പേര് സൃഷ്ടി ഗുപ്ത. വയസ്സ് 28.
ഉത്തർപ്രദേശിലെ അമേഠിയിലാണ് ജനനം. നൈസർഗികമായ കഴിവുകളെ സർഗാത്മകമായി ഉപയോഗിച്ച് രാഷ്ട്രീയ- സാമൂഹിക പൊതുമണ്ഡലങ്ങളിലെ യാഥാർഥ്യങ്ങളെ അടയാളപ്പെടുത്തുകയും, കരവിരുതിലൂടെ തന്റെ ആശയങ്ങൾ പ്രകാശിപ്പിക്കുകയും സാമൂഹിക അനീതികൾക്കെതിരായ നിലപാടുകൾ കലയുടെ സാധ്യതകളിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കലാകാരി.
ദൽഹി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആർട്ടിൽ നിന്ന് ഫൈനാർട്സ് ബിരുദം നേടി. ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ദൽഹി കേന്ദ്രീകരിച്ച് കലാപരമായ പ്രവർത്തനങ്ങളും ആക്ടിവിസവും നടത്തുന്നു.
രാജ്യതലസ്ഥാനത്തെ ഷാബാദ് ഡയറി, കരാവൽ നഗർ (Karawal Nagar) തുടങ്ങിയ പിന്നാക്ക ജനവാസ മേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ലൈബ്രറി പ്രസ്ഥാനങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് സാക്ഷരതാ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും അവിടുത്തെ തൊഴിലാളി കോളനികളിലെ സാംസ്കാരിക- സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. സാക്ഷരതാ ക്ലാസുകൾക്ക് പുറമെ അവിടുത്തെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു, പ്രദേശത്തെ ആരോഗ്യ ക്യാമ്പുകളിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നു.

എന്നാൽ സൃഷ്ടി ഇന്ന് ഭരണകൂട ഭീകരതയുടെ ഇരയായി ഗ്രേറ്റർ നോയിഡയിലെ ലുക്സാർ ജില്ലാ ജയിലിലാണ്. നോയ്ഡയിലെ വ്യവസായ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതിനാണ് സൃഷ്ടി അറസ്റ്റ് ചെയ്യപ്പെട്ടത്. പൗരരുടെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യപരമായ സമരത്തിന്റെ ഭാഗമായി എന്നതാണ് അവർ ചെയ്ത കുറ്റം.
2026 ഏപ്രിലിലാണ് നോയിഡയിലെ വിവിധ വ്യാവസായിക മേഖലകളിലുള്ള 40,000-ത്തോളം ഫാക്ടറി തൊഴിലാളികൾ ശമ്പള വർദ്ധനവും മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളും ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ആരംഭിച്ചത്. തൊഴിലാളികളുടെ വേതനം വർഷങ്ങളായി പുതുക്കാതിരുന്നതും ഇന്ധന പാചകവാതക വിലക്കയറ്റം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് സമരത്തിന് കാരണമായത്. ന്യായമായ അവകാശ പോരാട്ടമായതുകൊണ്ടുതന്നെ തൊഴിലാളികളുടെ സമരത്തോട് സൃഷ്ടി ചേർന്നുനിന്നു. പ്രോഗ്രസീവ് ആർട്ടിസ്റ്റ് ലീഗ് (Progressive Artists' League) എന്ന സംഘടനയിലെ അംഗങ്ങളോടൊപ്പം ചേർന്ന് തൊഴിലാളി സമരത്തെ സൃഷ്ടി പിന്തുണച്ചു. തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി അവർ തെരുവുനാടകങ്ങളിൽ പങ്കെടുക്കുകയും, പോസ്റ്ററുകളും ചിത്രങ്ങളും വരയ്ക്കുകയും ചെയ്തിരുന്നു. വാക്കുകളോടും വരകളോടും ഫാഷിസത്തിന് എപ്പോഴും വിട്ടുമാറാത്ത ഭയമാണല്ലോ. അതുകൊണ്ടാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചുവരുകളിൽ വരച്ച മുദ്രാവാക്യങ്ങളെയും കാർട്ടൂണുകളെയും ആഴത്തിൽ ആശയപ്രകാശനങ്ങൾ സാധ്യമാക്കുന്ന ചിത്രങ്ങളെയും ദൽഹി പോലീസ് ധൃതിയിൽ മായ്ച്ചു കളഞ്ഞത്. തന്റെ കലാപരമായ കഴിവുകൊണ്ട് ജനാധിപത്യ സംസ്ഥാപനത്തിനുവേണ്ടി സൃഷ്ടി പോരാടിയതുകൊണ്ടാണ് ഭരണകൂടം അവരെ വേട്ടയാടുന്നത്.
നിരവധി വകുപ്പുകൾ ചുമത്തിയാണ് സൃഷ്ടിയെ അഞ്ചു മാസത്തിലേറെയായി ജാമ്യമനുവദിക്കാതെ ജയിലിലിട്ടിരിക്കുന്നത്. കലാപാഹ്വാനം, നിയമവിരുദ്ധമായ സംഘംചേരൽ, അക്രമത്തിലെ കൂട്ടുത്തുരവാദിത്വം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സൃഷ്ടിക്ക് Revolutionary Workers’ Party of India, Mazdoor Bigul, Naujawan Bharat Sabha തുടങ്ങിയ പാർട്ടികളുമായി ബന്ധമുണ്ടെന്നും അവരുടെ കൈവശം വിപ്ലവവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉണ്ടായിരുന്നതിനാൽ ആശയശാസ്ത്രം മാവോയിസമാണെന്നുമാണ് പോലീസ് വാദം. എന്നാൽ സൃഷ്ടിയെ കുടുക്കാൻ പോലീസിന്റെ ഭാഗത്തുനിന്നുള്ള മനഃപ്പൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഹപ്രവർത്തകരും വീട്ടുകാരും പറയുന്നു.

സൃഷ്ടിക്കൊപ്പം നോയ്ഡയിലെ ഫാക്ടറി തൊഴിലാളിയായ മനീഷ ചൗഹാനും ദൽഹി യൂണിവേഴ്‌സിറ്റി റിസർച്ച് സ്‌കോളറായ ആകൃതി ചൗധരിയും ജയിലിലാണ്. ആകാൻഷ ചൗധരിക്കെതിരെ യു.പി പോലീസ് ഗുരുതരമായ എൻ.എസ്.എ (ദേശീയ സുരക്ഷാനിയമം) ചുമത്തിയിരുന്നെങ്കിലും നിയമവിരുദ്ധമാണെന്ന് കണ്ടെത്തി 2026 സെപ്റ്റംബർ ആദ്യവാരം അലഹബാദ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
മാത്യു ആരോൺ വാൻ ഡൈക്ക് എന്ന അമേരിക്കൻ പൗരനെ ഓർക്കുന്നുണ്ടോ? കഴിഞ്ഞ മാർച്ചിലായിരുന്നു മ്യാൻമർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വംശീയ സായുധസംഘങ്ങളുമായി ബന്ധമുള്ളതായി ആരോപിക്കപ്പെട്ട് ഭീകരവാദ ഗൂഢാലോചനാ കേസിൽ ദേശീയ അന്വേഷണ ഏജൻസി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ ദൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ വെച്ച് ആറ് ഉക്രൈൻ പൗരരെയും അറസ്റ്റ് ചെയ്തിരുന്നു.
കുറ്റം അതീവ ഗുരുതരമാണ്; രാജ്യദ്രോഹം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതു കൊണ്ടുതന്നെ രാജ്യം ഗൗരവത്തോടെ ചർച്ച ചെയ്തിരുന്നു. പ്രതികൾ ഇന്ത്യയിലെത്തി വടക്കുകിഴക്കൻ മേഖലയിലെ നിയന്ത്രിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും പിന്നീട് മ്യാൻമറിലേക്ക് കടക്കുകയും ചെയ്തു. അവിടെ അവർ വംശീയ സായുധ സംഘടനകളുമായി ബന്ധപ്പെടുകയും ഡ്രോൺ യുദ്ധപരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം.

മ്യാൻമർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിൻ നാഷണൽ ഫ്രണ്ട് (CNF), കച്ചിൻ ഇൻഡിപെൻഡൻസ് ആർമി (KIA) ഉൾപ്പെടെയുള്ള വംശീയ സായുധസംഘങ്ങളിലെ അംഗങ്ങൾക്ക് വാൻ ഡൈക്കും മറ്റ് ആറ് പേരും മൂന്ന് മാസത്തോളം ഡ്രോൺ യുദ്ധം, ഡ്രോൺ പ്രവർത്തനം, ഡ്രോൺ അസംബ്ലി, ജാമിങ് സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകിയെന്നാണ് ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസിയായ NIA സൂചിപ്പിച്ചിരുന്നത്. CNF അംഗങ്ങളിൽനിന്ന് വാൻഡൈക്കും സംഘത്തിനും ആവശ്യമായ ലോജിസ്റ്റിക് സഹായം ലഭിച്ചെന്നും മ്യാൻമർ ആസ്ഥാനമായ വിമതസംഘത്തിലെ ഒരു കമാൻഡർ വഴി ലഭ്യമാക്കിയ ഫണ്ടാണ് ദൗത്യത്തിന് ഉപയോഗിച്ചതെന്നും NIA ആരോപിച്ചിരുന്നു.
ഇത്രയേറെ ഭീകരമായ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് അന്വേഷണ ഏജൻസി റിപ്പോർട്ട് നൽകിയ ഇവർക്ക് ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നു. വാൻ ഡൈക്കിനും ആറ് യുക്രൈൻ പൗരർക്കും ഒരു മാസത്തേക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ അനുമതി നൽകിയിരിക്കുകയാണ്. NIA ആവശ്യപ്പെടുന്ന സമയത്ത് വീഡിയോ കോൺഫറൻസിലൂടെ അന്വേഷണത്തിൽ ഹാജരായാൽ മതിയെന്ന വ്യവസ്ഥയോടെയാണിത്. കൃത്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ NIA-യ്ക്ക് സാധിച്ചില്ല എന്ന കാരണം മുൻ നിർത്തിയാണ് ജാമ്യം അനുവദിച്ചത്.
കടുത്ത കുറ്റങ്ങൾ ഒഴിവാക്കി ഇമിഗ്രേഷൻ, ഫോറിനേഴ്‌സ് ആക്ട് എന്നിവ മാത്രം ഉൾപ്പെടുത്തി സെപ്റ്റംബർ ആദ്യവാരം കുറ്റപത്രം നൽകിയതാണ് പ്രതികൾക്ക് 'ഡിഫോൾട്ട് ജാമ്യം' (Default Bail) ലഭിക്കാൻ കാരണമായത്. മാത്രവുമല്ല, NIA ചുമത്തിയിരുന്ന UAPA പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. സ്വയം കൂലിപ്പട്ടാളക്കാരനെന്ന് വിശേഷിപ്പിക്കുന്ന വാൻഡൈക്കിനെപ്പോലെയുള്ളവർക്ക് എങ്ങനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയന്ത്രിത മേഖലകളിലൂടെ സഞ്ചരിക്കാനും മ്യാൻമറിലേക്ക് കടക്കാനും സാധിച്ചുവെന്ന വളരെ പ്രധാന ചോദ്യങ്ങൾ മുഴച്ചു നിൽക്കുന്നുണ്ട്.

കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ പ്രായോഗികവൽകരിക്കുന്ന രാജ്യമാണ് അമേരിക്ക. അതിന്റെ ഭാഗമായാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച നൂറിലധികം ഇന്ത്യൻ കുടിയേറ്റക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് അതിഭീകരമായി മിലിട്ടറി വിമാനത്തിൽ 2025 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇത്തരമൊരു ഭീകരമായ അനുഭവം ഇന്ത്യക്കുണ്ടായിരിക്കെ വാൻഡൈക്കിനെപ്പോലെ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെടുന്ന ഒരാളെ രാജ്യത്തിന്റെ ഒരഥിതിയെപ്പോലെ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ഉന്നയിക്കുന്നതുപോലെ അമേരിക്കയുടെ സമ്മർദ്ദമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന ആരോപണം തള്ളിക്കളയാനാവില്ല.
ജനാധിപത്യ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്ന സാധാരണ പൗരരെ UAPA ചുമത്തി വിചാരണ കൂടാതെ ജയിലിലടക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണ്. അവകാശ പോരാട്ടങ്ങൾക്കെതിരെയുള്ള പ്രധാന ആയുധമായാണ് UAPA എന്ന കരിനിയമം ഭരണകൂടം ഉപയോഗിക്കുന്നത്. ഭീമകൊറോഗാവ് കേസിൽ പ്രതികളാണെന്നാരോപിച്ച് നിരവധി ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയുമാണ് ഭരണകൂടം വേട്ടയാടിയത്. അതിക്രൂരമായാണ് ജയിലിൽ വെച്ച് സ്റ്റാൻസ്വാമി കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്തു വർഷമാണ് ദൽഹി സർവകലാശാല പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന പ്രൊഫ. ജി.എൻ. സായ്‌ബാബയെ ഭരണകൂടം വേട്ടയാടിയത്. പത്തു വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയെങ്കിലും ജയിൽ മോചിതനായി കൃത്യം ഏഴുമാസങ്ങൾക്ക് ശേഷം കഠിനമായ ജയിൽവാസം മൂലം വഷളായ ആരോഗ്യസ്ഥിതിയെത്തുടർന്ന് മരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന CAA, NRC തുടങ്ങിയ കരിനിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഉമർ ഖാലിദ്, ശർജീൽ ഇമാം തുടങ്ങിയ നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. അന്ന് അറസ്റ്റിലായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ,ഷിഫാ ഉർറഹ്മാൻ എന്നിവർക്ക് ജാമ്യം ലഭിച്ചെങ്കിലും ഉമർ ഖാലീദും ശർജീൽ ഇമാമും ആറ് വർഷമായി UAPA ചുമത്തപ്പെട്ട് വിചാരണാ തടവുകാരായി തിഹാർ ജയിലിലാണ്. ഇന്ന്, ഇവരുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ദൽഹി ഹൈക്കോടതി തള്ളി.

ഇവർ കുറ്റക്കാരാണെന്ന കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഇക്കാലമത്രയും പിന്നിട്ടിട്ടും അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടുമില്ല. എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ഫാഷിസ്റ്റ് നയങ്ങളുടെ പ്രായോഗിക ഇരകളായി ഇന്നും അവർ ജയിലിൽ തുടരുകയാണ്. ഉമർ ഖാലിദ് അടക്കമുള്ളവർക്കെതിരായ കോടതി നടപടികൾ തന്നെ, ഇവർക്കെതിരായ ശിക്ഷയായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞദിവസം മുൻ സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത വിമർശിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോ പലപ്പോഴും ഉന്നത കോടതികൾ പോലും നോക്കുകുത്തികളാകുന്നുവെന്നും തടവുകാരിൽ വലിയൊരു വിഭാഗവും വിചാരണ കൂടാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സാധാരണ പൗരരായ സൃഷ്ടി ഗുപ്തക്കും ഉമർഖാലിദിനും ലഭിക്കാത്ത നിയമ പരിലാളന എങ്ങനെയാണ് കൊടും കുറ്റവാളികളായ മാത്യു ആരോൺ വാൻ ഡൈക്കിനെയും ഗുർമീത് റാം റഹീം സിംഗിനെയും പോലുള്ളവർക്ക് ലഭിക്കുന്നത്?
ദേരാ സച്ചാ സൗദാ എന്ന ഗുർമീതിന്റെ ആത്മീയ-സാമൂഹിക സംഘടനയുടെ സ്ഥാപനത്തിൽ വെച്ച് രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിന് ഗുർമീത് റാം റഹീം സിംഗിനെ 20 വർഷം സി ബി ഐ കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. കൂടാതെ, സൗദ എന്ന തന്റെ താവളത്തിലെ കൊടും കുറ്റകൃത്യങ്ങൾ പുറം ലോകത്തെത്തിച്ച രമചന്ദർ ഛത്രപതിയെന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിലും മറ്റനേകം ക്രിമിനൽ കേസുകളിലും പ്രതിയാണയാൾ. ഇയാൾക്ക് 16 തവണയാണ് പരോൾ അനുവദിച്ചത്.
അനീതികൾക്കെതിരെ സംസാരിക്കുകയും അടിസ്ഥാന ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകർ രാജ്യദ്രോഹികളയി മുദ്രകുത്തി തുറുങ്കിലടക്കപ്പെടുന്നു. കൊടും ക്രിമിനൽ പശ്ചാത്തലമുള്ളവർ നിയമപരിലാളനകളുടെ ഇളം കാറ്റേറ്റ് നിർഭയം ജീവിക്കുകയും ചെയ്യുന്നു. അധികാര ദുർവിനിയോഗത്തിന്റെ ഇരകൾ തെരുവിൽ ജനാധിപത്യ വായുവിനുവേണ്ടി കിതച്ചു പാഞ്ഞുകൊണ്ടിരിക്കുന്നു.
