ഭീതി നിറഞ്ഞ
പ്രസക്തിയോടെ തിരിച്ചെത്തുന്നു, കാഫ്കയുടെ ആ കീടം

‘‘ഇന്നത്തെ തലമുറയുടെ നിരാശയും ക്രോധവും ഇനി സ്വകാര്യ ഇടങ്ങളിൽ അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളും ഡിജിറ്റൽ സംസ്കാരവും വഴി ഒറ്റപ്പെടലിന് ഇന്ന് കൂട്ടായ രൂപം ലഭിച്ചിരിക്കുന്നു. കാഫ്ക ‘മെറ്റമോർഫോസിസി’ൽ വ്യക്തിപരമായ ദുരന്തമായി എഴുതിയത്, ഇന്ന് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ അസ്വസ്ഥതയായി മാറുകയാണ്- ഡോ. എം.കെ. മുനീർ എഴുതുന്നു.

20-ാം നൂറ്റാണ്ടിലെ ഏറ്റവും ഗഹനവും വിചിത്രസുന്ദരവുമായി വായിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഒന്നാണ് The Metamorphosis. ഫ്രാൻസ് കാഫ്കയുടെ രൂപപരിണാമം. 1915-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചെറുനോവൽ ലോകസാഹിത്യത്തിലെ ഏറ്റവും അസ്വസ്ഥതയുണർത്തുന്ന തുടക്കങ്ങളിൽ ഒന്നോടെയാണ് ആരംഭിക്കുന്നത്. കുടുംബത്തിന്റെ കടബാധ്യതകളും ഉത്തരവാദിത്വങ്ങളും ചുമന്നുകൊണ്ട് ജീവിതം തള്ളിനീക്കുന്ന സെയിൽസ് റെപ്രസെന്റേറ്റീവായ ഗ്രിഗർ സാംസ, ഒരു സുപ്രഭാതത്തിൽ ഉണരുമ്പോൾ താൻ ഭീകരമായ ഒരു കീടമായി രൂപാന്തരപ്പെട്ടതായി തിരിച്ചറിയുന്നു.

എന്നാൽ കാഫ്കയുടെ പ്രതിഭ വിരിയുന്നത് കഥാപാത്രത്തിന്റെ അതിശയകരമായ രൂപപരിണാമത്തിലല്ല, മറിച്ച് അതിനുശേഷമുള്ള മനുഷ്യാവസ്ഥയിലാണ്. ‘ഭൗതികമായ ലാഭനഷ്ടങ്ങളുടെ മാനദണ്ഡങ്ങളിൽ ഉപയോഗമില്ലാത്തവനായി’ മാറിയ മനുഷ്യനെ സമൂഹം എത്ര വേഗത്തിലാണ് കൈയ്യൊഴിയുന്നതെന്ന ക്രൂരസത്യമാണ് കാഫ്ക മുന്നോട്ട് വെക്കുന്ന യഥാർത്ഥ പ്രതിപാദ്യം.

 കാഫ്കയുടെ മെറ്റമോർഫോസിസിലെ കീടം ഒരു ജീവി മാത്രമല്ല; അധികാരവും അവഗണനയും ചേർന്ന് മനുഷ്യനെ എങ്ങനെ വിലകുറഞ്ഞവനാക്കുന്നു എന്നതിന്റെ പ്രതീകമാണ്.
കാഫ്കയുടെ മെറ്റമോർഫോസിസിലെ കീടം ഒരു ജീവി മാത്രമല്ല; അധികാരവും അവഗണനയും ചേർന്ന് മനുഷ്യനെ എങ്ങനെ വിലകുറഞ്ഞവനാക്കുന്നു എന്നതിന്റെ പ്രതീകമാണ്.

ഒരു കാലത്ത് സാംസ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും ആശ്രയവുമായിരുന്നു ഗ്രിഗർ. സ്വന്തം സ്വപ്നങ്ങളും ഇഷ്ടങ്ങളും ആരോഗ്യവും കുടുംബത്തിനായി അവൻ ബലിയർപ്പിച്ചു. പക്ഷേ സാമ്പത്തിക പ്രയോജനം നഷ്ടപ്പെട്ട നിമിഷം മുതൽ, അവൻ സ്വന്തം വീട്ടിൽ അനാവശ്യ വസ്തുവായി മാറി. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ട്, സംസാരിക്കാനോ മനോവികാരം പ്രകടിപ്പിക്കാനോ കഴിയാതെ, സ്വന്തം കുടുംബം പോലും തന്നിൽ നിന്നകന്നുപോകുന്നത് അവൻ നിസ്സഹായനായി നോക്കിനിന്നു.

ഇതിനിടെ ഗ്രിഗറിന്റെ പിതാവ് വീണ്ടും ജോലിയിൽ പ്രവേശിക്കുന്നു. അമ്മ തയ്യൽ ജോലികൾ തുടങ്ങുന്നു. ഏറ്റവും സ്നേഹിച്ചിരുന്ന സഹോദരിയും ഒടുവിൽ ഗ്രിഗറിനെ ഭാരമായി കാണാൻ തുടങ്ങുന്നു. ഇങ്ങനെ കഠിനമായ വേദനയും വിഷാദവും തളർത്തിയ ഗ്രിഗർ സാംസ ഒരു ദുരന്തമായി അസ്തമിക്കുന്നത്, അവന് ഒരു കീടമായി രൂപപരിണാമം സംഭവിച്ചത് കൊണ്ടായിരുന്നില്ല; മറിച്ച് ഭൗതികമായ ലാഭനഷ്ടങ്ങളുടെ അളവുകോലിൽ വാണിജ്യമൂല്യം നഷ്ടപ്പെട്ട് ആർക്കും വേണ്ടാത്തവനായി തീർന്നതു കൊണ്ടായിരുന്നു.

കാഫ്കയുടെ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്, ഈ ‘കീടരൂപകം’ അദ്ദേഹത്തിന്റെ പിതാവായ ഹെർമൻ കാഫ്ക നിരന്തരം നടത്തിയ അപമാനങ്ങളിൽനിന്നാണ് രൂപം കൊണ്ടതെന്നതാണ്. ജന്തുനാമങ്ങൾ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങളും മാനസിക സമ്മർദ്ദങ്ങളും ഫ്രാൻസ് കാഫ്കയുടെ ഉള്ളിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. ആ മുറിവുകളെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പരിവർത്തനം ചെയ്തത്.

ഒരു നൂറ്റാണ്ടിനുശേഷവും കാഫ്കയുടെ ആ രൂപകം നിലവിലെ ഇന്ത്യൻ സാമൂഹിക ചുറ്റുപാടിലും ഭീതിജനകമായ പ്രസക്തിയോടെ തിരിച്ചെത്തുകയാണ്.
ഒരു നൂറ്റാണ്ടിനുശേഷവും കാഫ്കയുടെ ആ രൂപകം നിലവിലെ ഇന്ത്യൻ സാമൂഹിക ചുറ്റുപാടിലും ഭീതിജനകമായ പ്രസക്തിയോടെ തിരിച്ചെത്തുകയാണ്.

അതുകൊണ്ടുതന്നെ മെറ്റമോർഫോസിസിലെ കീടം ഒരു ജീവി മാത്രമല്ല; അധികാരവും അവഗണനയും ചേർന്ന് മനുഷ്യനെ എങ്ങനെ വിലകുറഞ്ഞവനാക്കുന്നു എന്നതിന്റെ പ്രതീകമാണ്.

ഒരു നൂറ്റാണ്ടിനുശേഷവും കാഫ്കയുടെ ആ രൂപകം നിലവിലെ ഇന്ത്യൻ സാമൂഹിക ചുറ്റുപാടിലും ഭീതിജനകമായ പ്രസക്തിയോടെ തിരിച്ചെത്തുകയാണ്. ഇന്നത്തെ യുവതലമുറയെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അധികാരഭാഷകളുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ‘കൊക്ക്രോച്ച് ജനതാപാർട്ടി’ എന്ന ആശയത്തെ, മെറ്റമോർഫോസിസിന്റെ സമകാലിക രാഷ്ട്രീയ പുനരാഖ്യാനമായി വായിക്കാം. അധിക്ഷേപമായി ഉച്ചരിക്കപ്പെട്ട ഒരു വാക്ക് തന്നെ പിന്നീട് പ്രതിഷേധത്തിന്റെ പതാകയായി മാറുന്ന കാഴ്ച അതീവ കാഫ്കേയൻ സ്വഭാവമുള്ള പ്രതിഷേധ രീതിയാണ്.

വ്യവസായിക കാലഘട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട മനുഷ്യനായിരുന്നു ഗ്രിഗർ സാംസ എങ്കിൽ, നവലിബറൽ വ്യവസ്ഥയുടെ അവഗണിക്കപ്പെട്ട പൗരനാണ് ഇന്നത്തെ യുവാവ്.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം തകരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബിരുദങ്ങൾ ഇനി തൊഴിലിനോ അതുണ്ടാക്കുന്ന മാന്യതക്കോ ഉള്ള ഉറപ്പല്ല. അധ്വാനം ഇനി സ്ഥിരതയുടെ ഉപാധിയല്ല. അതിജീവനത്തിന് പോലും അറ്റമില്ലാത്ത പ്രതിസന്ധികൾ ആവശ്യമായിരിക്കുകയാണ്. തൊഴിലില്ലായ്മയും താൽക്കാലിക ജോലികളും കടബാധ്യതകളും മാനസിക സമ്മർദ്ദങ്ങളും വഹിച്ചുകൊണ്ടാണ് സിംഹഭാഗം യുവതലമുറയും ഇന്ന് മുന്നോട്ട് പോകുന്നത്.

അധിക്ഷേപമായി ഉച്ചരിക്കപ്പെട്ട ഒരു വാക്ക് തന്നെ പിന്നീട് പ്രതിഷേധത്തിന്റെ പതാകയായി മാറുന്ന കാഴ്ച അതീവ കാഫ്കേയൻ സ്വഭാവമുള്ള പ്രതിഷേധ രീതിയാണ്.
അധിക്ഷേപമായി ഉച്ചരിക്കപ്പെട്ട ഒരു വാക്ക് തന്നെ പിന്നീട് പ്രതിഷേധത്തിന്റെ പതാകയായി മാറുന്ന കാഴ്ച അതീവ കാഫ്കേയൻ സ്വഭാവമുള്ള പ്രതിഷേധ രീതിയാണ്.

അതേസമയം, സമ്പത്തും അധികാരവും വളരെ ചെറിയൊരു വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നു. വിപണിയിൽ Gen Z തലമുറക്ക് ഉപഭോക്താക്കളെന്ന നിലയിൽ മൂല്യമുണ്ട്. പക്ഷേ അവരുടെ അസ്വസ്ഥതകൾ ഭരണകൂടത്തിന്റെ പരിഗണനയല്ല. അത്തരം സാഹചര്യങ്ങളിൽ നിരാശ സ്വാഭാവികമായും പ്രതീകങ്ങളെ തേടുന്നു.

‘കോക്ക്രോച്ച്’ എന്ന പ്രതീകം രാഷ്ട്രീയമായി ശക്തമാകുന്നത് അതിന്റെ അതിജീവനശേഷി കൊണ്ടാണ്. സാമ്പ്രദായികമായ കാഴ്ചകളുടെ ഗണത്തിൽ വെറുപ്പിൻ്റെ പ്രതീകമാണെങ്കിലും എളുപ്പത്തിൽ ഇല്ലാതാക്കാനാവാത്ത ജീവിയാണ് കോക്ക്രോച്ച്. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും അതിന് ജീവിച്ചുനിലനിൽക്കാൻ കഴിയും. അതുകൊണ്ടുതന്നെ ആ അധിക്ഷേപം, അവഗണിക്കപ്പെട്ട ഒരു തലമുറ അവരുടെ ആത്മപ്രതീകമായി മാറ്റുന്നു.

ഈ പ്രസ്ഥാനത്തിന്റെ സ്വാധീനം വെറും പരിഹാസരാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ശക്തി കേവല കൂട്ടായ്മയിൽ മാത്രമല്ല, വികാരപരമായ തിരിച്ചറിവിലാണ്. തൊഴിൽരഹിതരായ, ചൂഷണത്തിനിരയായ, ജീവിതോപാധിക്കായി നിരന്തരം പോരാടുന്ന യുവാക്കൾ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം അതിൽ കാണുന്നു. അപമാനത്തെ കൂട്ടായ തിരിച്ചറിയലാക്കി മാറ്റുകയും, ആ തിരിച്ചറിയലിനെ രാഷ്ട്രീയ ഊർജമായി പരിവർത്തനം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇവിടെയാണ് കാഫ്കയുടെ കഥാപാത്രവും ഇന്നത്തെ യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വ്യത്യാസം തെളിയുന്നത്.

ഗ്രിഗർ സാംസ നിശ്ശബ്ദതയിൽ ഒറ്റപ്പെട്ടു മരിക്കുന്നു. അവന്റെ വേദന ഒരു അടഞ്ഞ മുറിക്കുള്ളിൽ അവസാനിക്കുന്നു. എന്നാൽ ഇന്നത്തെ തലമുറയുടെ നിരാശയും ക്രോധവും ഇനി അത്തരം സ്വകാര്യ ഇടങ്ങളിൽ അവസാനിക്കുന്നില്ല. സമൂഹമാധ്യമങ്ങളും ഡിജിറ്റൽ സംസ്കാരവും വഴി ഒറ്റപ്പെടലിന് ഇന്ന് കൂട്ടായ രൂപം ലഭിച്ചിരിക്കുന്നു. കാഫ്ക വ്യക്തിപരമായ ദുരന്തമായി എഴുതിയത്, ഇന്ന് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ അസ്വസ്ഥതയായി മാറുകയാണ്.

സാമ്പത്തിക മാന്യതയും സാമൂഹിക സുരക്ഷയും മനുഷ്യാഭിമാനവും നൽകുന്നതിൽ വ്യവസ്ഥകൾ പരാജയപ്പെടുമ്പോൾ, ഒറ്റപ്പെടൽ സ്വാഭാവികമായ പ്രതിരോധമായി രൂപാന്തരപ്പെടും.
സാമ്പത്തിക മാന്യതയും സാമൂഹിക സുരക്ഷയും മനുഷ്യാഭിമാനവും നൽകുന്നതിൽ വ്യവസ്ഥകൾ പരാജയപ്പെടുമ്പോൾ, ഒറ്റപ്പെടൽ സ്വാഭാവികമായ പ്രതിരോധമായി രൂപാന്തരപ്പെടും.

അതിനാലാണ് ഇത്തരം പ്രസ്ഥാനങ്ങളെ അധികാരകേന്ദ്രങ്ങൾ ഭയപ്പെടുന്നത്. ചരിത്രം പറയുന്നത്, പിന്നീട് വലിയ രാഷ്ട്രീയശക്തികളായി മാറിയ പല ചലനങ്ങളും ആദ്യം അധിക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത വിസമ്മതങ്ങളായാണ് ആരംഭിച്ചതെന്നാണ്.

അതിനാൽ യഥാർത്ഥ ചോദ്യം, ഇത്തരം പ്രസ്ഥാനങ്ങൾ refined ആണോ crude ആണോ എന്നതല്ല. മറിച്ച്, സ്വന്തം സാമൂഹിക- രാഷ്ട്രീയ സ്ഥാപനങ്ങളേക്കാൾ ‘കീടങ്ങളെ’ പോലുള്ള അവഗണിക്കപ്പെട്ട പ്രതീകങ്ങളിലാണ് ഒരു തലമുറ സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം കാണുന്നത് എങ്കിൽ, ആ സമൂഹത്തിന്റെ അവസ്ഥ എന്താണെന്നതാണ് പ്രധാന ചോദ്യം.

സാമ്പത്തിക മാന്യതയും സാമൂഹിക സുരക്ഷയും മനുഷ്യാഭിമാനവും നൽകുന്നതിൽ വ്യവസ്ഥകൾ പരാജയപ്പെടുമ്പോൾ, ഒറ്റപ്പെടൽ സ്വാഭാവികമായ പ്രതിരോധമായി രൂപാന്തരപ്പെടും. കാഫ്ക അത് മുമ്പേ തിരിച്ചറിഞ്ഞു. മെറ്റമോർഫോസിസ് ഒരു കീടത്തിന്റെ കഥയല്ല, മറിച്ച് മനുഷ്യന്റെ മൂല്യം അവന്റെ പ്രയോജനക്ഷമതകൊണ്ട് മാത്രം അളക്കുന്ന ഒരു സംസ്കാരത്തിന്റെ, വ്യവസ്ഥിതിയുടെ ശക്തമായ വിമർശനമാണ്. ഇന്ന് യുവതലമുറ അത്തരം വ്യവസ്ഥിതിയോട് പ്രതികരിക്കുന്നത് അവഗണിക്കാനാവാത്ത വിരുദ്ധാശയങ്ങളുടെ ശക്തവും കൃത്യവുമായ ഭാഷയിലാണ്.

ഗ്രിഗർ സാംസയുടെ ദുരന്തം, രൂപാന്തരത്തിനുശേഷം ആരും അവനെ കേൾക്കാതിരുന്നതായിരുന്നു. എന്നാൽ ഇന്നത്തെ അധികാരസംവിധാനങ്ങളുടെ ഭയം, അധിക്ഷേപിക്കപ്പെട്ടും ഒറ്റപ്പെടുത്തപ്പെട്ടും കഴിഞ്ഞ ഈ തലമുറ ഇപ്പോൾ ഒരുമിച്ച് സംസാരിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ഒറ്റപ്പെട്ടവർ പരസ്പരം തിരിച്ചറിയാൻ തുടങ്ങുന്ന നിമിഷം മുതൽ, രൂപപരിണാമം ഒരു ദുരന്തമായി നിലനിൽക്കില്ല. മറിച്ച് അത് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ആരംഭമായി മാറും.

Comments