ഒരു ഏകാധിപതിയുടെ പ്രത്യാശാഭരിതമായ പതനം

തങ്ങളുടെ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നുതിനുള്ള വലിയ ഭീഷണിയായി എൻ.ഡി.എയിലെ സഖ്യകക്ഷികൾ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ബി.ജെ.പിയെ അലസോരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 12 എം.പിമാരുള്ള ജെ.ഡി.യുവിനെയും 16 എം.പിമാരുള്ള ടി.ഡി.പിയെയും പിണക്കി ഭരണം കൊണ്ടുപോകാൻ ഇനി മോദിക്കാവില്ല- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദി എന്ന ഏകാധിപതിയുടെ പതനം ഉറപ്പുവരുത്തുന്നതും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രത്യാശാഭരിതമായ സൂചന നൽകുന്നതുമാണ്. ഒരു സ്വേച്ഛാധിപതിയെയും ഇന്ത്യൻ ജനത പൊറുപ്പിക്കില്ലെന്ന 1977–ലെ ജനവിധി ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. ഇസ്ലാമോഫോബിയ വളർത്തിയും വ്യാജനിർമിതിയിലൂടെയും മോദി എന്ന ‘വികാസ പുരുഷനെ’ ഇറക്കിയും 2014- മുതൽ ദേശീയാധികാരത്തിലെത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിൻമടക്കത്തെ കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നത്.

‘മോദി പ്രഭാവ’ത്തെ പരമാവധി ബൂസ്റ്റ് ചെയ്ത് 400 സീറ്റുകൾ പിടിക്കാനാണ് ബി.ജെ.പി പ്രചാരകർ ശ്രദ്ധിച്ചത്. മോദി തന്നെ ‘മോദി ഗ്യാരൻ്റി’ എന്ന് ഓരോ പ്രചാരണ യോഗങ്ങളിലും ആവർത്തിച്ചു. പക്ഷെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞപ്പോഴേക്കും ‘മോദി പ്രഭാവം’ ഇല്ലാതായിത്തുടങ്ങിയെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയ ആൾ മോദി തന്നെ ആയിരുന്നു. ‘മോദി പ്രഭാവം’ മങ്ങിത്തുടങ്ങിയെന്ന തിരിച്ചറിവിൽ നിന്നാണ് കടുത്ത വിദ്വേഷ പ്രചരണത്തിലേക്ക് നരേന്ദ്ര മോദിയും അമിത്ഷായും യോഗി ആദിത്യനാഥുമെല്ലാം ചെന്നെത്തുന്നത്. രാജസ്​ഥാനിലെ ബെൻസാര പ്രസംഗം ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള ഹീനമായ വിദ്വേഷ പ്രചാരണമായിരുന്നു.

രാജസ്ഥാനിലെ ബൻബാരയിൽ പ്രചാരണത്തിനിടെ നരേന്ദ്ര മോദി

ഭരണഘടന ഭേദഗതി ചെയ്യാനും സംവരണവും ന്യൂനപക്ഷ പരിരക്ഷാ വ്യവസ്ഥകളുൾപ്പെടെ ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങളെ അട്ടിമറിക്കാനുമുള്ള ആർ. എസ്.എസ് അജണ്ടയ്ക്ക് സമ്മതി നിർമിക്കാനാണ്, ‘ഇന്ത്യ’ മുന്നണി അധികാരത്തിൽ വന്നാൽ ഒ.ബി.സി, എസ്.സി–എസ്.ടി സംവരണം എടുത്തുകളഞ്ഞ് മുസ്‍ലിംകൾക്ക് നൽകും എന്നൊക്കെയുള്ള വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്.

പക്ഷെ ബി.ജെ.പിയുടെ പിന്നാക്ക- ദലിത്- ന്യൂനപക്ഷവിരുദ്ധ അജണ്ടയ്ക്കും സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ ‘ഇന്ത്യ’ മുന്നണിയിലെ സമാജ് വാദി പാർട്ടി അടക്കമുള്ള കക്ഷികൾ ശക്തമായ നിലപാട് സ്വീകരിച്ചു. ഹിന്ദി ഹൃദയഭൂമിയിൽതന്നെ ബി.ജെ.പിക്കെതിരായി പിന്നാക്ക- ദലിത്- ന്യൂനപക്ഷ രാഷ്ട്രീയം വലിയ പ്രതിരോധമായി ഉയർത്തിക്കൊണ്ടുവരാൻ സമാജ് വാദി പാർട്ടിക്കു കഴിഞ്ഞു. ഇതിന്റെ ഫലമായിട്ടാണ് ബി.ജെ.പിക്ക് നിലവിലുണ്ടായിരുന്ന സീറ്റുകളിൽ 63 എണ്ണം നഷ്ടപ്പെടുകയും 240 സീറ്റിലൊതുങ്ങേണ്ടിവന്നതും.

ഹിന്ദി ഹൃദയഭൂമിയിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടായത്. കർഷകേദ്രാഹ നയങ്ങളും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന അഗ്നിവീർ തുടങ്ങിയ പദ്ധതികളും ഹിന്ദി ബെൽറ്റിൽ വലിയ പ്രചാരണ വിഷയമായി. എൻ.ഡി.എക്കൊപ്പം ചേർന്ന് മത്സരിച്ച ടി.ഡി.പിയും ജെ.ഡി.യുവും പോലുള്ള പ്രാദേശിക പാർട്ടികൾ സംവരണവും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികളെ പ്രധാന വിഷയമാക്കിക്കൊണ്ടാണ് കാമ്പയിൻ നടത്തിയത്. അതുകൊണ്ടൊക്കെ തന്നെയാണ് ഒറ്റക്ക് കേവലഭൂരിപക്ഷമില്ലാതെ ഭരിക്കാനൊരുങ്ങുന്ന ബി.ജെ.പിക്ക് ഈ കക്ഷികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾക്കുമുമ്പിൽ പകച്ചുനിൽക്കേണ്ടിവന്നിരിക്കുന്നത്.

കർഷകേദ്രാഹ നയങ്ങളും തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന അഗ്നിവീർ തുടങ്ങിയ പദ്ധികളും ഹിന്ദി ബെൽറ്റിൽ വലിയ പ്രചാരണ വിഷയമായി. / Photo: Youth protesting against Agnipath Scheme.

ബി.ജെ.പി സ്വപ്നപദ്ധതിയായി കൊണ്ടാടിയ അഗ്നിവീർ പിൻവലിക്കണമെന്നാണ് തെലുങ്കുദേശവും ജെ.ഡി.യുവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യത്തെ ബി.ജെ.പി എങ്ങനെയാണ് നേരിടുകയെന്നത് പുതിയ സർക്കാരിന്റെ ഭാവിയുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളിയാണ്. 2014–ലെയും 2019–ലെയും പോലെ മോദിയുടെ ഏകാധിപത്യപരമായ ഇടപെടലുകൾക്ക് ഇനി എൻ.ഡി.എ ഘടകകക്ഷികൾ വഴങ്ങിക്കൊടുക്കുമെന്ന് തോന്നുന്നില്ല. മോദിയുടെ മൂന്നാം സർക്കാരിന്റെ പ്രവർത്തനങ്ങൾ സുഗമമാവണമെങ്കിൽ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും ആവശ്യങ്ങൾ അംഗീകരിക്കുകയോ സമവായത്തിലെത്തുകയോ വേണ്ടിവരും.

തങ്ങളുടെ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നുതിനുള്ള വലിയ ഭീഷണിയായി എൻ.ഡി.എയിലെ സഖ്യകക്ഷികൾ തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ബി.ജെ.പിയെ അലസോരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 12 എം.പിമാരുള്ള ജെ.ഡി.യുവിനെയും 16 എം.പിമാരുള്ള ടി.ഡി.പിയെയും പിണക്കി ഭരണം കൊണ്ടുപോകാൻ ഇനി മോദിക്കാവില്ല. എന്നുമാത്രമല്ല, ‘ഇന്ത്യ’ മുന്നണിയുടെ മുന്നേറ്റം കോർപ്പറേറ്റ് വർഗീയ അജണ്ടക്കെതിരായ വലിയ പ്രതിരോധമായി മാറും. പാർലമെൻ്റിനകത്തും പുറത്തും പ്രതിപപക്ഷം ഇനിയുള്ള കാലം അത്ര നിഷ്ക്രിയമായിരിക്കില്ല. ബി.ജെ.പി അജണ്ടയ്ക്ക് ഏറ്റവും ശകതമായ പ്രഹരമേൽപ്പിക്കുന്ന ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ എൻ.ഡി.എ ഘടകകക്ഷികൾക്കൊപ്പം പ്രതിപക്ഷവും ശക്തമായ രാഷ്ട്രീയപ്രശ്നമാക്കി ഉയർത്താനാണ് സാധ്യത.

നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു

ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്​.എസ് അജണ്ടക്കും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കുമെതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. 400 സീറ്റു നേടി ഭരണഘടനയെതന്നെ അട്ടിമറിച്ച്, ആർ.എസ്​.എസ് രൂപീകരണത്തിന്റെ ശതാബ്ദിവർഷമായ 2025-ൽ, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയെയാണ് ഹിന്ദി ഹൃദയഭൂമിയിലെ സാധാരണ വോട്ടർമാർ പരാജയപ്പെടുത്തിയിരിക്കുന്നത്. ഇത് സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രതീക്ഷാനിർഭരമായ തെരഞ്ഞെടുപ്പുഫലമാണെന്ന് വിലയിരുത്താം.

മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർത്ത് സാംസ്കാരിക ദേശീയതയുടെ ഏകാത്മകതയിലേക്ക് രാജ്യത്തെ വിലയിപ്പിച്ചെടുത്ത മോദി ഭരണത്തിന് വലിയ തിരിച്ചടിയാണ് ഈ ഫലം. 2019–ൽ 353 സീറ്റ് നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ 292 സീറ്റിൽ ഒതുങ്ങേണ്ടിവന്നു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കഴിഞ്ഞതവണ 303 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇത്തവണ 240 സീറ്റ് മാത്രം. അതായത് ബി.ജെ.പിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇന്ത്യയിലെ വോട്ടർമാർ ഇല്ലാതാക്കി. അതാണ്, ഈ തെരഞ്ഞെടുപ്പിനെ ചരിത്രപരവും മതനിരപേക്ഷശക്തികളെ സംബന്ധിച്ച് ആശ്വാസകരവുമാക്കിയിരിക്കുന്നത്.

രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന നരേന്ദ്ര മോദി.

രാമക്ഷേത്രത്തെ പ്രാണപ്രതിഷ്ഠയിലൂടെ ഈ തെരഞ്ഞെടുപ്പിൽ വലിയ വൈകാരിക വിഷയമാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള മോദിയുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടായി. ഉത്തർപ്രദേശിലും അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടായി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അഭിനന്ദനീയമായ വിജയം അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് നിയോജകമണ്ഡലത്തിൽ നിന്നുള്ള സമാജ് വാദി പാർട്ടി നേതാവ് അവധേഷ് കുമാറിന്റെ വിജയമാണ്. ഫൈസാബാദടക്കം അയോധ്യ മേഖലയിലെ 5 മണ്ഡലങ്ങളിൽ ബി.ജെ.പി പരാജയപ്പെട്ടു. ജനറൽ സീറ്റായ ഫൈസാബാദിൽ ജയിച്ചുകയറിയത് സമാജ് വാദി പാർട്ടിയുടെ ദലിത് നേതാവായ അവധേഷ് പ്രസാദ് സിംഗാണെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

ഫൈസാബാദിന് പുറമെ സുൽത്താൻപുർ, ബസ്​തി, അംബേദ്കർ നഗർ, സാവസ്​തി എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി തോറ്റത്. കൗതുകകരമായ കാര്യം, സാവസ്​തി മണ്ഡലത്തിൽ രാമക്ഷേത്രനിർമാണ കമ്മിറ്റി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയുടെ മകൻ സാകേത് മിശ്രയാണ് തോറ്റത്. അയോധ്യ ഉൾക്കൊള്ളുന്ന യു.പി മേഖലയിൽ ബി.ജെ.പിക്ക് ജയിക്കാൻ കഴിഞ്ഞത് കൈസർഗഞ്ച്, ഗോണ്ട, ഡൊമരിയഗഞ്ച്, ബഹറേച് സീറ്റുകളിൽ മാത്രം.

അവധേഷ് പ്രസാദ്

മോദി മഝരിച്ച വാരണാസി മേഖലയിലെ 12 സീറ്റുകളിൽ 9 എണ്ണത്തിലും ബി.ജെ.പി പരാജയപ്പെട്ടു. വാരണാസിയിൽ 2019–ൽ 5 ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മോദിക്ക് ഇത്തവണ ലഭിച്ചത് ഒന്നേ മുക്കാൽ ലക്ഷം ഭൂരിപക്ഷം മാത്രം. മാത്രമല്ല, ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങൾ ചോരക്കളമാക്കിയ മണിപ്പുരിലെ രണ്ട് ലോക്സഭാ സീറ്റുകളും ‘ഇന്ത്യ’ മുന്നണിക്ക് ലഭിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. മോദി മന്ത്രിസഭയിലെ സ്​മൃതി ഇറാനി ഉൾപ്പെടെ 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്.

ഉത്തരവാദപ്പെട്ട പ്രതിപക്ഷമെന്ന നിലയ്ക്ക് തങ്ങൾ കാര്യങ്ങളെ നിരീക്ഷിക്കുകയാണെന്നാണ് ‘ഇന്ത്യ’ മുന്നണി നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. മോദി വീണ്ടും അധികാരത്തിൽ വരുന്നതിൽനിന്ന് തടഞ്ഞുനിർത്താനുള്ള മതനിരപേക്ഷ പ്രതിരോധത്തിന്റെ ഭാഗമയി എൻ.ഡി.എയോടൊപ്പം നിൽക്കുന്ന ഘടകകക്ഷികളെ ‘ഇന്ത്യ’ മുന്നണിക്കൊപ്പം കൊണ്ടുവരാനുള്ള മുൻകൈകൾ തുടരേണ്ടതുണ്ട്.

‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷ പാർട്ടികൾക്ക് ബി.ജെ.പിക്കെതിരായ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാന പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബീഹാറിലും രാജസ്ഥാനിലും കേരളത്തിലും ഇടതുപക്ഷ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിലെ സികാറിൽ ജയിച്ച സി.പി.എം. സ്ഥാനാർഥി അമ്രറാം / Photo: newsclick.in

10 വർഷമായി മോദി ഭരണത്തിനെതിരായി ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങൾ ബി.ജെ.പിയെ ദുർബലമാക്കുന്നതിലും ‘മോദി പ്രഭാവ’ത്തെ ഇല്ലാതാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ സഖ്യങ്ങളുടെ രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം ജനങ്ങളുടെ ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റവും ശക്തമായി ഉയർത്തിക്കൊണ്ടുവന്നത് ഇടതുപക്ഷ പാർട്ടികളായിരുന്നു. കോർപ്പറേറ്റ് അനുകൂല വർഗീയ വിഭജന അജണ്ടക്കെതിരെ രാജ്യമെമ്പാടും രാഷ്ട്രീയവും പ്രത്യയശാസ്​ത്രപരവുമായ പ്രതിരോധവും പ്രതിപക്ഷകക്ഷികളിൽ ദിശാബോധവും വളർത്തുന്നതിൽ ഇടതുപക്ഷം നിശിതമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

പ്രാണപ്രതിഷ്ഠ തൊട്ട് ബി.ജെ.പി ഉയർത്തിക്കൊണ്ടുവന്ന വൈകാരിക വിഷയങ്ങൾക്കപ്പുറം നവലിബറൽ നയങ്ങളുടെ പ്രത്യാഘാതം ഏറ്റുവാങ്ങിയ ഇന്ത്യൻ കാർഷിക മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സമരോത്സുകമായ രാഷ്ട്രീയപ്രശ്നമാക്കി വളർത്തിയെടുത്തത് ഇടതുപക്ഷമായിരുന്നു. 2018 മാർച്ച് 12–ന് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കിസാൻസഭയുടെ നേതൃത്വത്തിലാരംഭിച്ച ലോംഗ് മാർച്ചും തുടർന്ന് ഉത്തര–പശ്ചിമേന്ത്യയിലാകെ പൊട്ടിപ്പുറപ്പെട്ട കർഷകപ്രക്ഷോഭങ്ങളുമാണ് മോദി സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം രൂപപ്പെടുത്തിയെടുത്തത്. കർഷകപ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന കിസാൻസഭാ നേതാവ് അമ്രാറാം രാജസ്​ഥാനിലെ സിക്കറിൽ നിന്ന് 72,896 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2019-ലെ കർഷക ലോംഗ് മാർച്ച്

മോദിയെ അധികാരത്തിൽ നിന്നിറക്കാനുള്ള ‘ഇന്ത്യ’ കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും നിർണായക പങ്കാണ് വഹിച്ചത്. മറ്റ് മതനിരപേക്ഷ പാർട്ടികളുടെ പിന്തുണയില്ലാത്ത ഒരു സംസ്​ഥാനത്തും സ്വന്തം ശകതിയുടെ പിൻബലത്തിൽ മാത്രം കോൺഗ്രസിന് കാര്യമായ സീറ്റു നേടാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം കാണേണ്ടതുണ്ട്.

കോൺഗ്രസ് സ്വതന്ത്രമായി മത്സരിച്ച 13 സംസ്​ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 173 സീറ്റുകളിൽ 26 സീറ്റ് മാത്രമാണ് വിജയിക്കാനായത്. ഹിന്ദു പത്രം ചൂണ്ടിക്കാണിച്ചതുപോലെ ‘ഇന്ത്യ’ മുന്നണിക്ക് കിട്ടിയ ആകെ സീറ്റുകളിൽ 40 എണ്ണമാണ് കോൺഗ്രസിനുള്ളത്. അതിൽ പകുതിയിലേറെയും ‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷികളുടെ സ്വാധീനം കൊണ്ട് ലഭിച്ചതാണുതാനും. ജാതി സെൻസസും ന്യൂനപക്ഷ വിരുദ്ധതയും പ്രാണപ്രതിഷ്ഠ ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ വർഗീയതയും പ്രചാരണവിഷയമാക്കി മാറ്റിയത് ഇടതുപക്ഷവും സമാജ് വാദി പാർട്ടിയെപ്പോലുള്ള പ്രാദേശിക പാർട്ടികളുമാണ്.

ജനജീവിതത്തെ തകർക്കുന്ന സാമ്പത്തികനയങ്ങളുടെ ഫലമായ വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം ശക്തമായി കാമ്പയിൻ ചെയ്തതുകൊണ്ടാണ്, ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഗവൺമെൻ്റ് രൂപീകരിക്കാൻ കഴിയാത്തവിധം ‘ഇന്ത്യ’ മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള യോഗത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ

എന്നാൽ ബംഗാളിലും കേരളത്തിലും പ്രതീക്ഷിച്ചപോലുള്ള വിജയം സി.പി.എമ്മിനും പൊതുവെ ഇടതുപക്ഷത്തിനും നേടാൻ കഴിഞ്ഞില്ല എന്നത് ഗൗരവാവഹമായ പരിശോധന ആവശ്യപ്പെടുന്നു. ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന പാർട്ടികൾ ചേരിതിരിഞ്ഞ് മത്സരിച്ച കേരളത്തിൽ ദേശീയതലത്തിൽ മേൽക്കൈയുള്ള പാർട്ടി എന്ന നിലക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്കനുകൂലമായ വിധിയെഴുത്താണുണ്ടായത്. 20–ൽ 18 സീറ്റുകളിലും യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞു. ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ തിരിച്ചടികളുടെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിശോധിക്കപ്പെടും. ആത്മവിമർശനപരമായും രാഷ്ട്രീയമായും തിരിച്ചടികളുടെ കാരണങ്ങളെ ആഴത്തിൽ പരിശോധിക്കാൻ ഇടതുപക്ഷ പാർട്ടികൾ ബാധ്യസ്​ഥരാണ്.

പ്രതീക്ഷിച്ചതല്ലെങ്കിലും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ കോൺഗ്രസിനുണ്ടായ വിജയത്തിൽ അസ്വാഭാവികതയൊന്നുമില്ല. യു.ഡി.എഫ്–എൽ.ഡി.എഫ് മുന്നണികളായി ചേരിതിരിഞ്ഞ് മത്സരിക്കുന്നതിനുമുമ്പുതന്നെ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല വിധിയെഴുത്തുകൾ ഉണ്ടായതായി കാണാം. 1977–ലെ അടിയന്തരാവസ്​ഥയ്ക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ് വിരുദ്ധ തരംഗം അലയടിച്ചപ്പോൾ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അത് പ്രതിഫലിച്ചില്ല. മുഴുവൻ സീറ്റും കോൺഗ്രസിന് ലഭിച്ചു. ഇന്ദിരാഗാന്ധി വധത്തിനുശേഷവും രാജീവ്ഗാന്ധി വധത്തിനുശേഷവുമുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അനുകൂല വിധിയെഴുത്തുകളാണ് കേരളത്തിലുണ്ടായത്.

1984–ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. 1996–ൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്നപ്പോൾ സംസ്​ഥാന ഭരണം എൽ.ഡി.എഫിന് വൻ ഭൂരിപക്ഷത്തോടെ ലഭിച്ചു. അപ്പോഴും 10 ലോക്സഭ സീറ്റുകൾ യു.ഡി.എഫിനായിരുന്നു. 18–ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായി ഉയർന്നുവന്ന ജനവികാരവും മുഖ്യ പ്രതിപക്ഷപാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസാണ് ‘ഇന്ത്യ’ മുന്നണിയെ നയിക്കുന്നതെന്ന ധാരണയിൽ യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കാൻ കേരളത്തിലെ വോട്ടർമാരെ പ്രേരിപ്പിച്ചുവെന്നുവേണം കരുതേണ്ടത്.

കേരളത്തെ സംബന്ധിച്ച് കോൺഗ്രസ് സ്വീകരിക്കുന്ന ബി.ജെ.പി ഉൾപ്പെടെയുള്ള വർഗീയ കക്ഷികളുമായുള്ള രഹസ്യവും പരസ്യവുമായ നീക്കുപോക്കുകളുടെ ദുരന്തപൂർണമായ പരിണതിയെന്ന നിലക്കുവേണം ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇവിടെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരിക്കുന്നുവെന്ന അപകടകരമായ അവസ്​ഥയെ പരിശോധിക്കേണ്ടത്. തൃശൂരിൽ എൻ.ഡി.എ സ്​ഥാനാർത്ഥി സുരേഷ്ഗോപിക്കുണ്ടായ വിജയത്തെ കേവലം ഒരു സൂപ്പർസ്റ്റാറിന്റെ വ്യക്തിപരമായ സ്വാധീനത്തിന്റെ പ്രശ്നമെന്ന രീതിയിൽ ലഘൂകരിച്ചു കാണാനാവില്ല.

Comments