സിവിൽ സർവീസ് ലാറ്ററൽ എൻട്രിയും
സംവരണ അട്ടിമറിയും

ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ ഉന്നത തസ്തികകളിലേക്ക് ലാറ്ററൽ എൻട്രിക്കുള്ള യു.പി.എസ്.സി നോട്ടിഫിക്കേഷൻ സംവരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണെന്ന് തുടക്കം മുതൽ തന്നെ വിമർശനങ്ങളുയർന്നിരുന്നു. ഘടകക്ഷിയിൽ നിന്നുപോലും വിമർശനം ഉയർന്നതോടെ നിയമനനീക്കത്തിൽ നിന്ന് പിന്നാക്കം പോവുകയാണ് സർക്കാർ.

“Union public service commision invites application for lateral recruitment of joint secretary and director / Deputy secretary level post”- ആഗസ്റ്റ് 17-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (Union Public Service Commission- UPSC) പുറത്തിറക്കിയ ജോലി നോട്ടിഫിക്കേഷൻ സംവരണ തത്വങ്ങൾ ലംഘിക്കുന്നതാണെന്ന വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേക്ക് ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്ക് 'ലാറ്ററൽ എൻട്രി' വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷനാണ് (advertisement for lateral entry recruitments) പ്രതിഷേധത്തിന് ഇടയാക്കിയത്.

വിവിധ മന്ത്രാലയങ്ങളിലായി പത്ത് ജോയിന്റ് സെക്രട്ടറിമാരുടെ ഒഴിവുകളിലേക്കും 35 ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ ഒഴിവുകളിലേക്കും സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്കുൾപ്പെടെ അപേക്ഷിക്കാമെന്നായിരുന്നു അത്. “Online applications are invited from talented and motivated Indian nationals willing to contribute towards nation building to join the Government at the level of Joint secretary or Director/ Deputy secretary in the under mentioned posts in different ministries/Departments with headquarters at New Delhi on contract basis (On deputation for officers of state/UT cadres, Public sector undertaking, Autonomous bodies, statutory organization, Universities, Recogonized research institutes) for a period of three years (Extendable, to five years depending upon perfomance through website)”

ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്ക് 'ലാറ്ററൽ എൻട്രി' വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് യു.പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ
ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്ക് 'ലാറ്ററൽ എൻട്രി' വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് യു.പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ

സാധാരണയായി ഡെപ്യൂട്ടി സെക്രട്ടറി പോലുള്ള ഉയർന്ന പോസ്റ്റുകളിലേക്ക് പരിചയസമ്പന്നരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കുകയാണ് പതിവ്. ആ സ്ഥാനത്താണ് യു.പി.എസ്.സി ലാറ്ററൽ എൻട്രി നിയമന പരീക്ഷണം നടത്തിയത്.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികൾ അന്നു തന്നെ രംഗത്തെത്തി. എൻ.ഡി.എ ഘടകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാനും ലാറ്ററൽ എൻട്രി വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ കേന്ദ്ര സർക്കാർ വെട്ടിലായി. വിജ്ഞാപനം പിൻവലിക്കാൻ യു.പി.എസ്.സിയോട് ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാനാണ് നീക്കം.
“ദേശവിരുദ്ധ നടപടി” എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്: “ആദിവാസി ദലിത്, പിന്നാക്കവിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാനുള്ള കേന്ദസർക്കാർ നീക്കമാണിത്. യു.പി.എസ്.സിയ്ക്ക് പകരം ആർ.എസ്.എസാവും ഇനി സർക്കാർ ജീവനക്കാരെ നിയമിക്കുന്നത്. ഇത് ഭരണഘടനയെ തകർക്കാനുള്ള നീക്കമാണ്. സംവരണം ഇല്ലാതാക്കാൻ മോദി ഐ.എ.എസിനെ സ്വകാര്യവത്കരിക്കുന്നു.” - രാഹുൽ ഗാന്ധി പറഞ്ഞു.

“ദേശവിരുദ്ധ നടപടി” എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്.
“ദേശവിരുദ്ധ നടപടി” എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ചത്.

കേന്ദ്രസർക്കാർ ജോലികളിലെ ഉയർന്ന തസ്തികകളിലേക്ക് സംവരണ വിഭാഗത്തിൽപ്പെട്ടവരെ (SC/ST/OBC) അട്ടിമറിച്ച് നിയമനം നടത്തുന്നതിനുള്ള മോദി സർക്കാരിന്റെ ആസൂത്രിത ഗൂഢാലോചനയാണിതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, മായവതി, ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവരും തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു.
“ജോയിന്റ് സെക്രട്ടറി,ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലേക്ക് നടത്തുന്ന ലാറ്ററൽ എൻട്രിയിൽ യതാർത്ഥത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് സംവരണമുണ്ടോ ?” എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ എക്‌സിൽ കുറിച്ചത്. ഖാർഗേയുടെ ചോദ്യത്തിന് ഭരണപക്ഷത്തു നിന്ന് ആരും ഇതുവരെയും മറുപടിയൊന്നും പറഞ്ഞിട്ടുമില്ല. എന്നാൽ ലാറ്ററൽ എൻട്രി വിഷയത്തിലെ യഥാർത്ഥ്യമെന്താണ് ?

സംവരണം അട്ടിമറിക്കപ്പെടുമോ ?

ലാറ്ററൽ എൻട്രി സംബന്ധിച്ച് യു.പി.എസ്.സി പുറത്തുവിട്ട നോട്ടിഫിക്കേഷന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്:

മല്ലികാർജുൻ ഖാർഗേ
മല്ലികാർജുൻ ഖാർഗേ

വിവിധ മന്ത്രാലയങ്ങളിലായി 45 ഒഴിവുകളാണ് ജോയിന്റ് സെക്രട്ടറി / ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലായി ഉള്ളത്. ഐ.ടി, ഇലക്ട്രോണിക്, പരിസ്ഥിതി തുടങ്ങി ഓരോ മന്ത്രാലയങ്ങൾക്കും കീഴിലുള്ള പോസ്റ്റുകൾക്കായി പ്രത്യേകം പ്രത്യേകം നോട്ടിഫിക്കേഷനാണ് യു.പി. എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് ഈ ഒഴിവുകളെയെല്ലാം സിംഗിൾ പോസ്റ്റ് ഒഴിവുകളായാണ് പരിഗണിച്ചിരിക്കുന്നത്. സിംഗിൾ പോസ്റ്റ് ഒഴിവുകളിലേക്ക് സംവരണത്തിന് സാധ്യതയുണ്ടാകില്ല. 1998-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡിഗഡും ഫാക്കൽറ്റി അസോസിയോഷനും തമ്മിലുള്ള കേസിൽ സുപ്രീം കോടതി ഇത് സംബന്ധിച്ച് നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതുപ്രകാരം ഏക ഒഴിവിലേക്ക് സംവരണം പരിഗണിക്കില്ല.

സ്റ്റേറ്റ് ഓഫ് പഞ്ചാബ് vs ആർ എൻ ഭട്‌നാഗർ, കുൽദീപ് കുമാർ ഗുപ്ത vs ഹിമാചൽപ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ കേസുകളിൽ സുപ്രീംകോടതി ഇതേ നിർദേശം ആവർത്തിക്കുന്നുമുണ്ട്. മാത്രമല്ല, ലാറ്ററൽ എൻട്രിയിൽ സംവരണമുണ്ടായിരിക്കില്ലെന്ന് 2019-ലെ വിവരാവാകാശ രേഖയ്ക്കുള്ള മറുപടിയായി ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് തന്നെ മറുപടികൊടുത്തിട്ടുമുണ്ട്. ഈ നിർദേശങ്ങളെല്ലാം കാണിക്കുന്നത് ഏക പോസ്റ്റ് ഒഴിവിലേക്ക്, ലാറ്ററൽ എൻട്രിയിലേക്ക് സംവരണം ബാധകമല്ലെന്നാണ്. അതേ സമയം ഒന്നിലധികം പോസ്റ്റുകളിലേക്ക് സംവരണം പരിഗണിക്കേണ്ടിയും വരും.
ഇപ്പോഴുള്ള 45 ഒഴിവുകളും വിവിധ പോസ്റ്റുകളായി പരിഗണിച്ച് പ്രത്യേകം പ്രത്യേകം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയാണ്. 45 പോസ്റ്റുകളെ സിംഗിൾ ഗ്രൂപ്പായി കണക്കാക്കിയാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ സംവരണം പരിഗണിക്കേണ്ടി വന്നേനെ. അത്തരത്തിൽ സംവരണം ഒഴിവാക്കുന്നതിനായാണ് ഓരോ പോസ്റ്റിനും പ്രത്യേകം പ്രത്യേകം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. കോടതി നിർദേശം ലംഘിക്കാതെ തന്നെ ഇഷ്ടക്കാരെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിനാണ് ഇത്തരത്തിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.

“ജോയിന്റ് സെക്രട്ടറി,ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലേക്ക് നടത്തുന്ന ലാറ്ററൽ എൻട്രിയിൽ യഥാർത്ഥത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് സംവരണമുണ്ടോ?” മല്ലികാർജുൻ ഖാർഗേ എക്‌സിൽ കുറിച്ചു.

“ലാറ്ററൽ എൻട്രി പ്രത്യക്ഷത്തിൽ തന്നെ സംവരണത്തെ അട്ടിമറിക്കുന്ന പദ്ധതിയാണ്. സിവിൽ സർവീസ് മേഖലയിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവരുടെ പ്രാതിനിധ്യം ഹനിക്കപ്പെടുമെന്ന് ഉറപ്പാണ് "- ആദിവാസി- ദലിത് ആക്ടിവിസ്റ്റ് ഒ.പി രവീന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.
"ഉദ്യോഗസ്ഥ തലത്തിൽ ഉയർന്ന തസ്തികകളിൽ ആർ.എസ് .എസുകാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആയി ലാറ്ററൽ എൻട്രി മാറുമെന്നുറപ്പാണ്. ഇന്ത്യൻ സാമൂഹ്യ ജീവിതത്തെ ക്രമപ്പെടുത്തിയ സംവിധാനമാണ് ചാതുർവർണ്യം എന്ന് പറയുന്ന പാർട്ടിയാണ് ബി.ജെ.പി എന്നോർക്കണം. സിംഗിൾ പോസ്റ്റിലേക്ക് റിസർവേഷൻ ബാധകമല്ല എന്ന സുപ്രീംകോടതിയുടെ നിർദേശത്തെ കൂട്ടുപിടിച്ച് ലാറ്ററൽ എൻട്രി നടപ്പാക്കാനാണ് തീരുമാനം.

ഒ.പി രവീന്ദ്രൻ
ഒ.പി രവീന്ദ്രൻ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മുമ്പ് ഇതുപോലൊരു കേസ് ഉണ്ടായിരുന്നത് ഓർക്കുന്നു. ഇടതുപക്ഷ സിൻഡിക്കേറ്റിന്റെ കാലത്ത് സിംഗിൾ പോസ്റ്റ ഒഴിവിലേക്ക് ഡോ. എം. ദാസനെ രജിസ്ട്രാർ ആയി നിയമിച്ചിരിന്നു. അത് സംവരണ പോസ്റ്റായി പരിഗണിച്ചായിരുന്നു നിയമിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് കേസ് വന്നപ്പോൾ ഈ നിയമനം പിൻവലിക്കേണ്ടി വന്നിരുന്നു. ഇത് വ്യക്തമാക്കുന്നത് സിംഗിൾ പോസ്റ്റ് ഒഴിവിലേക്ക് സംവരണം സാധ്യമാകില്ലെന്നാണ്. പ്രത്യക്ഷത്തിൽ കോടതി നിർദേശം ലംഘിക്കുന്നില്ലെന്ന് കാണിച്ച് ലാറ്ററൽ എൻട്രിയിൽ സംവരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണിതെന്നതിൽ സംശയമില്ല” - ഒ.പി രവീന്ദ്രൻ പ്രതികരിച്ചു.
യു.പി.എസ്.സി വർഷാവർഷം നടത്തിവരുന്ന സിവിൽ സർവീസ് പരീക്ഷയെ യു.പി.എസ്.സി തന്നെ അട്ടിമറിക്കുകയാണ് ഇവിടെ.

“സിവിൽ സർവീസ് മേഖലയിൽ ലാറ്ററൽ എൻട്രിക്ക് വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം സംവരണത്തെ പൂർണമായും അട്ടിമറിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്നതാണ് എന്നതിൽ തർക്കമില്ല. ദളിത് - ആദിവാസി സംഘടനകളും പിന്നാക്ക വിഭാഗങ്ങളുമെല്ലാം തന്നെ അടുത്തിടെ വന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെടുത്തിയാണ് ഇതിനെ കാണാൻ ശ്രമിക്കുന്നത്. സാമുദായിക സംവരണം എന്ന ഭരണഘടനാപരമായ അവകാശം അട്ടിമറിക്കുന്നതിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.” - ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോർഡിനേറ്ററും ആക്ടിവിസ്റ്റുമായ എം. ഗീതാനന്ദൻ ട്രൂകോപ്പി തിങ്കിനോട് പ്രതികരിച്ചു.

എം.ഗീതാനന്ദൻ
എം.ഗീതാനന്ദൻ

"ഒരു വശത്ത് അതിവിപുലമായ സ്വകാര്യവത്കരണം നടത്തുന്നു. ഈ സ്വകാര്യ വത്കരണത്തിന്റെ മർമം തന്നെ പൊതുമേഖലയിലും സർക്കാർ ഉടമസ്ഥതയിലുമുള്ള തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുക എന്നതാണ്. ഇതിന്റെ തുടർച്ചയായി വേണം ഈ ലാറ്ററൽ എൻട്രിയെയും കാണാൻ. ബ്രിട്ടീഷുകാർക്കും മുൻപുള്ള കാലത്തേക്ക് കേന്ദ്രസർക്കാർ ഇന്ത്യയെ കൊണ്ടുപോകുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇത്, ഭരണസിരാകേന്ദ്രങ്ങളിലും ഉന്നത തസ്തികകളിലും ഉയർന്ന സാമൂദായിക പദവികളുള്ള വിഭാഗത്തിന്റെ മാത്രം സ്‌പേസ് ആയി സിവിൽ സർവീസിനെ മാറ്റും. ഇതിന് യാതൊരു തരത്തിലുമുള്ള മാനദണ്ഡവും ഉണ്ടാകില്ല. സംഘപരിവാർ താത്പര്യം അനുസരിച്ച് മാത്രമായിരിക്കും ഇത്തരം നിയമനങ്ങൾ നടക്കുക. അതുകൊണ്ട് തന്നെ ഇത് പൂർണമായി എതിർക്കപ്പെടേണ്ടതാണ് എന്നതിൽ സംശയമില്ല.” -എം ഗീതാനന്ദൻ പറഞ്ഞു.

യു.പി.എസ്.സി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് പരീക്ഷയും അഭിമുഖവും നടത്തിയാണ്. എന്നാൽ ലാറ്ററൽ എൻട്രിക്ക് നിർദ്ദിഷ്ട റിക്രൂട്ട്‌മെന്റ് സംവിധാനം ഇല്ല. അതുകൊണ്ട് തന്നെ, നോട്ടിഫിക്കേഷനിലുള്ള എല്ലാ പോസ്റ്റുകളിലേക്കും 15 വർഷത്തെ പ്രവർത്തിപരിചയവും അതത് വിഷയങ്ങളിൽ പി.എച്ച്.ഡിയും ബിരുദാനന്തര ബിരുദവുമെല്ലാം വേണമെന്ന് പറയുന്നുണ്ടെങ്കിലും ലാറ്ററൽ എൻട്രിയിൽ സുതാര്യത എങ്ങനെ ഉറപ്പാക്കും എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. ഈ ചോദ്യത്തിന് കേന്ദ്രസർക്കാരിന് കൃത്യമായ മറുപടിയുമില്ല.
സ്റ്റീൽ ഫ്രെയിം ഓഫ് നാഷൻ എന്ന് അറിയപ്പെടുന്ന ഇന്ത്യൻ സിവിൽ സർവീസിന്റെ തലപ്പത്താണ് ഒട്ടും ദീർഘവീക്ഷണമില്ലാതെ ഇത്തരം മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് ഓർക്കണം. മാത്രമല്ല സിവിൽ സർവീസ് പരീക്ഷയ്ക്കായി വർഷങ്ങൾ പരിശീലനം നടത്തുന്ന ഉദ്യോഗാർത്ഥികളെ അതേ യു.പി.എസ്.സി തന്നെ പിറകിൽ നിന്ന് കുത്തുന്ന സമീപനമാണ്. 2018 മുതൽ ആകെ 63 ലാറ്ററൽ എൻട്രികൾ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 35 നിയമനങ്ങളും സ്വകാര്യ മേഖലയിൽ നിന്നായിരുന്നു. എറ്റവും പുതിയ കണക്കുകൾ പ്രകാരം 57 കരാർ ഉദ്യോഗസ്ഥർ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലി ചെയ്യുന്നുണ്ട്.

സംവരണം ഒഴിവാക്കുന്നതിനായാണ് ഓരോ പോസ്റ്റിനും പ്രത്യേകം പ്രത്യേകം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. കോടതി നിർദേശം ലംഘിക്കാതെ തന്നെ ഇഷ്ടക്കാരെ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിനാണ് ഇത്തരത്തിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.

വിവിധ മേഖലകളിൽ വിദഗ്ധരായവരെ, ഡൊമെയ്ൻ എക്‌സ്‌പേർട്ടുകളെ സിവിൽ സർവീസിൽ നിയമിക്കുന്നതിനാണ് ലാറ്ററൽ എൻട്രി എന്നാണ് 2017 മുതൽ കേന്ദ്രസർക്കാർ വാദിച്ചിരുന്നത്. അതത് മേഖലകളിൽ വിദഗ്ധരായവരെ ലാറ്ററൽ എൻട്രി വഴി ഉന്നത പോസ്റ്റുകളിൽ നിയമിക്കുന്നത് സിവിൽ സർവീസിനെ കൂടുതൽ കാര്യക്ഷമാമാക്കുമെന്നായിരുന്നു വാദം. എന്നാൽ സിവിൽ സർവീസ് പരീക്ഷ പാസാകുന്നവർ മിക്കവരും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരും ഉന്നത ബിരുദങ്ങളുള്ളവരുമാണ് എന്നതാണ് വസ്തുത. അപ്പോൾ ലാറ്ററൽ എൻട്രി നിയമനത്തിൻ്റെ സാധുത എന്ത് എന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ല.

2011 മുതൽ 2020 വരെയുള്ള കാലയളവിൽ സിവിൽ സർവീസ് പരീക്ഷ പാസായവരിൽ മൂന്നിൽ രണ്ടുപേരും ഡോക്ടറോ എഞ്ചിനീയറോ ആണ് എന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ സിവിൽ സർവീസ് പാസായ 10,679 പേരിൽ 5,880 പേരും എഞ്ചിനീയർമാരാണ്. 1130 പേർക്ക് മെഡിക്കൽ പശ്ചാത്തലവുമുണ്ട്. അതായത് ഡൊമെയ്ൻ എക്‌സ്‌പേർട്ടുകളെ, ടെക്‌നിക്കൽ വൈദഗ്ധ്യം ഉള്ളവരെ സിവിൽ സർവീസിൽ എത്തിക്കാനാണ് ലാറ്ററൽ എൻട്രി ഉപയോഗിക്കുന്നത് എന്ന് കേന്ദ്രസർക്കാർ പറയുന്നതിന് അർത്ഥമില്ല.

സിവിൽ സർവീസ് പരീക്ഷ പാസാകുന്നവർ മിക്കവരും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരും ഉന്നത ബിരുദങ്ങളുള്ളവരുമാണ് എന്നതാണ് വസ്തുത. അപ്പോൾ ലാറ്ററൽ എൻട്രി നിയമനത്തിൻ്റെ സാധുത എന്ത് എന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ല.
സിവിൽ സർവീസ് പരീക്ഷ പാസാകുന്നവർ മിക്കവരും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരും ഉന്നത ബിരുദങ്ങളുള്ളവരുമാണ് എന്നതാണ് വസ്തുത. അപ്പോൾ ലാറ്ററൽ എൻട്രി നിയമനത്തിൻ്റെ സാധുത എന്ത് എന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ല.

വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ വഴി തന്നെ വർഷാവർഷം സിവിൽ സർവീസിൽ മേഖലയിൽ പ്രവേശിക്കുന്നുണ്ട് എന്നതാണ് വസ്തുത. ലാറ്ററൽ എൻട്രി തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നിൽ സഖ്യസംവിധാനത്തിലെ സമ്മർദ്ദങ്ങളാണ്.

Comments