ഇന്ത്യയിൽ ഒരു പരീക്ഷ റദ്ദാക്കപ്പെടുന്നത് വെറുമൊരു വാർത്തയല്ല, മറിച്ച് ലക്ഷക്കണക്കിന് മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വലിയൊരു ദുരന്തമാണ്. ഒന്നര ലക്ഷത്തോളം സീറ്റുകൾക്കായി ഇരുപത് ലക്ഷത്തോളം പേർ മത്സരിക്കുന്ന ഒരു രാജ്യത്ത്, പരീക്ഷ എന്നത് കേവലമൊരു മാർക്ക് ഇടൽ മാത്രമല്ല; അതൊരു അതിജീവന പോരാട്ടമാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും, വർഷങ്ങളോളം ട്യൂഷൻ സെന്ററുകളിൽ ഉറക്കമിളച്ച് കഷ്ടപ്പെട്ടതിന്റെ ഫലവുമാണത്. അതുകൊണ്ടുതന്നെ, 2026 മേയിൽ നടന്ന ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (NEET) ചോദ്യപേപ്പർ ചോർച്ചയെയും വ്യാപകമായ ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കപ്പെട്ടപ്പോൾ, അതിനെ വെറുമൊരു ഭരണപരമായ വീഴ്ചയായി കണ്ടുതള്ളാൻ ആർക്കും കഴിഞ്ഞില്ല. തുടർദിവസങ്ങളിൽ അനവധി വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന ദാരുണ സാഹചര്യത്തിലേക്ക് നയിച്ച ആ ചോദ്യപേപ്പർ ചോർച്ച, ഒടുവിൽ ഒരു വലിയ തലമുറയുടെ തന്നെ വിശ്വാസ്യതയുടെ തകർച്ചയായി മാറുകയായിരുന്നു. ഈ അണപൊട്ടിയ അമർഷത്തിൽ നിന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന വിചിത്രമായ പേരുള്ള കൂട്ടായ്മ ജന്മമെടുക്കുന്നത്. അഭിജിത് ദീപ്കെ എന്ന യുവാവ് തുടക്കമിട്ട ഈ പ്രസ്ഥാനത്തിന് പരമ്പരാഗത വിദ്യാർത്ഥി യൂണിയനുകളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ യാതൊരു ഘടനയുമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയും വാമൊഴി പ്രചാരണത്തിലൂടെയും ദിവസങ്ങൾക്കകം ഇത് ദേശീയ ശ്രദ്ധ നേടിയൊരു വലിയ മുന്നേറ്റമായി വളർന്നു. 'കോക്രോച്ച്' (പാറ്റ) എന്ന പേര് തന്നെ ഏറെ അർത്ഥവത്താണ് എത്ര ചവിട്ടിയരച്ചാലും അതിജീവിക്കുന്ന, ഇരുട്ടിൽ ഒളിഞ്ഞിരുന്ന് പെട്ടെന്ന് പെരുകുന്ന ഒരു ജീവിയെ തങ്ങളുടെ പ്രതീകമായി തിരഞ്ഞെടുത്തതിന് പിന്നിൽ വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്: അധികാരം എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാത്ത യുവജനവീര്യത്തിന്റെ പരസ്യമായ പ്രഖ്യാപനമായിരുന്നു അത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രതിഷേധക്കാർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുക, പരീക്ഷാ ക്രമക്കേടുകൾ മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക ഇതായിരുന്നു CJP മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന ഈ ആവശ്യങ്ങൾക്കു പിന്നിൽ, യഥാർത്ഥത്തിൽ ഇന്ത്യയിലെ പരീക്ഷാകേന്ദ്രീകൃത വിദ്യാഭ്യാസ വ്യവസ്ഥയോടും അതിനെ നിയന്ത്രിക്കുന്ന ബഹുകോടി രൂപയുടെ സ്വകാര്യ കോച്ചിംഗ് വ്യവസായത്തോടുമുള്ള ആഴത്തിലുള്ള അവിശ്വാസവും അമർഷവുമാണ് ഒളിഞ്ഞിരുന്നത്.
ജൂലൈ 20, തിങ്കളാഴ്ച, പതിനായിരക്കണക്കിന് യുവാക്കളാണ് ന്യൂഡൽഹിയിലെ പാർലമെന്റ് ലക്ഷ്യമാക്കി ഇരച്ചെത്തിയത്. ഭരണകൂടത്തിന്റെ മറുപടി പതിവുപോലെ കണ്ണീർവാതകത്തിലും ലാത്തിച്ചാർജിലുമൊതുങ്ങി, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, അടിച്ചമർത്തലുകൾ പ്രതിഷേധത്തെ കെടുത്തിക്കളയില്ല, മറിച്ച് ആളിക്കത്തിക്കുകയേ ഉള്ളൂ എന്ന ചരിത്രസത്യമാണ് പിന്നീട് കണ്ടത്. ഡൽഹിക്ക് പുറമേ പന്ത്രണ്ടിലധികം നഗരങ്ങളിലേക്ക് പ്രക്ഷോഭം അതിവേഗം പടർന്നുപിടിച്ചു. കേവലമൊരു പരീക്ഷാ ചോർച്ചയിൽ തുടങ്ങിയ ഈ രോഷം, അധികം വൈകാതെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെയും യുവജന അവകാശങ്ങളെയും കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളിലേക്ക് വളരുകയായിരുന്നു.

ഇന്ത്യൻ പ്രതിഷേധ ചരിത്രത്തിൽ ജന്തർ മന്തർ എന്നത് പുതിയൊരിടമല്ല, മറിച്ച് പതിറ്റാണ്ടുകളായി നിരവധി പോരാട്ടങ്ങൾക്ക് ഈ തെരുവ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ അവിടെ കണ്ടത് വേറിട്ടൊരു കാഴ്ചയായിരുന്നു. രാഷ്ട്രീയമായി അധികം സംഘടിതരല്ലാത്ത, കോളേജ് ക്യാമ്പസുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും ഇടയിൽ ജീവിതം ഹോമിച്ചിരുന്ന ഒരു തലമുറ പെട്ടെന്നൊരു ശക്തമായ രാഷ്ട്രീയ ശക്തിയായി രൂപാന്തരപ്പെടുകയായിരുന്നു. പോലീസ് നടപടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാട്ടുതീ പോലെ പടർന്നത്, കൂടുതൽ യുവാക്കളെ തെരുവിലേക്ക് എത്തിക്കാനും സമരത്തിന് വീര്യമേറ്റാനും വലിയൊരു ഘടകമായി മാറി. ഈ പ്രക്ഷോഭത്തിന് ഒരു മുഖമുണ്ടായിരുന്നെങ്കിൽ, അത് സോനം വാങ്ചുകിന്റേതായിരുന്നു. ലഡാക്കിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ അദ്ദേഹം ജൂൺ 28-ന് ആരംഭിച്ച നിരാഹാര സമരം 26 ദിവസമാണ് നീണ്ടുനിന്നത്. ഇതിനിടെ അദേഹത്തിന്റെ ശരീരഭാരം 11 കിലോഗ്രാമോളം കുറഞ്ഞു. ജൂലൈ പകുതിയോടെ പോലീസെത്തി അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ബലമായി ആശുപത്രിയിലേക്ക് മാറ്റിയത്, വിരോധാഭാസമെന്നു പറയട്ടെ, പ്രതിഷേധത്തിന് കൂടുതൽ ആവേശം പകരുകയാണ് ചെയ്തത്. മുതിർന്നൊരു ആക്ടിവിസ്റ്റിന് നേരെയുണ്ടായ പോലീസ് നടപടി, ഭരണകൂടത്തിന്റെ ധാർമ്മിക പരാജയമായാണ് 'ജനറേഷൻ Z' കണ്ടത്. ഒടുവിൽ, എം.പിമാരുടെ അഭ്യർത്ഥനയും ക്രമസമാധാനം ഉറപ്പാക്കാനുള്ള ചർച്ചകളും കണക്കിലെടുത്ത് ജൂലൈ 24-നാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. സ്വന്തം നാടായ ലഡാക്കിന് ഭരണഘടനാ പദവിയും ആറാം പട്ടിക സംരക്ഷണവും നൽകണമെന്ന ദീർഘകാല ആവശ്യം കൂടിയാണ് ഈ സമരപ്പന്തലിൽ ഉയർത്തിപ്പിടിച്ചതിലൂടെ, വ്യത്യസ്തമായ രണ്ട് പോരാട്ട ഭൂമികകളെ ഒരൊറ്റ ശരീരത്തിലൂടെ കൂട്ടിയിണക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ, ജൂലൈ 25 ശനിയാഴ്ച ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളെയും വികാരങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. രാജി പ്രഖ്യാപനത്തിന് പിന്നാലെ, തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ച് CJP സമരം അവസാനിപ്പിച്ചു. അന്തരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പരമാവധി സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് സർക്കാരും CJP നേതൃത്വവും സംയുക്തമായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാന്റെ രാജിയെ സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമെന്ന് വിശേഷിപ്പിച്ച സോനം വാങ്ചുക്, ഭയങ്ങളെ കുടഞ്ഞെറിഞ്ഞ് മുന്നോട്ടുവന്ന യുവതലമുറയ്ക്ക് നന്ദി അർപ്പിച്ചു. അതേ രാത്രി ജന്തർ മന്തറും പാർലമെന്റ് സ്ട്രീറ്റും ശാന്തമാവുകയും അധികൃതർ ചുവരെഴുത്തുകൾ മായ്ച്ചുതുടങ്ങുകയും ചെയ്തെങ്കിലും, തങ്ങളുടെ പോരാട്ടം ഇവിടെ പൂർണ്ണമാകുന്നില്ലെന്ന് CJP സ്ഥാപകൻ അഭിജിത് ദിപ്കെ പറഞ്ഞു.
എന്നാൽ, ഒരു മന്ത്രി രാജിവെച്ചു എന്നതുകൊണ്ട് മാത്രം വിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ തീരുന്നില്ല. പരീക്ഷാ രീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ, കോച്ചിംഗ് സെന്ററുകളുടെ ചൂഷണം, രൂക്ഷമായ തൊഴിലില്ലായ്മ, പഠന സൗകര്യങ്ങളിലെ വേർതിരിവുകൾ, ലഡാക്കിന്റെ പ്രത്യേക പദവി എന്നിവയൊക്കെ ഇനിയും പരിഹരിക്കപ്പെടാൻ കിടക്കുകയാണ്. ഒരാളുടെ രാജി സന്തോഷത്തോടെ ആഘോഷിക്കാം; പക്ഷേ, തകരാറിലായ ഒരു വ്യവസ്ഥിതിയെ നന്നാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതേസമയം, സോനം വാങ്ചുകിന്റെ സാന്നിധ്യമാണ് ഈ സമരത്തെ കേവലമൊരു വിദ്യാർത്ഥി പ്രതിഷേധം എന്നതിൽ നിന്ന് മാറ്റിയെടുത്തത്. ലഡാക്കിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടവും, NEET വിദ്യാർത്ഥികളുടെ ആവശ്യങ്ങളും തമ്മിൽ ഒറ്റനോട്ടത്തിൽ ബന്ധമില്ലെന്ന് തോന്നാം. എന്നാൽ രണ്ടും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമില്ലായ്മക്കെതിരെയുള്ള ചോദ്യങ്ങളായിരുന്നു. ഒരു ദേശീയ പരീക്ഷയിലെ ചോർച്ചയും ഒരു പ്രദേശത്തോടുള്ള അവഗണനയും ഒരേ തെറ്റിന്റെ ഭാഗമാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് വാങ്ചുകിനെ ഒരു രാജ്യശ്രദ്ധയുള്ള നേതാവാക്കി മാറ്റിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വിദ്യാർത്ഥി സമരങ്ങൾ പുതിയൊരു സംഭവമല്ല. 1970-കളിൽ ഗുജറാത്തിൽ നടന്ന 'നവനിർമ്മാൺ' പ്രക്ഷോഭമാണ്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ സമഗ്ര വിപ്ലവവുമായി ഇറങ്ങിത്തിരിക്കാൻ ജയപ്രകാശ് നാരായണന് ഊർജ്ജമായത്. ആ സമരം പിന്നീട് രാജ്യത്ത് അടിയന്തരാവസ്ഥയിലേക്കും ഇന്ദിരാഗാന്ധിയുടെ തോൽവിയിലേക്കും വരെ കാര്യങ്ങളെത്തിച്ചു. എന്നാൽ, തുടക്കത്തിൽ വലിയ ബഹളത്തോടെ തുടങ്ങി, പിന്നീട് ഒരു അടയാളവും ബാക്കിവെക്കാതെ ഇല്ലാതായിപ്പോയ പ്രക്ഷോഭങ്ങളും ചരിത്രത്തിലുണ്ട്. അതിനാൽ, ഈ സി.ജെ.പി (CJP) സമരം ഇതിൽ ഏത് വിഭാഗത്തിലാണ് പെടുക എന്ന് ഇപ്പോൾ പറയാനാവില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, രാഷ്ട്രീയ പാർട്ടികളുടെയോ ക്യാമ്പസ് യൂണിയനുകളുടെയോ സഹായമില്ലാതെ, സോഷ്യൽ മീഡിയയിലൂടെ അതിവേഗം ആളുകളെ സംഘടിപ്പിക്കുന്ന ഒരു പുതിയ രീതിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കൃത്യമായൊരു ഒറ്റ നേതാവില്ലാതെ തന്നെ ഇത്രയും വേഗത്തിൽ ഒന്നിച്ച് മുന്നേറുന്ന ഈ മാതൃക, ലോകമെമ്പാടും കണ്ടുവരുന്ന 'Gen Z' (പുതിയ തലമുറ) പ്രക്ഷോഭങ്ങളുടെ ഇന്ത്യൻ രൂപമാണ്. നരേന്ദ്ര മോദി സർക്കാരിന് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ സമരമെന്നും, ഭരണകൂടത്തിന്റെ കരുത്തുറ്റ പ്രതിച്ഛായയ്ക്ക് ഇത് കനത്ത തിരിച്ചടിയുണ്ടാക്കി എന്നും നിരീക്ഷകർ കരുതുന്നു.
1970-ലെ നവനിർമ്മാൺ സമരവും 2026-ലെ സി.ജെ.പി സമരവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. അന്ന് വിദ്യാർത്ഥികളെ തെരുവിലിറക്കിയത് വിലക്കയറ്റവും അഴിമതിയുമായിരുന്നു, സംഘടിപ്പിച്ചത് പാർട്ടി യൂണിയനുകളുമായിരുന്നു. എന്നാൽ ഇന്നിവിടെ ഒരു ഹാഷ്ടാഗിലും മൊബൈൽ സ്ക്രീനിലും തുടങ്ങിയ രോഷമാണ് ദിവസങ്ങൾക്കകം ഒരു വലിയ ദേശീയ പ്രസ്ഥാനമായി മാറിയത്. ഇതൊരു സാങ്കേതിക മാറ്റം മാത്രമല്ല, സമരങ്ങളുടെ ശൈലി തന്നെ മാറിയതിന്റെ തെളിവാണ്. ഇത്തരം സമരങ്ങളിൽ പ്രധാനപ്പെട്ട ഒരു നേതാവിനെ മാത്രം അറസ്റ്റ് ചെയ്ത് പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഭരണകൂടത്തിന് കഴിയില്ല. എന്നാൽ അതേസമയം, ഒരു കൃത്യമായ സംഘടന ഇല്ലാത്തതിനാൽ ഇത്തരം സമരങ്ങൾക്ക് ദീർഘകാലം നിലനിൽപ്പ് ഉണ്ടാക്കിയെടുക്കുക എളുപ്പവുമല്ല. സി.ജെ.പി പോലുള്ള പ്രസ്ഥാനങ്ങളുടെ കരുത്തും ബലഹീനതയും ഇതുതന്നെയാണ്. അടുത്തകാലത്തായി ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെല്ലാം നമ്മൾ ഒരു പുതിയ മാറ്റം കണ്ടുവരുന്നുണ്ട്: കൃത്യമായ ഒരു നേതാവില്ലാതെ, സോഷ്യൽ മീഡിയയിലൂടെ പെട്ടെന്ന് ഒത്തുചേർന്ന്, അഴിമതിക്കും സാമ്പത്തിക പ്രതിസന്ധികൾക്കുമെതിരെ പോരാടുന്ന ഒരു പുതിയ തലമുറയുടെ പ്രക്ഷോഭങ്ങൾ. ചില രാജ്യങ്ങളിൽ സർക്കാരുകളെപ്പോലും താഴെയിറക്കാൻ ഈ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞു; എന്നാൽ ചിലയിടങ്ങളിൽ ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് സർക്കാർ സമരങ്ങളെ തണുപ്പിച്ചു നിർത്തി. ഈയൊരു ആഗോള രീതി വെച്ചുനോക്കുമ്പോൾ, ഇന്ത്യയിലെ CJP സമരത്തിന്റെ പ്രത്യേകത വ്യക്തമാകും. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ കരുത്തുകൊണ്ട്, സമരക്കാരെ പൂർണ്ണമായി അടിച്ചമർത്തുന്നതിന് പകരം ചർച്ച നടത്താനും ഒടുവിൽ ഒരു മന്ത്രിയുടെ രാജികൊണ്ട് സമരം അവസാനിപ്പിക്കാനും സർക്കാരിന് കഴിഞ്ഞു. എങ്കിലും, ഒരു മന്ത്രി പുറത്തുപോയി എന്നതുകൊണ്ട് മാത്രം വ്യവസ്ഥിതിയിൽ വലിയ മാറ്റങ്ങൾ വരുമോ എന്നത് കണ്ടറിയണം. കാരണം, ഇത്തരം പല 'Gen Z' സമരങ്ങളും ഒരു വ്യക്തിയെ പുറത്താക്കിക്കഴിഞ്ഞാൽ ഊർജ്ജം നഷ്ടപ്പെട്ട് ഇല്ലാതായിപ്പോയ ചരിത്രമുണ്ട്; എന്തെന്നാൽ, അത്തരം കൂട്ടായ്മകളെ ഒന്നിപ്പിച്ചു നിർത്തിയത് കൃത്യമായ ഒരു പദ്ധതിയേക്കാൾ ഉപരി, ഒരു പൊതു ശത്രുവിനോടുള്ള അമർഷം മാത്രമായിരുന്നു.
ഒരു പാറ്റയെ ചവിട്ടിക്കൊല്ലാൻ നോക്കുന്നവർക്കറിയാം അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്. ചത്തു എന്ന് വിചാരിക്കുന്ന നിമിഷത്തിലും അത് വീണ്ടും ജീവനും കൊണ്ട് ഇഴഞ്ഞുനീങ്ങും. 'CJP' എന്ന് ഈ യുവജന പ്രസ്ഥാനത്തിന് പേരിട്ടതിൽ തന്നെ ഒരു മുന്നറിയിപ്പുണ്ട്: ഒരു മന്ത്രിയുടെ രാജികൊണ്ട് മാത്രം വിദ്യാർത്ഥികളുടെ ഈ രോഷം അടങ്ങുമെന്ന് ആരും കരുതരുത്. പരീക്ഷാ രീതികൾ പൂർണ്ണമായി അഴിച്ചുപണിയുന്നതുവരെ, തൊഴിലില്ലായ്മയ്ക്കും വേർതിരിവുകൾക്കും പരിഹാരം കാണുന്നതുവരെ, ഈ ജനകീയ പോരാട്ടങ്ങൾ പുതിയ പേരുകളിലും പുതിയ മുഖങ്ങളിലും വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കും. ജന്തർ മന്തറിലെ ചുവരുകൾ കഴുകി വൃത്തിയാക്കിയതുകൊണ്ട് മാത്രം ഒരു മുഴുവൻ തലമുറയുടെയും മനസ്സിൽ നിന്ന് ഈ ജൂലൈ മാസത്തിലെ സംഭവങ്ങൾ മാഞ്ഞുപോകില്ല എന്നതാണ് സത്യം.

അതേസമയം, ഈ പ്രക്ഷോഭത്തെ ഒറ്റയടിക്ക് ഒരു വലിയ 'വിപ്ലവം' എന്ന് പുകഴ്ത്തുന്നതും, അതല്ല വെറുമൊരു കാറ്റും കോലാഹലവും മാത്രമായിരുന്നെന്ന് പറഞ്ഞ് തള്ളിക്കളയുന്നതും ശരിയല്ല. CJP-യുടെ യഥാർത്ഥ പരീക്ഷണം ഇനിയാണ് തുടങ്ങുന്നത്. തെരുവിൽ നിന്ന് നേടിയ ഈ വൻ ജനപിന്തുണയെ, സർക്കാരിനു മേലുള്ള ശക്തമായ സമർദ്ദമാക്കി മാറ്റാൻ അവർക്ക് എത്രത്തോളം കഴിയും എന്നതിലാണ് അവരുടെ ഭാവിയിരിക്കുന്നത്. പരീക്ഷാ പരിഷ്കാരങ്ങൾക്കായുള്ള സമിതികളിൽ ഇടംപിടിക്കാനും, തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വാധീനം ചെലുത്താനും ഇത്തരമൊരു അയഞ്ഞ കൂട്ടായ്മയ്ക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.
എന്തൊക്കെയായാലും, ജന്തർ മന്തറിലെ ബഹളങ്ങൾ ഒടുങ്ങിയെങ്കിലും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ ഒരു കാര്യം ഉറച്ചുകഴിഞ്ഞു. തങ്ങൾ ഒറ്റയ്ക്കല്ലെന്നും, തങ്ങളുടെ ശബ്ദത്തിന് ഡൽഹിയിലെ അധികാര സിംഹാസനങ്ങളെപ്പോലും കുലുക്കാൻ കഴിവുണ്ടെന്നുമുള്ള വലിയ തിരിച്ചറിവാണത്.

