കേരളം, കേന്ദ്രം:
ഏകാധിപതികളുടെ അപകടകരമായ പാരസ്പര്യം

‘‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളാണ് ഇപ്പോൾ ഭരിക്കുന്നത്. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട സർവാധിപതിയാണ്. അത് സംസ്ഥാനത്തും നടക്കുന്നു, അതുകൊണ്ട് പരസ്പര പൂരകമായിട്ടാണ് ഇരുവരും പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്ന് പേരെടുത്തുപറഞ്ഞ് ഇവർ പരസ്പരം വിമർശിക്കുന്നില്ല. അവർക്ക് പാരസ്പര്യം ആവശ്യമാണ്. ഒരു ഏകാധിപതിക്ക് മറ്റൊരു ഏകാധിപതിയെ കൂടെ നിർത്തി കാര്യങ്ങൾ നടത്താൻ എളുപ്പമാണ്.’’ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്ത് എം. കുഞ്ഞാമൻ എഴുതുന്നു.

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോൾ, ചില അടിസ്ഥാനപരമായ കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. അതിൽ ഒന്നാണ്, തുടർച്ച എന്നത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി എം.എൽ.എയായിരുന്നു. സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർച്ചയായ രണ്ടാമത്തെ തവണ ഭരിക്കുന്നു.

തുടർച്ച എന്ന അപകടം

ജനാധിപത്യത്തെ സംബന്ധിച്ച്, തുടർച്ച വളരെ അപകടകാരിയായ ഒരു കാര്യമാണ്. മാറ്റത്തിനുള്ള സാധ്യതകളാണ് ജനാധിപത്യത്തിന്റെ അന്തഃസ്സത്ത. ഭരണം മാറണം, ഭരണകർത്താക്കളും മാറണം. അല്ലെങ്കിൽ, ബംഗാളിലേതുപോലെ, ഒരു മുന്നണി 34 വർഷവും ഒരു മുഖ്യമന്ത്രി 23 വർഷവും അധികാരം കൈയാളുക എന്ന സ്ഥിതിയുണ്ടാകും. അത്, ചില പ്രശ്നങ്ങളെ സ്ഥായിയായി നിലനിർത്തും. മാത്രമല്ല, തുടർച്ച എന്നാൽ, അതൊരു ഭരണത്തുടർച്ചയാണ്, രാഷ്ട്രീയത്തുടർച്ചയുമല്ല. ഭരണത്തുടർച്ചയുള്ളിടങ്ങളിലെല്ലാം രാഷ്ട്രീയം അപ്രസക്തമാകുകയാണ് ചെയ്യുന്നത്. ജനങ്ങൾക്കാവശ്യം അധികാരഘടനയെ ചോദ്യം ചെയ്യുന്നതും വിശകലനം ചെയ്യുന്നതുമായ രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികൾക്കും അങ്ങനെത്തന്നെയാണ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ അവർക്കും തിരുത്താൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ, തങ്ങൾചെയ്യുന്നതെല്ലാം ശരി എന്ന ധാരണയിൽ അവർ മുന്നോട്ടുപോകും. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക- സാമ്പത്തിക വ്യവസ്ഥിതിയിൽ അത്തരമൊരു ഭരണത്തുടർച്ച വളരെ അപകടം പിടിച്ച ഒരു കാര്യമാണ് എന്നു പറയുന്നത് അതുകൊണ്ടാണ്.

ജ്യോതി ബസു

ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിലുണ്ടായ തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയത്തെ വൈകാരികമായേ കാണാനാകൂ. അത് ഒരു രാഷ്ട്രീയത്തിന്റെ തുടർച്ചയല്ല, ആ വ്യക്തിയുടെ പ്രത്യേകതയാണ്. അദ്ദേഹത്തെ ചെന്നു കാണാൻ എളുപ്പമാണ്. ആരു ചെന്നാലും, പാർട്ടി നോക്കാതെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കും, കഴിയുന്നത് ചെയ്തുകൊടുക്കും. അദ്ദേഹത്തിന് 42 അകമ്പടി വാഹനങ്ങളില്ല. ഇതെല്ലാം ആളുകളെ ആകർഷിച്ച കാര്യം തന്നെയായിരുന്നു. അതേസമയം ഇത് രാഷ്ട്രീയമായ സമീപനമായിരുന്നു എന്നു പറയാൻ കഴിയില്ല. അത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പോലും ഭാഗമല്ല. കാരണം, കോൺഗ്രസ് രാഷ്ട്രീയം ജനങ്ങളെ ശ്രദ്ധിക്കുന്നതും ജനകീയവുമാണ് എ ന്നൊന്നും പറയാൻ പറ്റില്ല.

വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരു മുൻഗണനാക്രമമുണ്ട്. അതിൽ കെ- റെയിൽ വരുന്നില്ല. ജനകീയമായ മുൻഗണനാക്രമം മനസ്സിലാക്കാതെ നടത്തുന്ന വികസനത്തിൽ ജനങ്ങൾക്ക് പങ്കാളിത്തമില്ല, അവർക്ക് അഭിപ്രായവുമില്ല. അവിടെ അവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

കോൺഗ്രസും തുടർച്ചയായും അല്ലാതെയും കുറെ വർഷങ്ങളോളം അധികാരത്തിലിരുന്ന പാർട്ടിയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും നല്ല ലിബറൽ മതേതര പാർട്ടിയായിരുന്നു അത്. എന്നാൽ, അവരുടെ നയങ്ങളിൽ വേണ്ടവിധം മാറ്റങ്ങൾ വന്നില്ല. കോൺഗ്രസിന്റെ വിദേശനയം ഇന്നും നമ്മൾതുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആഗോളതലത്തിൽ സ്വീകാര്യതയുമുണ്ട്. അത് നെഹ്റുവിന്റെ സമീപനത്തിന്റെ പ്രത്യേകതയായിരുന്നു. അതുപോലെ പൊതുമേഖലക്ക് നൽകിയ പ്രാധാന്യം. ഇതു രണ്ടും ശ്ലാഘിക്കപ്പെട്ടതാണ്. ഹരിത വിപ്ലവം, ബാങ്ക് ദേശസാൽക്കരണം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ ആകർഷിച്ചിരുന്നു.
ശാസ്ത്രസാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യം നൽകുന്ന ഒന്നായിരുന്നു നെഹ്റുവിന്റെ സമീപനം. അതിന്റെ ഗുണം ഇപ്പോൾ നമ്മൾ അനുഭവിക്കുന്നുണ്ട്, ബഹിരാകാശരംഗത്തും മറ്റു രംഗങ്ങളിലുമുള്ള നേട്ടങ്ങളിലൂടെ. നെഹ്റു എന്ന രാഷ്ട്രീയക്കാരനെ ദീർഘ പരിപ്രേക്ഷ്യമുള്ള വ്യക്തിയായി കൂടി കാണണം. അത്തരം വ്യക്തികൾ പിന്നെ ഉണ്ടായിട്ടില്ല. ഗാന്ധി, നെഹ്റു, അംബേദ്കർ- ഈ മൂന്നു വ്യക്തികളും ഇന്ത്യൻ ചരിത്രത്തിൽ തന്നെ ബദലില്ലാത്തവരാണ്. അവർ ഇപ്പോഴും ഓർമിക്കപ്പെടുന്നു, അവരുടെ ഭാവന കൊണ്ടും ബുദ്ധിശക്തി കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും.

ഉമ്മൻചാണ്ടി

എന്നാൽ, സമൂല മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സാമ്പത്തിക സമത്വം നടപ്പാക്കാനോ സോഷ്യലിസ്റ്റ് വീക്ഷണം വളർത്തിയെടുക്കാനോ കഴിഞ്ഞില്ല. അതിന്റെ പ്രത്യാഘാതം അവർക്ക് അനുഭവിക്കേണ്ടിയും വന്നു. 1967-നുശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ അവർക്ക് തിരിച്ചടി നേരിട്ടു. രാഷ്ട്രീയപരിപാടിയിൽ മാറ്റം വേണമെന്ന് കോൺഗ്രസ് ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. അതും പൊതുനയത്തിൽ അല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, സമ്പത്തിന്റെ പുനർവിതരണം ഒരു പൊതുനയമായി കോൺഗ്രസ് ഇപ്പോഴും അംഗീകരിക്കുന്നില്ല. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും അംഗീകരിക്കുന്നില്ല. അതുപോലെ, ഭരണഘടനയുടെ 21-ാം വകുപ്പിൽ വരേണ്ട സ്വത്തവകാശം എന്ന നയം ആരും സ്വീകരിച്ചിട്ടില്ല. അതൊക്കെയാണ് നയം എന്നു പറയുന്നത്. മറ്റേത് പ്രോഗ്രാമുകളാണ്. മൊത്തത്തിലുള്ള നയം വരുമ്പോഴാണ് സമൂഹം പൊളിച്ചെഴുതപ്പെടുകയുള്ളൂ, സാമൂഹികമായ മാറ്റമുണ്ടാകൂ. അതാണ് രാഷ്ട്രീയം. മറ്റേത് ഭരണപരമായ കാര്യങ്ങളാണ്. അങ്ങനെ സമൂലമായ രാഷ്ട്രീയ മാറ്റത്തിനുള്ള പരിപാടികൾ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കൊണ്ടുവരുന്നില്ല.

ഇടതുപക്ഷ പാർട്ടികൾക്ക് ലെഫ്റ്റ് എക്സ്ട്രിമിസത്തെ ടോളറേറ്റ് ചെയ്യാൻ കഴിയില്ല. അതേസമയം, അവർക്ക് റൈറ്റ് എക്സ്ട്രിമിസം ടോളറേറ്റ് ചെയ്യാൻ കഴിയും.

രാഷ്ട്രീയമില്ലാത്ത പുതുപ്പള്ളി

പുതുപ്പള്ളിയിലേക്കു വരാം. അവിടെ രാഷ്ട്രീയമില്ലാത്ത ഇലക്ഷനാണ് നടന്നത്. ഉമ്മൻചാണ്ടി അവിടെ വ്യക്തി എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. അല്ലാതെ, സമൂലമായ മാറ്റം കൊണ്ടുവന്ന ഒരു പാർട്ടിയുടെ നേതാവ് എന്ന നിലയ്ക്കല്ല. ആ നാട്ടുകാരെ സംബന്ധിച്ച് നല്ലൊരു മനുഷ്യൻ, അത്തരക്കാരെ എല്ലാ കാലത്തും ആളുകൾ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, അത് രാഷ്ട്രീയമായി വ്യത്യസ്തമായ ഒരു സമീപനമായിരുന്നു എന്നു പറയാൻ പറ്റില്ല. അത് ഒരു മാറ്റത്തിന്റെ ഘടകമാണ് എന്നും പറയാനാകില്ല.

പുതുപ്പള്ളിയിൽ തുടർച്ചയാണ് യു.ഡി.എഫ് ആഗ്രഹിച്ചത്. ഉമ്മൻചാണ്ടിയുടെ പേരെടുത്തു പറഞ്ഞ് ആളുകളെ വൈകാരികതലത്തിൽ സ്വാധീനിക്കാനുള്ള ശ്രമമമായിരുന്നു അവർ നടത്തിയത്. അതിലേറെ, അവർ സർക്കാറിനെതിരായും കാമ്പയിൻ നടത്തി.

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ ഫലപ്രഖ്യാപനത്തിനുശേഷം

കേരളത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇത്തരത്തിലൊരു അസഹനീയമായ ഭരണാന്തരീക്ഷം കേരളത്തിലുണ്ടായിട്ടില്ല; അഴിമതിയുടെ കാര്യത്തിലായാലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ കാര്യത്തിലായാലും ഭരണാധികാരികളുടെ ധൂർത്തിന്റെ കാര്യത്തിലായാലും, ഇങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല. അത്, പുതുപ്പള്ളിയിൽ കോൺഗ്രസ് ജനങ്ങൾക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. അതുകൊണ്ടുതന്നെ, യു.ഡി.എഫിന് ധാരാളം മാർക്സിസ്റ്റ് വോട്ടുകൾ കിട്ടിയിട്ടുണ്ട്. എൽ.ഡി.എഫിന് നഷ്ടമായ 12,000-ലേറെ വോട്ടുകൾ കോൺഗ്രസിനാണ് ലഭിച്ചത്. സി.പി.എമ്മിലുള്ളവർക്കുതന്നെ, പാർട്ടി നേതൃത്വത്തോട് അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്വന്തം രാഷ്ട്രീയനേതൃത്വത്തിൽ മാറ്റം കൊണ്ടുവരാൻ അവർക്ക് കഴിയില്ല. അത് അവർ വോട്ടർമാർ എന്ന നിലയ്ക്ക് ഉപയോഗപ്പെടുത്തിയെന്നുമാത്രം. വോട്ടർമാർ എന്നു പറഞ്ഞാൽ ഒരു പ്രത്യേകതയുണ്ട്. അവർ നിശ്ശബ്ദമായി നിർവഹിക്കുന്ന ഒരു പ്രതികരണം കൂടി, വോട്ടെടുപ്പിൽ അടങ്ങിയിരിക്കുന്നുണ്ട്.

കേരള രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ഘടകം, ബി.ജെ.പിയുടെ രാഷ്ട്രീയം പോലെ, വയലൻസിന് വലിയൊരു പങ്കുണ്ട് എന്നതാണ്. അതായത്, കേഡർവയലൻസ്. കേഡർ പാർട്ടികൾ ശക്തിപ്പെടുന്നിടത്തെല്ലാം രാഷ്ട്രീയത്തിൽ വയലൻസിന്റെ പ്രാധാന്യം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ കേഡർ പാർട്ടികൾ ജനാധിപത്യത്തിന് അപകടം ചെയ്യും. ഇതിനോടുള്ള വോട്ടർമാരുടെ പ്രതികരണം കൂടി പുതുപ്പള്ളിയിലെ വോട്ടെടുപ്പിൽ നിശ്ശബ്ദമായി പ്രവർത്തിച്ചിട്ടുണ്ട്.

സി.പി.എം- ബി.ജെ.പി
പാരസ്പര്യം

സർക്കാർ ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചത് അവരുടെ ഭരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. മറ്റൊന്നും അവർ പറഞ്ഞിട്ടില്ല. ആ ഒരു സമീപനം, ജനം അംഗീകരിച്ചില്ല. എൽ.ഡി.എഫ്, രാഷ്ട്രീയം പ്രവർത്തിച്ചിട്ടില്ല. അവർക്ക് അധികാരത്തിലും ഭരണത്തിലുമാണ് താൽപര്യം. അവർ അത് ഊന്നിപ്പറയുകയാണ് ചെയ്തത്. അവർ അവകാശപ്പെട്ട വികസനം എന്നതിനെ ജനം അംഗീകരിക്കുന്നില്ല എന്നതിന്റെ നാന്ദിയാണിത്. ഇതേ സമീപനമാണ് എൽ.ഡി.എഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കാൻ പോകുന്നത് എങ്കിൽ വ്യാപകമായ പരാജയമായിരിക്കും അവരെ കാത്തിരിക്കുന്നത്.

ത്രിപുര നിയമ സഭയിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ സി.പി.എം പ്രചരണത്തിൽ നിന്ന്

ഇതൊരു വൈകാരികമായ വോട്ടെടുപ്പായിരുന്നു എന്നാണല്ലോ എൽ.ഡി.എഫ് പറയുന്നത്. അങ്ങനെയെങ്കിൽ ത്രിപുരയിലെ സി.പി.എം ശക്തികേന്ദ്രമായ ബോക്സാ നഗറിൽ മത്സരിച്ചത് അന്തരിച്ച സി.പി.എം നേതാവിന്റെ മകനാണ്, അദ്ദേഹത്തിന് കെട്ടിവച്ച പണം നഷ്ടമായി എന്ന് പ്രതിപക്ഷം മറുപടിയും പറഞ്ഞിട്ടുണ്ട്.

കണ്ണടച്ചുകൊണ്ട് കാര്യങ്ങൾ കാണുന്ന സ്ഥിതി ഇന്നില്ല. ജനം ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. വാഗ്ദാനങ്ങളിലൂടെ മാത്രം കേരളത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. മോദി കൊണ്ടുവന്ന മാറ്റങ്ങൾ മുന്നോട്ടുകൊണ്ടുപോകും എന്ന വാഗ്ദാനം നൽകിയത് ബി.ജെ.പിയാണ്. അവർക്ക് അംഗീകാരം കിട്ടിയുമില്ല. യഥാർഥത്തിൽ, ബി.ജെ.പിക്ക് കേരളത്തിൽ ഒരു വിജയം ആവശ്യമില്ല. വോട്ട് കുറയുന്നതിൽ ബി.ജെ.പിക്ക് കേരളത്തിൽ സങ്കടമൊന്നുമില്ല. കാരണം, അവർക്ക് ഇവിടെ മറ്റു സ്ഥലങ്ങളിൽ കിട്ടാത്ത ഒരു വേദി കിട്ടുന്നുണ്ട്. അവർക്ക് ആവശ്യം കോൺഗ്രസിനെ നിഷ്കാസിതമാക്കലാണ്, സി.പി.എമ്മുമായി ബന്ധം പുലർത്തലാണ്. സി.പി.എമ്മിന് ബി.ജെ.പിയോട് വലിയ ശത്രുതയില്ല, അതൊരു പരസ്പര ബന്ധമാണ്. ഉദാഹരണത്തിന്, പല കേസുകളും നോക്കൂ. സ്വർണ കള്ളക്കടത്ത് കേസിൽ എന്തെങ്കിലും സംഭവിച്ചോ? ഇ.ഡി അന്വേഷിച്ചു, കാര്യങ്ങൾ വ്യക്തമായി. എന്നിട്ട് എന്തു നടന്നു? റിട്ടയർ ചെയ്ത ഒരു ഗവ. സെക്രട്ടറിയെ കുറെക്കാലം ജയിലിലിട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. സി.പി.എമ്മിനും ഇഷ്ടം, കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ തുടരുന്നതാണ്. കാരണം, അതിലൂടെ അവർക്ക് പല കേസുകളിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നു. ‘ഞാൻ തെറ്റ് ചെയ്തിട്ടില്ല’ എന്നാണ് മുൻ യു.എസ് പ്രസിഡന്റ് ട്രമ്പും കോടതിയിൽ പറഞ്ഞത്. എല്ലാ കുറ്റവാളികളും പറയുന്നതാണിത്. എന്നിട്ട് അവർ, തങ്ങൾ ചെയ്ത സേവനങ്ങളെക്കുറിച്ച് വാചാലരാകും. താൻ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വന്നത്, പൊതുരംഗത്ത് ധീരമായി പ്രവർത്തിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടാണ് അവർ രക്ഷപ്പെടാൻ നോക്കുന്നത്. ഇപ്പോൾ അവർക്ക് പിടിച്ചുനിൽക്കാൻ കേന്ദ്ര സഹായം ആവശ്യമാണ്.

നരേന്ദ്ര മോദി, അമിത് ഷാ

ലാവ്‍ലിൻ കേസ് 34-ാമത്തെ തവണയാണ് മാറ്റിവെക്കുന്നത്. ചരിത്രത്തിൽഇല്ലാത്തതാണിത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഒരു നേതാവ് പറയുന്നു, എനിക്ക് കമ്മിറ്റി മീറ്റിംഗുണ്ട്, നീട്ടിവക്കണം എന്ന്. പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു പാവപ്പെട്ടവനെ വിളിച്ചു എന്നു കരുതുക. അയാൾക്ക് ഈ ഇളവ് കൊടുക്കുമോ? പൊലീസിനെ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നത് ഒരു രാഷ്ട്രീയായുധമായാണ്. അതിനെ പലപ്പോഴും ക്രൂരമായി ഉപയോഗിക്കുന്നത് അടിച്ചമർത്തപ്പെടുന്നവർക്കെതിരായാണ്, സമ്പന്നർക്കും ശക്തർക്കും എതിരായിട്ടല്ല.

ന്യായാധിപന്മാർക്ക് വിരമിച്ചശേഷം ജോലി കൊടുക്കുന്നു. സ്‌റ്റേറ്റ് ഖജനാവ് ഉപയോഗിച്ചുകൊണ്ടുതന്നെ ഇതെല്ലാം നടപ്പാക്കാൻ കഴിയുന്നു. ജുഡീഷ്യറി നടപ്പാക്കുന്നത് നീതിയല്ല, ന്യായമാണ്. ന്യായത്തിന്റെ വ്യവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്, നീതിയുടെ വ്യവസ്ഥയല്ല. നീതി ഇല്ലാത്ത ഒരവസ്ഥയിൽ അവർ ന്യായം നടപ്പാക്കുന്നു. ഏത് ജുഡീഷ്യറിയുടെയും സ്വഭാവം അതാണ്. ഇങ്ങനെയാണ് നിയമവാഴ്ച തകർക്കപ്പെടുന്നതും ജനങ്ങൾക്ക് അതിൽ വിശ്വാസം നഷ്ടപ്പെടുന്നതും. മുമ്പ് സമൂഹത്തിന് ജുഡീഷ്യറിയിലുണ്ടായിരുന്ന വിശ്വാസവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലൊരു അസഹനീയമായ ഭരണാന്തരീക്ഷം കേരളത്തിലുണ്ടായിട്ടില്ല; അഴിമതിയുടെ കാര്യത്തിലായാലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ കാര്യത്തിലായാലും ഭരണാധികാരികളുടെ ധൂർത്തിന്റെ കാര്യത്തിലായാലും, ഇങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല.

ഭരണകൂടത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ. എക്സിക്യൂട്ടീവിന് ഇത്ര അധികാരം ലഭിച്ച കാലം മുമ്പുണ്ടായിട്ടില്ല. ഇത് കാണിക്കുന്നത് എന്താണ്? ജനാധിപത്യ പ്രക്രിയയിലൂടെ ഏകാധിപതികൾക്ക് അധികാരത്തിൽ വരാൻ പറ്റുന്നു. അതായത്, തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളാണ് ഇപ്പോൾ ഭരിക്കുന്നത്. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട സർവാധിപതിയാണ്. അത് സംസ്ഥാനത്തും നടക്കുന്നു, അതുകൊണ്ട് പരസ്പര പൂരകമായിട്ടാണ് ഇരുവരും പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്ന് പേരെടുത്തു പറഞ്ഞ് ഇവർ പരസ്പരം വിമർശിക്കുന്നില്ല. അവർക്ക് പാരസ്പര്യം ആവശ്യമാണ്. അതായത്, ഒരു ഏകാധിപതി എല്ലാം തീരുമാനിക്കുന്ന സ്ഥിതി. ഏത് പൊസിഷനും തീരുമാനിക്കുന്നത് ആ ഏകാധിപതിയാണ്. ഒരു ഏകാധിപതിക്ക് മറ്റൊരു ഏകാധിപതിയെ കൂടെ നിർത്തി കാര്യങ്ങൾ നടത്താൻ എളുപ്പമാണ്. കാരണം, ജനങ്ങളുമായി കാര്യങ്ങൾ ചർച്ച ചെയ്യണം, അതിൽതീരുമാനമെടുക്കണം എന്നൊന്നും പറയേണ്ടതില്ലല്ലോ. ഈ രണ്ട് ഏകാധിപതികൾ തീരുമാനിച്ചാൽ മതി. പാർട്ടി തന്നെ വരുന്നില്ല. അവരാണ് പാർട്ടി, അവരാണ് അഭിപ്രായങ്ങളുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ, മാർക്സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും ഒന്നിച്ചുനിന്നാലേ പറ്റൂ. പാരസ്പര്യം അത്യന്താപേക്ഷിതമായി വരുന്നു. ഇത് ജനാധിപത്യ പ്രക്രിയയെ സംബന്ധിച്ച് ആരോഗ്യകരമായ ഒന്നല്ല.

പിണറായി വിജയൻ

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ ചൂണ്ടിക്കാട്ടി, കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല എന്ന് എൽ.ഡി.എഫ് പറയുന്നുണ്ട്. അത് പക്ഷെ, വളരെ ഫോർമലായിട്ടും ബ്രീഫായിട്ടുമാണെന്നുമാത്രം. ഇവർ പണ്ടും പറഞ്ഞിരുന്നത് ആവർത്തിക്കുന്നുവെന്നേയുള്ളൂ. ഏത് ഫെഡറേഷനിലും, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പറഞ്ഞ്, കേന്ദ്രത്തെ വിമർശിക്കാറുണ്ട്. എല്ലാ ഫെഡറേഷനിലുമുള്ളതാണ് അത്. ഇവിടെ കേന്ദ്രത്തെയാണ് സി.പി.എം വിമർശിക്കുന്നത്. പ്രധാനമന്ത്രിയെയയും ആഭ്യന്തര മന്ത്രിയെയും പേരെടുത്ത് പറയുന്നില്ല. ആര് കേന്ദ്രത്തിലിരുന്നാലും അവർ ഇത് പറയും. അത് അവരുടെ ശൈലിയാണ്.

ഇതുമൂലം സംഭവിക്കുന്നത് എന്താണ്? റിപ്രസ്സീവ് ഡെമോക്രസി, റപ്രസന്റേറ്റീവ് ഡമോക്രസിയെ തൂത്തെറിഞ്ഞിരിക്കുന്നു. സ്‌റ്റേറ്റിന്റെയും കേഡറിന്റെയും ശക്തി ഉപയോഗിച്ച് ആളുകളെ നിശ്ശബ്ദരാക്കുന്നു. ഭരണഘടനയുടെ 19-ാം വകുപ്പിന് സാംഗത്യം തന്നെയില്ലാത്ത അവസ്ഥയാണിപ്പോൾ.

പുതുപ്പള്ളിയിൽ, എൽ.ഡി.എഫും മുഖ്യമന്ത്രിയും വികസനത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. അതാണ് ജനം തള്ളിക്കളഞ്ഞത്.

അഭിപ്രായങ്ങളെ മാത്രമല്ല, ആളുകളുടെ ചിന്തകളെയും ഭരണകൂടം നിയന്ത്രിക്കുന്നു. ഇത് അപകടകരമായ അവസ്ഥയാണ്. വ്യക്തികളുടെ ജീവിത്തിന്റെ എല്ലാ തലങ്ങളിലേക്കും അതിക്രമിച്ചുകയറാൻ ഭരണകൂടത്തിന് കഴിയുന്നു. ഇതൊരു കൂട്ടായ സമീപനമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ പാർട്ടികൾക്ക് ലെഫ്റ്റ് എക്സ്ട്രിമിസത്തെ ടോളറേറ്റ് ചെയ്യാൻ കഴിയാത്തത്. അതേസമയം, അവർക്ക് റൈറ്റ് എക്സ്ട്രിമിസം ടോളറേറ്റ് ചെയ്യാൻ കഴിയും. ബി.ജെ.പി നിലപാട് റൈറ്റ് എക്സ്ട്രിമിസമാണ്. ചില മതസംഘടകൾ എടുക്കുന്നത് റൈറ്റ് എക്സ്ട്രിമിസമാണ്. അത് ഇടതുപക്ഷത്തിന് ടോളറേറ്റ് ചെയ്യാൻ കഴിയും.

ഗ്രോ വാസു

എന്നാൽ, ഗ്രോ വാസുവിനെ ടോളറേറ്റ് ചെയ്യാൻ കഴിയില്ല. കേരളത്തിൽ എട്ടുപേരെ പൊലീസ് വെടിവച്ചുകൊന്നതിനെ എതിർക്കുന്നയാളാണ് അദ്ദേഹം. അല്ലാതെ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല. സത്യത്തിൽ അദ്ദേഹം നടത്തിയത് അഭിപ്രായപ്രകടനമാണ്. അതിനാണ്, 95 വയസ്സായ അദ്ദേഹത്തെ ഒന്നര മാസം ജയിലിലിട്ടത്. വാസു ക്രിമിനൽ കുറ്റം ചെയ്തു എന്നതിന് തെളിവില്ല എന്നാണല്ലോ, അദ്ദേഹത്തെ വിട്ടയച്ചുകൊണ്ട് കോടതിയും പറഞ്ഞത്. കൊല്ലപ്പെട്ടവരെ അനുകൂലിച്ചു മുദ്രാവാക്യം മുഴക്കുകയും സർക്കാർ ചെയ്തത് തെറ്റാണ് എന്നു പറയുകയും മാത്രമേ ഗ്രോ വാസു ചെയ്തുള്ളൂ. ജനാധിപത്യം അനുവദിക്കേണ്ട അഭിപ്രായസ്വാതന്ത്ര്യമാണിത്. ജനങ്ങൾക്ക് അഭിപ്രായം പറയാൻ അവകാശം നൽകുന്ന ഭരണഘടനയുടെ 19ാം വകുപ്പ് നിലനിർത്തുകയും, ആ അവകാശം വിനിയോഗിച്ച ഒരാളെ തുറുങ്കിലടക്കുകയും ചെയ്യുന്നതതിന് ന്യായീകരണമില്ല.

എല്ലാം ജനം തിരിച്ചറിയുന്നു

രാജ്യം ഫ്യൂഡൽ വ്യവസ്ഥിതിയിലേക്ക് തിരിച്ചുപോകുകയാണ്. അതിനെ നിയമപരമായി തടഞ്ഞുനിർത്താനാകില്ല, ജനാധിപത്യപരമായിട്ടേ തടയാൻ പറ്റൂ. അതിന് ജനങ്ങളെ പഠിപ്പിക്കണം. അവർ വോട്ട് ചെയ്യണം. അല്ലാതെ, ഞങ്ങൾ സെക്യുലറിസം കൊണ്ടുവരും എന്ന് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി വേണം ഇത് ചെയ്യാൻ. സാമ്പത്തിക സമത്വം, ജാതി നിർമാർജനം, മതങ്ങളുടെ യാഥാസ്ഥിതികതയെ എതിർക്കൽ, മതനിരപേക്ഷത തുടങ്ങിയവയെയെല്ലാം കണ്ണി ചേർത്തുകൊണ്ടേ ജനങ്ങളെ സംഘടിപ്പിക്കാൻ പറ്റുകയുള്ളൂ.

പുതുപ്പള്ളിയിൽ, എൽ.ഡി.എഫും മുഖ്യമന്ത്രിയും വികസനത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. അതാണ് ജനം തള്ളിക്കളഞ്ഞത്. വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരു മുൻഗണനാക്രമമുണ്ട്. അതിൽ കെ- റെയിൽ വരുന്നില്ല.

ഇങ്ങനെ ജനങ്ങളുടെ ജീവിതവുമായി കണ്ണി ചേർത്ത്, അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് മുന്നോട്ടുപോകേണ്ട കാലഘട്ടമാണിത്. അതിനുപകരം അവർ പറയുന്നത്, തങ്ങൾ വിശ്വാസത്തിനും മതത്തിനും എതിരല്ല എന്നാണ്. മതത്തിന് എതിരല്ല എന്നു പറഞ്ഞാൽ ജാതിക്കും എതിരല്ല എന്നും പറയണമല്ലോ. പിന്നെ എന്തിനാണ് ഇവർ എതിര്?

പുതുപ്പള്ളിയിൽ, എൽ.ഡി.എഫും മുഖ്യമന്ത്രിയും വികസനത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. അതാണ് ജനം തള്ളിക്കളഞ്ഞത്. വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരു മുൻഗണനാക്രമമുണ്ട്. അതിൽ കെ- റെയിൽ വരുന്നില്ല. ജനകീയമായ മുൻഗണനാക്രമം മനസ്സിലാക്കാതെ നടത്തുന്ന വികസനത്തിൽ ജനങ്ങൾക്ക് പങ്കാളിത്തമില്ല, അവർക്ക് അഭിപ്രായവുമില്ല. അവിടെ അവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വികസനമല്ല വേണ്ടത് എന്ന് ജനം അറിയിച്ചു എന്നുമാത്രം.


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments