ജനാധിപത്യത്തിലെ പാട്രിയാർക്കിയൽ ചിരി

‘‘സ്ത്രീകളുടെ പക്ഷത്താണെന്ന് ഉദ്ഘോഷിക്കുകയും സ്ത്രീകൾക്ക് അധികാരം കൊടുക്കാൻ മടികാണിക്കുകയും ചെയ്യുന്നിടത്ത് ആത്മാഭിമാനമുള്ള ഏതു സ്ത്രീക്ക് ആത്മാർഥതയോടെ ഈ ജനാധിപത്യപ്രക്രിയയിൽ പങ്കുചേരാൻ കഴിയും?’’- ദീപ പി.എം എഴുതുന്നു.

വീണ്ടും ഒരു തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യണോ എന്ന സംശയത്തിലാണ് പലരും, പ്രത്യേകിച്ച് പുതിയ തലമുറ. അവർക്ക് രാഷ്ട്രീയ ബോധ്യങ്ങൾ ഇല്ലാത്തതുകൊണ്ടോ പൗരർ എന്ന നിലയിൽ തങ്ങളുടെ കടമകളെക്കുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടോ ആയിരിക്കില്ല ഈ ആലോചന. മറിച്ച് സ്വാർത്ഥലാഭത്തിനുവേണ്ടി എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറാവുകയും അധികാരക്കസേരകളിലേക്ക് പരസ്പരം താങ്ങി ഇരുത്തുകയും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങളോടുള്ള വിയോജിപ്പ് എന്ന നിലയിൽ തന്നെ നാം ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

വൈവിധ്യപൂർണ്ണവും ഊർജ്ജസ്വലവുമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൃഹത് സംസ്കാരത്തിൽ ജനാധിപത്യ മൂല്യങ്ങളുടെ സത്ത പലതരം വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവയിൽ പ്രധാനമായി കാണേണ്ടത് ബി.ജെ.പി രാജ്യത്തിലുടനീളം അധികാരവും ഒപ്പം സ്വാധീനവും ചെലുത്തുന്ന ഒരു പ്രധാന ശക്തിയായി ഉയർന്നു വന്നിട്ടുണ്ട് എന്നുള്ളതുതന്നെയാണ്.

അമിത് ഷാ, നരേന്ദ്ര മോദി

സാമ്പത്തികവളർച്ച, ദേശീയ സുരക്ഷാവികസനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തങ്ങളുടെ വലയത്തിലാക്കിയാണ് ഇത്തരത്തിലുള്ള വർഗീയവാദ സംഘടനകൾ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് നിലയുറപ്പിച്ചത്. ചരിത്രത്തെ തങ്ങൾക്കനുയോജ്യമാംവിധം വളച്ചൊടിച്ചും ചരിത്രത്തിലെ പല ദുഷിച്ച ഏടുകളെയും നവലോകത്തിന്റെ ഉദാരതയിലേക്കും സ്വാഭാവികതയിലേക്കും എത്തിച്ചും ഇവർ വീണ്ടും ഭരണമുറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്.

പൊതുവേ ആര്യനിസവും യൂറോ സെൻട്രിസവുമൊക്കെ ചരിത്രത്തെ കൂടുതൽ സവർണമാക്കുന്ന ഒരു സാഹചര്യം നിലനിൽക്കെ ഇത്തരത്തിൽ, ചരിത്രത്തെത്തന്നെ കൂട്ടുപിടിച്ച് ചരിത്രം എഴുതിയവരടക്കം തങ്ങളുടെ പക്ഷത്താണെന്ന് വരുത്തിതീർത്താണ് ഇവർ വിജയത്തിലേക്കുള്ള പാതയൊരുക്കുന്നത്.

ബി.ജെ.പി ഭരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രാഥമിക ആശങ്കകളിലൊന്ന്, ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും തകർച്ചയാണ്. പാർട്ടിയുടെ ഹിന്ദു ദേശീയവാദ അജണ്ട, അതിന്റെ പ്രത്യയശാസ്ത്ര സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘുമായി (ആർ.എസ്.എസ് ) ബന്ധപ്പെട്ടിരിക്കുന്നതായി വിമർശകർ വാദിക്കുന്നുണ്ട്. ഇവർ മതപരവും സാംസ്കാരികവുമായ ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. പൗരത്വഭേദഗതി നിയമം (സി.എ.എ), നാഷണൽ റജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി) പോലുള്ള നയങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ടെന്ന് നമുക്കറിയാം.

ബി.ജെ.പി ഭരണത്തെ ചുറ്റിപ്പറ്റിയുള്ള പ്രാഥമിക ആശങ്കകളിലൊന്ന്, ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും തകർച്ചയാണ്.

സ്ത്രീകളോടൊപ്പമാണെന്ന് പറഞ്ഞു ധരിപ്പിച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നിർമല സീതാരാമനെ ധനകാര്യമന്ത്രിയായി ചുമതലയേൽപ്പിച്ചത് പലരും പ്രതീക്ഷാവഹമായി കണ്ടിരുന്നു. എന്നാൽ, അവർ പാർട്ടിയുടെ കളിപ്പാവ മാത്രമാണെന്നും പാർട്ടിയിലെ പുരുഷാധിപത്യമാണ് എല്ലാം തീരുമാനിക്കുന്നതെന്നും മനസ്സിലാവാൻ അധികസമയം വേണ്ടിവന്നില്ല.

ഇതുപോലെത്തന്നെയായിരുന്നു ദ്രൗപദി മുർമുവിന്റെ കാര്യവും. പ്രതിഭാ പാട്ടീലിനുശേഷം ഒരു വനിതാ രാഷ്ട്രപതി ചുമതലയേറ്റപ്പോൾ നമ്മളെല്ലാംതന്നെ സന്തോഷിച്ചിരുന്നു. അവരും ഒരു റബ്ബർ സ്റ്റാമ്പ് മാത്രമാണെന്ന് ഏറെ വൈകാതെതന്നെ ബോധ്യപ്പെട്ടു. രാഷ്ട്രപതിയെ ഒന്നുമല്ലാതെയാക്കി ഒരുപാട് ബില്ലുകൾ പാസാക്കുകയെന്നത് സാധാരണ കാഴ്ചയായി. ലോകത്തെ എല്ലാ ഏകാധിപതികളും പിന്തുടർന്ന ഒരു രീതി തന്നെയായിരുന്നു ഇത്. ഈ നേർക്കാഴ്ചയിൽ നിന്നുകൊണ്ട് നരേന്ദ്രമോദിയുടെ നയങ്ങൾ ഹിറ്റ്ലറുടെ നയങ്ങൾക്ക് സമാനമാണ് എന്ന് വിമർശിക്കപ്പെടുമ്പോൾ, അതിനെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും.

രാഷ്ട്രപതി ദ്രൗപതി മുര്‍മു

അതുപോലെ, രാജ്യം മുഴുവനും ആളിക്കത്തിയ മണിപ്പൂർ വിഷയത്തിൽ ഒരു വാർത്താസമ്മേളനം പോലും നടത്താതെ, പ്രധാനമന്ത്രിയെന്ന നിലയിൽ യാതൊരു ദൗത്യവും നിർവഹിക്കാതെ, മൗനം പാലിച്ചത് എങ്ങനെ പൊറുത്തുകൊടുക്കാൻ കഴിയും?

ഇതോടൊപ്പം, ബി.ജെ.പി നേതാക്കളും പ്രവർത്തകരും വിവാദ പരാമർശങ്ങൾ നടത്തുകയും ലിംഗസമത്വത്തിനെതിരായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീക്ഷേമത്തിനേക്കാൾ മുൻഗണന ഗോരക്ഷക്കാണെന്ന മട്ടിലാണ് പാർട്ടി നയങ്ങൾ. മൃഗസംരക്ഷണം നല്ലതുതന്നെയെന്നാലും ഹിന്ദുത്വവുമായി ബന്ധപ്പെടുത്തി ഒരു മൃഗത്തെ മാത്രം സംരക്ഷിക്കുന്നതിലെ യുക്തി എന്താണ്? കന്നുകാലികളെ പരിപാലിച്ചുവളർത്തുന്ന നിരപരാധികളായ മുസ്‍ലിംകളെയും ഇവർ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നതും നമ്മൾ കണ്ടതാണല്ലോ.

മണിപ്പുര്‍ കലാപത്തിനിടെ സ്ത്രീയെ നഗ്നമാക്കി നടത്തിച്ച വീഡിയോയില്‍ നിന്ന്

കൂടാതെ, കേരളത്തിലെ ശബരിമല സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളിലുള്ള ബി.ജെ.പി യുടെ അർദ്ധമൗനം തീർത്തും സംസ്ഥാനത്തിന് അധികാരം വിട്ടുകൊടുത്തുള്ള ഒരു ഫെഡറലിസ്റ്റ് മനോഭാവമല്ല. മറിച്ച്, ആചാരങ്ങൾ, വിശേഷിച്ച് പുരുഷാധിപത്യ ആചാരങ്ങൾ, ശക്തിപ്പെടുക തന്നെയാണ് വേണ്ടതെന്നും അതിന് ഭരണഘടന തടസ്സമായി നിൽക്കാനിടവരരുതെന്നുമുള്ള ഉറച്ച തീരുമാനം തന്നെയാണ് അതെന്ന് ആർക്കാണറിയാത്തത്.

ഇന്ത്യയിൽ ഇടക്കാലത്ത് വ്യാപകമായ ലിംഗാധിഷ്ഠിത അക്രമങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിലുള്ള പാർട്ടിയുടെ പരാജയത്തെക്കുറിച്ച് ഒരുപാട് വിമർശകർ ആശങ്കകളുന്നയിച്ചിട്ടുണ്ട്. ചില ബലാത്സംഗക്കേസുകൾക്ക് കൊടുത്ത കടുത്ത ശിക്ഷ, അതിവേഗ കോടതികൾ സ്ഥാപിക്കൽ തുടങ്ങിയവയൊക്കെ ഓർമയിലില്ലാതെയല്ല, എങ്കിലും ഇതിന്റെയെല്ലാം നിർവഹണവും നടപ്പാക്കലും എത്രത്തോളം കൃത്യമാണെന്നതും സുതാര്യമാണെന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ?

ബി.ജെ.പി ഗവൺമെൻ്റിൻ്റെ കീഴിലുള്ള അധികാര കേന്ദ്രീകരണം എങ്ങനെയാണ് ഫെഡറലിസത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും തത്വങ്ങളെ ബാധിക്കുന്നതെന്ന് ഇതിൽനിന്നൊക്കെത്തന്നെ വ്യക്തമാണ്.

സഫൂറ സർഗർ

ഫിനാൻസ് കമീഷൻ്റെയൊക്കെ ശുപാർശകൾ പലപ്പോഴും അവഗണിച്ച്, തങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുന്ന, തങ്ങൾക്ക് വിധേയരായ സംസ്ഥാനങ്ങൾക്കുള്ള ഗ്രാൻ്റുകൾ തുടർച്ചയായി നൽകിയും അവരോട് കൂടുതൽ ചേർന്നുനിന്നുമുള്ള സമീപനം സ്വീകരിക്കുകയും ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പോ‌ലുള്ള ഏകീകൃത നയങ്ങൾ അടിച്ചേൽപ്പിക്കുകയും പ്രാദേശികാവശ്യങ്ങൾ അവഗണിച്ച് ചില പ്രത്യേകപ്രദേശങ്ങൾക്കനുകൂലമായ വ്യാവസായിക പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്ത് അവർ തങ്ങളുടെ നയം ധാർഷ്ട്യത്തോടെ തന്നെ പ്രഖ്യാപിക്കുന്നു.

യു.എ.പി.എ പോലുള്ള നിയമങ്ങൾ പ്രകാരം ഏകപക്ഷീയമായ അറസ്റ്റുകളിലൂടെ, പൗരാവകാശത്തെയും മാധ്യമങ്ങളുടെ അവകാശങ്ങളെയും പൂർണമായും നിയന്ത്രിച്ച് അടിയന്തരാവസ്ഥാ കാലത്തെ ഓർമിപ്പിച്ചു. 2019 -ൽ യു.എ.പി.എ പ്രകാരം സഫൂറ സർഗർ എന്ന ഒരു ഗർഭിണിയെയും അറസ്റ്റുചെയ്തിരുന്നു. കോവിഡ് 19- ൻ്റെ ഭാഗമായി സഫൂറയോടൊപ്പം അറസ്റ്റുചെയ്ത, അവരേക്കാൾ വലിയ കുറ്റകൃത്യത്തിലേർപ്പെട്ട ഒരുപാട് പുരുഷന്മാരെ വിട്ടയച്ചു. എന്നാൽ ഗർഭിണിയാണെന്ന പരിഗണനപോലും കൊടുക്കാതെ അവരെ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ മുസ്‍ലിം സ്ത്രീകളനുഭവിക്കുന്ന Intersectionality പ്രകടമാവാൻ ഇതിൽക്കൂടുതൽ എന്തുദാഹരണമാണ് വേണ്ട്ത്?

അഗ്നീപത് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം / Photo: newsclick.in

മണിപ്പുർ കൂടാതെ, ഗൂർഖാലാൻഡ്, മറാത്ത തുടങ്ങിയ പ്രശ്‌നങ്ങളോടുള്ള സമീപനത്തിലൂടെ സിവിൽ തർക്കങ്ങളിലിടപെടാനുള്ള സർക്കാരിൻ്റെ വിമുഖതയാണ് വ്യക്തമാക്കിയത്. ഇത് സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കുകയും സമുദായങ്ങളെ തമ്മിലകറ്റുകയും ചെയ്തു. വിവാദമായ അഗ്നിവീർ, കാർഷികനിയമങ്ങൾ എന്നിവയെല്ലാം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയും ചില ബ്യൂറോക്രാറ്റിക് ഗ്രൂപ്പുകളെ പാർശ്വവൽക്കരിക്കുകയും ചെയ്ത്, സിവിൽ പങ്കാളിത്തത്തെ തീർത്തുമില്ലാതാക്കുകയാണ് ചെയ്തത്.

ഇതൊക്കെ നിലനിൽക്കേ എന്താണ് നമ്മുടെ ധർമം? കണ്ണടച്ച് എത്ര കാലം നമ്മൾ ഇരുട്ടിനെ സ്വയംവരിക്കും? പ്രതിപക്ഷപാർട്ടികൾ, സിവിൽ സമൂഹം, പൗരസമൂഹം തുടങ്ങിയവർ ഒറ്റക്കെട്ടായി ചേർന്നുനിന്നുള്ള ചെറുത്തുനിൽപ്പ് രാജ്യത്തിന്റെ ജനാധിപത്യഘടന നിലനിർത്തുന്നതിനായി ഉണ്ടാവേണ്ടതില്ലേ? അത് സാധ്യമാവണമെങ്കിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾച്ചേർത്തുകൊണ്ടുള്ള‍ ഒരു സിവിൽബോധം ഉണ്ടാവേണ്ടതുണ്ട്.

അല്ലാതെ, സ്ത്രീകളുടെ പക്ഷത്താണെന്ന് ഉദ്ഘോഷിക്കുകയും സ്ത്രീകൾക്ക് അധികാരം കൊടുക്കാൻ മടികാണിക്കുകയും ചെയ്യുന്നിടത്ത് ആത്മാഭിമാനമുള്ള ഏതു സ്ത്രീക്ക് ആത്മാർഥതയോടെ ഈ ജനാധിപത്യപ്രക്രിയയിൽ പങ്കുചേരാൻ കഴിയും? അധികാരക്കെറുവുള്ള പാട്രിയാർക്കിയുടെ എല്ലാ ഷോകളും ഏങ്കോണിച്ച ഒരു ചിരിയോടെ മാത്രമേ പകുതിയിലധികം വരുന്ന ഒരു ജനവിഭാഗത്തിന് ഉൾക്കൊള്ളാൻ കഴിയൂ എന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

Comments