ജൂൺ 4 എങ്ങനെ ഒരു സാധ്യതയാകുന്നു?

ആകെയുള്ള 543-ൽ 379 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി. ബാക്കി 164 സീറ്റുകൾ മാത്രം. കഴിഞ്ഞ നാലു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽനിന്നുള്ള സൂചനകൾ എന്തൊക്കെയാണ്, 2019-ലേതിൽനിന്ന് മാറ്റത്തിന് സാധ്യതയുണ്ടോ? ഒരു റിപ്പോർട്ട്.

ഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കനൗജിൽ നടന്ന 'ഇന്ത്യ' മുന്നണിയുടെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു, ''മാധ്യമങ്ങൾ ഒരുപക്ഷെ നിങ്ങളോട് പറഞ്ഞെന്നുവരില്ല, പക്ഷെ, മോദി അടുത്ത പ്രധാനമന്ത്രിയാകാൻ പോകുന്നില്ല. ഇത് എഴുതിവച്ചോളൂ, കാരണം, മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല എന്ന് ഞങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്''.

ഡീപ്പ് ഫേക്കുകൾ ഭരിക്കുന്ന ഇലക്ഷൻ കാമ്പയിനിൽ ഒരു പ്രതീതിയാഥാർഥ്യത്തിന്റെ പ്രതീക്ഷ പകരുന്ന വാക്കുകൾ മാത്രമാണോ രാഹുലിന്റേത്?. അങ്ങനെ സംഭവിക്കുമോ എന്ന് ന്യായമായും സംശയിക്കാവുന്ന സമയമുണ്ടായിരുന്നു, വോട്ടെടുപ്പിന്റെ തുടക്കത്തിൽ. എന്നാൽ, ഓരോ ഘട്ടം കഴിയുംതോറും അതൊരു പ്രതീക്ഷയായും ഇപ്പോഴിതാ സാധ്യതയായും മാറിയിരിക്കുന്നു.

കഴിഞ്ഞ നാലു പോളിങ് ഘട്ടങ്ങൾ, 381 സീറ്റുകളിൽ പൂർത്തിയായ ജനവിധി, ആ സാധ്യതയെ കുറെക്കൂടി മൂർത്തമാക്കുന്നുണ്ടോ? ഉണ്ട്, എന്നാണ് വോട്ടിങ് പാറ്റേൺ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുക.

റായ് ബറേലിയിലേക്ക് രാഹുൽ ഗാന്ധി എത്തിയതോടെ യു.പിയുടെ കാമ്പയിൻ മുഖം മാറിയിട്ടുണ്ടെങ്കിലും അത് 'ഇന്ത്യ' മുന്നണിയുടെ വോട്ടായി മാറുമോ എന്ന് ഉറപ്പില്ല.
റായ് ബറേലിയിലേക്ക് രാഹുൽ ഗാന്ധി എത്തിയതോടെ യു.പിയുടെ കാമ്പയിൻ മുഖം മാറിയിട്ടുണ്ടെങ്കിലും അത് 'ഇന്ത്യ' മുന്നണിയുടെ വോട്ടായി മാറുമോ എന്ന് ഉറപ്പില്ല.

നാലു ഘട്ടങ്ങൾ,
381 സീറ്റുകൾ

ഏപ്രിൽ 21ന് നടന്ന ആദ്യ ഘട്ടത്തിൽ 66.14 ശതമാനമായിരുന്നു പോളിങ്, കഴിഞ്ഞ തവണത്തേക്കാൾ നാലു ശതമാനം കുറവ്. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളാണ് ഈ ഘട്ടത്തിലുണ്ടായിരുന്നത്. 'ഹീറ്റ് വേവ്' ആണ് കുറഞ്ഞ പോളിങ്ങിനുകാരണമെന്ന ഇലക്ഷൻ കമീഷന്റെ നിഗമനം അത്രകണ്ട് പൊളിറ്റിക്കലായിരുന്നില്ല എന്നു പറയാം. കാരണം, വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി തിളച്ചുമറിഞ്ഞവയായിരുന്നു, തമിഴ്‌നാട് ഒഴികെ.

തമിഴ്‌നാട്ടിലെ ആകെയുള്ള 39 സീറ്റിലും രാജസ്ഥാനിലെ 25-ൽ 12 സീറ്റിലും യു.പിയിലെ 80-ൽ എട്ടിടത്തും മധ്യപ്രദേശിലെ ആറിടത്തും മഹാരാഷ്ട്രയിലെയും ആസാമിലെയും അഞ്ചു സീറ്റിൽ വീതവും ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചിടത്തും ബിഹാറിലെ നാലിടത്തും ബംഗാളിലെ നാലിടത്തും ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽആകെയുള്ള പത്ത് സീറ്റിൽ ഒമ്പതിടത്തുമായിരുന്നു വോട്ടെടുപ്പ്.

ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ 66.71 ശതമാനമായിരുന്നു പോളിങ്. 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്. ഈ ഘട്ടത്തിലും 2019-ൽ ബി.ജെ.പി ജയിച്ച സീറ്റുകളായിരുന്നു ഏറെയും, കേരളം ഒഴികെ.

കേരളം- 20, കർണാടക- 14, രാജസ്ഥാൻ- 13, യു.പി- എട്ട്, മഹാരാഷ്ട്ര- എട്ട്, മധ്യപ്രദേശ്- ഏഴ്, ആസാം- അഞ്ച്, ബിഹാർ- അഞ്ച്, ബംഗാൾ- മൂന്ന്, ഛത്തീസ്ഗഢ്- മൂന്ന്, മണിപ്പുർ- ഒന്ന്, ജമ്മു കാശ്മീർ- ഒന്ന് വീതം സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്.

വോട്ടിംഗ് ശതമാനത്തിലെ കുറവ്, പ്രത്യേകിച്ച് ഗ്രാമീണ വോട്ടർമാരുടെ നിസ്സംഗത, പ്രകടമായ ഒരു തരംഗമില്ലാത്തതുകൊണ്ടുമാത്രമല്ല, അത് ബി.ജെ.പിയുടെ മൂന്നാമൂഴത്തിനോടുള്ള വിസമ്മതമായും വിശകലനം ചെയ്യപ്പെടുന്നുണ്ട്.
വോട്ടിംഗ് ശതമാനത്തിലെ കുറവ്, പ്രത്യേകിച്ച് ഗ്രാമീണ വോട്ടർമാരുടെ നിസ്സംഗത, പ്രകടമായ ഒരു തരംഗമില്ലാത്തതുകൊണ്ടുമാത്രമല്ല, അത് ബി.ജെ.പിയുടെ മൂന്നാമൂഴത്തിനോടുള്ള വിസമ്മതമായും വിശകലനം ചെയ്യപ്പെടുന്നുണ്ട്.

10 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കായിരുന്നു മെയ് ഏഴിന് മൂന്നാം ഘട്ട വോട്ടെടുപ്പ്. 2019-ൽ 93-ൽ 72 സീറ്റും ബി.ജെ.പി ജയച്ചവയായിരുന്നു. ഗുജറാത്തിൽനിന്നുമാത്രം പാർട്ടിക്ക് 26 സീറ്റും കിട്ടിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ, യു.പി, ആസാം, ഗോവ, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് ഈ ഘട്ടത്തിലുണ്ടായിരുന്നത്. മുൻ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ പരിഗണിച്ചാൽ, ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടന്ന സീറ്റുകളിൽ പോളിങ് ശതമാനം കുറവായിരുന്നു, 65.68. 2019-ലേതിനേക്കാൾ 1.65 ശതമാനം കുറവ്.

മെയ് 13ന് നാലാം ഘട്ട വോട്ടെടുപ്പിൽ 67.25 ശതമാനമായിരുന്നു പോളിങ്. 10 സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലായിരുന്നു പോളിങ്. ബി.ജെ.പി ഇതര പാർട്ടികൾക്ക് ആധിപത്യമുള്ള ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, മഹാരാഷ്ട്ര, ജാർക്കണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഈ ഘട്ടത്തിൽ വോട്ടുചെയ്തു. 2019-ൽ, ഈ ഘട്ടത്തിലെ 96-ൽ 42 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ആന്ധ്രയിലെ വൈ.എസ്.ആർ് കോൺഗ്രസ് 22 സിറ്റിലും തെലങ്കാനയിലെ ബി.ആർ.എസ് ഒമ്പതു സീറ്റിലും ജയിച്ചു. കോൺഗ്രസിന് ആറു സീറ്റുണ്ടായിരുന്നു.

നരേന്ദ്രമോദി സർക്കാറിനും ബി.ജെ.പിക്കും എതിരെ, കഴിഞ്ഞ പത്തു വർഷവും ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ഫൈറ്റുണ്ടായത് ദക്ഷിണേന്ത്യയിൽനിന്നായിരുന്നു.

അങ്ങനെ നാലു ഘട്ടങ്ങളിലായി 381 സീറ്റുകൾ വിധിയെഴുതിക്കഴിഞ്ഞു. തമിഴ്‌നാട്, കേരളം, കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഒപ്പം, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. ഇനി പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗാൾ, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏതാനും സീറ്റുകളിലുമാണ് വോട്ടെടുപ്പ് ബാക്കി.

2019-ൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളിൽ ബി.ജെ.പി ജയിച്ചത് 29 ഇടത്താണ്, അതിൽ 25 സീറ്റും കർണാടകയിലായിരുന്നു. ബാക്കി നാലെണ്ണം തെലങ്കാനയിലും. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ പാർട്ടി വട്ടപ്പൂജ്യമായിരുന്നു.

ദക്ഷിണേന്ത്യയുടെ
സാധ്യതകൾ

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളാണ് 'ഇന്ത്യ' മുന്നണിയുടെ ഏറ്റവും വലിയ പ്രതീക്ഷ. ചുരുങ്ങിയത് 80 സീറ്റെങ്കിലും നേടാനാകുന്ന സാഹചര്യം ഇപ്പോഴുണ്ട്. കർണാടകയും തെലങ്കാനയും കേരളവുമാണ് കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കും മുന്നേറ്റമുണ്ടാക്കാനാകുന്ന സംസ്ഥാനങ്ങൾ.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളാണ് 'ഇന്ത്യ' മുന്നണിയുടെ ഏറ്റവും വലിയ പ്രതീക്ഷ.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 129 സീറ്റുകളാണ് 'ഇന്ത്യ' മുന്നണിയുടെ ഏറ്റവും വലിയ പ്രതീക്ഷ.

2004-ൽ അടൽ ബിഹാരി വാജ്‌പേയിക്ക് തുടർഭരണം നിഷേധിച്ച് ആദ്യ യു.പി.എ സർക്കാറിനെ ഭരണമേൽപ്പിച്ചതിൽ ആന്ധ്രപ്രദേശിലെ വൈ.എസ്. രാജശേഖര റെഡ്ഢി എന്ന തന്ത്രജ്ഞനായ കോൺഗ്രസ് നേതാവ് നിർവഹിച്ച പങ്കാണ് ഈ തെരഞ്ഞെടുപ്പിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിർവഹിക്കാനുള്ളത്. ആന്ധ്രയിലെ 42 സീറ്റിൽ കോൺഗ്രസ് നേടിയ 29 സീറ്റാണ് ആദ്യ യു.പി.എ സർക്കാറിന്റെ അടിത്തറയായതെങ്കിൽ 2009-ൽ സീറ്റുകളുടെ എണ്ണം 34 ആയി കൂടുകയും അത് യു.പി.എയുടെ തുടർഭരണം ഉറപ്പിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയുടെ ഈയൊരു രാഷ്ട്രീയ സാധ്യത ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് പ്രതിഫലിക്കാൻ പോകുന്നത്?

ബംഗളൂരുവിലെ ഈഡിന എന്ന വെബ് പോർട്ടലിന്റെ മേധാവി എച്ച്.വി. വാസു പറയുന്നു: ഇപ്പോൾ മോദി വേവ് static wave ആയി മാറിയിട്ടുണ്ട്. അതേസമയം, ഇതിന്റെ കൗണ്ടർ പോളറൈസേഷൻ എന്ന നിലയ്ക്ക് 30- 35 ശതമാനം വോട്ട് ഷെയർ രൂപപ്പെട്ടു വന്നിട്ടുമുണ്ട്.

'മിഷൻ സൗത്ത്' എന്നൊരു പ്ലാനുണ്ടാക്കി തെരഞ്ഞെടുപ്പിനും വളരെ നേരത്തെ ബി.ജെ.പി ഒരുക്കം തുടങ്ങിയിരുന്നു. ഏതാനും സംസ്ഥാനങ്ങളിലെ ചില സീറ്റുകൾ കേന്ദ്രീകരിച്ചും ചില സ്ഥാനാർഥികളെ മുന്നിൽനിർത്തിയും ചില പ്രാദേശിക ഇഷ്യൂകൾ സെറ്റ് ചെയ്തും വോട്ടിംഗിനെ സ്വാധീനിക്കുക എന്നതല്ലാതെ, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലൂന്നിയും അവയെ കാമ്പയിനിലേക്ക് കൊണ്ടുവന്നുമുള്ള ഒരു പൊളിറ്റിക്കൽ പ്ലാനായിരുന്നില്ല ഇത്. അതായത്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ പദ്ധതിയും മുന്നോട്ടുവക്കാനായിട്ടില്ല. പത്തു വർഷത്തിനിടെ ദക്ഷിണേന്ത്യയിൽനിന്ന് മോദിക്ക് കണ്ടെടുക്കാനായത്, തമിഴ്‌നാട്ടിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കാനയിച്ച ആ ചെങ്കോലാണ്. അതുപോലും സ്വന്തം സ്വേച്ഛാധികാരത്തിന്റെ അടയാളമെന്ന നിലയ്ക്കും. നേരെ മറിച്ച്, നരേന്ദ്രമോദി സർക്കാറിനും ബി.ജെ.പിക്കും എതിരെ, കഴിഞ്ഞ പത്തു വർഷവും ഏറ്റവും ശക്തമായ പൊളിറ്റിക്കൽ ഫൈറ്റുണ്ടായത് ദക്ഷിണേന്ത്യയിൽനിന്നായിരുന്നു.

പത്തു വർഷത്തിനിടെ ദക്ഷിണേന്ത്യയിൽനിന്ന് മോദിക്ക് കണ്ടെടുക്കാനായത്, തമിഴ്‌നാട്ടിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കാനയിച്ച ആ ചെങ്കോലാണ്. അതുപോലും സ്വന്തം സ്വേച്ഛാധികാരത്തിന്റെ അടയാളമെന്ന നിലയ്ക്കും.
പത്തു വർഷത്തിനിടെ ദക്ഷിണേന്ത്യയിൽനിന്ന് മോദിക്ക് കണ്ടെടുക്കാനായത്, തമിഴ്‌നാട്ടിൽനിന്ന് ഇന്ത്യൻ പാർലമെന്റിലേക്കാനയിച്ച ആ ചെങ്കോലാണ്. അതുപോലും സ്വന്തം സ്വേച്ഛാധികാരത്തിന്റെ അടയാളമെന്ന നിലയ്ക്കും.

ഇടക്കാലത്ത്, സാമുദായിക ധ്രുവീകരണത്തിലൂടെ ബി.എസ്. യെദ്യൂരപ്പയുടെ കർണാടകയിലുണ്ടായ ജയം ഒഴിച്ചുനിർത്തിയാൽ, ബി.ജെ.പിയെ മാറ്റിനിർത്താനുള്ള രാഷ്ട്രീയ വിവേകം ഇലക്ഷനിൽ പ്രകടിപ്പിക്കുന്ന ജനതയാണ് ദക്ഷിണേന്ത്യയിലേത്. ഈയൊരു ഘടകമാണ്, യൂണിയൻ സർക്കാറിന്റെ ടാർഗറ്റഡ് പോളിസിയിലേക്ക് ഈ സംസ്ഥാനങ്ങളെ വലിച്ചിട്ടത്. കഴിഞ്ഞ പത്തു വർഷവും ഭരണഘടനാപരമായ ഫെഡറലിസ്റ്റ് തത്വങ്ങളുടെ നിഷേധത്തിലൂടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആക്രമണങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കുണ്ടായി. ഈ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ വോട്ടിംഗിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഫാക്ടറും ഇതുതന്നെയായേക്കാം. തമിഴ്‌നാട്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങൾ പ്രകടമായി തന്നെ ഈ വിഷയം ഉന്നയിച്ചു. കർണാടകക്കു പുറമേ കേരളവും യൂണിയൻ സർക്കാറിനെതിരെ പരസ്യ പ്രതിഷേധം നടത്തി. ഒരു രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ യോജിപ്പിലേക്കുകൂടി ഈ പ്രതിഷേധത്തെ വികസിപ്പിക്കാനായി. ഇന്ത്യയെ തെക്കും വടക്കുമാക്കി വിഭജിക്കാനാണ് 'ഇന്ത്യ' മുന്നണിയുടെ ശ്രമമെന്ന ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ആക്ഷേപം അൽപായുസ്സായി ഒടുങ്ങി.

വൈകാരികതയെ തോൽപ്പിച്ച
തമിഴ്നാട്

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ബി.ജെ.പി ആസൂത്രണം ചെയ്ത 'മിഷൻ സൗത്തി'ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തമിഴ്‌നാടായിരുന്നു. 2019-ലെ 'സീറോ' സീറ്റിൽനിന്ന് ഒന്നിലേക്കു പോലും ബി.ജെ.പിക്ക് ഏറെ ദൂരമുണ്ട് ഇത്തവണ. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കുമുമ്പ് തമിഴ്‌നാട്ടിൽ നടത്തിയ 'ദർശന'ങ്ങളിലൂടെ, ബ്രാഹ്മണ്യ ഹൈന്ദവതയുടെ സാംസ്‌കാരിക പ്രതിഷ്ഠയെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ വേണ്ടവിധം ഭംഗിയായി നിർവഹിച്ചു നരേന്ദ്ര മോദി. എന്നിട്ടും തമിഴ്‌നാട് കുലുങ്ങിയില്ല. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സഖ്യകക്ഷിയായ കോൺഗ്രസിനും എതിരെ കാര്യമായ ആയുധങ്ങളില്ലാത്ത മോദിയെയാണ് തമിഴ് ജനത കണ്ടത്. കുടുംബരാഷ്ട്രീയം എന്ന ദുർബലമായ പോയിന്റാണ് ഡി.എം.കെക്ക് എതിരെ ബി.ജെ.പിക്ക് പ്രധാനമായും പയറ്റാനുണ്ടായിരുന്നത്. എല്ലാം പാഴായപ്പോഴാണ്, നയത​ന്ത്ര വിഷയമായ കച്ചത്തീവിനെച്ചൊല്ലി മോദി ഒടുവിലത്തെ വികാരവിജ്രംഭനം നടത്തിയത്. പരാജയപ്പെടാൻ പോകുന്ന ഒരു പാർട്ടിയായി ബി.ജെ.പി തമിഴ്‌നാട്ടിൽ അവശേഷിക്കാൻ പോകുന്നുവെന്ന പരിഭ്രാന്തിയുടെ ആദ്യ സൂചന കൂടിയായിരുന്നു അത്.

തമിഴ് ജനതയുടെ സാംസ്‌കാരിക- രാഷ്ട്രീയ ഐഡന്റിററിയായ ദ്രവീഡിയൻ മൈൻഡ് സെറ്റിനെ കുലുക്കമില്ലാതെ പ്രതിനിധീകരിക്കുന്നുവെന്നതാണ് സ്റ്റാലിന്റെ നേതൃത്വത്തിന്റെ സവിശേഷത
തമിഴ് ജനതയുടെ സാംസ്‌കാരിക- രാഷ്ട്രീയ ഐഡന്റിററിയായ ദ്രവീഡിയൻ മൈൻഡ് സെറ്റിനെ കുലുക്കമില്ലാതെ പ്രതിനിധീകരിക്കുന്നുവെന്നതാണ് സ്റ്റാലിന്റെ നേതൃത്വത്തിന്റെ സവിശേഷത

സംസ്ഥാന ഭരണത്തിന്റെ മികച്ച പ്രതിച്ഛായയുള്ള സ്റ്റാലിനാകട്ടെ, തികച്ച രാഷ്ട്രീയബോധ്യത്തോടെ ബി.ജെ.പിയുടെ ഹിന്ദി അടിച്ചേൽപ്പിക്കൽ, സാമ്പത്തിക വിവേചനം, ഫെഡറലിസത്തിനെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങൾ കാമ്പയിനിലേക്ക് കൊണ്ടുവന്നു. തമിഴ് ജനതയുടെ സാംസ്‌കാരിക- രാഷ്ട്രീയ ഐഡന്റിററിയായ ദ്രവീഡിയൻ മൈൻഡ് സെറ്റിനെ കുലുക്കമില്ലാതെ പ്രതിനിധീകരിക്കുന്നുവെന്നതാണ് സ്റ്റാലിന്റെ നേതൃത്വത്തിന്റെ സവിശേഷത. അതിലേക്ക് നുഴഞ്ഞുകയറി ഒരു സീറ്റുപോലും നേടുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ഇപ്പോഴും വലിയ വെല്ലുവിളിയാണ് എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കാൻ പോകുകയാണ്.

കർണാകയിലെ
അപ്രതീക്ഷിത ട്വിസ്റ്റുകൾ

കർണാടയിലാകട്ടെ, അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കോൺഗ്രസിനെയും ബി.ജെ.പിയെയും കാത്തിരിക്കുന്നത്.

ബംഗളൂരുവിലെ ഈഡിന എന്ന വെബ് പോർട്ടലിന്റെ മേധാവി എച്ച്.വി. വാസു ഫ്രന്റ്‌ലൈനിന് നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് കർണാടകയിൽ ഇത്തവണ കോൺഗ്രസ് നേട്ടമുണ്ടാക്കാൻ പോകുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പ്രീ ഇലക്ഷൻ സർവേയിലൂടെ കൃത്യമായി വിശകലനം ചെയ്ത എച്ച്.വി. വാസുവിന്റെ വിശകലനം ഇതാണ്: 1996 മുതൽ കർണാടകയിൽ ബി.ജെ.പിയുടെ വോട്ടുവിഹിതം ക്രമമായി കൂടിവരികയായിരുന്നു. ഈ മുന്നേറ്റം ഇപ്പോൾ പൂരിതാവസ്ഥയിലാണ്. അതായത്, മോദിയും ആർ.എസ്.എസും ഹിന്ദുത്വ ഐഡിയോളജിയും ചേർന്നുള്ള 'മോദി വേവി'ന് ഒരു അഡീഷനൽ വേവ് ഇത്തവണ ഇല്ല. മോദി വേവിന് സംസ്ഥാനത്തും ദേശീയ തലത്തിലും 30 ശതമാനത്തിലേറെ വോട്ട് സമാഹരിക്കാനായിട്ടുണ്ടെങ്കിലും ഇപ്പോൾ മോദി വേവ് static wave ആയി മാറിയിട്ടുണ്ട്. അതേസമയം, ഇതിന്റെ കൗണ്ടർ പോളറൈസേഷൻ എന്ന നിലയ്ക്ക് 30- 35 ശതമാനം വോട്ട് ഷെയർ രൂപപ്പെട്ടുവന്നിട്ടുമുണ്ട്. ഇത്തരമൊരവസ്ഥയിൽ, തെരഞ്ഞെടുപ്പു വിജയത്തിന് പത്തു ശതമാനത്തിന്റെ അധികം വോട്ടുവിഹിതം കൂടി വേണം. മുസ്‌ലിം വിരുദ്ധതയും മുന്നാക്ക ജാതി രാഷ്ട്രീയവും ഉയർത്തിയെങ്കിലും മോദിക്ക് ഈ അധിക വോട്ടുവിഹിതം സമാഹരിക്കാൻ തക്ക വേവ് ഉണ്ടാക്കാനായില്ല. അതേസമയം, സംസ്ഥാന സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ നേട്ടം, ഒരു ഗ്യാരണ്ടിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഈ അധിക ശതമാനം നേടിയെടുക്കാൻ സഹായകമാകുകയും ചെയ്യും. ഇത്തരം പദ്ധതികളിലൂടെ സ്ത്രീകളുടെയും ഗ്രാമീണരുടെയും വലിയ പിന്തുണ ഇപ്പോൾ കോൺഗ്രസിനുണ്ട്. വിലക്കയറ്റം വലിയ പ്രശ്‌നമായി കാമ്പയിനിൽ ഉയർന്നു, ഇതിലെ പ്രതി യുണിയൻ സർക്കാറാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാറിന് കഴിഞ്ഞു. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ജയം ചരിത്രപരമായിരുന്നു. 1989-നുശേഷം ഒരു പാർട്ടിയും 130-ലേറെ സീറ്റും 42-43 ശതമാനം വോട്ടുവിഹിതവും നേടിയിട്ടില്ല. അതാണ്, ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചരിത്രപരമായ മറ്റൊരു നേട്ടമാകാൻ പോകുന്നത്.

സിദ്ധരാമയ്യ അധികാരമേറ്റയുടൻ നടപ്പാക്കിയ അഞ്ച് ഗ്യാരണ്ടികൾ ഗ്രാമീണ മേഖലയിലെ ഓരോ വീടിനും നേരിട്ട് ഗുണകരമാകുന്നതാണ്.
സിദ്ധരാമയ്യ അധികാരമേറ്റയുടൻ നടപ്പാക്കിയ അഞ്ച് ഗ്യാരണ്ടികൾ ഗ്രാമീണ മേഖലയിലെ ഓരോ വീടിനും നേരിട്ട് ഗുണകരമാകുന്നതാണ്.

ഒരു വർഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം നിലനിർത്താനായാൽ, ബി.ജെ.പി ശക്തികേന്ദ്രമായ വടക്കൻ- മധ്യ കർണാടയിൽ ബി.ജെ.പി കഴിഞ്ഞ തവണ ജയിച്ച 14 സീറ്റിൽ ഏഴെണ്ണം കോൺഗ്രസിന് പിടിച്ചെടുക്കാം. ജെ.ഡി- എസിന്റെ ചോരുന്ന വോട്ടുവിഹിതം കൂടിയായാൽ ഈ മേഖലയിൽ അത് 11 സീറ്റുവരെയാകാം.

സിദ്ധരാമയ്യ അധികാരമേറ്റയുടൻ നടപ്പാക്കിയ അഞ്ച് ഗ്യാരണ്ടികൾ ഗ്രാമീണ മേഖലയിലെ ഓരോ വീടിനും നേരിട്ട് ഗുണകരമാകുന്നതാണ്. ബി.എസ്. യെദ്യൂരപ്പക്കും മക്കൾക്കും എതിരെ മുൻ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെ നേതൃത്വത്തിലുള്ള വിമതപ്രവർത്തനവും ലിംഗായത് പുരോഹിതനിൽനിന്ന് ബി.ജെ.പിക്കുള്ള മുന്നറിയിപ്പും കോൺഗ്രസിനുള്ള ഇരട്ടി മുൻതൂക്കമാണ്. എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി-എസിന്റെ നേതാവും ഹാസ്സനിലെ എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണങ്ങൾ, പ്രത്യേകിച്ച് സ്ത്രീവോട്ടർമാരെ ശക്തമായി സ്വാധീനിച്ചേക്കാം.

ജഗന്റെയും നായിഡുവിന്റെയും ആന്ധ്ര

ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും പവൻ കല്യാണിന്റെ ജനസേനയുമായും ഉണ്ടാക്കിയ സഖ്യം ബി.ജെ.പിയെ തുണച്ചേക്കും. അതിന് പ്രധാന കാരണമാകുക, വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവുമായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്നതിനാൽ, ഭരണവിരുദ്ധവികാരം, ലോക്‌സഭാ സീറ്റുകളുടെ റിസൾട്ടിനെ കൂടി ബാധിച്ചേക്കാം. നഗരമേഖലകളിൽ സർക്കാർ വിരുദ്ധ വികാരം പ്രകടവുമാണ്.

2019-ൽ ടി.ഡി.പിക്ക് മൂന്ന് ലോക്‌സഭാ സീറ്റും 23 നിയമസഭാ സീറ്റുമാണ് നേടാനായത്. വൈ.എസ്.ആർ കോൺഗ്രസ് 22 ലോക്‌സഭാ സീറ്റിലും 151 നിയമസഭാ സീറ്റിലും ജയിച്ചു. കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റുപോലും നേടാനായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്നതിനാൽ, ആന്ധ്രയിൽ ജഗൻ മോഹൻ സർക്കാറിനെതിരായ ഭരണവിരുദ്ധവികാരം, ലോക്‌സഭാ സീറ്റുകളുടെ റിസൾട്ടിനെ കൂടി ബാധിച്ചേക്കാം.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്നതിനാൽ, ആന്ധ്രയിൽ ജഗൻ മോഹൻ സർക്കാറിനെതിരായ ഭരണവിരുദ്ധവികാരം, ലോക്‌സഭാ സീറ്റുകളുടെ റിസൾട്ടിനെ കൂടി ബാധിച്ചേക്കാം.

2019-ൽ ദ ഹിന്ദു- സി.എസ്.ഡി.എസ്- ലോക്‌നീതി പോസ്റ്റ് പോൾ സർവേയിൽ കണ്ടത്, മുന്നാക്ക ജാതികളിൽ 57 ശതമാനം ടി.ഡി.പിക്കും 29 ശതമാനം വൈ.എസ്.ആർ. കോൺഗ്രസിനുമാണ് വോട്ട് ചെയ്തത് എന്നാണ്. ദലിത്- ആദിവാസി വോട്ടുകൾ വൈ.എസ്.ആർ കോൺഗ്രസിനായിരുന്നു. ഒ.ബി.സി- മുസ്‌ലിം വോട്ടുകൾ വൈ.എസ്.ആർ. കോൺഗ്രസിനും ടി.ഡി.പിക്കുമായി വിഭജിച്ചുപോകുന്നു. സംസ്ഥാന ജനസംഖ്യയിൽ 9.5 ശതമാനമാണ് മുസ്‌ലിംകൾ. 2019-ൽ മുസ്‌ലിം വോട്ടിൽ 46 ശതമാനം ടി.ഡി.പിക്കും 49 ശതമാനം വൈ.എസ്.ആർ കോൺഗ്രസിനുമായിരുന്നു. പ്രാദേശിക വികാരത്തോടൊപ്പം തൊഴിലില്ലായ്മ, വികസനപ്രശ്‌നങ്ങൾ തുടങ്ങിയവയും ടി.ഡി.പി- ബി.ജെ.പി സഖ്യം കാമ്പയിനാക്കിയിരുന്നു.

തെലങ്കാന എന്ന പ്രാദേശിക വികാരം

തെലങ്കാനയിലെ 17 സീറ്റിൽ 13 എണ്ണം കോൺഗ്രസ് നേടുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രകടിപ്പിക്കുന്നുണ്ട്. കോൺഗ്രസും ഭാരത് രാഷ്ട്ര സമിതിയും ബി.ജെ.പിയും തമ്മിലാണ് മത്സരമെങ്കിലും, ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു നേരിട്ടുള്ള ഏറ്റുമുട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കുശേഷം ബി.ആർ.എസിന് ഉയിർത്തെഴുന്നേൽക്കാനായിട്ടില്ല. എങ്കിലും ബി.ആർ.എസിന്റെ സാന്നിധ്യം, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ, റിസൾട്ടിനെ സ്വാധീനിക്കാം. അത് ബി.ജെ.പിക്കാണോ കോൺഗ്രസിനാണോ ഗുണകരമാകുക എന്ന ചോദ്യമാണ് ബാക്കി.

രേവന്ത് റെഡ്ഢിയുടെ ജനകീയ വികസനനയങ്ങളാണ് തെലങ്കാനയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്.
രേവന്ത് റെഡ്ഢിയുടെ ജനകീയ വികസനനയങ്ങളാണ് തെലങ്കാനയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്.

ദക്ഷിണ തെലങ്കാനയിൽ കോൺഗ്രസിന് വ്യക്തമായ ആധിപത്യമുണ്ട്. ഇവിടെയാണ് കോൺഗ്രസിന് കൂടുതൽ എം.എൽ.എമാരുള്ളത്.
ബി.ജെ. പിയുമായി ശക്തമായ മത്സരം നടക്കുന്ന വടക്കൻ തെലങ്കാനയാണ് കോൺഗ്രസിന് വെല്ലുവിളി. ബി.ആർ.എസിന്റെ അസാന്നിധ്യത്തിൽ ബി.ജെ.പിക്ക് ഇവിടെ അൽപം മുൻതൂക്കമുണ്ട്.

രേവന്ത് റെഡ്ഢിയുടെ ജനകീയ വികസനനയങ്ങളാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. ബി.ജെ.പിയുടെ മുസ്‌ലിം സംവരണ വിരുദ്ധ കാമ്പയിൻ കോൺഗ്രസിന് ഗുണകരമായേക്കാം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ആർ.എസിനുമിടയിൽ വിഭജിച്ചപോയ മുസ്‌ലിം വോട്ട് ഇത്തവണ കോൺഗ്രസിന് ലഭിച്ചേക്കാം. കാരണം, ബി.ആർ.എസ് ജയിച്ചാൽ, അവർ ബി.ജെ.പിയെ പിന്തുണക്കാനുള്ള സാധ്യത മുസ്‌ലിം വിഭാഗം ഭയക്കുന്നുണ്ട്.

20 സീറ്റുള്ള കേരളത്തിൽ പ്രധാന എതിരാളികളായ യു.ഡി.എഫും എൽ.ഡി.എഫും 'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷികളായതിനാൽ, പ്രതിപക്ഷത്തിന് 20 സീറ്റ് ഉറപ്പിക്കാം.
20 സീറ്റുള്ള കേരളത്തിൽ പ്രധാന എതിരാളികളായ യു.ഡി.എഫും എൽ.ഡി.എഫും 'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷികളായതിനാൽ, പ്രതിപക്ഷത്തിന് 20 സീറ്റ് ഉറപ്പിക്കാം.

20 സീറ്റുള്ള കേരളത്തിൽ പ്രധാന എതിരാളികളായ യു.ഡി.എഫും എൽ.ഡി.എഫും 'ഇന്ത്യ' മുന്നണിയിലെ സഖ്യകക്ഷികളായതിനാൽ, പ്രതിപക്ഷത്തിന് 20 സീറ്റ് ഉറപ്പിക്കാം.

ചുരുക്കത്തിൽ, അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻ.ഡി.എയുടെ ജയം 12- 15 സീറ്റുകളിൽ ഒതുങ്ങിയേക്കാം, കഴിഞ്ഞ തവണ കിട്ടിയ 29-ൽ നിന്ന് പത്തിലേറെ സീറ്റുകൾ കുറവ്. ബി.ജെ.പിക്ക് കുറയുന്ന പത്തു സീറ്റിനേക്കാൾ, 'ഇന്ത്യ' മുന്നണിക്ക് കൂടുന്ന പത്തു സീറ്റുകൾക്കാണ് ഏറെ രാഷ്ട്രീയ പ്രാധാന്യം എന്നും പറയാം.

മോദിക്ക് കൗണ്ടർ തരംഗവുമായി
ഹിന്ദി ബെൽറ്റ്

ഹിന്ദി ബെൽറ്റായ യു.പി, ബീഹാർ, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലെ 111 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഈ സംസ്ഥാനങ്ങളിൽ 210 സീറ്റാണുള്ളത്. ഏറ്റവും കൂടുതൽ എം.പിമാരുള്ള നാലു സംസ്ഥാനങ്ങൾ കൂടിയാണിത്.

യു.പിയിലെ 80 സീറ്റിൽ 39 ഇടത്തും ബിഹാറിലെ 40 സീറ്റിൽ 19 ഇടത്തും മഹാരാഷ്ട്രയിലെ 48 സീറ്റിൽ 35 ഇടത്തും ബംഗാളിലെ 42 സീറ്റിൽ 18 ഇടത്തുമാണ് വോട്ടെടുപ്പ് പൂർത്തിയായത്.

2019-ലെ 'മോദി തരംഗം' ഇത്തവണയില്ല എന്നതാണ് യു.പിയിലെയും ബീഹാറിയെും ഇലക്ഷനെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളിൽ പ്രധാനം. അതായത്, മോദി തരംഗത്തിന്റെ അഭാവം, അതി തീക്ഷ്ണമായ ജനകീയ പ്രശ്‌നങ്ങളെ കാമ്പയിനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ബിഹാർ ആണ് അതിന് മികച്ച ഉദാഹരണം. തേജസ്വി യാദവിന്റെയും ആർ.ജെ.ഡിയുടെയും ഏതാണ്ട് ഒറ്റയ്ക്കുള്ള പ്രകടനമാണ് സംസ്ഥാനത്ത്. തൊഴിലില്ലായ്മ, ജാതി സെൻസസ് എന്നിവയാണ് തേജസ്വി യാദവ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ. എൻ.ഡി.എയിലെത്തിയ നിതീഷിന് മിണ്ടാനാകാത്ത ജാതി സെൻസസും നരേന്ദ്രമോദിയുടെ സംവരണ വിരുദ്ധ പ്രസ്താവനകളുമായി തേജസ്വി ബി.ജെ.പി- ജെ.ഡി-യു സഖ്യത്തിനെതിരെ അതിശക്തമായ കാമ്പയിനാണ് നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള വർഗീയ വിഷയങ്ങൾ തുടക്കത്തിലേ ചീറ്റിപ്പോയതിനാൽ, തേജസ്വി ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നിതീഷിനും ബി.ജെ.പിക്കും മറുപടിയില്ല.

ബിഹാറിൽ ബിജെപി - ജെഡിയു സഖ്യത്തിനെതിരെ തേജസ്വി യാദവിന്റെയും ആർ.ജെ.ഡിയുടെയും ഒറ്റയ്ക്കുള്ള പ്രകടനമാണ്
ബിഹാറിൽ ബിജെപി - ജെഡിയു സഖ്യത്തിനെതിരെ തേജസ്വി യാദവിന്റെയും ആർ.ജെ.ഡിയുടെയും ഒറ്റയ്ക്കുള്ള പ്രകടനമാണ്

രണ്ടു ഘട്ട തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ബി.ജെ.പി ഡിപ്രഷനിലാണെന്നാണ് തേജസ്വി യാദവ് പറഞ്ഞത്: ''നരേന്ദ്രമോദിയുടെ കള്ളങ്ങൾ കേട്ട് ജനം മടുത്തു. ജനങ്ങൾ ബി ജെ പിക്ക് പത്ത് വർഷം നൽകി. എന്നാൽ താഴേക്കിടയിലേക്ക് നോക്കൂ, അവിടെ ഒരു വാഗ്ദാനങ്ങളും നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ പ്രാദേശിക പ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു''- തേജസ്വി പറയുന്നു.

യു.പിയുടെ
അതൃപ്തികൾ

റായ് ബറേലിയിലേക്ക് രാഹുൽ ഗാന്ധി എത്തിയതോടെ യു.പിയുടെ കാമ്പയിൻ മുഖം മാറിയിട്ടുണ്ടെങ്കിലും അത് 'ഇന്ത്യ' മുന്നണിയുടെ വോട്ടായി മാറുമോ എന്ന് ഉറപ്പില്ല. അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും മോദിയുടെ വിദ്വേഷ കാമ്പയിനെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുന്നുണ്ട്.

ഹിന്ദു - മുസ്‌ലിം വിഭജന രാഷ്ട്രീയത്തിനെതിരെ ശക്തമായ പൊതുവികാരം യു.പിയിലുടനീളം ദൃശ്യമാണെന്ന്, ഗ്രൗണ്ട് റിയാലിറ്റികൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർ പറയുന്നു. അതിന് ഒരു കാരണം, സാധാരണ ജനവിഭാഗങ്ങൾ നേരിടുന്ന അതിരൂക്ഷമായ ജീവിതയാഥാർഥ്യങ്ങളാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് അവയിൽ പ്രധാനം. വിദ്യാഭ്യാസ ചെലവ് കുത്തനെ ഉയർന്നതിന്റെയും തൊഴിലില്ലായ്മയുടെയും ഇരകളായ യുവാക്കൾ, ഇത്തരം വിഷയങ്ങളോട് പൂർണമായും നിശ്ശബ്ദത പുലർത്തുന്ന ബി.ജെ.പിയോട് നിസ്സംഗമായാണ് പ്രതികരിക്കുന്നത്.
മുസ്‌ലിംകളെ ലക്ഷ്യമിട്ട് മോദി ഉയർത്തിയ സംവരണ വിവാദം, പ്രതിപക്ഷം സമർഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം കിട്ടിയാൽ സംവരണം എടുത്തുകളയുമെന്ന കാമ്പയിൻ പിന്നാക്ക വിഭാഗങ്ങൾക്കിടയിലും മുസ്‍ലിംകൾക്കിടയിലും വ്യാപകമാണ്.

മോദിയേക്കാൾ ശക്തനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്, സംസ്ഥാനത്ത് ബി.ജെ.പി കാമ്പയിന് നേതൃത്വം നൽകുന്നത്. കാരണം, ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം ഏറ്റവും വലിയ വെല്ലുവിളിയാകുന്ന മുഖ്യമന്ത്രി കൂടിയാണ് യോഗി. മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രണ്ടു മാസം കൊണ്ട് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റും എന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയുടെ വാസ്തവം യോഗിയുടെ പരാക്രമ കാമ്പയിനിൽ പ്രകടമാണ്.

സാമ്പ്രദായിക സാമുദായിക വോട്ടുബാങ്കുകൾ പലയിടത്തും പുറംതിരിഞ്ഞുനിൽക്കുന്നത് യു.പിയിൽ ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്, ഒപ്പം,  സമാജ്‌വാദി പാർട്ടി പ്രയോഗിക്കുന്ന പുതിയ ജാതി- സമുദായ പരീക്ഷണവും.
സാമ്പ്രദായിക സാമുദായിക വോട്ടുബാങ്കുകൾ പലയിടത്തും പുറംതിരിഞ്ഞുനിൽക്കുന്നത് യു.പിയിൽ ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്, ഒപ്പം, സമാജ്‌വാദി പാർട്ടി പ്രയോഗിക്കുന്ന പുതിയ ജാതി- സമുദായ പരീക്ഷണവും.

സാമ്പ്രദായിക സാമുദായിക വോട്ടുബാങ്കുകൾ പലയിടത്തും പുറംതിരിഞ്ഞുനിൽക്കുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്, ഒപ്പം, സമാജ്‌വാദി പാർട്ടി പ്രയോഗിക്കുന്ന പുതിയ ജാതി- സമുദായ പരീക്ഷണവും. പരമ്പരാഗത യാദവ- മുസ്‍ലിം വോട്ടുബാങ്കുപുറമേ, 'PDA' എന്ന പുതിയ സമവാക്യവുമായാണ്- പിന്നാക്ക വിഭാഗം- ദലിത്- ന്യൂനപക്ഷ സഖ്യം- എസ്.പി രംഗത്തുള്ളത്. മുസ്‍ലിം- യാദവ വോട്ടിൽ മാത്രം ലക്ഷ്യം വക്കുന്നത് മറ്റു വിഭാഗങ്ങളുമായുള്ള അകലം കൂട്ടിയിട്ടുണ്ടെന്നും അത് കുറയ്ക്കാനും 'ടോപ്പ് അപ്' എന്ന നിലയിൽ പരമാവധി സീറ്റ് നേടാനും ഈ വിഭാഗങ്ങളെ കൂടി ചേർത്തുപിടിക്കാനാണ് എസ്.പിയുടെ തീരുമാനം. ഹിന്ദു 'ബഹുജൻ' വോട്ടിനുവേണ്ടിയുള്ള മത്സരമാണ് സമാജ് വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ നടക്കുന്നത്. എസ്.പിയും ബി.ജെ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ ബി.എസ്.പിക്ക് വോട്ടു ചെയ്തിരുന്ന വിഭാഗങ്ങൾ എസ്.പിയോട് അടുക്കുന്ന പ്രവണത ദൃശ്യമാണ്.

സംസ്ഥാന ജനസംഖ്യയിൽ 60- 65 ശതമാനവും ഒ.ബി.സി- ദലിത് വിഭാഗമാണ്. ബി.ജെ.പിയാണ് ഈ വോട്ടുബാങ്കിന്റെ 'പരമ്പരാഗത' ഗുണഭോക്താക്കൾ. ഇത്തവണ ബി.ജെ.പിയേക്കാൾ കൂടുതൽ ഒ.ബി.സി- ദലിത് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത് 'ഇന്ത്യ' മുന്നണിയാണ്.

പശ്ചിമ യു.പിയിൽ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കായ രജ്പുത് എന്ന താക്കൂർ വിഭാഗം ബി.ജെ.പിക്ക് എതിരായത് പാർട്ടിക്ക് തിരിച്ചടിയാണ്.
പശ്ചിമ യു.പിയിൽ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കായ രജ്പുത് എന്ന താക്കൂർ വിഭാഗം ബി.ജെ.പിക്ക് എതിരായത് പാർട്ടിക്ക് തിരിച്ചടിയാണ്.

പശ്ചിമ യു.പിയിൽ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കായ രജ്പുത് എന്ന താക്കൂർ വിഭാഗം ബി.ജെ.പിക്ക് എതിരായത് പാർട്ടിക്ക് തിരിച്ചടിയാണ്. ഏപ്രിൽ 18ന് ഗാസിയാബാദിലെ ധൗലാനയിൽ നടന്ന മഹാപഞ്ചായത്തിൽ ‘സമുദായത്തിലെ ആരും ബി.ജെ.പിക്ക് വോട്ടു ചെയ്യരുത്’ എന്ന ആഹ്വാനം പോലുമുണ്ടായി.

ഇത്തരം എതിർപ്പുകളുണ്ടെങ്കിലും ഇത്തവണയും ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് നേടിക്കൊടുക്കുന്ന സംസ്ഥാനം യു.പിയായി തുടർന്നേക്കാം, സീറ്റുകളുടെ എണ്ണം കുറഞ്ഞാലും.

രാഷ്ടീയ നിരീക്ഷകനായ യോഗേന്ദ്ര യാദവിന്റെ വിശകലനത്തിൽ, യു.പിയിലെ ജാതി വിഭാഗങ്ങളിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ ഇത്തവണ വൻ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ 60 സീറ്റു പോലും പാർട്ടിയെ സംബന്ധിച്ച് ഒരു അസാധ്യതയാണ്. ചുരുങ്ങിയത് 50 സീറ്റുപോലും കിട്ടുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്.

രാഷ്ടീയ നിരീക്ഷകനായ യോഗേന്ദ്ര യാദവിന്റെ വിശകലനത്തിൽ, യു.പിയിലെ ജാതി വിഭാഗങ്ങളിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ ഇത്തവണ വൻ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.
രാഷ്ടീയ നിരീക്ഷകനായ യോഗേന്ദ്ര യാദവിന്റെ വിശകലനത്തിൽ, യു.പിയിലെ ജാതി വിഭാഗങ്ങളിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ ഇത്തവണ വൻ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.

യു.പിയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞശേഷം യോഗേന്ദ്ര യാദവ് പറയുന്ന കാരണങ്ങൾ:
- നിരവധി ബി.ജെ.പി എം.പിമാർക്കും പ്രാദേശിക നേതാക്കൾക്കും എതിരെ ജനങ്ങൾക്കിടയിൽ ശക്തമായ അതൃപ്തിയുണ്ട്.

- തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ വോട്ടർമാരുടെ ആശങ്കകളായി പ്രതിഫലിക്കുന്നു.

- ഒരു തവണ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ അത് ഒരു ഏകാധിപത്യ ഭരണകൂടമാകുമെന്ന ഭയം വോട്ടർമാരിലുണ്ട്, അത് മാറ്റത്തിനുള്ള അതിശക്തമായ പ്രേരണയായി ഇത്തവണ പ്രകടമാണ്.

- മുമ്പ് ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്ന നാലുപേരിൽ ഒരാൾ ഇത്തവണ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നു. സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും വോട്ടുവിഹിതം കാര്യമായ മാറ്റമില്ലാതെ നിൽക്കുകയും ബി.എസ്.പിക്ക് നേരിയ ഇടിവുണ്ടാകുകയും ഈ കുറവ് ബി.ജെ.പിക്ക് ഗുണകരമാകാത്ത അവസ്ഥയുമുണ്ട്. ഇത്തരം സൂക്ഷ്മതല വ്യതിയാനങ്ങൾ ബി.ജെ.പിയുടെ സീറ്റ് നഷ്ടത്തിന് കാരണമാകും.

- ബി.ജെ.പിക്ക് കിട്ടുന്ന വോട്ടുകളിലെ പത്തിൽ ഒന്ന് പോലും എസ്.പി- കോൺഗ്രസ് സഖ്യത്തിന് അനുകൂലമായാൽ പോലും അത് ബി.ജെ.പിക്ക് 20 സീറ്റുകൾ നഷ്ടമാകുന്നതിലേക്ക് നയിക്കും.

മമതയുടെ
ബംഗാൾ ന്യായങ്ങൾ

പശ്ചിമ ബംഗാളിൽനിന്ന് മമതാ ബാനർജിയുടെ കൗശലം നിറഞ്ഞ ഒരു പ്രസ്താവന വന്നു, കഴിഞ്ഞ ദിവസം: ''ഇന്ത്യ മുന്നണി അധികാരത്തിലെത്തും, തൃണമൂൽ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണ നൽകും'.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ മറുപടിയും തൊട്ടുപുറകേ വന്നു: 'ബി.ജെ.പിക്കാണ് കൂടുതൽ സീറ്റുകൾ കിട്ടുന്നത് എങ്കിൽ തൃണമൂൽ കോൺഗ്രസ് അവർക്കൊപ്പമായിരിക്കും'.

ബംഗാളിൽ മമതയുടെ പ്രധാന ശത്രു സി.പി.എം- കോൺഗ്രസ് സഖ്യമാണ്. സംസ്ഥാനത്തെ യഥാർഥ 'ഇന്ത്യ' സഖ്യം തൃണമൂൽ കോൺഗ്രസാണ് എന്നാണ് അവർ പറയുന്നത്. മാത്രമല്ല, സി.പി.എം- കോൺഗ്രസ് സഖ്യം ബി.ജെ.പി ഏജന്റാണെന്നും അവർ കുറ്റപ്പെടുത്തുന്നു. ഈ ബി.ജെ.പി ഏജന്റുമാർ കൂടിയുള്ള സഖ്യസർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കും എന്നു പറയുന്നിടത്താണ് മമതയുടെ കൗശലം.

ബംഗാളിലെ യഥാർഥ 'ഇന്ത്യ' സഖ്യം തൃണമൂൽ കോൺഗ്രസാണ് എന്നാണ് മമത ബാനർജി പറയുന്നത്.
ബംഗാളിലെ യഥാർഥ 'ഇന്ത്യ' സഖ്യം തൃണമൂൽ കോൺഗ്രസാണ് എന്നാണ് മമത ബാനർജി പറയുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റിൽ 35 എണ്ണമാണ് ബി.ജെ.പി ടാർഗറ്റ്. അത് ഒരു തമാശടാർഗറ്റാണ് എന്ന് അവർക്കുതന്നെ അറിയാം. കാരണം, കഴിഞ്ഞ തവണ നേടിയ 18 സീറ്റു തന്നെ നിലനിർത്താൻ പാടുപെടുകയാണ് പാർട്ടി. കോൺഗ്രസ്- സി.പി.എം സഖ്യമുള്ള സ്ഥിതിക്ക് ത്രികോണമത്സരത്തിലൂടെ ജയിച്ചുകയറാം എന്ന ബി.ജെ.പിയുടെ ആദ്യ ഘട്ട പ്രതീക്ഷകൾ ഇപ്പോഴില്ല. കാരണം, തൃണമൂൽ കോൺഗ്രസ് അത്ര ശക്തമായ മത്സരത്തിലാണ്.

ആവർത്തിക്കാനിടയില്ല, 2019

നാലു ഘട്ടങ്ങളിലായി, 379 മണ്ഡലങ്ങളിലെ വോട്ടിങ് ഒരു കാര്യം വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ബി.ജെ.പിയോടൊപ്പം നിന്ന സംസ്ഥാനങ്ങൾ അതേ ജനവിധി ആവർത്തിക്കാനിടയില്ല. അതായത്, 2019-ലെ യു.പിയും ബിഹാറും രാജസ്ഥാനും മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനും ബംഗാളുമല്ല 2024-ലേത്. അത് പല പ്രവണതകളായി പ്രകടവുമാണ്.

ബി.ജെ.പിക്കെതിരെ പല സംസ്ഥാനങ്ങളിലും അതിശക്തമായ എതിർപ്പുകൾ രൂപപ്പെടുന്നുവെന്നത് വസ്തുതയാണ്, പ്രത്യേകിച്ച് പഞ്ചാബിലും ഹരിയാനയിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബി.ജെ.പി സ്ഥാനാർഥികളുടെ കാമ്പയിൻ പോലും തടയുന്നു. അവർക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ കർഷകർ, ഉള്ളി കയറ്റുമതി നിരോധിച്ചതിനെക്കുറിച്ച് ചോദ്യം ചോദിക്കുന്നു. മോദി പ്രസംഗം നിർത്തിവക്കുന്നു. മനുഷ്യരുടെ പ്രതികരണങ്ങൾ തീവ്രമാകുകയാണ്. ഈ മനുഷ്യരാണ് പോളിങ് ബൂത്തിലേക്കുപോകുന്നതും പോകാതിരിക്കുന്നതും. രണ്ടിന്റെയും പ്രത്യാഘാതം ബി.ജെ.പിക്കായിരിക്കുമെന്നതിൽ സംശയമില്ല.

പഞ്ചാബിലും ഹരിയാനയിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബി.ജെ.പി സ്ഥാനാർഥികളുടെ കാമ്പയിൻ പോലും തടയുന്നു. അവർക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല.
പഞ്ചാബിലും ഹരിയാനയിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബി.ജെ.പി സ്ഥാനാർഥികളുടെ കാമ്പയിൻ പോലും തടയുന്നു. അവർക്ക് ഗ്രാമങ്ങളിലേക്ക് പ്രവേശനമില്ല.

വോട്ടിംഗ് ശതമാനത്തിലെ കുറവ്, പ്രത്യേകിച്ച് ഗ്രാമീണ വോട്ടർമാരുടെ നിസ്സംഗത, പ്രകടമായ ഒരു തരംഗമില്ലാത്തതുകൊണ്ടുമാത്രമല്ല, അത് ബി.ജെ.പിയുടെ മൂന്നാമൂഴത്തിനോടുള്ള വിസമ്മതമായും വിശകലനം ചെയ്യപ്പെടുന്നുണ്ട്. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ രാജസ്ഥാനിൽ വോട്ടർമാരുടെ തണുത്ത പ്രതികരണം മികച്ച ഉദാഹരണമായി എടുക്കാം. 2014, 2019 തെരഞ്ഞെടുപ്പുകളിൽ 25-ൽ 25 സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.62 ശതമാനം പോളിങ്ങുണ്ടായ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വെറും 57.665 ശതമാനമായിരുന്നു പോളിങ്. 17 ശതമാനം വോട്ടർമാർ എന്തുകൊണ്ട് ബൂത്തുകളിലെത്തിയില്ല?

ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും യു.പിയിലും മറ്റും 'ഇന്ത്യ' സഖ്യവും ഉയർത്തിയ, ജനകീയ വിഷയങ്ങളിലൂന്നിയുള്ള കൗണ്ടർ നറേറ്റീവ് മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് അതിശക്തമായ പ്രതിരോധം തീർത്തു.

'ഇത്തവണ നോട്ടയാണ് ഏറ്റവും മികച്ച ഓപ്ഷൻ' എന്ന് ചില ബി.ജെ.പി പ്രവർത്തകർ തന്നെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഷെയർ ചെയ്യുന്ന കാര്യം ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തകനായ സഞ്ജയ് കെ. ഷാ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നരേന്ദ്രമോദി തന്നെ സെറ്റു ചെയ്ത 'മോദി ഗ്യാരണ്ടി' എന്ന വ്യാജ കാമ്പയിൻ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്ന സൂചനയെ തുടർന്നാണ് മോദി തന്നെ കാമ്പയിന്റെ ദിശ വർഗീയതയിലേക്കും വിദ്വേഷത്തിലേക്കും തിരിച്ചുവിട്ടത്. എന്നാൽ, ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളും യു.പിയിലും മറ്റും 'ഇന്ത്യ' സഖ്യവും ഉയർത്തിയ, ജനകീയ വിഷയങ്ങളിലൂന്നിയുള്ള കൗണ്ടർ നറേറ്റീവ് മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് അതിശക്തമായ പ്രതിരോധം തീർത്തു. ബി.ജെ.പിക്ക് മുൻതൂക്കം നൽകിയിരുന്ന വൈകാരികതകൾക്കപ്പുറം തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെ പ്രശ്‌നങ്ങളുമെല്ലാം സ്വഭാവികതയോടെ ഉയർന്നുവരുന്നത്, ബി.ജെ.പിക്ക് നേരിടാനും വിജയിക്കാനും കഴിയാത്ത ഒരു രാഷ്ട്രീയ മത്സരത്തിന്റെ സാധ്യതകളാണ് തുറന്നിട്ടത്.

എൻ.ഡി.എക്ക് കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകളിലെത്താൻ കഴിയാതെ വന്നേക്കാം എന്നാണ് നാലു ഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴുള്ള സൂചനകൾ.
എൻ.ഡി.എക്ക് കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകളിലെത്താൻ കഴിയാതെ വന്നേക്കാം എന്നാണ് നാലു ഘട്ട വോട്ടെടുപ്പ് കഴിയുമ്പോഴുള്ള സൂചനകൾ.

1977-ൽ ഉത്തരേന്ത്യൻ ജനത, അടിസ്ഥാന വിഷയങ്ങളിലൂന്നി ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സർക്കാറിനെ പുറത്താക്കിയ ജനവിധി ഓർമയിലെത്തിക്കുന്നുണ്ട് ഇന്നത്തെ യു.പിയും ബിഹാറും പഞ്ചാബും ഹരിയാനയുമെല്ലാം. അന്നത്തേതുപോലെ വോട്ടിംഗിലേക്കു നയിക്കുന്ന ഒരു സംഘാടനമായി പൂർണമായും മാറിയിട്ടില്ലെങ്കിലും, പൗരാവകാശ നിഷേധത്തിനെതിരായ പ്രതിഷേധങ്ങളും കർഷക സമരം പോലുള്ള അടിസ്ഥാനവർഗ സമരങ്ങളും തൊഴിൽ രാഹിത്യം യുവാക്കളിൽ സൃഷ്ടിക്കുന്ന കടുത്ത അതൃപ്തിയും ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവൽക്കരണവും ക്രോണി കാപ്പിറ്റലിസം സൃഷ്ടിച്ച സാമ്പത്തിക അസമത്വങ്ങളും വ്യാജ ഇഷ്യൂകളെ അപ്രസക്തമാക്കാൻ തക്ക ശേഷി നേടിയിട്ടുണ്ട് എന്നത് ഈ തെരഞ്ഞെടുപ്പിന്റെ റിസൾട്ടിനെ രാഷ്ട്രീയമായി സ്വാധീനിച്ചേക്കാവുന്ന പ്രധാന ഘടകമാണ്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ആരുടെയും ഭാവനയിലില്ലാത്ത ഒരു കാര്യം, ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നുണ്ട്: എൻ.ഡി.എക്ക് കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റുകളിലെത്താൻ കഴിയാതെ വന്നേക്കാം.

ആ സാധ്യത അടുത്ത ഘട്ടങ്ങൾ ശക്തമായി ഉറപ്പിക്കുമോ? 543-ൽ 379 മണ്ഡലങ്ങൾ വിധിയെഴുതിക്കഴിഞ്ഞു. ബാക്കി 164 സീറ്റുകൾ മാത്രം.

ഈ സാധ്യത തുടരുകയാണെങ്കിൽ...

Comments