ഷാജഹാൻ മാടമ്പാട്ട്

ഭയപ്പെടുത്തുന്നവരും ഭയചകിതരും;
ഈ രണ്ടു കള്ളികളിലാണ് പൗരസഞ്ചയം

വർഗീയതയ്ക്കും മൂലധനാധിപത്യത്തിനുമെതിരെ ബോധ്യങ്ങൾ പ്രസരിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനുമാത്രമേ ഇന്ത്യയെ ദീർഘകാലാടിസ്ഥാനത്തിൽ വിമോചിപ്പിക്കാനാവൂ എന്ന വാദമുന്നയിക്കുകയാണ് ഷാജഹാൻ മാടമ്പാട്ട്.

മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിര്‍വചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നില്‍ക്കുന്ന മനുഷ്യര്‍ക്കു മുഴുവന്‍ നിരാശ തോന്നുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സംഘപരിവാര്‍ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ട്?

ഷാജഹാൻ മാടമ്പാട്ട്: സംഘപരിവാർ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെന്ന പച്ചപ്പരമാർത്ഥം - നമ്മുടെ സെക്യുലർ ഭരണഘടനയിൽ ഒരു ഭേദഗതിയും വരുത്താതെ തന്നെ - കണ്ടില്ലെന്നുനടിച്ച് നമുക്കിനി മുന്നോട്ടുപോകാനാവില്ല. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം - സുപ്രീംകോടതി അടക്കം - പൂർണമായി അവരുടെ വരുതിയിലായിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഹിന്ദുത്വയുടെ ജിഹ്വകളാണിന്ന്. ഹിന്ദുക്കളിൽ സിംഹഭാഗവും പ്രത്യക്ഷമായോ പരോക്ഷമായോ ഭൂരിപക്ഷ അധീശത്വയുക്തി ഉൾക്കൊള്ളുകയും പരമതവിദ്വേഷത്തിന്റെ വികാരങ്ങളെ ആന്തരീകരിക്കുകയും ചെയ്തുകഴിഞ്ഞു. രാജ്യത്തെ ഏറ്റവും നല്ല സർവകലാശാലകളിൽ പോലും ഒരു സംവാദവും സാധിക്കാത്തത്ര അസഹിഷ്ണുത നിലനിൽക്കുന്നു. ഭയമാണിന്ന് ഇന്ത്യയുടെ സ്ഥായീഭാവം. ഭയപ്പെടുത്തുന്നവരും ഭയചകിതരുമെന്ന രണ്ടു കള്ളികളിലേക്ക് പൗരസഞ്ചയം ക്രമീകരിക്കപ്പെട്ടുകഴിഞ്ഞു. ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന്റെ ഔദ്യോഗിക-ഔപചാരികപ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. അത് ആർ.എസ്.എസ് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന 2025- ൽ തീർച്ചയായും പ്രതീക്ഷിക്കാം.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ‘മുഖ്യ യജമാനനായി’ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?

ലോകമാസകലം ശക്തിപ്പെടുന്ന ഹിംസാത്മക വലതുപക്ഷ വ്യതിയാനത്തിന്റെ പൊതുപശ്ചാത്തലത്തിൽ ഇന്ത്യയുടെ അവസ്ഥ കാണുമ്പോൾത്തന്നെ, ഇന്ത്യൻ സാഹചര്യം കൂടുതൽ അപകടകരവും ഭീഷണവുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലെ വലതുപക്ഷകക്ഷികൾ മിക്കതും അടുത്തകാലത്ത് കൂണുപോലെ മുളച്ചുപൊന്തിയവയാണ്. ഇന്ത്യയിലാകട്ടെ ഹിന്ദുത്വം സംഘടനാപരമായി ഒരു നൂറ്റാണ്ടിന്റെ പഴക്കവും പ്രത്യയശാസ്ത്രപരമായി ഒന്നര നൂറ്റാണ്ടിന്റെ വേരോട്ടവുമുള്ള, സമൂഹഗാത്രത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിട്ടുള്ള ഒരു ഹിംസ്രബോധമാണ്. ഇക്കാലമത്രയും അത് കാലോചിതവും സന്ദർഭോചിതവുമായി - അതേ സമയം അടിസ്ഥാനലക്ഷ്യത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ - സ്വയം മാറിക്കൊണ്ടിരുന്നിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വത്തിന്റെ നിദർശനം മാത്രമായി ഇതിനെ കാണുന്ന നിരീക്ഷകർ വാസ്തവത്തിൽ ഹിന്ദുത്വയുടെ പ്രായോഗികമായ ഇലാസ്തികതയെ കാണാതെ പോവുന്നു. നാസി ജർമനിയോടും സയണിസ്റ്റ് ഇസ്രായേലിനോടും ഒരുപോലെ തീവ്രാനുരാഗം പുലർത്തുന്ന ലോകത്തെ ഏക പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം.

ബി ജെ പിക്ക് വോട്ടു ചെയ്യാത്ത 60 ശതമാനം കറകളഞ്ഞ മതനിരപേക്ഷവാദികളാണെന്ന നിഗമനത്തിലെത്തുന്നത് അബദ്ധമാണ്.

ബി ജെ പിക്ക് വോട്ടു ചെയ്യാത്ത 60 ശതമാനം കറകളഞ്ഞ മതനിരപേക്ഷവാദികളാണെന്ന നിഗമനത്തിലെത്തുന്നത് അബദ്ധമാണ്. ഇന്ത്യയുടെ ബഹുകക്ഷിരാഷ്ട്രീയത്തിന്റെ ഫലമായുള്ള ഒരു സംഗതി മാത്രമാണത്. ബി ജെ പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ ഹിന്ദുത്വയുടെ വിദ്വേഷ മനസ്സും പരമത മുൻവിധികളും പേറുന്ന ആളുകൾ എത്രയാണ്! സാമൂഹ്യമാധ്യമങ്ങളുടെ വരവുകൊണ്ടുണ്ടായ ഒരുഗുണം, ഉപചാരമര്യാദകളുടെ ബാഹ്യാവരണം ഇല്ലാതാവുകയും അതിനുപിന്നിൽ ഒളിച്ചിരുന്ന വിഷസഞ്ചികൾ മറയില്ലാതെ നിർഗളിക്കുകയും ചെയ്തുവെന്നതാണ്. ഇന്നത്തെ അവസ്ഥയിൽ ഇന്ത്യ അതിന്റെ ആത്മാവിനെ, സ്ഥാപകയുക്തിയെ, ബഹുസ്വര പൈതൃകധന്യതയെ എളുപ്പം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ ഞാൻ പങ്കിടുന്നില്ല. അതേസമയം, രാഷ്ട്രീയം ആശയുടെ കല കൂടിയാണ്. എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതി മൗനത്തിലേക്കും നിഷ്ക്രിയതയിലേക്കും സംക്രമിക്കുക ഒളിച്ചോട്ടമാണ്. മഹത്വമാർന്ന ഒരു രാജ്യത്തെ വിധ്വംസകരിൽനിന്ന് തിരിച്ചുപിടിക്കാനും നമ്മുടെ ബഹുസ്വരതയെ വീണ്ടെടുക്കാനുമുള്ള പോരാട്ടം നാം തുടരുകതന്നെ വേണം. ഗോഡ്‌സെയിൽനിന്ന് ഗാന്ധിയിലേക്കും ഗോൾവാൾക്കറിൽ നിന്ന് നെഹ്‌റുവിലേക്കുമുള്ള മഹാദൂരം തിരിച്ചുനടക്കുന്നത് അത്ര എളുപ്പമല്ല എന്നുമാത്രമാണ് പറയുന്നത്.

മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?

ഇതിനുത്തരം പറയുന്നതിനുമുമ്പ് ഒരു കാര്യത്തിൽ വ്യക്തത അനിവാര്യമാണ്. രാഷ്ട്രീയത്തെ മൂല്യനിരപേക്ഷമായ, ആദർശശൂന്യമായ, സംഖ്യകളുടെയും ജാതി- മത സമവാക്യങ്ങളുടെയും കസർത്തുകളിയായി അവതരിപ്പിക്കുന്ന പ്രശാന്ത് കിഷോർമാരുടെ രാഷ്ട്രീയബോധമാണോ നമുക്കാവശ്യം? ശിവസേനയുമായി ചേർന്ന് സെക്യുലറിസം സംരക്ഷിക്കുന്ന അശ്ലീലമാണോ സംഘ്പരിവാറിനെതിരിൽ നാം പുലർത്തേണ്ട നൈതികത? ഇന്ന് പൊതുവെ എല്ലാവരും ഇത്തരം ക്ഷണികരാഷ്ട്രീയയുക്തിയിലാണ് അഭിരമിക്കുന്നത്.

ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ. എത്രയോ കാലം കോൺഗ്രസിൽ ഉന്നതപദവികൾ വഹിച്ച ഈ നേതാവ് ബി ജെ പിയിൽ ചേർന്ന നാൾ മുതൽ യോഗി ആദിത്യനാഥിനെപ്പോലും ‘നിഷ്പ്രഭ’നാക്കുന്നത്ര ആഭാസകരമായ വർഗീയവിദ്വേഷമാണ് വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിക്കുന്നത്.

രാമക്ഷേത്രപ്രാണപ്രതിഷ്ഠാനാടകത്തോട് കോൺഗ്രസടക്കം മിക്ക പ്രതിപക്ഷകക്ഷികളും സ്വീകരിച്ച ‘പ്രായോഗിക’ രാഷ്ട്രീയം നോക്കുക. ഇത് ചിലപ്പോൾ താൽക്കാലികനേട്ടത്തിന് കാരണമായേക്കാം. പക്ഷെ ഇതിന്റെ മറുവശം എന്താണ്? പതിറ്റാണ്ടുകൾ കോൺഗ്രസിൽ ഉണ്ടായിരുന്ന ആളുകൾ ഒരു സുപ്രഭാതത്തിൽ ബി ജെ പിയിൽ ചേർന്ന് കടുത്ത വർഗീയപാഷാണം ഛർദ്ദിക്കുന്നത് ഈ അടുത്തകാലത്ത് സർവസാധാരണമാണ്. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് എത്രയോ കാലം കോൺഗ്രസിൽ ഉന്നതപദവികൾ വഹിച്ച നേതാവാണ്. ബി ജെ പിയിൽ ചേർന്ന നാൾ മുതൽ യോഗി ആദിത്യനാഥിനെപ്പോലും ‘നിഷ്പ്രഭ’നാക്കുന്നത്ര ആഭാസകരമായ വർഗീയവിദ്വേഷമാണയാൾ വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിക്കുന്നത്. ഇത് തരുന്ന പാഠമെന്താണ്?

ഫാഷിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ധർമിക നൈതികഉള്ളടക്കമുള്ള ഒരു രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. അതുപോലും പതിറ്റാണ്ടുകൾ നീളുന്ന പോരാട്ടത്തിലൂടെ മാത്രമേ വിജയത്തിലെത്തുകയുള്ളൂ.

പ്രത്യയശാസ്ത്ര - ആദർശ ഉള്ളടക്കം പൂർണമായും നഷ്ടപ്പെട്ട ഒരു രാഷ്ട്രീയസംസ്കാരത്തിന്റെ സ്വാഭാവികമായ ഉപോല്പന്നങ്ങളാണ് ഹിമന്ത ബിശ്വാസും മിലിന്ദ് ദിയോറയുമൊക്കെ. നമ്മുടെ രാഷ്ട്രീയം മൂല്യനിർലേപതയെ ആഘോഷിക്കുന്നേടത്തോളം ബി ജെ പിയെ തോൽപ്പിക്കാനാവില്ല. വർഗീയതയ്ക്കും മൂലധനാധിപത്യത്തിനുമെതിരെ ബോധ്യങ്ങൾ പ്രസരിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനുമാത്രമേ ഇന്ത്യയെ ദീർഘകാലാടിസ്ഥാനത്തിൽ വിമോചിപ്പിക്കാനാവൂ. താൽക്കാലിക ഫോർമുലകൾ കൊണ്ട് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പണി മാത്രമേ സാധ്യമാവൂ. നാസി ജർമനിയെ തോൽപ്പിക്കാൻ ഒരു ലോകമഹായുദ്ധം വേണ്ടിവന്നു. ഫാഷിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ധർമിക നൈതികഉള്ളടക്കമുള്ള ഒരു രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. അതുപോലും പതിറ്റാണ്ടുകൾ നീളുന്ന പോരാട്ടത്തിലൂടെ മാത്രമേ വിജയത്തിലെത്തുകയുള്ളൂ. മനുഷ്യചരിത്രത്തിലെ ഏറ്റവും ഗാർഹണീയമായ, ക്രൂരമായ, കനിവിന്റെ ഒരംശം പോലുമില്ലാത്ത ഒരു ശക്തിയോടാണ് നമുക്ക് പോരാടാനുള്ളത്.

Comments