ഇലക്ഷൻ പൊളിറ്റിക്സിലെ ജാതി- സമുദായ സമവാക്യങ്ങളുടെ എക്കാലത്തെയും വിളഭൂമിയായ ഉത്തർപ്രദേശിൽ കൗതുകകരമായ പരീക്ഷണങ്ങളാണ് അരങ്ങേറുന്നത്.
സാമ്പ്രദായിക സാമുദായിക വോട്ടുബാങ്കുകൾ പലയിടത്തും പുറംതിരിഞ്ഞുനിൽക്കുന്നത് ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുസ്‍ലിം വിരുദ്ധ കാമ്പയിന് നേതൃത്വം നൽകുന്നത് ഈയൊരു പരിഭ്രാന്തിയിൽനിന്നാണ്.
അധികാരത്തിലെത്തിയാൽ കോൺഗ്രസ് ബീഫ് ഉപയോഗത്തിന് അനുമതി നൽകും എന്നാണ് യോഗിയുടെ ഒടുവിലത്തെ പ്രസ്താവന. ന്യൂനപക്ഷങ്ങൾക്ക് ബീഫ് കഴിക്കാനുള്ള അവകാശം നൽകാനാണ് കോൺഗ്രസ് നീക്കം എന്നാണ് യോഗിയുടെ ‘പരാതി’. യോഗിയും മോദിയും നടത്തുന്ന മുസ്‍ലിം വിരുദ്ധ പ്രസംഗങ്ങൾ, യു.പിയിലെ അടുത്ത ഘട്ടങ്ങളിലെ വോട്ടെടുപ്പിനുള്ള വർഗീയ മുതലെടുപ്പുകൂടി ലക്ഷ്യം വച്ചാണ്.
യു.പിയിലെ സാമുദായിക സമവാക്യങ്ങളിൽ വന്ന മാറ്റം ബി.ജെ.പിയെ ഇത്തവണ പരിഭ്രാന്തമാക്കുന്നത് എന്തുകൊണ്ടാണ്?
സമാജ്‍വാദി പാർട്ടി പ്രയോഗിക്കുന്ന പുതിയ ജാതി- സമുദായ പരീക്ഷണമാണ് അതിൽ ഒന്ന്. പരമ്പരാഗത യാദവ- മുസ്‌ലിം വോട്ടുബാങ്കുപുറമേ, ‘PDA’ എന്ന പുതിയ സമവാക്യവുമായാണ്- പിന്നാക്ക വിഭാഗം- ദലിത്- ന്യൂനപക്ഷ സഖ്യം- എസ്.പി രംഗത്തുള്ളത്.
മുസ്‌ലിം- യാദവ് വോട്ടിൽ മാത്രം ലക്ഷ്യം വക്കുന്നത് മറ്റു വിഭാഗങ്ങളുമായുള്ള അകലം കൂട്ടിയിട്ടുണ്ടെന്നും അത് കുറയ്ക്കാനും ‘ടോപ്പ് അപ്’ എന്ന നിലയിൽ പരമാവധി സീറ്റ് നേടാനും ഈ വിഭാഗങ്ങളെ കൂടി ചേർത്തുപിടിക്കാനാണ് എസ്.പിയുടെ തീരുമാനം. പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ ഇതുവരെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരുന്ന യാദവേതര ഒ.ബി.സിക്കാർക്കും, ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ഇക്കുറി ഇടം നൽകി.
അങ്ങനെ ഹിന്ദു 'ബഹുജൻ' വോട്ടിനുവേണ്ടി സമാജ്‌വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
സംസ്ഥാന ജനസംഖ്യയിൽ 60- 65 ശതമാനവും ഒ.ബി.സി- ദലിത് വിഭാഗമാണ്. ബി.ജെ.പിയാണ് ഈ വോട്ടുബാങ്കിന്റെ ‘പരമ്പരാഗത’ ഗുണഭോക്താക്കൾ. ഇത്തവണ ബി.ജെ.പിയേക്കാൾ കൂടുതൽ ഒ.ബി.സി- ദലിത് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത് 'ഇന്ത്യ' മുന്നണിയാണ്.
80 സീറ്റിൽ 77 ഇടത്തും എൻ.ഡി.എ സഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയടങ്ങിയ 'ഇന്ത്യ' സഖ്യം 75 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബി.ജെ.പിയും സഖ്യകക്ഷികളും ചേർന്ന് 29 പിന്നാക്ക വിഭാഗ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.
ബി.ജെ.പിയുടെ 32 സ്ഥാനാർഥികൾ മുന്നാക്ക ജാതിയിൽ പെട്ടവരാണ്. ഇവരിൽ 17 പേർ ബ്രാഹ്മണരും 11 പേർ താക്കൂറുകാരുമാണ്. അതായത്, ബ്രാഹ്മണ- താക്കൂർ ജാതിയിൽപെട്ട സ്ഥാനാർഥികളുടെ എണ്ണം (28), ആകെയുള്ള ഒ.ബി.സി സ്ഥാനാർഥികൾക്കു തുല്യമാണ് (29). ബി.ജെ.പി സ്ഥാനാർഥികളിൽ ഒരു മുസ്‌ലിം പോലുമില്ല. സംവരണ സീറ്റുകളിൽ മാത്രമാണ് ദലിത് സ്ഥാനാർഥികൾ. സംസ്ഥാനത്ത് 17 സംവരണ മണ്ഡലങ്ങളാണുള്ളത്.
80 സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ സാമുദായിക കണക്ക് ഏതാണ്ട് ഇപ്രകാരമാണ്:
34 മുന്നാക്ക ജാതിക്കാർ, 29 ഒ.ബി.സി, 17 ദലിത്. ഇവരിൽ ഗുർജാർ- 3, ജാട്ട്- 4, ലോധി- 4, നിഷാദ്- കാശ്യപ്- 4, കുർമി- 7, ശാക്യ- സെയ്‌നി- കുശവ- 3 എന്നിങ്ങനെയാണ് ജാതി പ്രാതിനിധ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രണ്ടുപേർ തെലി ജാതിയിൽനിന്ന് മത്സരിക്കുന്നു. ഒരു യാദവ് സ്ഥാനാർഥി മാത്രമാണ് ബി.ജെ.പിക്കുള്ളത്, അസംഗഢിൽ മത്സരിക്കുന്ന ഭോജ്പുരി താരമായ ദിനേഷ് ലാൽ യാദവ്.
സമാജ്‌വാദി പാർട്ടിയുടെ സ്വാധീനമേഖലയായ യാദവ വിഭാഗത്തിനെതിരെ യാദവേതര വിഭാഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള വോട്ടുബാങ്ക് ധ്രുവീകരണമാണ് യു.പിയിൽ ബി.ജെ.പി പയറ്റുന്നത്. ഈ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നിഷാദ് പാർട്ടി, അപ്‌നാ ദൾ (സോണേലാൽ), രാഷ്ട്രീയ ലോക്ദൾ, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എന്നിവയുമായി ബി.ജെ.പി സഖ്യത്തിലാണ്. ഈ ചെറിയ പാർട്ടികൾക്ക് അവരുടേതായ പോക്കറ്റുകളിൽ സ്വാധീനശക്തിയുമുണ്ട്.
മുസ്‌ലിം- യാദവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ് എസ്.പിക്കെതിരായ ബി.ജെ.പി കാമ്പയിൻ. മാത്രമല്ല, 27 ശതമാനം ഒ.ബി.സി ക്വാട്ടയിലൂടെ യാദവ വിഭാഗം പിന്നാക്ക ജാതികളായ കുർമികൾ, ജാട്ടുകൾ, ഗുർജാറുകൾ എന്നിവരുടെ സർക്കാർ ജോലിയും രാഷ്ട്രീയ പ്രാതിനിധ്യവും തട്ടിയെടുക്കുന്നു എന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നു. ഇതിന്റെ മറവിലാണ് യാദവേതര- പിന്നാക്ക വോട്ടുകളിലേക്ക് പാർട്ടി നുഴഞ്ഞുകയറുന്നത്.
75 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച 'ഇന്ത്യ' മുന്നണിയിലെ സാമുദായിക പ്രാതിനിധ്യം ഇപ്രകാരമാണ്:
ഒ.ബി.സി- 33,
മുന്നാക്ക ജാതി- 22,
ദലിത്- 19,
മുസ്‌ലിം- 6.
സമാജ്‌വാദി പാർട്ടി 62 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എസ്.പിയുടെ ഏറ്റവും സ്വാധീന സമുദായ വിഭാഗങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന യാദവ- മുസ്‌ലിം വിഭാഗങ്ങളിൽനിന്ന്, 62-ൽ ഒമ്പതുപേർ മാത്രമാണുള്ളത് എന്നതാണ് ഇത്തവണത്തെ വലിയ സവിശേഷത. സംസ്ഥാന ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഈ രണ്ടു സമുദായങ്ങൾക്കും കൂടി 15 ശതമാനത്തിൽ താഴെ സ്ഥാനാർഥികളാണ് എസ്.പിക്കുള്ളത്.
2014-ൽ എസ്.പിയുടെ 16 ശതമാനം സ്ഥാനാർഥികളും മുസ്‌ലിംകളും 16 ശതമാനം യാദവരും 23 ശതമാനം യാദവേതര ഒ.ബി.സിയുമായിരുന്നു. 2019-ൽ പത്തു ശതമാനം മുസ്‌ലിംകളും 29 ശതമാനം യാദവരും 24 ശതമാനം യാദവേതരുമായിരുന്നു എസ്.പി സ്ഥാനാർഥികൾ.
പാർട്ടിയുടെ 30 സ്ഥാനാർഥികൾ ഒ.ബി.സിക്കാരാണ്. ഇവരിൽ അഞ്ചുപേർ മാത്രമാണ് യാദവ വിഭാഗക്കാർ. ഈ അഞ്ചുപേരും പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ വംശപരമ്പരയിൽനിന്നുള്ളവരാണ് എന്ന കൗതുകവുമുണ്ട്. അഖിലേഷ് യാദവിന്റെ പങ്കാളി ഡിംപിൾ മെയിൻപുരിയിൽ സ്ഥാനാർഥിയാണ്. അദ്ദേഹത്തിന്റെ കസിൻമാരായ ധർമേന്ദ്ര യാദവ്, അക്ഷയ് യാദവ്, ആദിത്യ യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും സ്ഥാനാർഥിലിസ്റ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.
സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിൽനിന്ന് എസ്.പി നാലു പേരെ മാത്രമാണ് മത്സരിപ്പിക്കുന്നത്. മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണം കുറച്ചത് തിരിച്ചടിയാകുമെന്ന ആശങ്ക ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, പരമ്പരാഗത സഖ്യകക്ഷിയെന്ന നിലയിൽ മുസ്‍ലിംകൾ കൈവിടില്ലെന്ന പ്രതീക്ഷയാണ് എസ്.പി നേതൃത്വത്തിന്. മാത്രമല്ല, നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു ബി.ജെ.പി നേതാക്കളും തുടരുന്ന മുസ്‍ലിം വിരുദ്ധ കാമ്പയിൻ തങ്ങൾക്ക് അനുകൂലമായി മാറുമെന്നും എസ്.പി നേതൃത്വം കരുതുന്നു.
14 ദലിത് സംവരണ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്.പി, രണ്ട് ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്- മീററ്റിൽ സുനിത വർമയും ഫൈസാബാദിൽ അവദേശ് പ്രദേശും.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട മധ്യവർഗ ഒ.ബി.സി വിഭാഗങ്ങളിലാണ് എസ്.പി ഇത്തവണ പ്രതീക്ഷയർപ്പിക്കുന്നത്. ഈ വിഭാഗത്തിലെ കുർമി സമുദായത്തിൽനിന്ന് പത്തു സ്ഥാനാർഥികളുണ്ട്. ശാക്യ, സെയ്‌നി, കുശവ, മൗര്യ വിഭാഗങ്ങളിൽനിന്ന് ആറു പേരെയും പരിഗണിക്കുന്നു. പശ്ചിമ യു.പിയിലെ ഭൂവുടമാ ഒ.ബി.സി വിഭാഗങ്ങളായ ജാട്ടുകൾ, ഗുർജാറുകൾ എന്നീ വിഭാഗങ്ങളിൽനിന്ന് ഓരോ സ്ഥാനാർഥികൾ വീതമാണുള്ളത്.
കോൺഗ്രസ് അംറോഹ, സഹറാൻപുർ എന്നിവിടങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
മുസ്ലിം പ്രാതിനിധ്യമില്ലായ്മ എന്ന ആക്ഷേപം നേരിടാൻ പസ്മന്ദ മുസ്‌ലിംകളെ ഉയർത്തിക്കാട്ടിയാണ് മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി കാമ്പയിൻ. ഒ.ബി.സി- ദലിത് മുസ്‌ലിംകളിലെ ഒരു ഉപ വിഭാഗമാണിവർ. യു.പിയിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ 85 ശതമാനവും ഇവരാണ്. കോൺഗ്രസും എസ്.പിയും പസ്മന്ദ മുസ്‌ലിംകളെ നിരന്തരം അവഗണിക്കുകയാണെന്ന് അലീഗഡിലെ ബി.ജെ.പി യോഗത്തിൽ മോദി പറഞ്ഞു.
പടിഞ്ഞാറൻ യു.പിയിലെ മുസ്‌ലിം സ്വാധീനമേഖലകളിൽ ബി.ജെ.പി ശക്തമല്ല. സഹാറൻപുർ, ബിജ്‌നോർ, അംറോഹ, സംഭാൽ, മൊറാദാബാദ്, നാഗിന തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ല. മാത്രമല്ല, ബി.ജെ.പി പട്ടികയിലെയും കേന്ദ്ര മന്ത്രിസഭയിലെയും മുസ്‌ലിം അസാന്നിധ്യം, പസ്മന്ദ മുസ്‌ലിംകൾ ഗുണഭോക്താക്കളായിരുന്ന മൗലാനാ അബ്ദുൽകലാം ആസാദ് സ്‌കോളർഷിപ്പ് നിർത്തിയത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള 'ഇന്ത്യ' മുന്നണി കാമ്പയിനുമുന്നിൽ ബി.ജെ.പിക്ക് കാര്യമായ പ്രതിരോധമുയർത്താനുമാകുന്നില്ല.
പശ്ചിമ യു.പിയിൽ ബി.ജെ.പിയുടെ ശക്തമായ വോട്ടുബാങ്കായ രജ്പുത് എന്ന താക്കൂർ വിഭാഗം, ഇത്തവണ പാർട്ടിയുമായി അകൽച്ചയിലാണ്. തങ്ങളുടെ സമുദായത്തിന് അർഹമായ എണ്ണം സ്ഥാനാർഥികളെ ലഭിച്ചില്ല എന്ന പരാതി മഹാപഞ്ചായത്തുകളിൽ വ്യാപകമാണ്. ഏപ്രിൽ 18ന് ഗാസിയാബാദിലെ ധൗലാനയിൽ നടന്ന മഹാപഞ്ചായത്തിൽ സമുദായത്തിലെ ആരും ബി.ജെ.പിക്ക് വോട്ടു ചെയ്യരുത് എന്ന ആഹ്വാനം പോലുമുണ്ടായി. ഏപ്രിൽ ഏഴിന് സഹാറൻപുരിൽ രജ്പുത്തുകൾ സംഘടിപ്പിച്ച മഹാപഞ്ചായത്തിലും, പശ്ചിമ യു.പിയിലെ 10 ശതമാനം വരുന്ന തങ്ങൾക്ക് സീറ്റ് നിഷേധിച്ചതിൽ ഈ സമുദായം പ്രതിഷേധിച്ചു. ഇത് ബി.ജെ.പിക്ക് മുമ്പില്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.
ഇതിനിടയിൽ, ബി.എസ്.പിയുടെ തനിച്ചുള്ള മത്സരം ബി.ജെ.പിക്ക് അനുകൂലമാകുമെന്ന നിരീക്ഷണങ്ങളുണ്ട്. ദലിതരുടെയും പാർശ്വവൽകൃതരുടെയും ശബ്ദമായിരുന്നു ഒരു കാലത്ത് ബി.എസ്.പി. ഒരു ദശാബ്ദം കൊണ്ട് ആ നീലത്തരംഗം തകർന്നടിഞ്ഞു. വോട്ടുശതമാനം ഇരട്ട അക്കത്തിലെത്തിക്കാൻ പാർട്ടി പാടുപെടുകയാണ്. തനിച്ചു മത്സരിച്ച് പാർട്ടിയുടെ വോട്ട് ബേസ് പുനരുജ്ജീവിപ്പിക്കുക എന്ന ആത്മഹത്യാപരമായ തീരുമാനമായിരുന്നു ഇത്തവണ മായാവതിയുടേത്. 'ബി.ജെ.പിയുടെ ബി ടീം' എന്നാണ് ബി.എസ്.പിയെ എസ്.പിയും കോൺഗ്രസും വിശേഷിപ്പിക്കുന്നത്. മായാവതിയാകട്ടെ, ഈ പാർട്ടികളുടെ വോട്ട് അടിത്തറയിലേക്കാണ് നുഴഞ്ഞുകയറുന്നത്. പടിഞ്ഞാറൻ യു.പിയിലെ ന്യൂനപക്ഷ മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർഥികളാണെങ്കിൽ അതേ പ്രാതിനിധ്യം ബ്രാഹ്മണ സ്ഥാനാർഥികൾക്കും നൽകിയിട്ടുണ്ട്.
ദലിത് രാഷ്ട്രീയം മുന്നിൽവച്ച് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി (കാൻഷി റാം) യും ആദ്യ ലോക്‌സഭാ മത്സരത്തിലാണ്. 'ഇന്ത്യ' മുന്നണിയുമായി ധാരണയിലെത്താനാകാതെ ചന്ദ്രശേഖർ ആസാദ് നാഗിന മണ്ഡലത്തിൽനിന്ന് സമാജ്‌വാദി പാർട്ടിക്കും ബി.എസ്.പിക്കും എതിരെ മത്സരിക്കുന്നു. 2019-ൽ എസ്.പിയുമായി സഖ്യമുണ്ടായിരുന്ന ബി.എസ്.പി ജയിച്ച സംവരണമണ്ഡലമാണിത്. ആസാദിന്റെ വരവോടെ, മുസ്‍ലിം- ദലിത് വോട്ടുകൾ മൂന്നു പാർട്ടികൾക്കുമായി വിഭജിക്കപ്പെടുന്ന അവസ്ഥയാണ്.
ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും തങ്ങളുടെ പരമ്പരാഗത സാമുദായിക വോട്ടു രാഷ്ട്രീയത്തെ കൂടുതൽ പ്രായോഗികമായി വികസിപ്പിച്ചെടുക്കുന്ന തെരഞ്ഞെടുപ്പാണിതെന്നു പറയാം. മോദി സർക്കാറിന്റെ വികസന അജണ്ട കാമ്പയിനിൽ പരാജയപ്പെട്ട സ്ഥിതിക്കും മോദി തന്നെ, വിദ്വേഷ പ്രസംഗങ്ങളുമായി വർഗീയ കാമ്പയിൻ ആയുധമാക്കിയ സ്ഥിതിക്കും യു.പിയിലെ 80 സീറ്റുകൾ ഏറെ നിർണായകമായി മാറുന്നു.
സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിൽ 16 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് യു.പി.