സഹസ്രകോടികൾ മുടക്കി നൂറുകണക്കിന് ഐ.ടി പ്രൊഫഷണലുകൾ മാസങ്ങളോളം അധ്വാനിച്ച് രാഹുൽഗാന്ധിയെ അവഹേളിക്കാനും തകർക്കാനും ശ്രമിച്ചുപോന്നതിന്റെ കഥകൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. 2014- ലും തുടർച്ചയായി കോൺഗ്രസ് നേരിട്ട കനത്ത തോൽവികൾ ബി.ജെ.പി മെനഞ്ഞ കഥകൾക്ക് കൊഴുപ്പേകി. രാഹുൽഗാന്ധിയെ നോക്കി അവർ ‘പപ്പു’ എന്നാർത്തുവിളിച്ചു. പാർലമെന്റിലും പുറത്തും മാധ്യമങ്ങളിലും രാഹുലിനെ പരിഹസിക്കാൻ പ്രത്യേകം ചുമതലക്കാർ ബി.ജെ.പിക്കുണ്ടായിരുന്നു. ടെലി പ്രോംപ്റ്റർ ഇല്ലാതെ പ്രസംഗിക്കാനും, ദ്വിഭാഷികളില്ലാതെ ലോകനേതാക്കളോട് ഇടപെടാനും സാധിക്കാത്ത നരേന്ദ്രമോദിയെ പക്ഷെ, വിശ്വഗുരുവാക്കി അവർ പ്രതിഷ്ഠിച്ചു. വാർത്താസമ്മേളനമെന്ന പരിപാടി അവസാനിപ്പിച്ചതും മുൻകൂർ ചോദ്യങ്ങളുടെ അകമ്പടിയോടെ മാത്രം അഭിമുഖം നൽകുന്നതും ഒരു ചർച്ചാവിഷയം പോലുമാകാതെ സൂക്ഷിക്കാൻ ബി.ജെ.പി പ്രചാരകർക്ക് സാധിച്ചിരുന്നു. കാപട്യങ്ങളുടെ മേൽക്കോയ്മയും നെഗറ്റീവ് ഹീറോയിസവും അരങ്ങുവാണു. കൊഴിഞ്ഞുപോയ നേതാക്കളും കൂറുമാറ്റങ്ങളും എരിതീയിൽ എണ്ണയൊഴിച്ചു. മതേതരചേരിയിൽ പോലും രാഹുലിനെ അനഭിമതനാക്കാനുള്ള ശ്രമങ്ങൾക്ക് ഒരു ഘട്ടത്തിൽ ഗതിവേഗം വർദ്ധിച്ചു. അന്ധകാരങ്ങളുടെ മൂടുപടം ഒരു വ്യാഴവട്ടത്തിലേക്കടുക്കുമ്പോൾ സത്യത്തിന്റെ കിരണങ്ങൾ വെള്ള കീറി തുടങ്ങുകയാണ്.
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ സംഘ് നിലപാടുകൾ പലതും നാണം കെടുത്തുന്നവയാണ്. അവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ‘ഹിന്ദുമഹാസഭയുമായി ഞങ്ങൾക്ക് ബന്ധമില്ല’ എന്നാണ് പുതിയ കാലത്തെ ബി.ജെ.പിയുടെ ക്യാപ്സൂൾ. പൂർവ്വപിതാക്കൻമാർ ഏറ്റെടുക്കാൻ പോലും കൊള്ളാത്തവരാണെന്ന് ബി.ജെ.പി നേതാക്കൾ മൗനമായി സമ്മതിക്കുകയാണ്.
ഇന്ത്യയിലെ സംഘപരിവാർ പ്രസ്ഥാനത്തെ നാലു കാലഘട്ടമായി സമീപിക്കാം:
ആശയനിർമ്മിതിയുടേതാണ് ആദ്യഘട്ടം. ഹെഡ്ഗേവാർ - സവർക്കർ - ഗോൾവാൾക്കർ - ശ്യാമപ്രസാദ് മുഖർജി കാലം. തീവ്ര നയരൂപീകരണവും, കൊളോണിയൽ - ഫാഷിസ്റ്റ് അനുഭാവങ്ങളും അക്കാലത്തെ മുഖമുദ്രയാണ്.
രാഹുലിന് അനേകം പ്രതിധ്വനികൾ രാജ്യത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ബൽരാജ് മധേക്കും, ദീൻദയാൽ ഉപാധ്യായയും, സുന്ദർസിംഗ് ഭണ്ഡാരിയുമൊക്കെ ചേർന്ന ജനസംഘ കാലഘട്ടം ജനാധിപത്യത്തോട് ചേർന്നു പോയി. നെഹ്റുവിയൻ സൗരഭ്യത്തിനു മുന്നിൽ പലപ്പോഴും സംഘം അപ്രസക്തമായി. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമായി ചേർന്നു പോകേണ്ടിവന്നതോടെ പല വിവാദ വിഷയങ്ങളും അവർക്ക് മാറ്റിവെക്കേണ്ടിവന്നു.
എ.ബി. വാജ്പേയിയും എൽ.കെ. അദ്വാനിയും ഭാനുപ്രകാശ് സിംഗുമൊക്കെ നയിച്ച ബി.ജെ.പി കാലവും പരസ്യമായി ജനാധിപത്യത്തെ വെല്ലുവിളിച്ചിരുന്നില്ല. വാജ്പേയി തന്റെ സ്റ്റേറ്റ്സ്മാൻ പ്രതിഛായ കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധനായിരുന്നു.
2014 മുതൽ ആരംഭിച്ച മോദി- അമിത്ഷാ യുഗം എല്ലാ സങ്കൽപ്പങ്ങളെയും കീഴ്മേൽ മറിച്ചു. ജനാധിപത്യവും, സഹിഷ്ണുതയും, സുജനമര്യാദയും, പ്രതിപക്ഷ ബഹുമാനവുമൊക്കെ കാറ്റിൽ പറക്കാൻ തുടങ്ങി. വിധ്വംസകരീതികൾ ആധികാരികമായും ഔദ്യോഗികമായും നടപ്പിൽ വന്നു തുടങ്ങി.

ഇന്ത്യൻ ജനാധിപത്യ രീതികളെ ലോകരാഷ്ട്രീയം അക്കാദമികമായി സമീപിച്ച ഒരു കാലമുണ്ടായിരുന്നു. 1953- ൽ സുഡാനിലെ തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടത്താൻ യു.എൻ സമീപിച്ചത് സുകുമാർ സെന്നിനെയായിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് 1950- ലായിരുന്നു. ബാലാരിഷ്ടതകളുടെ പരാധീനതകൾക്കപ്പുറം ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ആഗോളയശസ്സ് ചൂണ്ടിക്കാട്ടാൻ മറ്റുദാഹരണങ്ങൾ ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ആധികാരികമായി വരുതിയിലാക്കാൻ 2023-ൽ മോദി സർക്കാർ EC ചട്ടം ഭേദഗതി ചെയ്തു. ഇതേതുടർന്ന് 2024 ഡിസംബറിൽ സെക്ഷൻ 93(2)(a) പൊളിച്ചെഴുതി. ഇതോടെ അതുവരെ ലഭ്യമായിരുന്ന മിക്ക രേഖകളും കമ്മീഷന്റെ സ്വകാര്യരേഖകളായി മാറി.
2025 മേയ് മാസം വിചിത്രമായ പുതിയ ഭേദഗതി കമ്മീഷൻ കൊണ്ടുവന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട CCTV ഫൂട്ടേജുകൾ, വീഡിയോഗ്രഫി, വെബ്കാസ്റ്റിംഗ്, ഫോട്ടോഗ്രഫി തുടങ്ങിയവ 45 ദിവസത്തിനകം നശിപ്പിക്കാൻ തീരുമാനിച്ചു. രാഹുൽഗാന്ധി തങ്ങളോട് ചോദ്യങ്ങളുന്നയിച്ചു തുടങ്ങിയെന്ന് മനസ്സിലായപ്പോഴാണ് കമ്മീഷൻ ഇതു ചെയ്തത്. തെളിവുനശിപ്പിച്ച് തടിതപ്പാനല്ലെങ്കിൽ തിടുക്കപ്പെട്ട് ഇങ്ങനെയൊരു ഭേദഗതിയുടെ എന്താവശ്യമാണുള്ളത്?
ആറു മാസക്കാലം 40 പേർ അധ്വാനിച്ച് കണ്ടെത്തിയ സത്യങ്ങൾ പണ്ടോറയുടെ പെട്ടി പൊട്ടിയ പഴയ അനുഭവമാണ് കേന്ദ്രഭരണത്തിന് സമ്മാനിച്ചത്. പതിവില്ലാത്ത ഉണർവ് ഈ രാജ്യത്തുണ്ടായിരിക്കുന്നു.
2014-ൽ അധികാരമേറി ഒരു വർഷം പിന്നിട്ടപ്പോൾ മോദി സർക്കാർ കൊളീജിയത്തിൽ കൈവെച്ചു. സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസും നാലു മുതിർന്ന ജഡ്ജിമാരുമടങ്ങുന്ന പാനലിനു പകരം നാഷണൽ ജുഡീഷ്യൽ അപ്പോയ്മെന്റ് കമ്മീഷൻ കൊണ്ടുവന്നു. പ്രധാനമന്ത്രി നിയമിക്കുന്ന രണ്ടു വിദഗ്ധരും നിയമമന്ത്രിയും സുപ്രീംകോടതി ചീഫ്ജസ്റ്റിസും രണ്ടു ജഡ്ജിമാരുമായിരുന്നു കമ്മീഷൻ വിഭാവനം ചെയ്തത്. ഏകാധിപത്യ രീതികൾ പരിചിതമായി തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് സുപ്രീംകോടതി വിഷയത്തിൽ കർശന നിലപാടെടുത്തു. ഭരണഘടനാ അനുഛേദം 124, 127 പ്രകാരം പാർലമെന്റ് നിയമം റദ്ദു ചെയ്ത് കൊളീജിയം പുനഃസ്ഥാപിച്ചു. കൊളീജിയത്തെ മോദി സർക്കാറുകൾ പിന്നീട് നേരിട്ട രീതി നമ്മുടെ മുമ്പിലുണ്ട്.

PMLA നിയമം 2019- ൽ ഭേദഗതി ചെയ്ത് എൻഫോഴ്സ്മെൻറ്റ് ഡയറക്ടറേറ്റിന് ദംഷ്ട്രകളും കോമ്പല്ലുകളും നൽകി. അതുവരെ ആറു ചട്ടങ്ങൾക്കു കീഴിൽ 40- ഇനം കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നത് 30 ചട്ടങ്ങളോടെ 140- ഇനം കുറ്റകൃത്യങ്ങളാക്കി ഇഡി പരിധി വികസിപ്പിച്ച്, മുൻകാല പ്രാബല്യം നൽകി. ജാമ്യം നേടുക എന്നത് ദുഷ്കരമായി. 25 ഏജൻസികൾക്ക് ഇഡി കുറ്റകൃത്യ വിവരങ്ങൾ പങ്കുവെക്കണമെന്ന കർശന വ്യവസ്ഥ വന്നു. അതോടെ ഇരയെ ചിലന്തിവലയിൽ പൂട്ടാനുള്ള അരങ്ങൊരുക്കി. തങ്ങളുടെ ഇഷ്ടക്കാരായ ഇ.ഡി - സി.ബി.ഐ തലവൻമാരുടെ സേവനദൈർഘ്യം രണ്ടു വർഷത്തിൽ നിന്ന് അഞ്ചാക്കി ഉയർത്തി. 2018 നവംബർ മുതൽ 2023 സെപ്തംബർ വരെ ഇ.ഡി ചീഫായിരുന്ന എസ്.കെ. മിശ്രയെ പദവിയിൽ തുടർച്ചയായി ഇരുത്താൻ സർക്കാർ നടത്തിയ നീക്കങ്ങൾ ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതായിരുന്നു.
സോണിയാഗാന്ധി, രാഹുൽഗാന്ധി, തേജസ്വി യാദവ്, അഭിഷേക് ബാനർജി, സഞ്ജയ് റാവത്ത്, രോഹിത് പവാർ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ വേട്ടയാടപ്പെട്ടു. അരവിന്ദ് കെജ്രിവാളും പി. ചിദംബരവും ഡി.കെ. ശിവകുമാറും ഹേമന്ദ്സോറനും സിസോദിയയുമടക്കമുള്ളവർ മാസങ്ങൾ ജയിലിലായി. കൂറുമാറി ബി.ജെ.പിയിൽ ചേർന്നവരുടെ കേസുകൾ ചുകപ്പുനാടയിൽ വിശ്രമത്തിനു പോവുന്ന കാഴ്ച നീതിബോധമുള്ള മനുഷ്യരെ ലജ്ജിപ്പിക്കുന്നതായിരുന്നു.
2024-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്നെയാണ് കോൺഗ്രസിന്റെ മുഴുവൻ അക്കൗണ്ടുകളും ഇൻകം ടാക്സ് വകുപ്പ് മരവിപ്പിച്ചത്. ഫയലിംഗ് പിഴവു കാണിച്ച് 1823 കോടിയുടെ ഡിമാന്റ് നോട്ടീസും നൽകി. സമാന പിഴവു കാണിച്ച ബി.ജെ.പിക്ക് ഇതു ബാധകമായില്ല. 2018-ൽ സി.ബിഐ മേധാവിയായിരുന്ന അലോക് വർമ്മക്കു മേൽ സ്പെഷൽ ഡയറക്ടറായി രാകേഷ് അസ്താനയെ പ്രതിഷ്ഠിച്ച നടപടിയും വിചിത്രമായിരുന്നു. പ്രാദേശിക പാർട്ടികളായ ടി എം സിയും ആർ ജെ ഡിയും നിശിത പകപോക്കലിനു വിധേയമായി. നാരദ, എസ് എസ് സി റിക്രൂട്ട്മെന്റ്, കാലിക്കടത്ത്, ചിട്ട് ഫണ്ട്, കാലിത്തീറ്റ, ജോലിക്ക് പകരം ഭൂമി തുടങ്ങിയ നിരവധി കേസുകളിൽ ഇരു പാർട്ടി നേതാക്കളെയും ജയിലലടച്ചിട്ടുണ്ട്.

2021-ൽ മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക് ഇൻകംടാക്സ് റെയ്ഡ് നടത്തി പൂട്ടിച്ചു. ഗുജറാത്ത് കലാപ ഡോക്യുമെൻററി പ്രക്ഷേപണം ചെയ്തതിന് BBC ഡൽഹി - മുംബൈ ആഫീസുകൾ റെയ്ഡ് നടത്തി.
ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലിംകൾ സമ്പൂർണ്ണ വിവേചനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രണ്ടു ലക്ഷം പേർ കുടുംബങ്ങളും വീടുകളും തകർക്കപ്പെട്ട് തെരുവിലലയുകയാണ്. കെട്ടിടവും, കച്ചവടവും, വരുമാനവും എന്നു വേണ്ട ഇന്ത്യയിലെ പ്രബല ന്യൂനപക്ഷം സമ്പൂർണ്ണമായി അന്ധകാര നിഴലിലായി കഴിഞ്ഞു. വൈദികരും, പാസ്റ്റർമാരും, കന്യാസ്തീകളും ഇരയാക്കപ്പെടുന്ന വാർത്തകൾ ദിനേനെ വരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി ചട്ടുകമായതിന്റെ അനിഷേധ്യ തെളിവുകൾ രാഹുൽഗാന്ധി പുറത്തുവിട്ടതാണ് ദേശീയ രാഷ്ട്രീയത്തെ നിലവിൽ പിടിച്ചുകുലുക്കിയത്. ദശലക്ഷക്കണക്കിന് ന്യൂനപക്ഷ - ദലിത് വോട്ടുകൾ ബീഹാറിൽ നിന്ന് കമ്മീഷൻ നീക്കം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രമക്കേടുകൾ രാജ്യത്തിന് മുന്നിൽ അനാവൃതമാക്കിയത്. രാഹുൽഗാന്ധിക്ക് ഡിജിറ്റൽ വോട്ടർപട്ടിക നൽകാൻ വിസമ്മതിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂറിന് വാർത്താസമ്മേളനം നടത്താൻ അതു നൽകാൻ തയ്യാറായി. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ കക്ഷികൾ സമാനമായ തട്ടിപ്പിനെ ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുൽ ഏറ്റെടുത്ത ദൗത്യം തങ്ങളുടേതുകൂടിയാണ് എന്ന് ഇന്ത്യ മുന്നണി കക്ഷികൾ നിരീക്ഷിക്കുന്നു. പൊതു തിരഞ്ഞെടുപ്പിനുശേഷം ചിതറിപ്പോയ ഇന്ത്യ സഖ്യം ഇന്നു രാഹുലിനു കീഴിൽ അണിനിരന്നുകഴിഞ്ഞു. 300 എം.പിമാർ പങ്കെടുത്ത പ്രതിഷേധ റാലി സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സമാനതകളില്ലാത്തതാണ്.
രാഹുൽഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ട്. നാളിതുവരെ ചെയ്തുപോന്ന ക്രമക്കേടുകൾ ആവർത്തിക്കാനുള്ള സാഹചര്യം തട്ടിപ്പുകാർക്ക് അന്യമായിരിക്കുന്നു.
ബീഹാറിൽ നീക്കം ചെയ്ത അറുപതു ലക്ഷം വോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമപാലന - നീതിന്യായ സംവിധാനത്തെ വരുതിയിൽ നിർത്തിയും സാമ- ഭേദ- ദാന- ദണ്ഡങ്ങൾ പ്രയോഗിച്ച് എതിരാളികളെ വരുതിയിലാക്കിയും മുന്നോട്ടുപോകുന്ന കേന്ദ്രഭരണത്തിനേറ്റ തിരിച്ചടിയാണിത്. രാഹുൽഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ പൊതുബോധത്തെ സ്വാധീനിക്കുന്നതും ഇതുമായി കൂട്ടിവായിക്കാം. നാളിതുവരെ ചെയ്തുപോന്ന ക്രമക്കേടുകൾ ആവർത്തിക്കാനുള്ള സാഹചര്യം തട്ടിപ്പുകാർക്ക് അന്യമായിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ എന്നുമില്ലാത്തവിധം ഇനിമുതൽ ജനകീയ ഓഡിറ്റിംഗിന് വിധേയമാവും. പുതിയ ക്രമക്കേടുകൾ ആവിഷ്ക്കരിക്കാൻ തൽപരകക്ഷികൾക്ക് തീവ്ര ഗവേഷണങ്ങളിൽ ഏർപ്പെടേണ്ട സ്ഥിതിയായി.

മോദി- ഷാ കാലത്ത് പല വിശ്വസ്ത മുഖങ്ങളും സന്ധി ചെയ്യുന്ന വാർത്ത ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ തുടർക്കഥയായി. പല ശബ്ദങ്ങളും മൃദുവായി. കൊട്ടിയടക്കപ്പെട്ട കർണ്ണങ്ങളും ബന്ധനസ്ഥമായ നാവുകളും സാധാരണയായി. അവിടെയാണ് അചഞ്ചലവും ധീരവുമായ എതിർപ്പ് സ്ഥൈര്യത്തോടെ മുഴക്കി രാഹുൽഗാന്ധി നീങ്ങുന്നത്. അദാനിക്കെതിരെ ശബ്ദിച്ചതിന് രാഹുലിന് ജയിൽശിക്ഷ വിധിച്ചു, ലോകസഭാംഗത്വം റദ്ദു ചെയ്ത് വീടൊഴിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യ വിലക്കു ചോദിച്ച മോത്തിലാലിന്റെയും, നടന്നിടം മുഴുവൻ - ശത്രുക്കളിൽ പോലും ആരാധകരെ സൃഷ്ടിച്ച ജവഹർലാലിന്റെയും പ്രപൗത്രനെ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന കാഴ്ച കണ്ട് രാഷ്ട്രീയ ചരിത്രം സ്ത്ബ്ധമായി നിന്നുപോയിട്ടുണ്ട്. വ്യക്തിപരമായി അവഹേളിക്കാൻ ബി.ജെ.പി ഇതിനകം പതിനായിരക്കണക്കിന് കോടികൾ ചെലവഴിച്ചിട്ടുണ്ട്.
നിരന്തരം ആവശ്യപ്പെട്ടിട്ടും ഡിജിറ്റൽ വോട്ടർ പട്ടിക പ്രതിപക്ഷ നേതാവിനു നൽകാൻ ഇലക്ഷൻ കമ്മിഷൻ തയ്യാറായില്ല. പകരം ലഭിച്ച, ഏഴടി നീളത്തിൽ ഒപ്റ്റിക്കൽ കാരക്ടർ റക്കഗ്നൈസേഷൻ സാധ്യമാവാത്ത 300 കിലോ കടലാസുകെട്ട് സ്വീകരിച്ച് രാഹുൽ നടത്തിയ യത്നം ജനാധിപത്യ ലോകത്തെ തിളങ്ങുന്ന അധ്യായമാണ്. ആറു മാസക്കാലം 40 പേർ അധ്വാനിച്ച് കണ്ടെത്തിയ സത്യങ്ങൾ പണ്ടോറയുടെ പെട്ടി പൊട്ടിയ പഴയ അനുഭവമാണ് കേന്ദ്രഭരണത്തിന് സമ്മാനിച്ചത്. പതിവില്ലാത്ത ഉണർവ് ഈ രാജ്യത്തുണ്ടായിരിക്കുന്നു.
രാഹുലിന് അനേകം പ്രതിധ്വനികൾ രാജ്യത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിക്കുന്ന, ‘ഇന്ത്യ ഫസ്റ്റ്’ എന്നു മുഴക്കുന്ന മുഴുവൻ ദേശാഭിമാനികളും രാഹുലിന് കീഴിൽ അണിനിരക്കേണ്ട ചരിത്രപരമായ ഘട്ടമാണിത്. രാഹുലിന്റെ വാർത്തകൾ തമസ്കരിച്ചും സ്വാതന്ത്ര്യദിന ട്വീറ്റിൽ നെഹ്റുവിനെ വിട്ടുകളഞ്ഞുമൊക്കെ രാഷ്ട്രീയം നടത്തേണ്ട സമയമല്ലിതെന്ന് ചിലരെ ബോധ്യപ്പെടുത്താനും ജനം മുന്നോട്ടുവരുമെന്ന് ഉറപ്പാണ്.
