വിപ്ലവപ്പോരാട്ടങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഏറെ കണ്ട കൊൽക്കത്ത നഗരം ഒക്ടോബർ 31 ന് തികച്ചും നവീനമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കോളേജ് സ്ക്വയറിലെ ഈശ്വരചന്ദ്ര വിദ്യാസാഗർ പ്രതിമയുടെ മുന്നിൽ നിന്ന് ആയിരക്കണക്കിന് മനുഷ്യർ പുസ്തകങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധത്തിൻ്റെ പുതിയൊരു മാതൃക സൃഷ്ടിച്ചു. 'Walk for Books' എന്ന ബാനർ ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച റാലിയിൽ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ള മനുഷ്യർ ഉണ്ടായിരുന്നു.
കാൾ മാർക്സിൻ്റെ ‘മൂലധനം’, ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’, ഇന്ത്യൻ ഭരണഘടന, ടാഗോറിൻ്റെ ‘ഗോറ’, ശരത് ചന്ദ്രചാറ്റർജിയുടെ ‘ശേഷപ്രശ്നം’, ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ, ഖുദിറാം ബോസിൻ്റെ ജീവചരിത്രം, നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജീവിതകഥകൾ, ഭഗത് സിംഗിൻ്റെ ജയിൽ ഡയറി തുടങ്ങി നൂറുകണക്കിന് പുസ്തകങ്ങളിലൂടെ വിജ്ഞാനതൃഷ്ണയെ, സ്വാതന്ത്ര്യദാഹത്തെയാണ് ജനസഞ്ചയം പ്രകാശിപ്പിച്ചത്.
10 കോടി പുസ്തകങ്ങളാണ് നാസി ഭരണത്തിൽ നശിപ്പിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിൽ മാത്രം ലൈബ്രറികൾ നശിപ്പിച്ച വകയിൽ നഷ്ടപ്പെട്ടത് 17.57 കോടി പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും പുരാരേഖകളുമാണ്.
ദുർഗ്ഗാപൂജയുടെ ആഴ്ചകളിൽ നൂറുകണക്കിന് ബുക്സ്റ്റാളുകളാണ് കൊൽക്കത്ത നഗരത്തിൽ പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകളായി വിവിധ സംഘടനകളും വ്യക്തികളുമൊക്കെ പുസ്തകവിൽപ്പന നടത്തിവരുന്നതാണ്. ഉത്സവത്തിനെത്തുന്ന ജനങ്ങൾ പുസ്തകങ്ങൾ വാങ്ങുകയും ചെയ്യുന്നു. പലതരം പുസ്തകങ്ങളോടൊപ്പം ഇടതുപക്ഷ ഉള്ളടക്കമുള്ള പുസ്തകങ്ങളും പുസ്തകശാലകളിൽ വിൽക്കും. കഴിഞ്ഞുപോയ ദുർഗ്ഗാപൂജ ഉത്സവങ്ങളിൽ പുസ്തകശാലകൾക്കുനേരെ സംഘപരിവാർ സംഘടനകൾ അക്രമം അഴിച്ചുവിട്ടു. ദുർഗ്ഗാപൂജ ഹിന്ദുക്കളുടെ ഉത്സവമാണെന്നും അവിടെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുടെ വിൽപ്പന അനുവദിക്കില്ലെന്നും ബി ജെ പി മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിക്കുകയും സംഘപരിവാർ സംഘടനകൾ പുസ്തകശാലകൾക്കുനേരെ വ്യാപകമായി ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.

"അവർ മാതാപിതാക്കളുടെ മരണശേഷം ശ്രാദ്ധ ചടങ്ങുകൾ നടത്തുന്നില്ല. അവർ കാൾ മാർക്സിനെയും ലെനിനെയും കുറിച്ച് സംസാരിക്കുകയും അവരുടെ പുസ്തകങ്ങൾ ഇവിടെ വിൽക്കുകയും 'ദിമാഗി നക്സലുകളെ' സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ രാഷ്ട്രത്തെ ദ്രോഹിക്കുകയും അതിനെ വിഭജിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, അവരെ ഇന്ത്യയിൽ തുടരാൻ ഞങ്ങൾ അനുവദിക്കില്ല. പുസ്തകശാലകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല," തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അർജുൻ സിംഗ് പറഞ്ഞു.
പുസ്തകങ്ങളുടെ സ്വാധീനശക്തി തിരിച്ചറിയുന്നതിനാലാണ് സംഘപരിവാർ ശക്തികൾ അവ നശിപ്പിക്കാൻ ഒരുമ്പെടുന്നത്. എന്നാൽ, പുസ്തകങ്ങൾക്ക് അസാധാരണമായ അതിജീവനക്ഷമത ഉണ്ടെന്നതാണ് ചരിത്രസത്യം.
ബംഗാൾ മുഖ്യമന്ത്രിയും മന്ത്രിമാരും സംഘപരിവാർ നേതാക്കന്മാരുമൊക്കെ വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി അണികളെ ഇളക്കി വിടുകയും 292 പുസ്തകശാലകൾ തകർക്കുകയും ചെയ്തെങ്കിലും സംഘപരിവാർ ആക്രമണമുണ്ടായ ഇടങ്ങളിലെല്ലാം കൂടുതൽ പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് ജനങ്ങൾ പ്രതിഷേധിക്കുകയാണുണ്ടായത്. സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് തീരെ പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പാണ് ജനങ്ങളിൽ നിന്നുണ്ടായത്. അതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം കോളേജ് സ്ട്രീറ്റിൽ നടന്ന പുസ്തക റാലി.

‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ... പുത്തനൊരായുധമാണ് നിനക്കത് , പുസ്തകം കൈയിലെടുത്തോളൂ...'- ജർമ്മൻ നാടകകൃത്തായ ബ്രഹ്തോൾ ബ്രെഹ്തിൻ്റെ Mother Courage and Her Children എന്ന വിഖ്യാത നാടകത്തിലെ വാക്കുകളാണിത്. എല്ലാക്കാലത്തും പുസ്തകം മനുഷ്യമനസ്സുകളെ ആർദ്രമാക്കുന്ന, അനീതിയ്ക്കെതിരെ പ്രതിരോധമുയർത്തുന്ന ആയുധമാണ്. മനുഷ്യരെ ഏകോപിപ്പിക്കുന്ന, സമഭാവന ഉണർത്തുന്ന, ആദർശവും മൂല്യങ്ങളും പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ ഫാഷിസ്റ്റുകൾ ഭയപ്പെടുന്നു എന്നതാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
10 കോടി പുസ്തകങ്ങളാണ് നാസി ഭരണത്തിൽ നശിപ്പിക്കപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിൽ മാത്രം ലൈബ്രറികൾ നശിപ്പിച്ച വകയിൽ നഷ്ടപ്പെട്ടത് 17.57 കോടി പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും പുരാരേഖകളുമാണ്. പുസ്തകങ്ങളുടെ ‘വംശഹത്യ’ അഥവാ ലിബ്രിസൈഡ് (libricide) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ജെ. പ്രഭാഷിൻ്റെ 'പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും’ എന്ന പുസ്തകത്തിൽ, നാസി ജർമ്മനിയിൽ പുസ്തകദഹനം ആരംഭിച്ചതിനെപ്പറ്റി വിശദീകരിക്കുന്ന ഒരദ്ധ്യായമുണ്ട്.
'നാസി ജർമനിയിൽ പുസ്തകം തീയിടുന്ന ഏർപ്പാട് ആരംഭിച്ചത് 1933 മേയ് പത്തിനാണ്. ഇതിനു തിരഞ്ഞെടുത്ത നഗരം ബെർലിനും. വലിയൊരു തടിക്കൂടാരത്തിൽ ഏതാണ്ട് ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങൾ നിറച്ച് അഗ്നിക്കിരയാക്കി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആർത്തുവിളിച്ച ഒരു വലിയ ജനസഞ്ചയത്തെ (ഉദ്ദേശം ഒരു ലക്ഷം പേർ വരുമെന്ന് കണക്കാക്കപ്പെടുന്നു) സാക്ഷിനിർത്തി നടത്തിയ ഈ നൃശംസകൃത്യം ഉദ്ഘാടനം ചെയ്തത് അഡോൾഫ് ഹിറ്റ്ലറുടെ പബ്ലിക് റിലേഷൻസ് മന്ത്രി ജോസഫ് ഗീബൽസായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. 'ഭൂതകാലത്തിന്റെ മാലിന്യത്തെ അഗ്നിയിലേക്ക് വലിച്ചെറിയുകവഴി നിങ്ങൾ ഈ രാവിൽ ഒരു സദ്കർമ്മത്തിനു തുടക്കം കുറിച്ചിരിക്കുന്നു. പഴയ കാലത്തിന്റെ ചിത കത്തിയമരുന്നു. അതിൽനിന്ന് പുതിയ യുഗപ്പിറവിയുടെ ഫീനിക്സ് പക്ഷി പറന്നുയരാൻ തുടങ്ങുന്നു...'- ഇങ്ങനെ പോയി അദ്ദേഹത്തിന്റെ ഉദ്ഘാടനപ്രസംഗം.
സാമൂഹ്യ മുന്നേറ്റങ്ങളിൽ, പരിവർത്തനങ്ങളിൽ പുസ്തകങ്ങൾ വഹിച്ച പങ്ക് തിരിച്ചറിയുന്നവരാണ് ഫാഷിസ്റ്റുകൾ. അനീതിയെ ചോദ്യം ചെയ്യാനുള്ള അറിവ് ആളുകളിലേയ്ക്ക് സന്നിവേശിപ്പിക്കപ്പെടുന്നതിൽ പുസ്തക വായനയോളം പോന്ന മറ്റെന്തെങ്കിലും മാധ്യമം ഉണ്ടോയെന്ന് സംശയമാണ്.
അനേകായിരം എഴുത്തുകാർ, അനേകലക്ഷം പുസ്തകങ്ങളിലൂടെ മനുഷ്യമനസ്സുകളെ വിമലീകരിക്കുന്ന സേവനം തുടർന്നു കൊണ്ടേ ഇരിക്കുന്നു. അവരുടെ കൃതികൾ ലോകജനതയുടെ കാഴ്ചപ്പാടുകൾ മാറ്റിമറിക്കുന്നതിനും വലിയ സാമൂഹ്യ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും പ്രേരകമായി.

പുസ്തകങ്ങളുടെ സ്വാധീനശക്തി തിരിച്ചറിയുന്നതിനാലാണ് സംഘപരിവാർ ശക്തികൾ അവ നശിപ്പിക്കാൻ ഒരുമ്പെടുന്നത്. എന്നാൽ, പുസ്തകങ്ങൾക്ക് അസാധാരണമായ അതിജീവനക്ഷമത ഉണ്ടെന്നതാണ് ചരിത്രസത്യം. എ.ഡി. 1543-ൽ കോപ്പർ നിക്കസ് രചിച്ച 'On Revolutions of Heavenly Spheres' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മനുഷ്യന്റെ കാഴ്ചപ്പാടിൽ വമ്പിച്ചൊരു വിപ്ലവം തന്നെ നടന്നു എന്നുപറയാം. അതുവഴി ആധുനിക വൈജ്ഞാനിക വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി. ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചത്തിൻ്റെ കേന്ദ്രമെന്ന് ലോകത്താദ്യമായി ആ പുസ്തകത്തിലൂടെ കോപ്പർ നിക്കസ് പ്രഖ്യാപിച്ചു. എന്നാൽ, കത്തോലിക്ക സഭ പുസ്തകം നിരോധിക്കുകയും പ്രസ്തുത ആശയത്തെ അധികാരബലം കൊണ്ട് അടിച്ചമർത്തുകയും ചെയ്തു. പക്ഷേ, ജിയനാർഡോ ബ്രൂണോയിലൂടെ ഗലീലിയോ ഗലീലിയിലൂടെ സൗരകേന്ദ്രിത സിദ്ധാന്തം സ്ഥാപിക്കപ്പെടുന്നതാണ് പിന്നീട് കാണുന്നത്. 1835- ൽ സഭയ്ക്ക് പുസ്തകനിരോധനം നീക്കേണ്ടിവന്നു. കോപ്പർ നിക്കസിൻ്റെ സൗരകേന്ദ്രിത സിദ്ധാന്തത്തിൻ്റെ പ്രചാരകൻ ആയെന്നതുകൊണ്ട് സഭ ജീവനോടെ ചുട്ടെരിച്ച ബ്രൂണോ, മരണമുനമ്പിൽ നിന്നുകൊണ്ട് പ്രഖ്യാപിക്കുകയുണ്ടായി: "ഭൂരിപക്ഷം പേരും വിശ്വസിക്കുന്നുവോ, ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ സത്യം സത്യമല്ലാതാകുന്നില്ല."
പുസ്തകങ്ങളെയും ആശയങ്ങളെയും ചുട്ടെരിക്കാൻ ശ്രമിക്കുന്നവരോട് ഇന്ത്യൻ ജനത ആവർത്തിക്കുന്നതും ബ്രൂണോയുടെ വാക്കുകളാണ്.

