Photo: downtoearth, twitter

കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ
കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് തുടങ്ങി

കർഷക മാർച്ചിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 12 അപ്ഡേറ്റുകൾ.

National Desk

  • സംയുക്ത കിസാൻ മോർച്ച- നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ഡൽഹി ചലോ മാർച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽനിന്ന് തുടങ്ങി.

  • പൊലീസ് തടഞ്ഞാൽ അതിർത്തിയിൽ കുത്തിയിരിക്കുമെന്ന് കർഷകർ

  • സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി നഗരത്തിലേക്ക് മാർച്ചിനൊരുങ്ങുന്നു.

  • ട്രാക്റ്റർ ട്രോളികൾ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തിയിൽ നിരോധനാജ്ഞ.

  • ഡൽഹി നഗരത്തിലേക്ക് കർഷകർ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിനെതിരെ അവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തയച്ചു. സാധാരണ ജനങ്ങളുടെ ജീവിതം തടസപ്പെടുമെന്നും അഭിഭാഷകർക്ക് കോടതികളിലെത്താനാകാത്തതിനാൽ കോടതി നടപടികൾ തടസപ്പെടാനിടയുണ്ട് എന്നുമാണ് വാദം.

  • കേന്ദ്രകൃഷിമന്ത്രി അർജുൻ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരുടെ നേതൃത്വത്തിൽ കർഷക നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ച പരാജയം. കർഷകർക്കെതിരെ ആദ്യ പ്രക്ഷോഭകാലത്ത് എടുത്ത കേസുകൾ പിൻവലിക്കാമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പുവേണമെന്നുകൂടി കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഇതിൽ മന്ത്രിമാർ ഉറപ്പുനൽകിയില്ല. ഇന്നത്തെ ഡൽഹി ചലോ മാർച്ചിന്റെ ഏറ്റവും പ്രധാന ആവശ്യവും ഇതാണ്.

Photo: Ajmal MK Manikkoth
Photo: Ajmal MK Manikkoth
  • മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, കാർഷിക കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന് സർക്കാർ നിർദേശം വച്ചുവെങ്കിലും കർഷക നേതാക്കൾക്ക് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

  • 'അഞ്ചു മണിക്കൂർ നീണ്ട ചർച്ചയിൽ ഞങ്ങൾ പഞ്ചാബിലെയും ഹരിയാനയിലെയും പീഡിപ്പിക്കപ്പെടുന്ന കർഷകരുടെ അവസ്ഥ വിവരിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളും ഇപ്പോൾ ഇന്ത്യയുടെ ഭാഗമെന്ന നിലയ്ക്കല്ല, അന്താരാഷ്ട്ര അതിർത്തികളെന്ന നിലയ്ക്കാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്''- പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പാൻധർ.

  • കർഷക പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മൂന്ന് കാർഷിക നിയമങ്ങളും ഔദ്യോഗികമായി പിൻവലിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ പറഞ്ഞു.

  • 200 കർഷക സംഘടനകളും യൂണിയനുകളുമാണ് ഡൽഹി ചലോ മാർച്ചിലുള്ളത്.

  • ഡൽഹി- മീററ്റ് എക്‌സ്പ്രസ് വേയിലുടനീളം, പൊലീസ് ബാരിക്കേഡുകളുടെ മറുവശത്ത് കർഷകരുടെ ടെന്റുകളും അടുക്കളകളും.

  • ആദ്യ ഘട്ട കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചക്ക് ഡൽഹി ചലോ മാർച്ചുമായി ബന്ധമില്ലെന്ന്, മോർച്ച അറിയിച്ചു. 16ന് ഗ്രാമീൺ ബന്ദിന് മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

  • എസ്.കെ.എം- നോൺ പൊളിറ്റിക്കൽ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൽ, കിസാൻ മസ്ദുർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പാൻധർ എന്നിവരാണ് ഡൽഹി ചലോ മാർച്ചിന് നേതൃത്വം നൽകുന്നത്. 2020-ലെ കർഷക പ്രക്ഷോഭനേതാക്കളായിരുന്ന രാകേഷ് ടിക്കായത്ത്, ഗുർണം സിങ് ചാരുണി എന്നിവർ ഈ സമരത്തിലില്ല.

Comments