The Opposition

ജനാധിപത്യത്തിലും ഭരണഘടനയിലും സെക്യുലറിസത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന പ്രതിപക്ഷത്തെ, ആ പ്രതിപക്ഷത്തിൻ്റെ പ്രാതിനിധ്യത്തെ രേഖപ്പെടുത്തുകയാണ് ട്രൂകോപ്പി തിങ്ക്വെബ്സീൻ പാക്കറ്റിൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കി. ജനാധിപത്യവിരുദ്ധമായ ഭരണപരിഷ്കാരങ്ങളും ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും ഭരണഘടനയേയും നിയമവ്യവസ്ഥയേയും അട്ടിമറിക്കാനുള്ള ശ്രമങ്ങളും കോർപ്പറേറ്റുകൾക്കുമുന്നിൽ കാഴ്ചവെച്ചു കഴിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥയും പൊളിറ്റിക്കൽ ഇക്കോണമിയുടേയും വർഗ്ഗീയതയുടേയും രാഷ്ട്രീയത്തിൻ്റെയും വിധ്വംസകമായ കൂട്ടുകെട്ടും ആർ.എസ്.എസിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്തം രാജ്യത്ത് നടപ്പാക്കാനുള്ള വർഗ്ഗീയ തന്ത്രങ്ങളും ഭരണഘടനാസ്ഥാപനങ്ങളുടേയും സർവ്വകലാശാലകളുടേയും സ്വയം നിർണയാവകാശത്തെ ഹനിക്കലും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിച്ച് സമാഗാധിപത്യ ഭരണകൂടം സ്ഥാപിക്കാനുള്ള ആഗ്രഹവുമാണ് ഇന്നത്തെ യൂണിയൻ സർക്കാരിൻ്റെ നിർവ്വചനം.

ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ, നരേന്ദ്ര മോദി സർക്കാർ പത്തു വർഷത്തെ തുടർ ഭരണത്തിനു ശേഷം തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ പത്തുവർഷം മുൻപുണ്ടായിരുന്ന ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് ഇന്ത്യൻ പ്രതിപക്ഷം തിരിച്ചറിയുന്നുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ അത് സ്വതന്ത്ര ഇന്ത്യയുടെ ബഹുസ്വരതയിലൂന്നിയ അടിത്തറയെ ഇല്ലാതാക്കുമെന്നും ഇന്ത്യയെന്ന ആശയം തന്നെ അവശേഷിക്കില്ലെന്നും പ്രതിപക്ഷം രാഷ്ട്രീയമായി മനസ്സിലാക്കുന്നുണ്ട്.

ജനാധിപത്യത്തിലും ഭരണഘടനയിലും സെക്യുലറിസത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ആ പ്രതിപക്ഷത്തെ, ആ പ്രതിപക്ഷത്തിൻ്റെ പ്രാതിനിധ്യത്തെ രേഖപ്പെടുത്തുകയാണ് ട്രൂകോപ്പി തിങ്ക്വെബ്സീൻ പാക്കറ്റിൽ. ഇതൊരു തുടക്കം മാത്രമാണ്. ഈ പ്രാതിനിധ്യം പൂർണവുമല്ല.

ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ എതിർ പക്ഷത്ത് നിൽക്കുന്ന എല്ലാ മുന്നേറ്റങ്ങളും ബി.ജെ.പി രാഷ്ട്രീയത്തിൻ്റെ വർഗ്ഗീയ സാമ്പത്തിക അജണ്ടയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ചതിൻ്റെ പേരിൽ ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന, മരിച്ചുപോയ, വർഷങ്ങളുടെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ നൂറുകണക്കിന് മനുഷ്യാവകാശ പ്രവർത്തകരും ഭയത്താൽ നിശ്ശബ്ദരാക്കപ്പെട്ടവരും പലതരം ജനകീയ മുന്നേറ്റങ്ങളും സമരങ്ങളും നിശ്ശബ്ദതയും രാഷ്ട്രീയ സങ്കടങ്ങളും നിസ്സഹായതകളും വർഗ്ഗീയതയുടെയും സാമ്പത്തിക നയങ്ങളുടേയും ഇരകളും പ്രതിപക്ഷത്തിൻ്റെ പ്രതിനിധികളാണ്. ആ പ്രാതിനിധ്യത്തെ രേഖപ്പെടുത്തൽ ജേണലിസത്തിൻ്റെ കർത്തവ്യമാണ് എന്ന് ട്രൂ കോപ്പി തിങ്ക് കരുതുന്നു.

ഈ ലിസ്റ്റ് തുടർച്ചയ്ക്കായുള്ള അവതരണം മാത്രമാണ്. ജനാധിപത്യ വിശ്വാസികൾക്ക് ഇതിൽ കൂട്ടിച്ചേർത്തൽ നടത്താം. പ്രതിപക്ഷമായി രാഷ്ട്രീയമായി നിലപാടെടുക്കുന്ന വായനക്കാർക്ക് ട്രൂകോപ്പി തിങ്കിൽ ഈ വിഷയത്തിൽ എഴുതുകയും ചെയ്യാം.

മനില സി. മോഹൻ,
എഡിറ്റർ ഇൻ ചീഫ്.

Comments