സി.ആർ. സുലോചന

സുലോചനയുടെ ‘മാ’;
അടിയന്തരാവസ്ഥയിലെ
പെൺതടവറ

സി.ആർ. സുലോചന എന്ന എസ്.എസ്.എൽ.സിക്കാരിയുടെ അടിയന്തരാവസ്ഥക്കാലത്തെ തടവുജീവിതം, വയനാട്ടിലെ തൊഴിലാളി കുടുംബത്തിലെ ഒരു​പെൺകുട്ടിയുടെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ അനുഭവമാണ്. നക്സലൈറ്റ് മൂവ്മെന്റിലെ പ്രധാന സഖാവായ മന്ദാകിനിയോടൊപ്പം പങ്കിട്ട സംഭവബഹുലമായ തടവുജീവിതവും അടിയന്തരാവസ്ഥയിലെ അത്യപൂ​ർവമായ പോരാട്ടകഥയാണ്. സി.ആർ. സു​ലോചനയുമായി സംസാരിച്ച് എം.കെ. രാംദാസ് തയ്യാറാക്കിയത്.


1957- ലാണ് രാമനും ലക്ഷ്മിയും തൊഴിൽ തേടി വയനാട്ടിലെത്തുന്നത്. പിന്നീട്, ദേശീയപാത 66 ആയി നാമകരണം ചെയ്യപ്പെട്ട കോഴിക്കോട്- മൈസൂരു ദേശീയപാതയിൽ കുട്ടിരായിൻ പാലത്തിന്റെ നിർമ്മാണത്തിനായി എത്തിച്ചേർന്ന തൊഴിലാളികളിൽ രണ്ടു പേരായിരുന്നു ഇവർ. പാലക്കാട്, ഒറ്റപ്പാലം സ്വദേശികളായ ഇരുവരും മീനങ്ങാടിക്കടുത്ത് മാനികാവിലാണാദ്യം താമസിക്കുന്നത്. മൂന്ന് നാല് കൊല്ലങ്ങൾക്കിപ്പുറം മിനങ്ങാടി കോട്ടക്കുന്നിലായി താമസം. ഇവരുടെ ഏഴ് മക്കളിൽ ആറാമത്തവളാണ് സുലോചന.

ഈ വലിയ കുടുംബം അക്കാലത്തെ അതിജീവിച്ചത് വളരെ കഷ്ടപ്പെട്ടാണ്. മൂത്ത ജ്യേഷ്ഠൻ മരക്കച്ചവടം തുടങ്ങുകയും സാമാന്യം വരുമാനം നേടുകയും ചെയ്യുന്നതോടെയാണ് ദാരിദ്ര്യത്തിൽ നിന്ന് അല്പമെങ്കിലും കരകയറുന്നത്. അയാളോടൊപ്പമാണ് സുലോചന രണ്ടു കൊല്ലത്തോളം കഴിയുന്നത്. അങ്ങനെയാണ് അവർക്ക് രണ്ടാം തരം വരെ പഴൂരിൽ പഠിക്കേണ്ടി വന്നത്. തിരികെയെത്തി മീനങ്ങാടിയിലെ സർക്കാർ വിദ്യാലയത്തിൽ ചേരുകയും പത്താം തരം വരെ അവിടെ തുടരുകയും ചെയ്തു. മൂത്ത സഹോദരനായ ഉണ്ണി ഇടതനുഭാവിയും മറ്റൊരു ജ്യേഷ്ഠനായ കുമാരൻ സോഷ്യലിസ്റ്റ് അനുകൂലിയും ആയതൊഴിച്ചാൽ സുലോചനയുടെ കുടുംബത്തിന് രാഷ്ട്രീയരംഗത്ത് എടുത്തുപറയാവുന്ന പ്രാധാന്യമൊന്നും ഇല്ല.

സി.ആര്‍. സുലോചനയും അജിതയും
സി.ആര്‍. സുലോചനയും അജിതയും

സഹോദരന്മാരുടെ ഇത്തരമാഭിമുഖ്യം സുലോചനയിൽ വളർത്തിയത് പാടാനും അഭിനയിക്കാനുമുള്ള അഭിരുചിയായിരുന്നു. നാടൻ പാട്ടുകൾ പാടാനും നാടകങ്ങളിൽ അഭിനയിക്കാനുമുള്ള അരസരങ്ങൾ കൈവന്നത് അവരുടെ ജീവിതത്തെ മറ്റൊരു വഴിയ്ക്കാണ് നയിച്ചത്. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുമ്പോൾ മികച്ച നടിയായി സുലോചന തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രണത്തിലുള്ള വിദ്യാർത്ഥി സംഘടനയിൽ അംഗമാവുന്നത് ഇക്കാലത്താണ്. പ്രധാനാധ്യപകനായ ഗുരു ദാസിനെ ഓഫീസ് മുറിയിൽ പൂട്ടിയിടുന്നതുവരെ നീണ്ട ഒരു സമരം മാത്രമേ സുലോചനയുടെ പ്രൊഫൈലിൽ വിദ്യാഭ്യാസകാലത്തെ വിപ്ലവപ്രവർത്തനമായി എഴുതിച്ചേർക്കാനാവൂ.

‘‘മറുകരയിൽ വെച്ച് രണ്ടാമത്തെ ക്ലാസും നടന്നു. എനിക്ക് കാര്യങ്ങൾ കുറെശ്ശ വ്യക്തമായി തുടങ്ങി. അതായത്, കേരളത്തിലും അടിയന്തരാവസ്ഥക്കെതിരെ പ്രതിരോധമുയർത്തണമെന്ന ആശയമാണ് ക്ലാസിൽ പങ്കുവെക്കപ്പെട്ടത്’’.

അധ്യാപകരായി മുരളി മാഷും ദാമോദരൻ മാസ്റ്ററും മധു മാഷും സിവിക് ചന്ദ്രനും മീനങ്ങാടിയിൽ എത്തിയതാണ് സുലോചനയുടെ ജീവിതത്തെ മാറ്റി മറിച്ച പ്രധാന സംഭവം. മധു മാസ്റ്ററുടെയും സിവിക്കിന്റെയും നാടകങ്ങളിൽ അഭിനയിക്കുകയും മുരളി മാഷിനൊപ്പം തെരുവുനാടകത്തിൽ അണിചേരുകയും ചെയ്യുന്നതെല്ലാം ഇതിന്റെ തുടർച്ചയാണ്. ഇതിനകം ദേശാഭിമാനി സ്റ്റഡി സർക്കിളിൽ അംഗവുമാവുന്നുണ്ട് സുലോചന. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന സംസ്ഥാനതല നാടക മത്സരത്തിൽ സ്നാഗാശ്വം എന്ന നാടത്തിലെ അഭിനയത്തിന് സുലോചനയെ മികച്ച നടിയായി തെരഞ്ഞെടുത്തു. കോഴിക്കോട് സത്യജിത് ആയിരുന്നു നടന്മാരിൽ കേമൻ. മുഹമ്മദ് പയ്യോളിയുടെ ഈ നാടകത്തിനുപിറകെ മീനങ്ങാടിയിലെ വിമല ടാക്കീസിൽ അവതരിപ്പിച്ച അക്ഷൗഹിണിയിലും സുലോചന പങ്കാളിയായി. അവർ എസ് എൽ സി പരീക്ഷ എഴുതി പൂർത്തിയായ അവധിക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

അടിയന്തരാവസ്ഥയിലെ
തടവുജീവിതത്തെക്കുറിച്ച്
സി.ആർ. സുലോചന സംസാരിക്കുന്നു:

‘സത്യൻ മാഷു’ടെ ക്ലാസ്

നാടകത്തിലൂടെ അവതരിപ്പിച്ച വിഷയങ്ങൾ പിന്നീടും സംവാദത്തിന് വിധേയമാക്കിയിരുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ മറുകരയിൽ ഇവ്വിധം സംഘടിപ്പിച്ച ഒരു മീറ്റിങ്ങിൽ എനിക്ക് പോകേണ്ടിവന്നു. പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട ചില ചർച്ചകളാണ് അവിടെ നടന്നതെങ്കിലും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടി വിലയിരുത്തപ്പെട്ടു. കണ്ണൂരിലെ പാനൂരിൽ നിന്ന് മറുകരയെത്തി താമസമാക്കിയിരുന്ന കണ്ണന്റെ മകനായ നാണുവായിരുന്നു ആതിഥേയൻ. വനത്തിന് സമീപത്തെ വിശാലമായ നെൽവയലിന് നടുവിൽ ഉയർന്നുനിൽക്കുന്ന കരയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. സമീപത്തെ ഏതാനും ചെറുപ്പക്കാരും അവിടുണ്ടായിരുന്നു.

സി.ആര്‍. സുലോചനയുടെ ചെറുപ്പകാലത്തെ ചിത്രം
സി.ആര്‍. സുലോചനയുടെ ചെറുപ്പകാലത്തെ ചിത്രം

എന്റെ കൂടെ മീനങ്ങാടി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ മുഹമ്മദലിയുമുണ്ട്. ആദ്യ യോഗത്തിൽ തന്നെ ഭാസ്കരൻ, ഗോവിന്ദൻ, സുബ്രമണ്യൻ എന്നൊക്കെ പേരുള്ള ചിലരുമുണ്ട്. സത്യൻ മാഷായിരുന്നു പ്രധാനമായും ക്ലാസ് എടുത്തിരുന്നത്. മീറ്റിംഗ് കഴിഞ്ഞ് രാത്രിയോടെയാണ് വീട്ടിലെത്തിയത്. എവിടെയും എല്ലാവരും രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് ഞാൻ മനസ്സിലാക്കി. ക്ലാസുകളിൽ നടന്ന ചർച്ചയിലൂടെയാണ് കാര്യങ്ങൾ എനിക്ക് നേരിയ തോതിലെങ്കിലും ബോധ്യപ്പെട്ടു തുടങ്ങിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യയിലാകെ പോലീസ് അടിച്ചമർത്തൽ നടക്കുന്നത് മനസ്സിലാവുന്നതും അവിടെ വെച്ചാണ്. അടുത്ത ദിവസം തന്നെ മറുകരയിൽ വെച്ച് രണ്ടാമത്തെ ക്ലാസും നടന്നു. എനിക്ക് കാര്യങ്ങൾ കുറെശ്ശ വ്യക്തമായി തുടങ്ങി. അതായത്, കേരളത്തിലും അടിയന്തരാവസ്ഥക്കെതിരെ പ്രതിരോധമുയർത്തണമെന്ന ആശയമാണ് ക്ലാസിൽ പങ്കുവെക്കപ്പെട്ടത്. രാഷ്ട്രീയമായ ശരി കണ്ടെത്താനുള്ള വഴിയായി ഈ കൂടിച്ചേരലിനെ കാണാനാണ് ഞാൻ ഇഷ്ടപ്പെട്ടത്.

സി. ആര്‍ സുലോചനയുടെ അമ്മ ലക്ഷ്മി
സി. ആര്‍ സുലോചനയുടെ അമ്മ ലക്ഷ്മി

മറുകരയിലെ മൂന്നാമത്തെ മീറ്റിംഗ് നടന്നത് ഭാസ്കരേട്ടന്റെ വീട്ടിലാണ്. സത്യേട്ടൻ അന്ന് ക്ലാസെടുക്കാൻ എത്തിയില്ല. കൃഷിക്കാരുടെ കുടുംബമായിരുന്നു ഭാസ്കരേട്ടന്റെത്. സാമാന്യം വലിയ ഒരു വീടായിരുന്നു അത്. ഞങ്ങളെല്ലാവരും ആ വീട്ടിലെത്തി അധികം വൈകാതെ പോലീസ് അവിടം വളഞ്ഞു. ഞങ്ങളിൽ പലരും ആ വീട്ടിൽ ഒളിക്കാനിടം തെരഞ്ഞെങ്കിലും ആർക്കും കണ്ടെത്താനായില്ല. കേവലം പതിനാറ് വയസ്സുകാരിയായ എന്നെ ആ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ പോലീസ് കണ്ടത്. ഇതെനിക്ക് തെല്ലൊന്നുമല്ല അന്നേരം ആശ്വാസം പകർന്നത്. എന്നാൽ ആ ആനുകൂല്യം അധികനേരം കിട്ടിയില്ല. സംഘത്തിലുണ്ടായിരുന്ന പോലീസുകാരിൽ ഒരാൾ, "ഇത് മീനങ്ങാടിയിലെ ലക്ഷ്മിയേടത്തിയുടെ മകളല്ലേ’’ എന്ന ചോദ്യവുമായെത്തിയതോടെ അതവസാനിച്ചു. ഒട്ടും വൈകാതെ ഞങ്ങളെല്ലാവരെയും വാഹനത്തിൽ ബത്തേരിയിലെ പോലീസ് സ്റ്റേഷനിലെത്തിച്ചു. മുഹമ്മദാലിയുൾപ്പെടെയുള്ള ആണുങ്ങളെയെല്ലാം ലോക്കപ്പിലാക്കി. സംഘത്തിലെ ഏക സ്ത്രീയായ എന്നെ ലോകപ്പിന് വെളിയിൽ നിർത്തി.

സ്റ്റേഷനിൽ എന്നെ കണ്ടതോടെ അമ്മ കരയാൻ തുടങ്ങി. ഞാൻ തെറ്റു ചെയ്തില്ലെന്ന് ആവർത്തിച്ചുപറഞ്ഞെങ്കിലും അതുൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. അമ്മ ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു.

ജയിൽ നൽകിയ ജീവിതം

പതിനാലുകാരനായ മുഹമ്മദാലി ഉൾപ്പെടെയുള്ളവരുടെ കരച്ചിൽ ലോക്കപ്പിനകത്ത് നിന്ന് ഞാൻ കേട്ടു. ആ രാത്രി സ്റ്റേഷനിലാകെ കൂട്ടക്കരച്ചിലായിരുന്നു. എനിക്ക് കടുത്ത ഭയമൊന്നും തോന്നിയില്ല. വീട്ടിൽ അമ്മയും സഹോദരരും അറിഞ്ഞാലുള്ള അവസ്ഥയെക്കുറിച്ച് അൽപം പേടി തോന്നിയെങ്കിലും പതിയെ അതും നേർത്തുവന്നു. അടുത്ത ദിവസം ഉച്ചയോടെ ജ്യേഷ്ഠൻ കുമാരനും അമ്മയും എന്നെ കാണാൻ ബത്തേരി പോലീസ് സ്റ്റേഷനിലെത്തി. ജ്യേഷ്ഠൻ തന്റെ സ്വാധീനം പ്രയോജനപ്പെടുത്തി പോലീസിൽ ചിലരുടെ സഹായത്തോടെ എന്നെ മോചിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കായിരുന്നു. തന്റെ നിരപരാധിത്വം വ്യക്തമാക്കി മാപ്പെഴുതി കൊടുത്ത് കേസിൽ നിന്ന് തലയൂരാനായിരുന്നു ജ്യേഷ്ഠന്റെ പരിപാടി.

സ്റ്റേഷനിൽ എന്നെ കണ്ടതോടെ അമ്മ കരയാൻ തുടങ്ങി. ഞാൻ തെറ്റു ചെയ്തില്ലെന്ന് ആവർത്തിച്ചുപറഞ്ഞെങ്കിലും അതുൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞില്ല. അമ്മ ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു. സങ്കടം വന്നെങ്കിലും തീരുമാനം മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല. അമ്മക്ക് പിന്നാലെ ജ്യേഷ്ഠനും ഇതുതന്നെ ആവർത്തിച്ചു. എന്നാൽ പിന്തിരിയാൻ ഞാൻ തയ്യാറായില്ല. ഒരു കുറ്റവും ചെയ്തില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്റെ നിശ്ചയദാർഢ്യം അമ്മയെ ധൈര്യപ്പെടുത്തി. വൈകുന്നേരമായതോടെ അവരിരുവരും തിരികെ വീട്ടിലേക്ക് പോയി.

സി.ആര്‍. സുലോചനയും ജീവിതപങ്കാളി രാമകൃഷ്ണനും
സി.ആര്‍. സുലോചനയും ജീവിതപങ്കാളി രാമകൃഷ്ണനും

സന്ധ്യ മയങ്ങിയതോടെ തൊട്ടടുത്ത സർക്കാർ റസ്റ്റ് ഹൗസിലേക്ക് എന്നെ മാറ്റി. വിചിത്രമായ മറ്റൊരു കാര്യം, അതുവരെ എന്നോടെന്തെങ്കിലും വിവരങ്ങൾ തിരക്കാൻ സ്റ്റേഷനിൽ ആരും തയ്യാറായിരുന്നില്ല എന്നതാണ്. വനിതാ പോലീസുകാരുൾപ്പെടുന്ന സംഘം വേണുവിനെ അറിയുമോ എന്നാണാദ്യം ചോദിച്ചത്. ഇല്ലെന്ന മറുപടിയിൽ അവർ തൃപ്തരായില്ല. വേണുവിനെ എവിടെ ഒളിപ്പിച്ചു, എവിടെയാണയാളുടെ താമസം, ആരെല്ലാമാണ് കൂടെയുള്ളത് എന്നൊക്കെയായി തുടർ സംശയങ്ങൾ. ഒരു ഫോട്ടോ പോലും കാണിക്കാതെയായിരുന്നു അവരുടെ ചോദ്യ ങ്ങളെല്ലാം. ചോദ്യങ്ങൾക്കുള്ള മറുപടി മാത്രമല്ല പരമാവധി കാര്യങ്ങൾ പറയാതിരിക്കുകയെന്ന നയമാണ് ഞാൻ സ്വീകരിച്ചത്. ഈ നിശ്ചയം ആരുടെയെങ്കിലും നിർദ്ദേശമനുസരിച്ചൊന്നുമായിരുന്നില്ല. സാമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്റെതായ നിരീക്ഷണവും ഉറപ്പും എന്നിൽ രൂപപ്പെട്ടിരുന്നു. അതായത് സ്വതീരുമാനമായിരുന്നു ഈ പ്രതിരോധം. അറിയില്ലെന്ന എന്റെ നിരന്തര മറുപടി അവരെ രോഷാകുലരാക്കി. അവർ എന്റെ ഇരുകവിളിലും ശക്തിയോടെ മാറിമാറിയടിച്ചു.

‘വേണുവിനെ അറിയുമോ’ എന്ന ചോദ്യം അവിടെയും ആവർത്തിച്ചു. ഇല്ലെന്ന എന്റെ ഉത്തരത്തിനുള്ള പ്രതിഫലം പഴയതായിരുന്നില്ല. ചുമരിനോട് ചാരി, മുട്ടുമടക്കാതെ തറയിലിരിക്കാൻ അവർ എന്നോടാവശ്യപ്പെട്ടു. മുട്ടിന് മുകളിൽ ബൂട്ടിട്ട കാലുകൊണ്ട് അമർത്തി ചവുട്ടി.

കസ്റ്റഡിയിലായതുമുതൽ കിട്ടിയ പരിഗണന അവസാനിച്ചെന്ന് മനസ്സിലായെങ്കിലും ഞാൻ ഒട്ടും ഭയപ്പെട്ടില്ല. തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന വിചാരമായിരുന്നു എന്റെ ധൈര്യത്തിന്റെ ഉറവിടം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി എന്ന ആനുകൂല്യം പോലീസുകാർ ഓർമ്മിപ്പിച്ചെങ്കിലും ഒന്നും അറിയില്ലെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. യഥാർത്ഥത്തിൽ അതായിരുന്നു വസ്തുതയും. അന്നോളം ഞാൻ വേണുവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നാൽ പോലിസ് ഇതൊട്ടും വിശ്വസിച്ചില്ല. എന്റെ കൂടെ കസ്റ്റഡിയിലെടുത്തവരിൽ ആർക്കെങ്കിലും വേണുവിനെ അറിയുമായിരുന്നോ എന്നതിൽ എനിക്കിപ്പോഴും സംശയമുണ്ട്.

മൂന്നാം ദിവസം ഞങ്ങളെ കോഴിക്കോടെത്തിച്ചു. എന്റെ കൂട്ടുകാരനായ മുഹമ്മദാലിയുൾപ്പെടെ ആണുങ്ങളെല്ലാം പൂർണമായും അവശരായിരുന്നു. രണ്ടു ദിവസം മുഴുവനും ലോക്കപ്പിൽ നിന്നേൽക്കേണ്ടിവന്ന കടുത്ത മർദ്ദനം അവരെ പൂർണമായും അവശരാക്കിയിരുന്നു.

കോഴിക്കോട്ടെ വനിത പോലിസ് സ്റ്റേഷനിലാണ് എന്നെ എത്തിച്ചത്. മറ്റുള്ളവരെ കക്കയം പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയതെന്ന് അന്ന് മനസ്സിലായിരുന്നില്ല. കേരളത്തിലെ ആദ്യ വനിത എസ് ഐയായ പത്മിനിക്കാണ് സ്റ്റേഷന്റെ ചുമതലയെന്ന് കൂടെയുണ്ടായിരുന്നവരിൽ ആരോ പറഞ്ഞു. എന്നാലിതുകൊണ്ടൊന്നും തടവുകാരോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് ഒട്ടും വൈകാതെ മനസ്സിലായി.

‘വേണുവിനെ അറിയുമോ’ എന്ന ചോദ്യം അവിടെയും ആവർത്തിച്ചു. ഇല്ലെന്ന എന്റെ ഉത്തരത്തിനുള്ള പ്രതിഫലം പഴയതായിരുന്നില്ല. ചുമരിനോട് ചാരി, മുട്ടുമടക്കാതെ തറയിലിരിക്കാൻ അവർ എന്നോടാവശ്യപ്പെട്ടു. മുട്ടിന് മുകളിൽ ബൂട്ടിട്ട കാലുകൊണ്ട് അമർത്തി ചവുട്ടി. ഉള്ളൻ കാലിൽ ചൂരൽ ഉപയോഗിച്ച് നിർത്താതെ അടിച്ചു. ചോദ്യങ്ങൾക്കുള്ള എന്റെ മറുപടി ആവർത്തിക്കപ്പെട്ടതോടെ കാലിനടിയിലെ വടി പ്രയോഗവും ദിവസങ്ങളോളം തുടർന്നു.

ഒന്നിച്ചുള്ള ചോദ്യം ചെയ്യലുകൾക്കായി എല്ലാവരെയും ഒരിടത്തെത്തിച്ച അവസരങ്ങളിലാണ് മറ്റുള്ളവർക്കേറ്റ ക്രൂരമർദ്ദനത്തെക്കുറിച്ച് അറിയുന്നത്. ഭൂരിഭാഗം പേർക്കും നിവർന്ന് നിൽക്കാൻ പോലും കഴിയുമായിരുന്നില്ല. മുഹമ്മദാലിയുടെ നില ഏറെ ദയനീയമായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവനായിട്ടും ഈ അനുഭാവം അവന് കിട്ടിയില്ലെന്നുമാത്രമല്ല കൂടുതൽ പീഡനം ഏൽക്കേണ്ടിവരികയും ചെയ്തു. ശാരീരിക അവശത മൂലം എഴുന്നേറ്റുനിൽക്കാൻ അവൻ ഏറെ പാടുപെട്ടു. ഉരുട്ടലിന് വിധേയമായതിന്റെ ഫലമായി മുട്ടിന് താഴെയും മുകളിലും മുറിവുകളുമുണ്ടായിരുന്നു.

‘‘29 ദിവസത്തെ പോലീസ് കസ്റ്റഡിക്കിടെ അഞ്ച് തവണ എനിക്ക് മർദ്ദനമേൽക്കേണ്ടിവന്നു. ഏറ്റവും ഒടുവിലത്തെ ദിവസമാണ് പോലീസ് അന്വേഷിക്കുന്നയാൾ സത്യനാണ് എന്ന് എനിക്ക് പൂർണ്ണമായി മനസ്സിലാവുന്നത്. വേണുവാണ് സത്യനായി ഞങ്ങൾക്ക് ക്ലാസെടുക്കാൻ വന്നതെന്ന് മനസ്സിലായ മുഹൂർത്തം ശരിക്കും എന്നെ അമ്പരിപ്പിക്കാൻ പോന്നതായിരുന്നു’’.

29 ദിവസത്തെ പോലീസ് കസ്റ്റഡിക്കിടെ അഞ്ച് തവണ എനിക്ക് മർദ്ദനമേൽക്കേണ്ടിവന്നു. ഏറ്റവും ഒടുവിലത്തെ ദിവസമാണ് പോലീസ് അന്വേഷിക്കുന്നയാൾ സത്യനാണ് എന്ന് എനിക്ക് പൂർണ്ണമായി മനസ്സിലാവുന്നത്. വേണുവാണ് സത്യനായി ഞങ്ങൾക്ക് ക്ലാസെടുക്കാൻ വന്നതെന്ന് മനസ്സിലായ മുഹൂർത്തം ശരിക്കും എന്നെ അമ്പരിപ്പിക്കാൻ പോന്നതായിരുന്നു. ഒരു ഫോട്ടോ കാണിച്ച്, ഇതാരാണെന്ന ചോദ്യത്തിന്, സത്യേട്ടൻ എന്ന മറുപടിയാണ് ഞാൻ നൽകിയത്. ‘ഇയാളാണ് ഞങ്ങൾ തേടിയ വേണു’ എന്ന പോലീസിന്റെ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു. ഒരർത്ഥത്തിൽ എനിക്കൽപ്പം അഭിമാനവും തോന്നിയ നിമിഷമായിരുന്നത്. കാരണം അതിവിദഗ്ധമായി, ഭരണകൂടത്തെ ദീർഘനാൾ വഴിതെറ്റിക്കാൻ സാധിച്ചതിലൂടെ നീതിക്കായുള്ള മനുഷ്യരുടെ പോരാട്ടത്തിൽ അണിചേരാൻ കഴിഞ്ഞതിലായിരുന്നു എന്റെ ശിരസ്സുയർന്നത്.

എന്റെ ദുര്യോഗത്തിൽ പ്രയാസപ്പെടുന്ന അമ്മയെ ആശ്വസിപ്പിക്കാനായി, ഇതിനിടെ വീട്ടിലേക്ക് ഞാനൊരു കത്തെഴുതി.

സി.ആര്‍. സുലോചന വി.എസ്. അച്യുതാനന്ദനോടൊപ്പം.
സി.ആര്‍. സുലോചന വി.എസ്. അച്യുതാനന്ദനോടൊപ്പം.

മറ്റൊരു സംഭവവും സമീപദിവസമുണ്ടായി. അതൽപം ഗൗരവമുള്ളതായിരുന്നുവെന്ന് വൈകാതെ എനിക്ക് ബോധ്യമായി. ചോദ്യം ചെയ്യലും ശിക്ഷയുമൊക്കെയായുള്ള വനിതാ സ്റ്റേഷനിലെ വാസത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവം വിധി മാറ്റിവരക്കുന്നതായിരുന്നു.

വനിതാസെല്ലിൽ കഴിയുന്നതിനിടെ ഏതാണ്ടെല്ലാ ദിവസങ്ങളിലും രാത്രിയാവുമ്പോൾ ധാരാളം സ്ത്രീകളെ വേശ്യാവൃത്തിയെന്ന കുറ്റം ചുമത്തി അവിടേക്ക് കൊണ്ടുവന്നിരുന്നു. ഇവരിൽ പലർക്കും ഇതാദ്യത്തെ അനുഭവമായിരുന്നില്ല, മറിച്ച്, പതിവായിരുന്നെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് ബോധ്യമായി. എന്നാൽ ചിലർ അപ്രതീക്ഷിതമായി അകപ്പെട്ടുപോയതാണെന്ന് അവരുടെ ഭാവഹാവാതികളിൽനിന്ന് വ്യക്തമായിരുന്നു. പോലീസുകാർക്ക് ഇവരോടുള്ള പെരുമാറ്റം അങ്ങയറ്റം പ്രയാസമുളവാക്കുന്നതായിരുന്നു. ചതിയിൽ പെട്ടതാണെന്ന് ആണയിട്ടിട്ടും അതൊന്നും പരിഗണിക്കാതെ കൂട്ടത്തിൽ ചില സ്ത്രീകളെ മോചിപ്പിക്കാൻ നിയമപാലകരായ വനിതകൾ പോലും ശ്രമിച്ചില്ലെന്നത് എന്റെ സങ്കടവും കോപവും ഇരട്ടിയാക്കി. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നയിടത്ത് നിന്ന് പിടികൂടി കൊണ്ടു വന്നവരിൽ പുരുഷന്മാർ വളരെ തുച്ഛമായിരുന്നതും ഞാൻ ശ്രദ്ധിച്ചു. ഇവിടെ, സ്ത്രീക്കും പുരുഷനും വേറിട്ട നീതിയാണ് കിട്ടുന്നതെന്ന് കണ്ടതോടെ എന്നിൽ ചില വിചാരങ്ങൾക്ക് തുടക്കമായി. സ്ത്രീകൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ മുന്നിട്ടിറങ്ങണമെന്ന ചിന്ത മുളക്കുന്നതും ഈ സന്ദർഭത്തിലാണ്.

മന്ദാകിനി
മന്ദാകിനി

ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയും മർദ്ദനവും അപമാനവുമേറ്റ് തിരികെയെത്തുകയും ചെയ്ത ഒരു ദിവസം എസ് ഐ പത്മിനി ശുചിമുറി വൃത്തിയാക്കുവാൻ എന്നോടാവശ്യപ്പെട്ടു. രാഷ്ട്രീയ തടവുകാരിയാണെന്നും അത് ചെയ്യാൻ തയ്യാറല്ലെന്നും ഒരു കൂസലുമില്ലാതെ ഞാൻ അവരോട് പറഞ്ഞു. അപ്രതീക്ഷിത മറുപടി കേട്ട് അമ്പരന്ന അവർ തല്ലാനായി എന്റെ നേരെ കൈ ഉയർത്തി കുതിച്ചുവന്നു. ആദ്യത്തെ തല്ല് കൈ കൊണ്ട് സർവ്വശക്തിയുമെടുത്ത് ആഞ്ഞുതള്ളി. ഇതിന്റെ ആഘാതത്തിൽ അവരുടെ തല മുറിയിൽ മറ്റൊരിടത്തുള്ള മേശമേൽ പോയിടിച്ച് ചെറിയ മുറിവുണ്ടായി. അവരുടെ ശിരസ്സിൽ ചോര പൊടിഞ്ഞതോടെ കൂടെയുള്ളവരെല്ലാം ചേർന്ന് എന്നെ പിടിച്ചൊതുക്കി, ക്രൂരമായി തല്ലി. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടുനിന്ന ഈ നാടകം അവസാനിച്ചപ്പോഴേക്കും ഞാൻ അവശയും പോലീസ് സംഘം ക്ഷീണിതരുമായിരുന്നു. അതിനടുത്ത ദിവസം തന്നെ കസ്റ്റഡി കാലാവധിയവസാനിപ്പിച്ച് എന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റി. 1971- ലെ ആഭ്യന്തര സുരക്ഷാ നിയമമായ 'മിസ' ചുമത്തിയാണ് എന്നെ ജയിലിലേക്കയക്കുന്നത്. ഇതിനകമറിഞ്ഞ ഒരാശ്വാസ വാർത്തയിലൊന്ന് മുഹമ്മദാലിയുടെ കസ്റ്റഡി മോചനമായിരുന്നു. അക്കാലത്ത് സമൂഹത്തിൽ നിലയും വിലയുമുള്ള കുടുംബത്തിന്റെ ഇടപെടൽ മുഹമ്മദാലിയുടെ താൽകാലിക മോചനത്തിന് കാരണമായി. അവനെതിരെ ചുമത്തിയ വകുപ്പിലും ഈ സ്വാധീനം പ്രകടമായിരുന്നു. ഡിഫൻസ് ഇന്ത്യ റൂൾസ് എന്ന വകപ്പ് എഴുതിച്ചേർത്തതിനുപിന്നിലും ഇതാണ് പ്രവർത്തിച്ചത്.

എന്നാൽ ഇതിനകം അനുഭവിച്ച ക്രൂരമായ പീഢനം, ജീവിതാന്ത്യം വരെ മുഹമ്മദാലിയെ പിന്തുടരുന്നതായിരുന്നു.

‘‘ഒരു ദിവസം എസ് ഐ പത്മിനി ശുചിമുറി വൃത്തിയാക്കുവാൻ എന്നോടാവശ്യപ്പെട്ടു. രാഷ്ട്രീയ തടവുകാരിയാണെന്നും അത് ചെയ്യാൻ തയ്യാറല്ലെന്നും ഒരു കൂസലുമില്ലാതെ ഞാൻ അവരോട് പറഞ്ഞു. അപ്രതീക്ഷിത മറുപടി കേട്ട് അമ്പരന്ന അവർ തല്ലാനായി എന്റെ നേരെ കൈ ഉയർത്തി കുതിച്ചുവന്നു’’.

തടവറയിലെ ‘മാ’

സ്റ്റേഷനിൽ നിന്നുള്ള എന്റെ എഴുത്ത് കിട്ടിയ ഉടനെ അമ്മ ജ്യേഷ്ഠനോടൊപ്പം എന്നെ കാണാൻ കോഴിക്കോട് വന്നു. എന്നാലിതിനകം ഞാൻ ജയിലിലെത്തിയിരുന്നു. 18 മാസം നീണ്ട ജയിൽവാസം എന്റെ ജീവിതത്തെ പാടെ മാറ്റിത്തീർക്കുന്നതായിരുന്നു. അതിനുള്ള പ്രധാന ഹേതുവായത് മന്ദാകിനിയോടൊത്തുള്ള ജയിൽവാസമായിരുന്നു. നക്സലൈറ്റ് രാഷ്ട്രീയധാരയിലെ ഇന്ത്യയിലെ തന്നെ സുപ്രധാന നേതാക്കളിലൊരാളായ കുന്നിക്കൽ നാരായണന്റെ ജീവിതപങ്കാളിയായ മന്ദാകിനിയോടൊത്താണ് ഞാൻ തടവറക്കുള്ളിൽകഴിഞ്ഞത്. ജയിലിൽ വരെ 'മാ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അവരോടൊപ്പം ഒരു സെല്ലിലാണ് ഞാൻ തടവുകാലമാത്രയും കഴിഞ്ഞുകൂടിയത്. ഒരു മകളെയും ശിഷ്യയേയും പോലെ അവർ എന്നെ സ്വീകരിച്ചു. യഥാർത്ഥത്തിൽ വായന ആരംഭിക്കുന്നതവിടെ നിന്നാണ്. രാഷ്ട്രീയ തടവുകാരി എന്ന പരിഗണനയിൽ ദിനപത്രങ്ങളും മാസികകളും വായിക്കാൻ ഞങ്ങൾക്ക് കിട്ടിയിരുന്നു. പുസ്തക വായന തുടങ്ങുന്നതും അഴികൾക്കുള്ളിൽ നിന്നു തന്നെയാണ്. എല്ലാത്തിനും പിന്നിൽ ‘മാ’ യുടെ സാന്നിധ്യമുണ്ട്. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുന്നത്, അവർ പകർന്നു തന്നതോ ചുണ്ടിക്കാണിച്ചുതന്നതോ ആയ ആശയങ്ങളുടെ പിൻബലത്തിലാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ വിളക്കിച്ചേർത്തത് സ്നേഹമെന്ന ഉത്കൃഷ്ട വികാരമാണ്. വായനയിലൂടെയാണ് ഞാൻ തടവറക്കുള്ളിലാവുന്നതിന് നിദാനമായ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച സമഗ്രധാരണയുണ്ടാക്കുന്നത്. ‘മാ’ യുടെ മകൾ കെ. അജിത സമാന കുറ്റം ചുമത്തപ്പെട്ട് പൂജപ്പുര സെൻട്രൽ ജയലിൽ കിടക്കുന്നത് ഞാനറിയുന്നതും അവരിൽ നിന്നായിരുന്നു.

സി.ആര്‍. സുലോചനയുടെ ചെറുപ്പകാലത്തെ ചിത്രം
സി.ആര്‍. സുലോചനയുടെ ചെറുപ്പകാലത്തെ ചിത്രം

കണ്ണൂരിൽ തടവറക്കാലം സംഘർഷഭരിതമായി നിങ്ങുന്നതിനിടെയാണ് അജിതേച്ചിയെ ജയിലിൽ കാണാൻ ‘മാ’ അധികാരികളുടെ അനുമതി തേടുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അധികൃതരുടെ മുന്നിൽ തോറ്റുകൊടുക്കാൻ ‘മാ’ ഒരുക്കമായിരുന്നില്ല. പകരം ആവശ്യം നിറവേറ്റിയെടുക്കാൻ നിരാഹാരസമരത്തിന് അവർ തയ്യാറായി. ജയിൽ ജീവനക്കാരുടെ വാദങ്ങളൊന്നും അവർ ചെവിക്കൊണ്ടില്ല. ഒരാഴ്ച പിന്നിട്ടതോടെ അവരുടെ ആരോഗ്യം നന്നെ മോശമായി. ഇത് മനസ്സിലാക്കിയ അധികൃതർ ഞങ്ങളുടെ സെല്ലിൽ നിന്ന് അവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഭയന്നുപോയ ഞാൻ തടയാൻ ശ്രമിക്കുക പോലും ചെയ്തില്ല.

‘‘സർവ്വശക്തിയുമെടുത്ത് എല്ലാവരെയും തള്ളി മാറ്റി ‘മാ’ യെ അവരുടെ വലയത്തിൽ നിന്ന് തൽകാലത്തേക്കെങ്കിലും മോചിപ്പിച്ചു. ഞാൻ അവരുടെ ശരീരത്തിനുമുകളിൽ കവചമായി കമഴ്ന്നുകിടന്നു. എന്റെ ചടുലനീക്കം ഒരുവേള ജയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു’’.

അല്പനേരം കഴിഞ്ഞതോടെ എന്തെങ്കിലും ചെയ്യണമെന്ന ബോധം എന്നിലുദിച്ചു. ഈ സമയം, സെല്ലിൽ നിന്ന് കുറച്ച് മാറിയൊരിടത്ത് ജയിൽ ജീവനക്കാർ ‘മാ’യെ ആഹാരം കഴിപ്പിക്കാൻ യത്നിക്കുന്നത് കാണാൻ കഴിഞ്ഞു. അവർ ‘മാ’ യുടെ വായിൽ ബലം പ്രയോഗിച്ച് ഭക്ഷണം തിരുകിക്കയറ്റുകയായിരുന്നു. അവർ ഇത് ചെറുക്കാൻ പരമാവധി ശ്രമിക്കുന്നു. സെല്ലിന്റെ വാതിൽ പൂട്ടിയിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ അത് തുറന്ന് അങ്ങോട്ടോടി. സർവ്വശക്തിയുമെടുത്ത് എല്ലാവരെയും തള്ളി മാറ്റി ‘മാ’ യെ അവരുടെ വലയത്തിൽ നിന്ന് തൽകാലത്തേക്കെങ്കിലും മോചിപ്പിച്ചു. ഞാൻ അവരുടെ ശരീരത്തിനുമുകളിൽ കവചമായി കമഴ്ന്നുകിടന്നു. എന്റെ ചടുലനീക്കം ഒരുവേള ജയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. മാ യുടെയും എന്റെയും പ്രതിരോധത്തിന് ഫലമുമുണ്ടായി. ‘മാ’ യുടെ ആവശ്യം അവർ അംഗീകരിച്ചു. എന്നാൽ ഇതിന് എനിക്ക് വിധിച്ച ശിക്ഷ ഏകാന്തതടവായിരുന്നു. ആറ് ദിവസം ഒറ്റക്ക് സെല്ലിൽ കഴിയേണ്ടിവന്നു. എനിക്കുള്ള ശിക്ഷയിൽ പ്രതിഷേധിച്ച ‘മാ’ അജിതേച്ചിയെ സന്ദർശിക്കാനുള്ള അനുമതി നിരസിച്ചു. ‘മാ’ യുടെ പ്രതിഷേധം മുഖവിലക്കെടുത്ത ജയിൽ അധികൃതർ ഞങ്ങളെ ഒരു സെല്ലിലേക്കുതന്നെ മാറ്റി.

സി.ആര്‍. സുലോചനയും ദയാ ബായിയും
സി.ആര്‍. സുലോചനയും ദയാ ബായിയും

അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതോടെ തടവറയിൽ നിന്ന് മോചിതയായ ഞാൻ അത്യധികം ഊർജ്ജത്തോടെയാണ് വീട്ടിലെത്തിയത്. ഒന്നരവർഷത്തെ ജയിൽവാസം വരുത്തിയ മാറ്റം എത്രത്തോളം വിലപ്പെട്ടതെന്ന് വരുംദിവസങ്ങളിൽ എനിക്ക് ബോധ്യമായി. പോലീസിന്റെ രഹസ്യാന്വേഷണം അസഹ്യമായ രീതിയിൽ കുടുംബത്തെ ഒന്നാകെ ബാധിച്ചു. എന്നാലിതിൽ കാര്യമായ വേവലാതിയൊന്നും ഉണ്ടായില്ല. എന്നോടൊപ്പം ശിക്ഷിക്കപ്പെട്ടവരിൽ ധാരാളം പേരുമായി അടുത്ത ബന്ധം ഉടലെടുത്തു. ‘മാ’ യും കുടുംബവുമായി വല്ലാത്തൊരാത്മ ബന്ധം ഉടലെടുത്തിരുന്നു. നക്സലൈറ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നവർ വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞപ്പോഴും എല്ലാവരോടും സമാന അടുപ്പം സൂക്ഷിക്കുകയാണ് ചെയ്തത്. ചില ഗ്രൂപ്പുകളുടെ നേതാക്കൾ എന്നെത്തേടി വീട്ടിലും വന്നു. തത്വശാസ്ത്രത്തിലെ സമഭാവനയോടും സാഹോദര്യത്തോടും എനിക്കുണ്ടായ ആഭിമുഖ്യം ഇന്നോളം കൈമോശം വന്നിട്ടില്ല. എന്നാൽ അതിൽ അടങ്ങിയിരുന്ന ഹിംസയോട് സന്ധി ചെയ്യാൻ എനിക്ക് കഴിഞ്ഞതുമില്ല.

സമൂഹത്തിലെ വിവിധ തട്ടുകളിലെ മനുഷ്യർക്കൊപ്പം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാവാൻ ഇപ്പോഴും കഴിയുന്നതിന് കാരണം ജീവിതം നൽകിയ പാഠമാണ്. ആദിവാസികളും സ്ത്രീകളുമടങ്ങുന്ന സമൂഹത്തിലെ ദുർബലർക്കൊപ്പം നീതിക്കുവേണ്ടിയുള്ള സമരങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.


Summary: Police brutality against women at the time of emergency, then SSLC student CR Sulochana recalls her Jail experience with Naxalite Mandakini


സി.ആർ. സുലോചന

ആക്റ്റിവിസ്റ്റ്. അടിയന്തരാവസ്ഥയിൽ ജയിലിൽ ക്രൂര മർദ്ദനത്തിനിരയായി. ഒന്നര വർഷം തടവുകാരിയായിരുന്നു.

എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments