറുകയും കണ്ണട വലിച്ചെറിയുകയും ചെയ്തപ്പോൾ ‘മി ഡോക്ടർ ആഹെ’ എന്നു കരഞ്ഞുപറഞ്ഞെങ്കിലും അക്രമികൾ അത് കേട്ടില്ല. പ്രകോപനപരമായ ഒരു സംഭവവും ബാന്ദ്ര മാര്യേജ് കോർട്ടിനുമുമ്പിൽ അന്നുണ്ടായിരുന്നില്ലെങ്കിലും ‘നിന്റെ പേരെന്താണ്’ എന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒരു ഹിന്ദുവാണെന്ന്​ അക്രമികൾ തിരിച്ചറിഞ്ഞു. സ്വന്തം പേരുതന്നെ അദ്ദേഹത്തിന്റെ മരണത്തിനിടയാക്കി. ഡോക്ടറെ അക്രമികൾ മർദിച്ചവശനാക്കി. പൊലീസ്​ ഡോക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹോക്കിസ്റ്റിക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായ പരിക്കേറ്റിയിരുന്നു. ഒന്നു രണ്ട് ദിവസങ്ങൾക്കുശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി.’’- പൊട്ടിക്കരച്ചിലോടെ സിസ്റ്റർ അരുണ ക്രൂരമായ ആ ആക്രമണം പറഞ്ഞവസാനിപ്പിച്ചു.

ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി നയിച്ച രഥയാത്ര / Photo: Wikimedia Commons

അക്കാലത്തെ ഒരനുഭവം, എ​ന്റെ ഒരു സുഹൃത്ത്​ പങ്കുവെച്ചതുകൂടി ചേർത്തുവെക്ക​ട്ടെ. ജോഗേശ്വരി രാധാബായി ചോളിലെ അക്രമത്തിനുശേഷം അവിടുത്തെ ഹിന്ദുക്കളുടെ കാര്യം അന്വേഷിക്കാൻ ബി.ജെ.പി. നേതാവും അന്നത്തെ പ്രതിപക്ഷനേതാവുമായ എൽ.കെ. അദ്വാനി എത്തി. വൻ സുരക്ഷാ സന്നാഹമാണ്​ അപ്പോഴുണ്ടായിരുന്നത്​. അദ്വാനി പ്രസംഗിച്ചുതുടങ്ങിയപ്പോൾ, നൂർജഹാൻ എന്ന പ്രായമായ ഒരു സ്​ത്രീ പൊടുന്നനെ വേദിയിലേക്ക്​ കയറിച്ചെന്ന്​ അദ്വാനിയുടെ മൈക്ക്​ പിടിച്ചുവാങ്ങി. സുരക്ഷാസേന ഓടിയെത്തിയപ്പോൾ, അദ്വാനി അവരെ വിലക്കി, സ്​ത്രീയെ സംസാരിക്കാൻ അനുവദിച്ചു. നൂർജഹാൻ പറഞ്ഞു, ‘‘നിങ്ങൾ എന്തിനാണിവിടെ വന്നത്​? മരിച്ചവരുടെ കണക്കെടുക്കാനാണോ?’’
സെക്യൂരിറ്റിക്കാർ അവരെ ബലമായി പിടിച്ചുകൊണ്ടുപോകുന്നതിനിടയ്ക്കും അവർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, നിങ്ങളുടെ രഥയാത്രയില്ലായിരുന്നുവെങ്കിൽ, ഈ കർസേവയില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു ഭീകരസംഭവം ഉണ്ടാകുമായിരുന്നില്ല.

കലാപശേഷം നടന്നത്​...

ബോംബെ കലാപത്തെ അപലപിച്ച് സർവകക്ഷി സമ്മേളനങ്ങളുടെ ഫോട്ടോകളും ലേഖനങ്ങളും പത്രങ്ങളിൽ അച്ചടിച്ചുവന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യ പരിസരത്ത് മെഴുകുതിരി കൊളുത്തി കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കുന്നവരുടെ ഫോട്ടോകൾ പത്രങ്ങളിൽ കണ്ടു. ധാരാവി, ജോഗേശ്വരി തുടങ്ങിയ പ്രദേശങ്ങളിലുള്ള തദ്ദേശവാസികളായ നല്ല മനുഷ്യർ സമാധാനം തിരികെയെത്തിക്കാൻ മൊഹല്ല കമ്മിറ്റികൾ (പ്രാദേശിക കമ്മിറ്റികൾ) രൂപീകരിച്ചു. മൈമുനയും അതിൽ ഒരംഗമായിരുന്നു. ഇതിൽ കൈകടത്താൻ രാഷ്ട്രീയക്കാരെ കമ്മിറ്റി അനുവദിച്ചില്ല. ചില സാമൂഹ്യസംഘടനകൾ ചർച്ച് ഗേറ്റ് മുതൽ ബോറിവിലി വരെ മനുഷ്യച്ചങ്ങല തീർത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബാൽ താക്കറെ / Photo: Wikipedia

പത്രങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സോഷ്യൽ ആക്ടിവിസ്റ്റുകളുടെയും ധാരാവിയുടെ ഉന്നമനത്തിന്​ പ്രവർത്തിച്ചുപോന്ന ജോക്കിൻ എന്ന മാംഗ്ലൂരുകാര​ന്റെയും, ആനന്ദ് പട്​വർധൻ, ആഡ് ഗുരു അലി പദംസി, സബീറ മർച്ചൻറ്​ തുടങ്ങിയ എഴുത്തുകാരുടെയും ദിലീപ് ചേത്ര, അരുൺ കൊലാഡ്ഖർ തുടങ്ങിയ ബുദ്ധിജീവികളുടെയും നിരന്തര സമ്മർദം മൂലം കലാപം അന്വേഷിക്കാൻ ഭരണകൂടം അന്വേഷണ കമീഷനെ നിയമിച്ചു.

ലഹള ആസൂത്രണം ചെയ്ത ഹിന്ദുത്വവാദികളിൽ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ശിവസേനാ തലവൻ ബാൽ താക്കറെയെ അറസ്റ്റുചെയ്യാൻ കോടതി വാറൻറ്​ പുറപ്പെടുവിച്ചുവെങ്കിലും അദ്ദേഹം ഹാജരായില്ല.

അന്ന് സൈക്കിൾ റാലി നടത്താൻ ശിവസേന അനുമതി തേടിയിട്ടില്ലെന്നും ആസൂത്രിതമായാണ് ലഹള ഉണ്ടാക്കിയതെന്നും സുപ്രീംകോടതി ജഡ്​ജി ശ്രീകൃഷ്ണയുടെ കമീഷൻ കണ്ടെത്തി. മുസ്​ലിം സമുദായക്കാരുടെ പരാതികൾക്ക് ബോംബെ പൊലീസ്​ വലിയ വിലയൊന്നും നല്കിയില്ല എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കലാപത്തിൽ മരിച്ച മുസ്​ലിംകൾക്ക് ഒരു ചില്ലിക്കാശുപോലും ഭരണകൂടം അതുവരെ നല്കിയില്ല എന്നും കമീഷൻ കണ്ടെത്തി. ഇത്തരമൊരു സംഭവം അരങ്ങേറുമെന്ന നേരിയ സൂചന പോലും ബോംബേ പൊലീസിൽ നിന്ന് ഉണ്ടാകാത്തതിനെ കമീഷൻ ശക്തമായി അപലപിച്ചു. ഈ ലഹള പൊലീസ്​ചരിത്രപുസ്​തകത്തിൽ കരിക്കട്ട കൊണ്ടാണ് എഴുതേണ്ടതെന്നുകൂടി കമീഷൻ വിമർശിച്ചു.

ലഹള ആസൂത്രണം ചെയ്ത ഹിന്ദുത്വവാദികളിൽ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ശിവസേനാ തലവൻ ബാൽ താക്കറെയെ അറസ്റ്റുചെയ്യാൻ കോടതി വാറൻറ്​ പുറപ്പെടുവിച്ചുവെങ്കിലും അദ്ദേഹം ഹാജരായില്ല. ബലപ്രയോഗത്തിലൂടെ അത് നടത്താൻ പൊലീസും ഭരണകൂടവും ഭയപ്പെട്ടു. വീണ്ടും ഒരു വലിയ ലഹള ഒഴിവാക്കാനായിരുന്നു ഭരണകൂടം അങ്ങനെ തീരുമാനിച്ചതെന്നുവേണം കരുതാൻ.

സിസ്റ്റർ അരുണയുടെ ധാരാവിയിലെ കോൺവെൻറ്​ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സിസ്റ്റർ ശോഭയും മറ്റുള്ളവരും ബസ്​തർ ആദിവാസി മേഖലകളിൽ സാമൂഹ്യസേവനം നടത്തുകയാണ്.

കോവിഡ് വ്യാപനം ധാരാവിയിലും ഇതര ചേരികളിലും അനേകരുടെ ജീവനെടുത്തുവെങ്കിലും ഇപ്പോൾ അത് നിയന്ത്രണത്തിലാണെന്ന സന്തോഷകരമായ വാർത്ത പുറത്തുവരുന്നുണ്ട്. ധാരാവി വഴി അന്ധേരി സീപ്​സ്​ (ഇലക്​ട്രോണിക്​ സോൺ) വരെയെത്തുന്ന മെേട്രാ സർവീസ്​ നിർമാണം പുനഃരാരംഭിച്ചിരിക്കുന്നു. ‘സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റി’യുടെ നേതൃത്വത്തിൽ ചേരിനിവാസികൾക്കായി കൂടുതൽ പാർപ്പിടങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് അവരുടെ പി.ആർ.ഒ. മിസിസ്​ കാംബ്ലേ ഒരു ഫോൺ സംഭാഷണത്തിൽ എന്നോട് ഈയിടെ പറഞ്ഞു. ധാരാവിയിലെ അനധികൃത കൈയേറ്റക്കാരായി മുദ്രകുത്തപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ ‘അധികൃത’ നിവാസികളായി മാറിയിട്ടുണ്ടെന്ന വാർത്തയും കേട്ടു. അവർക്ക് റേഷൻ കാർഡും ആധാറുമെല്ലാം ഭരണകൂടം നല്കിയിട്ടുണ്ടെത്ര. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments